വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അത്യന്താപേക്ഷിതം!

ഉണർന്നിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അത്യന്താപേക്ഷിതം!

ഉണർന്നിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അത്യന്താപേക്ഷിതം!

“മററുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക്‌ ഉണർന്നു സുബോധമുള്ളവരായിരിക്കാം.”​—⁠1 തെസ്സലൊനീക്യർ 5:⁠6, പി.ഒ.സി. ബൈബിൾ.

1, 2. (എ) പോംപേയും ഹെർക്യുലേനിയവും എങ്ങനെയുള്ള നഗരങ്ങൾ ആയിരുന്നു? (ബി) ആ നഗരങ്ങളിലെ നിവാസികളിൽ പലരും ഏതു മുന്നറിയിപ്പിനെയാണ്‌ അവഗണിച്ചത്‌, പരിണതഫലം എന്തായിരുന്നു?

പൊ.യു. ഒന്നാം നൂറ്റാണ്ടിലെ സമ്പദ്‌സമൃദ്ധമായ രണ്ടു റോമാ നഗരങ്ങളായിരുന്നു വെസൂവിയസ്‌ പർവതത്തിനരികെ സ്ഥിതിചെയ്‌തിരുന്ന പോംപേയും ഹെർക്യുലേനിയവും. ധനികരായ റോമാക്കാരുടെ പ്രിയപ്പെട്ട ഒഴിവുകാല സങ്കേതങ്ങൾ കൂടെ ആയിരുന്നു അവ. ആയിരത്തിലധികം പേർക്ക്‌ ഇരിക്കാവുന്ന തീയറ്ററുകൾ ആ നഗരങ്ങളിൽ ഉണ്ടായിരുന്നു. പോംപേയിലെ ഒരു ആംഫിതീയറ്ററിൽ അവിടത്തെ മുഴുനിവാസികൾക്കുംതന്നെ ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. പോംപേയുടെ ശൂന്യശിഷ്ടങ്ങൾ കുഴിച്ചെടുത്തിട്ടുള്ളവർ അവിടെ 118 മദ്യശാലകൾ വരെ എണ്ണിയിട്ടുണ്ട്‌, ഇവയിൽ ചിലത്‌ ചൂതാട്ട കേന്ദ്രങ്ങളോ വേശ്യാലയങ്ങളോ ആയി വർത്തിച്ചിരുന്നവയാണ്‌. ചുവർചിത്രങ്ങളും മറ്റ്‌ അവശിഷ്ടങ്ങളും അവിടെ അധാർമികതയും ഭൗതികത്വവും വ്യാപകമായിരുന്നു എന്നതിനു തെളിവു നൽകുന്നു.

2 പൊ.യു. 79 ആഗസ്റ്റ്‌ 24-ാം തീയതി വെസൂവിയസ്‌ പർവതം പൊട്ടിത്തെറിക്കാൻ തുടങ്ങി. ആ നഗരങ്ങൾക്കു മീതെ ചാരവും അഗ്നിപർവതശിലകളും വർഷിക്കാൻ ഇടയാക്കിയ ആദ്യത്തെ പൊട്ടിത്തെറി നഗരവാസികൾക്ക്‌ രക്ഷപ്പെടുന്നതിന്‌ തടസ്സമായിരുന്നിരിക്കില്ലെന്ന്‌ അഗ്നിപർവത ശാസ്‌ത്രജ്ഞർ കരുതുന്നു. പലരും രക്ഷപ്പെടുകതന്നെ ചെയ്‌തു. എന്നാൽ, അപകടത്തെ നിസ്സാരമായി കണ്ട അല്ലെങ്കിൽ മുന്നറിയിപ്പിൻ സൂചനകളെ ഗൗനിക്കാതിരുന്ന വ്യക്തികൾ അവിടം വിട്ടുപോയില്ല. അങ്ങനെയിരിക്കെ അർധരാത്രിയോടെ അഗ്നിപർവതത്തിൽനിന്ന്‌ അതിശക്തമായി ഉയർന്നുപൊങ്ങിയ ചുട്ടുപഴുത്ത വാതകങ്ങളും ലാവയും പാറക്കല്ലുകളും വല്ലാത്തൊരു ഗർജനത്തോടെ ഹെർക്യുലേനിയത്തെ വന്നുമൂടി, നഗരത്തിൽ ശേഷിച്ചിരുന്ന എല്ലാവരും ശ്വാസംമുട്ടി മരിച്ചു. പിറ്റേന്നു വെളുപ്പിന്‌ പോംപേ നഗരവാസികളും ഒന്നടങ്കം സമാനമായി കൊല്ലപ്പെട്ടു. മുന്നറിയിപ്പിൻ സൂചനകൾക്കു ശ്രദ്ധകൊടുക്കാതിരുന്നതിന്റെ എത്ര ദാരുണമായ ഫലം!

യഹൂദ വ്യവസ്ഥിതിയുടെ അന്ത്യം

3. യെരൂശലേമിന്റെ നാശവും പോംപേയുടെയും ഹെർക്യുലേനിയത്തിന്റെയും നാശവും തമ്മിൽ എന്തു സമാനതയുണ്ട്‌?

3 പോംപേയുടെയും ഹെർക്യുലേനിയത്തിന്റെയും ഭീകരമായ അന്ത്യത്തെ കടത്തിവെട്ടുന്നതായിരുന്നു അതിനും ഒമ്പതു വർഷം മുമ്പ്‌ യെരൂശലേമിനു സംഭവിച്ച മനുഷ്യരാലുള്ള അതിവിപത്‌കരമായ നാശം. ‘ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഉപരോധങ്ങളിൽ ഒന്നായി’ വിശേഷിപ്പിക്കപ്പെടുന്ന അത്‌ പത്തു ലക്ഷത്തിൽപ്പരം യഹൂദരുടെ മരണത്തിന്‌ ഇടയാക്കിയതായി പറയപ്പെടുന്നു. എന്നിരുന്നാലും, പോംപേയ്‌ക്കും ഹെർക്യുലേനിയത്തിനും നേരിട്ട ദുരന്തത്തിന്റെ കാര്യത്തിലെന്ന പോലെ യെരൂശലേമിന്റെ നാശത്തിനു മുമ്പും ആളുകൾക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു.

4. വ്യവസ്ഥിതിയുടെ സമാപനം അടുത്തിരിക്കുന്നു എന്ന്‌ തന്റെ അനുഗാമികൾക്കു മുന്നറിയിപ്പു നൽകാൻ യേശു എന്തു പ്രാവചനിക അടയാളം നൽകി, ഒന്നാം നൂറ്റാണ്ടിൽ അതിന്‌ ഒരു ആദിമ നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

4 യെരൂശലേം നഗരത്തിന്റെ നാശത്തെ കുറിച്ച്‌ യേശുക്രിസ്‌തു പ്രവചിച്ചിരുന്നു. ആ നാശത്തിനു മുമ്പ്‌ ഉണ്ടാകുമായിരുന്ന യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, അധർമം എന്നിങ്ങനെയുള്ള അസ്വസ്ഥജനകമായ സംഗതികളെ കുറിച്ചും അവൻ മുൻകൂട്ടി പറഞ്ഞു. കള്ളപ്രവാചകന്മാർ സജീവമായി രംഗത്തുണ്ടായിരിക്കുമെന്നും ദൈവരാജ്യത്തിന്റെ സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കപ്പെടുമെന്നും അവൻ പറഞ്ഞു. (മത്തായി 24:4-7, 11-14) യേശുവിന്റെ വാക്കുകളുടെ വലിയ നിവൃത്തി സംഭവിക്കുന്നത്‌ നമ്മുടെ കാലത്താണെങ്കിലും അവയ്‌ക്ക്‌ അന്ന്‌ ഒരു ചെറിയ നിവൃത്തി ഉണ്ടായി. യെഹൂദ്യയിൽ ഒരു കടുത്ത ക്ഷാമം ഉണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃത്തികൾ 11:28) യെരൂശലേം നഗരം നശിപ്പിക്കപ്പെടുന്നതിനു കുറച്ചു മുമ്പ്‌ ആ പ്രദേശത്ത്‌ ഒരു ഭൂകമ്പം ഉണ്ടായതായി യഹൂദ ചരിത്രകാരനായ ജോസീഫസ്‌ റിപ്പോർട്ടു ചെയ്യുന്നു. യെരൂശലേമിന്റെ അന്ത്യം അടുത്തുവരവേ പ്രക്ഷോഭങ്ങളും യഹൂദ രാഷ്‌ട്രീയ കക്ഷികൾ തമ്മിലുള്ള ആഭ്യന്തര പോരാട്ടങ്ങളും നിത്യ സംഭവങ്ങളായി മാറി, യഹൂദരും വിജാതീയരും ഇടകലർന്നു വസിച്ചിരുന്ന നിരവധി നഗരങ്ങളിൽ കൂട്ടക്കൊലകൾ അരങ്ങേറി. എന്നിരുന്നാലും രാജ്യത്തിന്റെ സുവിശേഷം “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” പ്രസംഗിക്കപ്പെട്ടുകൊണ്ടിരുന്നു.​—⁠കൊലൊസ്സ്യർ 1:⁠23.

5, 6. (എ) യേശുവിന്റെ ഏതു പ്രാവചനിക വാക്കുകൾ പൊ.യു. 66-ൽ നിവൃത്തിയേറി? (ബി) പൊ.യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ മരണസംഖ്യ അത്രയധികം ഉയരാൻ കാരണമെന്ത്‌?

5 ഒടുവിൽ, പൊ.യു. 66-ൽ യഹൂദർ റോമിനെതിരെ മത്സരിച്ചു. യെരൂശലേമിനെ ഉപരോധിക്കാൻ സെസ്റ്റ്യസ്‌ ഗാലസിന്റെ നേതൃത്വത്തിലുള്ള സൈന്യം എത്തിയപ്പോൾ യേശുവിന്റെ അനുഗാമികൾ അവന്റെ ഈ വാക്കുകൾ അനുസ്‌മരിച്ചു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ്‌ 21:20, 21) യെരൂശലേം വിട്ടുപോകാനുള്ള സമയം ആഗതമായിരുന്നു​—⁠എന്നാൽ എങ്ങനെ പോകും? അപ്രതീക്ഷിതമായി ഗാലസ്‌ തന്റെ സൈന്യത്തെ പിൻവലിച്ചു, യേശുവിന്റെ വാക്കുകൾ അനുസരിച്ചുകൊണ്ട്‌ മലകളിലേക്ക്‌ ഓടിപ്പോകാൻ യെരൂശലേമിലെയും യെഹൂദ്യയിലെയും ക്രിസ്‌ത്യാനികൾക്ക്‌ അത്‌ അവസരം നൽകി.​—⁠മത്തായി 24:15, 16.

6 നാലു വർഷത്തിനു ശേഷം, പെസഹാ കാലത്തോടടുത്ത്‌ റോമൻ സൈന്യം ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിൽ തിരിച്ചുവന്നു. യഹൂദ മത്സരം അവസാനിപ്പിക്കാനുള്ള ഉറച്ച തീരുമാനത്തോടെയായിരുന്നു ടൈറ്റസിന്റെ വരവ്‌. അദ്ദേഹത്തിന്റെ സൈന്യം യെരൂശലേമിനെ വളഞ്ഞ്‌ നഗരത്തിനു ചുറ്റും ‘കൂർത്ത പത്തലുകൾകൊണ്ട്‌ ഒരു കോട്ട നിർമിച്ചു.’ അങ്ങനെ ആർക്കും അവിടെനിന്നു രക്ഷപ്പെടുക സാധ്യമല്ലാതായി. (ലൂക്കൊസ്‌ 19:43, 44, NW) യുദ്ധഭീഷണി നിലനിന്നിരുന്നെങ്കിലും റോമാസാമ്രാജ്യത്തെമ്പാടുനിന്നും യഹൂദർ യെരൂശലേമിൽ പെസഹാ ആചരിക്കാൻ വന്നുകൂടിയിരുന്നു. എന്നാൽ ഇപ്പോൾ അവർ നഗരത്തിൽ കുടുങ്ങിപ്പോയിരിക്കുന്നു. റോമൻ ഉപരോധം മൂലം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും, ‘ഹതഭാഗ്യരായ’ ഈ സന്ദർശകരായിരുന്നു എന്ന്‌ ജോസീഫസ്‌ പറയുന്നു. * ഒടുവിൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ റോമാസാമ്രാജ്യത്തിലുള്ള യഹൂദരുടെ ഏതാണ്ട്‌ ഏഴിൽ ഒരു ഭാഗം കൊല്ലപ്പെട്ടിരുന്നു. യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശം യഹൂദ രാഷ്‌ട്രത്തിന്റെയും മോശൈക ന്യായപ്രമാണത്തിൽ അധിഷ്‌ഠിതമായ അതിന്റെ മതവ്യവസ്ഥയുടെയും അന്ത്യത്തെ അർഥമാക്കി. *​—⁠മർക്കൊസ്‌ 13:1, 2.

7. വിശ്വസ്‌ത ക്രിസ്‌ത്യാനികൾ യെരൂശലേമിന്റെ നാശത്തെ അതിജീവിച്ചത്‌ എന്തുകൊണ്ട്‌?

7 പൊ.യു. 70-ൽ യെരൂശലേം നഗരത്തിലെ മറ്റെല്ലാവർക്കും സംഭവിച്ചതു പോലെ യഹൂദ ക്രിസ്‌ത്യാനികളും കൊല്ലപ്പെടുകയോ അടിമകളാക്കപ്പെടുകയോ ചെയ്യുമായിരുന്നു. എന്നാൽ, ചരിത്രം സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്‌ 37 വർഷം മുമ്പ്‌ യേശു നൽകിയിരുന്ന മുന്നറിയിപ്പിന്‌ അവർ ചെവികൊടുത്തിരുന്നു. അവർ നഗരം ഉപേക്ഷിച്ചുപോകുകയും അവിടേക്കു മടങ്ങിവരാതിരിക്കുകയും ചെയ്‌തു.

അപ്പൊസ്‌തലന്മാരിൽനിന്നുള്ള കാലോചിത മുന്നറിയിപ്പുകൾ

8. പത്രൊസ്‌ എന്ത്‌ ആവശ്യം തിരിച്ചറിഞ്ഞു, യേശുവിന്റെ ഏതു വാക്കുകൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം?

8 അതിലും വ്യാപകമായ ഒരു നാശമാണ്‌ സമീപ ഭാവിയിൽ വരാനിരിക്കുന്നത്‌, ഈ മുഴു വ്യവസ്ഥിതിക്കും അത്‌ അന്തം വരുത്തും. യെരൂശലേമിന്റെ നാശത്തിന്‌ ആറു വർഷം മുമ്പ്‌ പത്രൊസ്‌ അപ്പൊസ്‌തലൻ, വിശേഷിച്ചും നമ്മുടെ നാളിലെ ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്ന അടിയന്തിരവും കാലോചിതവുമായ ഒരു ബുദ്ധിയുപദേശം നൽകുകയുണ്ടായി: ജാഗ്രതയോടിരിപ്പിൻ! ‘കർത്താവായ [യേശുക്രിസ്‌തു] തന്ന കൽപ്പനകളെ’ അവഗണിക്കാതിരിക്കേണ്ടതിന്‌ ക്രിസ്‌ത്യാനികൾ തങ്ങളുടെ ‘വ്യക്തമായ ചിന്താപ്രാപ്‌തികളെ’ [NW] ഉണർത്തേണ്ടത്‌ ആവശ്യമാണെന്ന്‌ പത്രൊസ്‌ മനസ്സിലാക്കി. (2 പത്രൊസ്‌ 3:1, 2) ജാഗ്രതയുള്ളവരായിരിക്കാൻ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കവേ പത്രൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌, യേശു തന്റെ മരണത്തിന്‌ ഏതാനും ദിവസം മുമ്പ്‌ അപ്പൊസ്‌തലന്മാരോടു പറഞ്ഞ പിൻവരുന്ന വാക്കുകൾ ആയിരിക്കാം: “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”​—⁠മർക്കൊസ്‌ 13:⁠33.

9. (എ) ചിലർ അപകടകരമായ ഏതു മനോഭാവം വളർത്തിയെടുത്തേക്കാം? (ബി) സംശയ മനോഭാവം വിശേഷാൽ അപകടകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ” എന്ന്‌ ഇന്നു ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. (2 പത്രൊസ്‌ 3:3, 4) കാര്യങ്ങൾക്ക്‌ ഒരിക്കലും യഥാർഥത്തിൽ മാറ്റം വരുന്നില്ലെന്നും ലോകം സൃഷ്ടിക്കപ്പെട്ടതു മുതൽ ഉണ്ടായിരുന്ന അതേ അവസ്ഥയിൽത്തന്നെ എല്ലാം തുടരുകയാണെന്നും അവർ കരുതുന്നുവെന്നു വ്യക്തം. അത്തരം സംശയ മനോഭാവം അപകടകരമാണ്‌. സംശയങ്ങൾ നമ്മുടെ അടിയന്തിരതാബോധത്തെ ദുർബലമാക്കിയേക്കാം. അങ്ങനെ നാം സുഖലോലുപതയിൽ ആണ്ടുപോകാൻ അവ ഇടയാക്കിയേക്കാം. (ലൂക്കൊസ്‌ 21:34) കൂടാതെ പത്രൊസ്‌ ചൂണ്ടിക്കാട്ടുന്നതുപോലെ, നോഹയുടെ നാളിൽ ജലപ്രളയത്താൽ അന്നത്തെ മുഴു വ്യവസ്ഥിതിയും നശിപ്പിക്കപ്പെട്ട കാര്യം അത്തരം പരിഹാസികൾ വിസ്‌മരിക്കുന്നു. അന്ന്‌ ലോകത്തിന്‌ യഥാർഥത്തിൽ മാറ്റം വരികതന്നെ ചെയ്‌തു!—ഉല്‌പത്തി 6:13, 17; 2 പത്രൊസ്‌ 3:5-7.

10. അക്ഷമരായിത്തീർന്നേക്കാവുന്നവരെ പത്രൊസ്‌ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ?

10 ദൈവം പലപ്പോഴും തത്‌ക്ഷണം നടപടി സ്വീകരിക്കാത്തതിന്റെ കാരണത്തെ കുറിച്ച്‌ ഓർമിപ്പിച്ചുകൊണ്ട്‌, ക്ഷമ നട്ടുവളർത്താൻ പത്രൊസ്‌ തന്റെ വായനക്കാരെ സഹായിക്കുന്നു. ആദ്യം അവൻ ഇപ്രകാരം പറയുന്നു: “കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു.” (2 പത്രൊസ്‌ 3:8) യഹോവ എന്നേക്കും ജീവിക്കുന്നവനാകയാൽ, എല്ലാ ഘടകങ്ങളും കണക്കിലെടുത്തുകൊണ്ട്‌ നടപടി സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ സമയം തിരഞ്ഞെടുക്കാൻ അവനു സാധിക്കും. അടുത്തതായി, എല്ലായിടത്തുമുള്ള ആളുകൾ മാനസാന്തരപ്പെടാൻ യഹോവ ഇച്ഛിക്കുന്നതായി പത്രൊസ്‌ ചൂണ്ടിക്കാട്ടുന്നു. ദൈവത്തിന്റെ ക്ഷമ പലർക്കും രക്ഷയെ അർഥമാക്കുന്നു, അവൻ തിടുക്കത്തിൽ നടപടി സ്വീകരിച്ചാൽ അവർ നശിച്ചുപോകും. (1 തിമൊഥെയൊസ്‌ 2:3, 4; 2 പത്രൊസ്‌ 3:9) എന്നാൽ, യഹോവ ക്ഷമ പ്രകടമാക്കുന്നു എന്നു പറയുമ്പോൾ അവൻ ഒരിക്കലും നടപടി സ്വീകരിക്കില്ലെന്ന്‌ അർഥമില്ല. “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും” എന്ന്‌ പത്രൊസ്‌ പറയുന്നു.​—⁠(ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) 2 പത്രൊസ്‌ 3:⁠10.

11. ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ എന്തു സഹായിക്കും, ഇത്‌ യഹോവയുടെ ദിവസത്തിന്റെ ആഗമനത്തെ എങ്ങനെ ‘ബദ്ധപ്പെടുത്തും’ അഥവാ ത്വരിതപ്പെടുത്തും?

11 പത്രൊസ്‌ ഉപയോഗിക്കുന്ന ഉപമാലങ്കാരം ശ്രദ്ധേയമാണ്‌. കള്ളന്മാരെ പിടികൂടുക എളുപ്പമല്ല, എന്നാൽ ഇടയ്‌ക്കിടെ മയങ്ങിപ്പോകുന്ന കാവൽക്കാരനെ അപേക്ഷിച്ച്‌ രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കാവൽക്കാരനാണ്‌ കള്ളനെ പിടിക്കാൻ കൂടുതൽ സാധ്യതയുള്ളത്‌. ഒരു കാവൽക്കാരന്‌ എങ്ങനെയാണ്‌ ഉണർന്നിരിക്കാൻ കഴിയുക? രാത്രി മുഴുവൻ ഒരിടത്തുതന്നെ ഇരിക്കുന്നതിനെക്കാൾ എഴുന്നേറ്റു നടക്കുന്നതാണ്‌ ഉണർന്നിരിക്കാൻ ഏറ്റവും പറ്റിയ മാർഗം. സമാനമായി, ആത്മീയമായി പ്രവർത്തനനിരതർ ആയിരിക്കുന്നത്‌ ഉണർന്നിരിക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കും. അതുകൊണ്ട്‌, “നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്‌തിപ്രവൃത്തികളിലും” തിരക്കുള്ളവരായിരിക്കാൻ പത്രൊസ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 പത്രൊസ്‌ 3:​11, NW) ‘ദൈവദിവസത്തിന്റെ വരവു കാത്തിരിക്കാനും [അതിനെ] ബദ്ധപ്പെടുത്താനും’ അത്തരം പ്രവർത്തനം നമ്മെ സഹായിക്കും. ബദ്ധപ്പെടുത്തുക എന്ന വാക്കിന്റെ അർഥം ത്വരിതപ്പെടുത്തുക എന്നാണ്‌. (2 പത്രൊസ്‌ 3:​11) യഹോവയുടെ സമയപ്പട്ടികയ്‌ക്കു മാറ്റം വരുത്താൻ നമുക്കു സാധിക്കില്ല എന്നതു ശരിതന്നെ. യഹോവയുടെ ദിവസം അവന്റെ നിയമിത സമയത്തായിരിക്കും വരുന്നത്‌. എന്നാൽ നാം അവന്റെ സേവനത്തിൽ തിരക്കോടെ ഏർപ്പെടുകയാണെങ്കിൽ സമയം കൂടുതൽ വേഗത്തിൽ കടന്നുപോകുന്നതായി തോന്നും.​—⁠1 കൊരിന്ത്യർ 15:⁠58.

12. യഹോവ പ്രകടമാക്കുന്ന ക്ഷമയെ വ്യക്തികളെന്ന നിലയിൽ നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

12 അതുകൊണ്ട്‌, യഹോവയുടെ ദിവസം വരാൻ വൈകുന്നതായി കരുതുന്ന ഏവരും അവന്റെ നിയമിത സമയം ആകുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കാനുള്ള പത്രൊസിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വാസ്‌തവത്തിൽ, ദൈവം ക്ഷമയോടെ അനുവദിക്കുന്ന സമയം ജ്ഞാനപൂർവം ഉപയോഗപ്പെടുത്താൻ നമുക്കു കഴിയും. ഉദാഹരണത്തിന്‌, മർമപ്രധാന ക്രിസ്‌തീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിൽ തുടരാനും കൂടുതൽ ആളുകളുമായി സുവാർത്ത പങ്കുവെക്കാനും നമുക്കു സാധിക്കും. നാം ഉണർന്നിരിക്കുന്നെങ്കിൽ, ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ “കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി” യഹോവ നമ്മെ കണ്ടെത്തും. (2 പത്രൊസ്‌ 3:14, 15, പി.ഒ.സി. ബൈ.) എത്ര വലിയ അനുഗ്രഹമായിരിക്കും അത്‌!

13. തെസ്സലൊനീക്യ ക്രിസ്‌ത്യാനികൾക്കുള്ള പൗലൊസിന്റെ ഏതു വാക്കുകൾ ഇന്നു വിശേഷിച്ചും ഉചിതമാണ്‌?

13 തെസ്സലൊനീക്യ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ആദ്യത്തെ ലേഖനത്തിൽ പൗലൊസും, ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പറയുന്നു. അവൻ ഈ ബുദ്ധിയുപദേശം നൽകുന്നു: “മററുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക്‌ ഉണർന്നു സുബോധമുള്ളവരായിരിക്കാം.” (1 തെസ്സലൊനീക്യർ 5:2, 6, പി.ഒ.സി. ബൈ.) ഇന്ന്‌, മുഴു വ്യവസ്ഥിതിയുടെയും നാശം ആസന്നമായിരിക്കെ അത്‌ എത്ര അനിവാര്യമാണ്‌! ആത്മീയ കാര്യങ്ങളോടു തികഞ്ഞ നിസ്സംഗത പുലർത്തുന്ന ആളുകൾ നിറഞ്ഞ ഒരു ലോകത്തിലാണ്‌ യഹോവയുടെ ആരാധകർ ജീവിക്കുന്നത്‌, ഇത്‌ അവരെയും ബാധിക്കാം. അതുകൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്‌ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.” (1 തെസ്സലൊനീക്യർ 5:8, പി.ഒ.സി. ബൈ.) ദൈവവചനത്തിന്റെ ക്രമമായ പഠനവും യോഗങ്ങളിൽ നമ്മുടെ സഹോദരങ്ങളുമൊത്തുള്ള ക്രമമായ സഹവാസവും പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റാനും അടിയന്തിരതാബോധം കാത്തുസൂക്ഷിക്കാനും നമ്മെ സഹായിക്കും.​—⁠മത്തായി 16:1-4.

ദശലക്ഷങ്ങൾ ജാഗ്രതയോടെയിരിക്കുന്നു

14. ഉണർന്നിരിക്കാനുള്ള പത്രൊസിന്റെ ബുദ്ധിയുപദേശം ഇന്ന്‌ അനേകർ പിൻപറ്റുന്നു എന്ന്‌ ഏതു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു?

14 ജാഗ്രതയോടെയിരിക്കാനുള്ള നിശ്വസ്‌ത ബുദ്ധിയുപദേശത്തിനു ചെവികൊടുത്തിരിക്കുന്നവരായ ഒട്ടേറെ ആളുകൾ ഇന്നുണ്ടോ? തീർച്ചയായും. സേവനവർഷം 2002-ൽ, 63,04,645 പ്രസാധകരുടെ ഒരു അത്യുച്ചം​—⁠2001-നെ അപേക്ഷിച്ച്‌ 3.1 ശതമാനം വർധന​—⁠ഉണ്ടായി. ദൈവരാജ്യത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിൽ 120,23,81,302 മണിക്കൂർ ചെലവഴിച്ചുകൊണ്ട്‌ തങ്ങൾ ആത്മീയമായി ജാഗ്രതയോടെയിരിക്കുന്നു എന്ന്‌ അവർ തെളിയിച്ചിരിക്കുന്നു. അവർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്‌ ഉദാസീന മനോഭാവത്തോടെയല്ല. അത്‌ അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ഇവരിൽ പലരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ എൽ സാൽവഡോറിലെ എഡ്‌വാർഡോയുടെയും നോയെമിയുടെയും അനുഭവം.

15. എൽ സാൽവഡോറിലെ ഏത്‌ അനുഭവം അനേകർ ആത്മീയമായി ജാഗ്രതയോടെയിരിക്കുന്നു എന്നു പ്രകടമാക്കുന്നു?

15 ഏതാനും വർഷം മുമ്പ്‌, എഡ്‌വാർഡോയും നോയെമിയും “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌” എന്ന പൗലൊസിന്റെ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട്‌ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. (1 കൊരിന്ത്യർ 7:​31, NW) അവർ തങ്ങളുടെ ജീവിതം ലളിതമാക്കുകയും മുഴുസമയ പയനിയർ ശുശ്രൂഷയിൽ പ്രവേശിക്കുകയും ചെയ്‌തു. കാലം കടന്നുപോകവേ, അവർ പല വിധങ്ങളിൽ അനുഗ്രഹിക്കപ്പെട്ടു. സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ പങ്കുപറ്റാൻ പോലും അവർക്കു സാധിച്ചു. ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നെങ്കിലും, മുഴുസമയ സേവനത്തിൽ പ്രവേശിക്കാനായി ഭൗതിക സുഖങ്ങൾ ത്യജിക്കുകവഴി തങ്ങൾ ശരിയായ തീരുമാനം തന്നെയാണ്‌ കൈക്കൊണ്ടത്‌ എന്ന്‌ എഡ്‌വാർഡോയും നോയെമിയും ഉറച്ചു വിശ്വസിക്കുന്നു. എൽ സാൽവഡോറിലെ 29,269 വരുന്ന പ്രസാധകരിൽ പലരും​—⁠2,454 പയനിയർമാർ ഉൾപ്പെടെ​—⁠സമാനമായ ആത്മത്യാഗ മനോഭാവം പ്രകടമാക്കിയിട്ടുണ്ട്‌. ആ രാജ്യത്ത്‌ കഴിഞ്ഞ വർഷം പ്രസാധകരുടെ എണ്ണത്തിൽ 2 ശതമാനം വർധന ഉണ്ടാകാനുള്ള ഒരു കാരണം അതാണ്‌.

16. ഐവറി കോസ്റ്റിലെ ഒരു യുവ സഹോദരൻ ഏതു മനോഭാവം പ്രകടമാക്കി?

16 ഐവറി കോസ്റ്റിൽ ഒരു ക്രിസ്‌തീയ യുവാവ്‌ ഇതേ മനോഭാവം പ്രകടമാക്കി. അദ്ദേഹം ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ഇങ്ങനെ എഴുതി: “ഞാൻ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. ഞാൻതന്നെ ഒരു നല്ല മാതൃക വെക്കാതെ പയനിയർ സേവനത്തിൽ പ്രവേശിക്കുന്നതിനു സഹോദരന്മാരെ പ്രോത്സാഹിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ നല്ല വരുമാനം ഉണ്ടായിരുന്ന എന്റെ ജോലി ഞാൻ വേണ്ടെന്നുവെച്ചു. ഇപ്പോൾ ഞാൻ സ്വന്തമായി ഒരു തൊഴിൽ ചെയ്യുന്നു, അത്‌ ശുശ്രൂഷയിൽ ഏർപ്പെടാൻ എനിക്കു കൂടുതൽ സമയം നൽകുന്നു.” ഐവറി കോസ്റ്റിൽ സേവിക്കുന്ന 983 പയനിയർമാരിൽ ഒരാളായിത്തീർന്നു ഈ യുവ സഹോദരൻ. അവിടെ കഴിഞ്ഞ വർഷം 6,701 പ്രസാധകർ​—⁠5 ശതമാനം വർധന​—⁠ഉണ്ടായിരുന്നതായി റിപ്പോർട്ട്‌ കാണിക്കുന്നു.

17. മുൻവിധിയെ തനിക്കു ഭയമില്ലെന്ന്‌ ബെൽജിയത്തിലെ ഒരു സാക്ഷി പെൺകുട്ടി തെളിയിച്ചത്‌ എങ്ങനെ?

17 അസഹിഷ്‌ണുതയും മുൻവിധിയും മറ്റും ബെൽജിയത്തിലെ 24,961 രാജ്യപ്രസാധകർക്ക്‌ ഇപ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. എങ്കിലും അവർ നിർഭയരായി തീക്ഷ്‌ണതയോടെ തങ്ങളുടെ പ്രവർത്തനം തുടരുന്നു. സ്‌കൂളിൽ നീതിശാസ്‌ത്രത്തെ കുറിച്ചുള്ള ക്ലാസ്സിൽ യഹോവയുടെ സാക്ഷികളെ യാഥാസ്ഥിതികമല്ലാത്ത ഒരു അവാന്തര മതവിഭാഗം എന്നു പരാമർശിച്ചത്‌ 16 വയസ്സുള്ള ഒരു സാക്ഷി പെൺകുട്ടി ശ്രദ്ധിച്ചു. ഇതു സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ വീക്ഷണം അവതരിപ്പിക്കാൻ അവൾ അനുവാദം ചോദിച്ചു. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന (ഇംഗ്ലീഷ്‌) എന്ന വീഡിയോയും യഹോവയുടെ സാക്ഷികൾ​—⁠അവർ ആരാണ്‌? എന്ന ലഘുപത്രികയും ഉപയോഗിച്ച്‌, സാക്ഷികൾ യഥാർഥത്തിൽ ആരാണ്‌ എന്ന്‌ വിവരിച്ചുകൊടുക്കാൻ അവൾക്കു കഴിഞ്ഞു. ആ വിവരം വളരെ വിലമതിക്കപ്പെട്ടു, പിറ്റേ ആഴ്‌ച നടത്തിയ പരീക്ഷയിൽ എല്ലാ ചോദ്യങ്ങളും യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ മതത്തെ സംബന്ധിച്ചുള്ളവയായിരുന്നു.

18. സാമ്പത്തിക പ്രശ്‌നങ്ങൾ അർജന്റീനയിലെയും മൊസാമ്പിക്കിലെയും പ്രസാധകരെ യഹോവയുടെ സേവനത്തിൽനിന്നു ശ്രദ്ധ പതറാൻ ഇടയാക്കിയില്ലെന്നതിന്‌ എന്തു തെളിവുണ്ട്‌?

18 ക്രിസ്‌ത്യാനികളിൽ മിക്കവർക്കും ഈ അന്ത്യനാളുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. എങ്കിലും ശ്രദ്ധ പതറാതിരിക്കാൻ അവർ ശ്രമം ചെയ്യുന്നു. അർജന്റീനയിലെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച്‌ എങ്ങും അറിവുള്ളതാണ്‌. സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയായിട്ടും അർജന്റീന കഴിഞ്ഞ വർഷം സാക്ഷികളുടെ എണ്ണത്തിൽ 1,26,709 എന്ന പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. മൊസാമ്പിക്കിൽ ഇപ്പോഴും വ്യാപകമായി ദാരിദ്ര്യം നിലനിൽക്കുന്നു. എന്നിരുന്നാലും അവിടെ 37,563 പേർ സാക്ഷീകരണ വേലയിൽ പങ്കെടുക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു, 4 ശതമാനം വർധനയാണിത്‌. അൽബേനിയയിൽ പലരുടെയും ജീവിതം ദുഷ്‌കരമാണ്‌, എങ്കിലും ആ രാജ്യം 2,708 പ്രസാധകരുടെ ഒരു അത്യുച്ചത്തിൽ എത്തിച്ചേർന്നുകൊണ്ട്‌ 12 ശതമാനം വർധന റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നു. യഹോവയുടെ ദാസർ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുമ്പോൾ സാഹചര്യങ്ങൾ എത്ര ദുഷ്‌കരമാണെങ്കിലും അവന്റെ ആത്മാവ്‌ അവരെ പിന്തുണയ്‌ക്കുന്നു.​—⁠മത്തായി 6:⁠33.

19. (എ) ബൈബിൾ സത്യത്തിനായി ദാഹിക്കുന്ന ചെമ്മരിയാടുതുല്യരായ ഒട്ടേറെ ആളുകൾ ഇനിയുമുണ്ടെന്ന്‌ എന്തു തെളിയിക്കുന്നു? (ബി) യഹോവയുടെ ദാസർ ആത്മീയമായി ഉണർന്നിരിക്കുന്നു എന്ന്‌ വാർഷിക റിപ്പോർട്ടിലെ മറ്റേതു വിശദാംശങ്ങൾ പ്രകടമാക്കുന്നു? (12-15 പേജുകളിലെ ചാർട്ട്‌ കാണുക.)

19 കഴിഞ്ഞ വർഷം ലോകവ്യാപകമായി പ്രതിമാസം ശരാശരി 53,09,289 ബൈബിൾ അധ്യയനങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ബൈബിൾ സത്യത്തിനായി ദാഹിക്കുന്ന ചെമ്മരിയാടുതുല്യരായ ഒട്ടേറെ ആളുകൾ ഇനിയുമുണ്ടെന്ന്‌ അതു കാണിക്കുന്നു. സ്‌മാരകത്തിനു ഹാജരായവരുടെ എണ്ണത്തിൽ 1,55,97,746 എന്ന പുതിയ അത്യുച്ചം ഉണ്ടായി, ഇവരിൽ ഭൂരിഭാഗവും ഇതുവരെയും യഹോവയെ സജീവമായി സേവിച്ചുതുടങ്ങിയിട്ടില്ലാത്തവരാണ്‌. അവർ പരിജ്ഞാനത്തിലും യഹോവയോടും സഹോദരവർഗത്തോടുമുള്ള സ്‌നേഹത്തിലും വളർന്നുവരുന്നതിൽ തുടരുമാറാകട്ടെ. തങ്ങളുടെ ആത്മാഭിഷിക്ത സഹോദരങ്ങളോടൊത്ത്‌ സ്രഷ്ടാവിനെ “അവന്റെ ആലയത്തിൽ രാപ്പകൽ” സേവിക്കവേ “വേറെ ആടുക”ളുടെ “മഹാപുരുഷാരം” ഫലപ്രാപ്‌തിയുള്ളവരായി തുടരുന്നതു കാണുന്നത്‌ എത്ര പുളകപ്രദമാണ്‌!​—⁠വെളിപ്പാടു 7:9, 15; യോഹന്നാൻ 10:⁠16.

ലോത്തിൽനിന്നുള്ള പാഠം

20. ലോത്തിന്റെയും ഭാര്യയുടെയും ദൃഷ്ടാന്തത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

20 ദൈവത്തിന്റെ വിശ്വസ്‌ത ദാസർക്കുപോലും താത്‌കാലികമായി തങ്ങളുടെ അടിയന്തിരതാബോധം നഷ്ടമായേക്കാം. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ കാര്യമെടുക്കുക. ദൈവം സൊദോമിനെയും ഗൊമോരയെയും നശിപ്പിക്കാൻ പോകുകയാണെന്ന്‌ തന്നെ സന്ദർശിക്കാനെത്തിയ രണ്ടു ദൈവദൂതന്മാരിൽനിന്ന്‌ ലോത്ത്‌ മനസ്സിലാക്കി. അവിടത്തെ ആളുകളുടെ ‘അധർമ്മപ്രവൃത്തി കണ്ടും കേട്ടും മനസ്സു നൊന്ത്‌’ കഴിഞ്ഞിരുന്ന ലോത്തിനെ ആ വാർത്ത അത്ഭുതപ്പെടുത്തിയിരിക്കാൻ വഴിയില്ല. (2 പത്രൊസ്‌ 2:7) എങ്കിലും ആ രണ്ടു ദൂതന്മാർ ലോത്തിനെ സൊദോമിനു പുറത്തേക്കു കൂട്ടിക്കൊണ്ടു പോകാൻ ഒരുങ്ങിയപ്പോൾ അവൻ “മടിച്ചു നിന്നു” (പി.ഒ.സി.ബൈ.) എന്ന്‌ ബൈബിൾ പറയുന്നു. ദൂതന്മാർക്ക്‌ അവനെയും കുടുംബത്തെയും പിടിച്ചുവലിച്ചുകൊണ്ടുപോകേണ്ടിവന്നു എന്നുതന്നെ പറയാം. തുടർന്ന്‌, പിന്തിരിഞ്ഞു നോക്കരുതെന്ന ദൈവദൂതന്മാരുടെ മുന്നറിയിപ്പിനെ ലോത്തിന്റെ ഭാര്യ അവഗണിച്ചു. തന്റെ അയഞ്ഞമനോഭാവത്തിന്‌ അവൾക്കു വലിയ വില ഒടുക്കേണ്ടിവന്നു. (ഉല്‌പത്തി 19:14-17, 26) “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്ന്‌ യേശു മുന്നറിയിപ്പു നൽകി.​—⁠ലൂക്കൊസ്‌ 17:⁠32.

21. നാം ഉണർന്നിരിക്കേണ്ടത്‌ ഇന്നു മുമ്പെന്നത്തെക്കാളും അത്യന്താപേക്ഷിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

21 പോംപേയുടെയും ഹെർക്യുലേനിയത്തിന്റെയും ദുരന്തം, യെരൂശലേമിന്റെ നാശവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, നോഹയുടെ നാളിലെ ജലപ്രളയം, ലോത്തിന്റെ അനുഭവം എന്നിവയെല്ലാം മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. യഹോവയുടെ ദാസർ എന്ന നിലയിൽ അന്ത്യകാലത്തിന്റെ അടയാളം നാം തിരിച്ചറിയുന്നു. (മത്തായി 24:3) വ്യാജമതത്തിൽനിന്ന്‌ നാം നമ്മെത്തന്നെ വേർപെടുത്തിയിരിക്കുന്നു. (വെളിപ്പാടു 18:4) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ നാം ‘ദൈവദിവസത്തിന്റെ വരവു കാത്തിരിക്കേണ്ട’തുണ്ട്‌. (2 പത്രൊസ്‌ 3:​11) അതേ, നാം ഉണർന്നിരിക്കേണ്ടത്‌ ഇന്നു മുമ്പെന്നത്തെക്കാളും അത്യന്താപേക്ഷിതമാണ്‌! അതിനായി നമുക്കു വ്യക്തിപരമായി എന്തു പടികൾ സ്വീകരിക്കാനാകും, ഉണർന്നിരിക്കാനായി നമുക്ക്‌ ഏതു ഗുണങ്ങൾ നട്ടുവളർത്താൻ കഴിയും? പിൻവരുന്ന ലേഖനം ആ വിഷയങ്ങൾ ചർച്ചചെയ്യും.

[അടിക്കുറിപ്പുകൾ]

^ ഖ. 6 ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിൽ 1,20,000-ത്തിലധികം നിവാസികൾ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. യെഹൂദ്യ പ്രവിശ്യയിൽനിന്നുള്ള 3,00,000 പേർ പൊ.യു. 70-ലെ പെസഹാ ആചരിക്കാൻ യെരൂശലേമിലേക്കു യാത്ര ചെയ്‌തതായി യൂസിബിയസ്‌ കണക്കാക്കുന്നു. ആക്രമണത്തിന്‌ ഇരയായവരിൽ ശേഷമുള്ളവർ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു വന്നവർ ആയിരുന്നിരിക്കണം.

^ ഖ. 6 തീർച്ചയായും, യഹോവയുടെ വീക്ഷണത്തിൽ പൊ.യു. 33-ൽ മോശൈക ന്യായപ്രമാണത്തിന്റെ സ്ഥാനത്ത്‌ പുതിയ ഉടമ്പടി വന്നിരുന്നു.​—⁠എഫെസ്യർ 2:14.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യെരൂശലേമിന്റെ നാശത്തിൽനിന്നു രക്ഷപ്പെടാൻ ഏതു സംഭവവികാസമാണ്‌ യഹൂദ ക്രിസ്‌ത്യാനികളെ സഹായിച്ചത്‌?

• അപ്പൊസ്‌തലന്മാരായ പത്രൊസിന്റെയും പൗലൊസിന്റെയും ലേഖനങ്ങളിലെ ബുദ്ധിയുപദേശം ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• തങ്ങൾ പൂർണമായും ഉണർന്നിരിക്കുന്നു എന്നതിന്‌ ഇന്ന്‌ തെളിവു നൽകുന്നത്‌ ആരാണ്‌?

• ലോത്തിന്റെയും ഭാര്യയുടെയും വിവരണത്തിൽനിന്ന്‌ നാം എന്തു പാഠം പഠിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[12-15 പേജുകളിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ സേവന വർഷം 2002-ലെ ലോകവ്യാപക റിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[9-ാം പേജിലെ ചിത്രം]

പൊ.യു. 66-ൽ യെരൂശലേമിലെ ക്രിസ്‌ത്യാനികളുടെ കൂട്ടം യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുത്തു

[10-ാം പേജിലെ ചിത്രങ്ങൾ]

പ്രവർത്തനനിരതർ ആയിരിക്കുന്നത്‌ ഉണർന്നിരിക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്നു