വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്തിന്‌? ‘ദൈവമേ, എന്തിന്‌ എന്നോടിതു ചെയ്‌തു?’

എന്തിന്‌? ‘ദൈവമേ, എന്തിന്‌ എന്നോടിതു ചെയ്‌തു?’

എന്തിന്‌? ‘ദൈവമേ, എന്തിന്‌ എന്നോടിതു ചെയ്‌തു?’

ഡോക്ടറെ കാണാനായി കാത്തിരിപ്പു മുറിയിൽ തന്റെ ഭാര്യ മാരിയയോടൊപ്പം ഇരിക്കുന്ന രംഗം റിക്കാർഡൂ ഇപ്പോഴും ഓർക്കുന്നു. * ഏറ്റവും ഒടുവിൽ നടത്തിയ മാരിയയുടെ വൈദ്യ പരിശോധനകളുടെ ഫലം വായിച്ചുനോക്കാൻ രണ്ടുപേർക്കും ധൈര്യമില്ലായിരുന്നു. എങ്കിലും, റിക്കാർഡൂ ആ കവർ തുറന്നു, റിപ്പോർട്ടിലൂടെ അവർ ധൃതിയിൽ കണ്ണോടിച്ചു. പെട്ടെന്നാണ്‌ “കാൻസർ” എന്ന വാക്ക്‌ അവരുടെ ശ്രദ്ധയിൽപ്പെട്ടത്‌, അതിന്റെ പൂർണമായ അർഥം മനസ്സിലാക്കിയപ്പോൾ അവർ രണ്ടുപേരും കരയാൻ തുടങ്ങി.

റിക്കാർഡൂ പറയുന്നു: “വളരെ ദയാലുവായിരുന്ന ആ ഡോക്ടർ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിരുന്നു എന്നു വ്യക്തം. കാരണം, ‘ദൈവത്തിൽ ആശ്രയിക്കാൻ’ അദ്ദേഹം ഞങ്ങളോടു കൂടെക്കൂടെ പറയുമായിരുന്നു.”

റേഡിയേഷൻ ചികിത്സ തുടങ്ങുന്നതിനുമുമ്പ്‌, മാരിയയുടെ വലതു കാൽപ്പാദത്തിലെ അനൈച്ഛിക ചലനങ്ങൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട്‌ നടത്തിയ പരിശോധനകളിൽനിന്ന്‌, കാൻസർ അവളുടെ മസ്‌തിഷ്‌കത്തെ ബാധിച്ചതായി തെളിഞ്ഞു. വെറും ഒരാഴ്‌ചത്തെ ചികിത്സയ്‌ക്കുശേഷം, റേഡിയേഷൻ തത്‌കാലത്തേക്കു നിറുത്തി. തുടർന്ന്‌ അബോധാവസ്ഥയിലായ മാരിയ രണ്ടു മാസമേ ജീവിച്ചിരുന്നുള്ളൂ. റിക്കാർഡൂ പറയുന്നു: “അവളുടെ ദുരിതം അവസാനിച്ചല്ലോ എന്നോർത്തപ്പോൾ എനിക്കു സന്തോഷം തോന്നി. എങ്കിലും, ഇനി എന്തിനു ജീവിക്കണം എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരുന്നു. കാരണം, അവളുടെ അഭാവം അത്രത്തോളം എനിക്ക്‌ അനുഭവപ്പെട്ടിരുന്നു. മിക്കപ്പോഴും ഞാൻ കണ്ണുനീരോടെ ദൈവത്തോടു ചോദിക്കുമായിരുന്നു: ‘ദൈവമേ, എന്തിന്‌ എന്നോടിതു ചെയ്‌തു?’”

ദുരന്തങ്ങൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു

റിക്കാർഡൂവിനെപ്പോലെ, ലോകമെമ്പാടുമുള്ള അസംഖ്യം ആളുകൾ കഷ്ടപ്പാട്‌ എന്ന യാഥാർഥ്യത്തെ നേരിടാൻ നിർബന്ധിതരായിത്തീരുന്നു. പലപ്പോഴും നിരപരാധികളാണു കഷ്ടപ്പെടുന്നത്‌. മനുഷ്യവർഗത്തെ നിർദയം വേട്ടയാടുന്ന രൂക്ഷമായ സായുധ പോരാട്ടങ്ങൾ ഒഴുക്കുന്ന കണ്ണീർപ്പുഴകളെ കുറിച്ചു ചിന്തിക്കുക. അല്ലെങ്കിൽ ബലാത്സംഗം, ബാലപീഡനം, വീട്ടിലെ അക്രമം, മറ്റു ദുഷ്‌കൃത്യങ്ങൾ എന്നിവയ്‌ക്ക്‌ ഇരയാകുന്ന നിരവധി പേർ അനുഭവിക്കുന്ന വേദനയെ കുറിച്ച്‌ ആലോചിക്കുക. ചരിത്രത്തിലുടനീളം, മനുഷ്യർ അന്യോന്യം വരുത്തിവെക്കുന്ന ദുരിതങ്ങൾക്കും ചെയ്‌തുകൂട്ടുന്ന അനീതികൾക്കും യാതൊരു പരിധിയും ഉണ്ടായിരുന്നിട്ടില്ലെന്നു തോന്നുന്നു. (സഭാപ്രസംഗി 4:1-3) കൂടാതെ, പ്രകൃതി വിപത്തുകളോ വൈകാരികമോ മാനസികമോ ശാരീരികമോ ആയ രോഗങ്ങളോ നിമിത്തം കൊടിയ മനോവേദന അനുഭവിക്കുന്നവരുമുണ്ട്‌. അതുകൊണ്ട്‌ “ദൈവം അത്തരം കഷ്ടപ്പാടുകൾ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌” എന്ന്‌ അനേകർ ചോദിക്കുന്നതിൽ അതിശയിക്കാനില്ല.

ഉറച്ച മതവിശ്വാസമുള്ളവർക്കുപോലും കഷ്ടപ്പാടുകളെ നേരിടുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. എന്തു കാരണത്താലാവാം സ്‌നേഹവാനും സർവശക്തനുമായ ദൈവം കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതെന്ന്‌ ഒരുപക്ഷേ നിങ്ങളും ചിന്തിക്കുന്നുണ്ടാകാം. കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു തൃപ്‌തികരമായ, ശരിയായ ഉത്തരം കണ്ടെത്തേണ്ടത്‌ നമ്മുടെ മനസ്സമാധാനത്തിനും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനും അത്യന്താപേക്ഷിതമാണ്‌. ബൈബിൾ അപ്രകാരമുള്ള ഒരു ഉത്തരം നൽകുന്നുണ്ട്‌. ദയവായി, ബൈബിളിനു പറയാനുള്ളത്‌ എന്താണ്‌ എന്നതു സംബന്ധിച്ച്‌ അടുത്ത ലേഖനത്തിൽ വായിക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 2 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[3-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിൽ ആശ്രയിക്കാൻ ഡോക്ടർ ഞങ്ങളോടു കൂടെക്കൂടെ പറയുമായിരുന്നു