വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടപ്പാട്‌ അനുഭവിക്കുന്നവർക്ക്‌ ആശ്വാസം

കഷ്ടപ്പാട്‌ അനുഭവിക്കുന്നവർക്ക്‌ ആശ്വാസം

കഷ്ടപ്പാട്‌ അനുഭവിക്കുന്നവർക്ക്‌ ആശ്വാസം

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം നിരവധി തത്ത്വചിന്തകരെയും ദൈവശാസ്‌ത്രജ്ഞരെയും നൂറ്റാണ്ടുകളായി കുഴപ്പിച്ചിരിക്കുന്നു. ദൈവം സർവശക്തനാകയാൽ കഷ്ടപ്പാടുകൾക്ക്‌ ആത്യന്തികമായി അവനായിരിക്കണം ഉത്തരവാദി എന്നു ചിലർ തറപ്പിച്ചുപറഞ്ഞിട്ടുണ്ട്‌. രണ്ടാം നൂറ്റാണ്ടിലെ ഒരു ഉത്തര കാനോനിക കൃതിയായ ദ ക്ലെമെന്റൈൻ ഹോമിലീസിന്റെ എഴുത്തുകാരൻ, ദൈവം രണ്ടു കൈകൾകൊണ്ടാണ്‌ ലോകത്തെ ഭരിക്കുന്നതെന്ന്‌ അവകാശപ്പെട്ടു. “ഇടതു കൈ”യായ പിശാചിനെ ഉപയോഗിച്ച്‌ അവൻ കഷ്ടപ്പാടും ദുരിതവും വരുത്തിവെക്കുന്നു, “വലതു കൈ”യായ യേശുവിനെ ഉപയോഗിച്ച്‌ അവൻ രക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

മറ്റുചിലർ, ദൈവം കഷ്ടപ്പാടിന്‌ ഇടയാക്കുന്നില്ലെങ്കിൽപ്പോലും അവന്‌ അത്‌ അനുവദിക്കാൻ കഴിയുമെന്ന ആശയത്തെ അംഗീകരിക്കാനാവാത്തതിനാൽ കഷ്ടപ്പാട്‌ ഉണ്ട്‌ എന്ന വസ്‌തുതയെ നിഷേധിച്ചിരിക്കുന്നു. “തിന്മ ഒരു മിഥ്യ മാത്രമാണ്‌, അതിന്‌ യഥാർഥ അടിസ്ഥാനമില്ല. . . . പാപത്തെയും രോഗത്തെയും മരണത്തെയും നാസ്‌തിയായി മനസ്സിലാക്കിയാൽ അവ അപ്രത്യക്ഷമാകും” എന്നു മേരി ബേക്കർ എഡി എഴുതുകയുണ്ടായി.​—⁠സയൻസ ആൻഡ ഹെൽത്ത വിത്ത കീ റ്റു ദ സക്രിപചേഴ.

ചരിത്രത്തിലെ ദുരന്തപൂർണമായ സംഭവങ്ങൾ നിമിത്തം​—⁠പ്രത്യേകിച്ച്‌ ഒന്നാം ലോകമഹായുദ്ധം മുതൽ ഇക്കാലം വരെയുള്ളവ​—⁠കഷ്ടപ്പാടിന്‌ അറുതിവരുത്താൻ ദൈവം അപ്രാപ്‌തനാണ്‌ എന്ന നിഗമനത്തിൽ അനേകർ എത്തിച്ചേർന്നിരിക്കുന്നു. “രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നാസികൾ നടത്തിയ കൂട്ടക്കൊല, സർവശക്തിയെ ദൈവത്തിനു നിരക്കുന്ന ഒരു ഗുണം അല്ലാതാക്കിത്തീർത്തിരിക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം” എന്ന്‌ യഹൂദ പണ്ഡിതനായ ഡേവിഡ്‌ വുൾഫ്‌ സിൽവർമൻ എഴുതി. തുടർന്ന്‌ അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “ഏതെങ്കിലും വിധത്തിൽ ദൈവത്തെ കുറിച്ച്‌ മനസ്സിലാക്കാനായാൽ, അവന്റെ നന്മ ദുഷ്ടതയുടെ അസ്‌തിത്വവുമായി ഒത്തുപോകുന്നതായിരിക്കണം, അവൻ സർവശക്തനല്ലെങ്കിലേ ഇങ്ങനെ ആയിരിക്കുകയുള്ളൂ.”

എന്നിരുന്നാലും, ദൈവം ഏതോ വിധത്തിൽ കഷ്ടപ്പാടുകൾക്കു കൂട്ടുനിൽക്കുകയാണെന്നോ അതിന്‌ അറുതിവരുത്താൻ അവനു പ്രാപ്‌തിയില്ലെന്നോ അല്ലെങ്കിൽ കഷ്ടപ്പാട്‌ മിഥ്യയാണെന്നോ ഉള്ള അവകാശവാദങ്ങൾ കഷ്ടപ്പാട്‌ അനുഭവിക്കുന്നവർക്ക്‌ ഒട്ടുംതന്നെ ആശ്വാസം പകരുന്നില്ല. അതിലും പ്രധാനമായി, അത്തരം വിശ്വാസങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്ന തരത്തിലുള്ള നീതിമാനും ശക്തനും നമുക്കുവേണ്ടി കരുതുന്നവനുമായ ദൈവത്തിന്റെ ഗുണങ്ങൾക്കു കടകവിരുദ്ധമാണ്‌. (ഇയ്യോബ്‌ 34:10, 12; യിരെമ്യാവു 32:17; 1 യോഹന്നാൻ 4:8) ആ സ്ഥിതിക്ക്‌, കഷ്ടപ്പാട്‌ അനുവദിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണത്തെ കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

കഷ്ടപ്പാട്‌ തുടങ്ങിയത്‌ എങ്ങനെ?

കഷ്ടപ്പാട്‌ അനുഭവിക്കാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. മറിച്ച്‌, ആദിമ മനുഷ്യജോഡിയായ ആദാമിനും ഹവ്വായ്‌ക്കും അവൻ പൂർണതയുള്ള മനസ്സും ശരീരവും നൽകി, അവർക്കു വസിക്കാനായി മനോഹരമായ ഒരു പൂന്തോട്ടം അവൻ നിർമിച്ചു, അർഥപൂർണവും സംതൃപ്‌തികരവുമായ വേലയും അവർക്കു നൽകി. (ഉല്‌പത്തി 1:27, 28, 31; 2:8) എന്നാൽ അവരുടെ തുടർച്ചയായ സന്തോഷം ദൈവത്തിന്റെ ഭരണാധിപത്യത്തെയും ശരിയും തെറ്റും തീരുമാനിക്കാനുള്ള അവന്റെ അവകാശത്തെയും തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരുന്നു. ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം’ എന്നു വിളിക്കപ്പെട്ട ഒരു വൃക്ഷമാണ്‌ ദൈവത്തിന്റെ ആ പ്രത്യേക അവകാശത്തെ പ്രതിനിധാനം ചെയ്‌തത്‌. (ഉല്‌പത്തി 2:17) ആ വൃക്ഷത്തിൽനിന്നു ഭക്ഷിക്കരുത്‌ എന്ന ദൈവകൽപ്പന അനുസരിക്കുകവഴി ആദാമിനും ഹവ്വായ്‌ക്കും ദൈവത്തോടുള്ള കീഴ്‌പെടൽ പ്രകടമാക്കാൻ കഴിയുമായിരുന്നു. *

സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വായും ദൈവത്തെ അനുസരിക്കുന്നതിൽ പരാജയപ്പെട്ടു. പിശാചായ സാത്താൻ എന്നു പിന്നീട്‌ തിരിച്ചറിയിക്കപ്പെട്ട മത്സരിയായ ഒരു ആത്മജീവി, ദൈവത്തെ അനുസരിക്കുന്നത്‌ ഹവ്വായുടെ ഉത്തമ ക്ഷേമത്തിൽ കലാശിക്കുകയില്ലെന്ന്‌ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. വാസ്‌തവത്തിൽ, വളരെ അഭികാമ്യമായ ഒന്ന്‌​—⁠സ്വാതന്ത്ര്യം, അതായത്‌, നന്മയെന്തെന്നും തിന്മയെന്തെന്നും സ്വയം തീരുമാനിക്കാനുള്ള അവകാശം​—⁠ദൈവം അവൾക്കു നിഷേധിച്ചിരിക്കുകയാണെന്നു പിശാച്‌ പറഞ്ഞു. ആ വൃക്ഷത്തിൽനിന്നു ഭക്ഷിച്ചാൽ ‘അവളുടെ കണ്ണു തുറക്കയും അവൾ നന്മതിന്മകളെ അറിയുന്നവളായി ദൈവത്തെപ്പോലെ ആകയും ചെയ്യുമെന്നു’ പിശാച്‌ അവകാശപ്പെട്ടു. (ഉല്‌പത്തി 3:1-6; വെളിപ്പാടു 12:9) സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാൽ വശീകരിക്കപ്പെട്ട ഹവ്വാ വിലക്കപ്പെട്ട കനി ഭക്ഷിച്ചു, ആദാമും അതുതന്നെ ചെയ്‌തു.

അന്നു മുതൽ ആദാമും ഹവ്വായും തങ്ങളുടെ മത്സരത്തിന്റെ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങി. ദൈവത്തിന്റെ ഭരണാധിപത്യത്തെ തള്ളിക്കളഞ്ഞതു നിമിത്തം ദൈവത്തിനു കീഴ്‌പെട്ടിരുന്നപ്പോൾ ലഭിച്ചിരുന്ന അനുഗ്രഹങ്ങളും സംരക്ഷണവും അവർക്കു നഷ്ടമായി. അവരെ പറുദീസയിൽനിന്നു പുറത്താക്കിയിട്ട്‌ ദൈവം ആദാമിനോടു പറഞ്ഞു: “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.” (ഉല്‌പത്തി 3:17, 19) രോഗം, വേദന, വാർധക്യം, മരണം എന്നിവയ്‌ക്ക്‌ ആദാമും ഹവ്വായും വിധേയരായിത്തീർന്നു. കഷ്ടപ്പാട്‌ മനുഷ്യവർഗത്തിന്റെ ഒരു ഭാഗമായിത്തീർന്നിരുന്നു.​—⁠ഉല്‌പത്തി 5:​29, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.

വിവാദത്തിനു തീർപ്പുകൽപ്പിക്കുന്നു

ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ‘ദൈവത്തിന്‌ ആദാമിന്റെയും ഹവ്വായുടെയും തെറ്റിനെ അവഗണിച്ചുകളയാൻ കഴിയുമായിരുന്നില്ലേ?’ ഇല്ല. കാരണം, അവന്റെ അധികാരത്തോടുള്ള ആദരവിന്‌ വീണ്ടും ഉലച്ചിൽതട്ടാൻ അത്‌ ഇടയാക്കുമായിരുന്നു. അത്‌ ഒരുപക്ഷേ ഭാവിയിൽ കൂടുതലായ മത്സരങ്ങൾക്ക്‌ പ്രോത്സാഹനമേകുകയും വലിയ ദുരന്തത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. (സഭാപ്രസംഗി 8:11) കൂടാതെ, അത്തരം അനുസരണക്കേടിന്‌ നേരെ കണ്ണടച്ചുകളഞ്ഞാൽ ദൈവം ദുഷ്‌പ്രവൃത്തിക്കു കൂട്ടുനിൽക്കുന്നുവെന്നു വരുമായിരുന്നു. ബൈബിൾ എഴുത്തുകാരനായ മോശെ നമ്മെ ഇപ്രകാരം ഓർമിപ്പിക്കുന്നു: “[ദൈവത്തിന്റെ] പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) തന്നിൽ അന്തർലീനമായിരിക്കുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ, ആദാമിനെയും ഹവ്വായെയും തങ്ങളുടെ അനുസരണക്കേടിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ അവന്‌ അനുവദിക്കേണ്ടിവന്നു.

ആദ്യ മനുഷ്യ ജോഡിയെയും മത്സരത്തിലേക്ക്‌ അവരെ തള്ളിവിട്ട അദൃശ്യ സാത്താനെയും ദൈവം അപ്പോൾത്തന്നെ നശിപ്പിച്ചുകളയാതിരുന്നത്‌ എന്തുകൊണ്ട്‌? അതു ചെയ്യാനുള്ള ശക്തി അവനുണ്ടായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, കഷ്ടപ്പാടും മരണവും തങ്ങളിൽനിന്ന്‌ അവകാശപ്പെടുത്തുന്ന മക്കളെ ആദാമും ഹവ്വായും ജനിപ്പിക്കുകയില്ലായിരുന്നു. എന്നാൽ, ദിവ്യശക്തിയുടെ അത്തരമൊരു പ്രകടനം ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുടെമേലുള്ള ദൈവത്തിന്റെ അധികാരത്തിന്റെ ഔചിത്യത്തെ തെളിയിക്കുമായിരുന്നില്ല. മാത്രമല്ല, ആദാമും ഹവ്വായും കുട്ടികളില്ലാതെ മരിച്ചിരുന്നെങ്കിൽ അവരുടെ പൂർണതയുള്ള സന്തതികളെക്കൊണ്ട്‌ ഭൂമി നിറയ്‌ക്കുകയെന്ന ദൈവത്തിന്റെ ഉദ്ദേശ്യം പാളിപ്പോയെന്ന്‌ അത്‌ അർഥമാക്കുമായിരുന്നു. (ഉല്‌പത്തി 1:28) “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല. . . താൻ കല്‌പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്‌തതു നിവർത്തിക്കാതിരിക്കുമോ?”​—⁠സംഖ്യാപുസ്‌തകം 23:19.

പൂർണ ജ്ഞാനമുള്ള യഹോവയാം ദൈവം ചുരുങ്ങിയ ഒരു സമയത്തേക്കു മത്സരം അനുവദിച്ചുകൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ, ദൈവത്തെ വിട്ടു സ്വതന്ത്രമായ ഒരു ഗതി തിരഞ്ഞെടുക്കുന്നതിന്റെ ഫലങ്ങൾ അനുഭവിച്ചറിയാൻ മത്സരികൾക്കു വേണ്ടത്ര അവസരം ലഭിക്കുമായിരുന്നു. മനുഷ്യ ചരിത്രത്തിൽ ഉടനീളമുള്ള ലോകസംഭവങ്ങൾ, മനുഷ്യവർഗത്തിന്‌ ദിവ്യമാർഗനിർദേശം ആവശ്യമാണെന്നും മനുഷ്യന്റെ അല്ലെങ്കിൽ സാത്താന്റെ ഭരണത്തെക്കാൾ ദൈവിക ഭരണം ശ്രേഷ്‌ഠമാണെന്നും സംശയലേശമന്യേ തെളിയിക്കുമായിരുന്നു. അതേസമയം, ഭൂമിയെ സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യം നിവൃത്തിയാകുമെന്ന്‌ ഉറപ്പുവരുത്താനായി ദൈവം പടികൾ സ്വീകരിക്കുകയും ചെയ്‌തു. ‘സാത്താന്റെ തല തകർത്ത്‌,’ അവന്റെ മത്സരത്തെയും അതിന്റെ ദ്രോഹകരമായ സകല ഫലങ്ങളെയും പൂർണമായി ഇല്ലായ്‌മ ചെയ്യുന്ന ഒരു “സന്തതി” വരുമെന്ന്‌ അവൻ വാഗ്‌ദാനം ചെയ്‌തു.​—⁠ഉല്‌പത്തി 3:15.

ആ വാഗ്‌ദത്ത സന്തതി യേശുക്രിസ്‌തുവായിരുന്നു. “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി” എന്ന്‌ 1 യോഹന്നാൻ 3:8-ൽ നാം വായിക്കുന്നു. ആദാമിന്റെ മക്കളെ പാരമ്പര്യസിദ്ധ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാനായി തന്റെ പൂർണതയുള്ള മനുഷ്യജീവൻ മറുവിലയായി അർപ്പിച്ചുകൊണ്ടാണ്‌ അവൻ അതു ചെയ്‌തത്‌. (യോഹന്നാൻ 1:29; 1 തിമൊഥെയൊസ്‌ 2:5, 6) യേശുവിന്റെ ബലിയിൽ യഥാർഥ വിശ്വാസം അർപ്പിക്കുന്നവർക്ക്‌ കഷ്ടപ്പാടിൽനിന്നു നിത്യമായ വിടുതൽ ലഭിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 3:16; വെളിപ്പാടു 7:17) അത്‌ എപ്പോഴായിരിക്കും?

കഷ്ടപ്പാടുകൾക്ക്‌ അറുതി

ദൈവത്തിന്റെ അധികാരത്തെ തള്ളിക്കളഞ്ഞത്‌ പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള കഷ്ടപ്പാടുകൾക്ക്‌ ഇടയാക്കിയിരിക്കുന്നു. അതുകൊണ്ട്‌, മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക്‌ അറുതി വരുത്താനും ഭൂമിയെ സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യം നിറവേറ്റാനുമായി ദൈവം തന്റെ അധികാരത്തെ ഒരു പ്രത്യേക വിധത്തിൽ ഉപയോഗിക്കുന്നത്‌ ഉചിതമാണ്‌. യേശു തന്റെ അനുഗാമികളെ പിൻവരുന്ന പ്രകാരം പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ ദൈവത്തിന്റെ ഈ ക്രമീകരണത്തെ കുറിച്ചു പരമാർശിക്കുകയുണ്ടായി: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)​—⁠മത്തായി 6:9, 10.

സ്വയംഭരണം പരീക്ഷിച്ചുനോക്കാനായി മനുഷ്യർക്ക്‌ ദൈവം അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുന്നു. ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി ദൈവത്തിന്റെ രാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായി, യേശുക്രിസ്‌തുവാണ്‌ അതിന്റെ രാജാവ്‌. * ഈ രാജ്യം പെട്ടെന്നുതന്നെ സകല മാനുഷ ഭരണകൂടങ്ങളെയും തകർത്തു നശിപ്പിക്കും.​—⁠ദാനീയേൽ 2:44.

യേശു തന്റെ ഹ്രസ്വമായ ഭൗമിക ശുശ്രൂഷക്കാലത്ത്‌, ദിവ്യ ഭരണം പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ മനുഷ്യവർഗത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങൾ സംബന്ധിച്ച്‌ ഒരു പൂർവവീക്ഷണം നൽകുകയുണ്ടായി. മനുഷ്യസമൂഹത്തിലെ ദരിദ്രരോടും വിവേചനത്തിന്‌ ഇരയായവരോടും യേശു അനുകമ്പ കാണിച്ചതായി സുവിശേഷ വിവരണങ്ങൾ തെളിയിക്കുന്നു. അവൻ രോഗികളെ സൗഖ്യമാക്കി, വിശന്നിരുന്നവരെ പോഷിപ്പിച്ചു, മരിച്ചവരെ ഉയിർപ്പിച്ചു. പ്രകൃതിശക്തികൾപോലും അവനെ അനുസരിച്ചു. (മത്തായി 11:5; മർക്കൊസ്‌ 4:37-39; ലൂക്കൊസ്‌ 9:11-16) തന്റെ മറുവിലയാഗത്തിന്റെ ശുദ്ധീകരണ ശക്തിയെ അനുസരണമുള്ള മുഴു മനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനായി യേശു ഉപയോഗിക്കുമ്പോൾ അവസ്ഥകൾ എങ്ങനെയായിരിക്കും എന്നു ചിന്തിച്ചുനോക്കുക! ക്രിസ്‌തുവിന്റെ ഭരണം മുഖാന്തരം ദൈവം ‘[മനുഷ്യരുടെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയുമെന്നും ഇനി മരണമോ ദുഃഖമോ മുറവിളിയോ കഷ്ടതയോ ഉണ്ടാകയില്ലെന്നും’ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു​—⁠വെളിപ്പാടു 21:​4, 5.

കഷ്ടപ്പെടുന്നവർക്ക്‌ ആശ്വാസം

സ്‌നേഹവാനും സർവശക്തനുമായ നമ്മുടെ ദൈവമായ യഹോവ നമുക്കുവേണ്ടി കരുതുന്നുവെന്നും താമസിയാതെ അവൻ മനുഷ്യവർഗത്തിന്‌ ആശ്വാസം കൈവരുത്തുമെന്നും അറിയുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! സാധാരണഗതിയിൽ, ഗുരുതരമായി രോഗം ബാധിച്ച ഒരു വ്യക്തി തന്നെ സുഖപ്പെടുത്തുന്ന ഒരു ചികിത്സ, അതു വളരെ വേദനാജനകമാണെങ്കിൽപ്പോലും മനസ്സോടെ സ്വീകരിക്കും. സമാനമായി, ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധം നിത്യാനുഗ്രഹങ്ങളിൽ കലാശിക്കുമെന്ന്‌ നമുക്കറിയാമെങ്കിൽ, ഇപ്പോഴത്തെ താത്‌കാലികമായ ഏതു ബുദ്ധിമുട്ടുകളെയും സഹിച്ചുനിൽക്കാൻ ആ അറിവ്‌ നമ്മെ സഹായിക്കും.

ബൈബിളിന്റെ വാഗ്‌ദാനങ്ങളിലൂടെ ആശ്വാസം കണ്ടെത്താൻ പഠിച്ചിരിക്കുന്ന ഒരു വ്യക്തിയാണ്‌ മുൻലേഖനത്തിൽ പരാമർശിച്ച റിക്കാർഡൂ. അദ്ദേഹം പറയുന്നു: “ഭാര്യയുടെ മരണശേഷം, മറ്റുള്ളവരിൽനിന്ന്‌ എന്നെത്തന്നെ ഒറ്റപ്പെടുത്താനുള്ള ആഗ്രഹം വളരെ ശക്തമായിരുന്നു, എന്നാൽ അതിലൂടെ എന്റെ ഭാര്യയെ തിരിച്ചുകിട്ടില്ലെന്നും അത്‌ എന്റെ വൈകാരിക അവസ്ഥയെ കൂടുതൽ വഷളാക്കുകയേ ഉള്ളുവെന്നും ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.” പകരം, ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുകയും ബൈബിൾ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്ന ശീലം റിക്കാർഡൂ നിലനിറുത്തി. “യഹോവയുടെ സ്‌നേഹനിർഭരമായ പിന്തുണ അനുഭവിച്ചറിയുകയും ചെറിയ കാര്യങ്ങളിൽപ്പോലും യഹോവ എന്റെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകിയ വിധം മനസ്സിലാക്കുകയും ചെയ്‌തപ്പോൾ ഞാൻ അവനോടു കൂടുതൽ അടുത്തു. ദൈവസ്‌നേഹം സംബന്ധിച്ച ഈ അവബോധമാണ്‌ ഞാൻ അഭിമുഖീകരിച്ചിട്ടുള്ളതിൽവെച്ച്‌ ഏറ്റവും കഠിനമായ ആ പരിശോധനയെ സഹിച്ചുനിൽക്കാൻ എന്നെ പ്രാപ്‌തനാക്കിയത്‌” എന്നു റിക്കാർഡൂ പറയുന്നു. അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഭാര്യയുടെ അഭാവം എനിക്ക്‌ ഇന്നും വളരെയധികം അനുഭവപ്പെടുന്നുണ്ട്‌, എന്നാൽ യഹോവ അനുവദിക്കുന്ന കാര്യങ്ങളൊന്നും നമുക്ക്‌ നിത്യമായ ദോഷം ചെയ്യില്ല എന്നു ഞാൻ ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നു.”

മനുഷ്യവർഗം ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ‘ആരും ഓർക്കുകയില്ലാത്തതും ആരുടെയും മനസ്സിൽ വരികയില്ലാത്തതുമായ’ ഒരു സമയത്തിനുവേണ്ടി റിക്കാർഡൂവിനെയും മറ്റു ദശലക്ഷക്കണക്കിന്‌ ആളുകളെയും പോലെ നിങ്ങൾ വാഞ്‌ഛിക്കുന്നുണ്ടോ? (യെശയ്യാവു 65:17) പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റുന്നെങ്കിൽ നിങ്ങൾക്ക്‌ ദൈവരാജ്യ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുമെന്ന്‌ ഉറപ്പുണ്ടായിരിക്കുക: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.”​—⁠യെശയ്യാവു 55:⁠6.

ഇതു ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്‌, ദൈവവചനത്തിന്റെ വായനയും ശ്രദ്ധാപൂർവകമായ പഠനവും നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഗതിയാക്കുക. ദൈവത്തെയും അവൻ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക. ദൈവിക നിലവാരങ്ങൾക്കൊത്തു ജീവിക്കാൻ പരിശ്രമിച്ചുകൊണ്ട്‌ നിങ്ങൾ അവന്റെ പരമാധികാരത്തിനു കീഴ്‌പെടാൻ സന്നദ്ധനാണെന്നു പ്രകടമാക്കുക. അത്തരമൊരു ഗതി, പരിശോധനകളുടെ നടുവിൽപോലും നിങ്ങൾക്കു വലിയ സന്തോഷം കൈവരുത്തും. കൂടാതെ, ഭാവിയിൽ കഷ്ടപ്പാടുകളിൽനിന്നു വിമുക്തമായ ഒരു ലോകത്തിൽ ജീവിതം ആസ്വദിക്കാൻ അതു നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്യും.​—⁠യോഹന്നാൻ 17:⁠3.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ദ ജറൂസലേം ബൈബിളിഉല്‌പത്തി 2:17-ന്റെ അടിക്കുറിപ്പ്‌ പറയുന്നതനുസരിച്ച്‌ ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവ്‌’ “നന്മയെന്തെന്നും തിന്മയെന്തെന്നും . . . തീരുമാനിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള അധികാരം, സമ്പൂർണ ധാർമിക സ്വാതന്ത്ര്യം വേണം എന്ന അവകാശവാദം ആണ്‌. അങ്ങനെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ സ്ഥാനം അംഗീകരിക്കാൻ മനുഷ്യൻ വിസമ്മതിക്കുന്നു.” അത്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആദ്യപാപം ദൈവത്തിന്റെ പരമാധികാരത്തിന്മേലുള്ള ഒരു കടന്നാക്രമണം ആയിരുന്നു.”

^ ഖ. 17 1914-മായി ബന്ധപ്പെട്ട ബൈബിൾ പ്രവചനങ്ങളുടെ വിശദമായ ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10, 11 അധ്യായങ്ങൾ കാണുക.

[6, 7 പേജുകളിലെ ചതുരം]

നമുക്ക്‌ കഷ്ടപ്പാടുകളെ വിജയകരമായി എങ്ങനെ നേരിടാം?

‘നിങ്ങളുടെ സകല ചിന്താകുലവും [ദൈവത്തിന്റെ] മേൽ ഇട്ടുകൊൾവിൻ.’ (1 പത്രൊസ്‌ 5:7) നാം കഷ്ടപ്പെടുമ്പോഴോ നാം സ്‌നേഹിക്കുന്ന ആരെങ്കിലും കഷ്ടപ്പെടുന്നതു കാണുമ്പോഴോ നമുക്ക്‌ ആശയക്കുഴപ്പമോ ദേഷ്യമോ ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലോ ഉണ്ടാകുന്നതു തികച്ചും സ്വാഭാവികമാണ്‌. എങ്കിലും യഹോവ നമ്മുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട്‌ എന്ന ഉറപ്പുണ്ടായിരിക്കുക. (പുറപ്പാടു 3:7; യെശയ്യാവു 63:9) പുരാതന കാലത്തെ വിശ്വസ്‌ത പുരുഷന്മാരെപ്പോലെ നമുക്ക്‌ യഹോവയുടെ മുമ്പാകെ ഹൃദയങ്ങളെ തുറന്ന്‌ നമ്മുടെ സംശയങ്ങളും ഉത്‌കണ്‌ഠകളും അവനോടു പറയാൻ കഴിയും. (പുറപ്പാടു 5:22; ഇയ്യോബ്‌ 10:1-3; യിരെമ്യാവു 14:19; ഹബക്കൂക്‌ 1:13) നാം അഭിമുഖീകരിക്കുന്ന പരിശോധനകളെ അവൻ അത്ഭുതകരമായി നീക്കംചെയ്യുകയില്ലായിരിക്കാം. എങ്കിലും നമ്മുടെ ഹൃദയംഗമമായ പ്രാർഥനകൾക്കുള്ള ഉത്തരമായി, അവയെ നേരിടുന്നതിനുള്ള ജ്ഞാനവും ശക്തിയും നൽകാൻ അവനു കഴിയും.​—⁠യാക്കോബ്‌ 1:5, 6.

“സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുതു.” (1 പത്രൊസ്‌ 4:12) പത്രൊസ്‌ പീഡനത്തെ കുറിച്ചാണ്‌ ഇവിടെ പറയുന്നതെങ്കിലും, ഒരു വിശ്വാസിക്കു നേരിട്ടേക്കാവുന്ന ഏതൊരു കഷ്ടപ്പാടിനോടുമുള്ള ബന്ധത്തിലും അവന്റെ വാക്കുകൾ തുല്യ പ്രാധാന്യത്തോടെ ബാധകമാണ്‌. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാത്ത അനേകരുണ്ട്‌. കൂടാതെ, രോഗവും പ്രിയപ്പെട്ടവരുടെ മരണവും മനുഷ്യർക്കു നേരിടേണ്ടിവരുന്നു. ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ എല്ലാവരെയും ബാധിക്കുന്നുവെന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (സഭാപ്രസംഗി 9:​11, NW) മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഭാഗമാണ്‌ അത്തരം സംഗതികൾ. ഇത്‌ തിരിച്ചറിയുന്നത്‌ കഷ്ടപ്പാടുകളെയും ആപത്തുകളെയും തരണം ചെയ്യാൻ നമ്മെ സഹായിക്കും. (1 പത്രൊസ്‌ 5:9) ഏറ്റവും പ്രധാനമായി പിൻവരുന്ന ഉറപ്പ്‌ മനസ്സിൽ പിടിക്കുന്നത്‌ പ്രത്യേകാൽ ആശ്വാസത്തിന്റെ ഉറവായിരിക്കും: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.”​—⁠സങ്കീർത്തനം 34:15; സദൃശവാക്യങ്ങൾ 15:3; 1 പത്രൊസ്‌ 3:12.

“ആശയിൽ [“പ്രത്യാശയിൽ,” NW] സന്തോഷിപ്പിൻ.” (റോമർ 12:12) കഴിഞ്ഞ നല്ല കാലത്തെ കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കാതെ സകല കഷ്ടപ്പാടുകളും അവസാനിപ്പിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെ കുറിച്ച്‌ നമുക്കു ധ്യാനിക്കാം. (സഭാപ്രസംഗി 7:10) ഒരു ശിരസ്‌ത്രം അഥവാ ഹെൽമെറ്റ്‌ തലയ്‌ക്കു സംരക്ഷണം നൽകുന്നതുപോലെ ഉറച്ച അടിസ്ഥാനമുള്ള ഈ പ്രത്യാശ നമുക്കു സംരക്ഷണമേകും. പ്രത്യാശ, ജീവിതത്തിലെ ദുരിതങ്ങളെ മയപ്പെടുത്തുകയും നമ്മുടെ മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന്‌ അവ സ്ഥായിയായ ഹാനിവരുത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ സഹായിക്കുകയും ചെയ്യുന്നു.​—⁠1 തെസ്സലൊനീക്യർ 5:⁠8.

[5 -ാം പേജിലെ ചിത്രം]

ആദാമും ഹവ്വായും ദിവ്യഭരണാധി പത്യത്തെ തള്ളിക്കളഞ്ഞു

[7 -ാം പേജിലെ ചിത്രം]

കഷ്ടപ്പാടുകളില്ലാത്ത ഒരു ലോകം ദൈവം വാഗ്‌ദാനം ചെയ്യുന്നു