വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?

സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?

സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?

ഒരു വർത്തമാനപ്പത്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു നാടക നിരൂപകൻ ഒരിക്കൽ ഒരു നാടകം കാണാൻ പോയി. അദ്ദേഹത്തിന്‌ ആ നാടകം അത്ര ഇഷ്ടപ്പെട്ടില്ല. തുടർന്ന്‌ അദ്ദേഹം ഇപ്രകാരം എഴുതി: “അപ്രധാനവും അരസികവുമായ കാര്യങ്ങളാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ തീർച്ചയായും ഈ നാടകം കാണണം.” പിന്നീട്‌ നാടകത്തിന്റെ സംഘാടകർ, ആ നിരൂപകന്റെ ചില വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ ഒരു പരസ്യമിറക്കി. അതിൽ ഉണ്ടായിരുന്ന വാക്കുകൾ ഏതാണെന്നോ: “നിങ്ങൾ തീർച്ചയായും ഈ നാടകം കാണണം”! പരസ്യത്തിൽ നിരൂപകന്റെ വാക്കുകൾ തന്നെയാണ്‌ ഉദ്ധരിച്ചിരുന്നത്‌, പക്ഷേ സന്ദർഭത്തിൽനിന്ന്‌ എടുത്തു മാറ്റിയാണ്‌ അവ ഉപയോഗിച്ചതെന്നു മാത്രം. അങ്ങനെ നിരൂപകന്റെ വീക്ഷണം തികച്ചും തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഒരു പ്രസ്‌താവനയുടെ സന്ദർഭം എത്ര പ്രധാനമാണെന്ന്‌ ഈ ഉദാഹരണം വ്യക്തമാക്കുന്നു. വാക്കുകൾ അവയുടെ സന്ദർഭത്തിൽനിന്നു മാറ്റി ഉപയോഗിക്കുമ്പോൾ അവയുടെ അർഥംതന്നെ മാറിപ്പോയേക്കാം. യേശുവിനെ വഴിതെറ്റിക്കാൻ ശ്രമിച്ചപ്പോൾ സാത്താൻ തിരുവെഴുത്തിന്റെ അർഥം കോട്ടിക്കളഞ്ഞതുപോലെതന്നെ. (മത്തായി 4:1-11) അതേസമയം, ഒരു പ്രസ്‌താവനയുടെ സന്ദർഭം കണക്കിലെടുക്കുന്നത്‌ അതിന്റെ അർഥം സംബന്ധിച്ച കൂടുതൽ കൃത്യമായ ഗ്രാഹ്യം നേടാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ട്‌, നാം ഒരു ബൈബിൾ വാക്യം പഠിക്കുമ്പോൾ, അതിന്റെ എഴുത്തുകാരൻ എന്തിനെ കുറിച്ചാണു പറയുന്നതെന്നു മെച്ചമായി മനസ്സിലാക്കുന്നതിന്‌ അതിന്റെ സന്ദർഭം പരിശോധിക്കുന്നത്‌ എല്ലായ്‌പോഴും ബുദ്ധിയായിരിക്കും.

ദൈവവചനം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

‘ഒരു പ്രത്യേക വാക്കിനോ ഖണ്ഡത്തിനോ മുമ്പോ പിമ്പോ വരുന്നതും സാധാരണഗതിയിൽ അതിന്റെ അർഥത്തെയോ ഫലത്തെയോ സ്വാധീനിക്കുന്നതുമായ, ലിഖിതമോ വാചികമോ ആയ ഒരു പ്രസ്‌താവനയുടെ ഭാഗങ്ങൾ’ എന്നാണ്‌ സന്ദർഭം എന്ന വാക്കിനെ ഒരു നിഘണ്ടു നിർവചിച്ചിരിക്കുന്നത്‌. സന്ദർഭം എന്നത്‌, ‘ഒരു പ്രത്യേക സംഭവത്തോടോ സ്ഥിതിവിശേഷത്തോടോ ബന്ധപ്പെട്ട ഒരുകൂട്ടം സാഹചര്യങ്ങൾ, വസ്‌തുതകൾ തുടങ്ങിയവയും’ ആയിരിക്കാവുന്നതാണ്‌. രണ്ടാമതു പറഞ്ഞ അർഥത്തിൽ “സന്ദർഭം” എന്ന വാക്കിന്റെ പര്യായം “പശ്ചാത്തലം” ആയിരിക്കും. തിമൊഥെയൊസിനുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകളുടെ വീക്ഷണത്തിൽ ഒരു തിരുവെഴുത്തിന്റെ സന്ദർഭം പിരിചിന്തിക്കുന്നത്‌ വിശേഷാൽ പ്രധാനമാണ്‌: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു [“സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട്‌,” NW] ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്‌പാൻ ശ്രമിക്ക.” (2 തിമൊഥെയൊസ്‌ 2:15) ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിന്‌ നാംതന്നെ അതു വേണ്ടവിധം മനസ്സിലാക്കുകയും തുടർന്നു സത്യസന്ധതയോടും കൃത്യതയോടുംകൂടെ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്‌. അങ്ങനെ ചെയ്യാൻ, ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയോടുള്ള ആദരവ്‌ നമ്മെ പ്രേരിപ്പിക്കും. സന്ദർഭം പരിചിന്തിക്കുന്നത്‌ അക്കാര്യത്തിൽ ഒരു സുപ്രധാന സഹായമായിരിക്കും.

രണ്ടു തിമൊഥെയൊസിന്റെ പശ്ചാത്തലം

ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയ രണ്ടാം ലേഖനം നമുക്കു പരിശോധിക്കാം. * ആദ്യമായി നമുക്ക്‌ ഈ ബൈബിൾ പുസ്‌തകത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്‌. ഇത്‌ എഴുതിയത്‌ ആരാണ്‌? എപ്പോൾ? ഏതു സാഹചര്യങ്ങളിൻ കീഴിൽ? തുടർന്ന്‌ നമുക്ക്‌ ഇങ്ങനെ ചോദിക്കാം, ‘തിമൊഥെയൊസ്‌’​—⁠ലേഖനത്തിന്റെ ശീർഷകവും അതുതന്നെ​—⁠ഏതു സാഹചര്യത്തിൽ ആയിരുന്നു? ഈ ലേഖനത്തിലെ വിവരങ്ങൾ അവന്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പുസ്‌തകത്തോടുള്ള നമ്മുടെ വിലമതിപ്പിന്റെ ആഴം വർധിപ്പിക്കുകയും നമുക്ക്‌ ഇതിൽനിന്ന്‌ എപ്രകാരം പ്രയോജനം നേടാനാകുമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.

ഈ പുസ്‌തകം, അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയ ഒരു കത്താണെന്ന്‌ ഇതിന്റെ പ്രാരംഭ വാക്യങ്ങൾ സൂചിപ്പിക്കുന്നു. സുവാർത്തയെ പ്രതി തടവിലായിരിക്കെയാണ്‌ അവൻ ഇത്‌ എഴുതിയതെന്നു മറ്റു വാക്യങ്ങൾ പ്രകടമാക്കുന്നു. അനേകരും പൗലൊസിനെ ഉപേക്ഷിച്ചുപോയി, തന്റെ മരണം ആസന്നമാണെന്ന്‌ അവനു തോന്നി. (2 തിമൊഥെയൊസ്‌ 1:15, 16; 2:8-10; 4:6-8) അതുകൊണ്ട്‌, റോമിൽ രണ്ടാം പ്രാവശ്യം തടവിൽ കിടന്നപ്പോഴായിരിക്കണം അവൻ ഇത്‌ എഴുതിയത്‌. സാധ്യതയനുസരിച്ച്‌ പൊ.യു. ഏകദേശം 65-ൽ ആയിരുന്നു അത്‌. അതിനുശേഷം താമസിയാതെ നീറോ അവനെ വധശിക്ഷയ്‌ക്കു വിധിച്ചതായി തോന്നുന്നു.

അതാണ്‌ രണ്ടു തിമൊഥെയൊസിന്റെ പശ്ചാത്തലം. എങ്കിലും, താൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു പരാതിപറയാനല്ല പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയത്‌ എന്നതു ശ്രദ്ധേയമാണ്‌. പകരം, തിമൊഥെയൊസിനു മുമ്പാകെയുള്ള ദുർഘടമായ നാളുകളെ കുറിച്ച്‌ അവനു മുന്നറിയിപ്പു കൊടുക്കുന്നതിനും ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കാനും ‘ശക്തിപ്പെടാനും’ തന്റെ നിർദേശങ്ങൾ മറ്റുള്ളവർക്കു കൈമാറാനും ഉള്ള പ്രോത്സാഹനം നൽകുന്നതിനും വേണ്ടിയാണ്‌ അവൻ തന്റെ സ്‌നേഹിതന്‌ അത്തരം ഒരു ലേഖനം എഴുതിയത്‌. അങ്ങനെ അവർ മറ്റുള്ളവരെയും സഹായിക്കാൻ സജ്ജരാകുമായിരുന്നു. (2 തിമൊഥെയൊസ്‌ 2:1-7) പ്രയാസ സാഹചര്യങ്ങളിൽപ്പോലും മറ്റുള്ളവരിൽ നിസ്വാർഥ താത്‌പര്യം കാണിക്കുന്നതിന്റെ എത്ര നല്ല മാതൃക! നമുക്കുവേണ്ടിയുള്ള എത്രയോ നല്ല ബുദ്ധിയുപദേശം!

പൗലൊസ്‌ തിമൊഥെയൊസിനെ ‘പ്രിയ മകൻ’ എന്നു വിളിക്കുന്നു. (2 തിമൊഥെയൊസ്‌ 1:1) ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ, പൗലൊസിന്റെ ഒരു വിശ്വസ്‌ത കൂട്ടാളി എന്നനിലയിൽ ഈ യുവാവിനെ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്‌. (പ്രവൃത്തികൾ 16:1-5; റോമർ 16:21; 1 കൊരിന്ത്യർ 4:17) പൗലൊസ്‌ ഈ കത്ത്‌ എഴുതിയ സമയത്ത്‌ തിമൊഥെയൊസ്‌ തന്റെ 30-കളിൽ ആയിരുന്നെന്നു തോന്നുന്നു. അവൻ അപ്പോഴും യുവാവായി കരുതപ്പെട്ടിരുന്നു. (1 തിമൊഥെയൊസ്‌ 4:12) എന്നിരുന്നാലും അതിനോടകംതന്നെ, ഏതാണ്ട്‌ 14 വർഷം ‘പൗലൊസിനോടൊത്ത്‌ ശുശ്രൂഷ ചെയ്‌ത’തായുള്ള വിശ്വസ്‌തതയുടെ ഒരു നല്ല രേഖ അവന്‌ ഉണ്ടായിരുന്നു. (ഫിലിപ്പിയർ 2:19-22, പി.ഒ.സി. ബൈബിൾ) ‘വാഗ്വാദം ചെയ്യാതിരിക്കാനും’ വിശ്വാസവും സഹിഷ്‌ണുതയും പോലുള്ള സുപ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മൂപ്പന്മാരെ ബുദ്ധിയുപദേശിക്കാനുള്ള ഉത്തരവാദിത്വം താരതമ്യേന യൗവനാവസ്ഥയിൽ ആയിരുന്ന തിമൊഥെയൊസിനു പൗലൊസ്‌ നൽകി. (2 തിമൊഥെയൊസ്‌ 2:14) സഭാ മേൽവിചാരകന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാനുള്ള അധികാരവും തിമൊഥെയൊസിനു ലഭിച്ചിരുന്നു. (1 തിമൊഥെയൊസ്‌ 5:22) എങ്കിലും, തന്റെ അധികാരം പ്രയോഗിക്കുന്നതിൽ അവന്‌ അൽപ്പം മടി ഉണ്ടായിരുന്നിരിക്കാം.​—⁠2 തിമൊഥെയൊസ്‌ 1:6, 7.

യുവാവായ ഈ മൂപ്പൻ ഗൗരവമായ ചില വെല്ലുവിളികളെ അഭിമുഖീകരിച്ചു. ഉദാഹരണമായി, ഹുമനയോസ്‌, ഫിലേത്തൊസ്‌ എന്നീ വ്യക്തികൾ ‘പുനരുത്ഥാനം [നടന്നു]കഴിഞ്ഞു എന്നു പറഞ്ഞ്‌ ചിലരുടെ വിശ്വാസം മറിച്ചുകളയുകയായിരുന്നു.’ (2 തിമൊഥെയൊസ്‌ 2:17, 18) ആത്മീയ പുനരുത്ഥാനം മാത്രമേയുള്ളുവെന്നും ക്രിസ്‌ത്യാനികളോടുള്ള ബന്ധത്തിൽ അതു കഴിഞ്ഞെന്നും ആയിരുന്നു അവർ വിശ്വസിച്ചിരുന്നത്‌. ക്രിസ്‌ത്യാനികൾ തങ്ങളുടെ പാപങ്ങളിൽ മരിച്ചവർ ആയിരുന്നെന്നും എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ അവർ ജീവിപ്പിക്കപ്പെട്ടു എന്നുമുള്ള പൗലൊസിന്റെ പ്രസ്‌താവനയെ അവർ സന്ദർഭത്തിൽനിന്നു മാറ്റി ഉദ്ധരിക്കുകയായിരുന്നിരിക്കാം. (എഫെസ്യർ 2:1-6) വിശ്വാസത്യാഗപരമായ അത്തരം സ്വാധീനം വർധിക്കുമെന്നു പൗലൊസ്‌ മുന്നറിയിപ്പു നൽകി. അവൻ ഇപ്രകാരം എഴുതി: ‘ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. അവർ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും.’ (2 തിമൊഥെയൊസ്‌ 4:3, 4, പി.ഒ.സി. ബൈ.) പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്‌ തിമൊഥെയൊസ്‌ അടിയന്തിര ശ്രദ്ധ കൊടുക്കണമെന്നു മുൻകൂട്ടിയുള്ള ഈ മുന്നറിയിപ്പ്‌ പ്രകടമാക്കി.

ഇക്കാലത്ത്‌ ഈ പുസ്‌തകത്തിന്റെ മൂല്യം

ഇതുവരെ കണ്ട കാര്യങ്ങളിൽനിന്ന്‌, പൗലൊസ്‌ ഈ ലേഖനം എഴുതിയത്‌ കുറഞ്ഞപക്ഷം പിൻവരുന്ന കാരണങ്ങളാലായിരുന്നു എന്നു നമുക്കു മനസ്സിലാക്കാനാകും: (1) തന്റെ മരണം ആസന്നമാണെന്ന്‌ അവൻ അറിഞ്ഞിരുന്നു, അതുകൊണ്ട്‌ തന്റെ സഹായം ലഭ്യമല്ലാതെവരുന്ന സമയത്തേക്കുവേണ്ടി തിമൊഥെയൊസിനെ ഒരുക്കാൻ അവൻ ശ്രമിച്ചു. (2) തിമൊഥെയൊസിന്റെ മേൽനോട്ടത്തിൻ കീഴിലുള്ള സഭകളെ, വിശ്വാസത്യാഗത്തിൽനിന്നും മറ്റു ഹാനികരമായ സ്വാധീനങ്ങളിൽനിന്നും സംരക്ഷിക്കുന്നതിന്‌ അവനെ സജ്ജനാക്കാൻ പൗലൊസ്‌ ആഗ്രഹിച്ചു. (3) യഹോവയുടെ സേവനത്തിൽ തിരക്കുള്ളവനായിരിക്കാനും വ്യാജോപദേശങ്ങൾക്കെതിരെ ഉറച്ചു നിൽക്കാനായി നിശ്വസ്‌ത തിരുവെഴുത്തുകളിലെ പരിജ്ഞാനത്തിൽ ആശ്രയിക്കാനും ഉള്ള പ്രോത്സാഹനം തിമൊഥെയൊസിനു നൽകാൻ അവൻ ആഗ്രഹിച്ചു.

ഈ പശ്ചാത്തലം മനസ്സിലാക്കുന്നത്‌ രണ്ടു തിമൊഥെയൊസ്‌ എന്ന പുസ്‌തകത്തെ നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ അർഥവത്താക്കുന്നു. ഹുമനയോസിനെയും ഫിലേത്തൊസിനെയുംപോലെ, തങ്ങളുടേതായ ആശയങ്ങളെ ഉന്നമിപ്പിച്ച്‌ നമ്മുടെ വിശ്വാസത്തെ ഹനിക്കാൻ ശ്രമിക്കുന്ന വിശ്വാസത്യാഗികൾ ഇക്കാലത്തുമുണ്ട്‌. കൂടാതെ, പൗലൊസ്‌ മുൻകൂട്ടി പറഞ്ഞ “ദുർഘടസമയങ്ങ”ളിലാണു നാം ജീവിക്കുന്നത്‌. പൗലൊസ്‌ നൽകിയ പിൻവരുന്ന മുന്നറിയിപ്പിന്റെ സത്യത അനേകർ അനുഭവിച്ചറിഞ്ഞിരിക്കുന്നു: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:1, 12) നമുക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാൻ കഴിയും? തിമൊഥെയൊസ്‌ ചെയ്‌തതുപോലെ, കാലങ്ങളായി യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നവരുടെ ബുദ്ധിയുപദേശത്തിനു നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌. മാത്രമല്ല, വ്യക്തിപരമായ പഠനം, പ്രാർഥന, ക്രിസ്‌തീയ സഹവാസം എന്നിവ മുഖാന്തരം യഹോവയുടെ അനർഹദയയിലൂടെ നമുക്കു ‘ശക്തിപ്പെടാനാകും.’ കൂടാതെ, സൂക്ഷ്‌മ പരിജ്ഞാനത്തിന്റെ ശക്തിയിലുള്ള ഉറച്ചബോധ്യത്തോടെ നമുക്ക്‌ പൗലൊസിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു ചെവികൊടുക്കാം: ‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുന്നതിൽ തുടരുക.’​—⁠2 തിമൊഥെയൊസ്‌ 1:13, NW.

“ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”

പൗലൊസ്‌ സംസാരിച്ച “ആരോഗ്യാവഹമായ വാക്കുകൾ” എന്താണ്‌? സത്യക്രിസ്‌തീയ ഉപദേശത്തെ പരാമർശിക്കാനാണ്‌ അവൻ ഈ പദപ്രയോഗം ഉപയോഗിക്കുന്നത്‌. തിമൊഥെയൊസിനുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ, ആരോഗ്യാവഹമായ വാക്കുകൾ അടിസ്ഥാനപരമായി ‘നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റേത്‌’ ആണെന്ന്‌ പൗലൊസ്‌ വിശദീകരിക്കുകയുണ്ടായി. (1 തിമൊഥെയൊസ്‌ 6:3) ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക അനുകരിക്കുന്നതിലൂടെ ഒരുവന്‌ ആരോഗ്യമുള്ള ഒരു മനസ്സ്‌, സ്‌നേഹനിർഭരമായ മനോഭാവം, മറ്റുള്ളവരോടു പരിഗണന എന്നിവ ഉണ്ടാകാൻ ഇടയാകുന്നു. യേശുവിന്റെ ശുശ്രൂഷയും പഠിപ്പിക്കലും ബൈബിളിന്റെ ആകമാന പഠിപ്പിക്കലുകളുമായി യോജിപ്പിലായതിനാൽ, ആരോഗ്യാവഹമായ വാക്കുകൾ എന്ന പ്രയോഗത്തിനു വിപുലമായ അർഥത്തിൽ മുഴു ബൈബിൾ പഠിപ്പിക്കലുകളെയും പരാമർശിക്കാൻ കഴിയും.

തിമൊഥെയൊസിനെയും മറ്റ്‌ എല്ലാ ക്രിസ്‌തീയ മൂപ്പന്മാരെയും സംബന്ധിച്ചിടത്തോളം ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക എന്നത്‌ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ഒരു ‘നല്ല നിക്ഷേപം’ ആയിരുന്നു. (2 തിമൊഥെയൊസ്‌ 1:13, 14, പി.ഒ.സി. ബൈ.) തിമൊഥെയൊസ്‌, ‘വചനം പ്രസംഗിക്കുകയും സമയത്തും അസമയത്തും സന്നദ്ധനായിരിക്കുകയും എത്രയും ക്ഷമയോടും ഉപദേശത്തോടുംകൂടെ കുറ്റബോധം വരുത്തുകയും ശാസിക്കുകയും പ്രബോധിപ്പിക്കുകയും’ ചെയ്യണമായിരുന്നു. (2 തിമൊഥെയൊസ്‌ 4:​2, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) തിമൊഥെയൊസിന്റെ നാളിൽ വിശ്വാസത്യാഗപരമായ പഠിപ്പിക്കൽ വ്യാപിക്കുന്നുണ്ടായിരുന്നു എന്നു തിരിച്ചറിയുമ്പോൾ, ആരോഗ്യാവഹമായ വാക്കുകൾ പഠിപ്പിക്കേണ്ടതിന്റെ അടിയന്തിരതയ്‌ക്ക്‌ പൗലൊസ്‌ ഊന്നൽ നൽകിയത്‌ എന്തുകൊണ്ടാണെന്നു നമുക്കു ബോധ്യമാകും. ‘എത്രയും ക്ഷമയോടും ഉപദേശത്തോടുംകൂടെ കുറ്റബോധം വരുത്തുകയും ശാസിക്കുകയും പ്രബോധിപ്പിക്കുകയും’ ചെയ്‌തുകൊണ്ട്‌ തിമൊഥെയൊസിന്‌ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു എന്നും നമുക്കു മനസ്സിലാക്കാൻ കഴിയും.

ആരോടാണ്‌ തിമൊഥെയൊസ്‌ വചനം പ്രസംഗിക്കേണ്ടിയിരുന്നത്‌? സന്ദർഭം കാണിക്കുന്നതനുസരിച്ച്‌, ഒരു മൂപ്പൻ എന്ന നിലയിൽ അവൻ അതു ചെയ്യേണ്ടിയിരുന്നത്‌ ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ ആയിരുന്നു. എതിരാളികളിൽനിന്നുള്ള സമ്മർദങ്ങളുടെ വീക്ഷണത്തിൽ, തിമൊഥെയൊസ്‌ തന്റെ ആത്മീയ സമനില കാത്തുസൂക്ഷിക്കുകയും ധൈര്യത്തോടെ ദൈവവചനം ഘോഷിക്കുകയും ചെയ്യണമായിരുന്നു. മനുഷ്യരുടെ തത്ത്വശാസ്‌ത്രമോ വ്യക്തിപരമായ ആശയങ്ങളോ നിരർഥകമായ ഊഹാപോഹങ്ങളോ ആയിരുന്നില്ല അവൻ ഘോഷിക്കേണ്ടിയിരുന്നത്‌. വ്യക്തമായും, തെറ്റായ ചായ്‌വുള്ള ചിലരിൽനിന്ന്‌ എതിർപ്പുണ്ടാകാൻ ഇതു കാരണമാകുമായിരുന്നു. (2 തിമൊഥെയൊസ്‌ 1:6-8; 2:1-3, 23-26; 3:14, 15) എന്നിരുന്നാലും, പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ വിശ്വാസത്യാഗത്തിനെതിരെ ഒരു മതിൽപോലെ നിലകൊള്ളാൻ തിമൊഥെയൊസിനെ സഹായിക്കുമായിരുന്നു, പൗലൊസ്‌ ചെയ്‌തതുപോലെതന്നെ.​—⁠പ്രവൃത്തികൾ 20:25-32.

വചനം പ്രസംഗിക്കുന്നതു സംബന്ധിച്ച പൗലൊസിന്റെ വാക്കുകൾ സഭയ്‌ക്കു പുറത്തുള്ള പ്രസംഗപ്രവർത്തനത്തിനും ബാധകമാകുന്നുണ്ടോ? ഉണ്ടെന്നാണു സന്ദർഭം പ്രകടമാക്കുന്നത്‌. പൗലൊസ്‌ തുടർന്നു പറയുന്നു: “നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” (2 തിമൊഥെയൊസ്‌ 4:5) സുവിശേഷിക്കൽ​—⁠അവിശ്വാസികളോട്‌ രക്ഷയുടെ സുവാർത്ത പ്രസംഗിക്കൽ​—⁠ക്രിസ്‌തീയ ശുശ്രൂഷയുടെ കാതലായ ഭാഗമാണ്‌. (മത്തായി 24:14; 28:19, 20) ‘അസമയത്തു’പോലും ദൈവവചനം സഭയിൽ പ്രസംഗിക്കപ്പെടുന്നതുപോലെ, ദുഷ്‌കരമായ സാഹചര്യങ്ങളിൻകീഴിൽപോലും ദൈവവചനം സഭയ്‌ക്കു പുറത്തുള്ളവരോടു പ്രസംഗിക്കുന്നതിൽ നാം സ്ഥിരോത്സാഹം കാട്ടുന്നു.​—⁠1 തെസ്സലൊനീക്യർ 1:⁠6.

നമ്മുടെ പ്രസംഗ-പഠിപ്പിക്കലിന്റെ അടിസ്ഥാനം ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌. നമുക്കു ബൈബിളിൽ പരിപൂർണ വിശ്വാസമുണ്ട്‌. പൗലൊസ്‌ തിമൊഥെയൊസിനോട്‌ ഇപ്രകാരം പറഞ്ഞു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:​16, 17) ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണെന്നു തെളിയിക്കാനുള്ള ഉദ്ദേശ്യത്തോടെ ആ വാക്യം കൂടെക്കൂടെ ഉദ്ധരിക്കാറുണ്ട്‌, അത്‌ ഉചിതവുമാണ്‌. എന്നാൽ എന്ത്‌ ഉദ്ദേശ്യത്തിലാണ്‌ പൗലൊസ്‌ അത്‌ എഴുതിയത്‌?

സഭയ്‌ക്കുള്ളിൽ ‘ഉപദേശിക്കാനും ശാസിക്കാനും ഗുണീകരിക്കാനും നീതിയിൽ അഭ്യസിപ്പിക്കാനും’ ഉത്തരവാദിത്വമുള്ള ഒരു മൂപ്പനോടാണ്‌ പൗലൊസ്‌ സംസാരിച്ചുകൊണ്ടിരുന്നത്‌. അതുകൊണ്ട്‌ തിമൊഥെയൊസ്‌ ബാല്യം മുതൽ അഭ്യസിപ്പിക്കപ്പെട്ട നിശ്വസ്‌ത വചനത്തിലെ ജ്ഞാനത്തിൽ ആശ്രയിക്കാൻ പൗലൊസ്‌ അവനെ ഓർമിപ്പിക്കുകയായിരുന്നു. തിമൊഥെയൊസ്‌ ചെയ്‌തതുപോലെ മൂപ്പന്മാർക്കു ചിലപ്പോഴൊക്കെ ദുഷ്‌പ്രവൃത്തിക്കാരെ ശാസിക്കേണ്ടതായി വരാറുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ അവർക്ക്‌ എല്ലായ്‌പോഴും ബൈബിളിൽ പൂർണവിശ്വാസമുണ്ടായിരിക്കണം. കൂടാതെ, തിരുവെഴുത്തുകൾ ദൈവനിശ്വസ്‌തമായതിനാൽ, അവയെ അടിസ്ഥാനപ്പെടുത്തിയുള്ള സകല ശാസനകളും യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളവയാണ്‌. ബൈബിളധിഷ്‌ഠിത ശാസനയെ നിരസിക്കുന്ന ഏതൊരു വ്യക്തിയും ഏതെങ്കിലും മാനുഷിക ആശയങ്ങളെയല്ല മറിച്ച്‌ യഹോവയിൽനിന്നുള്ള നിശ്വസ്‌ത ബുദ്ധിയുപദേശത്തെയാണു നിരസിക്കുന്നത്‌.

എത്ര സമൃദ്ധമായ ദൈവികജ്ഞാനമാണ്‌ രണ്ടു തിമൊഥെയൊസ്‌ എന്ന പുസ്‌തകത്തിൽ അടങ്ങിയിരിക്കുന്നത്‌! നാം അതിലെ ബുദ്ധിയുപദേശം അതിന്റെ സന്ദർഭം സഹിതം പരിശോധിക്കുമ്പോൾ അത്‌ എത്ര അർഥവത്തായിരിക്കും! ഈ ലേഖനത്തിൽ നാം ഈ പുസ്‌തകത്തിലെ നിശ്വസ്‌തവും ഉത്‌കൃഷ്ടവുമായ വിവരങ്ങൾ ചുരുക്കമായി മാത്രമേ ചർച്ച ചെയ്‌തുള്ളൂ. എങ്കിലും, ബൈബിൾ വായിക്കുമ്പോൾ അതിന്റെ സന്ദർഭം പരിചിന്തിക്കുന്നത്‌ എത്ര പ്രധാനമാണെന്ന വസ്‌തുതയ്‌ക്കു തെളിവു നൽകുന്നതാണ്‌ ഇത്‌. നാം ‘സത്യവചനം ശരിയായി കൈകാര്യം ചെയ്യുന്നു’ എന്ന്‌ ഉറപ്പുവരുത്താൻ ഇതു നമ്മെ സഹായിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 7 കൂടുതലായ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്‌കത്തിന്റെ 237-9 പേജുകൾ കാണുക.

[27 -ാം പേജിലെ ചിത്രം]

സഭയെ സംരക്ഷിക്കാനായി തിമൊഥെയൊസിനെ സജ്ജനാക്കാൻ പൗലൊസ്‌ ആഗ്രഹിച്ചു

[30 -ാം പേജിലെ ചിത്രം]

നിശ്വസ്‌ത വചനത്തിലെ ജ്ഞാനത്തിൽ ആശ്രയിക്കാൻ പൗലൊസ്‌ തിമൊഥെയൊസിനെ ഓർമിപ്പിച്ചു