വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തീക്ഷ്‌ണ രാജ്യഘോഷകർ” സന്തോഷപൂർവം കൂടിവരുന്നു

“തീക്ഷ്‌ണ രാജ്യഘോഷകർ” സന്തോഷപൂർവം കൂടിവരുന്നു

“തീക്ഷ്‌ണ രാജ്യഘോഷകർ” സന്തോഷപൂർവം കൂടിവരുന്നു

ധാർമിക, സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധികൾ ലോകത്തെ പിടിച്ചുലയ്‌ക്കുകയാണ്‌. എന്നിരുന്നാലും, ഈ പ്രശ്‌നങ്ങൾക്കെല്ലാം നടുവിൽ യഹോവയുടെ സാക്ഷികൾ മൂന്നു ദിവസത്തെ “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കായി സമാധാനപൂർവം കൂടിവന്നു. 2002 മേയ്‌ മാസം മുതൽ ഈ കൺവെൻഷൻ ഗോളത്തിനു ചുറ്റും നടത്തപ്പെടുകയുണ്ടായി.

ആ കൺവെൻഷനുകൾ സന്തോഷത്തിന്റേതായ അവസരങ്ങളായിരുന്നു എന്നതിനു സംശയമില്ല. അവിടെ അവതരിപ്പിക്കപ്പെട്ട കെട്ടുപണി ചെയ്യുന്ന ബൈബിൾ അധിഷ്‌ഠിത പരിപാടികൾ നമുക്കു ഹ്രസ്വമായി പുനരവലോകനം ചെയ്യാം.

ഒന്നാം ദിവസത്തെ പരിപാടികൾ യേശുവിന്റെ തീക്ഷ്‌ണതയ്‌ക്ക്‌ ഊന്നൽ നൽകി

കൺവെൻഷന്റെ ആദ്യ ദിവസത്തെ പ്രതിപാദ്യവിഷയം “നമ്മുടെ കർത്താവായ യേശുവിന്റെ തീക്ഷ്‌ണത അനുകരിക്കുവിൻ” എന്നായിരുന്നു. (യോഹന്നാൻ 2:17, NW) “രാജ്യഘോഷകർ എന്ന നിലയിൽ കൂടിവരുന്നതിൽ ആനന്ദിക്കുക” എന്ന പ്രസംഗം, ദൈവജനത്തിന്റെ കൺവെൻഷനുകളുടെ എക്കാലത്തെയും സവിശേഷത ആയിരുന്നിട്ടുള്ള സന്തോഷം പങ്കുവെക്കാൻ സന്നിഹിതരായിരുന്ന ഏവരെയും പ്രേരിപ്പിച്ചു. (ആവർത്തനപുസ്‌തകം 16:15) ഈ പ്രസംഗത്തെ തുടർന്ന്‌ സുവാർത്തയുടെ തീക്ഷ്‌ണ ഘോഷകരുമായുള്ള അഭിമുഖങ്ങൾ ഉണ്ടായിരുന്നു.

“യഹോവയിൽ ആനന്ദിക്കുക” എന്ന പ്രസംഗം, സങ്കീർത്തനം 37:1-11-ന്റെ വാക്യാനുവാക്യ ചർച്ച ആയിരുന്നു. അതിലൂടെ, ദുഷ്ടന്മാർ വിജയിക്കുന്നതായി കാണപ്പെട്ടാൽ “മുഷിയരുത്‌” എന്ന പ്രോത്സാഹനം നമുക്കു ലഭിച്ചു. ദുഷ്ടന്മാർ നമ്മെക്കുറിച്ച്‌ നുണപ്രചാരണം നടത്തിയേക്കാമെങ്കിലും യഥാർഥത്തിൽ തന്നോടു വിശ്വസ്‌തത പാലിക്കുന്ന ജനം ആരാണെന്ന്‌ തക്ക സമയത്ത്‌ യഹോവ വ്യക്തമാക്കും. “നന്ദിയുള്ളവർ ആയിരിക്കുവിൻ” എന്ന പ്രസംഗം, നമുക്കു ദൈവത്തോടു നന്ദി പ്രകടിപ്പിക്കാൻ കഴിയുന്ന വിധങ്ങളെ കുറിച്ചു ചർച്ച ചെയ്‌തു. ക്രിസ്‌ത്യാനികളായ സകലരും യഹോവയ്‌ക്ക്‌ “സ്‌തോത്രയാഗം” അർപ്പിക്കണം. (എബ്രായർ 13:15) തീർച്ചയായും, യഹോവയുടെ സേവനത്തിനായി നാം എത്രത്തോളം സമയം ചെലവഴിക്കുന്നു എന്നത്‌ നമ്മുടെ വിലമതിപ്പിനെയും സാഹചര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്‌.

“രാജ്യഘോഷകർ തീക്ഷ്‌ണതയാൽ ജ്വലിക്കുന്നു” എന്നതായിരുന്നു മുഖ്യവിഷയ പ്രസംഗം. തീക്ഷ്‌ണതയുടെ മകുടോദാഹരണം എന്ന നിലയിൽ യേശുക്രിസ്‌തുവിലേക്ക്‌ അതു നമ്മുടെ ശ്രദ്ധ ക്ഷണിച്ചു. സ്വർഗീയ രാജ്യം 1914-ൽ സ്ഥാപിതമായശേഷം, ആ സുവാർത്ത പ്രഖ്യാപിക്കാൻ സത്യക്രിസ്‌ത്യാനികൾക്കു തീക്ഷ്‌ണത ആവശ്യമായിരുന്നു. പ്രസംഗകൻ, 1922-ൽ യു.എ⁠സ്‌.എ-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽവെച്ചു നടന്ന കൺവെൻഷനെ പരാമർശിച്ച്‌ പിൻവരുന്ന ചരിത്രപ്രധാനമായ ആഹ്വാനത്തെ കുറിച്ചു നമ്മെ ഓർമിപ്പിച്ചു: “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ”! കാലക്രമത്തിൽ, അത്ഭുതകരമായ രാജ്യ സത്യങ്ങൾ മുഴു ജനതകളോടും പ്രഖ്യാപിക്കാൻ തീക്ഷ്‌ണത വിശ്വസ്‌തരായ ദൈവദാസന്മാരെ പ്രേരിപ്പിച്ചു.

ആദ്യദിവസം ഉച്ചകഴിഞ്ഞ്‌ നടന്ന, “യഹോവ നമ്മോടുകൂടെയുണ്ട്‌ എന്നറിഞ്ഞ്‌ നിർഭയർ ആയിരിക്കുവിൻ” എന്ന പ്രസംഗം, ദൈവജനം സാത്താന്റെ മുഖ്യലക്ഷ്യമാണെന്നു വ്യക്തമാക്കി. എതിർപ്പ്‌ നേരിടുന്നുണ്ടെങ്കിലും, ബൈബിൾ കാലങ്ങളിലും ആധുനികനാളിലും വിശ്വാസം പ്രകടമാക്കിയതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുന്നതിലൂടെ പരിശോധനകളെയും പ്രലോഭനങ്ങളെയും നിർഭയം നേരിടാനുള്ള ധൈര്യം നമുക്കു ലഭിക്കുന്നു.​—⁠യെശയ്യാവു 41:10.

“യഹോവയുടെ നാമത്തിൽ നടക്കാൻ മീഖാ പ്രവചനം നമ്മെ ശക്തീകരിക്കുന്നു” എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയമായിരുന്നു അടുത്ത ഇനം. മീഖായുടെ നാളിലെ ധാർമിക തകർച്ച, മതപരമായ വിശ്വാസത്യാഗം, ഭൗതികാസക്തി എന്നിവയെ പ്രസംഗകൻ നമ്മുടെ നാളുകളിലേതുമായി താരതമ്യപ്പെടുത്തി. അദ്ദേഹം ഇങ്ങനെ പ്രസ്‌താവിച്ചു: “അനുസരണമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുകയും നമ്മുടെ നടത്ത വിശുദ്ധവും ജീവിതം ദൈവിക ഭക്തിയുടെ പ്രവർത്തനങ്ങൾകൊണ്ടു നിറഞ്ഞതും ആണെന്ന്‌ ഉറപ്പുവരുത്തുകയും യഹോവയുടെ ദിവസം തീർച്ചയായും വരുമെന്ന്‌ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ ഭാവി സംബന്ധിച്ച നമ്മുടെ പ്രതീക്ഷ സുനിശ്ചിതമായിരിക്കും.”​—⁠2 പത്രൊസ്‌ 3:11, 12.

സിമ്പോസിയത്തിന്റെ രണ്ടാം ഭാഗം നിർവഹിച്ച പ്രസംഗകൻ യഹൂദയിലെ നേതാക്കന്മാർക്ക്‌ എതിരെയുള്ള മീഖായുടെ പ്രഖ്യാപനങ്ങളെ കുറിച്ച്‌ പറയുകയുണ്ടായി. അവർ ദരിദ്രരോടും നിസ്സഹായരോടും ഹീനമായി പെരുമാറിയിരുന്നു. സത്യാരാധനയുടെ വിജയത്തെ കുറിച്ചും മീഖാ മുൻകൂട്ടി പറഞ്ഞു. (മീഖാ 4:1-5) യഹോവയുടെ പരിശുദ്ധാത്മാവിനാൽ ശക്തരാക്കപ്പെട്ട നാം, പ്രത്യാശയുടെ നവോന്മേഷദായകമായ ഈ സന്ദേശം ഘോഷിക്കാൻ ദൃഢചിത്തരാണ്‌. എന്നാൽ രോഗത്താലോ മറ്റു കാരണങ്ങളാലോ നമുക്കു തടസ്സമോ പരിമിതിയോ അനുഭവപ്പെടുന്നെങ്കിൽ എന്ത്‌? മൂന്നാമത്തെ പ്രസംഗകൻ ഇങ്ങനെ പ്രസ്‌താവിച്ചു: ‘യഹോവയുടെ വ്യവസ്ഥകൾ ന്യായയുക്തവും നമുക്ക്‌ എത്തിപ്പിടിക്കാവുന്നതും ആണ്‌.’ തുടർന്ന്‌ അദ്ദേഹം മീഖാ 6:​8-ന്റെ വ്യത്യസ്‌ത വശങ്ങളെ കുറിച്ചു ചർച്ച ചെയ്‌തു. ആ വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”

ലോകത്തിന്റെ ധാർമിക അധഃപതനം ക്രിസ്‌ത്യാനികളെ ബാധിച്ചേക്കാമെന്നതിനാൽ, “ഹൃദയത്തെ കാത്തുകൊണ്ട്‌ നിർമലരായിരിക്കുക” എന്ന പ്രസംഗത്തിൽനിന്നു നാമേവരും പ്രയോജനം അനുഭവിച്ചു. ഉദാഹരണത്തിന്‌, നിർമലരായിരിക്കുന്നത്‌ ഒരു സന്തുഷ്ട വിവാഹജീവിതം നയിക്കാൻ നമ്മെ സഹായിക്കും. ക്രിസ്‌ത്യാനികളായ നാം, ഏതെങ്കിലും ലൈംഗിക അധാർമിക നടപടിയിൽ ഏർപ്പെടുന്നതായുള്ള ചിന്തപോലും വെച്ചുകൊണ്ടിരിക്കരുത്‌.​—⁠1 കൊരിന്ത്യർ 6:18.

“വഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുക” എന്ന പ്രസംഗം, വിശ്വാസത്യാഗികൾ അവതരിപ്പിക്കുന്ന വളച്ചൊടിച്ച പ്രസ്‌താവനകളെയും അർധസത്യങ്ങളെയും തീർത്തും വ്യാജമായ സംഗതികളെയും നാം ജ്ഞാനപൂർവം വിഷമെന്നപോലെ കരുതുന്നുവെന്നു വ്യക്തമാക്കി. (കൊലൊസ്സ്യർ 2:8) അതുപോലെതന്നെ, ഹാനികരമായ ഭവിഷ്യത്തുകൾ കൂടാതെ നമുക്ക്‌ പാപകരമായ മോഹങ്ങളെ തൃപ്‌തിപ്പെടുത്താമെന്നു ചിന്തിച്ചു നാം സ്വയം വഞ്ചിതരാകരുത്‌.

ആദ്യദിവസത്തെ സമാപന പ്രസംഗം “ഏക സത്യദൈവത്തെ ആരാധിക്കുക” എന്നതായിരുന്നു. ലോകാവസ്ഥകൾ മുമ്പെന്നത്തെക്കാളും വഷളായിരിക്കെ, യഹോവ തന്റെ നീതിയുള്ള പുതിയ ലോകം എത്രയും പെട്ടെന്ന്‌ ആനയിക്കുമെന്ന്‌ അറിയുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! അതിൽ ആരായിരിക്കും പാർക്കുക? യഹോവയെ ആരാധിക്കുന്നവർ മാത്രം. ഈ ലക്ഷ്യത്തിലെത്താൻ നമ്മെയും നമ്മുടെ കുട്ടികളെയും ബൈബിൾ വിദ്യാർഥികളെയും സഹായിക്കാനായി ഏക സത്യദൈവത്തെ ആരാധിക്കുക എന്ന ഒരു പുതിയ പഠന പുസ്‌തകം പ്രസംഗകൻ പ്രകാശനം ചെയ്യുകയുണ്ടായി. അതു ലഭിച്ചതിൽ നാം എത്രയധികം സന്തോഷമുള്ളവരാണ്‌!

രണ്ടാം ദിവസത്തെ പരിപാടികൾ നന്മ ചെയ്യുന്നതിനുള്ള തീക്ഷ്‌ണതയെ വിശേഷവത്‌കരിച്ചു

“നന്മ ചെയ്യുന്നതിൽ തീക്ഷ്‌ണതയുള്ളവർ ആയിരിക്കുവിൻ” എന്നതായിരുന്നു രണ്ടാം ദിവസത്തെ പ്രതിപാദ്യവിഷയം. (1 പത്രൊസ്‌ 3:13, NW) ആദ്യ പ്രസംഗകൻ ദിനവാക്യം ചർച്ച ചെയ്‌തു. ക്രമമായ, അർഥവത്തായ ദിനവാക്യ പരിചിന്തനം നമ്മുടെ തീക്ഷ്‌ണത വർധിപ്പിക്കുമെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.

“തങ്ങളുടെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്ന രാജ്യഘോഷകർ” എന്ന സിമ്പോസിയം ആയിരുന്നു അടുത്ത ഇനം. ദൈവവചനം ശരിയായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യത്തെ അതിന്റെ ആദ്യഭാഗം ഊന്നിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 2:​15, NW) നാം ബൈബിൾ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ, ദൈവവചനത്തിന്‌ ആളുകളുടെ ജീവിതത്തിൽ ‘ശക്തി ചെലുത്താനുള്ള’ അവസരം അത്‌ തുറന്നുകൊടുക്കുന്നു. (എബ്രായർ 4:12, NW) നാം ബൈബിളിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിക്കുകയും ബോധ്യം വരത്തക്കവിധം ന്യായവാദം ചെയ്യുകയും വേണം. താത്‌പര്യക്കാരെ കൂടെക്കൂടെ സന്ദർശിക്കാനുള്ള പ്രോത്സാഹനം നമുക്ക്‌ സിമ്പോസിയത്തിന്റെ രണ്ടാം ഭാഗത്തുനിന്നു ലഭിച്ചു. (1 കൊരിന്ത്യർ 3:6) താത്‌പര്യം കാണിച്ച എല്ലാവരുടെയും അടുക്കൽ ഉടൻതന്നെ മടങ്ങിച്ചെല്ലാൻ തയ്യാറാകലും ധൈര്യവും ആവശ്യമാണ്‌. മൂന്നാമത്തെ ഭാഗം, കണ്ടുമുട്ടുന്ന ഓരോരുത്തരെയും ശിഷ്യനായിത്തീരാൻ സാധ്യതയുള്ള ഒരാളായി കാണാൻ നമ്മെ പ്രോത്സാഹിപ്പിച്ചു. ആദ്യ സന്ദർശനത്തിൽത്തന്നെ ഒരു ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്യുന്നത്‌, വ്യക്തികളെ ശിഷ്യരായിത്തീരാൻ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ കലാശിക്കുമെന്നും അതു നമുക്കു കാണിച്ചുതന്നു.

“‘ഇടവിടാതെ പ്രാർഥിക്കേണ്ടതിന്റെ’ കാരണം” എന്നതായിരുന്നു അടുത്ത പ്രസംഗത്തിന്റെ പ്രതിപാദ്യ വിഷയം. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. സ്വകാര്യ പ്രാർഥനയ്‌ക്കായി നാം സമയം നീക്കിവെക്കേണ്ടതുണ്ട്‌. മാത്രമല്ല, നാം പ്രാർഥനയിൽ ഉറ്റിരിക്കുകയും വേണം. കാരണം, കുറെക്കാലം തന്നോട്‌ അപേക്ഷിക്കാൻ യഹോവ നമ്മെ അനുവദിച്ചേക്കാം. അതിനുശേഷമായിരിക്കാം അവൻ ഉത്തരം നൽകുന്നത്‌.​—⁠യാക്കോബ്‌ 4:⁠8.

“ആത്മീയ സംഭാഷണം കെട്ടുപണി ചെയ്യുന്നു” എന്ന പ്രസംഗം, നമുക്കുതന്നെയും മറ്റുള്ളവർക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ സംസാര പ്രാപ്‌തി ഉപയോഗിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 4:8) വിവാഹ ഇണകൾക്കും കുട്ടികൾക്കും ദൈനംദിനം കുറെ ആത്മീയ സംഭാഷണം ആവശ്യമാണ്‌. അതിനായി, കുടുംബാംഗങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. അങ്ങനെയാകുമ്പോൾ കെട്ടുപണി ചെയ്യുന്ന സംഭാഷണത്തിനുള്ള അവസരം അതു പ്രദാനം ചെയ്യും.

“സമർപ്പണവും സ്‌നാപനവും രക്ഷയിലേക്കു നയിക്കുന്ന വിധം” എന്ന ഉദ്വേഗജനകമായ പ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിച്ചു. സ്‌നാപനാർഥികൾ പരിജ്ഞാനം സമ്പാദിക്കുകയും വിശ്വാസം പ്രകടമാക്കുകയും തെറ്റായ കാര്യങ്ങളിൽനിന്നു പിന്തിരിയുകയും തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തിരിക്കുന്നു. സ്‌നാപനത്തെ തുടർന്ന്‌, അവർ ആത്മീയമായി വളർച്ച പ്രാപിക്കുന്നതിൽ തുടരുകയും തങ്ങളുടെ തീക്ഷ്‌ണതയും നല്ല നടത്തയും നിലനിറുത്തുകയും വേണം എന്ന്‌ പ്രസംഗകൻ ചൂണ്ടിക്കാണിക്കുകയുണ്ടായി.​—⁠ഫിലിപ്പിയർ 2:15, 16.

അന്ന്‌ ഉച്ചകഴിഞ്ഞ്‌ നടന്ന “എളിമയുള്ളർ ആയിരിക്കുക, കണ്ണ്‌ ലളിതമായി സൂക്ഷിക്കുക” എന്ന പ്രസംഗത്തിൽ രണ്ടു മുഖ്യ ആശയങ്ങൾക്ക്‌ ഊന്നൽ നൽകപ്പെട്ടു. നമ്മുടെ പരിമിതികളും ദൈവമുമ്പാകെയുള്ള നമ്മുടെ സ്ഥാനവും സംബന്ധിച്ച്‌ യാഥാർഥ്യബോധത്തോടുകൂടിയ വീക്ഷണം ഉണ്ടായിരിക്കുക എന്നാണ്‌ എളിമയുള്ളവർ ആയിരിക്കുക എന്നതിന്റെ അർഥം. കണ്ണ്‌ “ലളിതമായി” സൂക്ഷിക്കാൻ​—⁠ഭൗതിക കാര്യങ്ങളിലല്ല, ദൈവരാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ​—⁠എളിമ നമ്മെ സഹായിക്കുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ നാം ഉത്‌കണ്‌ഠാകുലരാകേണ്ടതില്ല. കാരണം, നമ്മുടെ ആവശ്യങ്ങൾ യഹോവ നിറവേറ്റും.—മത്തായി 6:22-24, 33, 34.

“അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയി”ക്കേണ്ടതിന്റെ കാരണം അടുത്ത പ്രസംഗകൻ വിശദീകരിച്ചു. വ്യക്തിപരമായ ബലഹീനതകൾ, സാമ്പത്തികമോ ശാരീരികമോ ആയ പ്രശ്‌നങ്ങൾ തുടങ്ങിയവയെ നമുക്ക്‌ എങ്ങനെ വിജയകരമായി തരണം ചെയ്യാനാകും? പ്രായോഗിക ജ്ഞാനത്തിനായി നമുക്ക്‌ യഹോവയോടു ചോദിക്കുകയും മറ്റുള്ളവരിൽനിന്നു സഹായം അഭ്യർഥിക്കുകയും ചെയ്യാം. പരിഭ്രാന്തരോ നിരാശിതരോ ആകുന്നതിനു പകരം, ദൈവത്തിന്റെ വചനം വായിച്ചുകൊണ്ട്‌ നാം അവനിലുള്ള നമ്മുടെ ആശ്രയം ശക്തിപ്പെടുത്തണം.​—⁠റോമർ 8:35-39.

കൺവെൻഷന്റെ അവസാന സിമ്പോസിയം “നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ വിവിധ പരീക്ഷകളാൽ പരിശോധിക്കപ്പെടുന്നു” എന്നതായിരുന്നു. സകല സത്യ ക്രിസ്‌ത്യാനികളും പീഡനം അഭിമുഖീകരിക്കുന്നുണ്ടെന്ന്‌ അതിന്റെ ആദ്യ ഭാഗം നമ്മെ ഓർമിപ്പിച്ചു. അതു മറ്റുള്ളവർക്ക്‌ ഒരു സാക്ഷ്യമായി ഉതകുന്നു, നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നു, ദൈവത്തോടു വിശ്വസ്‌തത പ്രകടമാക്കാനുള്ള അവസരം നമുക്കു പ്രദാനം ചെയ്യുന്നു. നാം അനാവശ്യമായി നമ്മുടെ ജീവനെ അപകടപ്പെടുത്തുന്നില്ലെങ്കിലും, പീഡനം ഒഴിവാക്കാനായി നാം ഒരിക്കലും തിരുവെഴുത്തുവിരുദ്ധ മാർഗങ്ങൾ അവലംബിക്കുകയില്ല.​—⁠1 പത്രൊസ്‌ 3:16.

രണ്ടാമത്തെ പ്രസംഗകൻ നിഷ്‌പക്ഷതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകി. ആദിമ ക്രിസ്‌ത്യാനികൾ യുദ്ധവിരോധികൾ ആയിരുന്നില്ല. എന്നാൽ തങ്ങൾ മുഖ്യമായും വിശ്വസ്‌തത പാലിക്കേണ്ടതു ദൈവത്തോടാണെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. സമാനമായി ഇക്കാലത്ത്‌, യഹോവയുടെ സാക്ഷികൾ പിൻവരുന്ന തത്ത്വത്തോട്‌ അടുത്തു പറ്റിനിൽക്കുന്നു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 15:​19, NW) നിഷ്‌പക്ഷതയുടെ പരിശോധന ഏതു സമയത്തും ഉണ്ടാകാമെന്നതിനാൽ ഈ വിഷയം സംബന്ധിച്ച ബൈബിളിന്റെ മാർഗനിർദേശങ്ങൾ പരിശോധിക്കാനായി കുടുംബങ്ങൾ സമയം കണ്ടെത്തേണ്ടതാണ്‌. ഈ സിമ്പോസിയത്തിലെ മൂന്നാമത്തെ പ്രസംഗം ചൂണ്ടിക്കാണിച്ചതുപോലെ, നമ്മെ അവശ്യം കൊല്ലുക എന്നതല്ല സാത്താന്റെ ലക്ഷ്യം, മറിച്ച്‌ സമ്മർദം ചെലുത്തി നമ്മെ അവിശ്വസ്‌തരാക്കുക എന്നതാണ്‌. പരിഹാസം, അസാന്മാർഗികമായ പ്രേരണകൾ, വൈകാരിക വേദന, രോഗങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ നാം വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്നത്‌ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നു.

“യഹോവയോട്‌ അടുത്തു ചെല്ലുക” എന്ന ഊഷ്‌മളമായ ക്ഷണമായിരുന്നു അന്നത്തെ അവസാന പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം. യഹോവയുടെ പ്രമുഖ ഗുണങ്ങൾ മനസ്സിലാക്കുന്നത്‌ നമ്മെ അവനിലേക്ക്‌ ആകർഷിക്കുന്നു. അവൻ തന്റെ അപരിമിത ശക്തി തന്റെ ജനത്തെ സംരക്ഷിക്കാനായി ഉപയോഗിക്കുന്നു, പ്രത്യേകിച്ച്‌ ആത്മീയമായ വിധത്തിൽ. അവന്റെ നീതി പരുഷമല്ല, അത്‌ നീതി പ്രവർത്തിക്കുന്ന ഏവർക്കും നിത്യജീവൻ നൽകാൻ അവനെ പ്രേരിപ്പിക്കുന്നു. ബൈബിൾ എഴുതാൻ അപൂർണ മനുഷ്യരെ ഉപയോഗിച്ച വിധത്തിൽ ദൈവത്തിന്റെ ജ്ഞാനം പ്രകടമാണ്‌. അവന്റെ ഗുണങ്ങളിൽ ഏറ്റവും ആകർഷകമായത്‌ സ്‌നേഹം ആണ്‌. അതാണ്‌ യേശുക്രിസ്‌തു മുഖേന മനുഷ്യവർഗത്തിനു രക്ഷ സാധ്യമാക്കാനുള്ള ക്രമീകരണം ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്‌. (യോഹന്നാൻ 3:16) പ്രസംഗത്തിന്റെ ഒടുവിൽ യഹോവയോട്‌ അടുത്തു ചെല്ലുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകം പ്രസംഗകൻ പ്രകാശനം ചെയ്‌തു.

മൂന്നാം ദിവസത്തെ പരിപാടികൾ സത്‌പ്രവൃത്തികൾക്കുള്ള തീക്ഷ്‌ണതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

മൂന്നാം ദിവസത്തിന്റെ പ്രതിപാദ്യവിഷയം “സത്‌പ്രവൃത്തികൾക്കു തീക്ഷ്‌ണതയുള്ള ഒരു ജനം” എന്നതായിരുന്നു. (തീത്തൊസ്‌ 2:​14, NW) കുടുംബം ഒരുമിച്ചുള്ള ദിനവാക്യ ചർച്ചയോടെയാണ്‌ അന്നു പരിപാടികൾ തുടങ്ങിയത്‌. അടുത്തതായി “നിങ്ങളുടെ ആശ്രയം യഹോവയിലാണോ?” എന്ന പ്രസംഗമായിരുന്നു. സ്വന്തം ജ്ഞാനത്തിലും ശക്തിയിലും ആശ്രയിച്ചുകൊണ്ട്‌ രാഷ്‌ട്രങ്ങൾ അസ്ഥാനത്തു വിശ്വാസം അർപ്പിച്ചിരിക്കുന്നു. അതേസമയം, യഹോവയുടെ ദാസന്മാർ വിപത്തുകളിൻ മധ്യേയും ധൈര്യത്തോടും സന്തോഷത്തോടും കൂടെ അവനിൽ ആശ്രയിക്കുന്നു.​—⁠സങ്കീർത്തനം 46:1-3, 7-11.

“യുവജനങ്ങളേ, യഹോവയുടെ സംഘടനയെ കേന്ദ്രീകരിച്ച്‌ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കുക” എന്ന പ്രസംഗം പിൻവരുന്ന ചോദ്യത്തിന്‌ ഉത്തരം നൽകി: ഒരു യുവവ്യക്തിക്കു തന്റെ ജീവിതം ഏറ്റവും മെച്ചമായ വിധത്തിൽ ഉപയോഗിക്കാൻ എങ്ങനെ കഴിയും? പണം, ഭൗതിക വസ്‌തുക്കൾ, സ്ഥാനമാനങ്ങൾ എന്നിവ തേടുന്നതിലൂടെ അതു സാധ്യമാവില്ല. യൗവനകാലത്തു തന്നെ ഓർക്കാൻ സ്രഷ്ടാവ്‌ യുവജനങ്ങളെ സ്‌നേഹപൂർവം പ്രോത്സാഹിപ്പിക്കുന്നു. യുവപ്രായത്തിൽ ക്രിസ്‌തീയ സേവനം ഏറ്റെടുത്ത ഏതാനും വ്യക്തികളുമായി പ്രസംഗകൻ അഭിമുഖം നടത്തുകയുണ്ടായി. നമുക്ക്‌ അവരുടെ സന്തോഷം മനസ്സിലാക്കാൻ കഴിഞ്ഞു. യഹോവയുടെ സംഘടനയെ കേന്ദ്രീകരിച്ച്‌ ഒരു നിത്യഭാവിക്കായി അടിസ്ഥാനമിടാൻ യുവ സാക്ഷികളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ യുവജനങ്ങളേ​—⁠നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന പുതിയ ലഘുലേഖ ലഭിച്ചത്‌ എത്ര പ്രയോജനപ്രദമായിരുന്നു!

അടുത്ത ഇനം, “പ്രക്ഷുബ്ധ നാളുകളിൽ ഉറച്ചു നിൽക്കുക” എന്ന ആരുടെയും ശ്രദ്ധ കവരുന്ന ബൈബിൾ നാടകമായിരുന്നു. യിരെമ്യാവ്‌ സതീക്ഷ്‌ണം തന്റെ പ്രവാചകവേല നിർവഹിച്ച അവന്റെ യൗവനകാലം മുതൽ യെരൂശലേമിന്റെ നാശംവരെയുള്ള ദീർഘ കാലഘട്ടത്തെ സംബന്ധിച്ച ഒരു ഹ്രസ്വ വിവരണം അതു നൽകി. നിയമനം നിറവേറ്റാൻ താൻ അയോഗ്യനാണെന്നു യിരെമ്യാവിനു തോന്നിയെങ്കിലും, എതിർപ്പിന്മധ്യേ അവൻ അതു നിർവഹിച്ചു, യഹോവ അവനെ വിടുവിച്ചു.​—⁠യിരെമ്യാവു 1:8, 18, 19.

നാടകത്തെ തുടർന്ന്‌, “യിരെമ്യാവിനെപ്പോലെ ആയിരിക്കുക​—⁠ദൈവവചനം നിർഭയം ഘോഷിക്കുക” എന്ന പ്രസംഗമുണ്ടായിരുന്നു. ഇക്കാലത്തെ രാജ്യഘോഷകർ മിക്കപ്പോഴും തെറ്റായ വിവരങ്ങളുടെയും ദ്രോഹകരമായ പ്രചാരണത്തിന്റെയും ഇരകളാണ്‌. (സങ്കീർത്തനം 109:1-3) എന്നിരുന്നാലും, യിരെമ്യാവിനെപ്പോലെ യഹോവയുടെ വചനത്തിൽ സന്തോഷിച്ചുകൊണ്ട്‌ നമുക്ക്‌ നിരുത്സാഹത്തെ തരണം ചെയ്യാനാകും. മാത്രമല്ല, നമുക്കെതിരെ പോരാടുന്നവർ വിജയിക്കുകയില്ലെന്നും നമുക്ക്‌ ഉറപ്പുണ്ട്‌.

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന പരസ്യ പ്രസംഗം തികച്ചും കാലോചിതമായിരുന്നു. നമ്മുടെ ഈ നാളുകൾ നാടകീയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. ‘സമാധാനത്തിനും സുരക്ഷിതത്വത്തിനും’ വേണ്ടിയുള്ള ആഹ്വാനം ഉൾപ്പെടെ, അത്തരം അവസ്ഥകൾ ദൈവത്തിന്റെ ഭയജനകമായ ന്യായവിധി ദിവസത്തിൽ ചെന്നവസാനിക്കുമെന്ന്‌ ബൈബിൾ മുൻകൂട്ടി പറഞ്ഞു. (1 തെസ്സലൊനീക്യർ 5:​3, NW) ദൈവത്തിന്റെ ആ ദിവസം അത്ഭുതകരമായ മാറ്റങ്ങൾക്ക്‌ ഇടയാക്കും. അത്‌ യുദ്ധം, കുറ്റകൃത്യം, അക്രമം, രോഗം എന്നിവയെ നിർമാർജനം ചെയ്യും. അതുകൊണ്ട്‌, ഈ വ്യവസ്ഥിതിയിൽ ആശ്രയമർപ്പിക്കാനുള്ള സമയമല്ല ഇത്‌, മറിച്ച്‌ ദൈവികഭക്തിയോടു കൂടിയ ജീവിതം നയിക്കാനും നല്ല നടത്ത കാത്തുസൂക്ഷിക്കാനും ഉള്ള സമയമാണ്‌.

ആ വാരത്തെ വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തെ തുടർന്ന്‌, “തീക്ഷ്‌ണ രാജ്യഘോഷകർ എന്ന നിലയിൽ സത്‌പ്രവൃത്തികളിൽ സമ്പന്നരാകുവിൻ” എന്ന പ്രസംഗം നടന്നു. കൺവെൻഷന്റെ അവസാന ഇനമായിരുന്നു അത്‌. കൺവെൻഷൻ പരിപാടികൾ നമ്മെ ആത്മീയമായി ഉത്തേജിപ്പിക്കുകയും യഹോവയിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌ എങ്ങനെയെന്ന്‌ പ്രസംഗകൻ ചൂണ്ടിക്കാട്ടി. ഉപസംഹാരത്തിൽ, ശുദ്ധിയുള്ളവരും സ്‌നേഹസമ്പന്നരും ദൈവരാജ്യത്തിന്റെ തീക്ഷ്‌ണരായ ഘോഷകരുമായിരിക്കാൻ നാം ഉദ്‌ബോധിപ്പിക്കപ്പെട്ടു.​—⁠1 പത്രൊസ്‌ 2:12.

നെഹെമ്യാവിന്റെ നാളിലെ യഹോവയുടെ ദാസന്മാരുടേതിനു സമാനമായ ഉന്മേഷത്തോടെ നാം, “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽനിന്നു ലഭിച്ച ആത്മീയ അനുഗ്രഹങ്ങളെ പ്രതി സന്തോഷിച്ചുകൊണ്ട്‌ വീടുകളിലേക്കു മടങ്ങിപ്പോയി. (നെഹെമ്യാവു 8:12) പ്രചോദനാത്മകമായ ഈ കൺവെൻഷൻ നിങ്ങളെ സന്തോഷഭരിതനാക്കുകയും തീക്ഷ്‌ണ രാജ്യഘോഷകനായി മുന്നേറുന്നതിനു ദൃഢനിശ്ചയം ചെയ്യാൻ സഹായിക്കുകയും ചെയ്‌തില്ലേ?

[23 -ാം പേജിലെ ചതുരം/ചിത്രം]

ഒരു പുതിയ പഠനസഹായി!

കൺവെൻഷന്റെ ആദ്യ ദിവസത്തിന്റെ ഒടുവിൽ നടന്ന, ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശനം സന്നിഹിതരായിരുന്ന ഏവരെയും ആനന്ദഭരിതരാക്കി. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം പഠിച്ചുകഴിഞ്ഞവർക്ക്‌ അധ്യയനമെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌ ഇത്‌. “നിത്യജീവനു ചേർന്ന മനോനിലയുള്ള”വരുടെ വിശ്വാസത്തെ ഇത്‌ ബലിഷ്‌ഠമാക്കുമെന്നതിൽ സംശയമില്ല.​—⁠പ്രവൃത്തികൾ 13:​48, NW.

[കടപ്പാട്‌]

പുസ്‌തകത്തിന്റെ പുറംകവറിലെ ചിത്രം: U.S. Navy photo

[24 -ാംപേജിലെ ചതുരം/ചിത്രങ്ങൾ]

ദൈവത്തോട്‌ അടുത്തു ചെല്ലുന്നതിൽ സഹായം

കൺവെൻഷന്റെ രണ്ടാം ദിവസത്തെ അവസാന പ്രസംഗം നടത്തിയ സഹോദരൻ യഹോവയോട്‌ അടുത്തു ചെല്ലുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകം പ്രകാശനം ചെയ്‌തു. പ്രധാനപ്പെട്ട നാലു ഭാഗങ്ങൾ ഇതിലുണ്ട്‌. അവ യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ​—⁠ശക്തി, നീതി, ജ്ഞാനം, സ്‌നേഹം​—⁠ഓരോന്നും വിശദമായി ചർച്ച ചെയ്യുന്നു. യേശുക്രിസ്‌തു ദൈവത്തിന്റെ ഗുണങ്ങൾ പ്രകടമാക്കിയതിന്റെ വ്യക്തമായ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്ന ഒരധ്യായം ഈ പുസ്‌തകത്തിന്റെ ഓരോ ഭാഗത്തുമുണ്ട്‌. ഈ പുതിയ പുസ്‌തകത്തിന്റെ പ്രാഥമിക ഉദ്ദേശ്യം, യഹോവയാം ദൈവവുമായി ഒരു ഉറ്റബന്ധം സ്ഥാപിക്കാനും അതു കൂടുതൽ ശക്തമാക്കാനും നമ്മെയും നമ്മുടെ ബൈബിൾ വിദ്യാർഥികളെയും സഹായിക്കുക എന്നതാണ്‌.

[26 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]

യുവജനങ്ങൾക്ക്‌ ആത്മീയ മാർഗനിർദേശം

യുവജനങ്ങളേ​—⁠നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന പ്രത്യേക ലഘുലേഖയുടെ പ്രകാശനം കൺവെൻഷന്റെ മൂന്നാം ദിവസത്തെ ഒരു സവിശേഷത ആയിരുന്നു. ഭാവി സംബന്ധിച്ച്‌ ശരിയായ തീരുമാനങ്ങൾ എടുക്കാൻ യുവസാക്ഷികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ലഘുലേഖ, യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച്‌ നിലനിൽക്കുന്ന ഒരു ജീവിതഗതി കെട്ടിപ്പടുക്കുന്നതിനുള്ള തിരുവെഴുത്തു ബുദ്ധിയുപദേശം നൽകുന്നു.