നിങ്ങളുടെ വിശ്വാസം എത്രത്തോളം ശക്തമാണ്?
നിങ്ങളുടെ വിശ്വാസം എത്രത്തോളം ശക്തമാണ്?
“നിങ്ങളുടെ വിശ്വാസം നിമിത്തമാണ് നിങ്ങൾ നിൽക്കുന്നത്.”—2 കൊരിന്ത്യർ 1:24, NW.
1, 2. നമുക്ക് വിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, അത് ഏറെ ശക്തമായിത്തീരുന്നത് എങ്ങനെ?
തങ്ങൾക്കു വിശ്വാസം ഉണ്ടായിരിക്കണമെന്ന് യഹോവയുടെ ദാസർക്ക് അറിയാം. വാസ്‌തവത്തിൽ, ‘വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയില്ല.’ (എബ്രായർ 11:6) അതുകൊണ്ട്, നാം ജ്ഞാനപൂർവം പരിശുദ്ധാത്മാവിനും അതിന്റെ ആകർഷകമായ ഫലങ്ങളിലൊന്നായ വിശ്വാസത്തിനുമായി പ്രാർഥിക്കുന്നു. (ലൂക്കൊസ് 11:13; ഗലാത്യർ 5:22, 23, NW) സഹവിശ്വാസികളുടെ വിശ്വാസം അനുകരിക്കുന്നതിലൂടെയും നമ്മിലുള്ള ഈ ഗുണത്തെ ശക്തമാക്കാനാകും.—2 തിമൊഥെയൊസ് 1:5; എബ്രായർ 13:7.
2 ദൈവവചനം എല്ലാ ക്രിസ്‌ത്യാനികൾക്കുമായി വെച്ചിരിക്കുന്ന മാർഗം പിന്തുടരുന്നതിൽ തുടരുന്നെങ്കിൽ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമായിത്തീരും. ബൈബിൾ നിത്യേന വായിക്കുന്നതും ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്താൽ തിരുവെഴുത്തുകൾ ശുഷ്‌കാന്തിയോടെ പഠിക്കുന്നതും നമ്മുടെ വിശ്വാസം വർധിക്കാൻ ഇടയാക്കും. (ലൂക്കൊസ് 12:42-44; യോശുവ 1:7, 8) ക്രിസ്‌തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ക്രമമായി പങ്കെടുക്കുമ്പോൾ നാം ഓരോരുത്തരും സഹവിശ്വാസികളുടെ വിശ്വാസത്താൽ പ്രോത്സാഹിതരാകുന്നു. (റോമർ 1:11, 12; എബ്രായർ 10:24, 25) ശുശ്രൂഷയിൽ നാം മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമ്മുടെ വിശ്വാസം ശക്തിപ്പെടുന്നു.—സങ്കീർത്തനം 145:10-13; റോമർ 10:11-15.
3. വിശ്വാസം സംബന്ധിച്ച് സ്‌നേഹസമ്പന്നരായ ക്രിസ്‌തീയ മൂപ്പന്മാരിൽനിന്ന് നമുക്ക് എന്തു സഹായം ലഭിക്കുന്നു?
2 കൊരിന്ത്യർ 1:23, 24, NW) മറ്റൊരു പരിഭാഷ ഇങ്ങനെ വായിക്കുന്നു: “നിങ്ങളെ സന്തുഷ്ടരാക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം വേല ചെയ്യുന്നു, കാരണം നിങ്ങളുടെ വിശ്വാസം ശക്തമാണ്.” (സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം) നീതിമാൻ വിശ്വാസത്താൽ ജീവിക്കുന്നു. തീർച്ചയായും, നമുക്കുവേണ്ടി വിശ്വാസം പ്രകടമാക്കാൻ അല്ലെങ്കിൽ നമ്മെ വിശ്വസ്‌ത നിർമലതാപാലകർ ആക്കിത്തീർക്കാൻ മറ്റൊരു വ്യക്തിക്കും സാധിക്കില്ല. ഇക്കാര്യത്തിൽ ‘ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കേണ്ടതുണ്ട്.’—ഗലാത്യർ 3:11; 6:5.
3 തിരുവെഴുത്തുപരമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും പ്രദാനം ചെയ്‌തുകൊണ്ട്, സ്‌നേഹസമ്പന്നരായ ക്രിസ്‌തീയ മൂപ്പന്മാർ വിശ്വാസം കെട്ടുപണി ചെയ്യാൻ നമ്മെ സഹായിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിന്റേതിനു സമാനമായ ഒരു മനോഭാവമാണ് അവർക്ക് ഉള്ളത്, കൊരിന്ത്യരോട് അവൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്, എന്തെന്നാൽ നിങ്ങളുടെ വിശ്വാസം നിമിത്തമാണ് നിങ്ങൾ നിൽക്കുന്നത്.” (4. വിശ്വസ്‌ത ദൈവദാസരെ സംബന്ധിച്ച തിരുവെഴുത്തു വിവരണങ്ങൾക്ക് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ കഴിയുന്നത് എങ്ങനെ?
4 വിശ്വാസം ഉണ്ടായിരുന്ന വ്യക്തികളെ കുറിച്ചുള്ള ഒട്ടനവധി വിവരണങ്ങൾ ബൈബിളിലുണ്ട്. അവരുടെ ശ്രദ്ധേയമായ പല പ്രവൃത്തികളെ കുറിച്ചും നമുക്ക് അറിവുണ്ടായിരിക്കാം. എന്നാൽ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ, ഒരുപക്ഷേ ഒരു നീണ്ട ജീവിത കാലത്ത് ഉടനീളം, അവർ പ്രകടമാക്കിയ വിശ്വാസത്തെ കുറിച്ചോ? നമ്മുടേതിനു സമാനമായ സാഹചര്യങ്ങളിൽ അവർ എങ്ങനെ ഈ ഗുണം പ്രകടമാക്കി എന്നതിനെ കുറിച്ച് ഇപ്പോൾ പരിചിന്തിക്കുന്നത് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
വിശ്വാസം നമുക്കു ധൈര്യം പകരുന്നു
5. ദൈവവചനം ധൈര്യപൂർവം ഘോഷിക്കാൻ വിശ്വാസം നമ്മെ ശക്തിപ്പെടുത്തുന്നു എന്നതിന് തിരുവെഴുത്തുപരമായ എന്തു തെളിവുണ്ട്?
5 ദൈവവചനം ധൈര്യപൂർവം ഘോഷിക്കാൻ വിശ്വാസം നമ്മെ ശക്തിപ്പെടുത്തുന്നു. ദിവ്യന്യായവിധി നിർവഹണത്തെ കുറിച്ച് ഹാനോക്ക് ധൈര്യപൂർവം മുൻകൂട്ടി പറഞ്ഞു. “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്‌ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്‌ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (യൂദാ 14, 15) ആ വാക്കുകൾ കേട്ടപ്പോൾ, ദൈവഭയമില്ലാത്ത ശത്രുക്കൾ തീർച്ചയായും ഹാനോക്കിനെ വകവരുത്താൻ ആഗ്രഹിച്ചിരിക്കണം. എന്നിരുന്നാലും, അവൻ വിശ്വാസത്താൽ ധൈര്യപൂർവം സംസാരിച്ചു. മരണത്തിന്റെ വേദന അനുഭവിക്കാൻ ഇടനൽകാതെ ആയിരിക്കണം, ദൈവം അവനെ മരണത്തിൽ ഉറങ്ങുമാറാക്കി ‘എടുത്തുകൊണ്ടു.’ (ഉല്‌പത്തി 5:24; എബ്രായർ 11:5) നമ്മുടെ കാര്യത്തിൽ അത്തരം അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കിലും, യഹോവയുടെ വചനം വിശ്വാസത്തോടും ധൈര്യത്തോടും കൂടെ ഘോഷിക്കാൻ സാധിക്കേണ്ടതിന് അവൻ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു.—പ്രവൃത്തികൾ 4:24-31.
6. ദൈവദത്ത വിശ്വാസവും ധൈര്യവും നോഹയെ സഹായിച്ചത് എങ്ങനെ?
6 വിശ്വാസത്താൽ നോഹ “തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു.” (എബ്രായർ 11:7; ഉല്‌പത്തി 6:13-22) നോഹ ഒരു “നീതിപ്രസംഗി” കൂടെ ആയിരുന്നു, അവൻ തന്റെ സമകാലികരോടു ധൈര്യപൂർവം ദൈവത്തിന്റെ മുന്നറിയിപ്പു ഘോഷിച്ചു. (2 പത്രൊസ് 2:5) ജലപ്രളയം വരാൻ പോകുന്നതിനെ കുറിച്ചുള്ള അവന്റെ സന്ദേശത്തെ ആളുകൾ പുച്ഛിച്ചു തള്ളിയിരിക്കണം, ഇന്നത്തെ വ്യവസ്ഥിതി താമസിയാതെ നശിപ്പിക്കപ്പെടുമെന്നതിനുള്ള തിരുവെഴുത്തുപരമായ തെളിവുകൾ നാം നൽകുമ്പോൾ ചിലർ ചെയ്യുന്നതുപോലെ. (2 പത്രൊസ് 3:3-12) എന്നാൽ നമ്മുടെ ദൈവദത്ത വിശ്വാസത്താലും ധൈര്യത്താലും ഹാനോക്കിനെയും നോഹയെയും പോലെ നമുക്കും അത്തരം സന്ദേശം ആളുകളെ അറിയിക്കാൻ കഴിയും.
വിശ്വാസം നമ്മെ ക്ഷമയുള്ളവരാക്കുന്നു
7. അബ്രാഹാമും മറ്റുള്ളവരും വിശ്വാസവും ക്ഷമയും പ്രകടമാക്കിയത് എങ്ങനെ?
7 നമുക്ക് വിശ്വാസവും ക്ഷമയും ആവശ്യമാണ്, വിശേഷിച്ചും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിനായി നാം കാത്തിരിക്കവേ. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ” കൂട്ടത്തിൽ എബ്രായർ 6:11, 12) വിശ്വാസത്താൽ അവൻ ഊർ നഗരവും അവിടത്തെ എല്ലാവിധ നേട്ടങ്ങളും ഉപേക്ഷിച്ച് ദൈവം വാഗ്‌ദാനം ചെയ്‌ത ഒരു അന്യദേശത്തു പരദേശിയായി പാർത്തു. യിസ്‌ഹാക്കും യാക്കോബും അതേ വാഗ്‌ദത്തത്തിനു കൂട്ടവകാശികൾ ആയിരുന്നു. എന്നിരുന്നാലും, “ഇവർ എല്ലാവരും വാഗ്‌ദത്തനിവൃത്തി പ്രാപിക്കാതെ . . . വിശ്വാസത്തിൽ മരിച്ചു.” വിശ്വാസത്താൽ അവർ ‘അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചു.’ തത്‌ഫലമായി ദൈവം “അവർക്കായി ഒരു നഗരം ഒരുക്കി”യിരിക്കുന്നു. (എബ്രായർ 11:8-16) അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും അവരുടെ ദൈവക്തിയുള്ള ഭാര്യമാരും സ്വർഗീയ രാജ്യത്തിനായി—ആ രാജ്യത്തിൻ കീഴിലായിരിക്കും അവർ ഭൗമിക ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നത്—ക്ഷമാപൂർവം കാത്തിരുന്നു.
ദൈവഭക്തനായ അബ്രാഹാം എന്ന ഗോത്രപിതാവും ഉണ്ടായിരിക്കും. (8. അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും ക്ഷമയും വിശ്വാസവും പ്രകടമാക്കിയത് ഏതു വിധത്തിൽ?
8 അബ്രാഹാമിനും യിസ്‌ഹാക്കിനും യാക്കോബിനും വിശ്വാസം നഷ്ടമായില്ല. വാഗ്‌ദത്ത ദേശം അവരുടെ സ്വന്തമായിത്തീർന്നില്ല, അബ്രാഹാമിന്റെ സന്തതി മുഖാന്തരം സകല ജനതകളും തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നതും അവർ കണ്ടില്ല. (ഉല്‌പത്തി 15:5-7; ഉല്‌പത്തി 22:15-18) ‘ദൈവം നിർമിച്ച നഗരം’ ഒരു യാഥാർഥ്യമാകാനിരുന്നത് നൂറ്റാണ്ടുകൾക്കു ശേഷമായിരുന്നെങ്കിലും ഈ പുരുഷന്മാർ തങ്ങളുടെ ജീവിതകാലം മുഴുവൻ വിശ്വാസവും ക്ഷമയും പ്രകടമാക്കി. മിശിഹൈക രാജ്യം സ്വർഗത്തിൽ ഒരു യാഥാർഥ്യമായിരിക്കെ തീർച്ചയായും നാമും അതുതന്നെ ചെയ്യേണ്ടതാണ്.—സങ്കീർത്തനം 42:5, 11, NW; സങ്കീർത്തനം 43:5, NW.
വിശ്വാസം നമുക്ക് ഏറ്റവും ഉത്‌കൃഷ്ടമായ ലക്ഷ്യങ്ങൾ നൽകുന്നു
9. വിശ്വാസത്തിന് ലക്ഷ്യങ്ങളുടെ മേൽ എന്തു പ്രഭാവമുണ്ട്?
9 വിശ്വസ്‌ത ഗോത്രപിതാക്കന്മാർ ഒരിക്കലും അധഃപതിച്ച കനാന്യ ജീവിതശൈലി സ്വീകരിച്ചില്ല. കാരണം അവരുടെ ലക്ഷ്യങ്ങൾ അതിലുമൊക്കെ വളരെ ഉത്‌കൃഷ്ടമായിരുന്നു. സമാനമായി, വിശ്വാസം നമുക്ക് ദുഷ്ടനായ പിശാചായ സാത്താന്റെ അധീനതയിൽ കിടക്കുന്ന ലോകത്തിന്റെ ഭാഗമായിത്തീരുന്നതിനെ ചെറുക്കാൻ പ്രാപ്‌തമാക്കുന്ന ആത്മീയ ലക്ഷ്യങ്ങൾ നൽകുന്നു.—1 യോഹന്നാൻ 2:15-17; 5:19.
10. ലൗകിക പ്രാമുഖ്യതയെക്കാൾ വളരെ ഉത്‌കൃഷ്ടമായ ഒരു ലക്ഷ്യമാണ് യോസേഫ് പിന്തുടർന്നത് എന്നു നമുക്ക് എങ്ങനെ അറിയാം?
10 ദൈവത്തിന്റെ വഴിനടത്തിപ്പിൻ പ്രകാരം യാക്കോബിന്റെ പുത്രനായ യോസേഫ് ഈജിപ്‌തിന്റെ ഭക്ഷ്യകാര്യവിചാരകനായി സേവിച്ചു, എങ്കിലും ലോകത്തിൽ വലിയ ഒരു ആളായിത്തീരുക എന്നതായിരുന്നില്ല അവന്റെ ലക്ഷ്യം. നൂറ്റിപ്പത്തു വയസ്സുണ്ടായിരുന്ന യോസേഫ് യഹോവയുടെ വാഗ്‌ദാനങ്ങളുടെ നിവൃത്തിയിലുള്ള വിശ്വാസത്തോടെ തന്റെ സഹോദരന്മാരോടു പറഞ്ഞു: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്‌ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും.” വാഗ്‌ദത്ത ദേശത്ത് തന്നെ അടക്കം ചെയ്യണമെന്ന് യോസേഫ് അഭ്യർഥിച്ചു. അവന്റെ മരണശേഷം അവന്റെ മൃതശരീരത്തിൽ സുഗന്ധവർഗം ഇട്ട് അത് ഒരു ശവപ്പെട്ടിയിലാക്കി ഈജിപ്‌തിൽത്തന്നെ സൂക്ഷിച്ചു. എന്നാൽ ഇസ്രായേല്യർ ഈജിപ്‌തിലെ അടിമത്തത്തിൽനിന്നു മോചിതരായപ്പോൾ പ്രവാചകനായ മോശെ യോസേഫിന്റെ അസ്ഥികൾ വാഗ്‌ദത്ത ദേശത്ത് അടക്കം ചെയ്യാനായി അത് കൂടെക്കൊണ്ടുപോയി. (ഉല്‌പത്തി 50:22-26; പുറപ്പാടു 13:19) യോസേഫിന്റേതുപോലുള്ള വിശ്വാസം ലൗകിക പ്രാമുഖ്യതയെക്കാൾ വളരെ ഉത്‌കൃഷ്ടമായ ലക്ഷ്യങ്ങൾ പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കണം.—1 കൊരിന്ത്യർ 7:29-31.
11. തനിക്ക് ആത്മീയ ലക്ഷ്യങ്ങളാണ് ഉള്ളത് എന്നതിന് മോശെ തെളിവു നൽകിയത് എങ്ങനെ?
11 ഈജിപ്‌തിലെ വിദ്യാസമ്പന്നനായ ഒരു രാജകുടുംബാംഗം ആയിരിക്കുന്നതിലൂടെയുള്ള “പാപത്തിന്റെ തല്‌ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു” മോശെ തിരഞ്ഞെടുത്തു. (എബ്രായർ 11:23-26; പ്രവൃത്തികൾ 7:20-22) തത്‌ഫലമായി അവനു ലോകത്തിന്റേതായ സ്ഥാനമാനങ്ങളും, ഒരുപക്ഷേ ഈജിപ്‌തിലെ വിഖ്യാതമായ ഒരു സ്ഥലത്ത് മോടിയായി അലങ്കരിക്കപ്പെട്ട ഒരു ശവപ്പെട്ടിയിൽ പ്രതാപത്തോടെ അടക്കം ചെയ്യപ്പെടുന്നതിനുള്ള അവസരവും നഷ്ടമായി. എന്നാൽ, ‘സത്യദൈവത്തിന്റെ പുരുഷൻ,’ ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥൻ, യഹോവയുടെ പ്രവാചകൻ, ബൈബിൾ എഴുത്തുകാരൻ എന്നിങ്ങനെ അവനു ലഭിച്ച പദവികളോടുള്ള താരതമ്യത്തിൽ അവയ്‌ക്ക് എന്ത് മൂല്യമാണ് ഉണ്ടായിരിക്കുമായിരുന്നത്? (എസ്രാ 3:2, NW) നിങ്ങൾ ലൗകിക സ്ഥാനമാനങ്ങൾക്കായി കാംക്ഷിക്കുന്നുവോ, അതോ വിശ്വാസം അതിലുമൊക്കെ ഉത്‌കൃഷ്ടമായ ആത്മീയ ലക്ഷ്യങ്ങൾ നിങ്ങൾക്കു നൽകിയിട്ടുണ്ടോ?
വിശ്വാസം പ്രതിഫലദായകമായ ഒരു ജീവിതം നൽകുന്നു
12. വിശ്വാസം രാഹാബിന്റെ ജീവിതത്തിൽ എന്തു ഫലം ഉളവാക്കി?
12 വിശ്വാസം ആളുകൾക്ക് ഏറ്റവും ഉത്‌കൃഷ്ടമായ ലക്ഷ്യങ്ങൾ മാത്രമല്ല, പ്രതിഫലദായകമായ ഒരു ജീവിതവും നൽകുന്നു. ഒരു വേശ്യ എന്നനിലയിലുള്ള തന്റെ ജീവിതം നിരർഥകമാണെന്ന് യെരീഹോയിലെ രാഹാബിനു തോന്നിയിരുന്നിരിക്കണം. എങ്കിലും വിശ്വാസം പ്രകടമാക്കിയപ്പോൾ അവളുടെ ജീവിതത്തിന് എത്ര വലിയ മാറ്റമാണു വന്നത്! “[ഇസ്രായേല്യ] ദൂതരെ കൈക്കൊൾകയും” കനാന്യ ശത്രുക്കളുടെ കയ്യിൽ അകപ്പെടാതിരിക്കത്തക്കവണ്ണം അവരെ “വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്‌ത”തിനെ തുടർന്ന് അവൾ ‘[വിശ്വാസത്തിന്റേതായ] പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു [“നീതിയുള്ളവളായി പ്രഖ്യാപിക്കപ്പെട്ടു,” NW].’ (യാക്കോബ് 2:24-26) യഹോവയെ സത്യദൈവമായി അംഗീകരിച്ച രാഹാബ്, വേശ്യാവൃത്തി ഉപേക്ഷിച്ചുകൊണ്ടും തന്റെ വിശ്വാസം പ്രകടമാക്കി. (യോശുവ 2:9-11; എബ്രായർ 11:30, 31) അവിശ്വാസിയായ ഒരു കനാന്യനെ വിവാഹം ചെയ്യുന്നതിനു പകരം അവൾ യഹോവയുടെ ഒരു ദാസനെ ഭർത്താവായി സ്വീകരിച്ചു. (ആവർത്തനപുസ്‌തകം 7:3, 4; 1 കൊരിന്ത്യർ 7:39) മിശിഹായുടെ ഒരു പൂർവിക ആയിത്തീരുകയെന്ന മഹത്തായ പദവി രാഹാബിനു ലഭിച്ചു. (1 ദിനവൃത്താന്തം 2:3-15; രൂത്ത് 4:20-22; മത്തായി 1:5, 6) അധാർമിക ജീവിതം ഉപേക്ഷിച്ച വ്യക്തികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരെ പോലെ വേറൊരു പ്രതിഫലവും അവൾക്കു ലഭിക്കും—പറുദീസാ ഭൂമിയിലെ ജീവനിലേക്കുള്ള പുനരുത്ഥാനം.
13. ബത്ത്-ശേബയോടുള്ള ബന്ധത്തിൽ ദാവീദ് പാപം ചെയ്‌തത് എങ്ങനെ, എന്നാൽ അവൻ എന്തു മനോഭാവം പ്രകടമാക്കി?
13 തന്റെ പാപപൂർണമായ ജീവിതം ഉപേക്ഷിച്ച ശേഷം രാഹാബ് നേരായ ഗതിയിൽ തുടർന്നതായി കാണപ്പെടുന്നു. ഇനി, കാലങ്ങളായി ദൈവത്തിന്റെ സമർപ്പിത ദാസരായിരുന്നിട്ടുള്ള ചിലർ ഗുരുതരമായ പാപങ്ങൾ ചെയ്‌തിട്ടുണ്ട്. ദാവീദ് രാജാവ് ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും യുദ്ധത്തിൽ അവളുടെ ഭർത്താവ് കൊല്ലപ്പെടാൻ തക്കവിധം കരുക്കൾ നീക്കുകയും തുടർന്ന് അവളെ തന്റെ ഭാര്യയാക്കുകയും ചെയ്‌തു. (2 ശമൂവേൽ 11:1-27) പിന്നീട് ആഴമായ ദുഃഖത്തോടെ അനുതപിച്ച ദാവീദ് യഹോവയോട് ‘നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കരുതേ’ എന്ന് അപേക്ഷിച്ചു. ദാവീദിന് ദൈവത്തിന്റെ ആത്മാവിനെ നഷ്ടമായില്ല. ചെയ്‌തുപോയ പാപത്തെ ഓർത്ത് “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ” കരുണാമയനായ യഹോവ നിരസിക്കുകയില്ല എന്ന വിശ്വാസം അവന് ഉണ്ടായിരുന്നു. (സങ്കീർത്തനം 51:11, 17; 103:10-14) തങ്ങളുടെ വിശ്വാസം നിമിത്തം ദാവീദിനും ബത്ത്-ശേബയ്‌ക്കും മിശിഹായുടെ വംശാവലിയിലെ കണ്ണികളായിരിക്കുകയെന്ന മഹത്തായ പദവി ലഭിച്ചു.—1 ദിനവൃത്താന്തം 3:5, NW; മത്തായി 1:6, 16; ലൂക്കൊസ് 3:23, 31.
ദിവ്യസഹായത്തിലുള്ള ഉറപ്പ് വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു
14. ഗിദെയോന് എന്ത് ഉറപ്പു ലഭിച്ചു, ഈ വിവരണം നമ്മുടെ വിശ്വാസത്തെ ബാധിക്കുന്നത് എങ്ങനെ?
14 നാം വിശ്വാസത്താലാണു നടക്കുന്നതെങ്കിലും, ദിവ്യസഹായം സംബന്ധിച്ച് നമുക്കു ചിലപ്പോൾ ഉറപ്പ് ആവശ്യമായിരിക്കാം. ‘വിശ്വാസത്താൽ രാജ്യങ്ങളെ അടക്കി’യവരിൽ ഒരാളായ ന്യായാധിപനായ ഗിദെയോന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. (എബ്രായർ 11:32, 33) മിദ്യാന്യരും അവരുടെ സഖ്യകക്ഷികളും ഇസ്രായേലിനെ ആക്രമിച്ചപ്പോൾ, ദൈവത്തിന്റെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു. യഹോവ തന്നോടൊപ്പം ഉണ്ടെന്ന ഉറപ്പു ലഭിക്കാനായി ഒരു അടയാളം നൽകണമെന്ന് അവൻ അഭ്യർഥിച്ചു. അതിനായി അവൻ രോമമുള്ള ഒരു ആട്ടിൻതോൽ രാത്രി മുഴുവൻ കളത്തിൽ നിവർത്തിയിട്ടു. ആദ്യം അവൻ ആവശ്യപ്പെട്ട പ്രകാരംതന്നെ ആ തോൽ മാത്രം മഞ്ഞുകൊണ്ടു നനഞ്ഞിരിക്കുകയും അതേസമയം നിലം ഉണങ്ങിയിരിക്കുകയും ചെയ്‌തു. പിന്നത്തേതിൽ, അവന്റെ അഭ്യർഥന പ്രകാരം അതിന്റെ വിപരീതം സംഭവിച്ചു. ഈ ഉറപ്പുകൾ ഗിദെയോന്റെ വിശ്വാസത്തെ ശക്തമാക്കി. തുടർന്ന് ഗിദെയോൻ അവന്റെ വിശ്വാസത്തിന് അനുസൃതമായി ജാഗ്രതയോടെ പ്രവർത്തിച്ചു, അവൻ ഇസ്രായേലിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി. (ന്യായാധിപന്മാർ 6:33-40; 7:19-25) തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളിൽ, ദിവ്യപിന്തുണ ഉണ്ടെന്നതിന് ഉറപ്പു ലഭിക്കാനുള്ള നമ്മുടെ ആഗ്രഹം നാം വിശ്വാസം ഇല്ലാത്തവരാണെന്നു സൂചിപ്പിക്കുന്നില്ല. തീരുമാനങ്ങൾ എടുക്കുന്ന സമയത്ത്, ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും പരിശോധിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനായി പ്രാർഥിക്കുകയും ചെയ്യുമ്പോൾ നാം യഥാർഥത്തിൽ വിശ്വാസം ഉണ്ടെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്.—റോമർ 8:26, 27.
15. ബാരാക്കിന്റെ വിശ്വാസത്തെ കുറിച്ചു പരിചിന്തിക്കുന്നതു നമ്മെ എങ്ങനെ സഹായിച്ചേക്കും?
15 ന്യായാധിപനായ ബാരാക്കിന്റെ വിശ്വാസം ശക്തിപ്പെട്ടത് പ്രോത്സാഹനത്തിന്റെ രൂപത്തിൽ ലഭിച്ച ഉറപ്പു നിമിത്തമായിരുന്നു. കനാന്യ രാജാവായ യാബീന്റെ അധീനതയിൻകീഴിൽ മർദനം അനുഭവിച്ചിരുന്ന ഇസ്രായേല്യരെ മോചിപ്പിക്കുന്നതിൽ മുൻകൈയെടുക്കാൻ ദെബോരാ പ്രവാചകി അവനെ പ്രോത്സാഹിപ്പിച്ചു. വിശ്വാസവും ദിവ്യപിന്തുണ സംബന്ധിച്ച ഉറപ്പും ഉണ്ടായിരുന്ന ബാരാക്ക് 10,000 പുരുഷന്മാരെയും കൂട്ടി യുദ്ധത്തിനു പുറപ്പെട്ടു. ഈ പുരുഷന്മാർ വേണ്ടത്ര സജ്ജരായിരുന്നില്ലെങ്കിലും സീസെരയുടെ നേതൃത്വത്തിലുള്ള യാബീന്റെ വൻസൈനികവ്യൂഹത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവർ വിജയം വരിച്ചു. ദെബോരായും ബാരാക്കും ആഹ്ലാദത്തോടെ ഒരു ഗീതം ആലപിച്ചുകൊണ്ട് ഈ വിജയം കൊണ്ടാടി. (ന്യായാധിപന്മാർ 4:1-5:31) ഇസ്രായേലിന്റെ, ദൈവ നിയമിത നേതാവെന്ന നിലയിൽ പ്രവർത്തിക്കാൻ ദെബോരാ ബാരാക്കിനെ പ്രോത്സാഹിപ്പിച്ചു. വിശ്വാസത്താൽ “അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ച” യഹോവയുടെ ദാസരിൽ ഒരാളായിരുന്നു അവൻ. (എബ്രായർ 11:34) യഹോവയുടെ സേവനത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒരു നിയമനം നിവർത്തിക്കുന്നതിൽ വൈമുഖ്യം തോന്നുന്നെങ്കിൽ വിശ്വാസത്താൽ പ്രവർത്തിച്ചതിന് ദൈവം ബാരാക്കിനെ അനുഗ്രഹിച്ച വിധം പരിചിന്തിക്കുന്നതു നമ്മെയും പ്രവർത്തനത്തിനു പ്രേരിപ്പിച്ചേക്കും.
വിശ്വാസം സമാധാനത്തെ ഉന്നമിപ്പിക്കുന്നു
16. ലോത്തുമായി സമാധാനത്തിലായിരിക്കുന്നതിൽ അബ്രാഹാം എന്തു നല്ല മാതൃക വെച്ചു?
16 ദൈവസേവനത്തിൽ ബുദ്ധിമുട്ടുള്ള നിയമനങ്ങൾ നിർവഹിക്കാൻ നമ്മെ സഹായിക്കുന്നതുപോലെതന്നെ, ശാന്തിയും സമാധാനവും ഉന്നമിപ്പിക്കാനും വിശ്വാസം ഉതകുന്നു. തങ്ങളുടെ ഇടയന്മാർ പരസ്‌പരം കലഹിക്കുകയും ഒരു വേർപിരിയൽ ആവശ്യമായി വരികയും ചെയ്‌ത ഘട്ടത്തിൽ, ഏറ്റവും നല്ല മേച്ചിൽസ്ഥലം തിരഞ്ഞെടുത്തുകൊള്ളാൻ വൃദ്ധനായ അബ്രാഹാം തന്നെക്കാൾ പ്രായംകുറഞ്ഞ തന്റെ സഹോദരപുത്രനായ ലോത്തിനെ അനുവദിച്ചു. (ഉല്‌പത്തി 13:7-12) ഈ പ്രശ്‌നം പരിഹരിക്കാൻ ദൈവത്തിന്റെ സഹായത്തിനായി അബ്രാഹാം വിശ്വാസത്തോടെ പ്രാർഥിച്ചിരുന്നിരിക്കണം. സ്വന്ത താത്‌പര്യങ്ങൾക്കു മുൻതൂക്കം കൊടുക്കാതെ അവൻ സമാധാനപൂർവം പ്രശ്‌നം പരിഹരിച്ചു. നമ്മുടെ ഒരു ക്രിസ്‌തീയ സഹോദരനുമായി നമുക്ക് ഒരു പ്രശ്‌നം ഉണ്ടാകുന്നെങ്കിൽ സ്‌നേഹപുരസ്സരമായ പരിഗണന കാട്ടുന്നതിൽ അബ്രാഹാം വെച്ച മാതൃക മനസ്സിൽപിടിച്ചുകൊണ്ട് നമുക്കു വിശ്വാസത്തോടെ പ്രാർഥിക്കുകയും ‘സമാധാനം അന്വേഷിക്കുകയും’ ചെയ്യാം.—1 പത്രൊസ് 3:10-12.
17. പൗലൊസ്, ബർന്നബാസ്, മർക്കൊസ് എന്നിവർ ഉൾപ്പെട്ട ഒരു പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെട്ടു എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
17 വിശ്വാസത്തോടെ ക്രിസ്‌തീയ തത്ത്വങ്ങൾ ബാധകമാക്കുന്നത് സമാധാനം ഉന്നമിപ്പിക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നു കാണുക. പൗലൊസ് തന്റെ രണ്ടാമത്തെ മിഷനറി യാത്രയ്‌ക്ക് ഒരുങ്ങുകയായിരുന്നു, കുപ്രൊസിലെയും ഏഷ്യാമൈനറിലെയും സഭകൾ വീണ്ടും സന്ദർശിക്കാനുള്ള നിർദേശത്തോട് ബർന്നബാസ് യോജിച്ചു. എന്നാൽ തന്റെ മച്ചുനനായ മർക്കൊസിനെയും കൂടെക്കൊണ്ടുപോകാൻ ബർന്നബാസ് ആഗ്രഹിച്ചു. പൗലൊസിന് അതു സമ്മതമായിരുന്നില്ല, കാരണം മർക്കൊസ് പംഫുല്യയിൽവെച്ച് അവരെ വിട്ടുപോയതായിരുന്നു. തുടർന്ന് പൗലൊസും ബർന്നബാസും “തമ്മിൽ ഉഗ്രവാദമുണ്ടായി,” അത് ഒരു വേർപിരിയലിൽ കലാശിച്ചു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കുപ്രൊസിലേക്കു പോയി, പൗലൊസാകട്ടെ ശീലാസിനെയും കൂട്ടി “സുറിയാ കിലിക്യാ ദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.” (പ്രവൃത്തികൾ 15:35-41) കാലാന്തരത്തിൽ, അവർ തമ്മിലുള്ള അകൽച്ച മാറി. കാരണം പൗലൊസ് റോമിലായിരിക്കെ മർക്കൊസ് അവനോടൊപ്പം ഉണ്ടായിരുന്നു, അപ്പൊസ്‌തലൻ അവനെ കുറിച്ച് അനുകൂലമായി സംസാരിക്കുകയും ചെയ്‌തു. (കൊലൊസ്സ്യർ 4:10; ഫിലേമോൻ ) പൊ.യു. 65-നോടടുത്ത് പൗലൊസ് റോമിൽ തടവിലായിരിക്കെ, അവൻ തിമൊഥെയൊസിനോടു പറഞ്ഞു: “മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.” ( 23, 242 തിമൊഥെയൊസ് 4:11) ബർന്നബാസും മർക്കൊസുമായുള്ള തന്റെ ബന്ധത്തെ പൗലൊസ് വിശ്വാസത്തോടെ പ്രാർഥനയിൽ വെച്ചിരുന്നതായി കാണപ്പെടുന്നു. “ദൈവസമാധാന”വുമായി ബന്ധപ്പെട്ട ശാന്തമായ അവസ്ഥ അവർക്കിടയിൽ ഉണ്ടായിരിക്കാൻ അതു സഹായിച്ചു.—ഫിലിപ്പിയർ 4:6, 7.
18. യുവൊദ്യയുടെയും സുന്തുകയുടെയും കാര്യത്തിൽ എന്തു സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്?
18 അപൂർണരായതിനാൽ, തീർച്ചയായും “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോബ് 3:2) ക്രിസ്‌ത്യാനികളായ രണ്ടു സ്‌ത്രീകളുടെ ഇടയിൽ ഒരു പ്രശ്‌നം ഉയർന്നുവരികയുണ്ടായി. അവരെ കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി: “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു. . . . അവർക്കു തുണനില്‌ക്കേണം എന്നു ഞാൻ . . . അപേക്ഷിക്കുന്നു. . . . ആ സ്‌ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.” (ഫിലിപ്പിയർ 4:1-3) ദൈവഭക്തരായ ഈ രണ്ടു സ്‌ത്രീകളും മത്തായി 5:23, 24-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള ബുദ്ധിയുപദേശങ്ങൾ ബാധകമാക്കിക്കൊണ്ട് തങ്ങൾക്കിടയിലെ പ്രശ്‌നം സമാധാനപരമായ ഒരു വിധത്തിൽ പരിഹരിച്ചിരിക്കാൻ സകല സാധ്യതയുമുണ്ട്. തിരുവെഴുത്തു തത്ത്വങ്ങൾ വിശ്വാസത്തോടെ ബാധകമാക്കുന്നത് സമാധാനം ഉന്നമിപ്പിക്കാൻ ഇന്ന് വളരെ സഹായിക്കും.
വിശ്വാസം സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു
19. കഠിനമായ ഏതു സാഹചര്യം യിസ്‌ഹാക്കിന്റെയും റിബെക്കായുടെയും വിശ്വാസത്തെ ഒരിക്കലും നശിപ്പിച്ചില്ല?
19 വിശ്വാസം അരിഷ്ടതകൾ സഹിക്കാനും നമ്മെ പ്രാപ്‌തരാക്കും. ഒരുപക്ഷേ, നമ്മുടെ കുടുംബത്തിലെ സ്‌നാപനമേറ്റ ഒരംഗം ഒരു അവിശ്വാസിയെ വിവാഹം ചെയ്‌തുകൊണ്ട് ദൈവത്തോട് അനുസരണക്കേടു കാട്ടിയിരിക്കുന്നതാകാം നമ്മെ വേദനിപ്പിക്കുന്നത്. (1 കൊരിന്ത്യർ 7:39) പുത്രനായ ഏശാവ് അഭക്തരായ സ്‌ത്രീകളെ വിവാഹം ചെയ്‌തതുമൂലം യിസ്‌ഹാക്കിനും റിബെക്കായ്‌ക്കും ദുരിതം അനുഭവിക്കേണ്ടിവന്നു. ഏശാവിന്റെ ഹിത്യരായ ഭാര്യമാർ “യിസ്‌ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായി.” വേദനയോടെ റിബെക്കാ ഇപ്രകാരം പറയുകപോലും ചെയ്‌തു: “ഈ ഹിത്യസ്‌ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്‌ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു?” (ഉല്‌പത്തി 26:34, 35; 27:46) എന്നിരുന്നാലും കഠിനമായ ഈ സാഹചര്യം യിസ്‌ഹാക്കിന്റെയും റിബെക്കായുടെയും വിശ്വാസത്തെ ഒരിക്കലും നശിപ്പിച്ചില്ല. ദുഷ്‌കരമായ സാഹചര്യങ്ങൾ ഒരു വെല്ലുവിളിയായി മാറുന്നെങ്കിൽ നമുക്കും ശക്തമായ വിശ്വാസം കാത്തുസൂക്ഷിക്കാം.
20. നവോമിയും രൂത്തും വിശ്വാസത്തിന്റെ കാര്യത്തിൽ എന്തു മാതൃകവെച്ചു?
20 പ്രായംചെന്ന നവോമി ഒരു യഹൂദ്യ സ്‌ത്രീയായിരുന്നു. യഹൂദയിലെ ചില സ്‌ത്രീകളുടെ പുത്രന്മാർ മിശിഹായുടെ പൂർവപിതാക്കന്മാരായേക്കാമെന്ന് വിധവയായിരുന്ന അവൾക്ക് അറിയാമായിരുന്നു. അവളുടെ പുത്രന്മാർ മക്കളില്ലാതെ മരിച്ചുപോയിരുന്നതിനാലും അവൾക്ക് മക്കളുണ്ടാകാനുള്ള പ്രായം കടന്നുപോയിരുന്നതിനാലും അവളുടെ കുടുംബം മശിഹൈക വംശാവലിയിലെ ഒരു ഭാഗമായിരുന്നേക്കാനുള്ള സാധ്യത തീരെ കുറവായിരുന്നു. എന്നിരുന്നാലും അവളുടെ വിധവയായ മരുമകൾ രൂത്ത് തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ള ബോവസിന്റെ ഭാര്യയാകുകയും അവന് ഒരു മകനെ പ്രസവിക്കുകയും ചെയ്‌തു, അങ്ങനെ അവൾ മിശിഹായായ യേശുവിന്റെ ഒരു പൂർവിക ആയിത്തീർന്നു! (ഉല്‌പത്തി 49:10, 33; രൂത്ത് 1:3-5; 4:13-22; മത്തായി 1:1, 5) നവോമിയുടെയും രൂത്തിന്റെയും വിശ്വാസം ക്ലേശകരമായ സാഹചര്യത്തിൽ സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചു, അത് അവർക്കു വലിയ സന്തോഷം കൈവരുത്തുകയും ചെയ്‌തു. അരിഷ്ടതകൾ നേരിടുമ്പോൾ വിശ്വാസം കാത്തുസൂക്ഷിക്കുന്നെങ്കിൽ നമുക്കും വലിയ സന്തോഷം അനുഭവിക്കാൻ കഴിയും.
21. വിശ്വാസം നമുക്കുവേണ്ടി എന്തു ചെയ്യുന്നു, നാം എന്തു ചെയ്യാൻ ദൃഢചിത്തരായിരിക്കണം?
21 വ്യക്തികളെന്ന നിലയിൽ നാളെ നമുക്ക് എന്തു സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ലെങ്കിലും വിശ്വാസത്താൽ ഏത് വെല്ലുവിളിയെയും നമുക്കു വിജയകരമായി നേരിടാൻ കഴിയും. ധൈര്യവും ക്ഷമയും ഉള്ളവരായിരിക്കാൻ വിശ്വാസം നമ്മെ പ്രാപ്‌തരാക്കുന്നു. അതു നമുക്ക് ഏറ്റവും ഉത്‌കൃഷ്ടമായ ലക്ഷ്യങ്ങളും പ്രതിഫലദായകമായ ജീവിതവും നൽകുന്നു. വിശ്വാസം മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിന്മേൽ ക്രിയാത്മക സ്വാധീനം ചെലുത്തുന്നു. കൂടാതെ വിശ്വാസം ക്ലേശകരമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു. അതുകൊണ്ട് നമുക്ക് “ദേഹിയെ ജീവനോടെ സംരക്ഷിക്കാൻ തക്ക വിശ്വാസമുള്ള തരക്കാ”രായിരിക്കാം. (എബ്രായർ 10:39, NW) നമ്മുടെ സ്‌നേഹവാനായ യഹോവയാം ദൈവത്തിന്റെ ശക്തിയിൽ, അവന്റെ മഹത്ത്വത്തിനായി നമുക്കു ശക്തമായ വിശ്വാസം പ്രകടമാക്കുന്നതിൽ തുടരാം.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
• വിശ്വാസം നമ്മെ ധൈര്യശാലികളാക്കുമെന്നതിന് തിരുവെഴുത്തുപരമായ എന്തു തെളിവുണ്ട്?
• വിശ്വാസം നമുക്കു പ്രതിഫലദായകമായ ഒരു ജീവിതം നൽകുന്നുവെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• വിശ്വാസം സമാധാനത്തെ ഉന്നമിപ്പിക്കുന്നത് എങ്ങനെ?
• അരിഷ്ടതകൾ സഹിക്കാൻ വിശ്വാസം നമ്മെ പ്രാപ്‌തരാക്കുമെന്നതിന് എന്തു തെളിവുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[16 -ാം പേജിലെ ചിത്രങ്ങൾ]
വിശ്വാസം നോഹയ്‌ക്കും ഹാനോക്കിനും യഹോവയുടെ സന്ദേശങ്ങൾ ഘോഷിക്കാനാവശ്യമായ ധൈര്യം നൽകി
[17 -ാം പേജിലെ ചിത്രങ്ങൾ]
മോശയുടേതുപോലുള്ള വിശ്വാസം ആത്മീയ ലക്ഷ്യങ്ങൾ പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നു
[18 -ാം പേജിലെ ചിത്രങ്ങൾ]
ദിവ്യസഹായം സംബന്ധിച്ച ഉറപ്പ് ബാരാക്കിന്റെയും ദെബോരായുടെയും ഗിദെയോന്റെയും വിശ്വാസത്തെ ശക്തിപ്പെടുത്തി