വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ?

നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ?

നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ?

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ജനങ്ങളേ, മാനസാന്തരപ്പെടുവിൻ, സുവാർത്തയിൽ വിശ്വാസമുള്ളവർ ആയിരിക്കുവിൻ.”​—⁠മർക്കൊസ്‌ 1:⁠15, NW.

1, 2. മർക്കൊസ്‌ 1:14, 15 നിങ്ങൾ എങ്ങനെ വിശദീകരിക്കും?

വർഷം പൊ.യു. 30. യേശുക്രിസ്‌തു ഗലീലയിൽ തന്റെ മഹത്തായ ശുശ്രൂഷ ആരംഭിച്ചുകഴിഞ്ഞിരുന്നു. “ദൈവത്തിന്റെ സുവാർത്ത” ആയിരുന്നു അവൻ പ്രസംഗിച്ചുകൊണ്ടിരുന്നത്‌. അവന്റെ പിൻവരുന്ന വാക്കുകൾ പല ഗലീലക്കാർക്കും പ്രചോദനമേകി: “നിയമിത സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; ജനങ്ങളേ, മാനസാന്തരപ്പെടുവിൻ, സുവാർത്തയിൽ വിശ്വാസമുള്ളവർ ആയിരിക്കുവിൻ.”​—⁠മർക്കൊസ്‌ 1:14, 15, NW.

2 യേശുവിനെ സംബന്ധിച്ചിടത്തോളം അവന്റെ ശുശ്രൂഷ ആരംഭിക്കാനും ആളുകളെ സംബന്ധിച്ചിടത്തോളം ദിവ്യാംഗീകാരം നേടിക്കൊടുക്കുന്ന ഒരു തീരുമാനം കൈക്കൊള്ളാനും ഉള്ള “നിയമിത സമയം” ആഗതമായിക്കഴിഞ്ഞിരുന്നു. (ലൂക്കൊസ്‌ 12:54-57) “ദൈവരാജ്യം സമീപി”ച്ചിരുന്നു, കാരണം നിയുക്ത രാജാവായ യേശു അപ്പോൾ സന്നിഹിതൻ ആയിരുന്നു. അവന്റെ പ്രസംഗവേല നീതിഹൃദയരായ വ്യക്തികളെ മാനസാന്തരപ്പെടാൻ പ്രേരിപ്പിച്ചു. എന്നാൽ അവർ “സുവാർത്തയിൽ വിശ്വാസം” പ്രകടമാക്കിയത്‌ എങ്ങനെ? നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും?

3. എന്തു ചെയ്‌തുകൊണ്ടാണ്‌ ആളുകൾ തങ്ങൾക്കു സുവാർത്തയിൽ വിശ്വാസം ഉണ്ടെന്നു പ്രകടമാക്കിയിരിക്കുന്നത്‌?

3 യേശുവിനെ പോലെ പത്രൊസ്‌ അപ്പൊസ്‌തലനും മാനസാന്തരപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിലെ യഹൂദരെ സംബോധന ചെയ്‌തുകൊണ്ട്‌ പത്രൊസ്‌ പറഞ്ഞു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” ആയിരങ്ങൾ മാനസാന്തരപ്പെടുകയും സ്‌നാപനം ഏൽക്കുകയും യേശുവിന്റെ അനുഗാമികൾ ആയിത്തീരുകയും ചെയ്‌തു. (പ്രവൃത്തികൾ 2:38, 41; 4:4) പൊ.യു. 36-ൽ, മാനസാന്തരപ്പെട്ട വിജാതീയരും സമാനമായ പടികൾ സ്വീകരിച്ചു. (പ്രവൃത്തികൾ 10:1-48) നമ്മുടെ നാളിൽ, തങ്ങളുടെ പാപങ്ങളെ കുറിച്ചു മാനസാന്തരപ്പെടാനും ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാനും സ്‌നാപനമേൽക്കാനും സുവാർത്തയിലുള്ള വിശ്വാസം ആയിരങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവർ രക്ഷയുടെ സുവാർത്ത സ്വീകരിക്കുകയും യേശുവിന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു. കൂടാതെ അവർ നീതി പ്രവർത്തിക്കുന്നു, ദൈവരാജ്യത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

4. എന്താണ്‌ വിശ്വാസം?

4 എന്നാൽ എന്താണു വിശ്വാസം? പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “വിശ്വാസം എന്നതു പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്‌പഷ്ട പ്രകടനം ആകുന്നു.” (എബ്രായർ 11:​1, NW) ദൈവം തന്റെ വചനത്തിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെല്ലാം നിവൃത്തിയേറിയതിനു തുല്യമാണെന്ന ഉറപ്പ്‌ വിശ്വാസം നമുക്കു നൽകുന്നു. ഒരു വസ്‌തു നമ്മുടെ സ്വന്തമാണെന്നു തെളിയിക്കുന്ന ഒരു ആധാരം നമ്മുടെ കൈവശം ഉള്ളതുപോലെയാണത്‌. വിശ്വാസം, കാണാത്ത കാര്യങ്ങളുടെ “പ്രസ്‌പഷ്ട പ്രകടനം,” അഥവാ ഉറച്ച ബോധ്യം ഉണ്ടായിരിക്കുന്നതിനു വേണ്ട തെളിവ്‌ ആണ്‌. ആ കാര്യങ്ങൾ നാം കണ്ടിട്ടില്ലെങ്കിലും, നമ്മുടെ ഗ്രഹണപ്രാപ്‌തിയും കൃതജ്ഞത നിറഞ്ഞ ഹൃദയവും അവ യാഥാർഥ്യങ്ങളാണെന്ന ഉറച്ച ബോധ്യം നമുക്കു നൽകുന്നു.​—⁠2 കൊരിന്ത്യർ 5:7; എഫെസ്യർ 1:17, 18.

നമുക്ക്‌ വിശ്വാസം ആവശ്യമാണ്‌!

5. വിശ്വാസം വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 നാം ജനിച്ചത്‌ ആത്മീയ ആവശ്യം ഉള്ളവരായിട്ടാണ്‌ എങ്കിലും വിശ്വാസം ഉള്ളവരായിട്ടല്ല. വാസ്‌തവത്തിൽ, ‘വിശ്വാസം എല്ലാവർക്കും ഉള്ള ഒന്നല്ല.’ (2 തെസ്സലൊനീക്യർ 3:2) എന്നിരുന്നാലും, വിശ്വാസം ഉണ്ടായിരുന്നാൽ മാത്രമേ ക്രിസ്‌ത്യാനികൾക്കു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യങ്ങൾ അവകാശമാക്കാൻ കഴിയൂ. (എബ്രായർ 6:12) വിശ്വാസത്തിന്റെ അനേകം നല്ല മാതൃകകളെ കുറിച്ചു പരാമർശിച്ചശേഷം പൗലൊസ്‌ എഴുതി: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്‌ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.” (എബ്രായർ 12:1, 2) എന്താണ്‌ ‘മുറുകെ പററുന്ന പാപം’? വിശ്വാസരാഹിത്യം, ഒരിക്കൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായി പോകുന്നതു പോലും, ആണ്‌ അത്‌. ശക്തമായ വിശ്വാസം കാത്തുസൂക്ഷിക്കാൻ നാം ‘യേശുവിനെ നോക്കുകയും [“യേശുവിൽ ദൃഷ്ടി ഉറപ്പിച്ചു,” ഓശാന ബൈബിൾ]’ അവന്റെ മാതൃക പിൻപറ്റുകയും ചെയ്യേണ്ടതുണ്ട്‌. കൂടാതെ നാം അധാർമികത വിട്ടോടുകയും ജഡത്തിന്റെ പ്രവൃത്തികളെ ചെറുത്തു നിൽക്കുകയും ഭൗതികത്വത്തെയും ലൗകിക തത്ത്വജ്ഞാനങ്ങളെയും തിരുവെഴുത്തുവിരുദ്ധ സമ്പ്രദായങ്ങളെയും ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്‌. (ഗലാത്യർ 5:19-21; കൊലൊസ്സ്യർ 2:8; 1 തിമൊഥെയൊസ്‌ 6:9, 10; യൂദാ 3, 4) ഇതിനു പുറമേ, ദൈവം നമ്മോടു കൂടെ ഉണ്ടെന്നും അവന്റെ വചനത്തിലുള്ള ബുദ്ധിയുപദേശം വാസ്‌തവമായും ഫലപ്രദമാണെന്നും നാം വിശ്വസിക്കണം.

6, 7. വിശ്വാസത്തിനായി പ്രാർഥിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 നമ്മുടെ നിശ്ചയദാർഢ്യം കൊണ്ടു മാത്രം നമുക്ക്‌ നമ്മുടെയുള്ളിൽ വിശ്വാസം നട്ടുവളർത്താൻ സാധിക്കില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ അവന്റെ പ്രവർത്തനനിരതമായ ശക്തിയുടെ ഒരു ഫലമാണ്‌ വിശ്വാസം. (ഗലാത്യർ 5:22, 23, NW) അതുകൊണ്ട്‌ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെങ്കിൽ നമുക്ക്‌ എന്തു ചെയ്യാനാകും? യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കൊസ്‌ 11:13) അതേ, പരിശുദ്ധാത്മാവിനായി നാം പ്രാർഥിക്കണം. കാരണം ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും ദൈവേഷ്ടം ചെയ്യാൻ ആവശ്യമായ വിശ്വാസം നമ്മിൽ ഉളവാക്കാൻ അതിനു കഴിയും.​—⁠എഫെസ്യർ 3:⁠20.

7 കൂടുതൽ വിശ്വാസത്തിനായി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌. യേശു ഒരു ബാലനിൽനിന്നു ഭൂതത്തെ പുറത്താക്കാൻ ഒരുങ്ങവേ, ആ കുട്ടിയുടെ പിതാവ്‌ ഇങ്ങനെ അപേക്ഷിച്ചു: “ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കേണമേ!” (മർക്കൊസ്‌ 9:​24, പി.ഒ.സി. ബൈബിൾ) “ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്ന്‌ യേശുവിന്റെ ശിഷ്യന്മാർ അഭ്യർഥിക്കുകയുണ്ടായി. (ലൂക്കൊസ്‌ 17:5) അതുകൊണ്ട്‌ നമുക്കു വിശ്വാസത്തിനായി പ്രാർഥിക്കാം, ദൈവം അത്തരം പ്രാർഥനകൾക്ക്‌ ഉത്തരം നൽകുമെന്ന ഉറച്ച ബോധ്യത്തോടെ.​—⁠1 യോഹന്നാൻ 5:⁠14.

ദൈവവചനത്തിലുള്ള വിശ്വാസം മർമപ്രധാനം

8. ദൈവവചനത്തിലുള്ള വിശ്വാസം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

8 തന്റെ ബലിമരണത്തിനു കുറച്ചു നാൾ മുമ്പ്‌, യേശു അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു: ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാൻ 14:1) ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്ക്‌ ദൈവത്തിലും അവന്റെ പുത്രനിലും വിശ്വാസം ഉണ്ട്‌. എന്നാൽ ദൈവവചനത്തിലോ? ലഭ്യമായതിൽ ഏറ്റവും നല്ല ബുദ്ധിയുപദേശവും മാർഗനിർദേശവും ദൈവവചനം പ്രദാനം ചെയ്യുന്നുവെന്ന പൂർണ വിശ്വാസത്തോടെ നാം അതു പഠിക്കുകയും അതിലെ കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ജീവിതത്തെ പ്രയോജനകരമായ വിധത്തിൽ ശക്തമായി സ്വാധീനിക്കാൻ അതിനു കഴിയും.​—⁠എബ്രായർ 4:⁠12.

9, 10. വിശ്വാസത്തെ കുറിച്ച്‌ യാക്കോബ്‌ 1:5-8-ൽ പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?

9 അപൂർണ മനുഷ്യരായ നമ്മുടെ ജീവിതം ക്ലേശപൂർണമാണ്‌. എങ്കിലും ദൈവവചനത്തിലുള്ള വിശ്വാസത്തിനു നമ്മെ വാസ്‌തവമായും സഹായിക്കാൻ കഴിയും. (ഇയ്യോബ്‌ 14:1) ഉദാഹരണത്തിന്‌, ഒരു പരിശോധനയെ കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്നു നമുക്ക്‌ അറിയില്ലെന്നിരിക്കട്ടെ. ദൈവവചനം നമുക്ക്‌ ഈ ബുദ്ധിയുപദേശം തരുന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാററടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.”​—⁠യാക്കോബ്‌ 1:5-8.

10 ജ്ഞാനം കുറവായിരിക്കുന്നതിനാൽ നാം അതിനു വേണ്ടി പ്രാർഥിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ ഭത്സിക്കുകയില്ല. പകരം, പരിശോധനയെ ശരിയായ രീതിയിൽ വീക്ഷിക്കാൻ അവൻ നമ്മെ സഹായിക്കും. സഹവിശ്വാസികളോ ബൈബിളിന്റെ പഠനമോ സഹായകമായ തിരുവെഴുത്തുകൾ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നേക്കാം. അല്ലെങ്കിൽ യഹോവയുടെ പരിശുദ്ധാത്മാവ്‌ നമ്മെ മറ്റേതെങ്കിലും വിധത്തിൽ നയിച്ചേക്കാം. നാം “ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചി”ച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ പരിശോധനകളെ വിജയകരമായി നേരിടാൻ ആവശ്യമായ ജ്ഞാനം നമ്മുടെ സ്വർഗീയ പിതാവ്‌ നമുക്കു നൽകും. കാറ്റടിച്ച്‌ അലയുന്ന കടൽത്തിര പോലെയാണു നാമെങ്കിൽ ദൈവത്തിൽനിന്ന്‌ എന്തെങ്കിലും ലഭിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാവില്ല. എന്തുകൊണ്ട്‌? കാരണം പ്രാർഥനയിലും മറ്റു കാര്യങ്ങളിലും​—⁠വിശ്വാസത്തിന്റെ കാര്യത്തിൽപോലും​—⁠നാം ഇരുമനസ്സുള്ളവരും സ്ഥിരത ഇല്ലാത്തവരും ആണെന്ന്‌ അത്‌ അർഥമാക്കുന്നു. അതുകൊണ്ട്‌ ദൈവവചനത്തിലും അതു പ്രദാനം ചെയ്യുന്ന മാർഗനിർദേശത്തിലും നമുക്ക്‌ ഉറച്ച വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമാണ്‌. ദൈവവചനം സഹായവും മാർഗനിർദേശവും നൽകുന്ന വിധം സംബന്ധിച്ച ചില ഉദാഹരണങ്ങൾ നമുക്കു പരിചിന്തിക്കാം.

വിശ്വാസവും ഉപജീവനവും

11. ദൈവവചനത്തിലുള്ള വിശ്വാസം നമ്മുടെ ദൈനംദിന ആവശ്യങ്ങൾ സംബന്ധിച്ചു നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

11 പാർപ്പിടമോ ആവശ്യത്തിന്‌ ആഹാരമോ ഇല്ലാതെ, ദരിദ്രമായ ഒരു അവസ്ഥയിലാണ്‌ നാം എങ്കിലോ? ദൈവവചനത്തിലുള്ള വിശ്വാസം, യഹോവ ഇപ്പോൾപ്പോലും നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുമെന്നും തന്നെ സ്‌നേഹിക്കുന്ന ഏവർക്കും പുതിയ ലോകത്തിൽ എല്ലാവിധ സമൃദ്ധിയും നൽകുമെന്നും ഉള്ള ഉറച്ച പ്രതീക്ഷ നൽകുന്നു. (സങ്കീർത്തനം 72:16; ലൂക്കൊസ്‌ 11:2, 3) ഒരു ക്ഷാമകാലത്ത്‌ യഹോവ തന്റെ പ്രവാചകനായ ഏലീയാവിനെ പോറ്റിയതിനെ കുറിച്ചുള്ള വിവരണം പരിചിന്തിക്കുന്നതു പ്രോത്സാഹജനകമായിരുന്നേക്കാം. അതേ ക്ഷാമകാലത്തുതന്നെ, ഒരു വിധവയുടെ വീട്ടിലെ എണ്ണയും മാവും തീർന്നുപോകാതിരിക്കാൻ അത്ഭുതകരമായി ഇടയാക്കിക്കൊണ്ട്‌ യഹോവ അവളെയും മകനെയും ഏലീയാ പ്രവാചകനെയും രക്ഷിച്ചു. (1 രാജാക്കന്മാർ 17:2-16) ബാബിലോന്യർ യെരൂശലേമിനെ ഉപരോധിച്ച കാലത്ത്‌ യഹോവ യിരെമ്യാ പ്രവാചകനെ സമാനമായി പോറ്റുകയുണ്ടായി. (യിരെമ്യാവു 37:21) യിരെമ്യാവിനും ഏലീയാവിനും മൃഷ്ടഭോജനമൊന്നും ലഭിച്ചില്ലെങ്കിലും യഹോവ അവർക്കായി കരുതി. തന്നിൽ വിശ്വാസം പ്രകടമാക്കുന്നവർക്കുവേണ്ടി ഇന്നും അവൻ അതുതന്നെ ചെയ്യുന്നു.​—⁠മത്തായി 6:11, 25-34.

12. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വിശ്വാസം സഹായിക്കുന്നത്‌ എങ്ങനെ?

12 വിശ്വാസവും ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കലും നമ്മെ ഭൗതികമായി സമ്പന്നരാക്കുകയില്ല, എന്നാൽ നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ അവ നമ്മെ സഹായിക്കും. അത്‌ നമുക്ക്‌ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: സത്യസന്ധരും സമർഥരും പ്രയത്‌നശീലരും ആയിരിക്കാൻ ബൈബിൾ നമ്മെ ബുദ്ധിയുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 22:29; സഭാപ്രസംഗി 5:18, 19; 2 കൊരിന്ത്യർ 8:​21, NW) ഒരു നല്ല ജോലിക്കാരൻ എന്ന സത്‌പേരിന്റെ മൂല്യം നാം ഒരിക്കലും കുറച്ചു കാണരുത്‌. നല്ല വേതനം ലഭിക്കുന്ന ജോലികൾ വളരെ കുറവായിരിക്കുന്നിടങ്ങളിൽ പോലും സത്യസന്ധരും സമർഥരും പ്രയത്‌നശീലരുമായ ജോലിക്കാർക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നു. അത്തരം ജോലിക്കാർക്ക്‌ ഭൗതികമായി അധികം ഉണ്ടായിരിക്കില്ലെങ്കിലും സാധാരണഗതിയിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു, അതുപോലെ തങ്ങളുടെതന്നെ അധ്വാനത്തിന്റെ ഫലം ഭക്ഷിക്കുന്നതിലെ സംതൃപ്‌തിയും അവർക്കുണ്ടായിരിക്കും.​—⁠2 തെസ്സലൊനീക്യർ 3:11, 12.

മരണ ദുഃഖം താങ്ങാൻ വിശ്വാസം നമ്മെ സഹായിക്കുന്നു

13, 14. മരണ ദുഃഖം താങ്ങാൻ വിശ്വാസം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

13 നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ കഠിനമായി ദുഃഖം തോന്നുന്നതു സ്വാഭാവികമാണെന്നു ദൈവവചനം കാണിക്കുന്നു. വിശ്വസ്‌ത ഗോത്രപിതാവായ അബ്രാഹാം തന്റെ പ്രിയപ്പെട്ട ഭാര്യ സാറായുടെ മരണത്തിൽ വിലപിച്ചു. (ഉല്‌പത്തി 23:2) തന്റെ മകനായ അബ്‌ശാലോമിന്റെ മരണവാർത്ത അറിഞ്ഞ്‌ ദാവീദ്‌ മനംനൊന്തു കരഞ്ഞു. (2 ശമൂവേൽ 18:33) പൂർണ മനുഷ്യനായിരുന്ന യേശു പോലും തന്റെ സുഹൃത്തായ ലാസറിന്റെ മരണത്തിൽ കണ്ണീർ വാർത്തു. (യോഹന്നാൻ 11:35, 36) പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ നമുക്ക്‌ അടക്കാനാവാത്ത ദുഃഖം തോന്നിയേക്കാം, പക്ഷേ അതു താങ്ങാൻ ദൈവവചനത്തിലെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം നമ്മെ സഹായിക്കും.

14 “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു” എന്ന്‌ പൗലൊസ്‌ പറയുകയുണ്ടായി. (പ്രവൃത്തികൾ 24:15) മരണമടഞ്ഞ അനേകായിരങ്ങളെ ജീവനിലേക്കു തിരികെ കൊണ്ടുവരാനുള്ള ദൈവത്തിന്റെ ക്രമീകരണത്തിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കണം. (യോഹന്നാൻ 5:28, 29) ദൈവത്തിന്റെ പുതിയ ഭൂമിയിലേക്കുള്ള പുനരുത്ഥാനവും കാത്ത്‌ മരണത്തിൽ നിദ്ര കൊള്ളുന്ന അബ്രാഹാമും സാറായും, യിസ്‌ഹാക്കും റിബെക്കയും, യാക്കോബും ലേയയും എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. (ഉല്‌പത്തി 49:29-32) ഭൂമിയിൽ ജീവിക്കുന്നതിനായി നമ്മുടെ പ്രിയപ്പെട്ടവർ മരണമാകുന്ന നിദ്രയിൽനിന്ന്‌ ഉണർത്തപ്പെടുമ്പോൾ അത്‌ എത്ര ആഹ്ലാദകരമായ ഒരു അനുഭവം ആയിരിക്കും! (വെളിപ്പാടു 20:11-15) ആ ദിവസം വന്നെത്തുന്നതുവരെ, വിശ്വാസം ദുഃഖത്തെ പാടേ നീക്കം ചെയ്യുകയില്ല, എന്നാൽ മരണ ദുഃഖം താങ്ങാൻ നമ്മെ സഹായിക്കുന്നവനായ ദൈവത്തോട്‌ അതു നമ്മെ അടുപ്പിച്ചുനിറുത്തും.​—⁠സങ്കീർത്തനം 121:1-3; 2 കൊരിന്ത്യർ 1:⁠3.

വിശ്വാസം വിഷാദചിത്തരെ ശക്തീകരിക്കുന്നു

15, 16. (എ) വിശ്വാസം ഉള്ളവർ വിഷാദത്തിന്റെ പിടിയിലമരുന്നെങ്കിൽ അവരുടേത്‌ ഒരു ഒറ്റപ്പെട്ട സാഹചര്യം അല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) വിഷാദത്തെ കൈകാര്യം ചെയ്യാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

15 വിശ്വാസം ഉള്ള വ്യക്തികളെ പോലും വിഷാദം പിടികൂടിയേക്കാമെന്ന്‌ ദൈവവചനം പ്രകടമാക്കുന്നു. തന്റെ കഠിനമായ പരിശോധനയുടെ സമയത്ത്‌ ദൈവം തന്നെ കൈവിട്ടതായി ഇയ്യോബിനു തോന്നി. (ഇയ്യോബ്‌ 29:2-5) യെരൂശലേമിന്റെയും അതിന്റെ മതിലുകളുടെയും ശൂന്യാവസ്ഥ നെഹെമ്യാവിനെ ദുഃഖിതനാക്കി. (നെഹെമ്യാവു 2:1-3) യേശുവിനെ തള്ളിപ്പറഞ്ഞതിനെ തുടർന്ന്‌ ആകെ തകർന്നുപോയ പത്രൊസ്‌ “അതിദുഃഖത്തോടെ കരഞ്ഞു.” (ലൂക്കൊസ്‌ 22:62) “വിഷാദമുള്ള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കുവിൻ” എന്ന്‌ പൗലൊസ്‌ തെസ്സലൊനീക്യ സഭയിലെ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:​14, NW) അതുകൊണ്ട്‌ ഇന്ന്‌, വിശ്വാസം ഉള്ളവർ വിഷാദത്തിന്റെ പിടിയിലമരുന്നെങ്കിൽ അവരുടേത്‌ ഒരു ഒറ്റപ്പെട്ട സാഹചര്യമല്ല. അങ്ങനെയെങ്കിൽ വിഷാദത്തെ തരണം ചെയ്യാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

16 ഗുരുതരമായ പല പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതുകൊണ്ടായിരിക്കാം ഒരുപക്ഷേ നമുക്കു വിഷാദം അനുഭവപ്പെടുന്നത്‌. അവയെ എല്ലാം ഒന്നിച്ചുചേർത്ത്‌ ഒരൊറ്റ വലിയ പ്രശ്‌നമായി കാണുന്നതിനു പകരം, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ഓരോ പ്രശ്‌നങ്ങൾക്കായി പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്‌. ഇതു നമ്മുടെ വിഷാദത്തെ ലഘൂകരിക്കാൻ സഹായിച്ചേക്കും. സന്തുലിതമായ പ്രവർത്തനവും ആവശ്യത്തിനു വിശ്രമം എടുക്കുന്നതും സഹായകമായേക്കാം. ഒരു കാര്യം ഉറപ്പാണ്‌: ദൈവത്തിലും അവന്റെ വചനത്തിലും ഉള്ള വിശ്വാസം ആത്മീയ ക്ഷേമത്തെ ഉന്നമിപ്പിക്കും, കാരണം അവൻ നമ്മെ കുറിച്ചു കരുതുന്നു എന്ന നമ്മുടെ ബോധ്യത്തെ അതു ശക്തിപ്പെടുത്തും.

17. യഹോവ നമുക്കായി കരുതുന്നുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

17 പത്രൊസ്‌ നമുക്ക്‌ ആശ്വാസദായകമായ ഈ ഉറപ്പു നൽകുന്നു: “അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ്‌ 5:6, 7) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.” (സങ്കീർത്തനം 145:14) ഈ ഉറപ്പുകളിൽ നാം വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്‌, കാരണം അവ ദൈവവചനത്തിലാണു കാണുന്നത്‌. വിഷാദം നമ്മെ വിട്ടുപോകാതിരുന്നേക്കാമെങ്കിലും, നമ്മുടെ എല്ലാ ആകുലതകളും സ്‌നേഹവാനായ നമ്മുടെ സ്വർഗീയ പിതാവിന്റെമേൽ ഇടാൻ കഴിയുമെന്ന അറിവ്‌ വിശ്വാസത്തെ എത്രയധികം ബലപ്പെടുത്തുന്നതാണ്‌!

വിശ്വാസവും മറ്റു പരിശോധനകളും

18, 19. രോഗാവസ്ഥയിൽ സഹിച്ചുനിൽക്കാനും രോഗികളായ സഹവിശ്വാസികളെ ആശ്വസിപ്പിക്കാനും വിശ്വാസം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

18 നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഗുരുതരമായ രോഗം പിടിപെടുമ്പോൾ വിശ്വാസത്തിന്റെ ഒരു കടുത്ത പരിശോധനയെ നാം അഭിമുഖീകരിച്ചേക്കാം. എപ്പഫ്രൊദിത്തൊസ്‌, തിമൊഥെയൊസ്‌, ത്രൊഫിമൊസ്‌ എന്നീ ക്രിസ്‌ത്യാനികൾക്ക്‌ അത്ഭുതകരമായി സൗഖ്യം ലഭിച്ചതായി ബൈബിൾ പറയുന്നില്ലെങ്കിലും സഹിച്ചുനിൽക്കാൻ യഹോവ അവരെ സഹായിച്ചു എന്നതിനു സംശയമില്ല. (ഫിലിപ്പിയർ 2:25-30; 1 തിമൊഥെയൊസ്‌ 5:23; 2 തിമൊഥെയൊസ്‌ 4:20) കൂടാതെ, “എളിയവനെ ആദരിക്കുന്ന” ഒരുവനെ കുറിച്ച്‌ സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാററിവിരിക്കുന്നു.” (സങ്കീർത്തനം 41:1-3) രോഗത്താൽ ദുരിതമനുഭവിക്കുന്ന സഹവിശ്വാസികളെ ആശ്വസിപ്പിക്കാൻ സങ്കീർത്തനക്കാരന്റെ വാക്കുകൾ നമ്മെ എങ്ങനെ സഹായിക്കും?

19 ആത്മീയ സഹായം നൽകാവുന്ന ഒരു വിധം, നാം രോഗികളായവരോടൊപ്പവും അവർക്കു വേണ്ടിയും പ്രാർഥിക്കുന്നതാണ്‌. അത്ഭുതകരമായ സൗഖ്യമാക്കലിനായി ഇന്നു നാം അപേക്ഷിക്കുന്നില്ലെങ്കിലും, തങ്ങളുടെ രോഗാവസ്ഥയിൽ സഹിച്ചുനിൽക്കുന്നതിനു വേണ്ട മനക്കരുത്തും അവശതയുടേതായ ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ആത്മീയ ശക്തിയും അവർക്കു പ്രദാനം ചെയ്യാൻ നമുക്കു ദൈവത്തോടു പ്രാർഥിക്കാൻ കഴിയും. യഹോവ അവരെ താങ്ങും. ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ കാലത്തിനായി നോക്കിപ്പാർത്തിരിക്കുന്നതുവഴി അവരുടെ വിശ്വാസം ശക്തിപ്പെടും. (യെശയ്യാവു 33:24) പുനരുത്ഥാനം ചെയ്യപ്പെട്ട യേശുക്രിസ്‌തുവിലൂടെ, ദൈവരാജ്യം മുഖാന്തരം, അനുസരണമുള്ള മനുഷ്യവർഗത്തിന്‌ പാപം, രോഗം, മരണം എന്നിവയിൽനിന്നു ശാശ്വതമായ മോചനം ലഭിക്കുമെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസദായകമാണ്‌! മഹത്തായ ഈ പ്രത്യാശകൾക്കായി, ‘നമ്മുടെ സകലരോഗങ്ങളെയും സൌഖ്യമാക്കാൻ പോകുന്ന’ യഹോവയാം ദൈവത്തിനു നാം നന്ദി നൽകുന്നു.—സങ്കീർത്തനം 103:1-3; വെളിപ്പാടു 21:1-5.

20. വാർധക്യത്തിന്റേതായ “ദുർദ്ദിവസങ്ങ”ളിൽ പിടിച്ചുനിൽക്കാൻ വിശ്വാസം നമ്മെ സഹായിക്കുമെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 ശക്തിയും ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന, വാർധക്യത്തിന്റേതായ “ദുർദ്ദിവസങ്ങ”ളിൽ പിടിച്ചുനിൽക്കാനും വിശ്വാസം നമ്മെ സഹായിക്കും. (സഭാപ്രസംഗി 12:1-7) അതുകൊണ്ട്‌ നമുക്കിടയിലെ പ്രായമായവർക്ക്‌ വാർധക്യം പ്രാപിച്ചുകൊണ്ടിരുന്ന സങ്കീർത്തനക്കാരനെ പോലെ ഇങ്ങനെ പ്രാർഥിക്കാൻ കഴിയും: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; . . . വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” (സങ്കീർത്തനം 71:5, 9) സങ്കീർത്തനക്കാരന്‌ യഹോവയുടെ പിന്തുണയുടെ ആവശ്യം അനുഭവപ്പെട്ടു, ദൈവസേവനത്തിൽ അനേക വർഷങ്ങൾ പിന്നിട്ട്‌ ഇപ്പോൾ വാർധക്യത്തിൽ എത്തിയിരിക്കുന്ന നമ്മുടെ സഹക്രിസ്‌ത്യാനികളിൽ പലർക്കും അനുഭവപ്പെടുന്നതുപോലെ. അവരുടെ വിശ്വാസം നിമിത്തം, യഹോവയുടെ ശാശ്വതഭുജങ്ങൾ എന്നെന്നും തങ്ങളെ താങ്ങുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠ആവർത്തനപുസ്‌തകം 33:⁠27.

ദൈവവചനത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക

21, 22. നമുക്കു വിശ്വാസം ഉണ്ടെങ്കിൽ അത്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു?

21 സുവാർത്തയിലും മുഴു ദൈവവചനത്തിലും ഉള്ള വിശ്വാസം യഹോവയുമായി പൂർവാധികം അടുക്കാൻ നമ്മെ സഹായിക്കുന്നു. (യാക്കോബ്‌ 4:8) യഹോവ പരമാധീശ കർത്താവാണ്‌ എന്നുള്ളതു ശരിതന്നെ. എന്നാൽ അവൻ നമ്മുടെ സ്രഷ്ടാവും പിതാവും കൂടെയാണ്‌. (യെശയ്യാവു 64:8; മത്തായി 6:9; പ്രവൃത്തികൾ 4:​24, NW) “നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 89:26) നാം യഹോവയിലും അവന്റെ നിശ്വസ്‌ത വചനത്തിലും വിശ്വാസം പ്രകടമാക്കുന്നെങ്കിൽ ‘നമ്മുടെ രക്ഷയുടെ പാറ’യായി നമുക്കും അവനെ വീക്ഷിക്കാൻ സാധിക്കും. എത്ര ഹൃദയോഷ്‌മളമായ പദവി!

22 ആത്മജാതരായ ക്രിസ്‌ത്യാനികളുടെയും അവരുടെ ഭൗമിക പ്രത്യാശയുള്ള സഹകാരികളുടെയും പിതാവാണ്‌ യഹോവ. (റോമർ 8:15) നമ്മുടെ സ്വർഗീയ പിതാവിലുള്ള വിശ്വാസം ഒരിക്കലും നമ്മെ നിരാശയിലേക്കു നയിക്കുകയില്ല. ദാവീദ്‌ ഇപ്രകാരം പറഞ്ഞു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) കൂടാതെ, നമുക്ക്‌ ഈ ഉറപ്പുണ്ട്‌: “യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല.”​—⁠1 ശമൂവേൽ 12:⁠22.

23. യഹോവയുമായി ഒരു ശാശ്വത ബന്ധം ആസ്വദിക്കണമെങ്കിൽ എന്ത്‌ ആവശ്യമാണ്‌?

23 യഹോവയുമായി ശാശ്വതമായ ഒരു ബന്ധം ആസ്വദിക്കണമെങ്കിൽ തീർച്ചയായും നമുക്കു സുവാർത്തയിൽ വിശ്വാസം ഉണ്ടായിരിക്കണം. കൂടാതെ, തിരുവെഴുത്തുകളെ അവ സാക്ഷാൽ ആയിരിക്കുന്നതുപോലെ ദൈവവചനമായിത്തന്നെ നാം കൈക്കൊള്ളുകയും വേണം. (1 തെസ്സലൊനീക്യർ 2:13) നമുക്ക്‌ യഹോവയിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കണം, അതുപോലെ നമ്മുടെ പാതയെ പ്രകാശമാനമാക്കാൻ അവന്റെ വചനത്തെ നാം അനുവദിക്കുകയും ചെയ്യണം. (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 3:5, 6) അവന്റെ അനുകമ്പയിലും കരുണയിലും സഹായത്തിലും ഉള്ള ദൃഢവിശ്വാസത്തോടെ അവനോടു പ്രാർഥിക്കുമ്പോൾ നമ്മുടെ വിശ്വാസം വളരും.

24. റോമർ 14:​8-ൽ സാന്ത്വനദായകമായ ഏത്‌ ആശയം അവതരിപ്പിച്ചിരിക്കുന്നു?

24 എന്നേക്കുമായി ദൈവത്തിനു നമ്മെ സമർപ്പിക്കാൻ വിശ്വാസം പ്രേരിപ്പിച്ചിരിക്കുന്നു. ശക്തമായ വിശ്വാസം ഉണ്ടെങ്കിൽ, പുനരുത്ഥാന പ്രത്യാശയുള്ള നാം മരണശേഷവും അവന്റെ സമർപ്പിത ദാസരായി തുടരും. അതേ, “ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ [“യഹോവയ്‌ക്ക്‌,” NW] തന്നേ.” (റോമർ 14:8) ദൈവത്തിന്റെ വചനത്തിലുള്ള ബോധ്യം കാത്തുസൂക്ഷിക്കുകയും സുവാർത്തയിൽ തുടർന്നും വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്യവേ ആ സാന്ത്വനദായകമായ ആശയം നമുക്കു ഹൃദയത്തിൽ പിടിക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• എന്താണ്‌ വിശ്വാസം, ഈ ഗുണം നമുക്ക്‌ ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• സുവാർത്തയിലും മുഴു ദൈവവചനത്തിലും നമുക്കു വിശ്വാസം ഉണ്ടായിരിക്കേണ്ടതു മർമപ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• വിവിധ പരിശോധനകളെ നേരിടാൻ വിശ്വാസം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• വിശ്വാസം കാത്തുസൂക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[12 -ാം പേജിലെ ചിത്രങ്ങൾ]

യിരെമ്യാവിനും ഏലീയാവിനും വിശ്വാസം ഉണ്ടായിരുന്നതിനാൽ യഹോവ അവരെ പോറ്റിപ്പുലർത്തി

[13 -ാം പേജിലെ ചിത്രങ്ങൾ]

ഇയ്യോബിനും പത്രൊസിനും നെഹെമ്യാവിനും ഉറച്ച വിശ്വാസം ഉണ്ടായിരുന്നു

[15 -ാം പേജിലെ ചിത്രങ്ങൾ]

യഹോവയുമായി ഒരു ശാശ്വത ബന്ധം ആസ്വദിക്കണമെങ്കിൽ നമുക്ക്‌ സുവാർത്തയിൽ വിശ്വാസം ഉണ്ടായിരിക്കണം