വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുമ്പും പിമ്പും—ദൈവവചനം പ്രഭാവം ചെലുത്തുന്നു

മുമ്പും പിമ്പും—ദൈവവചനം പ്രഭാവം ചെലുത്തുന്നു

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”

മുമ്പും പിമ്പും—ദൈവവചനം പ്രഭാവം ചെലുത്തുന്നു

കൗമാരത്തിന്റെ ആദ്യഘട്ടത്തിൽ ടോണി ഒരു മുരടനും വഴക്കാളിയും ആയിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള കുപ്രസിദ്ധ സ്ഥലങ്ങളിലെ ഒരു നിത്യ സന്ദർശകൻ കൂടെ ആയിരുന്നു അവൻ. റൗഡികളും അവനു സുഹൃത്തുക്കളായി ഉണ്ടായിരുന്നു. മോഷണം നടത്തുന്നതും മറ്റ്‌ ഗുണ്ടാസംഘങ്ങളുമായി തല്ലുണ്ടാക്കുന്നതും തെരുവിൽ തോക്കുകൊണ്ടുള്ള പോരാട്ടത്തിൽ ഏർപ്പെടുന്നതുമൊക്കെ അവരുടെ സ്ഥിരം പരിപാടികളായിരുന്നു.

ഒമ്പതാമത്തെ വയസ്സിൽ ടോണി പുകവലി തുടങ്ങി. 14 വയസ്സായപ്പോഴേക്കും അവൻ കഞ്ചാവിന്‌ അടിമയായി അധാർമിക ജീവിതം നയിക്കുകയായിരുന്നു. 16 വയസ്സായപ്പോൾ ഹെറോയിന്‌ അടിമയായി. അത്‌ അവനെ കൊക്കെയ്‌നും എൽഎസ്‌ഡി-യും ഉപയോഗിക്കുന്നതിൽ കൊണ്ടെത്തിച്ചു. “എനിക്കു ലഹരിപകരുന്ന എന്തും ഞാൻ ഉപയോഗിക്കുമായിരുന്നു” എന്ന്‌ ടോണി പറയുന്നു. പിന്നീട്‌, അവൻ രണ്ടു കുപ്രസിദ്ധ കുറ്റകൃത്യ സംഘങ്ങളുമായി മയക്കുമരുന്ന്‌ ഇടപാടുകൾ നടത്താൻ ആരംഭിച്ചു. പെട്ടെന്നുതന്നെ, ഓസ്‌ട്രേലിയയുടെ പൂർവ തീരത്തെ ഏറ്റവും ‘ആശ്രയയോഗ്യനായ’ മയക്കുമരുന്നു ദാതാക്കളിൽ ഒരാളായി അവൻ അറിയപ്പെടാൻ ഇടയായി.

ഹെറോയിനും കഞ്ചാവിനുംവേണ്ടി ടോണിക്കു ദിവസവും വരുന്ന ചെലവ്‌ 8,000 മുതൽ 16,000 വരെ രൂപ ആയിരുന്നു. അവന്റെ ഈ സ്വഭാവം നിമിത്തം മറ്റനേക വിധങ്ങളിലും അവന്റെ കുടുംബം കഷ്ടപ്പെടേണ്ടിവന്നു. അവൻ പറയുന്നു: “ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന മയക്കുമരുന്നും പണവും തേടിവന്ന അക്രമികൾ എന്റെയും ഭാര്യയുടെയും തലയ്‌ക്കുനേരെ കത്തിയും തോക്കും ചൂണ്ടിയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌.” മൂന്നു പ്രാവശ്യം ജയിലിലായ ശേഷം, ഈ ജീവിതരീതി തന്നെ എവിടെ കൊണ്ടെത്തിക്കുമെന്നു പരിശോധിക്കാൻ ടോണി പ്രേരിതനായി.

പള്ളിയിൽ പോകുമായിരുന്നെങ്കിലും, പാപികളെ നരകത്തിൽ നിത്യം ദണ്ഡിപ്പിക്കുന്നതായി കരുതപ്പെടുന്ന ഒരു ദൈവത്തോടു തനിക്ക്‌ അടുക്കാൻ കഴിയാത്തതായി ടോണിക്കു തോന്നി. യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾ ടോണിയെ സന്ദർശിച്ചപ്പോൾ, ദൈവത്തെ കുറിച്ചുള്ള തന്റെ ധാരണ ശരിയല്ലെന്ന്‌ അവൻ മനസ്സിലാക്കി. അവൻ ശരിക്കും അതിശയിച്ചുപോയി. തന്റെ ജീവിതം ക്രമപ്പെടുത്താനും അങ്ങനെ ദൈവാനുഗ്രഹം നേടാനും തനിക്കു കഴിയുമെന്നതിൽ ടോണിക്കു സന്തോഷം തോന്നി. “ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ” എന്ന യേശുക്രിസ്‌തുവിന്റെ പ്രസ്‌താവന ടോണിക്കു പ്രചോദനമേകി. (മർക്കൊസ്‌ 10:27) പ്രത്യേകിച്ച്‌ ടോണിയുടെ ഹൃദയത്തെ സ്‌പർശിച്ചത്‌ പിൻവരുന്ന പ്രോത്സാഹജനകമായ വാക്കുകളാണ്‌: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”​—⁠യാക്കോബ്‌ 4:⁠8.

ഇപ്പോൾ, തന്റെ ജീവിതത്തെ ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരിക എന്ന വെല്ലുവിളിയെ ടോണി അഭിമുഖീകരിച്ചു. അവൻ പറയുന്നു: “ഞാൻ ആദ്യമായി ഉപേക്ഷിച്ച സംഗതി പുകവലി ആയിരുന്നു. പല പ്രാവശ്യത്തെ ശ്രമത്തിന്റെ ഫലമായാണ്‌ ഒടുവിൽ എനിക്കതിനു സാധിച്ചത്‌. 15 വർഷമായി മയക്കുമരുന്നിന്റെ പിടിയിലായിരുന്ന എനിക്ക്‌, യഹോവയുടെ ശക്തിയാൽ അതിൽനിന്നു മോചിതനാകാൻ കഴിഞ്ഞു. ഇത്‌ എന്നെങ്കിലും സാധിക്കുമെന്ന്‌ ഞാൻ കരുതിയിരുന്നതേയല്ല.”

ആളുകളെ നരകത്തിൽ നിത്യമായി ദണ്ഡിപ്പിക്കുന്ന ഒരു ദൈവത്തെ​—⁠അങ്ങനെയൊരു പഠിപ്പിക്കൽ ബൈബിളിൽ ഒരിടത്തുമില്ല​—⁠ഭയപ്പെടുന്നതിനു പകരം ടോണിയും ഭാര്യയും പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ സ്വീകരിച്ചു. (സങ്കീർത്തനം 37:10, 11; സദൃശവാക്യങ്ങൾ 2:21) ‘ജീവിതം ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരുന്നതിന്‌ എനിക്കു വളരെയധികം സമയവും ശ്രമവും ചെലവഴിക്കേണ്ടിവന്നു. എങ്കിലും യഹോവയുടെ അനുഗ്രഹത്താൽ ഞാൻ വിജയിച്ചിരിക്കുന്നു,’ ടോണി സമ്മതിച്ചു പറയുന്നു.

അതേ, മുമ്പ്‌ മയക്കുമരുന്ന്‌ ആസക്തനായിരുന്ന ഈ വ്യക്തി ഒരു ക്രിസ്‌ത്യാനി ആയിത്തീർന്നു. ബൈബിൾ വിദ്യാഭ്യാസ വേലയ്‌ക്കായി അദ്ദേഹവും ഭാര്യയും തങ്ങളുടെ സമയവും​—⁠ആയിരക്കണക്കിന്‌ മണിക്കൂറുകൾ പോലും​—⁠വിഭവങ്ങളും സ്വമേധയാ വിനിയോഗിച്ചിരിക്കുന്നു. തങ്ങളുടെ രണ്ടു മക്കളെയും ദൈവഭക്തിയുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിലും അവർ ശ്രദ്ധിക്കുന്നു. സമൂലമായ ഈ മാറ്റം വരുത്താൻ കഴിഞ്ഞത്‌ ദൈവവചനമായ ബൈബിളിന്റെ അപ്രതിരോധ്യമായ ശക്തിയാലാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നതുപോലെ, ‘ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്‌.’​—⁠എബ്രായർ 4:​12, NW.

ഇത്തരം നല്ല ഉദാഹരണങ്ങൾ ഉണ്ടെങ്കിലും, യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസ വേല കുടുംബങ്ങളെ തകർക്കുന്നതും യുവജനങ്ങളിലെ ഉത്തമ മൂല്യങ്ങളെ നശിപ്പിക്കുന്നതുമാണെന്ന്‌ ചിലർ അന്യായമായി വാദിക്കാറുണ്ട്‌. എന്നാൽ അത്തരം വാദഗതികളിൽ യാതൊരു കഴമ്പുമില്ലെന്നു ടോണിയുടെ അനുഭവം തെളിയിക്കുന്നു.

മാരകമായ ആസക്തികളെ കീഴടക്കാനാകുമെന്ന്‌ ടോണിയെപ്പോലെ അനേകർ മനസ്സിലാക്കിയിരിക്കുന്നു. എങ്ങനെയാണ്‌ അതിനു സാധിക്കുക? ദൈവത്തിലുള്ള വിശ്വാസം, അവനിലും അവന്റെ വചനത്തിലുമുള്ള ആശ്രയം, സ്‌നേഹസമ്പന്നരും മറ്റുള്ളവരിൽ തത്‌പരരുമായ ക്രിസ്‌തീയ സഹകാരികളിൽനിന്നുള്ള സഹായം എന്നിവ നിമിത്തം. ടോണി സന്തോഷത്തോടെ ഇങ്ങനെ പറഞ്ഞ്‌ ഉപസംഹരിക്കുന്നു: “ബൈബിൾ തത്ത്വങ്ങൾ എന്റെ മക്കളെ എങ്ങനെ സംരക്ഷിച്ചിരിക്കുന്നു എന്ന്‌ എനിക്കു നിരീക്ഷിക്കാനായി. ബൈബിളിന്റെ പഠിപ്പിക്കലുകൾ എന്റെ ദാമ്പത്യബന്ധത്തെ സംരക്ഷിച്ചു. ഇപ്പോൾ എന്റെ അയൽക്കാർ പേടിക്കാതെ കിടന്നുറങ്ങുന്നു, കാരണം മേലാൽ ഞാൻ അവർക്ക്‌ ഒരു ഭീഷണിയല്ല.”

[9 -ാം പേജിലെ ആകർഷക വാക്യം]

“15 വർഷമായി മയക്കുമരുന്നിന്റെ പിടിയിലായിരുന്ന എനിക്ക്‌, യഹോവയുടെ ശക്തിയാൽ അതിൽനിന്നു മോചിതനാകാൻ കഴിഞ്ഞു”

[9 -ാം പേജിലെ ചതുരം]

ഫലപ്രദമായ ബൈബിൾ തത്ത്വങ്ങൾ

മയക്കുമരുന്ന്‌ ആസക്തിയെന്ന ഹാനികരമായ ശീലത്തെ ഉപേക്ഷിക്കാൻ നിരവധി പേരെ പല ബൈബിൾ തത്ത്വങ്ങളും സഹായിച്ചിട്ടുണ്ട്‌. പിൻവരുന്നവ അവയിൽ ചിലതാണ്‌:

“ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്‌ ദൈവനിയമത്തിന്‌ എതിരാണ്‌.

“യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.” (സദൃശവാക്യങ്ങൾ 9:10) യഹോവയെയും അവന്റെ വഴികളെയും സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ അവനോടുള്ള ആദരവ്‌ മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചിതരാകാൻ അനേകരെ സഹായിച്ചിരിക്കുന്നു.

“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ദൈവത്തിലുള്ള ഹൃദയംഗമമായ ആശ്രയത്താലും അവനിലുള്ള പൂർണ വിശ്വാസത്താലും വിനാശകമായ ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കും.