വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കോടതിയിൽ സത്യം ബോധിപ്പിച്ചുകൊള്ളാമെന്ന്‌ ബൈബിളിൽ കൈവെച്ച്‌ പ്രതിജ്ഞ ചെയ്യുന്നത്‌ ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുപ്രകാരം ശരിയാണോ?

ഇക്കാര്യത്തിൽ ഓരോരുത്തരും വ്യക്തിപരമായി തീരുമാനം എടുക്കണം. (ഗലാത്യർ 6:5) എന്നിരുന്നാലും കോടതിയിൽ സത്യം ബോധിപ്പിച്ചുകൊള്ളാമെന്ന്‌ പ്രതിജ്ഞ ചെയ്യുന്നതിനെ ബൈബിൾ വിലക്കുന്നില്ല.

സത്യം ചെയ്യുന്നത്‌ പണ്ടു മുതലേ, വ്യാപകമായ ഒരു സമ്പ്രദായമാണ്‌. ഉദാഹരണത്തിന്‌, പുരാതന നാളുകളിൽ ഗ്രീക്കുകാർ സത്യം ചെയ്യുമ്പോൾ ഒരു കൈ ആകാശത്തേക്ക്‌ ഉയർത്തുകയോ ഒരു ബലിപീഠത്തിൽ തൊടുകയോ ചെയ്യുമായിരുന്നു. സത്യം ചെയ്യുന്ന ഒരു റോമാക്കാരൻ ഒരു കല്ല്‌ കയ്യിൽ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറയുമായിരുന്നു: “ഞാൻ മനപ്പൂർവം വ്യാജം പറഞ്ഞ്‌ വഞ്ചിക്കുന്നെങ്കിൽ, ഈ നഗരത്തിന്റെയും കോട്ടയുടെയും സംരക്ഷകനായ ജൂപ്പിറ്റർ [ദേവൻ], ഞാൻ ഈ കല്ല്‌ എറിഞ്ഞുകളയുന്നതുപോലെ എല്ലാ നന്മകളിൽനിന്നും എന്നെയും എറിഞ്ഞുകളയട്ടെ.”​—⁠ജോൺ മക്ലിന്റോക്കും ജയിംസ്‌ സ്‌ട്രോങ്ങും തയ്യാറാക്കിയ ബൈബിളിനെയും ദൈവശാസ്‌ത്രത്തെയും പൗരോഹിത്യത്തെയും കുറിച്ചു പ്രതിപാദിക്കുന്ന സാഹിത്യ വിജ്ഞാനകോശം (ഇംഗ്ലീഷ്‌), വാല്യം VII, പേജ്‌ 260.

മനുഷ്യരെ നിരീക്ഷിക്കാൻ കഴിവുള്ളതും അവർ കണക്കുബോധിപ്പിക്കേണ്ടതുമായ ഒരു ദിവ്യശക്തിയുടെ അസ്‌തിത്വത്തെ അംഗീകരിക്കാനുള്ള മനുഷ്യവർഗത്തിന്റെ പ്രവണതയുടെ സൂചനകളായിരുന്നു ഇത്തരം നടപടികൾ. തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ യഹോവ അറിയുന്നുവെന്ന്‌ അവന്റെ സത്യാരാധകർ പുരാതന കാലം മുതൽ മനസ്സിലാക്കിയിരുന്നു. (സദൃശവാക്യങ്ങൾ 5:21; 15:3) ദൈവത്തിന്റെ സാന്നിധ്യത്തിൽ എന്നപോലെ അല്ലെങ്കിൽ അവനെ ഒരു സാക്ഷി ആക്കിക്കൊണ്ടാണ്‌ അവർ സത്യം ചെയ്‌തിരുന്നത്‌. ഉദാഹരണത്തിന്‌ ബോവസ്‌, ദാവീദ്‌, ശലോമോൻ, സിദെക്കീയാവ്‌ എന്നിവർ അപ്രകാരം ചെയ്‌തു. (രൂത്ത്‌ 3:13; 2 ശമൂവേൽ 3:35; 1 രാജാക്കന്മാർ 2:23, 24; യിരെമ്യാവു 38:16) ഔദ്യോഗികമായി സത്യം ചെയ്യാൻ അല്ലെങ്കിൽ ദൈവനാമത്തിൽ സത്യം ബോധിപ്പിക്കാൻ മറ്റുള്ളവർ ആവശ്യപ്പെട്ട സാഹചര്യങ്ങളിൽ സത്യ ദൈവത്തിന്റെ ആരാധകർ അങ്ങനെ ചെയ്‌തതായി കാണാൻ കഴിയുന്നു. അബ്രാഹാമും യേശുക്രിസ്‌തുവും അതിന്‌ ഉദാഹരണങ്ങളാണ്‌.​—⁠ഉല്‌പത്തി 21:22-24; മത്തായി 26:63, 64.

യഹോവയുടെ മുമ്പാകെ സത്യം ചെയ്യുന്ന ഒരു വ്യക്തി ചിലപ്പോൾ ഒരു ആംഗ്യത്തോടെയാണ്‌ അതു ചെയ്‌തിരുന്നത്‌. അബ്രാം (അബ്രാഹാം) സൊദോം രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.” (ഉല്‌പത്തി 14:23) ദാനീയേൽ പ്രവാചകനോടു സംസാരിക്കവേ ഒരു ദൈവദൂതൻ “വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി” എന്നേക്കും ജീവിച്ചിരിക്കുന്നവന്റെ നാമത്തിൽ സത്യം ചെയ്‌തു. (ദാനീയേൽ 12:7) യഹോവപോലും പ്രതീകാത്മകമായി തന്റെ കൈ ഉയർത്തി സത്യം ചെയ്യുന്നതിനെ കുറിച്ചു ബൈബിൾ പരാമർശിക്കുന്നു.​—⁠ആവർത്തനപുസ്‌തകം 32:40; യെശയ്യാവു 62:⁠8.

സത്യം ചെയ്യുന്നതിനെ തിരുവെഴുത്തുകൾ വിലക്കുന്നില്ല. എന്നിരുന്നാലും തന്റെ ഓരോ പ്രസ്‌താവനയെയും പിന്തുണയ്‌ക്കാൻ ഒരു ക്രിസ്‌ത്യാനി സത്യം ചെയ്യേണ്ടതില്ല. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ” എന്ന്‌ യേശു പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 5:33-37) ശിഷ്യനായ യാക്കോബും സമാനമായ ഒരു പ്രസ്‌താവന നടത്തി. “സത്യം ചെയ്യരുതു” എന്നു പറയുകവഴി നിസ്സാര കാര്യങ്ങൾക്ക്‌ സത്യം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയായിരുന്നു അവൻ. (യാക്കോബ്‌ 5:12) കോടതിയിൽ സത്യം ബോധിപ്പിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നതു തെറ്റാണെന്ന്‌ യേശുവോ യാക്കോബോ പറഞ്ഞില്ല.

തന്റെ സാക്ഷ്യം സത്യമാണെന്നു പ്രതിജ്ഞ ചെയ്യാൻ ഒരു ക്രിസ്‌ത്യാനിയോടു കോടതി ആവശ്യപ്പെട്ടാൽ അയാൾ എന്തു ചെയ്യണം? അപ്രകാരം ചെയ്യുന്നതിൽ തെറ്റില്ല എന്ന തീരുമാനത്തിൽ അയാൾ എത്തിയേക്കാം. അല്ലെങ്കിൽ താൻ കള്ളമല്ല പറയുന്നത്‌ എന്നതിന്‌ ഒരു ഉറപ്പു കൊടുക്കാൻ അയാൾക്ക്‌ അനുവാദം ലഭിച്ചേക്കാം.​—⁠ഗലാത്യർ 1:20.

കോടതിയിൽ സത്യം ചെയ്യുമ്പോൾ ഒരു കൈ ഉയർത്തുകയോ ബൈബിളിൽ വെക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ ഒരു ക്രിസ്‌ത്യാനി അത്‌ അനുസരിക്കാൻ തീരുമാനിച്ചേക്കാം. ഒരു ആംഗ്യത്തോടെ സത്യം ചെയ്‌തതിന്റെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നേക്കാം. ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം, സത്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ആംഗ്യം ഉപയോഗിക്കുന്നതിനെക്കാൾ പ്രധാനം താൻ ദൈവമുമ്പാകെയാണ്‌ സത്യം ചെയ്യുന്നത്‌ എന്ന്‌ അദ്ദേഹം ഓർമിക്കുന്നതാണ്‌. അത്തരം സത്യം ചെയ്യൽ ഗൗരവമേറിയ ഒരു സംഗതിയാണ്‌. അങ്ങനെയുള്ള സാഹചര്യങ്ങളിൽ തന്നോടു ചോദിക്കുന്ന ഒരു ചോദ്യത്തിന്‌ താൻ ഉത്തരം നൽകേണ്ടതാണെന്ന്‌ അല്ലെങ്കിൽ തനിക്ക്‌ അതിനു സാധിക്കുമെന്ന്‌ ഒരു ക്രിസ്‌ത്യാനിക്കു തോന്നുന്നെങ്കിൽ താൻ സത്യം ബോധിപ്പിക്കാൻ പ്രതിജ്ഞ ചെയ്‌തിരിക്കുകയാണെന്ന്‌ അയാൾ മനസ്സിൽ പിടിക്കണം, ഏത്‌ അവസരത്തിലും സത്യം പറയാനാണ്‌ ഒരു ക്രിസ്‌ത്യാനി ആഗ്രഹിക്കുന്നതും.