ആത്മാർഥത അഭിലഷണീയമെങ്കിലും അതു മാത്രം മതിയോ?
ആത്മാർഥത അഭിലഷണീയമെങ്കിലും അതു മാത്രം മതിയോ?
നമ്മുടെ ദൈനംദിന ജീവിതത്തിൽ ആത്മാർഥത യഥാർഥത്തിൽ അഭിലഷണീയമാണോ? “നിർവ്യാജമായ താത്പര്യവും സമ്പൂർണ്ണമായ വിശ്വസ്തതയും ചേർന്ന മനോഭാവം” എന്ന് ഒരു നിഘണ്ടു അതിനെ നിർവചിച്ചിരിക്കുന്നു. വ്യക്തമായും, മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾ ബലിഷ്ഠമാക്കുന്നതിൽ ഈ ഗുണം സഹായകമാണ്. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ദാസൻമാരേ, നിങ്ങളുടെ ലൗകികയജമാനൻമാരെ എല്ലാക്കാര്യങ്ങളിലും അനുസരിക്കുവിൻ. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മററുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാർത്ഥതയോടെ ചെയ്യുന്നതാകണം.” (കൊലൊസ്സ്യർ 3:22, പി.ഒ.സി. ബൈബിൾ) തന്റെ കീഴിൽ ജോലി ചെയ്യുന്ന അത്തരമൊരു തൊഴിലാളിയെ ഇഷ്ടപ്പെടാത്ത ആരാണ് ഉള്ളത്? ആത്മാർഥതയുള്ളവർക്ക് ഇക്കാലത്ത് ഒരു ജോലി കണ്ടെത്താനും അതു നിലനിറുത്താനും എളുപ്പമായിരുന്നേക്കാം.
എന്നിരുന്നാലും, ആത്മാർഥത ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന വിധമാണ് അതിനെ ഏറ്റവും അഭിലഷണീയമാക്കുന്നത്. പുരാതന ഇസ്രായേല്യർ ന്യായപ്രമാണ നിയമങ്ങൾ ശ്രദ്ധാപൂർവം പിൻപറ്റുകയും ഉത്സവങ്ങൾ ആഘോഷിക്കുകയും ചെയ്തപ്പോൾ ദൈവാനുഗ്രഹം ആസ്വദിച്ചു. സഭാപരമായ ശുദ്ധി സംബന്ധിച്ചു സംസാരിക്കവേ പൗലൊസ് ക്രിസ്ത്യാനികളെ പിൻവരുന്ന വിധം പ്രോത്സാഹിപ്പിച്ചു: “അതിനാൽ, അശുദ്ധിയും തിൻമയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാർത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാൾ ആഘോഷിക്കാം.” (1 കൊരിന്ത്യർ 5:8, പി.ഒ.സി. ബൈ.) നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കുന്നതിന് ആത്മാർഥത സഹായകമാണെന്നു മാത്രമല്ല അനിവാര്യവുമാണ്. എങ്കിലും, ആത്മാർഥത മാത്രം പോരാ എന്നതു ശ്രദ്ധിക്കുക. അതോടൊപ്പം സത്യവും ഉണ്ടായിരിക്കണം.
ടൈറ്റാനിക്കിന്റെ നിർമാതാക്കളും അതിലെ യാത്രക്കാരും ആ കൂറ്റൻ യാത്രക്കപ്പൽ ഒരിക്കലും മുങ്ങില്ലെന്ന് ആത്മാർഥമായി വിശ്വസിച്ചിരുന്നിരിക്കാം. എന്നിരുന്നാലും 1912-ലെ കന്നിയാത്രയിൽ അത് ഒരു മഞ്ഞുമലയിൽ തട്ടി 1,517 പേർ മരിച്ചു. ഒന്നാം നൂറ്റാണ്ടിലെ ചില യഹൂദന്മാർ തങ്ങൾ ദൈവത്തെ ആരാധിക്കുന്നത് ശരിയായ വിധത്തിലാണെന്ന് ആത്മാർഥമായി വിശ്വസിച്ചിരുന്നിരിക്കാം. എങ്കിലും, അവരുടെ തീക്ഷ്ണത ‘സൂക്ഷ്മ പരിജ്ഞാനപ്രകാരമുള്ളത്’ ആയിരുന്നില്ല. (റോമർ 10:2, NW) നാം ദൈവത്തിനു സ്വീകാര്യർ ആയിരിക്കണമെങ്കിൽ നമ്മുടെ ആത്മാർഥ വിശ്വാസങ്ങൾ സൂക്ഷ്മമായ അറിവിൽ അധിഷ്ഠിതമായിരിക്കണം. ആത്മാർഥതയോടും സത്യത്തോടും കൂടെ ദൈവത്തെ ആരാധിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു പരിശോധിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്.