വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ വചനത്തിൽ നിലനിൽക്കുക’

‘എന്റെ വചനത്തിൽ നിലനിൽക്കുക’

‘എന്റെ വചനത്തിൽ നിലനിൽക്കുക’

‘എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവത്തിൽ എന്റെ ശിഷ്യന്മാരാണ്‌.’​—⁠യോഹന്നാൻ 8:31.

1. (എ) യേശു സ്വർഗത്തിലേക്കു പോയപ്പോൾ അവന്റേതെന്നു പറയാൻ ഭൂമിയിൽ എന്താണ്‌ ഉണ്ടായിരുന്നത്‌? (ബി) നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു തന്റെ ഭൗമിക ജീവിത കാലത്ത്‌ ഏതെങ്കിലും പുസ്‌തകങ്ങൾ എഴുതുകയോ സ്‌മാരകങ്ങൾ പണിയുകയോ സ്വത്ത്‌ സമ്പാദിക്കുകയോ ചെയ്‌തില്ല. എങ്കിലും, സ്വർഗത്തിലേക്കു പോകുമ്പോൾ അവന്റേതെന്നു പറയാൻ ചിലത്‌ ഭൂമിയിൽ ഉണ്ടായിരുന്നു​—⁠ശിഷ്യന്മാരും അതുപോലെതന്നെ ശിഷ്യത്വത്തിനുള്ള പ്രത്യേക വ്യവസ്ഥകളും. വാസ്‌തവത്തിൽ, അവന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഏതൊരുവനും പാലിക്കേണ്ട സുപ്രധാനമായ മൂന്നു വ്യവസ്ഥകൾ യേശു പരാമർശിച്ചതായി യോഹന്നാന്റെ സുവിശേഷത്തിൽ നമുക്കു കാണാം. ഈ വ്യവസ്ഥകൾ ഏവയാണ്‌? അവയിൽ എത്തിച്ചേരാൻ നമുക്ക്‌ എന്തു ചെയ്യാനാകും? ക്രിസ്‌തുവിന്റെ ശിഷ്യരെന്ന നിലയിൽ നാം വ്യക്തിപരമായി യോഗ്യത പ്രാപിക്കുന്നുവെന്ന്‌ ഇന്നു നമുക്ക്‌ എങ്ങനെ ഉറപ്പാക്കാൻ കഴിയും? *

2. യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ശിഷ്യനായിരിക്കുന്നതിനുള്ള ഒരു സുപ്രധാന വ്യവസ്ഥ ഏത്‌?

2 തന്റെ മരണത്തിന്‌ ആറു മാസം മുമ്പ്‌, യേശു യെരൂശലേമിൽ ചെന്ന്‌ അവിടെ കൂടിവന്നിരുന്ന ജനക്കൂട്ടത്തോടു പ്രസംഗിച്ചു. ഒരാഴ്‌ച ദൈർഘ്യമുള്ള കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു അവർ. പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ, ‘പുരുഷാരത്തിൽ പലരും അവനിൽ വിശ്വസിച്ചു.’ യേശു തന്റെ പ്രസംഗം തുടർന്നതിനാൽ പെരുന്നാളിന്റെ അവസാന ദിവസം പിന്നെയും “പലരും അവനിൽ വിശ്വസിച്ചു.” (യോഹന്നാൻ 7:10, 14, 31, 37; 8:30) ആ സമയത്ത്‌, യേശു പുതു വിശ്വാസികളിലേക്കു ശ്രദ്ധ തിരിച്ച്‌ തന്റെ ശിഷ്യനായിത്തീരുന്നതിന്‌ ആവശ്യമായ സുപ്രധാനമായ ഒരു വ്യവസ്ഥ പ്രസ്‌താവിക്കുകയുണ്ടായി. യോഹന്നാൻ അപ്പൊസ്‌തലൻ രേഖപ്പെടുത്തിയ പ്രകാരം നാം അത്‌ ഇങ്ങനെ വായിക്കുന്നു: ‘എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവത്തിൽ എന്റെ ശിഷ്യന്മാരാണ്‌.’​—⁠യോഹന്നാൻ 8:31.

3. യേശുവിന്റെ ‘വചനത്തിൽ നിലനിൽക്കാൻ’ ഒരുവന്‌ ഏതു ഗുണം ആവശ്യമാണ്‌?

3 ഇതു പറഞ്ഞപ്പോൾ, പുതുശിഷ്യന്മാർക്ക്‌ വേണ്ടത്ര വിശ്വാസമില്ലെന്നു യേശു സൂചിപ്പിക്കുകയായിരുന്നില്ല. മറിച്ച്‌, തന്റെ വചനത്തിൽ നിലനിൽക്കുകയും സഹിഷ്‌ണുത പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ യഥാർഥ ശിഷ്യരായിത്തീരാനുള്ള അവസരം അവർക്കു മുമ്പാകെ ഉണ്ടെന്ന്‌ അവൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. അവർ അവന്റെ വചനം സ്വീകരിച്ചിരുന്നു, എങ്കിലും അവർ അതിൽ നിലനിൽക്കണമായിരുന്നു. (യോഹന്നാൻ 4:34; എബ്രായർ 3:14) തന്റെ ശിഷ്യർക്ക്‌ ഉണ്ടായിരിക്കേണ്ട ഒരു സുപ്രധാന ഗുണമായി സഹിഷ്‌ണുതയെ യേശു വീക്ഷിക്കുകതന്നെ ചെയ്‌തു. അതുകൊണ്ടാണ്‌, യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്നപ്രകാരം, അപ്പൊസ്‌തലന്മാരുമായുള്ള ഏറ്റവും ഒടുവിലത്തെ സംഭാഷണത്തിൽ, “എന്നെ അനുഗമിക്കുന്നതിൽ തുടരുക” എന്ന്‌ അവൻ രണ്ടു പ്രാവശ്യം ഉദ്‌ബോധിപ്പിച്ചത്‌. (യോഹന്നാൻ 21:19, 22, NW) ആദിമ ക്രിസ്‌ത്യാനികളിൽ പലരും അതുതന്നെ ചെയ്‌തു. (2 യോഹന്നാൻ 4) സഹിഷ്‌ണുത പ്രകടമാക്കാൻ അവരെ സഹായിച്ചത്‌ എന്താണ്‌?

4. സഹിഷ്‌ണുത കാണിക്കാൻ ആദിമ ക്രിസ്‌ത്യാനികളെ സഹായിച്ചത്‌ എന്ത്‌?

4 ഏതാണ്ട്‌ 70 വർഷം യേശുവിന്റെ വിശ്വസ്‌ത ശിഷ്യനായിരുന്ന അപ്പൊസ്‌തലനായ യോഹന്നാൻ ഒരു സുപ്രധാന ഘടകം ചൂണ്ടിക്കാട്ടി. വിശ്വസ്‌ത ക്രിസ്‌ത്യാനികളെ അനുമോദിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: ‘നിങ്ങൾ ശക്തരാണ്‌, ദൈവവചനം നിങ്ങളിൽ നിലനിൽക്കുന്നു, നിങ്ങൾ ദുഷ്ടനെ കീഴടക്കിയിരിക്കുന്നു.’ അതേ, ക്രിസ്‌തുവിന്റെ ആ ശിഷ്യന്മാർ സഹിഷ്‌ണുത കാണിച്ചു, അഥവാ ദൈവവചനത്തിൽ നിലനിന്നു. കാരണം, ദൈവത്തിന്റെ വചനം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. അവർ അതിനോട്‌ ഹൃദയംഗമമായ വിലമതിപ്പ്‌ വളർത്തിയെടുത്തിരുന്നു. (1 യോഹന്നാൻ 2:14, 24; NW) സമാനമായി ഇന്ന്‌, ‘അവസാനത്തോളം സഹിച്ചുനിൽക്കുന്നതിന്‌’ ദൈവവചനം നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നു എന്നു നാം ഉറപ്പുവരുത്തേണ്ടതുണ്ട്‌. (മത്തായി 24:13) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും? യേശുവിന്റെ ഒരു ദൃഷ്ടാന്തം അതിന്‌ ഉത്തരം നൽകുന്നു.

“വചനം കേൾക്കുന്നു”

5. (എ) ഒരു ദൃഷ്ടാന്തത്തിൽ യേശു ഏതു വ്യത്യസ്‌തതരം മണ്ണുകളെ പരാമർശിച്ചു? (ബി) യേശുവിന്റെ ദൃഷ്ടാന്തത്തിലെ വിത്ത്‌, മണ്ണ്‌ എന്നിവ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

5 യേശു ഒരു വിതക്കാരന്റെ ദൃഷ്ടാന്തം പറയുകയുണ്ടായി. ഇത്‌ മത്തായിയുടെയും മർക്കൊസിന്റെയും ലൂക്കൊസിന്റെയും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (മത്തായി 13:1-9, 18-23; മർക്കൊസ്‌ 4:1-9, 14-20; ലൂക്കൊസ്‌ 8:4-8, 11-15) ഒരേതരം വിത്ത്‌ പലതരം മണ്ണിൽ വീണ്‌ വ്യത്യസ്‌ത സ്ഥിതിവിശേഷങ്ങളിൽ കലാശിക്കുന്നതാണ്‌ ഈ ദൃഷ്ടാന്തത്തിന്റെ മുഖ്യ സവിശേഷത എന്ന്‌ ആ വിവരണങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും. ഉറച്ച മണ്ണാണ്‌ ആദ്യത്തേത്‌, താഴ്‌ചയില്ലാത്ത മണ്ണാണ്‌ രണ്ടാമത്തേത്‌, മുൾച്ചെടികൾ ആർത്തുവളരുന്ന മണ്ണാണ്‌ മൂന്നാമത്തേത്‌. നാലാമത്തേത്‌ ഈ മൂന്നെണ്ണത്തിൽനിന്നും വ്യത്യസ്‌തമാണ്‌, അത്‌ “നല്ല” മണ്ണാണ്‌. യേശുവിന്റെതന്നെ വിശദീകരണം അനുസരിച്ച്‌, വിത്ത്‌ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന രാജ്യസന്ദേശമാണ്‌, മണ്ണ്‌ വ്യത്യസ്‌ത ഹൃദയനിലയുള്ള ആളുകളും. വ്യത്യസ്‌തതരം മണ്ണിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്നവർക്കു പൊതുവായ ചിലതുണ്ടെങ്കിലും, നല്ല മണ്ണിനാൽ ചിത്രീകരിക്കപ്പെടുന്ന ആളുകൾക്ക്‌, മറ്റുള്ളവരിൽനിന്ന്‌ അവരെ വ്യത്യസ്‌തരാക്കുന്ന ഒരു സവിശേഷതയുണ്ട്‌.

6. (എ) യേശുവിന്റെ ദൃഷ്ടാന്തത്തിലെ നാലാമത്തെ തരം മണ്ണ്‌ മറ്റു മൂന്നിൽനിന്നും വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ, ഇത്‌ എന്ത്‌ അർഥമാക്കുന്നു? (ബി) ക്രിസ്‌തുവിന്റെ ശിഷ്യരെന്ന നിലയിൽ സഹിഷ്‌ണുത കാണിക്കുന്നതിന്‌ എന്ത്‌ അനിവാര്യമാണ്‌?

6 നാലു സന്ദർഭങ്ങളിലും, ആളുകൾ ‘വചനം കേൾക്കുന്നതായി’ ലൂക്കൊസ്‌ 8:12-15-ലെ വിവരണം വ്യക്തമാക്കുന്നു. എന്നാൽ, “നല്ല ഹൃദയ”മുള്ളവർ ‘വചനം കേൾക്കുന്ന’തിലധികം ചെയ്യുന്നു. അവർ അത്‌ ‘സംഗ്രഹിച്ചുവയ്‌ക്കുകയും സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു.’ [ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] നല്ല മണ്ണ്‌ ഇളക്കവും താഴ്‌ചയുമുള്ളത്‌ ആയതിനാൽ, വിത്തിന്റെ വേരിന്‌ അതിലേക്ക്‌ ആഴ്‌ന്നിറങ്ങാൻ കഴിയുന്നു. അങ്ങനെ അതു മുളച്ച്‌ ഫലം ഉത്‌പാദിപ്പിക്കുന്നു. (ലൂക്കൊസ്‌ 8:8) സമാനമായി, നല്ല ഹൃദയമുള്ളവർ ദൈവവചനം ഗ്രഹിക്കുകയും വിലമതിക്കുകയും അതിൽ മുഴുകുകയും ചെയ്യുന്നു. (റോമർ 10:10; 2 തിമൊഥെയൊസ്‌ 2:7) ദൈവവചനം അവരുടെ ഉള്ളിൽ നിലനിൽക്കുന്നു. തത്‌ഫലമായി അവർ സഹിഷ്‌ണുതയോടെ ഫലം ഉത്‌പാദിപ്പിക്കുന്നു. അതുകൊണ്ട്‌ ക്രിസ്‌തുവിന്റെ ശിഷ്യരെന്ന നിലയിൽ സഹിഷ്‌ണുത കാണിക്കുന്നതിന്‌ ദൈവവചനത്തോടുള്ള അഗാധവും ഹൃദയംഗമവുമായ വിലമതിപ്പ്‌ കൂടിയേതീരൂ. (1 തിമൊഥെയൊസ്‌ 4:15) എന്നാൽ, അത്തരം വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം?

ഹൃദയാവസ്ഥയും അർഥപൂർണമായ ധ്യാനവും

7. നല്ല ഹൃദയം ഏതു പ്രവർത്തനവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു?

7 നല്ല ഒരു ഹൃദയത്തെ ബൈബിൾ ഏതു പ്രവർത്തനവുമായാണ്‌ കൂടെക്കൂടെ ബന്ധിപ്പിക്കുന്നതെന്നു ശ്രദ്ധിക്കുക. “ഉത്തരം പറയേണ്ടതിന്‌ നീതിമാന്റെ ഹൃദയം ധ്യാനിക്കുന്നു.” (സദൃശവാക്യങ്ങൾ 15:​28, NW) ‘യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.’ (സങ്കീർത്തനം 19:14) ‘എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.’​—⁠സങ്കീർത്തനം 49:⁠3.

8. (എ) ബൈബിൾ വായിക്കുമ്പോൾ എന്ത്‌ ഒഴിവാക്കണം, എന്നാൽ എന്തു ചെയ്യണം? (ബി) ദൈവവചനത്തെ കുറിച്ചുള്ള പ്രാർഥനാപൂർവകമായ ധ്യാനത്തിൽനിന്ന്‌ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങൾ ഏവ? (‘സത്യത്തിൽ ഉറെച്ചു നിൽക്കുന്നവർ’ എന്ന ചതുരം ഉൾപ്പെടുത്തുക.)

8 ഈ ബൈബിൾ എഴുത്തുകാരെപ്പോലെ, നാമും ദൈവത്തിന്റെ വചനത്തെയും പ്രവൃത്തികളെയും കുറിച്ച്‌ വിലമതിപ്പോടും പ്രാർഥനയോടുംകൂടെ ധ്യാനിക്കേണ്ടതുണ്ട്‌. ബൈബിളോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളോ വായിക്കുമ്പോൾ, മനോഹരദൃശ്യങ്ങൾ കണ്ടാസ്വദിക്കാതെ അവയുടെ പടമെടുത്തശേഷം മറ്റൊരു സ്ഥലത്തേക്ക്‌ തിരക്കിട്ടു പായുന്ന വിനോദസഞ്ചാരികളെപ്പോലെ ആയിരിക്കരുത്‌ നാം. പകരം, ബൈബിൾ പഠിക്കുമ്പോൾ ഒരു മനോഹരദൃശ്യത്തിന്റെ കാര്യത്തിലെന്ന പോലെ ഓരോ ഭാഗവും നന്നായി ആസ്വദിക്കുന്നതിന്‌ നാം സമയമെടുക്കണം. * വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ ദൈവവചനം നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുന്നു. അതു നമ്മുടെ വികാരങ്ങളെ സ്‌പർശിക്കുകയും ചിന്തയെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സ്വകാര്യ ചിന്തകൾ പ്രാർഥനയിൽ ദൈവവുമായി പങ്കുവെക്കാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ, യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമായിത്തീരുന്നു. ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും യേശുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. (മത്തായി 10:22) വ്യക്തമായും, അന്ത്യത്തോളം വിശ്വസ്‌തരായി നിൽക്കണമെങ്കിൽ, ദൈവം പറയുന്ന കാര്യങ്ങളെ കുറിച്ചുള്ള ധ്യാനം കൂടിയേതീരൂ.​—⁠ലൂക്കൊസ്‌ 21:​19, NW.

9. ദൈവവചനത്തോടുള്ള ബന്ധത്തിൽ നമ്മുടെ ഹൃദയം സ്വീകാര്യക്ഷമമായി നിലനിൽക്കുന്നെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

9 ദൈവവചനമാകുന്ന വിത്തിന്റെ വളർച്ചയ്‌ക്ക്‌ പ്രതിബന്ധങ്ങൾ ഉണ്ടെന്നും യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. അതുകൊണ്ട്‌, വിശ്വസ്‌ത ശിഷ്യരായി നിലകൊള്ളുന്നതിന്‌, നാം (1) ദൃഷ്ടാന്തത്തിലെ മണ്ണിന്റെ പ്രതികൂല ഘടകങ്ങളാൽ ചിത്രീകരിക്കപ്പെടുന്ന പ്രതിബന്ധങ്ങൾ തിരിച്ചറിയുകയും (2) അവയെ തരണം ചെയ്യാനോ ഒഴിവാക്കാനോ വേണ്ടി നടപടി സ്വീകരിക്കുകയും ചെയ്യണം. ആ വിധത്തിൽ, രാജ്യവിത്തിനോടുള്ള ബന്ധത്തിൽ നമ്മുടെ ഹൃദയം സ്വീകാര്യക്ഷമമായി നിലനിൽക്കുന്നെന്നും അതു ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നെന്നും നാം ഉറപ്പുവരുത്തും.

“വഴിയരികെ”​—⁠ഭൗതിക കാര്യങ്ങളിൽ മുഴുകുന്നവർ

10. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ആദ്യത്തെ മണ്ണിനെ കുറിച്ചു വിവരിക്കുക, അത്‌ എന്തർഥമാക്കുന്നു?

10 ആദ്യം വിത്തു വീഴുന്നത്‌ “വഴിയരികെ”യുള്ള മണ്ണിലാണ്‌, അത്‌ ‘ചവിട്ടിപ്പോകുന്നു.’ (ലൂക്കൊസ്‌ 8:5) വയലിലൂടെ പോകുന്ന വഴിക്കരികിലെ മണ്ണ്‌ ആളുകൾ സ്ഥിരം നടക്കുന്നതിനാൽ നന്നായി ഉറച്ചുകിടക്കുന്നതാണ്‌. (മർക്കൊസ്‌ 2:23) സമാനമായി, ലോകത്തിലെ തിരക്കുപിടിച്ച പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സമയവും ഊർജവും അനാവശ്യമായി ചെലവിടുന്നവർ, ദൈവവചനത്തോട്‌ ഹൃദയംഗമമായ വിലമതിപ്പു വളർത്തിയെടുക്കാൻ കഴിയാത്തത്ര തിരക്കിലാണ്‌ തങ്ങളെന്നു കണ്ടെത്തിയേക്കാം. അവർ ദൈവവചനം കേൾക്കുന്നുണ്ട്‌, എന്നാൽ അതിനെ കുറിച്ചു ധ്യാനിക്കാൻ പരാജയപ്പെടുന്നു. അതു നിമിത്തം അവരുടെ ഹൃദയം പ്രതികരണശേഷിയില്ലാത്ത ഒരു അവസ്ഥയിലാണ്‌. ദൈവവചനത്തോട്‌ അവർ പ്രിയം വളർത്തിയെടുക്കുന്നതിനു മുമ്പ്‌, “വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കൊസ്‌ 8:12) ഇതു തടയാനാകുമോ?

11. ഹൃദയാവസ്ഥ ഉറച്ച മണ്ണുപോലെ ആയിത്തീരാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

11 നമ്മുടെ ഹൃദയം, വഴിയരികിലെ ഫലോത്‌പാദകമല്ലാത്ത മണ്ണുപോലെ ആയിത്തീരാതിരിക്കാനായി ചെയ്യാൻ കഴിയുന്ന അനവധി കാര്യങ്ങളുണ്ട്‌. ഉറച്ചുകിടക്കുന്ന മണ്ണ്‌ ഉഴുതു മറിക്കുകയും അതിലൂടെ പോകുന്ന കാൽനടയാത്രക്കാരെ വഴിമാറ്റിവിടുകയും ചെയ്‌താൽ അത്‌ ഇളക്കമുള്ളതും ഫലഭൂയിഷ്‌ഠവും ആയിത്തീരും. സമാനമായി, ദൈവവചനം പഠിക്കാനും ധ്യാനിക്കാനുമായി സമയം നീക്കിവെക്കുന്നെങ്കിൽ ഹൃദയം നല്ല, ഫലോത്‌പാദകമായ മണ്ണിനു സമാനമായിത്തീരും. ഇതു ചെയ്യുന്നതിന്‌ ദൈനംദിന കാര്യങ്ങളിൽ അമിതമായി മുഴുകാതിരിക്കേണ്ടത്‌ പ്രധാനമാണ്‌. (ലൂക്കൊസ്‌ 12:13-15) മറിച്ച്‌, ജീവിതത്തിലെ ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികളെ’ കുറിച്ചു ധ്യാനിക്കാൻ സമയം ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുക.​—⁠ഫിലിപ്പിയർ 1:9-11, NW.

“പാറസ്ഥലത്ത്‌”​—⁠ഭയമുള്ളവർ

12. യേശുവിന്റെ ദൃഷ്ടാന്തത്തിലെ രണ്ടാമത്തെ തരം മണ്ണിൽ വീഴുന്ന വിത്തിന്റെ മുള വാടിപ്പോകുന്നതിന്റെ യഥാർഥ കാരണം എന്താണ്‌?

12 രണ്ടാമതു പറഞ്ഞ തരം മണ്ണിൽ വീഴുന്ന വിത്ത്‌ ആദ്യത്തേതുപോലെ വെറുതെ അവിടെ കിടക്കുകയല്ല ചെയ്യുന്നത്‌. അത്‌ വേരിറങ്ങി മുളയ്‌ക്കുന്നു. എന്നാൽ സൂര്യൻ ഉദിക്കുമ്പോൾ വെലിയിന്റെ ചൂടേറ്റ്‌ മുള വാടിക്കരിഞ്ഞുപോകുന്നു. എങ്കിലും, സുപ്രധാനമായ ഈ വിശദാംശം ശ്രദ്ധിക്കുക. മുള വാടിപ്പോകുന്നതിന്റെ യഥാർഥ കാരണം ചൂടല്ല. നല്ല മണ്ണിൽ വളർന്നുവരുന്ന ചെടിക്കും വെയിൽ ഏൽക്കുന്നുണ്ട്‌, എന്നാൽ അതു വാടുന്നില്ല, പകരം തഴച്ചുവളരുന്നു. എന്താണ്‌ ഈ വ്യത്യാസത്തിനു കാരണം? ‘മണ്ണിനു താഴ്‌ചയില്ലായ്‌കയാലും’ ‘നനവില്ലായ്‌കയാലും’ ആണ്‌ ഈ മുള വാടിപ്പോകുന്നതെന്ന്‌ യേശു വിശദീകരിക്കുന്നു. (മത്തായി 13:5, 6; ലൂക്കൊസ്‌ 8:6) മേൽമണ്ണിന്‌ തൊട്ട്‌ അടിയിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടം നിമിത്തം വേരിന്‌ ആഴ്‌ന്നിറങ്ങി ഈർപ്പം വലിച്ചെടുക്കാനും മണ്ണിൽ ഉറയ്‌ക്കാനും സാധിക്കുന്നില്ല. മണ്ണിനു താഴ്‌ചയില്ലാത്തതുകൊണ്ട്‌ മുള വാടിപ്പോകുന്നു.

13. താഴ്‌ചയില്ലാത്ത മണ്ണ്‌ ഏതുതരം വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നു, ദൃഷ്ടാന്തത്തിൽ പറയുന്ന പ്രകാരമുള്ള അവരുടെ പ്രതികരണത്തിന്റെ മൂല കാരണമെന്ത്‌?

13 ‘വചനം സന്തോഷത്തോടെ കൈക്കൊള്ളുകയും’ ‘തത്‌കാലത്തേക്ക്‌’ യേശുവിനെ തീക്ഷ്‌ണതയോടെ അനുഗമിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്‌ ഈ ദൃഷ്ടാന്തം പരാമർശിക്കുന്നത്‌. (ലൂക്കൊസ്‌ 8:13) “ഞെരുക്കമോ ഉപദ്രവമോ” ആകുന്ന പൊള്ളുന്ന വെയിൽ ഏൽക്കുമ്പോൾ വലിയ ഭയം ഉളവാകുന്നതു നിമിത്തം അവരുടെ സന്തോഷവും ശക്തിയും ചോർന്നുപോകുന്നു, അവർ യേശുവിനെ അനുഗമിക്കുന്നതു നിറുത്തുന്നു. (മത്തായി 13:21) എന്നിരുന്നാലും, ഈ ഭയത്തിന്റെ മൂല കാരണം എതിർപ്പല്ല. എന്തുകൊണ്ടെന്നാൽ ക്രിസ്‌തുവിന്റെ ദശലക്ഷക്കണക്കിനു ശിഷ്യന്മാർ വിവിധതരം ഉപദ്രവങ്ങൾക്കു മധ്യേയും സഹിഷ്‌ണുത പ്രകടമാക്കിക്കൊണ്ട്‌ വിശ്വസ്‌തരായി നിലകൊള്ളുന്നുണ്ട്‌. (2 കൊരിന്ത്യർ 2:4; 7:5) ചിലർ ഭയപ്പെട്ടു വീണുപോകുന്നതിന്റെ യഥാർഥ കാരണം, പാറ സമാനമായ ഹൃദയാവസ്ഥ നിമിത്തം അവർ ക്രിയാത്മകവും ആത്മീയവുമായ കാര്യങ്ങളെ കുറിച്ചു വേണ്ടത്ര ആഴത്തിൽ ധ്യാനിക്കുന്നില്ല എന്നതാണ്‌. അങ്ങനെ, യഹോവയോടും അവന്റെ വചനത്തോടും അവർ വളർത്തിയെടുക്കുന്ന വിലമതിപ്പ്‌ തീർത്തും ഉപരിപ്ലവവും തീരെ ദുർബലവുമായതിനാൽ അവർക്ക്‌ എതിർപ്പിനെ ചെറുത്തുനിൽക്കാനാവുന്നില്ല. അപ്രകാരം സംഭവിക്കാതിരിക്കാൻ ഒരുവന്‌ എന്തു ചെയ്യാൻ കഴിയും?

14. ഹൃദയാവസ്ഥ താഴ്‌ചയില്ലാത്ത മണ്ണു പോലെ ആകാതിരിക്കാൻ ഒരു വ്യക്തി ഏതു പടികൾ സ്വീകരിക്കണം?

14 രൂഢമൂലമായ നീരസമോ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന സ്വാർഥതയോ സമാനമായ മറ്റു കഠിന വികാരങ്ങളോ പോലുള്ള പാറ സമാന പ്രതിബന്ധങ്ങൾ ഹൃദയത്തിൽ വേരുറച്ചിട്ടില്ലെന്ന്‌ ഒരു വ്യക്തി ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇത്തരം ഏതെങ്കിലുമൊരു പ്രതിബന്ധം ഇപ്പോൾത്തന്നെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ, ദൈവവചനത്തിന്റെ ശക്തിക്ക്‌ അതിനെ നീക്കം ചെയ്യാൻ കഴിയും. (യിരെമ്യാവു 23:29; എഫെസ്യർ 4:22; എബ്രായർ 4:12) തുടർന്ന്‌, പ്രാർഥനാപൂർവമായ ധ്യാനം വ്യക്തിയുടെ ഹൃദയത്തിൽ ‘വചനം’ ആഴത്തിൽ ‘ഉൾനടാൻ’ സഹായിക്കും. (യാക്കോബ്‌ 1:​21) നിരുത്സാഹത്തെ തരണം ചെയ്യാനുള്ള ശക്തിയും പരിശോധനകൾക്കു മധ്യേ വിശ്വസ്‌തത പാലിക്കാനുള്ള ധൈര്യവും ഇതു പ്രദാനം ചെയ്യും.

‘മുള്ളിനിടയിൽ’​—⁠വിഭജിത ഹൃദയമുള്ളവർ

15. (എ) യേശു പറഞ്ഞ മൂന്നാമത്തെ മണ്ണ്‌ നമ്മുടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) മൂന്നാമത്തെ തരം മണ്ണിനോടുള്ള ബന്ധത്തിൽ ഒടുവിൽ എന്തു സംഭവിക്കുന്നു, എന്തുകൊണ്ട്‌?

15 മുൾച്ചെടികൾ നിറഞ്ഞ മൂന്നാമത്തെ മണ്ണ്‌ പ്രത്യേകിച്ച്‌ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു. കാരണം, ചില വിധങ്ങളിൽ ഇത്‌ നല്ല മണ്ണിനോടു സമാനമാണ്‌. നല്ല മണ്ണിന്റെ കാര്യത്തിൽ എന്നതുപോലെ, മുൾച്ചെടികൾ നിറഞ്ഞ ഈ മണ്ണിലും വിത്ത്‌ വേരിറങ്ങി മുളയ്‌ക്കുന്നു. തുടക്കത്തിൽ, ഈ രണ്ടുതരം മണ്ണിലെയും പുതിയ ചെടിയുടെ വളർച്ചയ്‌ക്കു വ്യത്യാസമൊന്നുമില്ല. എന്നാൽ സമയം കടന്നുപോകവേ, ചെടിയെ ഞെരുക്കിക്കളയുന്ന ഒരു അവസ്ഥ സംജാതമാകുന്നു. നല്ല മണ്ണിൽനിന്നു വ്യത്യസ്‌തമായി ഈ മണ്ണിൽ മുൾച്ചെടികൾ ഇടതൂർന്നു വളരുന്നു. വളർന്നുവരുന്ന ചെറു സസ്യം, ‘അതിനോടൊപ്പം വളരുന്ന മുള്ളുക’ളിൽനിന്ന്‌ മത്സരം നേരിടുന്നു. കുറെ സമയത്തേക്ക്‌ ഇവ രണ്ടും പോഷണം, പ്രകാശം, സ്ഥലം എന്നിവയ്‌ക്കുവേണ്ടി പോരാടുന്നു. എന്നാൽ ഒടുവിൽ മുള്ളുകൾ ചെടിയെ മൂടി അതിനെ ‘ഞെരുക്കിക്കളയുന്നു.’​—⁠ലൂക്കൊസ്‌ 8:⁠7.

16. (എ) മുള്ളുനിറഞ്ഞ മണ്ണ്‌ എങ്ങനെയുള്ള വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നു? (ബി) മൂന്ന്‌ സുവിശേഷ വിവരണങ്ങൾ പ്രകടമാക്കുന്നത്‌ അനുസരിച്ച്‌ മുള്ളുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?​—⁠അടിക്കുറിപ്പ്‌ കാണുക.

16 മുള്ളുകൾ വളരുന്ന മണ്ണ്‌ ഏതുതരം വ്യക്തികളെയാണു പ്രതിനിധാനം ചെയ്യുന്നത്‌? യേശു വിശദീകരിക്കുന്നു: “മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും [‘ഈ ജീവിതത്തിന്റെ ഉല്ലാസങ്ങൾ,’ NW] ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.” (ലൂക്കൊസ്‌ 8:14) വിതക്കാരന്റെ വിത്തും മുള്ളുകളും ഒരേസമയത്ത്‌ മണ്ണിൽ വളരുന്നതുപോലെ, ചിലർ ഒരേസമയംതന്നെ തങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തിനും ‘ഈ ജീവിതത്തിലെ ഉല്ലാസങ്ങൾക്കും’ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ദൈവവചനത്തിലെ സത്യം അവരുടെ ഹൃദയത്തിൽ വിതയ്‌ക്കപ്പെടുന്നുണ്ടെങ്കിലും, ശ്രദ്ധ കവരാനായി ശ്രമിക്കുന്ന മറ്റ്‌ ഭൗതിക കാര്യങ്ങളിൽനിന്നുള്ള മത്സരം അതിന്‌ നേരിടേണ്ടിവരുന്നു. അവരുടെ പ്രതീകാത്മക ഹൃദയം വിഭജിതമാണ്‌. (ലൂക്കൊസ്‌ 9:57-62) ഇക്കാരണത്താൽ, ദൈവവചനത്തെ കുറിച്ചു പ്രാർഥനാപൂർവം അർഥവത്തായ വിധത്തിൽ ധ്യാനിക്കുന്നതിനു വേണ്ടത്ര സമയം ചെലവിടാൻ അവർക്കു കഴിയാതാകുന്നു. ദൈവവചനം പൂർണമായി ഗ്രഹിക്കാൻ അവർ പരാജയപ്പെടുന്നു. അങ്ങനെ, സഹിച്ചു നിൽക്കുന്നതിന്‌ ആവശ്യമായ ഹൃദയംഗമമായ വിലമതിപ്പ്‌ അവർ നേടുന്നില്ല. ക്രമേണ, അവരുടെ ആത്മീയ താത്‌പര്യങ്ങളെ ‘പൂർണമായി ഞെരുക്കിക്കളയുന്ന’ അളവോളം ആത്മീയേതര കാര്യങ്ങൾ അവയെ മൂടുന്നു. * യഹോവയെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കാത്തവർക്കു സംഭവിക്കുന്ന എത്ര ദാരുണമായ അന്ത്യം!​—⁠മത്തായി 6:24; 22:37.

17. യേശുവിന്റെ ദൃഷ്ടാന്തത്തിലെ പ്രതീകാത്മക മുള്ളുകൾ നമ്മെ ഞെരുക്കാതിരിക്കണമെങ്കിൽ ജീവിതത്തിൽ നാം ഏതു തിരഞ്ഞെടുപ്പുകൾ നടത്തണം?

17 ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുന്നെങ്കിൽ ഈ ലോകത്തിലെ ക്ലേശങ്ങളും ഉല്ലാസങ്ങളും നമ്മെ ഞെരുക്കുകയില്ല. (മത്തായി 6:31-33; ലൂക്കൊസ്‌ 21:34-36) ബൈബിൾ വായനയും വായിച്ച കാര്യങ്ങളെ കുറിച്ചുള്ള ധ്യാനവും നാം ഒരിക്കലും അവഗണിക്കരുത്‌. നമ്മുടെ ജീവിതം കഴിയുന്നത്ര ലളിതമാക്കിയാൽ ഏകാഗ്രതയോടും പ്രാർഥനയോടും കൂടെ ധ്യാനിക്കാൻ ഏറെ സമയം നമുക്കു ലഭിക്കും. (1 തിമൊഥെയൊസ്‌ 6:6-8) അങ്ങനെ ചെയ്‌തിട്ടുള്ള ദൈവദാസന്മാർ യഹോവയുടെ അനുഗ്രഹം ആസ്വദിക്കുന്നുണ്ട്‌. പ്രതീകാത്മകമായി പറഞ്ഞാൽ, ഫലം ഉത്‌പാദിപ്പിക്കുന്ന സസ്യത്തിന്‌ കൂടുതൽ പോഷണവും പ്രകാശവും സ്ഥലവും ലഭിക്കേണ്ടതിനായി അവർ മുള്ളുകളെ മണ്ണിൽനിന്ന്‌ പിഴുതുകളഞ്ഞിരിക്കുന്നു. 26 വയസ്സുള്ള സാൻഡ്ര പറയുന്നു: “സത്യത്തിൽ ആയിരിക്കുന്നതുകൊണ്ട്‌ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ, അതിനോട്‌ ഉപമിക്കാവുന്ന യാതൊന്നും ലോകത്തിനു നൽകാനാവില്ല എന്നു ഞാൻ തിരിച്ചറിയുന്നു!”​—⁠സങ്കീർത്തനം 84:11.

18. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ ദൈവവചനത്തിൽ നിലനിൽക്കാനും സഹിഷ്‌ണുത കാണിക്കാനും നമുക്ക്‌ എങ്ങനെ കഴിയും?

18 അപ്പോൾ വ്യക്തമായും, ദൈവവചനം നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കുന്നിടത്തോളം കാലം ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെ നാം എല്ലാവരും ദൈവവചനത്തിൽ നിലനിൽക്കുകയും ക്രിസ്‌തുവിന്റെ ശിഷ്യർ എന്ന നിലയിൽ സഹിച്ചുനിൽക്കുകയും ചെയ്യും. അതുകൊണ്ട്‌, നമ്മുടെ പ്രതീകാത്മക ഹൃദയത്തിലെ മണ്ണ്‌ ഒരിക്കലും ഉറച്ചുപോയതോ ആഴമില്ലാത്തതോ മുൾച്ചെടികൾ നിറഞ്ഞതോ ആയിത്തീരുന്നില്ലെന്നും, മറിച്ച്‌ അത്‌ ഇളക്കവും താഴ്‌ചയുമുള്ളതാണെന്നും നമുക്ക്‌ ഉറപ്പുവരുത്താം. അപ്പോൾ, നാം ദൈവവചനം പൂർണമായി ഗ്രഹിച്ച്‌ ‘സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കുന്നവർ’ ആയിത്തീരും.​—⁠ലൂക്കൊസ്‌ 8:​15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

[അടിക്കുറിപ്പുകൾ]

^ ഖ. 1 ഈ ലേഖനത്തിൽ, മൂന്നു വ്യവസ്ഥകളിൽ ആദ്യത്തേത്‌ നാം പരിചിന്തിക്കുന്നതായിരിക്കും. മറ്റു രണ്ടെണ്ണം അടുത്ത ലേഖനങ്ങളിൽ ചർച്ച ചെയ്യപ്പെടും.

^ ഖ. 8 വായിച്ചുകഴിഞ്ഞ ഒരു ബൈബിൾഭാഗത്തെ കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കുന്നതിന്‌ നിങ്ങൾക്കു പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കാവുന്നതാണ്‌: “യഹോവയുടെ ഒന്നോ അതിലധികമോ ഗുണങ്ങളെ ഇതു വെളിപ്പെടുത്തുന്നുണ്ടോ? ബൈബിളിന്റെ പ്രതിപാദ്യവിഷയവുമായി ഇത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്റെ ജീവിതത്തിൽ ഇത്‌ എങ്ങനെ ബാധകമാക്കാം, അല്ലെങ്കിൽ മറ്റുള്ളവരെ സഹായിക്കാൻ ഇത്‌ എങ്ങനെ ഉപയോഗിക്കാം?’

^ ഖ. 16 യേശുവിന്റെ ഈ സാരോപദേശകഥ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സുവിശേഷ വിവരണങ്ങൾ അനുസരിച്ച്‌, ഈ ലോകത്തിലെ ക്ലേശങ്ങളും ഉല്ലാസങ്ങളുമാണ്‌ വിത്തിനെ ഞെരുക്കിക്കളയുന്നത്‌: ‘ഇഹലോകത്തിന്റെ ചിന്തകൾ’ [‘ഈ വ്യവസ്ഥിതിയിലെ ഉത്‌കണ്‌ഠകൾ,’ NW], ‘ധനത്തിന്റെ വഞ്ചന,’ ‘മറ്റു വസ്‌തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹം’ [പി.ഒ.സി. ബൈബിൾ], ‘ഈ ജീവിതത്തിലെ ഉല്ലാസങ്ങൾ’ [NW] എന്നിവ.​—⁠മർക്കൊസ്‌ 4:​18, 19; മത്തായി 13:22; ലൂക്കൊസ്‌ 8:14; യിരെമ്യാവു 4:3, 4.

നിങ്ങളുടെ ഉത്തരമെന്ത്‌?

• നാം ‘യേശുവിന്റെ വചനത്തിൽ നിലനിൽക്കേണ്ടത്‌’ എന്തുകൊണ്ട്‌?

• ദൈവവചനത്തെ നമ്മുടെ ഹൃദയത്തിൽ എങ്ങനെ നിലനിറുത്താം?

• യേശു പരാമർശിച്ച നാലുതരം മണ്ണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ ഏതുതരം വ്യക്തികളെയാണ്‌?

• ദൈവവചനത്തെ കുറിച്ചു ധ്യാനിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

[അധ്യയന ചോദ്യങ്ങൾ]

[10 -ാം പേജിലെ ചതുരം/ചിത്രം]

‘സത്യത്തിൽ ഉറെച്ചു നിൽക്കുന്നവർ’

ദീർഘകാലമായി ക്രിസ്‌തുവിന്റെ ശിഷ്യരായിരിക്കുന്ന അനേകർ, തങ്ങൾ ‘സത്യത്തിൽ ഉറെച്ചു നിൽക്കുന്നവർ’ ആണെന്ന്‌ ഓരോ വർഷവും തെളിയിക്കുന്നു. (2 പത്രൊസ്‌ 1:12) സഹിഷ്‌ണുത പ്രകടമാക്കാൻ അവരെ സഹായിക്കുന്നത്‌ എന്താണ്‌? അവരിൽ ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക:

“ബൈബിളിൽനിന്ന്‌ ഒരു ഭാഗം വായിച്ച്‌ പ്രാർഥനയോടെയാണ്‌ ഞാൻ എന്റെ ഓരോ ദിനവും അവസാനിപ്പിക്കുന്നത്‌. തുടർന്ന്‌, വായിച്ച കാര്യങ്ങളെ കുറിച്ച്‌ ഞാൻ ചിന്തിക്കുന്നു.”​—⁠ജീൻ, സ്‌നാപനം 1939.

“ഇത്രയേറെ ഉന്നതനായ യഹോവ നമ്മെ ആഴമായി സ്‌നേഹിക്കുന്ന വിധത്തെ കുറിച്ചു ധ്യാനിക്കുന്നത്‌ സുരക്ഷിതത്വബോധവും വിശ്വസ്‌തയായി തുടരാനുള്ള ശക്തിയും എനിക്കു നൽകുന്നു.”​—⁠പട്രീഷ്യ, സ്‌നാപനം 1946.

“നല്ല പഠന ശീലങ്ങളോടു പറ്റിനിൽക്കുകയും ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളിൽ’ മുഴുകിയിരിക്കുകയും ചെയ്യുന്നതിനാൽ, യഹോവയെ സേവിക്കുന്നതിൽ തുടരാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.”​—⁠1 കൊരിന്ത്യർ 2:​10, NW; അന്നാ, സ്‌നാപനം 1939.

“എന്റെ ഹൃദയത്തെയും ആന്തരങ്ങളെയും പരിശോധിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുന്നു.”​—⁠സെൽഡ, സ്‌നാപനം 1943.

“ഒന്നു നടക്കാൻ പോകുകയും ആ സമയത്ത്‌ പ്രാർഥനയിൽ യഹോവയുമായി സംസാരിച്ചുകൊണ്ട്‌ എന്റെ ഉള്ളിലെ വികാരങ്ങൾ അവനെ അറിയിക്കുകയും ചെയ്യുന്നതാണ്‌ ഞാൻ ഏറ്റവുമധികം ആസ്വദിക്കുന്ന സംഗതി.”​—⁠റാൽഫ്‌, സ്‌നാപനം 1947.

“ദിനവാക്യം പരിശോധിക്കുകയും ബൈബിളിന്റെ ഒരു ഭാഗം വായിക്കുകയും ചെയ്‌തുകൊണ്ടാണ്‌ എന്റെ ഓരോ ദിവസവും തുടങ്ങുന്നത്‌. ആ ദിവസം മുഴുവൻ ധ്യാനിക്കാനുള്ള പുതിയ ചില കാര്യങ്ങൾ എനിക്ക്‌ അതിലൂടെ ലഭിക്കുന്നു.”​—⁠മറീ, സ്‌നാപനം 1935.

“എന്നെ സംബന്ധിച്ചിടത്തോളം ബൈബിൾ പുസ്‌തകങ്ങളുടെ വാക്യാനുവാക്യ ചർച്ചകൾ ഒരു ടോണിക്‌ പോലെയാണ്‌.”​—⁠ഡാനിയേൽ, സ്‌നാപനം 1946.

ദൈവവചനത്തെ കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കാൻ നിങ്ങൾ എപ്പോഴാണു സമയം കണ്ടെത്തുന്നത്‌?​—⁠ദാനീയേൽ 6:10ബി; മർക്കൊസ്‌ 1:35; പ്രവൃത്തികൾ 10:⁠9.

[13 -ാം പേജിലെ ചിത്രം]

ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകിക്കൊണ്ട്‌ നമുക്ക്‌ ‘സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കുന്നവർ’ ആയിത്തീരാം