വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കുക’

‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കുക’

‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കുക’

“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”​—⁠യോഹന്നാൻ 13:35.

1. തന്റെ മരണത്തിനു തൊട്ടു മുമ്പ്‌ യേശു ഏതു ഗുണത്തിന്‌ ഊന്നൽ നൽകി?

“കുഞ്ഞുങ്ങളേ.” (യോഹന്നാൻ 13:33) ആർദ്രത തുളുമ്പുന്ന ഈ പദം ഉപയോഗിച്ചാണ്‌, തന്റെ മരണത്തിനു മുമ്പുള്ള സായാഹ്നത്തിൽ യേശു തന്റെ അപ്പൊസ്‌തലന്മാരെ അഭിസംബോധന ചെയ്‌തത്‌. അവരോടു സംസാരിക്കവേ ഇതിനു മുമ്പ്‌ യേശു അനുകമ്പാർദ്രമായ ഈ പദം എപ്പോഴെങ്കിലും ഉപയോഗിച്ചതായി സുവിശേഷ വിവരണങ്ങളിൽ രേഖയൊന്നുമില്ല. എങ്കിലും, തന്റെ ശിഷ്യരോടുള്ള അഗാധ സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി വാത്സല്യം മുറ്റിനിൽക്കുന്ന ഈ സംബോധന ഉപയോഗിക്കാൻ അവൻ ആ പ്രത്യേക രാത്രിയിൽ പ്രേരിതനായി. യഥാർഥത്തിൽ, ആ രാത്രിയിൽ ഏതാണ്ട്‌ 30 പ്രാവശ്യം യേശു സ്‌നേഹത്തെ കുറിച്ചു സംസാരിച്ചു. ഈ ഗുണത്തിന്‌ അവൻ അത്രമാത്രം ഊന്നൽ നൽകിയത്‌ എന്തുകൊണ്ട്‌?

2. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം സ്‌നേഹം പ്രകടമാക്കുന്നത്‌ സുപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 സ്‌നേഹം ഇത്ര പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ യേശു വിശദമാക്കി. അവൻ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35; 15:12, 17) ക്രിസ്‌തുവിന്റെ ഒരു അനുഗാമി ആയിരിക്കുന്നതും സഹോദരസ്‌നേഹം കാണിക്കുന്നതും പരസ്‌പരം അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നത്‌ പ്രത്യേകതരത്തിലുള്ള ഏതെങ്കിലും വസ്‌ത്രമോ അസാധാരണമായ ആചാരങ്ങളോ അല്ല, മറിച്ച്‌ അവർക്കിടയിലെ ഊഷ്‌മളവും ആർദ്രവുമായ സ്‌നേഹമാണ്‌. കഴിഞ്ഞ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച, ക്രിസ്‌തുവിന്റെ ശിഷ്യർക്കുള്ള സുപ്രധാനമായ മൂന്നു വ്യവസ്ഥകളിൽ രണ്ടാമത്തേത്‌ ഈ മുന്തിയതരം സ്‌നേഹം ഉണ്ടായിരിക്കുക എന്നതാണ്‌. ഈ വ്യവസ്ഥ നിറവേറ്റുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?

‘അതിൽ അധികമായി വർധിച്ചുവരിക’

3. അപ്പൊസ്‌തലനായ പൗലൊസ്‌ സ്‌നേഹത്തെ കുറിച്ച്‌ ഏതു ബുദ്ധിയുപദേശം നൽകി?

3 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുവിന്റെ അനുഗാമികൾക്കിടയിൽ പ്രകടമായിരുന്ന ഈ മുന്തിയ സ്‌നേഹം ക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യർക്കിടയിൽ ഇക്കാലത്തും കാണാൻ കഴിയും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: ‘സഹോദരപ്രീതിയെക്കുറിച്ചു [“സഹോദര സ്‌നേഹത്തെ കുറിച്ച്‌,” NW] നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്‌നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചു, സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നു.’ എങ്കിൽപ്പോലും, പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം.” (1 തെസ്സലൊനീക്യർ 3:12; 4:9, 10) നാമും പൗലൊസിന്റെ ഈ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുകയും അന്യോന്യമുള്ള സ്‌നേഹത്തിൽ ‘അധികമായി വർധിച്ചുവരാൻ’ ശ്രമിക്കുകയും വേണം.

4. യേശുവിന്റെയും പൗലൊസിന്റെയും വാക്കുകളനുസരിച്ച്‌, ആരോടാണു നാം പ്രത്യേക പരിഗണന കാണിക്കേണ്ടത്‌?

4 അതേ നിശ്വസ്‌ത ലേഖനത്തിൽ, ‘വിഷാദമുള്ള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കാനും ബലഹീനരെ താങ്ങാനും’ പൗലൊസ്‌ സഹ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:​14, NW) മറ്റൊരു സന്ദർഭത്തിൽ ‘ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണമെന്ന്‌’ അവൻ ക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു. (റോമർ 15:1) ബലഹീനരെ സഹായിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ യേശുവും നൽകി. തന്നെ അറസ്റ്റു ചെയ്യുന്ന രാത്രിയിൽ പത്രൊസ്‌ തന്നെ തള്ളിപ്പറയുമെന്നു മുൻകൂട്ടി പറഞ്ഞശേഷം, യേശു പത്രൊസിനോടു പറഞ്ഞു: “നീ ഒരുസമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.” എന്തുകൊണ്ട്‌? കാരണം യേശുവിനെ ഉപേക്ഷിക്കുമായിരുന്ന അവർക്കും സഹായം വേണ്ടിവരുമായിരുന്നു. (ലൂക്കൊസ്‌ 22:32; യോഹന്നാൻ 21:15-17) അതുകൊണ്ട്‌, ആത്മീയമായി ബലഹീനരായവരോടും അതുപോലെതന്നെ, ക്രിസ്‌തീയ സഭയുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടവരോടും സ്‌നേഹം പ്രകടിപ്പിക്കാൻ ദൈവവചനം നമ്മോടു പറയുന്നു. (എബ്രായർ 12:12) നാം അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌? യേശു പറഞ്ഞ ജീവസ്സുറ്റ രണ്ടു ദൃഷ്ടാന്തങ്ങൾ അതിന്‌ ഉത്തരം നൽകുന്നു.

കാണാതെപോയ ആടും നാണയവും

5, 6. (എ) ഹ്രസ്വമായ ഏതു രണ്ട്‌ ദൃഷ്ടാന്തങ്ങളാണ്‌ യേശു പറഞ്ഞത്‌? (ബി) ഈ ദൃഷ്ടാന്തങ്ങൾ യഹോവയെ കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

5 വഴിതെറ്റിപ്പോയവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്ന്‌ തന്റെ ശ്രോതാക്കളെ പഠിപ്പിക്കുന്നതിനായി യേശു ഹ്രസ്വമായ രണ്ടു ദൃഷ്ടാന്തങ്ങൾ പറഞ്ഞു. ഒരു ഇടയനെ കുറിച്ചുള്ളതായിരുന്നു ഒന്ന്‌. യേശു പറഞ്ഞു: “നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറെറാമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്‌നേഹിതന്മാരെയും അയല്‌ക്കാരെയും വിളിച്ചുകൂട്ടി: കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും. അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറെറാമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”​—⁠ലൂക്കൊസ്‌ 15:4-7.

6 രണ്ടാമത്തേത്‌ ഒരു സ്‌ത്രീയെ കുറിച്ചുള്ളതാണ്‌. യേശു പറഞ്ഞു: “ഒരു സ്‌ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്‌മത്തോടെ അന്വേഷിക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സ്‌നേഹിതിമാരെയും അയല്‌ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”​—⁠ലൂക്കൊസ്‌ 15:8-10.

7. കാണാതെപോയ ആടിനെയും നാണയത്തെയും കുറിച്ചുള്ള ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക്‌ ഏത്‌ രണ്ടു പാഠങ്ങൾ പഠിക്കാൻ കഴിയും?

7 ഹ്രസ്വമായ ഈ രണ്ട്‌ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും? (1) ബലഹീനരായവരോട്‌ നമുക്ക്‌ എന്തു തോന്നണം എന്നും (2) അവരെ സഹായിക്കാൻ നാം എന്തു ചെയ്യണം എന്നും അവ നമുക്കു കാണിച്ചുതരുന്നു. ഇവയെ കുറിച്ചു നമുക്ക്‌ കൂടുതലായി പരിചിന്തിക്കാം.

കാണാതെപോയതെങ്കിലും വിലപ്പെട്ടത്‌

8. (എ) ഇടയനും സ്‌ത്രീയും തങ്ങൾക്കുണ്ടായ നഷ്ടത്തോട്‌ എങ്ങനെയാണു പ്രതികരിച്ചത്‌? (ബി) കാണാതെപോയവയെ അവർ എങ്ങനെ കരുതി എന്നതു സംബന്ധിച്ച്‌ അവരുടെ പ്രതികരണം നമ്മോട്‌ എന്തു പറയുന്നു?

8 രണ്ട്‌ ദൃഷ്ടാന്തങ്ങളിലും ഓരോ സംഗതി കാണാതെ പോയിരുന്നു, എന്നാൽ ഉടമസ്ഥരുടെ പ്രതികരണം ശ്രദ്ധിക്കുക. ഇടയൻ ഇങ്ങനെ പറഞ്ഞില്ല: ‘100 ആടുള്ളതിൽ ഒരെണ്ണമല്ലേ പോയുള്ളൂ? അതില്ലെങ്കിലും എനിക്ക്‌ കുഴപ്പമൊന്നുമില്ല.’ ആ സ്‌ത്രീ ഇപ്രകാരം പറഞ്ഞില്ല: ‘ഒരു നാണയത്തെ കുറിച്ച്‌ എന്തിനാണ്‌ ആകുലപ്പെടുന്നത്‌? എന്റെ കൈവശം ബാക്കി 9 എണ്ണം ഇപ്പോഴും ഉണ്ടല്ലോ.’ അതിനുപകരം, ആ ഒരാടു മാത്രം ഉണ്ടായിരുന്നതു പോലെയാണ്‌ ഇടയൻ കാണാതെപോയതിനെ തേടി നടന്നത്‌. വേറെ നാണയങ്ങളൊന്നും കൈവശം ഇല്ലാതിരുന്നതുപോലെയാണ്‌ ഒരു നാണയം കാണാതെപോയപ്പോൾ ആ സ്‌ത്രീ പ്രതികരിച്ചത്‌. ഈ രണ്ടു സന്ദർഭങ്ങളിലും കാണാതെപോയതെന്തോ അത്‌ അപ്പോഴും ഉടമയ്‌ക്കു വളരെ വിലപ്പെട്ടതായിരുന്നു. ഇത്‌ എന്തിനെയാണു ചിത്രീകരിക്കുന്നത്‌?

9. ഇടയനും സ്‌ത്രീയും കാണിച്ച താത്‌പര്യം എന്തിനെ ചിത്രീകരിക്കുന്നു?

9 രണ്ടു വിവരണങ്ങളുടെയും ഒടുവിൽ യേശു പറഞ്ഞതു ശ്രദ്ധിക്കുക: ‘അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും,’ “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അതുകൊണ്ട്‌, ഇടയനും സ്‌ത്രീയും പ്രകടമാക്കിയ താത്‌പര്യം യഹോവയ്‌ക്കും അവന്റെ സ്വർഗീയ ജീവികൾക്കും തോന്നുന്ന വികാരങ്ങളെ ചെറിയ തോതിൽ പ്രതിഫലിപ്പിക്കുന്നു. കാണാതെപോയവയെ ഇടയനും സ്‌ത്രീയും തുടർന്നും വിലപ്പെട്ടതായി വീക്ഷിച്ചതുപോലെ, ദൈവത്തിന്റെ ജനത്തിൽനിന്ന്‌ അകന്ന്‌ അവരുമായുള്ള ബന്ധം അറ്റുപോയവർ യഹോവയുടെ ദൃഷ്ടിയിൽ അപ്പോഴും വിലപ്പെട്ടവരാണ്‌. (യിരെമ്യാവു 31:3) അത്തരം വ്യക്തികൾ ആത്മീയമായി ബലഹീനർ ആയിരിക്കാമെങ്കിലും അവശ്യം മത്സരികളല്ല. ബലഹീനമായ ആ അവസ്ഥയിൽപ്പോലും അവർ യഹോവയുടെ വ്യവസ്ഥകൾ ഒരു പരിധിവരെ പാലിക്കുന്നുണ്ടാകാം. (സങ്കീർത്തനം 119:176; പ്രവൃത്തികൾ 15:​28, 29) അതുകൊണ്ട്‌, മുൻകാലങ്ങളിലെ പോലെതന്നെ “തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കള”യാൻ യഹോവ ധൃതികൂട്ടുന്നില്ല.​—⁠2 രാജാക്കന്മാർ 13:23.

10, 11. (എ) സഭയിൽനിന്ന്‌ അകന്നുപോയിരിക്കുന്നവരെ നാം എങ്ങനെ വീക്ഷിക്കണം? (ബി) യേശുവിന്റെ രണ്ട്‌ ദൃഷ്ടാന്തങ്ങൾ അനുസരിച്ച്‌, നമുക്ക്‌ അവരിലുള്ള താത്‌പര്യം എങ്ങനെ പ്രകടമാക്കാം?

10 യഹോവയെയും യേശുവിനെയുംപോലെ നാമും, ബലഹീനരും ക്രിസ്‌തീയ സഭയിൽനിന്ന്‌ അകന്നുപോയവരുമായ വ്യക്തികളിൽ വളരെയേറെ തത്‌പരരാണ്‌. (യെഹെസ്‌കേൽ 34:16; ലൂക്കൊസ്‌ 19:10) ആത്മീയമായി ബലഹീനനായ ഒരു വ്യക്തിയെ, തിരിച്ചുവരാൻ യാതൊരു സാധ്യതയുമില്ലാത്ത ഒരുവനായിട്ടല്ല, മറിച്ച്‌ കാണാതായ ഒരു ആടിനെ പോലെയാണു നാം വീക്ഷിക്കുന്നത്‌. ‘ബലഹീനനായ ഒരാളെ കുറിച്ച്‌ എന്തിന്‌ ആകുലപ്പെടണം? അയാൾ ഇല്ലാഞ്ഞിട്ടും സഭയ്‌ക്കു കുഴപ്പമൊന്നുമില്ല’ എന്നു നാം ന്യായവാദം ചെയ്യുന്നില്ല. മറിച്ച്‌, അകന്നുപോയെങ്കിലും മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവോ അങ്ങനെ തന്നെയാണ്‌ നാമും വീക്ഷിക്കുന്നത്‌​—⁠വിലപ്പെട്ടവരായിത്തന്നെ.

11 അവരിലുള്ള താത്‌പര്യം നമുക്ക്‌ എങ്ങനെയാണു പ്രകടിപ്പിക്കാനാകുക? യേശുവിന്റെ രണ്ട്‌ ദൃഷ്ടാന്തങ്ങൾ സൂചിപ്പിക്കുന്നത്‌ അനുസരിച്ച്‌, (1) മുൻകൈയെടുത്തുകൊണ്ടും (2) ആർദ്രതയോടെ ഇടപെട്ടുകൊണ്ടും (3) ആത്മാർഥത പ്രകടമാക്കിക്കൊണ്ടും നമുക്ക്‌ അതു ചെയ്യാവുന്നതാണ്‌. നമുക്ക്‌ ഈ ഘടകങ്ങൾ ഓരോന്നായി പരിചിന്തിക്കാം.

മുൻകൈയെടുക്കുക

12. ‘കാണാതെ പോയതിനെ നോക്കിനടക്കുന്നു’ എന്ന പ്രയോഗം ഇടയന്റെ മനോഭാവം സംബന്ധിച്ച്‌ നമ്മോട്‌ എന്തു പറയുന്നു?

12 ആദ്യത്തെ ദൃഷ്ടാന്തത്തിൽ, ഇടയൻ ‘കാണാതെ പോയതിനെ നോക്കിനടക്കും’ എന്ന്‌ യേശു പറയുന്നു. ഇടയൻ മുൻകൈയെടുക്കുകയും കാണാതെ പോയ ആടിനെ കണ്ടെത്തുന്നതിനായി ബോധപൂർവകമായ ശ്രമം നടത്തുകയും ചെയ്യുന്നു. ബുദ്ധിമുട്ടുകളോ അപകടമോ ദൂരമോ അയാൾക്ക്‌ ഒരു തടസ്സമല്ല. നേരെമറിച്ച്‌, “കണ്ടെത്തുംവരെ” ഇടയൻ അതിനെ അന്വേഷിക്കുന്നു.​—⁠ലൂക്കൊസ്‌ 15:⁠4.

13. ബലഹീനരുടെ ആവശ്യങ്ങളോട്‌ പുരാതന കാലത്തെ വിശ്വസ്‌ത പുരുഷന്മാർ പ്രതികരിച്ചത്‌ എങ്ങനെ, അത്തരം ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്ക്‌ എങ്ങനെ അനുകരിക്കാം?

13 സമാനമായി, പ്രോത്സാഹനം ആവശ്യമുള്ള ഒരാളെ സഹായിക്കുന്നതിന്‌ മിക്കപ്പോഴും ബലമുള്ളവർ മുൻകൈയെടുക്കേണ്ടത്‌ ആവശ്യമാണ്‌. പുരാതന കാലത്തെ വിശ്വസ്‌ത പുരുഷന്മാർ ഇതു മനസ്സിലാക്കിയിരുന്നു. ദൃഷ്ടാന്തത്തിന്‌, ശൗൽ രാജാവിന്റെ മകനായ യോനാഥാൻ, തന്റെ ഉറ്റ സുഹൃത്തായ ദാവീദിനു പ്രോത്സാഹനം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോൾ ‘പുറപ്പെട്ടു [“എഴുന്നേറ്റ്‌,” NW] കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി.’ (1 ശമൂവേൽ 23:15, 16) നൂറ്റാണ്ടുകൾക്കുശേഷം, തന്റെ സഹോദരന്മാരായ യഹൂദരിൽ ചിലർ നിരുത്സാഹിതരാണെന്നു ഗവർണറായ നെഹെമ്യാവ്‌ കണ്ടപ്പോൾ അവനും “എഴുന്നേറ്റുനിന്നു” ‘കർത്താവിനെ [“യഹോവയെ,” NW] ഓർക്കാൻ’ അവരെ പ്രോത്സാഹിപ്പിച്ചു. (നെഹെമ്യാവു 4:14) ബലഹീനരെ ബലപ്പെടുത്താനായി ‘എഴുന്നേൽക്കാൻ,’ അഥവാ മുൻകൈയെടുക്കാൻ ഇക്കാലത്ത്‌ നാമും ആഗ്രഹിക്കും. എന്നാൽ സഭയിലെ ആരാണ്‌ അങ്ങനെ ചെയ്യേണ്ടത്‌?

14. ക്രിസ്‌തീയ സഭയിൽ ആരാണ്‌ ബലഹീനരെ സഹായിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കേണ്ടത്‌?

14 പ്രത്യേകിച്ച്‌ മൂപ്പന്മാർക്ക്‌ ‘തളർന്ന കൈകളെ ബലപ്പെടുത്താനും കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പാനും മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ എന്നു പറയാനും’ ഉള്ള ഉത്തരവാദിത്വമുണ്ട്‌. (യെശയ്യാവു 35:3, 4; 1 പത്രൊസ്‌ 5:1, 2) എന്നിരുന്നാലും, ‘വിഷാദമുള്ള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കാനും ബലഹീനരെ താങ്ങാനും’ ഉള്ള ബുദ്ധിയുപദേശം പൗലൊസ്‌ മൂപ്പന്മാർക്ക്‌ മാത്രമല്ല നൽകിയത്‌ എന്നു ശ്രദ്ധിക്കുക. മറിച്ച്‌, “തെസ്സലൊനീക്യസഭ”യിലെ സകലരെയും സംബോധന ചെയ്‌തുകൊണ്ടുള്ളതായിരുന്നു അവന്റെ വാക്കുകൾ. (1 തെസ്സലൊനീക്യർ 1:1; 5:14) അതുകൊണ്ട്‌ ബലഹീനരെ സഹായിക്കുന്നതിന്‌ മുൻകൈയെടുത്തു പ്രവർത്തിക്കാനുള്ള നിയോഗം സകല ക്രിസ്‌ത്യാനികൾക്കുമുണ്ട്‌. ദൃഷ്ടാന്തത്തിലെ ഇടയനെപ്പോലെ, ക്രിസ്‌ത്യാനികളായ ഓരോരുത്തരും ‘കാണാതെപോയതിനെ നോക്കി നടക്കാൻ’ പ്രേരിതരാകണം. തീർച്ചയായും, മൂപ്പന്മാരുടെ സഹകരണത്തോടെ ചെയ്യുമ്പോഴാണ്‌ ഇത്‌ ഏറ്റവും ഫലകരമായിരിക്കുന്നത്‌. നിങ്ങളുടെ സഭയിലെ ബലഹീനനായ ഒരാളെ സഹായിക്കാനായി നിങ്ങൾക്ക്‌ എന്തെങ്കിലും ചെയ്യാനാകുമോ?

ആർദ്രതയോടെ ഇടപെടുക

15. ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇടയൻ പ്രവർത്തിക്കാനുള്ള കാരണം എന്തായിരിക്കാം?

15 ഒടുവിൽ കാണാതെപോയ ആടിനെ കണ്ടെത്തുമ്പോൾ ആ ഇടയൻ എന്താണു ചെയ്യുന്നത്‌? ‘അവൻ അതിനെ ചുമലിലേറ്റുന്നു.’ (ലൂക്കൊസ്‌ 15:​5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എത്ര ഹൃദയസ്‌പർശിയും ഉൾക്കാഴ്‌ച നൽകുന്നതുമായ ഒരു വിശദാംശം! തികച്ചും അപരിചിതമായ സ്ഥലത്തുകൂടെ ഈ ആട്‌ രാപകൽ അലഞ്ഞിട്ടുണ്ടാകാം, ഒരുപക്ഷേ പതുങ്ങിക്കിടക്കുന്ന സിംഹങ്ങളിൽനിന്നുള്ള ആക്രമണ ഭീഷണിയും അത്‌ നേരിട്ടിട്ടുണ്ടാകാം. (ഇയ്യോബ്‌ 38:39, 40) തീറ്റയുടെ കുറവുകൊണ്ട്‌ ആടിന്റെ ബലം ക്ഷയിച്ചിരിക്കുന്നു എന്നതിനു സംശയമില്ല. കൂട്ടത്തിലേക്കു തിരിച്ചുവരുമ്പോൾ വഴിമധ്യേ ഉണ്ടായേക്കാവുന്ന പ്രതിബന്ധങ്ങളെ തരണംചെയ്യാൻ ശക്തിയില്ലാത്തവിധം അതു ക്ഷീണിച്ചുപോയിരിക്കുന്നു. അതുകൊണ്ട്‌, ഇടയൻ കുനിഞ്ഞ്‌ ആർദ്രതയോടെ ആടിനെ എടുത്ത്‌ പ്രതിബന്ധങ്ങൾ മറികടന്ന്‌ അതിനെ കൂട്ടത്തിലേക്കു കൊണ്ടുവരുന്നു. ഈ ഇടയൻ പ്രകടമാക്കുന്ന കരുതൽ നമുക്ക്‌ എങ്ങനെ പ്രതിഫലിപ്പിക്കാം?

16. വഴിതെറ്റിപ്പോയ ആടിനോട്‌ ഇടയൻ കാണിച്ച ആർദ്രത നാം പ്രതിഫലിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 സഭയുമായുള്ള സമ്പർക്കം നഷ്ടപ്പെട്ട ഒരു വ്യക്തി ആത്മീയമായി ക്ഷീണിച്ച അവസ്ഥയിൽ ആയിരിക്കാം. ഇടയനിൽനിന്നു വേർപെട്ടുപോയ ആടിനെപ്പോലെ അത്തരമൊരു വ്യക്തി ഈ ലോകത്തിലെ പ്രതികൂല മേഖലയിലൂടെ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിഞ്ഞിട്ടുണ്ടാകാം. ആട്ടിൻകൂട്ടം അഥവാ ക്രിസ്‌തീയ സഭ നൽകുന്ന സംരക്ഷണം ഇല്ലാത്ത അയാൾ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്ന” പിശാചിന്റെ ആക്രമണങ്ങൾക്ക്‌ മുമ്പെന്നത്തെക്കാളധികം വിധേയനാകുന്നു. (1 പത്രൊസ്‌ 5:8) കൂടാതെ, ആത്മീയ ഭക്ഷണത്തിന്റെ അഭാവം നിമിത്തം അയാളുടെ ബലം ക്ഷയിക്കുന്നു. അക്കാരണത്താൽ, വഴിമധ്യേയുള്ള തടസ്സങ്ങളെ സ്വയം മറികടന്ന്‌ സഭയിലേക്കു തിരിച്ചുവരാനുള്ള ശക്തി ഇല്ലാത്തവണ്ണം അയാൾ ക്ഷീണിതനായിരിക്കാം. അതുകൊണ്ട്‌, പ്രതീകാത്മകമായി നാം കുനിഞ്ഞ്‌ ബലഹീനനെ ആർദ്രതയോടെ എടുത്തു തിരികെ കൊണ്ടുവരേണ്ടതുണ്ട്‌. (ഗലാത്യർ 6:2) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും?

17. ബലഹീനനായ ഒരു വ്യക്തിയെ സന്ദർശിക്കുമ്പോൾ നമുക്ക്‌ അപ്പൊസ്‌തലനായ പൗലൊസിനെ എങ്ങനെ അനുകരിക്കാൻ കഴിയും?

17 അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ആരെങ്കിലും ദുർബലനായാൽ ഞാൻ അതിൽ പങ്കുചേരുന്നില്ലേ?” (2 കൊരിന്ത്യർ 11:​29, ഓശാന ബൈബിൾ; 1 കൊരിന്ത്യർ 9:22) ബലഹീനർ ഉൾപ്പെടെ ആളുകളോട്‌ പൗലൊസിനു സമാനുഭാവം ഉണ്ടായിരുന്നു. അതേവിധത്തിൽ ബലഹീനരോടു സമാനുഭാവം കാണിക്കാൻ നാം ആഗ്രഹിക്കുന്നു. ആത്മീയബലം ക്ഷയിച്ച ഒരു ക്രിസ്‌ത്യാനിയെ സന്ദർശിക്കുമ്പോൾ, ആ വ്യക്തി യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവനാണെന്നും സഹാരാധകർക്ക്‌ അയാളുടെ അഭാവം വളരെയധികം അനുഭവപ്പെടുന്നുണ്ടെന്നും അയാളെ ബോധ്യപ്പെടുത്തുക. (1 തെസ്സലൊനീക്യർ 2:17) അവർ സഹായിക്കാൻ മനസ്സൊരുക്കമുള്ളവരും ‘അനർത്ഥകാലത്തു സഹോദരനായ്‌തീരാൻ’ സന്നദ്ധതയുള്ളവരുമാണെന്ന്‌ ആ വ്യക്തിയെ അറിയിക്കുക. (സദൃശവാക്യങ്ങൾ 17:17; സങ്കീർത്തനം 34:18) നമ്മുടെ ഹൃദയംഗമമായ വാക്കുകളിലൂടെ അയാളെ മെല്ലെ, ആർദ്രതയോടുകൂടെ പിടിച്ചെഴുന്നേൽപ്പിച്ച്‌ ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ നമുക്കു സാധിച്ചേക്കാം. അടുത്തതായി നാം എന്തു ചെയ്യണം? സ്‌ത്രീയെയും കാണാതെപോയ നാണയത്തെയും കുറിച്ചുള്ള ദൃഷ്ടാന്തം അതിനുള്ള ഉത്തരം നൽകുന്നു.

ആത്മാർഥത പ്രകടമാക്കുക

18. (എ) യേശുവിന്റെ ദൃഷ്ടാന്തത്തിലെ സ്‌ത്രീ ആശ കൈവെടിയാഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) ആ സ്‌ത്രീ ആത്മാർഥമായ എന്തു ശ്രമം നടത്തി, ഫലം എന്തായിരുന്നു?

18 നാണയം നഷ്ടപ്പെട്ട സ്‌ത്രീക്ക്‌ അത്‌ കണ്ടെടുക്കുക ദുഷ്‌കരമാണെങ്കിലും അസാധ്യമല്ല എന്ന്‌ അറിയാം. വലിയ ഒരു കുറ്റിക്കാട്ടിലോ ചെളിനിറഞ്ഞ കുളത്തിലോ ആണ്‌ ആ നാണയം പോയതെങ്കിൽ അത്‌ ഇനി കിട്ടുകയില്ല എന്നു കരുതി അവൾ ഒരുപക്ഷേ അത്‌ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ, നാണയം വീട്ടിനകത്ത്‌ തനിക്കു കണ്ടെത്താവുന്ന എവിടെയോ ഉണ്ടെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അവൾ അതിനു വേണ്ടി ആത്മാർഥമായ തിരച്ചിൽ ആരംഭിക്കുന്നു. (ലൂക്കൊസ്‌ 15:8) ആദ്യമായി, വീടിനുള്ളിലെ ഇരുട്ടു മാറ്റാൻ അവൾ ഒരു വിളക്ക്‌ കത്തിക്കുന്നു. പിന്നെ, നാണയം കിലുങ്ങുന്ന ശബ്ദംകേൾക്കുമെന്ന പ്രതീക്ഷയിൽ അവൾ വീട്‌ അടിച്ചുവാരുന്നു. അവസാനമായി, വെള്ളിനാണയം കണ്ടെത്തുന്നതുവരെ അവൾ വിളക്കുമായി വീടിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കുന്നു. ആ സ്‌ത്രീയുടെ ആത്മാർഥ ശ്രമത്തിനു പ്രതിഫലം ലഭിച്ചു!

19. കാണാതായ നാണയത്തെ കുറിച്ചുള്ള ദൃഷ്ടാന്തത്തിലെ സ്‌ത്രീയുടെ പ്രവൃത്തികളിൽനിന്ന്‌ ബലഹീനരെ സഹായിക്കുന്നതു സംബന്ധിച്ച്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?

19 ബലഹീന ക്രിസ്‌ത്യാനികളെ സഹായിക്കാനുള്ള തിരുവെഴുത്തുപരമായ കടപ്പാട്‌ നമ്മുടെ പ്രാപ്‌തികൾക്ക്‌ അതീതമല്ല എന്നാണ്‌ ഈ ദൃഷ്ടാന്തത്തിലെ വിശദാംശങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്‌. അതേസമയം, അതു ചെയ്യുന്നതിന്‌ ശ്രമം ആവശ്യമാണെന്നും നാം തിരിച്ചറിയുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ എഫെസൊസിലെ മൂപ്പന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘ഇങ്ങനെ അദ്‌ധ്വാനിച്ചുകൊണ്ട്‌ ബലഹീനരെ സഹായിക്കണം.’ (പ്രവൃത്തികൾ 20:35എ, പി.ഒ.സി. ബൈ.) വല്ലപ്പോഴും അവിടെയും ഇവിടെയുമൊക്കെ അലസമായി നോക്കുന്നതിലൂടെയല്ല ആ സ്‌ത്രീ നാണയം കണ്ടെത്തുന്നത്‌ എന്നു മനസ്സിൽ പിടിക്കുക. “അതു കണ്ടുകിട്ടുംവരെ” ചിട്ടയോടെ തിരയുന്നതുകൊണ്ടാണ്‌ അവൾ വിജയിക്കുന്നത്‌. സമാനമായി, ആത്മീയമായി ബലഹീനനായ ഒരു വ്യക്തിയെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ സമീപനം ആത്മാർഥവും ഉദ്ദേശ്യപൂർണവും ആയിരിക്കണം. നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

20. ബലഹീനരെ സഹായിക്കാനായി എന്തു ചെയ്യാവുന്നതാണ്‌?

20 വിശ്വാസവും വിലമതിപ്പും വളർത്തിയെടുക്കാൻ നമുക്ക്‌ ഒരു ബലഹീന വ്യക്തിയെ എങ്ങനെ സഹായിക്കാം? ഉചിതമായ ഒരു ക്രിസ്‌തീയ പ്രസിദ്ധീകരണത്തിൽനിന്ന്‌ അയാളുമായി വ്യക്തിപരമായ ബൈബിളധ്യയനം നടത്തുന്നത്‌ ആഗ്രഹിക്കുന്ന ഫലം ചെയ്‌തേക്കാം. വാസ്‌തവത്തിൽ, ബലഹീനനായ ഒരു വ്യക്തിയുമായി ബൈബിളധ്യയനം നടത്തുന്നത്‌ അയാൾക്ക്‌ ആവശ്യമായ എല്ലാ സഹായവും ക്രമമായി നൽകാൻ നമുക്ക്‌ അവസരമേകും. ആവശ്യമായ സഹായം നൽകാൻ പറ്റിയത്‌ ആരാണെന്നു തീരുമാനിക്കാൻ സേവന മേൽവിചാരകനു സാധിച്ചേക്കും. ഏതു വിഷയങ്ങളാണ്‌ പഠിക്കേണ്ടതെന്നും ഏതു പ്രസിദ്ധീകരണമായിരിക്കും ഏറ്റവും സഹായകമെന്നും അദ്ദേഹം നിർദേശിച്ചേക്കാം. ദൃഷ്ടാന്തത്തിലെ സ്‌ത്രീ തന്റെ വേല നിർവഹിക്കാനായി സഹായകമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുപോലെ, ബലഹീനരെ സഹായിക്കാനുള്ള നമ്മുടെ ദൈവദത്ത ഉത്തരവാദിത്വം നിർവഹിക്കാൻ ഇക്കാലത്ത്‌ നമുക്ക്‌ ഉപകരണങ്ങളുണ്ട്‌. നമുക്കു ലഭിച്ചിട്ടുള്ള പുതിയ രണ്ട്‌ ഉപകരണങ്ങൾ അഥവാ പ്രസിദ്ധീകരണങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകിച്ച്‌ സഹായകമായിരിക്കും. ഏക സത്യദൈവത്തെ ആരാധിക്കുക, യഹോവയോട്‌ അടുത്തു ചെല്ലുക എന്നീ പുസ്‌തകങ്ങളാണ്‌ അവ. *

21. ബലഹീനരെ സഹായിക്കുന്നത്‌ എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നത്‌ എങ്ങനെ?

21 ബലഹീനരെ സഹായിക്കുന്നത്‌ എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നു. സഹായം ലഭിക്കുന്ന വ്യക്തി, യഥാർഥ സുഹൃത്തുക്കളുമായി വീണ്ടും ചേരാനാകുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നു. കൊടുക്കലിലൂടെ മാത്രം ലഭിക്കുന്ന ഹൃദയംഗമമായ സന്തോഷം നമുക്ക്‌ അനുഭവപ്പെടുന്നു. (ലൂക്കൊസ്‌ 15:6, 9; പ്രവൃത്തികൾ 20:​35, NW) സഹോദരങ്ങൾ ഓരോരുത്തരും മറ്റുള്ളവരിൽ സ്‌നേഹപുരസ്സരമായ താത്‌പര്യം കാണിക്കുന്നത്‌ സഭയിലെ ഊഷ്‌മളമായ അന്തരീക്ഷത്തിനു സംഭാവന ചെയ്യുന്നു. സർവോപരി ബലഹീനരെ താങ്ങാനുള്ള ആഗ്രഹം തങ്ങളുടെ ഭൗമിക ദാസന്മാർ പ്രതിഫലിപ്പിക്കുമ്പോൾ കരുതലുള്ള ഇടയന്മാരായ യഹോവയ്‌ക്കും യേശുക്രിസ്‌തുവിനും അതു ബഹുമതി കൈവരുത്തുന്നു. (സങ്കീർത്തനം 72:12-14; മത്തായി 11:28-30; 1 കൊരിന്ത്യർ 11:1; എഫെസ്യർ 5:1) അതുകൊണ്ട്‌ ‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കാനുള്ള’ എത്ര നല്ല കാരണങ്ങളാണ്‌ നമുക്കുള്ളത്‌!

[അടിക്കുറിപ്പ്‌]

^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• നാം ഓരോരുത്തരും സ്‌നേഹം പ്രകടമാക്കേണ്ടത്‌ സുപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ബലഹീനരോടു നാം സ്‌നേഹം പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

• കാണാതായ ആടിനെയും നാണയത്തെയും കുറിച്ചുള്ള ദൃഷ്ടാന്തം നമ്മെ ഏതു പാഠങ്ങൾ പഠിപ്പിക്കുന്നു?

• ബലഹീനരെ സഹായിക്കാനായി നമുക്കു സ്വീകരിക്കാൻ കഴിയുന്ന പ്രായോഗിക പടികൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ബലഹീനരെ സഹായിക്കുമ്പോൾ, നാം മുൻകൈയെടുക്കുകയും ആർദ്രതയോടെ ഇടപെടുകയും ആത്മാർഥത പ്രകടമാക്കുകയും ചെയ്യുന്നു

[16, 17 പേജുകളിലെ ചിത്രം]

ബലഹീനരെ സഹായിക്കുന്നത്‌ എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നു