തൊഴിലിനോട് സമനിലയുള്ള ഒരു വീക്ഷണം നട്ടുവളർത്താൻ കഴിയുന്ന വിധം
തൊഴിലിനോട് സമനിലയുള്ള ഒരു വീക്ഷണം നട്ടുവളർത്താൻ കഴിയുന്ന വിധം
വൻ തോതിലുള്ള ഉത്‌പാദനവും കഴുത്തറപ്പൻ മത്സരവും നിമിത്തം വർധിച്ച സമ്മർദം നിലനിൽക്കുന്ന ഒരു ആഗോള വിപണിയാണ് ഇന്നുള്ളത്. അതുകൊണ്ട് ദിവസേന ജോലിക്കു പോകാൻ അനേകർക്കും താത്‌പര്യമില്ലാതായിരിക്കുന്നു. എന്നാൽ നമ്മൾ ജോലിയിൽ ആസ്വാദനം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം യഹോവയാം ദൈവത്തിന്റെ പ്രതിച്ഛായയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവനാകട്ടെ, തന്റെ പ്രവൃത്തിയിൽ ആനന്ദം കണ്ടെത്തുന്ന ഒരു ദൈവമാണ്. ഉദാഹരണത്തിന്, തന്റെ സുദീർഘമായ സൃഷ്ടിക്രിയകൾക്ക് ഒടുവിൽ ആറാം ‘ദിവസം,’ താൻ ചെയ്‌തതൊക്കെയും അവൻ നിരീക്ഷിച്ചു. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ഉല്‌പത്തി 1:31 പറയുന്നു.
ജോലിയോടുള്ള യഹോവയുടെ താത്‌പര്യമാണ് ‘സന്തുഷ്ടനായ ദൈവം’ എന്ന് അവനെ വിളിക്കാനുള്ള ഒരു കാരണം. (1 തിമൊഥെയൊസ് 1:11, NW) അവനെ നാം എത്രയധികം അനുകരിക്കുന്നുവോ അത്രയധികം നാം സന്തുഷ്ടരായിത്തീരും എന്നതു ന്യായയുക്തമായി തോന്നുന്നില്ലേ? ഇതിനോടു ചേർച്ചയിൽ, പുരാതന ഇസ്രായേലിലെ രാജാവും മികച്ച ഒരു ശിൽപ്പിയും സംഘാടകനുമായിരുന്ന ശലോമോൻ ഇങ്ങനെ എഴുതി: “ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—സഭാപ്രസംഗി 3:13.
അതിവേഗം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിൽരംഗത്ത് ജോലി സംബന്ധിച്ച് സമനിലയോടു കൂടിയ, ആരോഗ്യകരമായ ഒരു വീക്ഷണം വളർത്തിയെടുക്കുക എന്നതു വെല്ലുവിളി ആയിരുന്നേക്കാം. എന്നാൽ തന്റെ സ്‌നേഹനിർഭരമായ നിർദേശം പിൻപറ്റുന്നവരെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്യും. (സങ്കീർത്തനം 119:99, 100) അവർ വിശ്വസ്‌തരായ, വിലമതിക്കത്തക്ക തൊഴിലാളികൾ ആയതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. അവർക്കു തങ്ങളുടെ ജോലിയോടും ജീവിതത്തോടും ഒരു ഭൗതിക കാഴ്‌ചപ്പാടല്ല മറിച്ച് ആത്മീയ വീക്ഷണമാണ് ഉള്ളത്. അതുകൊണ്ട് ജീവിതത്തിൽ ഉത്തരവാദിത്വബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ അവർക്കു കഴിയുന്നു. മാത്രമല്ല, തങ്ങളുടെ സന്തോഷവും സുരക്ഷിതത്വവും തൊഴിലിനെയോ അസ്ഥിരമായ തൊഴിൽരംഗത്തെയോ ആശ്രയിച്ചിരിക്കുന്നില്ല എന്ന് അവർ തിരിച്ചറിയുന്നു. (മത്തായി 6:31-33; 1 കൊരിന്ത്യർ 2:14, 15) തൊഴിലിനോടു കൂറു പുലർത്തുന്നതിൽ സമനിലയുള്ളവരായിരിക്കാൻ ഈ വീക്ഷണം അവരെ സഹായിക്കും.
തൊഴിലിനോടുള്ള ബന്ധത്തിൽ ദൈവിക വീക്ഷണം നട്ടുവളർത്തുക
ചിലർക്കു തൊഴിലിനോട് ഒരുതരം ആസക്തിയാണ്. മറ്റെല്ലാറ്റിനും മീതെ അവർ തൊഴിലിനെ പ്രതിഷ്‌ഠിക്കുന്നു. ചെയ്യുന്ന ജോലിയോട് യാതൊരു ആത്മാർഥതയുമില്ലാത്തവരാണ് മറ്റു ചിലർ. എങ്ങനെയും ജോലിസമയം ഒന്നു തീർന്നുകിട്ടി വീട്ടിലെത്തിയാൽ മതിയെന്ന ചിന്തയോടെ സഭാപ്രസംഗി 4:6, പി.ഒ.സി. ബൈബിൾ) അമിത അധ്വാനവും ദീർഘനേരം ജോലി ചെയ്യുന്നതും ഉത്‌പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. “കാറ്റിനു പിന്നാലെയുള്ള പാച്ചൽ” (NW) പോലെ നിഷ്‌ഫലമാണത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം തൊഴിലിനോടു സമനിലയുള്ള ഒരു വീക്ഷണം പുലർത്താത്ത പക്ഷം, നമുക്ക് ഏറ്റവും സന്തോഷം പ്രദാനം ചെയ്യുന്ന സംഗതികൾക്ക്—കുടുംബവും സുഹൃത്തുക്കളുമായി നമുക്കുള്ള ബന്ധം, നമ്മുടെ ആത്മീയത, ആരോഗ്യം, ആയുസ്സ് എന്നിവയ്‌ക്ക്—ക്ഷതം ഏൽപ്പിക്കുകയായിരിക്കും നാം ചെയ്യുന്നത്. (1 തിമൊഥെയൊസ് 6:9, 10) ആവശ്യത്തിനു സ്വസ്ഥത ആസ്വദിച്ചുകൊണ്ട് ഉള്ള ഉപജീവനമാർഗത്തിൽ തൃപ്‌തിപ്പെടുമ്പോഴാണ് നമുക്കു സമനിലയുള്ള ഒരു വീക്ഷണം ഉണ്ടെന്നു പറയാൻ കഴിയുന്നത്. ‘ഇരുകൈകളും നിറയെയുള്ള അധ്വാനത്താൽ’ ഭാരപ്പെട്ട് കലഹത്തിലും ദുരിതത്തിലും വേലചെയ്യുന്നതിനെക്കാൾ എത്രയോ അഭികാമ്യവും സന്തുഷ്ടിദായകവുമാണത്.
ഇവർ മണിക്കൂറുകൾ തള്ളിനീക്കുന്നു. അങ്ങനെയെങ്കിൽ സമനിലയുള്ള വീക്ഷണം എന്താണ്? ബൈബിൾ ഇപ്രകാരം പറയുന്നു: “ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അദ്‌ധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളും ഉത്തമം.” (സമനിലയുള്ള ഒരു വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബൈബിൾ ഒരിക്കലും അലസതയ്‌ക്ക് അംഗീകാരം നൽകുകയല്ല. (സദൃശവാക്യങ്ങൾ 20:4) അലസത ആത്മാഭിമാനം കെടുത്തും. മറ്റുള്ളവർക്കു നമ്മോടുള്ള ബഹുമാനത്തെയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും അതു മോശമായി ബാധിക്കും. ജോലിചെയ്യാൻ വിസമ്മതിക്കുന്നവൻ മറ്റുള്ളവരുടെ ചെലവിൽ തിന്നുകയും ചെയ്യരുത് എന്ന് ശക്തമായ ഭാഷയിൽത്തന്നെ ബൈബിൾ പറയുന്നു. (2 തെസ്സലൊനീക്യർ 3:10) അയാൾ തന്റെ മടിയൊക്കെ മാറ്റി, തന്റെയും തന്നെ ആശ്രയിച്ചു കഴിയുന്നവരുടെയും ഉപജീവനത്തിനുള്ള വക കണ്ടെത്താൻ മാന്യമായി കഠിനാധ്വാനം ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുകവഴി, ദൈവവചനം പ്രോത്സാഹിപ്പിക്കുന്നതു പോലെ മുട്ടുള്ളവനു ദാനം ചെയ്യാൻ പോലും അയാൾക്കു കഴിഞ്ഞേക്കും.—സദൃശവാക്യങ്ങൾ 21:25, 26; എഫെസ്യർ 4:28.
തൊഴിലിനെ മാനിക്കാൻ ചെറുപ്പം മുതലേ പരിശീലിപ്പിക്കുക
നല്ല തൊഴിൽ ശീലങ്ങൾ താനേ ഉളവാകുന്നതല്ല. അവ ചെറുപ്പത്തിലേ അഭ്യസിക്കുന്നതാണ്. അതുകൊണ്ട് ബൈബിൾ മാതാപിതാക്കളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) നല്ല ജോലിക്കാർ എന്ന നിലയിൽ തങ്ങൾതന്നെ മാതൃക വെക്കുന്നതു കൂടാതെ, കുട്ടികളുടെ പ്രായത്തിനു പറ്റിയ ജോലികൾ വീട്ടിൽത്തന്നെ കൊടുത്തുകൊണ്ട് ജ്ഞാനികളായ മാതാപിതാക്കൾ ചെറുപ്പത്തിലേ അവരെ പരിശീലിപ്പിച്ചു തുടങ്ങുന്നു. ചില ജോലികൾ കുട്ടികളെ അസഹ്യപ്പെടുത്തിയേക്കാം, എന്നിരുന്നാലും അവർ ചെയ്‌ത നല്ല ജോലിയെപ്രതി മാതാപിതാക്കൾ അവരെ അനുമോദിക്കുമ്പോൾ തങ്ങളും കുടുംബത്തിലെ വിലപ്പെട്ട അംഗങ്ങളാണ് എന്ന് അവർ മനസ്സിലാക്കും. സങ്കടകരമെന്നു പറയട്ടെ, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അമിതമായി ലാളിക്കുന്നു. കുട്ടികൾക്ക് എല്ലാം ചെയ്‌തു കൊടുക്കുമ്പോൾ തങ്ങൾ അവരോടു ദയ കാണിക്കുകയാണെന്ന് പലപ്പോഴും മാതാപിതാക്കൾ തെറ്റിദ്ധരിക്കുന്നു. അവരിൽ ഒരാളാണോ നിങ്ങൾ? ആണെങ്കിൽ സദൃശവാക്യങ്ങൾ 29:21-ൽ പറയുന്നതിനു ശ്രദ്ധ നൽകുക. അവിടെ ഇങ്ങനെ പറയുന്നു: “ദാസനെ [അല്ലെങ്കിൽ മക്കളെ] ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.”
ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ താത്‌പര്യമെടുക്കുകയും സ്‌കൂളിലായിരിക്കുമ്പോൾ കഠിനശ്രമം ചെയ്യുന്നതിനും നന്നായി പഠിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവർ വളർന്ന് ജോലിക്കാരാകുമ്പോൾ ഈ പരിശീലനത്തിൽനിന്നു തീർച്ചയായും പ്രയോജനം നേടും.
ജോലി തിരഞ്ഞെടുക്കുന്നതിൽ ജ്ഞാനികൾ ആയിരിക്കുക
ഏതുതരം ജോലി തിരഞ്ഞെടുക്കണം എന്നു ബൈബിൾ പറയുന്നില്ല. എങ്കിലും, നമ്മുടെ ആത്മീയ പുരോഗതിയെയും ദൈവസേവനത്തെയും മറ്റ് ഉത്തരവാദിത്വങ്ങളെയും ഹനിക്കാത്ത വിധത്തിലുള്ള ഒരു തിരഞ്ഞെടുപ്പു നടത്താൻ സഹായിക്കുന്ന ചില നല്ല മാർഗനിർദേശങ്ങൾ ബൈബിൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, അപ്പൊസ്‌തലനായ പൗലൊസ് എഴുതി: ‘കാലം ചുരുങ്ങിയിരിക്കുന്നു; ഇനി . . . ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെ ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ [“രംഗം മാറിക്കൊണ്ടിരിക്കുകയാണ്,” NW].’ (1 കൊരിന്ത്യർ 7:29-31) ഈ വ്യവസ്ഥിതിയിൽ ശാശ്വതമായി യാതൊന്നുമില്ല. നമ്മുടെ സമയവും ഊർജവും എല്ലാം ഈ വ്യവസ്ഥിതിക്കുവേണ്ടി ചെലവിടുന്നത്, നമ്മുടെ ആജീവനാന്ത സമ്പാദ്യം മുഴുവനും പ്രളയ സാധ്യതയുള്ള പ്രദേശത്തെ ഒരു വീട്ടിൽ നിക്ഷേപിക്കുന്നതിനു തുല്യമാണ്. എത്ര ബുദ്ധിശൂന്യമായ പ്രവൃത്തിയായിരിക്കും അത്!
ലോകത്തെ “അനുഭവിക്കാത്ത” എന്ന പ്രയോഗത്തെ മറ്റു ചില ബൈബിളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്, “ലയിച്ചുചേരാത്ത,” “മുഴുവനായി വ്യാപൃതരാകാത്ത” എന്നൊക്കെയാണ്. (ദ ജെറുസലേം ബൈബിൾ; ടുഡേയ്‌സ് ഇംഗ്ലീഷ് ഭാഷാന്തരം) ഈ വ്യവസ്ഥിതിക്ക് അനുവദിച്ചിരിക്കുന്ന “കാലം ചുരുങ്ങിയിരിക്കുന്നു” എന്ന വസ്‌തുതയെ വിവേകമുള്ളവർ ഒരിക്കലും അവഗണിക്കുകയില്ല. അതിൽ ‘ലയിച്ചുചേരുകയോ’ ‘മുഴുവനായി വ്യാപൃതരാകുകയോ’ ചെയ്യുന്നത് ഒടുവിൽ നൈരാശ്യത്തിലും ഹൃദയവേദനയിലും കലാശിക്കും എന്നതിന് അശേഷം സംശയമില്ല.—1 യോഹന്നാൻ 2:15-17.
‘ദൈവം ഒരുനാളും നിങ്ങളെ ഉപേക്ഷിക്കുകയില്ല’
നമ്മുടെ ആവശ്യങ്ങളെ കുറിച്ച് നമ്മെക്കാളധികം യഹോവയ്‌ക്കറിയാം. തന്റെ ഉദ്ദേശ്യ നിവൃത്തിയോടുള്ള ബന്ധത്തിൽ നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവനു നന്നായി അറിയാം. അതുകൊണ്ട് ദൈവം നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ.” തുടർന്ന് അവൻ ഈ ഉറപ്പു നൽകിയിരിക്കുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) എത്ര ആശ്വാസദായകമായ വാക്കുകൾ! യഹോവയ്‌ക്കു തന്റെ ജനത്തോടുള്ള സ്‌നേഹപുരസ്സരമായ അതേ താത്‌പര്യം യേശുവിനും ഉണ്ടായിരുന്നു. ജോലിയോടും ഭൗതികവസ്‌തുക്കളോടും ഉണ്ടായിരിക്കേണ്ട ഉചിതമായ കാഴ്‌ചപ്പാടിനെ കുറിച്ചു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിന്റെ അധികപങ്കും വിനിയോഗിച്ചത് അതുകൊണ്ടുതന്നെയാണ്.—മത്തായി 6:19-33.
ഈ പഠിപ്പിക്കലുകൾ അടുത്തു പിന്തുടരാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. ഉദാഹരണത്തിന്, ഇലക്‌ട്രീഷ്യനായി ജോലി നോക്കുന്ന ഒരു സാക്ഷിയോട് ക്രമമായി ഓവർടൈം ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതിനു വിസമ്മതിച്ചു. കാരണം എന്തായിരുന്നു? തന്റെ ലൗകിക തൊഴിൽ, ആത്മീയ കാര്യങ്ങൾക്കും കുടുംബത്തോടൊപ്പം ആയിരിക്കുന്നതിനും വേണ്ടി താൻ നീക്കിവെച്ചിരിക്കുന്ന സമയംകൂടെ കവർന്നെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം വിശ്വസ്‌തനും സമർഥനുമായ ഒരു തൊഴിലാളി ആയതിനാൽ തൊഴിലുടമ അദ്ദേഹത്തിന്റെ ആഗ്രഹത്തെ മാനിച്ചു. എന്നാൽ കാര്യങ്ങൾ എല്ലായ്‌പോഴും ഈ രീതിയിൽ പര്യവസാനിക്കണം എന്നില്ല. സമനിലയുള്ള ഒരു ജീവിതരീതി നിലനിറുത്തുന്നതിനു പറ്റിയ മറ്റേതെങ്കിലും ജോലി ചിലപ്പോൾ അന്വേഷിക്കേണ്ടതായി വന്നേക്കാം. എന്നിരുന്നാലും, തങ്ങളുടെ നല്ല പെരുമാറ്റവും ജോലിയോടുള്ള ആത്മാർഥതയും തൊഴിലുടമകളുടെ അംഗീകാരം ലഭിക്കാൻ കാരണമാകുന്നതായി, യഹോവയിൽ പൂർണ ആശ്രയം വെക്കുന്ന പലരും തിരിച്ചറിഞ്ഞിട്ടുണ്ട്.—സദൃശവാക്യങ്ങൾ 3:5, 6.
എല്ലാ വേലയും പ്രതിഫലദായകമായിത്തീരുമ്പോൾ
അപൂർണമായ ഇന്നത്തെ വ്യവസ്ഥിതിയിൽ തൊഴിലും തൊഴിൽ പ്രതീക്ഷകളും പ്രശ്‌നസങ്കീർണവും അനിശ്ചിതത്വം നിറഞ്ഞതുമാണ്. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ വർധിക്കുകയും ഈ ലോകം കൂടുതൽ അസ്ഥിരമാവുകയും ചെയ്യുന്തോറും കാര്യങ്ങൾ ഇനിയും വഷളാകുകയേ ഉള്ളൂ. പക്ഷേ ഇതു താത്‌കാലികം മാത്രമാണ്. എല്ലാവർക്കും തൊഴിലുണ്ടായിരിക്കുന്ന ഒരു കാലം സമീപിച്ചിരിക്കുന്നു. കൂടാതെ, എല്ലാ ജോലിയും ആസ്വാദ്യവും പ്രതിഫലദായകവും ആയിരിക്കും. എങ്ങനെയാണ് അതു സാധ്യമാകുക? ആ മാറ്റം വരുന്നത് ഏതു മുഖാന്തരത്തിലൂടെ ആയിരിക്കും?
അത്തരമൊരു കാലത്തെ കുറിച്ച് യെശയ്യാ പ്രവാചകനിലൂടെ യഹോവ മുൻകൂട്ടി പറഞ്ഞിരിക്കുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) താൻ രൂപംനൽകുന്ന ഒരു പുതിയ ഭരണക്രമത്തെ കുറിച്ചാണ് യഹോവ ഇവിടെ പറയുന്നത്. ആ ഭരണത്തിൻ കീഴിൽ തികച്ചും വ്യത്യസ്‌തമായ ഒരു പുതിയ മനുഷ്യ സമുദായം യാഥാർഥ്യമായിത്തീരും.—ദാനീയേൽ 2:44.
അന്ന് ആളുകളുടെ ജീവിതരീതിയും തൊഴിലും എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് പ്രവചനം ഇങ്ങനെ തുടരുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.”—യെശയ്യാവു 65:21-23.
ദൈവം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആ പുതിയ ലോകം എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരിക! അവിടെ നിങ്ങൾ “വൃഥാ അദ്ധ്വാനിക്കയില്ല.” നിങ്ങളുടെ “അദ്ധ്വാനഫലം” മുഴുവനും നിങ്ങൾതന്നെ അനുഭവിക്കും. അത്തരമൊരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ആ അനുഗ്രഹം ആസ്വദിക്കുന്നത് ആരായിരിക്കും എന്നു ശ്രദ്ധിക്കുക: ‘അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയായിരിക്കും.’ യഹോവയെ കുറിച്ചു പഠിച്ചുകൊണ്ടും അവന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും ആ ‘അനുഗ്രഹിക്കപ്പെട്ടവരിൽ’ ഒരാളായിരിക്കാൻ നിങ്ങൾക്കു കഴിയും. യേശു ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവവചനത്തിന്റെ ക്രമീകൃതമായ ഒരു അധ്യയനത്തിലൂടെ ജീവദായകമായ ആ പരിജ്ഞാനം നേടാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
[6 -ാം പേജിലെ ചതുരം]
“വളരെയധികം ആവശ്യമുണ്ട്”
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു [“യഹോവയ്‌ക്ക്,” NW] എന്നപോലെ മനസ്സോടെ ചെയ്‌വിൻ” എന്ന് ബൈബിൾ പറയുന്നു. (കൊലൊസ്സ്യർ 3:23) തൊഴിലിന്റെ കാര്യത്തിൽ മേൽപ്പറഞ്ഞ ഉദാത്തമായ തത്ത്വം ബാധകമാക്കുന്ന ഒരാൾ അഭികാമ്യനായ ഒരു തൊഴിലാളി ആയിരിക്കും. ഹൗ റ്റു ബി ഇൻവിസിബിൾ എന്ന തന്റെ പുസ്‌തകത്തിൽ ജെ. ജെ. ലൂണ, ജോലിക്കാരെ അന്വേഷിക്കുന്ന തൊഴിലുടമകൾക്ക് ഒരു നിർദേശം നൽകുന്നു, ചില പ്രത്യേക മതസംഘടനയിൽപ്പെട്ട ഊർജസ്വലരായ അംഗങ്ങളെ അന്വേഷിക്കുക. “ഇത്തരത്തിലുള്ള അന്വേഷണം എല്ലായ്‌പോഴും [യഹോവയുടെ] സാക്ഷികളിലാണു ചെന്നെത്തുന്നത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതിനു ചില കാരണങ്ങളും അദ്ദേഹം നൽകുന്നുണ്ട്. അവയിൽ ഒന്ന് ഇതാണ്: അവർ വിശ്വസ്‌തതയ്‌ക്കു പേരുകേട്ടവരാണ്. അതിനാൽ പല തൊഴിൽ മേഖലകളിലും അവരെ “വളരെയധികം ആവശ്യമുണ്ട്.”
[5 -ാം പേജിലെ ചിത്രങ്ങൾ]
ആത്മീയ പ്രവർത്തനങ്ങൾക്കും വിനോദത്തിനും സമയം കണ്ടെത്താൻ കഴിയും വിധം ജോലിയിൽ സമനില പാലിക്കുന്നത് സംതൃപ്‌തി കൈവരുത്തും