തൊഴിൽ—ഭദ്രതയും സംതൃപ്‌തിയും ഭീഷണിയിൽ
തൊഴിൽ—ഭദ്രതയും സംതൃപ്‌തിയും ഭീഷണിയിൽ
“ജോലി ചെയ്യാനുള്ള അവകാശം” മനുഷ്യന്റെ മൗലിക അവകാശമാണ് എന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം പറയുന്നു. എന്നാൽ ശ്രേഷ്‌ഠമായ ഈ അവകാശം എല്ലായ്‌പോഴും ലഭിക്കുമെന്ന് ഉറപ്പില്ല. തൊഴിൽ ഭദ്രത, പ്രാദേശിക സമ്പദ്‌വ്യവസ്ഥ മുതൽ ആഗോള വിപണി വരെയുള്ള വിവിധ സംഗതികളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, തൊഴിൽ നഷ്ടപ്പെടുമ്പോഴോ നഷ്ടപ്പെടുമെന്ന ഭീഷണി ഉണ്ടാകുമ്പോഴോ പ്രകടനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമൊക്കെ മിക്കപ്പോഴും ആളുകൾ പ്രതികരിക്കാറുണ്ട്. ഈ പ്രതിസന്ധിയെ നേരിടാത്ത രാജ്യങ്ങൾ കുറവാണ്. ഒരു എഴുത്തുകാരൻ പറയുന്നതുപോലെ, “തൊഴിൽ” എന്ന വാക്ക് “മുമ്പെന്നത്തെയും പോലെതന്നെ വികാരങ്ങളെ ആളിക്കത്തിക്കാൻ പോന്നതാണ്.”
ജോലി നമുക്കു പ്രധാനമായിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനം പ്രദാനം ചെയ്യുന്നതിനു പുറമേ അത് നമ്മുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിനു സംഭാവന ചെയ്യുന്നു. കാര്യക്ഷമതയുള്ള ഒരു വ്യക്തിയായി സമൂഹത്തിൽ അറിയപ്പെടാനുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം തൃപ്‌തിപ്പെടുന്നത് തൊഴിൽ ചെയ്യുമ്പോഴാണ്. തൊഴിൽ ഒരുവന്റെ ജീവിതത്തിന് അർഥം പകരുന്നു. ഒരു തൊഴിൽ ചെയ്‌തു ജീവിക്കുന്നത് നമ്മിൽ ആത്മാഭിമാനം ജനിപ്പിക്കുന്നു. അതുകൊണ്ടാണ്, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായതിലും അധികം പണമുള്ള ചിലർ പോലും എന്തെങ്കിലും ജോലി ചെയ്യാൻ താത്‌പര്യപ്പെടുന്നത്. എന്തിന്, ജോലിയിൽനിന്നു വിരമിക്കാനുള്ള പ്രായമായെങ്കിലും അതിൽ തുടരാൻ ആഗ്രഹിക്കുന്ന വ്യക്തികളുമുണ്ട്. തീർച്ചയായും തൊഴിൽ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്‌മ ഗൗരവതരമായ പല സാമൂഹിക പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു.
ഇനി മറുവശം ചിന്തിക്കാം. തൊഴിലുള്ള പലർക്കും തങ്ങളുടെ തൊഴിലിനോടുള്ള ബന്ധത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരുന്നു. തത്‌ഫലമായി തൊഴിലിലുള്ള അവരുടെ സംതൃപ്‌തി നഷ്ടമാകുന്നു. ഉദാഹരണത്തിന്, കടുത്ത മത്സരമുള്ള ഇന്നത്തെ വിപണനരംഗത്തു പിടിച്ചുനിൽക്കാൻവേണ്ടി ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിക്കൊണ്ട് ചെലവു കുറയ്‌ക്കുന്ന കമ്പനികളുടെ എണ്ണം കൂടിവരികയാണ്. ഇങ്ങനെ വരുമ്പോൾ അവശേഷിക്കുന്ന ജോലിക്കാരോട് കൂടുതൽ ചെയ്യാൻ ആവശ്യപ്പെടുന്നു. അക്കാരണത്താൽ പലപ്പോഴും അവർക്ക് അധികജോലി ചെയ്യേണ്ടതായി വരുന്നു.
ആധുനിക സാങ്കേതികവിദ്യ ജീവിതത്തെ ആയാസരഹിതമാക്കുമെന്നും തൊഴിലിന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്നും പലരും കരുതിയിരുന്നിരിക്കാം. എന്നാൽ അതു യഥാർഥത്തിൽ ജോലിസ്ഥലത്തെ സമ്മർദം വർധിപ്പിക്കുകയായിരിക്കാം ചെയ്യുന്നത്. ഉദാഹരണത്തിന്, കമ്പ്യൂട്ടറും ഫാക്‌സ് മെഷീനും ഇന്റർനെറ്റും ഒക്കെ ഉള്ളതിനാൽ ജോലിസമയം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ, ചെയ്‌തു തീർക്കാനുള്ള ബാക്കി ജോലി കൂടെ ആളുകൾ കൂട്ടത്തിൽ കൊണ്ടുപോകുന്നു. അങ്ങനെ വീടും ഒരു ഓഫീസായി മാറുന്നു. കമ്പനി തനിക്കു തന്ന പേജറും സെൽഫോണും, തന്നെ അദൃശ്യമായി നിയന്ത്രിക്കുന്ന ഒരു കയറുപോലെ ആണെന്ന് ഒരു തൊഴിലാളി പറയുന്നു. ‘കയറിന്റെ’ അങ്ങേത്തല തൊഴിലുടമയുടെ കയ്യിലാണ്.
നമ്മുടെ സമ്പദ്‌വ്യവസ്ഥയും ജോലിസാഹചര്യങ്ങളും ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നതിനാൽ തങ്ങളുടെ കാര്യക്ഷമത കുറയുന്നതിനു മുമ്പുതന്നെ മറ്റുള്ളവർ തങ്ങളെ കാര്യക്ഷമതയില്ലാത്തവരായി വീക്ഷിച്ചേക്കുമോ എന്ന് പ്രായമായ ജോലിക്കാർ ഭയപ്പെടുന്നു. ഇതിനെ കുറിച്ച് മുൻ മനുഷ്യാവകാശ
കമ്മീഷണറായ ക്രിസ് സിഡോറ്റി ഇങ്ങനെ പറയുന്നു: “നിങ്ങളുടെ പ്രായം 40-നു മുകളിൽ ആണെങ്കിൽ നിങ്ങൾക്ക് കമ്പ്യൂട്ടറും നൂതന സാങ്കേതിക വിദ്യയുമൊന്നും മെരുങ്ങുകയില്ല എന്നൊരു ധാരണ രൂഢമൂലമായിരിക്കുകയാണ്.” അതുകൊണ്ട്, ജീവിതത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള ഘട്ടമായി മുമ്പു വീക്ഷിക്കപ്പെട്ടിരുന്ന പ്രായത്തിൽ എത്തിനിൽക്കുന്ന പ്രാപ്‌തരായ പല ജോലിക്കാരും ഇന്ന് ഒന്നിനും കൊള്ളാത്തവരായി വീക്ഷിക്കപ്പെടുന്നു. എത്ര ഖേദകരമായ അവസ്ഥ!ജോലിയോടുള്ള ആത്മാർഥതയും തൊഴിൽ സ്ഥാപനത്തോടുള്ള വിശ്വസ്‌തതയും അധഃപതിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. “ഓഹരി വിപണിയിലുണ്ടാകുന്ന നേരിയ വ്യതിചലനം പോലും ജോലിക്കാരെ പിരിച്ചു വിടാനുള്ള കാരണമായി കാണുന്ന കമ്പനികളാണ് ഇന്നുള്ളത്. തൊഴിൽ സ്ഥാപനങ്ങളോടുള്ള വിശ്വസ്‌തത ഇത്തരം സാഹചര്യത്തിൽ വെറുമൊരു പഴങ്കഥയായി മാറുന്നു” എന്ന് ഫ്രഞ്ച് മാസികയായ ലിബേറാസ്യോൻ പറയുന്നു. “നിങ്ങൾ തീർച്ചയായും തൊഴിൽ ചെയ്യണം. കമ്പനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടി മാത്രം,” അതു കൂട്ടിച്ചേർക്കുന്നു.
വർധിച്ചു വരുന്ന ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും തൊഴിൽ ചെയ്യുക എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമായി തുടരുന്നു. തൊഴിൽരംഗം അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ലൗകിക തൊഴിലിനോടുള്ള ബന്ധത്തിൽ സമനിലയുള്ള ഒരു വീക്ഷണം നട്ടുവളർത്താനും ഒപ്പംതന്നെ തൊഴിൽ ഭദ്രതയും സംതൃപ്‌തിയും നിലനിറുത്താനും എങ്ങനെ കഴിയും?
[3 -ാം പേജിലെ ചിത്രം]
ജോലിസ്ഥലത്തെ സമ്മർദം വർധിപ്പിക്കുന്നതിൽ നൂതന സാങ്കേതികവിദ്യക്ക് ഒരു പങ്കുണ്ടായിരിക്കാം