വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബ്രസീലിൽ അവർ രാജ്യസന്ദേശം “കേൾക്കുന്നു”

ബ്രസീലിൽ അവർ രാജ്യസന്ദേശം “കേൾക്കുന്നു”

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ബ്രസീലിൽ അവർ രാജ്യസന്ദേശം “കേൾക്കുന്നു”

ബധിരരോട്‌ രാജ്യസുവാർത്ത ഘോഷിക്കുക എന്ന ലക്ഷ്യത്തിൽ ബ്രസീലിലെ യഹോവയുടെ സാക്ഷികളിൽ പലരും ബ്രസീലിയൻ ആംഗ്യഭാഷ പഠിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. അവരുടെ ശ്രമങ്ങൾ മികച്ച ഫലം ഉളവാക്കുന്നു എന്ന്‌ പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നു.

സാവൊ പൗലോയിലുള്ള ഒരു ബധിരയാണ്‌ ഈവ *. അവൾ തന്റെ മൂന്നു കുട്ടികളുമായി ബധിരനായ കാമുകനോടൊപ്പം താമസിക്കാൻ തീരുമാനിച്ചു, അങ്ങനെ അവൾ ആംഗ്യഭാഷ പഠിക്കാൻ തുടങ്ങി. ഒരു കച്ചവട സ്ഥലത്തു വെച്ച്‌ ഈവയും കാമുകനും ബധിരരായ ഒരു കൂട്ടം സാക്ഷികളെ കണ്ടുമുട്ടി. സാക്ഷികൾ അവരെ രാജ്യഹാളിലെ യോഗത്തിനു ക്ഷണിച്ചു. എന്തെങ്കിലും സാമൂഹിക കൂടിവരവ്‌ ആയിരിക്കും എന്നു വിചാരിച്ച്‌ ഈവയും കാമുകനും ക്ഷണം സ്വീകരിച്ചു.

യോഗങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും ഈവയ്‌ക്കു മനസ്സിലായില്ല. കാരണം അവൾ ആംഗ്യഭാഷ പഠിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌, ചില സാക്ഷികൾ അവളെ ഒരു ലഘുഭക്ഷണത്തിനായി തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രികയിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ഭാവിയിലെ ഭൗമിക പറുദീസ സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനത്തെ കുറിച്ച്‌ അവർ അവളോടു വിശദീകരിച്ചു. താൻ പഠിച്ച കാര്യങ്ങൾ ഈവയ്‌ക്ക്‌ ഇഷ്ടമായി. അവൾ ക്രമമായി യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി.

അധികം താമസിയാതെ, ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കേണ്ടതുണ്ട്‌ എന്നു മനസ്സിലായപ്പോൾ അവൾ തന്റെ കാമുകനെ ഉപേക്ഷിച്ചു. കുടുംബത്തിൽനിന്നു കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും അവൾ ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടർന്നു, 1995-ൽ അവൾ സ്‌നാപനമേറ്റു. ആറുമാസം കഴിഞ്ഞ്‌ ഈവ ഒരു പയനിയർ അഥവാ മുഴുസമയ രാജ്യഘോഷകയായി. ബധിരരായ അഞ്ചുപേരെ സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും ഘട്ടത്തോളം പുരോഗമിക്കുന്നതിന്‌ അവൾ സഹായിച്ചിരിക്കുന്നു.

കാർലൊസ്‌ ജന്മനാ ബധിരനായിരുന്നു. ചെറുപ്പം മുതൽതന്നെ മയക്കുമരുന്നിന്‌ അടിമയായിരുന്ന കാർലൊസ്‌ അധാർമികതയിലും മോഷണത്തിലും ഉൾപ്പെട്ടിരുന്നു. എതിരാളികളായ സംഘാംഗങ്ങളുടെ ഭീഷണിയെ തുടർന്ന്‌ സാവൊ പൗലോയിലേക്ക്‌ ഓടിപ്പോയ അയാൾ ഷ്വാവു എന്നൊരാളോടൊപ്പം കുറേനാൾ താമസിച്ചു. അയാളും കാർലൊസിനെ പോലെ ബധിരനും അധാർമിക ജീവിതം നയിക്കുന്നവനും ആയിരുന്നു.

കുറച്ചു വർഷങ്ങൾക്കുശേഷം കാർലൊസ്‌ രാജ്യസന്ദേശം ശ്രദ്ധിക്കാനിടയായി, അദ്ദേഹം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. തന്റെ ജീവിതം ബൈബിളിലെ ശുദ്ധമായ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാനും വിവാഹം നിയമാനുസൃതമാക്കാനും അത്‌ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേർന്നപ്പോൾ കാർലൊസ്‌ യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിച്ചു സ്‌നാപനമേറ്റു. അതിനിടെ, ഷ്വാവു സുവാർത്തയുമായി സമ്പർക്കത്തിൽ വന്നിരുന്നു. കാർലൊസ്‌ ഇത്‌ അറിഞ്ഞിരുന്നില്ല. ഷ്വാവു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. യഹോവ വിഗ്രഹാരാധന വെറുക്കുന്നതായി മനസ്സിലാക്കിയപ്പോൾ തന്റെ കൈവശം ഉണ്ടായിരുന്ന പ്രതിമകൾ എല്ലാം അദ്ദേഹം എറിഞ്ഞുകളഞ്ഞു. തന്റെ മുൻ ജീവിതഗതി ഉപേക്ഷിച്ച്‌ ഷ്വാവുവും സ്‌നാപനമേറ്റു.

കാർലൊസും ഷ്വാവുവും രാജ്യഹാളിൽ വെച്ചു പരസ്‌പരം കണ്ടുമുട്ടിയപ്പോൾ അവർക്ക്‌ ഉണ്ടായ സന്തോഷത്തെ കുറിച്ചു ചിന്തിക്കുക! ജീവിതത്തിൽ വന്ന മാറ്റങ്ങൾ കണ്ട്‌ ഇരുവരും അതിശയിച്ചു പോയി. രണ്ടുപേരും ഇപ്പോൾ ഉത്തരവാദിത്വബോധമുള്ള കുടുംബനാഥന്മാരും ഉത്സുകരായ രാജ്യഘോഷകരുമാണ്‌.

ബ്രസീലിൽ ആംഗ്യഭാഷ ഉപയോഗിക്കുന്ന 30 സഭകളും 154 ഒറ്റപ്പെട്ട കൂട്ടങ്ങളുമുണ്ട്‌. ഇവിടെയുള്ള 2,500 പ്രസാധകരിൽ 1,500 പേരും ബധിരരാണ്‌. ബധിരർക്കായി നടത്തിയ 2001-ലെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ 3,000 പേർ പങ്കെടുത്തു. 36 പേർ സ്‌നാപനമേറ്റു. യഹോവ അനുഗ്രഹിക്കുന്നപക്ഷം ഇനിയും അനേകം ബധിരർ രാജ്യസന്ദേശം സ്വീകരിച്ചേക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 4 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.