യാതനയുടെ തീച്ചൂളയിൽ ശോധന ചെയ്യപ്പെടുന്നു
ജീവിത കഥ
യാതനയുടെ തീച്ചൂളയിൽ ശോധന ചെയ്യപ്പെടുന്നു
പെരിക്ലിസ് യാനോറിസ് പറഞ്ഞപ്രകാരം
ഈർപ്പത്തിന്റെ മടുപ്പിക്കുന്ന ഗന്ധം വായുവിൽ തങ്ങിനിന്നു. അസ്ഥികൾ തുളച്ചുകയറുന്ന തണുപ്പ്. തടവുമുറിയിലെ ഏകാന്തതയിൽ ഒരു നേർത്ത പുതപ്പിനു കീഴിൽ ഞാൻ ചുരുണ്ടുകൂടിയിരുന്നു. രണ്ടു ദിവസം മുമ്പ്, അർധസൈനിക വിഭാഗത്തിൽപ്പെട്ടവർ എന്നെ വീട്ടിൽനിന്നു വലിച്ചിഴച്ചു കൊണ്ടുവരുമ്പോൾ നിർവികാരതയോടെ നിന്ന ഭാര്യയുടെ മുഖമായിരുന്നു മനസ്സു നിറയെ. ചെറുപ്പക്കാരിയായ ഭാര്യയും സുഖമില്ലാത്ത രണ്ടു കുഞ്ഞുങ്ങളും വീട്ടിൽ തനിച്ചായിരിക്കുന്നു. എന്റെ മതവിശ്വാസം പങ്കിടാഞ്ഞ ഭാര്യ പിന്നീട് എനിക്ക് ഒരു പൊതി അയച്ചുതരികയുണ്ടായി, കൂട്ടത്തിൽ ഇങ്ങനെ ഒരു കുറിപ്പും: “ഈ റൊട്ടി നിങ്ങൾക്കുള്ളതാണ്, നിങ്ങളുടെ മക്കളെപ്പോലെതന്നെ നിങ്ങളും ഒരു രോഗിയായിത്തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്റെ കുടുംബാംഗങ്ങളെ ഒരുനോക്കു കാണാൻ എന്നെങ്കിലും ഞാൻ ജീവനോടെ മടങ്ങിച്ചെല്ലുമോ?
ക്രിസ്‌തീയ വിശ്വാസത്തെ പ്രതിയുള്ള എന്റെ പോരാട്ടത്തിലെ ഒരു സംഭവം മാത്രമാണ് മേൽ വിവരിച്ചിരിക്കുന്നത്. കുടുംബത്തിൽനിന്നുള്ള എതിർപ്പ്, സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ, നിയമയുദ്ധങ്ങൾ, രൂക്ഷമായ പീഡനം എന്നിവയെല്ലാം ഉൾപ്പെട്ട ദുഷ്‌കരമായ ഒരു നീണ്ട പോരാട്ടമായിരുന്നു അത്. എന്നാൽ ശാന്തശീലനും ദൈവഭയമുള്ളവനുമായ ഞാൻ അത്തരമൊരു സ്ഥലത്ത് എത്തിച്ചേരാൻ ഇടയായത് എങ്ങനെ? ഞാൻ അതു വിവരിക്കാം.
ഉന്നത ലക്ഷ്യമുള്ള ഒരു ദരിദ്ര ബാലൻ
ക്രീറ്റിലെ സ്റ്റാവ്‌റോമിനോ ഗ്രാമത്തിലാണു ഞാൻ ജനിച്ചത്, 1909-ൽ. രാജ്യം യുദ്ധത്തിന്റെയും പട്ടിണിയുടെയും ക്ഷാമത്തിന്റെയും പിടിയിലായിരുന്നു. പിന്നീട് ഞാനും ഇളയ നാലു കൂടപ്പിറപ്പുകളും സ്‌പാനിഷ് ഫ്‌ളൂവിന്റെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയുണ്ടായി. ഫ്‌ളൂ പിടിപെടാതിരിക്കാൻ മാതാപിതാക്കൾ ഞങ്ങളെ ആഴ്‌ചകളോളം വീട്ടിൽ അടച്ചിട്ടത് ഞാൻ ഇന്നും ഓർക്കുന്നു.
ഒരു ദരിദ്ര കർഷകനായിരുന്നു എന്റെ പിതാവ്. വലിയ മതഭക്തനെങ്കിലും തുറന്ന ഒരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഫ്രാൻസിലും മഡഗാസ്‌കറിലും താമസിച്ചിരുന്നതിനാൽ മതത്തെ സംബന്ധിച്ച നൂതന ആശയങ്ങളുമായി അദ്ദേഹം സമ്പർക്കത്തിൽ വരാൻ ഇടയായി. എങ്കിലും ഞങ്ങളുടെ കുടുംബം വിശ്വസ്‌തതയോടെ ഗ്രീക്ക് ഓർത്തഡോക്‌സ് സഭയോടു പറ്റിനിന്നു. ഒരു ഞായറാഴ്‌ച
പോലും ഞങ്ങൾ കുർബാന മുടക്കിയിരുന്നില്ല. രൂപതയിലെ ബിഷപ്പ് വാർഷിക സന്ദർശനത്തിനു വരുമ്പോഴെല്ലാം ഞങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. പള്ളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്നു ഞാൻ. ഒരു പുരോഹിതൻ ആയിത്തീരുക എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം.കാലം കടന്നുപോയി, 1929-ൽ ഞാൻ പോലീസിൽ ചേർന്നു. ഞാൻ ഉത്തര ഗ്രീസിലെ തെസ്സലൊനീക്യയിൽ ജോലി നോക്കുമ്പോഴാണ് ഡാഡി മരിക്കുന്നത്. ആശ്വാസവും ആത്മീയ പ്രബുദ്ധതയും തേടി ഞാൻ അടുത്തുള്ള മൗണ്ട് അഥോസിലേക്കു സ്ഥലം മാറ്റം വാങ്ങി—ഓർത്തഡോക്‌സ് ക്രിസ്‌ത്യാനികൾ “വിശുദ്ധ പർവതം” * ആയി കണക്കാക്കുന്ന അവിടം ഒരു സന്ന്യാസ സമുദായം ആയിരുന്നു. നാലു വർഷം ഞാൻ അവിടെ സേവനം അനുഷ്‌ഠിച്ചു. അവിടെയായിരിക്കെ സന്ന്യാസ ജീവിതം അടുത്തു നിരീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്നാൽ ദൈവത്തിലേക്ക് അടുക്കാൻ അവിടത്തെ അന്തരീക്ഷം എന്നെ തീരെ സഹായിച്ചില്ല, സന്ന്യാസിമാരുടെ അസന്മാർഗികതയും അഴിമതിയും എന്നെ ഞെട്ടിച്ചു. ഞാൻ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു മഠാധിപതിയിൽനിന്നുണ്ടായ അധാർമിക മുന്നേറ്റങ്ങൾ എന്നിൽ കഠിനമായ വെറുപ്പ് ഉളവാക്കി. അത്തരം നിരാശകളൊക്കെ ഉണ്ടായെങ്കിലും ദൈവത്തെ സേവിക്കാനും ഒരു പുരോഹിതൻ ആയിത്തീരാനും ഉള്ള എന്റെ ആത്മാർഥമായ ആഗ്രഹത്തിനു തെല്ലും മങ്ങലേറ്റില്ല. പുരോഹിതവേഷത്തിൽ ഞാൻ എന്റെ ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കുക പോലും ചെയ്‌തു. കാലാന്തരത്തിൽ ഞാൻ ക്രീറ്റിലേക്കു തിരിച്ചുപോയി.
“അയാൾ ഒരു ചെകുത്താനാണ്!”
അങ്ങനെയിരിക്കെ 1942-ൽ ഞാൻ സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഫ്രോസീന്നി എന്നായിരുന്നു അവളുടെ പേര്. ആദരണീയമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു ഫ്രോസീന്നി. പുരോഹിതനാകാനുള്ള എന്റെ തീരുമാനത്തെ വിവാഹം അരക്കിട്ടുറപ്പിച്ചു. * കാരണം എന്റെ ഭാര്യവീട്ടുകാർ വലിയ ഭക്തരായിരുന്നു. ഏഥൻസിലെ ഏതെങ്കിലും ഒരു സെമിനാരിയിൽ ചേരാൻ ഞാൻ തീരുമാനിച്ചു. 1943-ന്റെ അവസാനത്തിൽ, യാത്ര പുറപ്പെടാനായി ഞാൻ ക്രീറ്റിലെ ഇറാക്ലിയൻ തുറമുഖത്തു ചെന്നതായിരുന്നു. എങ്കിലും ഞാൻ ഏഥൻസിലേക്കു പോയില്ല. ആത്മീയ നവോന്മേഷത്തിന്റെ വ്യത്യസ്‌തമായ ഒരു ഉറവ് ഞാൻ അതിനിടെ കണ്ടെത്തിയിരുന്നു എന്നതായിരിക്കാം കാരണം. എന്താണു സംഭവിച്ചത്?
യഹോവയുടെ സാക്ഷികളിൽ ഒരാളായ ഇമ്മാനുവൽ ലിയോനൂദാക്കിസ് എന്ന ചുറുചുറുക്കുള്ള യുവാവ് ഏതാനും വർഷങ്ങളായി ക്രീറ്റിൽ ഉടനീളം പ്രബോധനാത്മകമായ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. * സാക്ഷികൾ പ്രദാനം ചെയ്‌തിരുന്ന, ദൈവവചനത്തിന്റെ വ്യക്തമായ ഗ്രാഹ്യം ചില ആളുകളെ ആകർഷിച്ചു, അവർ വ്യാജമതം ഉപേക്ഷിച്ചു. സമീപത്തുള്ള സിറ്റിയ എന്ന നഗരത്തിൽ, ഉത്സാഹികളായ സാക്ഷികളുടെ ഒരു കൂട്ടം രൂപംകൊണ്ടു. ഇത് രൂപതയിലെ ബിഷപ്പിനെ അസഹ്യപ്പെടുത്തി. ഐക്യനാടുകളിൽ താമസിച്ചിട്ടുള്ള അദ്ദേഹത്തിന് സുവാർത്താഘോഷകർ എന്നനിലയിൽ യഹോവയുടെ സാക്ഷികൾ എത്ര വിജയപ്രദരാണെന്നു നന്നായി അറിയാമായിരുന്നു. തന്റെ രൂപതയിൽനിന്ന് ഈ “പാഷണ്ഡി”കളെ തുടച്ചുനീക്കാൻതന്നെ അദ്ദേഹം തീരുമാനിച്ചു. ബിഷപ്പിന്റെ പ്രേരണയാൽ പോലീസ് കള്ളക്കേസുകളുണ്ടാക്കി സാക്ഷികളെ ജയിലിലടയ്‌ക്കുകയും കോടതി കയറ്റുകയും ചെയ്‌തുകൊണ്ടിരുന്നു.
ഈ സാക്ഷികളിൽ ഒരാൾ എന്നോട് ബൈബിൾ സത്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞതിൽ ഞാൻ താത്‌പര്യം കാണിച്ചില്ലെന്ന് തോന്നിയതുകൊണ്ടാകണം കൂടുതൽ പരിചയസമ്പന്നനായ ഒരു ശുശ്രൂഷകനെ അദ്ദേഹം എന്റെ അടുക്കലേക്ക് അയച്ചു. രണ്ടാമതു വന്ന സാക്ഷി എന്റെ പരുക്കൻ പ്രതികരണം കണ്ട് തിരിച്ചുചെന്ന് കൂട്ടത്തോട് ഇങ്ങനെ പറഞ്ഞത്രേ: “പെരിക്ലിസ് ഒരിക്കലും ഒരു സാക്ഷിയാകാൻ പോകുന്നില്ല. അയാൾ ഒരു ചെകുത്താനാണ്!”
ആദ്യമായി നേരിട്ട എതിർപ്പ്
എന്നിരുന്നാലും, ദൈവം എന്നെ ആ വിധത്തിൽ വീക്ഷിച്ചില്ല എന്നതിൽ ഞാൻ സന്തുഷ്ടനാണ്. യഹോവയുടെ സാക്ഷികൾ സത്യമാണു പഠിപ്പിക്കുന്നത് എന്ന് അതിനോടകം മനസ്സിലാക്കിയിരുന്ന എന്റെ സഹോദരൻ ഡിമാസ്‌ത്തിനിസ് 1945 ഫെബ്രുവരിയിൽ, ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുക (ഇംഗ്ലീഷ്) എന്ന ചെറുപുസ്‌തകം എനിക്കു നൽകി. * അതിന്റെ ഉള്ളടക്കം എന്നെ വളരെ ആകർഷിച്ചു. പെട്ടെന്നുതന്നെ ഞങ്ങൾ ഓർത്തഡോക്‌സ് പള്ളിയിൽ പോകുന്നതു നിറുത്തി, സിറ്റിയയിലെ സാക്ഷികളുടെ ചെറിയ കൂട്ടത്തോടു ചേരുകയും ചെയ്‌തു. പുതുതായി കണ്ടെത്തിയ വിശ്വാസത്തെ കുറിച്ച് ഞങ്ങൾ മറ്റു കൂടപ്പിറപ്പുകളോടു സാക്ഷീകരിക്കാൻ തുടങ്ങി. അവർ എല്ലാവരും ബൈബിൾ സത്യം സ്വീകരിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെതന്നെ, വ്യാജമതം ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനം ഭാര്യയുടെയും അവളുടെ കുടുംബത്തിന്റെയും എതിർപ്പിനു കാരണമായി, എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. കുറച്ചുകാലത്തേക്ക് എന്റെ ഭാര്യാപിതാവ് എന്നോടു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. വീട്ടിൽ എന്നും വഴക്കായിരുന്നു, ആകെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം. എങ്കിലും, 1945 മേയ് 21-ന് ഡിമാസ്‌ത്തിനിസും ഞാനും സ്‌നാപനമേറ്റു. മിനോസ് കൊക്കിനാക്കിസ് സഹോദരനായിരുന്നു ഞങ്ങളെ സ്‌നാപനപ്പെടുത്തിയത്. *
ഒടുവിൽ എന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടു, ദൈവത്തിന്റെ ഒരു യഥാർഥ ശുശ്രൂഷകനായി സേവിക്കാൻ എനിക്കു കഴിഞ്ഞു! വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പോയ ആദ്യദിവസം ഞാൻ ഇന്നും ഓർക്കുന്നു. ബാഗിൽ 35
ചെറുപുസ്‌തകങ്ങളുമായി ഞാൻ ബസ്സിൽ കയറി ഒരു ഗ്രാമത്തിലേക്കു യാത്രയായി. ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. അൽപ്പം പേടിയോടെ ഞാൻ വീടുകൾ തോറും പോകാൻ തുടങ്ങി. വീടുകൾ കയറിയിറങ്ങുന്തോറും എന്റെ ധൈര്യവും വർധിച്ചു. ഇടയ്‌ക്കുവെച്ച് ഒരു പുരോഹിതൻ ദേഷ്യത്തോടെ എന്റെ നേരെ വന്നു. എങ്കിലും ആ സാഹചര്യത്തെ ധൈര്യപൂർവം നേരിടാൻ എനിക്കു കഴിഞ്ഞു. തന്റെ കൂടെ പോലീസ് സ്റ്റേഷനിലേക്കു വരാൻ അദ്ദേഹം പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഞാൻ അതു വകവെച്ചില്ല. ഗ്രാമത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച ശേഷമേ അവിടം വിടൂ എന്നു ഞാൻ വ്യക്തമാക്കി, അതുതന്നെയാണു ഞാൻ ചെയ്‌തതും. വീട്ടിലേക്കു മടങ്ങവേ ഞാൻ ബസ്സിനായി കാത്തുനിൽക്കുക പോലും ചെയ്‌തില്ല, 15 കിലോമീറ്റർ ദൂരം ഞാൻ നടക്കുകയായിരുന്നു. കാരണം അത്ര സന്തോഷമായിരുന്നു എനിക്ക്.നിർദയരായ പീഡകരുടെ കയ്യിൽ
പിന്നീട് 1945 സെപ്‌റ്റംബറിൽ സിറ്റിയയിലെ, ഞങ്ങളുടെ പുതുതായി രൂപംകൊണ്ട സഭയിൽ എനിക്കു കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിച്ചു. താമസിയാതെ ഗ്രീസിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. വന്യമായ വിദ്വേഷത്തോടെ ഒളിപ്പോരാളി സംഘങ്ങൾ പരസ്‌പരം പോരാടി. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് രൂപതാ ബിഷപ്പ്, സാക്ഷികളെ ഏതു വിധേനയും ഇല്ലായ്‌മ ചെയ്യാൻ ഒരു പ്രാദേശിക ഒളിപ്പോരാളി സംഘത്തെ ചട്ടംകെട്ടി. (യോഹന്നാൻ 16:2) ഒളിപ്പോരാളി സംഘം ബസ്സിൽ ഞങ്ങളുടെ ഗ്രാമത്തിലേക്കു വരികയായിരുന്നു. തങ്ങളുടെ “ദൈവനിയമിത” ദൗത്യം നിറവേറ്റുന്നതു സംബന്ധിച്ച അവരുടെ ചർച്ച ബസ്സിലുണ്ടായിരുന്ന ഒരു സ്‌ത്രീ കേൾക്കാനിടയായി. ദയാമനസ്‌കയായ ആ സ്‌ത്രീ അതേക്കുറിച്ച് ഞങ്ങൾക്കു മുന്നറിയിപ്പു നൽകി. എതിരാളികളുടെ മുമ്പിൽ പെടാതിരിക്കാൻ ഞങ്ങൾ വേണ്ട മുൻകരുതൽ എടുത്തു. തുടർന്ന് ഞങ്ങളുടെ ഒരു ബന്ധു പ്രശ്‌നത്തിൽ ഇടപെട്ടതിനാൽ തത്‌കാലം ഞങ്ങൾ രക്ഷപ്പെട്ടു.
എന്നാൽ കൂടുതൽ ദുരിതങ്ങൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മർദനവും ഭയപ്പെടുത്തലും നിത്യസംഭവങ്ങളായിമാറി. പള്ളിയിലേക്കു തിരിച്ചുപോകാനും മക്കളെ മാമ്മോദീസ മുക്കാനും കുരിശുവരയ്‌ക്കാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് എതിരാളികൾ ഞങ്ങളുടെമേൽ കടുത്ത സമ്മർദം ചെലുത്തി. ഒരിക്കൽ അവർ എന്റെ സഹോദരനെ തല്ലിച്ചതച്ചു, അവൻ മരിച്ചെന്നു തോന്നിയപ്പോഴാണ് അവർ മർദനം നിറുത്തിയത്. മറ്റൊരു അവസരത്തിൽ എന്റെ രണ്ടു സഹോദരിമാരുടെ ഉടുതുണി വലിച്ചുകീറുകയും മർദിക്കുകയും ചെയ്‌തു. എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത്. ആ കാലഘട്ടത്തിൽ, പള്ളിക്കാർ യഹോവയുടെ സാക്ഷികളുടെ എട്ട് കുട്ടികളെ ബലംപ്രയോഗിച്ച് മാമ്മോദീസ മുക്കി.
അങ്ങനെയിരിക്കെ 1949-ൽ എന്റെ അമ്മ മരിച്ചു. പുരോഹിതൻ പിന്നെയും ഞങ്ങളെ ഉപദ്രവിക്കാൻ വന്നു, ശവസംസ്‌കാര ചടങ്ങു നടത്തുന്നതു സംബന്ധിച്ച നിയമപരമായ വ്യവസ്ഥകൾ ഞങ്ങൾ പാലിച്ചിട്ടില്ല എന്നതായിരുന്നു ഇത്തവണത്തെ ആരോപണം. എന്നെ കോടതിയിൽ വിചാരണ ചെയ്‌തെങ്കിലും നിരപരാധിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടു. ഇത് നല്ല ഒരു സാക്ഷ്യം നൽകി. കാരണം കോടതിയിൽ കേസിനെ കുറിച്ചുള്ള പ്രാരംഭ പ്രസ്‌താവനകളിൽ യഹോവയുടെ നാമം ഒട്ടേറെ തവണ ഉപയോഗിക്കുകയുണ്ടായി. എതിരാളികളെ സംബന്ധിച്ചിടത്തോളം “ഞങ്ങളെ സുബോധത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ” അവശേഷിച്ച ഏക വഴി ഞങ്ങളെ അറസ്റ്റ് ചെയ്‌തു നാടുകടത്തുന്നതായിരുന്നു. 1949 ഏപ്രിലിൽ അവർ അതുതന്നെ ചെയ്‌തു.
തീച്ചൂളയിലേക്ക്
അറസ്റ്റു ചെയ്യപ്പെട്ട മൂന്നു സാക്ഷികളിൽ ഒരാൾ ഞാനായിരുന്നു. സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ എന്നെ ഒന്നു വന്നു കാണാൻ പോലും ഭാര്യ കൂട്ടാക്കിയില്ല. ഇറാക്ലിയനിലുള്ള ഒരു ജയിലിലേക്കാണു ഞങ്ങളെ ആദ്യം കൊണ്ടുപോയത്. തുടക്കത്തിൽ വിവരിച്ചതുപോലെ എനിക്ക് അങ്ങേയറ്റത്തെ ഏകാന്തതയും ദുഃഖവും തോന്നി. എന്റെ മതവിശ്വാസങ്ങൾ പങ്കിടാത്ത ഭാര്യയും രണ്ട് കുഞ്ഞുമക്കളും വീട്ടിൽ തനിച്ചായിരുന്നു. സഹായത്തിനായി ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന എബ്രായർ 13:5-ലെ ദൈവത്തിന്റെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. യഹോവയിൽ പൂർണമായി ആശ്രയിക്കുന്നതിലെ ജ്ഞാനം ഞാൻ തിരിച്ചറിഞ്ഞു.—സദൃശവാക്യങ്ങൾ 3:5.
മാക്രോന്നീസോസിലേക്കാണു ഞങ്ങളെ നാടുകടത്താൻ പോകുന്നത് എന്നു ഞങ്ങൾക്കു മനസ്സിലായി. ഗ്രീസിലെ ആറ്റിക്ക തീരത്തുനിന്നു മാറി സ്ഥിതിചെയ്യുന്ന തരിശായ ഒരു ദ്വീപാണ് അത്. മാക്രോന്നീസോസ് എന്ന പേരുതന്നെ ഏവരെയും കിടിലംകൊള്ളിക്കുമായിരുന്നു, കാരണം പീഡനത്തിനും അടിമപ്പണിക്കും കുപ്രസിദ്ധി നേടിയതായിരുന്നു അവിടത്തെ തടങ്കൽപ്പാളയം. അങ്ങോട്ടു പോകവേ പൈറീയസ് നഗരത്തിനരികെ ഞങ്ങളുടെ ബോട്ട് നിറുത്തുകയുണ്ടായി. വിലങ്ങണിഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും, സഹവിശ്വാസികളിൽ ചിലർ ബോട്ടിലേക്കു വന്ന് ഞങ്ങളെ ആലിംഗനം ചെയ്‌തത് ഞങ്ങൾക്കു വളരെയധികം പ്രോത്സാഹനം നൽകി.—പ്രവൃത്തികൾ 28:14, 15.
മാക്രോന്നീസോസിലെ ജീവിതം അതിഭീകരമായ ഒരു അനുഭവമായിരുന്നു. രാവിലെ മുതൽ രാത്രിവരെ സൈനികർ അന്തേവാസികളെ ഓരോ തരത്തിൽ ഉപദ്രവിക്കുമായിരുന്നു. സാക്ഷികളല്ലാത്ത പലരും ബുദ്ധിഭ്രമം പിടിപെട്ട അവസ്ഥയിലായി, ചിലർ മരിച്ചു, അനേകം പേർക്ക് ശാരീരിക വൈകല്യങ്ങൾ ഉണ്ടായി. രാത്രികാലങ്ങളിൽ, പീഡിപ്പിക്കപ്പെടുന്നവരുടെ നിലവിളികളും ഞരക്കങ്ങളും ഞങ്ങൾക്കു കേൾക്കാമായിരുന്നു. രാത്രിയിലെ കൊടുംതണുപ്പിൽനിന്നു രക്ഷനേടാൻ എനിക്ക് ആകെയുണ്ടായിരുന്നത് എന്റെ നേർത്ത പുതപ്പാണ്.
ക്രമേണ, യഹോവയുടെ സാക്ഷികൾ എന്ന പേർ പാളയത്തിൽ സുപരിചിതമായിത്തീർന്നു, കാരണം ദിവസവും രാവിലെ ഹാജർവിളിയുടെ സമയത്ത് ആ പേർ പരാമർശിക്കപ്പെട്ടിരുന്നു. അങ്ങനെ, സാക്ഷ്യം നൽകാനുള്ള പല അവസരങ്ങളും ഞങ്ങൾക്കു വീണുകിട്ടി. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുന്ന ഘട്ടത്തിലേക്കു പുരോഗമിച്ച ഒരു രാഷ്‌ട്രീയ തടവുകാരനെ സ്‌നാപനപ്പെടുത്താനുള്ള പദവി പോലും എനിക്കു ലഭിച്ചു.
ഈ കാലഘട്ടത്തിലൊക്കെയും ഞാൻ എന്റെ പ്രിയപ്പെട്ട ഭാര്യക്ക് കത്തുകൾ എഴുതിക്കൊണ്ടിരുന്നു. ഒരിക്കൽപ്പോലും അവൾ എനിക്കു മറുപടി അയച്ചില്ല. എങ്കിലും ആർദ്രതയോടെ, അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ട് ഞാൻ കത്തുകൾ എഴുതുന്നതു തുടർന്നു. ഇതെല്ലാം താത്‌കാലികം മാത്രമാണെന്നും വീണ്ടും ഞങ്ങൾക്കു സന്തോഷത്തോടെ ഒരുമിക്കാൻ കഴിയുമെന്നും ഉറപ്പുകൊടുത്തുകൊണ്ട് ഞാൻ അവളെ സമാശ്വസിപ്പിച്ചു.
ഇതിനിടെ കൂടുതൽ സഹോദരന്മാർ വന്നുചേരാൻ തുടങ്ങി, അങ്ങനെ പാളയത്തിൽ സാക്ഷികളുടെ എണ്ണം വർധിച്ചു. ഒരിക്കൽ ഒരു ഓഫീസ് മുറിയിൽ പണിയെടുത്തുകൊണ്ടിരിക്കെ, പാളയത്തിലെ കമാൻഡിങ് കേണലിനെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹത്തിന് സാക്ഷികളോടു ബഹുമാനം ഉണ്ടായിരുന്നതിനാൽ ഞാൻ ധൈര്യം സംഭരിച്ച് അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചു, ഏഥൻസിലെ ബ്രാഞ്ച് ഓഫീസിൽനിന്ന് ഞങ്ങൾക്കു കുറച്ചു ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കാൻ സാധിക്കുമോ എന്ന്. “അത് അസാധ്യമാണ്,” അദ്ദേഹം പറഞ്ഞു. “പക്ഷേ ഏഥൻസിലുള്ള നിങ്ങളുടെ ആളുകൾക്ക് വേണമെങ്കിൽ ഒരു കാര്യം ചെയ്യാം. പ്രസിദ്ധീകരണങ്ങൾ പായ്‌ക്ക് ചെയ്‌ത് എന്റെ ലഗേജ് ആണെന്ന മട്ടിൽ എന്റെ പേരെഴുതി അയയ്‌ക്കാം.” ഞാൻ സ്‌തബ്ധനായിപ്പോയി! കുറച്ചു ദിവസങ്ങൾക്കു ശേഷം, ഒരു ബോട്ടിൽനിന്ന് ഞങ്ങൾ സാധനങ്ങൾ ഇറക്കുകയായിരുന്നു. ഒരു പോലീസുകാരൻ വന്ന് കേണലിനെ സല്യൂട്ട് ചെയ്‌തുകൊണ്ടു പറഞ്ഞു: “സർ, താങ്കളുടെ ലഗേജ് എത്തിയിട്ടുണ്ട്.” “ഏതു ലഗേജ്?” അദ്ദേഹം
ചോദിച്ചു. അടുത്തു നിൽപ്പുണ്ടായിരുന്ന ഞാൻ ആ സംഭാഷണം കേട്ടു, ഉടനെ ഞാൻ പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തോടു പറഞ്ഞു: “അത് ഞങ്ങൾക്കുള്ളതായിരിക്കണം, താങ്കൾ പറഞ്ഞപ്രകാരം താങ്കളുടെ പേരിൽ അയച്ചത്.” യഹോവ ഞങ്ങളെ ആത്മീയമായി പോഷിപ്പിച്ച ഒരു വിധം അതായിരുന്നു.അപ്രതീക്ഷിതമായ ഒരു അനുഗ്രഹം—പിന്നെ കൂടുതൽ യാതനകളും
ഒടുവിൽ 1950-ന്റെ അവസാനത്തോടെ ഞാൻ മോചിതനായി. വിളറിവെളുത്ത്, എല്ലുംതോലുമായി മാറിയിരുന്ന ഞാൻ വീട്ടിലേക്കു തിരിച്ചു. വീട്ടിൽ ചെല്ലുമ്പോൾ എങ്ങനെയുള്ള സ്വീകരണമായിരിക്കും ലഭിക്കുക എന്നോർത്ത് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഭാര്യയെയും മക്കളെയും വീണ്ടും കണ്ടപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! ഫ്രോസീന്നിയുടെ വിരോധമൊക്കെ കുറഞ്ഞതായിരുന്നു എന്നെ ഏറ്റവും സന്തോഷിപ്പിച്ചതും അതിശയിപ്പിച്ചതും. തടവിലായിരിക്കെ ഞാൻ അയച്ച കത്തുകൾക്കൊക്കെ ഫലമുണ്ടായി. എന്റെ സഹനശക്തിയും ഉറച്ച നിലപാടും ഫ്രോസീന്നിയുടെ ഹൃദയത്തെ സ്‌പർശിച്ചിരുന്നു. അധികം കഴിയുന്നതിനു മുമ്പേ ശാന്തമായ ഒരന്തരീക്ഷത്തിൽ ഞാൻ അവളുമായി ഒരു നീണ്ട സംഭാഷണം നടത്തി. അവൾ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലും വിശ്വാസം വളർത്തിയെടുക്കുകയും ചെയ്‌തു. 1952-ൽ, യഹോവയുടെ ഒരു സമർപ്പിത ദാസിയെന്ന നിലയിൽ ഞാൻ അവളെ സ്‌നാപനപ്പെടുത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ് അത്!
തുടർന്ന് 1955-ൽ, ക്രൈസ്‌തവലോകമോ ക്രിസ്‌ത്യാനിത്വമോ—ഏതാകുന്നു “ലോകത്തിന്റെ വെളിച്ചം?” (ഇംഗ്ലീഷ്) എന്ന ചെറുപുസ്‌തകത്തിന്റെ പ്രതികൾ ഓരോ പുരോഹിതനും വിതരണം ചെയ്‌തുകൊണ്ടുള്ള ഒരു പ്രചാരണ പരിപാടിക്കു ഞങ്ങൾ തുടക്കമിട്ടു. ഞാൻ അറസ്റ്റിലായി, നിരവധി സാക്ഷികളോടൊപ്പം ഞാനും കോടതിയിൽ ഹാജരാക്കപ്പെട്ടു. യഹോവയുടെ സാക്ഷികൾക്കെതിരെ ഒരുപാടു കേസുകൾ ഉണ്ടായിരുന്നതുകൊണ്ട് അവയുടെയെല്ലാം വാദം കേൾക്കാൻ ഒരു പ്രത്യേക സെഷൻതന്നെ കൂടേണ്ടിവന്നു. പ്രവിശ്യയിലെ നിയമരംഗത്തുള്ള എല്ലാവരും സന്നിഹിതരായിരുന്നു, കോടതിമുറി പുരോഹിതന്മാരെക്കൊണ്ടു നിറഞ്ഞിരുന്നു. ബിഷപ്പ് ഇരിപ്പുറയ്‌ക്കാതെ കോടതി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ഒരു പുരോഹിതൻ, ഞാൻ അദ്ദേഹത്തെ മതം മാറ്റാൻ ശ്രമിച്ചതായി പരാതിപ്പെട്ടുകൊണ്ട് ഒരു കേസ് ഫയൽ ചെയ്‌തിരുന്നു. ജഡ്‌ജി അദ്ദേഹത്തോടു ചോദിച്ചു: “വെറും ഒരു പത്രിക വായിച്ചാൽ ഇളകിപ്പോകുംവിധം അത്ര ദുർബലമാണോ സ്വന്തം മതത്തിലുള്ള താങ്കളുടെ വിശ്വാസം?” പുരോഹിതന് നാവിറങ്ങിപ്പോയതുപോലെയായി. കോടതി എന്നെ വെറുതെവിട്ടു, പക്ഷേ ചില സഹോദരന്മാർക്ക് ആറു മാസത്തെ തടവുശിക്ഷ ലഭിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ പലപ്രാവശ്യം ഞങ്ങൾ അറസ്റ്റിലായി, കോടതി കേസുകൾ പെരുകി. സാക്ഷികളുടെ അഭിഭാഷകർക്ക് എപ്പോഴും നല്ല തിരക്കായിരുന്നു. 17 പ്രാവശ്യം എനിക്ക് കോടതി കയറേണ്ടിവന്നു. ഈ എതിർപ്പുകളൊക്കെ ഉണ്ടായിട്ടും പ്രസംഗ പ്രവർത്തനത്തിനു ഞങ്ങൾ മുടക്കം വരുത്തിയില്ല. ഉൾപ്പെട്ടിരുന്ന വെല്ലുവിളികൾ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു, പരിശോധനകളുടെ തീച്ചൂളയിൽ ഞങ്ങളുടെ വിശ്വാസം ശുദ്ധീകരിക്കപ്പെട്ടു.—യാക്കോബ് 1:2, 3.
പുതിയ പദവികൾ, പുതിയ വെല്ലുവിളികൾ
ഒടുവിൽ 1957-ൽ ഞങ്ങൾ ഏഥൻസിലേക്കു താമസം മാറി. താമസിയാതെ, പുതുതായി രൂപംകൊണ്ട ഒരു സഭയിൽ സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. ഞങ്ങളുടെ ജീവിതം ലളിതമായി സൂക്ഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ആത്മീയ പ്രവർത്തനങ്ങൾക്കു ഞങ്ങൾ മുൻതൂക്കം നൽകി. ഇക്കാര്യത്തിൽ ഫ്രോസീന്നിയുടെ പരിപൂർണ പിന്തുണ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും പ്രസംഗവേലയ്‌ക്കായി ഉഴിഞ്ഞു വെക്കാൻ ഞങ്ങൾക്കു സാധിച്ചു. വർഷങ്ങളിൽ ഉടനീളം, ആവശ്യം കൂടുതലുള്ള വിവിധ സഭകളിലേക്ക് ഞങ്ങൾക്കു മാറേണ്ടി വന്നിട്ടുണ്ട്.
എന്റെ മകന് 1963-ൽ 21 വയസ്സ് തികഞ്ഞു, അവന് സൈന്യത്തിൽ പേർ ചേർക്കേണ്ട സമയമായിരുന്നു. നിഷ്‌പക്ഷ നിലപാടു നിമിത്തം സൈന്യത്തിൽ ചേരാൻ വിസമ്മതിച്ച സാക്ഷികൾ മർദനത്തിന് ഇരയായി, കളിയാക്കലിനും നിന്ദയ്‌ക്കും പാത്രമായി. എന്റെ മകന്റെ അനുഭവവും വ്യത്യസ്‌തമായിരുന്നില്ല. അതുകൊണ്ട് മാക്രോന്നീസോസിൽ ഞാൻ ഉപയോഗിച്ചിരുന്ന എന്റെ പുതപ്പ് ഞാൻ അവനു നൽകി, മുൻകാലത്തെ നിർമലതാപാലകരുടെ മാതൃക പിൻപറ്റാൻ പ്രതീകാത്മകമായ വിധത്തിൽ അവനെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അത്. ഹാജരാക്കപ്പെട്ട സഹോദരന്മാരെ സൈനികകോടതിയിൽ വിസ്‌തരിക്കുമായിരുന്നു, സാധാരണഗതിയിൽ രണ്ടു മുതൽ നാലു വരെ വർഷത്തേക്കുള്ള തടവുശിക്ഷയായിരുന്നു അവർക്കു ലഭിച്ചിരുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തു വരുന്ന അവരെ വീണ്ടും വിചാരണ ചെയ്‌തു ശിക്ഷിക്കും. ഒരു മതശുശ്രൂഷകൻ എന്ന നിലയിൽ വിവിധ ജയിലുകൾ സന്ദർശിക്കാൻ എനിക്കു സാധിച്ചിരുന്നു. അങ്ങനെ എന്റെ മകനുമായും മറ്റു വിശ്വസ്‌ത സാക്ഷികളുമായും സമ്പർക്കത്തിൽ വരാനുള്ള ചില അവസരങ്ങളെങ്കിലും എനിക്കു ലഭിക്കുകയുണ്ടായി. ആറിലധികം വർഷം എന്റെ മകന് തടവിൽ കഴിയേണ്ടിവന്നു.
യഹോവ ഞങ്ങളെ പുലർത്തി
ഗ്രീസിൽ മതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടശേഷം, റോഡ്‌സ് ദ്വീപിൽ ഒരു താത്‌കാലിക പ്രത്യേക പയനിയർ എന്ന നിലയിൽ സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു. 1986-ൽ, ഞാൻ എന്റെ ക്രിസ്‌തീയ വേല ആരംഭിച്ച ക്രീറ്റിലെ സിറ്റിയയിൽ ശുശ്രൂഷകരുടെ ആവശ്യം ഉയർന്നുവന്നു. യുവപ്രായം മുതൽ എനിക്ക് അറിയാമായിരുന്ന പ്രിയ സഹവിശ്വാസികളോടൊപ്പം വീണ്ടും സേവിക്കാനുള്ള ഈ നിയമനം സ്വീകരിക്കുന്നതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
കുടുംബത്തിലെ ഏറ്റവും പ്രായംചെന്ന അംഗമായ എനിക്ക് എഴുപതോളം—എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു—ബന്ധുക്കൾ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതു കാണുന്നതിന്റെ സന്തോഷം അനുഭവിക്കാൻ കഴിയുന്നു. അവരിൽ ചിലർ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരും ബെഥേൽ കുടുംബാംഗങ്ങളും സഞ്ചാര മേൽവിചാരകന്മാരും ആയി സേവിച്ചിരിക്കുന്നു. ഇപ്പോഴും പല ബന്ധുക്കളും സത്യത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. 58-ലധികം വർഷം യാതനകളുടെ തീച്ചൂളയിൽ എന്റെ വിശ്വാസം ശോധന ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾ എനിക്ക് 93 വയസ്സുണ്ട്. പിന്തിരിഞ്ഞു നോക്കുമ്പോൾ, ദൈവ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിൽ എനിക്ക് തെല്ലും ഖേദം തോന്നുന്നില്ല. സ്‌നേഹനിർഭരമായ ഈ ക്ഷണത്തോടു പ്രതികരിക്കാൻ യഹോവ എനിക്കു ശക്തി നൽകിയിരിക്കുന്നു: “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:26.
[അടിക്കുറിപ്പുകൾ]
^ ഖ. 11 ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ട്.
^ ഖ. 12 1999 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-9 പേജുകളിൽ ഇമ്മാനുവൽ ലിയോനൂദാക്കിസിന്റെ ജീവിതകഥ കാണാവുന്നതാണ്.
^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, എന്നാൽ ഇപ്പോൾ അച്ചടിക്കുന്നില്ല.
^ ഖ. 15 1993 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകളിൽ മിനോസ് കൊക്കിനാക്കിസ് ഉൾപ്പെട്ട ഒരു കേസിന്റെ വിജയത്തെ കുറിച്ചുള്ള വിവരണം കാണാം.
[27-ാം പേജിലെ ചതുരം]
മാക്രോന്നീസോസ —ഒരു ഭീകര ദ്വീപ്
പത്തു വർഷക്കാലം, അതായത് 1947 മുതൽ 1957 വരെ, മാക്രോന്നീസോസ് എന്ന വരണ്ടു തരിശായി കിടക്കുന്ന ദ്വീപിൽ 1,00,000-ൽപ്പരം തടവുകാരെ പാർപ്പിച്ചിരുന്നു. ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ശിക്ഷിക്കപ്പെട്ട നിരവധി വിശ്വസ്‌ത സാക്ഷികളും അക്കൂട്ടത്തിൽ പെടുന്നു. മിക്കപ്പോഴും സാക്ഷികളുടെ ആ അവസ്ഥയ്‌ക്കു കാരണക്കാർ ഗ്രീക്ക് ഓർത്തഡോക്‌സ് പുരോഹിതന്മാർ ആയിരുന്നു. സാക്ഷികൾ കമ്മ്യുണിസ്റ്റുകാർ ആണെന്നായിരുന്നു അവരുടെ ആരോപണം.
മാക്രോന്നീസോസിലെ “നന്നാക്കൽ” പ്രക്രിയയെ കുറിച്ച് പാപ്പിറോസ് ലറൂസ് ബ്രിട്ടാനിക്ക എന്ന ഗ്രീക്ക് എൻസൈക്ലോപീഡിയ പറയുന്നത് ഇങ്ങനെയാണ്: “ക്രൂരമായ പീഡന മുറകളും . . . ഒരു പരിഷ്‌കൃത രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ലാത്ത ജീവിത സാഹചര്യങ്ങളും അന്തേവാസികളോടുള്ള ഗാർഡുകളുടെ ഹീനമായ പെരുമാറ്റവും . . . ഗ്രീസിന്റെ ചരിത്രത്തിനുതന്നെ ഒരു അപമാനമാണ്.”
മതവിശ്വാസങ്ങളെ തള്ളിപ്പറയാത്തിടത്തോളം കാലം സ്വതന്ത്രരാക്കപ്പെടുകയില്ലെന്ന് ചില സാക്ഷികളോടു പറയപ്പെട്ടു. എന്നിരുന്നാലും സാക്ഷികൾ തങ്ങളുടെ വിശ്വസ്‌തത ഉപേക്ഷിച്ചില്ല. മാത്രവുമല്ല, സാക്ഷികളുമായി സമ്പർക്കത്തിൽ വന്നതു നിമിത്തം ചില രാഷ്‌ട്രീയ തടവുകാർ ബൈബിൾ സത്യം സ്വീകരിക്കുകയും ചെയ്‌തു.
[27 -ാം പേജിലെ ചിത്രം]
മിനോസ് കൊക്കിനാക്കിസും (വലത്തുനിന്ന് മൂന്നാമത്തേത്) ഞാനും (ഇടത്തുനിന്നു നാലാമത്തേത്) ഞങ്ങൾ നാടുകടത്തപ്പെട്ട മാക്രോന്നീസോസ് ദ്വീപിൽവെച്ച്
[29 -ാം പേജിലെ ചിത്രം]
യുവപ്രായത്തിൽ ഞാൻ സേവിച്ച ക്രീറ്റിലെ സിറ്റിയയിൽ ഒരു സഹസാക്ഷിയോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നു