വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ബലാത്സംഗ ഭീഷണി നേരിടുന്ന ഒരു വ്യക്തി നിലവിളിക്കണമെന്നു ബൈബിൾ പറയുന്നത്‌ എന്തുകൊണ്ട്‌?

മൃഗീയമായി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ ഭീതി നേരിട്ട്‌ അനുഭവിച്ചിട്ടില്ലാത്ത ആർക്കും അത്‌ ഒരു വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം താറുമാറാക്കുമെന്ന്‌ പൂർണമായി മനസ്സിലാക്കാനാവില്ല. ഒരു സ്‌ത്രീയുടെ ശിഷ്ടജീവിതത്തിൽ ഉടനീളം അവളെ അലട്ടുംവിധം ആ അനുഭവം അത്ര ഭീതിദമാണ്‌. * ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ബലാത്സംഗത്തിന്‌ ഇരയായ ഒരു ക്രിസ്‌തീയ യുവതി ഇങ്ങനെ പറയുന്നു: “ആ രാത്രി ഞാൻ അനുഭവിച്ച കൊടുംഭീതിയെയോ അതിനുശേഷം എനിക്കു നേരിടേണ്ടിവന്നിട്ടുള്ള വൈകാരിക വേദനയെയോ വിവരിക്കാൻ വാക്കുകൾക്കാവില്ല.” ഈ ഭയാനക സംഗതിയെ കുറിച്ചു ചിന്തിക്കാൻപോലും അനേകർ ഇഷ്ടപ്പെടാത്തത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും, ബലാത്സംഗ ഭീഷണി ഈ ദുഷ്ടലോകത്തിൽ ഒരു യാഥാർഥ്യമാണ്‌.

കഴിഞ്ഞ കാലങ്ങളിൽ നടന്ന ചില ബലാത്സംഗങ്ങളെയും ബലാത്സംഗ ശ്രമങ്ങളെയും സംബന്ധിച്ച വിവരണം ബൈബിളിലുണ്ട്‌. (ഉല്‌പത്തി 19:4-11; 34:1-7; 2 ശമൂവേൽ 13:1-14) ബലാത്സംഗ ഭീഷണി നേരിടുമ്പോൾ എന്തു ചെയ്യണം എന്നതു സംബന്ധിച്ച ബുദ്ധിയുപദേശവും അതു നൽകുന്നു. ഇതു സംബന്ധിച്ച്‌ ന്യായപ്രമാണം പറയുന്ന കാര്യങ്ങൾ ആവർത്തനപുസ്‌തകം 22:23-27-ൽ കാണാവുന്നതാണ്‌. രണ്ടു സാഹചര്യങ്ങളെ കുറിച്ചാണ്‌ അതു പറയുന്നത്‌. ആദ്യത്തേതിൽ, ഒരു പുരുഷൻ പട്ടണത്തിൽവെച്ച്‌ ഒരു യുവതിയെ കണ്ട്‌ അവളോടുകൂടെ ശയിക്കുന്നതാണ്‌. എങ്കിലും, അവൾ സഹായത്തിനുവേണ്ടി നിലവിളിക്കുകയോ കരയുകയോ ചെയ്‌തില്ല. തത്‌ഫലമായി, ‘പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്‌കകൊണ്ട്‌’ യുവതി കുറ്റക്കാരിയെന്നു വിധിക്കപ്പെടുന്നു. നിലവിളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ സമീപത്തുള്ളവർ വന്ന്‌ അവളെ രക്ഷിക്കുമായിരുന്നു. രണ്ടാമത്തേതിൽ, ഒരു പുരുഷൻ യുവതിയെ വയലിൽവെച്ച്‌ കണ്ട്‌ ‘ബലാല്‌ക്കാരം ചെയ്‌തു അവളോടു കൂടെ ശയിക്കുന്നതാണ്‌.’ ചെറുത്തുനിൽപ്പിന്റെ ഭാഗമായി “യുവതി നിലവിളിച്ചാലും [“നിലവിളിച്ചെങ്കിലും,” NW] അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.” ആദ്യ സാഹചര്യത്തിൽനിന്നു വ്യത്യസ്‌തമായി, ഇവിടെ യുവതി ബലാത്സംഗിയുടെ പ്രവർത്തനങ്ങൾക്കു വഴങ്ങിയില്ല എന്നു വ്യക്തമാണ്‌. സഹായത്തിനായി നിലവിളിച്ചുകൊണ്ട്‌ അവൾ ശക്തമായി ചെറുത്തുനിന്നെങ്കിലും അയാൾ അവളെ കീഴടക്കി. നിലവിളി അവളുടെ എതിർപ്പിന്റെ തെളിവായിരുന്നു; ദുഷ്‌പ്രവൃത്തി സംബന്ധിച്ച്‌ അവൾ കുറ്റക്കാരി അല്ലായിരുന്നു.

ക്രിസ്‌ത്യാനികൾ ഇന്ന്‌ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, അതിലെ തത്ത്വങ്ങൾ അവർക്കു മാർഗദർശനം നൽകുന്നുണ്ട്‌. ചെറുത്തുനിൽക്കേണ്ടതിന്റെയും സഹായത്തിനായി നിലവിളിക്കേണ്ടതിന്റെയും പ്രാധാന്യത്തിന്‌ അടിവരയിടുന്നതാണ്‌ മേൽപ്രസ്‌താവിച്ച വിവരണം. ബലാത്സംഗ ഭീഷണി നേരിടുമ്പോൾ നിലവിളിക്കുന്നത്‌ ഒരു നല്ല പ്രായോഗിക നടപടിയായാണ്‌ ഇക്കാലത്തും വീക്ഷിക്കപ്പെടുന്നത്‌. ഒരു കുറ്റകൃത്യ നിവാരണ വിദഗ്‌ധൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ആക്രമിക്കപ്പെട്ടാൽ സ്‌ത്രീയുടെ ഏറ്റവും നല്ല ആയുധം അവളുടെ ശ്വാസകോശങ്ങൾ തന്നെയാണ്‌.” സ്‌ത്രീയുടെ നിലവിളി കേട്ട്‌ ആളുകൾ ഓടിയെത്തി സഹായിച്ചേക്കാം, അല്ലെങ്കിൽ നിലവിളിക്കുന്നതു നിമിത്തം ഭയന്ന്‌ അക്രമി സ്ഥലംവിട്ടേക്കാം. ഒരു ബലാത്സംഗിയുടെ ആക്രമണം നേരിടേണ്ടിവന്ന ഒരു ക്രിസ്‌തീയ യുവതി ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ സർവശക്തിയുമെടുത്ത്‌ അലറിയപ്പോൾ അയാൾ പിന്മാറി. അയാൾ വീണ്ടും എന്റെ അടുത്തേക്കു വന്നപ്പോൾ, ഞാൻ അലറിക്കൊണ്ട്‌ ഓടി. ‘ഈ ഉദ്ദേശ്യം മാത്രം മനസ്സിൽവെച്ചുകൊണ്ട്‌ ശക്തനായ ഒരു പുരുഷൻ എന്നെ കടന്നുപിടിക്കുമ്പോൾ നിലവിളിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണ്‌ ഉണ്ടാവുക?’ എന്ന്‌ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. എന്നാൽ അതു ഫലകരമാണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സിലായി!”

ഒരു സ്‌ത്രീ കീഴടക്കപ്പെടുകയും ബലാത്സംഗത്തിനു വിധേയയാകുകയും ചെയ്യുന്ന ദുഃഖകരമായ സന്ദർഭത്തിൽപ്പോലും, അവളുടെ ചെറുത്തുനിൽപ്പും സഹായത്തിനായുള്ള നിലവിളിയും നിഷ്‌ഫലമാകുന്നില്ല. നേരെമറിച്ച്‌, അക്രമിയോട്‌ ചെറുത്തുനിൽക്കാൻ കഴിയുന്നതെല്ലാം അവൾ ചെയ്‌തെന്ന്‌ അതു തെളിയിക്കുന്നു. (ആവർത്തനപുസ്‌തകം 22:26) ബലാത്സംഗം ചെയ്യപ്പെടുന്നെങ്കിലും, ശുദ്ധമായ ഒരു മനസ്സാക്ഷിയും ആത്മാഭിമാനവും താൻ ദൈവദൃഷ്ടിയിൽ ശുദ്ധിയുള്ളവൾ ആണെന്ന ഉറപ്പും ഉണ്ടായിരിക്കാൻ അവൾക്കു കഴിയും. ഭീതിദമായ ആ അനുഭവം അവളിൽ വൈകാരിക മുറിവുകൾ അവശേഷിപ്പിച്ചേക്കാം. എങ്കിലും, ചെറുത്തുനിൽക്കാൻ തനിക്കാകുന്നതെല്ലാം ചെയ്‌തെന്ന അറിവ്‌ ക്രമേണ സുഖം പ്രാപിക്കാൻ വളരെയേറെ സഹായിക്കും.

ആവർത്തനപുസ്‌തകം 22:23-27-ന്റെ ബാധകമാക്കൽ മനസ്സിലാക്കുമ്പോൾ, സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളെയും ഈ ഹ്രസ്വ വിവരണം കൈകാര്യം ചെയ്യുന്നില്ലെന്നു നാം തിരിച്ചറിയണം. ഉദാഹരണത്തിന്‌, ആക്രമണവിധേയയായ സ്‌ത്രീ ഊമ ആയിരിക്കുകയോ അബോധാവസ്ഥയിൽ ആയിരിക്കുകയോ ഭയന്ന്‌ സ്‌തംഭിച്ചു പോകുകയോ അല്ലെങ്കിൽ നിലവിളിക്കാതിരിക്കാനായി അക്രമി ബലംപ്രയോഗിച്ച്‌ അവളുടെ വായ്‌ പൊത്തിപ്പിടിക്കുകയോ മൂടിക്കെട്ടുകയോ ചെയ്‌തിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച്‌ അതു പറയുന്നില്ല. എന്നിരുന്നാലും, യഹോവയ്‌ക്ക്‌ വ്യക്തികളുടെ ആന്തരം ഉൾപ്പെടെ എല്ലാ ഘടകങ്ങളും തൂക്കിനോക്കാൻ കഴിയുന്നതിനാൽ, അത്തരം സാഹചര്യങ്ങളെ അവൻ ഗ്രാഹ്യത്തോടും നീതിയോടുംകൂടെ കൈകാര്യം ചെയ്യും. കാരണം, “അവന്റെ വഴികൾ ഒക്കെയും ന്യായ”മാണ്‌. (ആവർത്തനപുസ്‌തകം 32:4) യഥാർഥത്തിൽ നടന്നത്‌ എന്താണെന്നും അക്രമിയെ ചെറുത്തുനിൽക്കാൻ സ്‌ത്രീ നടത്തിയ ശ്രമങ്ങളെ കുറിച്ചും യഹോവയ്‌ക്ക്‌ അറിയാം. അക്കാരണത്താൽ, നിലവിളിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ സാഹചര്യത്തിൽ ചെറുത്തുനിൽക്കാൻ തന്നാലാവതെല്ലാം ചെയ്‌ത ഒരു സ്‌ത്രീക്ക്‌ കാര്യങ്ങൾ യഹോവയെ ഭരമേൽപ്പിക്കാൻ കഴിയും.​—⁠സങ്കീർത്തനം 55:22; 1 പത്രൊസ്‌ 5:⁠7.

എങ്കിൽപ്പോലും ബലാത്സംഗത്തിന്‌ ഇരയായ ചില ക്രിസ്‌തീയ സ്‌ത്രീകൾ കുറ്റബോധത്താൽ നീറിക്കൊണ്ടിരിക്കുന്നു. നടന്ന കാര്യത്തെ കുറിച്ച്‌ ഓർക്കുമ്പോൾ, അതു തടയാനായി തങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു എന്ന്‌ അവർക്കു തോന്നുന്നു. എന്നിരുന്നാലും, സ്വയം പഴിക്കുന്നതിനുപകരം, അവർക്ക്‌ യഹോവയോടു പ്രാർഥിക്കാനും സഹായം അഭ്യർഥിക്കാനും അവന്റെ സമൃദ്ധമായ സ്‌നേഹദയ സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാനും കഴിയും.​—⁠പുറപ്പാടു 34:​6, NW; സങ്കീർത്തനം 86:⁠5, NW.

അതുകൊണ്ട്‌ ബലാത്സംഗത്തിന്‌ ഇരയായതു നിമിത്തമുണ്ടായ വൈകാരിക മുറിവുകളുമായി ഇപ്പോൾ മല്ലിട്ടുകൊണ്ടിരിക്കുന്ന ക്രിസ്‌തീയ സ്‌ത്രീകൾക്ക്‌, തങ്ങൾ അനുഭവിക്കുന്ന വേദനാജനകമായ വികാരങ്ങൾ യഹോവ പൂർണമായും മനസ്സിലാക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമുണ്ടായിരിക്കാവുന്നതാണ്‌. ദൈവവചനം അവർക്ക്‌ ഈ ഉറപ്പു നൽകുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) ക്രിസ്‌തീയ സഭയിലെ ആത്മാർഥരായ സഹവിശ്വാസികളുടെ അനുകമ്പാപൂർവകവും ദയാപുരസ്സരവുമായ പിന്തുണ സ്വീകരിക്കുന്നത്‌ അവരുടെ മാനസികാഘാതം തരണം ചെയ്യാനുള്ള കൂടുതലായ സഹായമായിരിക്കാവുന്നതാണ്‌. (ഇയ്യോബ്‌ 29:12; 1 തെസ്സലൊനീക്യർ 5:14) കൂടാതെ, ക്രിയാത്മക ചിന്തകളിൽ മനസ്സിനെ പിടിച്ചുനിറുത്താനായി സ്വയം നടത്തുന്ന ശ്രമങ്ങൾ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” അനുഭവിക്കാൻ അവരെ സഹായിക്കും.​—⁠ഫിലിപ്പിയർ 4:6-9.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഈ ലേഖനം ബലാത്സംഗത്തിന്‌ ഇരയാകുന്ന സ്‌ത്രീകളെ കുറിച്ചാണു പറയുന്നതെങ്കിലും, ഇതിൽ ചർച്ച ചെയ്‌തിരിക്കുന്ന തത്ത്വങ്ങൾ ബലാത്സംഗ ഭീഷണി നേരിടുന്ന പുരുഷന്മാർക്കും ബാധകമാണ്‌.