വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭയാർഥി ക്യാമ്പിലെ ജീവിതം

അഭയാർഥി ക്യാമ്പിലെ ജീവിതം

അഭയാർഥി ക്യാമ്പിലെ ജീവിതം

“അഭയാർഥി ക്യാമ്പ്‌” എന്നു കേൾക്കുമ്പോൾ എങ്ങനെയുള്ള ഒരു ചിത്രമാണു നിങ്ങളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌? നിങ്ങൾ എന്നെങ്കിലും ഒരു അഭയാർഥി ക്യാമ്പ്‌ സന്ദർശിച്ചിട്ടുണ്ടോ? അത്‌ എങ്ങനെയിരിക്കും?

ഈ ലേഖനം എഴുതുമ്പോൾ പശ്ചിമ ടാൻസാനിയയിൽ 13 അഭയാർഥി ക്യാമ്പുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആഭ്യന്തര യുദ്ധം നിമിത്തം, മറ്റ്‌ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 5,00,000-ത്തോളം പേർക്ക്‌ സ്വന്തം നാടുവിടേണ്ടിവന്നു. അഭയാർഥികൾക്കായുള്ള ഐക്യരാഷ്‌ട്ര ഹൈക്കമ്മീഷണറുടെ (യുഎൻഎച്ച്‌സിആർ) സഹകരണത്തോടെ ടാൻസാനിയൻ ഗവൺമെന്റ്‌ ഇവരെ സഹായിക്കാനുള്ള സംരംഭം ഏറ്റെടുക്കുകയായിരുന്നു. അതിരിക്കട്ടെ, ക്യാമ്പിലെ ജീവിതം എങ്ങനെയുള്ളതാണ്‌?

ക്യാമ്പിൽ എത്തിച്ചേരുന്നു

കുറച്ചു വർഷം മുമ്പ്‌ തങ്ങളുടെ കുടുംബം ക്യാമ്പിൽ എത്തിയപ്പോൾ കാര്യങ്ങൾ എങ്ങനെ ആയിരുന്നുവെന്ന്‌ കൗമാരപ്രായക്കാരിയായ കാൻഡീഡാ വിവരിക്കുന്നു: “തിരിച്ചറിയൽ നമ്പരുള്ള ഒരു റേഷൻ കാർഡ്‌ അവർ ഞങ്ങൾക്കു തന്നു. നീയാരുഗുസു എന്ന അഭയാർഥി ക്യാമ്പിലേക്കാണ്‌ ഞങ്ങളുടെ കുടുംബത്തെ അയച്ചത്‌. അവിടെ ചെന്നപ്പോൾ, ഞങ്ങളുടെ തെരുവിന്റെയും ഞങ്ങൾക്ക്‌ അനുവദിച്ചു തന്നിരിക്കുന്ന സ്ഥലത്തിന്റെയും നമ്പരുകൾ ലഭിച്ചു. വീടു കെട്ടാനുള്ള മരവും പുല്ലുമൊക്കെ എവിടെനിന്നു ശേഖരിക്കണം എന്ന്‌ അവർ കാണിച്ചു തന്നു. ഞങ്ങൾ ചെളികൊണ്ട്‌ ഇഷ്ടികയുണ്ടാക്കി. മേൽക്കൂരയിടാൻ ആവശ്യമായ പ്ലാസ്റ്റിക്‌ യുഎൻഎച്ച്‌സിആർ അധികാരികളിൽനിന്നു ഞങ്ങൾക്കു ലഭിച്ചു. കഠിനാധ്വാനം ചെയ്യേണ്ടിവന്നെങ്കിലും, ഞങ്ങളുടെ കൊച്ചുവീടിന്റെ പണിതീർന്നപ്പോൾ ഞങ്ങൾക്കു വളരെ സന്തോഷം തോന്നി.”

ഒന്നിടവിട്ടുള്ള ബുധനാഴ്‌ചകളിൽ ആണു റേഷൻ കിട്ടുന്നത്‌. “യുഎൻഎച്ച്‌സിആർ വിതരണം ചെയ്യുന്ന അത്യാവശ്യ ഭക്ഷ്യവസ്‌തുക്കൾ വാങ്ങാൻ ഞങ്ങൾ വരിവരിയായി കാന്റീനിനു മുമ്പിൽ നിൽക്കും,” കാൻഡീഡാ തുടരുന്നു.

ഒരാൾക്ക്‌ ഒരു ദിവസത്തേക്കുള്ള ഭക്ഷ്യവസ്‌തുക്കൾ എന്തൊക്കെയാണ്‌?

“മൂന്നു കപ്പ്‌ ചോളപ്പൊടി, ഒരു കപ്പ്‌ പയറ്‌, 20 ഗ്രാം സോയാബീൻപൊടി, 30 മില്ലിലിറ്റർ പാചക എണ്ണ, 10 ഗ്രാം ഉപ്പ്‌. ഇത്രയുമാണ്‌ ഞങ്ങൾക്ക്‌ ഓരോരുത്തർക്കും കിട്ടുന്നത്‌. ചിലപ്പോഴൊക്കെ ഒരു ബാർ സോപ്പും കിട്ടും, അതുകൊണ്ട്‌ ഒരു മാസം തികയ്‌ക്കണം.”

ശുദ്ധജലത്തിന്റെ കാര്യമോ? അതു ലഭ്യമാണോ? റിസീക്കീ എന്ന യുവതി പറയുന്നതു ശ്രദ്ധിക്കുക: “അടുത്തുള്ള നദികളിൽ നിന്നു വെള്ളം പമ്പുചെയ്‌തു പൈപ്പുകൾ വഴി വലിയ ജലസംഭരണികളിൽ എത്തിക്കും. അവിടെനിന്ന്‌, ഓരോ ക്യാമ്പിലും ജലവിതരണത്തിനായി ക്രമീകരിച്ചിരിക്കുന്ന വിവിധ ഇടങ്ങളിലേക്ക്‌ വെള്ളം തുറന്നു വിടുന്നു. അതിനു മുമ്പ്‌ അത്‌ ക്ലോറിൻ ഉപയോഗിച്ച്‌ ശുദ്ധീകരിക്കുന്നു. എങ്കിലും, എന്തെങ്കിലും രോഗം വന്നാലോ എന്നു ഭയന്ന്‌ കുടിക്കാനുള്ള വെള്ളം തിളപ്പിച്ച്‌ ഉപയോഗിക്കാൻ ഞങ്ങൾ കഴിവതും ശ്രമിക്കുന്നു. വെള്ളം നിറയ്‌ക്കലും വസ്‌ത്രം കഴുകലും ഒക്കെയായി രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങൾക്കു നല്ല തിരക്കാണ്‌. തുണിയലക്കുന്നതെല്ലാം പൈപ്പിൻ ചുവട്ടിൽത്തന്നെയാണ്‌. ദിവസം ഒന്നര ബക്കറ്റു വെള്ളമേ ഞങ്ങൾ എടുക്കാൻ പാടുള്ളൂ.”

ക്യാമ്പിലൂടെ ഒരു സവാരി നടത്തുകയാണെങ്കിൽ, അവിടെ നിങ്ങൾക്കു നഴ്‌സറി സ്‌കൂളുകളും, പ്രൈമറി സ്‌കൂളുകളും, സെക്കൻഡറി സ്‌കൂളുകളും കാണാൻ കഴിയും. ചിലയിടങ്ങളിൽ മുതിർന്നവർക്കു വേണ്ടിയും വിദ്യാലയങ്ങളുണ്ട്‌. ക്യാമ്പിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഒരു പോലീസ്‌ സ്റ്റേഷനും ഗവൺമെന്റ്‌ ഓഫീസും ക്യാമ്പിനു പുറത്തു പ്രവർത്തിക്കുന്നുണ്ട്‌. അടുത്തുതന്നെ ഒരു വലിയ ചന്തസ്ഥലം നിങ്ങൾക്കു കാണാം, അഭയാർഥികൾക്ക്‌ അവിടെയുള്ള കൊച്ചുകൊച്ചു കടകളിൽനിന്ന്‌ പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം, കോഴിയിറച്ചി തുടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ വാങ്ങാവുന്നതാണ്‌. തദ്ദേശവാസികളായ ചിലർ ഇവിടെ കച്ചവടത്തിന്‌ എത്തുന്നു. പക്ഷേ ഇതെല്ലാം വാങ്ങാൻ അഭയാർഥികൾക്ക്‌ എവിടെനിന്നാണു പണം? ചിലർ ഒരു കൊച്ചു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കി അതിൽനിന്നുള്ള ഉത്‌പന്നങ്ങൾ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. ചിലരാകട്ടെ, തങ്ങൾക്കു റേഷനായി ലഭിക്കുന്ന ധാന്യപ്പൊടികളുടെയും പയറിന്റെയുമൊക്കെ ഒരു പങ്കു വിൽക്കുന്നു, അങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച്‌ ഇറച്ചിയോ പഴങ്ങളോ വാങ്ങുന്നു. ക്യാമ്പ്‌ കണ്ടാൽ വലിയ ഒരു ഗ്രാമം ആണെന്നേ തോന്നൂ. തങ്ങളുടെ സ്വദേശത്ത്‌ ആയിരുന്നപ്പോൾ ചെയ്‌തിരുന്നതുപോലെ ഇവിടെയും ചന്തസ്ഥലങ്ങളിലൊക്കെ ചിലർ ഉറക്കെ ചിരിക്കുന്നതും ഉല്ലസിക്കുന്നതും കാണാം.

ക്യാമ്പിൽ ഏതാനും ക്ലിനിക്കുകൾ ഉണ്ട്‌. സാധാരണ രോഗങ്ങൾക്കുള്ള ചികിത്സ ഇവിടെ ലഭ്യമാണ്‌. എന്നാൽ അത്യാഹിതങ്ങളും ഗുരുതരമായ രോഗങ്ങളുമെല്ലാം പുറത്തുള്ള ആശുപത്രികളിലാണു കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ ആശുപത്രികളുടെ കാര്യത്തിൽ എന്നതുപോലെ, പ്രസവമുറിയും പ്രസവവാർഡും ആണ്‌ ഈ ആശുപത്രിയിലെയും പ്രധാന വിഭാഗങ്ങൾ. 48,000 അഭയാർഥികൾ ഉള്ള ഒരു ക്യാമ്പിൽ ഒരു മാസം 250-ഓളം പ്രസവം നടക്കുന്നു.

ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നു

ടാൻസാനിയയിലെ ക്യാമ്പുകളിൽ കഴിയുന്ന തങ്ങളുടെ ആത്മീയ സഹോദരങ്ങളെ കുറിച്ച്‌ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ചിന്തയുള്ളവരാണ്‌. ക്യാമ്പുകളിലാകെ 1,200 സഹോദരങ്ങളുണ്ട്‌. അവരെ 14 സഭകളിലും 3 കൂട്ടങ്ങളിലുമായി സംഘടിപ്പിച്ചിരിക്കുന്നു. അവർ എങ്ങനെയാണു കാര്യങ്ങൾ ചെയ്യുന്നത്‌?

അർപ്പിതരായ ഈ ക്രിസ്‌ത്യാനികൾ ക്യാമ്പിൽ വന്നിട്ട്‌ ആദ്യം ചെയ്‌തത്‌ ഒരു രാജ്യഹാൾ പണിയാനുള്ള സ്ഥലത്തിനായി അഭ്യർഥിക്കുകയായിരുന്നു. യഹോവയുടെ സാക്ഷികളെ എളുപ്പത്തിൽ കണ്ടുമുട്ടുന്നതിനും വാരം തോറുമുള്ള അവരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ഇത്‌ അഭയാർഥി സമൂഹത്തെ സഹായിക്കുമായിരുന്നു. ലുഗുഫു ക്യാമ്പിൽ 7 സഭകളിലായി 659 സജീവ ക്രിസ്‌ത്യാനികൾ ഉണ്ട്‌. ഞായറാഴ്‌ചത്തെ യോഗങ്ങളിൽ 7 സഭകളിലും കൂടി ഏതാണ്ട്‌ 1,700 പേർ ഹാജരാകാറുണ്ട്‌.

എല്ലാ ക്യാമ്പുകളിലെയും സാക്ഷികൾ അവിടെ നടത്തപ്പെടുന്ന വലിയ ക്രിസ്‌തീയ സമ്മേളനങ്ങളിൽനിന്നും കൺവെൻഷനുകളിൽനിന്നും പ്രയോജനം അനുഭവിക്കുന്നു. ലുഗുഫു ക്യാമ്പിൽ നടത്തിയ ആദ്യത്തെ കൺവെൻഷനിൽ 2,363 പേർ ഹാജരായി. കൺവെൻഷൻ സ്ഥലത്തിനു തൊട്ടടുത്ത്‌ സഹോദരങ്ങൾ ഒരു കുഴി കുഴിച്ചു സ്‌നാപനക്കുളം ഉണ്ടാക്കി. വെള്ളം തങ്ങിനിൽക്കാൻ വേണ്ടി അതിൽ പ്ലാസ്റ്റിക്‌ വിരിച്ചു. ഏതാണ്ട്‌ രണ്ടു കിലോമീറ്റർ അകലെയുള്ള നദിയിൽനിന്നു സൈക്കിളിലാണു സഹോദരങ്ങൾ കുഴി നിറയ്‌ക്കാനുള്ള വെള്ളം കൊണ്ടുവന്നത്‌. ഒരു പ്രാവശ്യം 20 ലിറ്റർ വെള്ളമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ട്‌ പലതവണ സഹോദരങ്ങൾക്കു പോകേണ്ടിവന്നു. മാന്യമായ വസ്‌ത്രം ധരിച്ച സ്‌നാപനാർഥികൾ സ്‌നാപനമേൽക്കാൻ വരിവരിയായി നിന്നു. അന്ന്‌ 56 പേർ വെള്ളത്തിൽ പൂർണമായി മുങ്ങി സ്‌നാപനമേറ്റു. കൺവെൻഷനിൽ ഒരു മുഴുസമയ ശുശ്രൂഷകനുമായുള്ള അഭിമുഖം ഉണ്ടായിരുന്നു, 40 വ്യക്തികളുമായി താൻ ബൈബിളധ്യയനം നടത്തുന്നുണ്ട്‌ എന്നും അവരിൽ നാലുപേർ ആ കൺവെൻഷനു സ്‌നാപനമേറ്റു എന്നും അദ്ദേഹം പറഞ്ഞു.

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിന്റെ ക്രമീകരണപ്രകാരം സഞ്ചാര മേൽവിചാരകന്മാർ ക്രമമായി ഇവിടെ സന്ദർശിക്കാറുണ്ട്‌. അവരിൽ ഒരാൾ ഇങ്ങനെ പറയുന്നു: “നമ്മുടെ സഹോദരങ്ങൾ ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരാണ്‌. പ്രസംഗ പ്രവർത്തനത്തിനായി വലിയ ഒരു വയലാണ്‌ ഇവിടെ അവർക്കുള്ളത്‌. ഒരു സഭയിലെ ഓരോ സാക്ഷിയും മാസം ഏതാണ്ട്‌ 34 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കുന്നു. താത്‌പര്യക്കാരുമായി അഞ്ചോ അതിലധികമോ ബൈബിളധ്യയനം നടത്തുന്ന നിരവധി സഹോദരങ്ങൾ ഉണ്ട്‌. ഇതിലും മെച്ചപ്പെട്ട ഒരു വയലിനെ കുറിച്ചു തനിക്കു ചിന്തിക്കാനേ കഴിയില്ല എന്നാണ്‌ [മുഴുസമയ ശുശ്രൂഷകയായ] ഒരു പയനിയർ പറഞ്ഞത്‌. ക്യാമ്പിലുള്ളവർ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വളരെ വിലമതിക്കുന്നു.”

ബൈബിൾ സാഹിത്യങ്ങൾ എങ്ങനെയാണു ക്യാമ്പിൽ എത്തുന്നത്‌? ബ്രാഞ്ച്‌ ഓഫീസ്‌, സാഹിത്യങ്ങൾ തീവണ്ടിമാർഗം ടാങ്കനിക്ക തടാകത്തിന്റെ കിഴക്കൻ തീരത്തുള്ള കിഗോമയിൽ എത്തിക്കുന്നു. സഹോദരന്മാർ ഈ സാഹിത്യങ്ങൾ ശേഖരിച്ചശേഷം വാഹനങ്ങൾ മുഖേന അതാതു സഭകളിൽ എത്തിക്കാൻ ഏർപ്പാടുകൾ ചെയ്യുന്നു. ചിലപ്പോൾ ഒരു പിക്‌-അപ്പ്‌ ട്രക്ക്‌ വാടകയ്‌ക്കെടുത്ത്‌ അവർതന്നെ സാഹിത്യങ്ങൾ ക്യാമ്പുകളിൽ എത്തിക്കാറുണ്ട്‌. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യേണ്ടതുള്ളതിനാൽ അവിടെ എത്തിച്ചേരാൻ മൂന്നോ നാലോ ദിവസമെടുക്കും.

ഭൗതിക സഹായം

ഫ്രാൻസ്‌, ബെൽജിയം, സ്വിറ്റ്‌സർലൻഡ്‌ എന്നീ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ പ്രത്യേകാൽ അഭയാർഥി ക്യാമ്പുകളിലേക്കു സഹായം ലഭ്യമാക്കിയിട്ടുണ്ട്‌. ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെയും യുഎൻഎച്ച്‌സിആർ-ന്റെയും അനുമതിയോടെ ചില സഹോദരങ്ങൾ ക്യാമ്പ്‌ സന്ദർശിക്കുകയുണ്ടായി. യൂറോപ്പിലെ സഹോദരങ്ങൾ സോയാപാൽ, വസ്‌ത്രങ്ങൾ, ഷൂസ്‌, പാഠപുസ്‌തകങ്ങൾ, സോപ്പ്‌ എന്നിവ ടൺ കണക്കിനു ശേഖരിച്ച്‌ മുഴു അഭയാർഥികൾക്കുമായി സംഭാവന നൽകി. അതു തീർച്ചയായും ബൈബിൾ തത്ത്വത്തിനു ചേർച്ചയിലായിരുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.”​—ഗലാത്യർ 6:10.

ഒട്ടനവധി അഭയാർഥികൾക്കു സഹായം ലഭ്യമാക്കിയ ഇത്തരം മനുഷ്യത്വപരമായ ശ്രമങ്ങൾ വളരെ നല്ല ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. മൂയോവോസി ക്യാമ്പിലെ അഭയാർഥി സമൂഹ സമിതി പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ടു തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിച്ചു: “നിങ്ങളുടെ സംഘടന മൂന്നുപ്രാവശ്യം കാണിച്ച ദയാപ്രവൃത്തിക്ക്‌ ഞങ്ങളുടെ മുഴുസമൂഹത്തിന്റെയും പേരിൽ ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. . .  നിങ്ങൾ സംഭാവന ചെയ്‌ത വസ്‌ത്രങ്ങൾ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും നവജാത ശിശുക്കളും അടക്കം 12,654 പേർക്ക്‌ പ്രയോജനപ്പെട്ടു. ഈ ക്യാമ്പിൽ ഇപ്പോൾ 37,000 പേരുണ്ട്‌. മൊത്തം 12,654 പേർക്ക്‌, അതായത്‌ 34.2 ശതമാനത്തിന്‌, സഹായം ലഭിച്ചു.”

മറ്റൊരു ക്യാമ്പിലെ 12,382 അഭയാർഥികൾക്കു മൂന്നു ജോടി വസ്‌ത്രം വീതം നൽകാൻ കഴിഞ്ഞു. വേറൊരു ക്യാമ്പിൽ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലേക്കും കൊച്ചുകുട്ടികൾക്കായുള്ള ഡേ കെയർ സെന്ററുകളിലേക്കും ആവശ്യമായ ആയിരക്കണക്കിനു പാഠപുസ്‌തകങ്ങൾ സംഭാവനയായി ലഭിച്ചു. യുഎൻഎച്ച്‌സിആർ-ന്റെ കാര്യനിർവഹണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “അഭയാർഥികളായ വലിയൊരു കൂട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ തക്കവണ്ണം ലഭിച്ച സംഭാവനയ്‌ക്കു ഞങ്ങൾ വളരെ നന്ദി പറയുന്നു. അടുത്ത കാലത്തു കിട്ടിയ ചരക്കുകളിൽ സ്‌കൂൾ കുട്ടികൾക്കായുള്ള പുസ്‌തകങ്ങൾ അടങ്ങിയ 5 കണ്ടെയ്‌നറുകളാണ്‌ ഉണ്ടായിരുന്നത്‌. ഞങ്ങൾ അതു വിതരണം ചെയ്‌തു. . . . വളരെ നന്ദി.”

പ്രാദേശിക പത്രങ്ങളും ഈ സഹായത്തെ പ്രകീർത്തിച്ചുകൊണ്ട്‌ എഴുതുകയുണ്ടായി. 2001 മേയ്‌ 20-ലെ സൺഡേ ന്യൂസിന്റെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: “ടാൻസാനിയയിലുള്ള അഭയാർഥികൾക്കു വസ്‌ത്രങ്ങൾ എത്തിച്ചേരുന്നു.” 2002 ഫെബ്രുവരി 10-ലെ പതിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: “അഭയാർഥി സമൂഹം ഈ സംഭാവനയെ വിലമതിക്കുന്നു. കാരണം ആവശ്യത്തിനു വസ്‌ത്രമില്ലാതിരുന്നതിനാൽ പല കുട്ടികളും സ്‌കൂളിൽ പോകുന്നതു നിറുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവർ ക്രമമായി സ്‌കൂളിൽ പോകുന്നുണ്ട്‌.”

ഞെരുക്കപ്പെടുന്നവർ എങ്കിലും പോംവഴി ഇല്ലാത്തവരല്ല

അഭയാർഥികളിൽ മിക്കവർക്കും പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു കുറഞ്ഞത്‌ ഒരു വർഷമെങ്കിലും വേണം. അവർ ലളിതമായ ജീവിതമാണു നയിക്കുന്നത്‌. ഈ ക്യാമ്പുകളിലെ യഹോവയുടെ സാക്ഷികൾ, തങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗവും ബൈബിളിൽ നിന്നുള്ള ആശ്വാസദായകമായ സുവാർത്ത അയൽക്കാരോടു പറയുന്നതിനായി ചെലവഴിക്കുന്നു. അവർ ഒരു പുതിയ ലോകത്തെ കുറിച്ചാണു മറ്റുള്ളവരോടു പറയുന്നത്‌. അവിടെ എല്ലാവരും “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.” മാത്രമല്ല, “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ്‌ അതു അരുളിച്ചെയ്‌തിരിക്കുന്നു.” അതേ, യഹോവയുടെ അനുഗ്രഹമുള്ള ആ പുതിയ ലോകത്തിൽ അഭയാർഥി ക്യാമ്പുകൾ ഉണ്ടായിരിക്കില്ല.​—മീഖാ 4:​3, 4; സങ്കീർത്തനം 46:⁠9.

[8 -ാം പേജിലെ ചിത്രം]

എൻഡൂറ്റാ ക്യാമ്പിലെ വീടുകൾ

[10 -ാം പേജിലെ ചിത്രങ്ങൾ]

ലുകോലെ രാജ്യഹാൾ (വലത്ത്‌) ലുഗുഫുവിലെ സ്‌നാപനം (താഴെ)

[10 -ാം പേജിലെ ചിത്രം]

ലുഗുഫു ക്യാമ്പിൽ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ