വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അറിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കൽ

അറിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കൽ

അറിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കൽ

മൂന്നിൽ രണ്ടു ഭാഗം ജർമൻകാരും ദൈവവിശ്വാസികളാണ്‌. എന്നാൽ അവരിൽ ആയിരത്തിലധികം പേരോട്‌ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച്‌ ഒരു ലഘുവിവരണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരുംതന്നെ വ്യത്യസ്‌ത ഉത്തരങ്ങളാണു നൽകിയത്‌. “ആളുകൾ വ്യത്യസ്‌തർ ആയിരിക്കുന്നതുപോലെതന്നെ ജർമൻകാരിൽ ഓരോരുത്തർക്കും ദൈവത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളും വ്യത്യസ്‌തമാണ്‌” എന്ന്‌ ഫോക്കുസ്‌ വാർത്താമാസിക റിപ്പോർട്ടു ചെയ്യുന്നു. ദൈവവിശ്വാസം ശ്ലാഘനീയമാണെങ്കിലും അറിയാത്ത ഒരു ദൈവത്തിൽ വിശ്വസിക്കേണ്ടി വരുന്നത്‌ തികച്ചും ഖേദകരമല്ലേ?

ദൈവത്തിന്റെ പ്രകൃതം അഥവാ വ്യക്തിത്വം സംബന്ധിച്ചുള്ള ഈ അനിശ്ചിതത്വം ജർമനിയിൽ മാത്രമല്ല മുഴു യൂറോപ്യൻ നാടുകളിലുമുണ്ട്‌. “പരമമായ ഒരു ശക്തി അഥവാ ഒരു അനിർവചനീയ മർമം” ആണ്‌ ദൈവം എന്ന ധാരണ വിപുലവ്യാപകമാണ്‌ എന്ന്‌ ഓസ്‌ട്രേലിയ, ബ്രിട്ടൻ, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. വിശേഷിച്ചും യുവജനങ്ങൾക്ക്‌, അവരിൽ ദൈവവിശ്വാസികളായവർക്കുപോലും അവനൊരു മർമമാണ്‌.

നിങ്ങൾക്ക്‌ ദൈവത്തെ അടുത്തറിയാമോ?

ഒരാളെ അറിയാം എന്നു പറയുന്നതും അയാളെ അടുത്തറിയാം എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. ഒരാളെ അറിയാം എന്നുപറഞ്ഞാൽ അങ്ങനെ ഒരാളുണ്ടെന്നു നമുക്ക്‌ അറിയാം എന്നു മാത്രമായിരിക്കാം അർഥം. ഉദാഹരണത്തിന്‌, ഏതെങ്കിലും ഒരു ഭരണകർത്താവിനെ, പ്രശസ്‌തനായ ഒരു കായിക താരത്തെ അല്ലെങ്കിൽ സിനിമാതാരത്തെ ഒക്കെ നമുക്ക്‌ അറിയാം. പക്ഷേ ഒരു വ്യക്തിയെ അടുത്തറിയുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു. ആ വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, വികാരവിചാരങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ചെല്ലാം അറിയുന്നത്‌ അതിൽ ഉൾപ്പെടുന്നു. ഒരാളെ അടുത്തറിയുന്നത്‌ അയാളുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതിലേക്കു നയിക്കുന്നു.

ദൈവത്തെ കുറിച്ച്‌ അവ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കുന്നതോ കേവലം ദൈവമുണ്ടെന്നു വിശ്വസിക്കുന്നതോ മാത്രം മതിയായിരിക്കുന്നില്ല എന്ന്‌ ദശലക്ഷങ്ങൾ ഇന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ദൈവത്തെ അടുത്തറിയുന്നതിൽ അവർ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ആ ശ്രമം തക്ക മൂല്യമുള്ളതായിരുന്നോ? വടക്കൻ ജർമനിയിൽ താമസിക്കുന്ന പോൾ ഒരു ദൈവവിശ്വാസി ആയിരുന്നെങ്കിലും അദ്ദേഹത്തിന്‌ ദൈവത്തെ സംബന്ധിച്ചു കാര്യമായി ഒന്നും അറിയില്ലായിരുന്നു. ദൈവത്തെ അടുത്തറിയാൻ അദ്ദേഹം ആഗ്രഹിച്ചു. പോൾ പറയുന്നതു ശ്രദ്ധിക്കുക: “ദൈവത്തെ അടുത്തറിയുന്നതിന്‌ സമയവും ശ്രമവും ചെലവഴിക്കേണ്ടത്‌ ആവശ്യമാണ്‌. പക്ഷേ അതു മൂല്യവത്താണ്‌. ദൈവവുമായി ഒരു ഉറ്റബന്ധം ഉണ്ടായിരിക്കുന്നത്‌ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു.”

ദൈവത്തെ അടുത്തറിയാൻ സമയവും ശ്രമവും ചെലവഴിക്കുന്നതു മൂല്യവത്താണോ? ദയവായി അടുത്ത ലേഖനം വായിക്കുക.

[3 -ാം പേജിലെ ആകർഷക വാക്യം]

ഒരാളെ അറിയാം എന്നു പറയുന്നതും അയാളെ അടുത്തറിയാം എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌