വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“കർത്താവിൽനിന്ന്‌ എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്‌പിച്ചതുമായ കാര്യം ഇതാണ്‌.”​—⁠1 കൊരിന്ത്യർ 11:​23, പി.ഒ.സി. ബൈബിൾ.

1, 2. പൊ.യു. 33-ലെ പെസഹാരാത്രിയിൽ യേശു എന്തു ചെയ്‌തു?

യഹോവയുടെ ഏകജാത പുത്രൻ അവിടെ സന്നിഹിതനായിരുന്നു. ‘അവന്റെ പരീക്ഷകളിൽ അവനോടുകൂടെ നിലനിന്ന’ 11 പുരുഷന്മാരും അവനോടൊപ്പം ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 22:28) സ്ഥലം യെരൂശലേം. പൊ.യു. 33, മാർച്ച്‌ 31 വ്യാഴാഴ്‌ച സായാഹ്നം. പൂർണചന്ദ്രൻ ആകാശത്തെ പ്രഭാപൂരിതമാക്കിയിരുന്നു. യേശുക്രിസ്‌തുവും അവന്റെ അപ്പൊസ്‌തലന്മാരും പെസഹാ ആഘോഷിച്ചു കഴിഞ്ഞതേയുള്ളൂ. അവിശ്വസ്‌തനായ ഈസ്‌കര്യോത്താ യൂദയെ പറഞ്ഞയച്ചിരുന്നു, എങ്കിലും മറ്റുള്ളവർക്ക്‌ പിരിഞ്ഞുപോകാനുള്ള സമയമായിരുന്നില്ല. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ പരമപ്രധാനമായ ഒരു കാര്യം യേശു ചെയ്യാനിരിക്കുകയായിരുന്നു. എന്തായിരുന്നു അത്‌?

2 തദവസരത്തിൽ സന്നിഹിതനായിരുന്ന സുവിശേഷ എഴുത്തുകാരൻ മത്തായിതന്നെ അതു നമ്മോടു പറയട്ടെ. അവൻ എഴുതി: “യേശു അപ്പം എടുത്തു വാഴ്‌ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.” (മത്തായി 26:26-28) ഇത്‌ ഒരിക്കൽ മാത്രം നടക്കേണ്ടിയിരുന്ന കാര്യമാണോ? അതിന്റെ പ്രാധാന്യം എന്തായിരുന്നു? നമ്മെ സംബന്ധിച്ച്‌ ഇന്ന്‌ അതിന്‌ എന്തെങ്കിലും അർഥമുണ്ടോ?

‘ഇതു ചെയ്‌വിൻ’

3. പൊ.യു. 33 നീസാൻ 14-ാം തീയതി രാത്രി യേശു ചെയ്‌ത സംഗതി സുപ്രധാനമായിരുന്നത്‌ എന്തുകൊണ്ട്‌?

3 പൊ.യു. 33 നീസാൻ 14-ാം തീയതി രാത്രി യേശു ചെയ്‌തത്‌ ഒരു സാധാരണ പ്രവൃത്തി ആയിരുന്നില്ല. കൊരിന്തിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ അതേക്കുറിച്ച്‌ ചർച്ച ചെയ്യുകയുണ്ടായി. യേശു ഏർപ്പെടുത്തിയ ഈ ആചരണം അവർ 20-ലേറെ വർഷത്തിനുശേഷവും പിൻപറ്റുന്നുണ്ടായിരുന്നു. പൊ.യു. 33-ൽ യേശുവിന്റെയും 11 അപ്പൊസ്‌തലന്മാരുടെയും കൂടെ പൗലൊസ്‌ ഇല്ലായിരുന്നെങ്കിലും, ആ അവസരത്തിൽ നടന്ന കാര്യത്തെ കുറിച്ച്‌ അപ്പൊസ്‌തലന്മാരിൽ ചിലരിൽനിന്ന്‌ അവൻ മനസ്സിലാക്കുകതന്നെ ചെയ്‌തു. മാത്രമല്ല, ആ സംഭവത്തിന്റെ വിവിധ വശങ്ങളെ കുറിച്ച്‌ ഒരു നിശ്വസ്‌ത വെളിപ്പാടിലൂടെ പൗലൊസിന്‌ സ്ഥിരീകരണം ലഭിച്ചുവെന്നതും വ്യക്തമാണ്‌. പൗലൊസ്‌ പറഞ്ഞു: “ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്‌പിക്കയും ചെയ്‌തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്‌തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.”​—⁠1 കൊരിന്ത്യർ 11:23-25.

4. ക്രിസ്‌ത്യാനികൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ” എന്നു യേശു കൽപ്പിച്ചതായി സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ്‌ സ്ഥിരീകരിക്കുന്നു. (ലൂക്കൊസ്‌ 22:19) ഈ വാക്കുകൾ പിൻവരുന്ന വിധങ്ങളിലും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്‌: “എന്റെ സ്‌മരണയ്‌ക്കായി ഇതു ചെയ്യുവിൻ.” (ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) “എന്റെ ഒരു സ്‌മാരകം എന്ന നിലയിൽ ഇതു ചെയ്യുവിൻ.” (ദ ജെറുസലേം ബൈബിൾ) ഈ ആചരണം യേശുവിന്റെ മരണത്തിന്റെ സ്‌മാരകം എന്നു പലപ്പോഴും വിളിക്കപ്പെടുന്നു. പൗലൊസ്‌ അതിനെ കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നും വിശേഷിപ്പിക്കുന്നുണ്ട്‌. സന്ധ്യാസമയത്ത്‌ ഏർപ്പെടുത്തിയതുകൊണ്ട്‌ ആ പേര്‌ ഉചിതമാണ്‌. (1 കൊരിന്ത്യർ 11:​20, NW) കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ ക്രിസ്‌ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. എന്നാൽ, ഈ ആചരണം ഏർപ്പെടുത്തിയത്‌ എന്തുകൊണ്ടാണ്‌?

അത്‌ ഏർപ്പെടുത്തിയതിന്റെ കാരണം

5, 6. (എ) യേശു സ്‌മാരകം ഏർപ്പെടുത്തിയതിന്റെ ഒരു കാരണം എന്തായിരുന്നു? (ബി) കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തപ്പെട്ടതിന്റെ മറ്റൊരു കാരണം നൽകുക.

5 സ്‌മാരകാചരണം ഏർപ്പെടുത്തപ്പെട്ടതിന്റെ ഒരു കാരണം, യേശുവിന്റെ മരണം നിറവേറ്റിയ ഒരു ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്റെ സ്വർഗീയ പിതാവിന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നവൻ എന്ന നിലയിലാണ്‌ അവൻ മരിച്ചത്‌. അതുവഴി, സ്വാർഥമായ ആന്തരങ്ങളോടെ മാത്രമാണ്‌ മനുഷ്യർ ദൈവത്തെ സേവിക്കുന്നതെന്ന വ്യാജാരോപണം ഉന്നയിച്ച പിശാചായ സാത്താൻ ഒരു നുണയൻ ആണെന്നു യേശു തെളിയിച്ചു. (ഇയ്യോബ്‌ 2:1-5) വിശ്വസ്‌തതയോടെ യേശു മരിച്ചത്‌, സാത്താന്റെ ഈ അവകാശവാദം തെറ്റാണെന്നു തെളിയിക്കുകയും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്‌തു.​—⁠സദൃശവാക്യങ്ങൾ 27:11.

6 കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തപ്പെട്ടതിന്റെ പിന്നിലെ മറ്റൊരു കാരണം, പൂർണനും പാപരഹിതനും എന്ന നിലയിൽ മരിക്കുകവഴി യേശു ‘അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുത്തു’ എന്ന്‌ നമ്മെ ഓർമപ്പെടുത്തുക എന്നതായിരുന്നു. (മത്തായി 20:28) ആദ്യ മനുഷ്യൻ ദൈവത്തിനെതിരെ പാപം ചെയ്‌തപ്പോൾ, അവന്‌ പൂർണതയുള്ള മനുഷ്യജീവനും ബന്ധപ്പെട്ട സകല അനുഗ്രഹങ്ങളും നഷ്ടമായി. എങ്കിലും യേശു ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ‘പാപത്തിന്റെ ശമ്പളം മരണമാണ്‌’ എന്നുള്ളതു ശരിയാണ്‌. പക്ഷേ ‘ദൈവത്തിന്റെ കൃപാവരം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവനാണ്‌.’ (റോമർ 6:23) യേശുവിന്റെ ബലിമരണത്തോടുള്ള ബന്ധത്തിൽ യഹോവയും അവന്റെ പുത്രനും പ്രകടമാക്കിയ വലിയ സ്‌നേഹത്തെ കുറിച്ച്‌ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണം നമ്മെ ഓർമിപ്പിക്കുന്നു. ആ സ്‌നേഹത്തെ നാം എത്ര വിലമതിക്കേണ്ടതാണ്‌!

അത്‌ ആചരിക്കേണ്ടത്‌ എപ്പോൾ?

7. അഭിഷിക്ത ക്രിസ്‌ത്യാനികൾ സ്‌മാരകത്തിൽ പങ്കുപറ്റുന്ന എല്ലാ സമയത്തും അവർ കർത്താവിന്റെ മരണത്തെ പ്രസ്‌താവിക്കുന്നത്‌ എങ്ങനെ?

7 കർത്താവിന്റെ സന്ധ്യാഭക്ഷണത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്‌താവിക്കുന്നു.” (1 കൊരിന്ത്യർ 11:26) വ്യക്തികളെന്ന നിലയിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ തങ്ങളുടെ മരണം വരെ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റും. അങ്ങനെ യഹോവയാം ദൈവത്തിനും ലോകത്തിനും മുമ്പാകെ അവർ, യേശുവിന്റെ മറുവിലയാഗം എന്ന ദൈവിക ക്രമീകരണത്തിലുള്ള തങ്ങളുടെ വിശ്വാസത്തെ തുടർച്ചയായി പ്രഖ്യാപിക്കും.

8. അഭിഷിക്തരുടെ കൂട്ടം എത്ര കാലം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കണം?

8 അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടം എത്രകാലം യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കും? ‘അവൻ വരുവോളം’ എന്ന്‌ പൗലൊസ്‌ പറഞ്ഞു. തന്റെ “സാന്നിധ്യ” കാലത്ത്‌ അഭിഷിക്ത അനുഗാമികളെ പുനരുത്ഥാനത്തിലൂടെ സ്വർഗത്തിലേക്കു സ്വീകരിക്കാനായി യേശു വരുന്നതുവരെ ഈ ആചരണം തുടരുമെന്നാണ്‌ വ്യക്തമായും അത്‌ അർഥമാക്കുന്നത്‌. (1 തെസ്സലൊനീക്യർ 4:14-17, NW) വിശ്വസ്‌തരായ തന്റെ 11 അപ്പൊസ്‌തലന്മാരോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണ്‌ അത്‌: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”​—⁠യോഹന്നാൻ 14:⁠3.

9. മർക്കൊസ്‌ 14:​25-ലെ യേശുവിന്റെ വാക്കുകളുടെ അർഥമെന്ത്‌?

9 സ്‌മാരകം ഏർപ്പെടുത്തവേ, വീഞ്ഞു നിറച്ച പാനപാത്രത്തെ പരാമർശിച്ചുകൊണ്ട്‌ തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട്‌ യേശു ഇങ്ങനെ പറഞ്ഞു: “മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല.” (മർക്കൊസ്‌ 14:25) സ്വർഗത്തിൽ യേശു അക്ഷരീയ വീഞ്ഞ്‌ കുടിക്കുകയില്ലാത്തതിനാൽ, ചിലപ്പോഴൊക്കെ വീഞ്ഞിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന സന്തോഷമാണ്‌ വ്യക്തമായും അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌. (സങ്കീർത്തനം 104:15; സഭാപ്രസംഗി 10:19) രാജ്യത്തിൽ ഒരുമിച്ചായിരിക്കുന്നത്‌ അവനും അവന്റെ അനുഗാമികൾക്കും സന്തോഷകരമായ ഒരു അനുഭവം ആയിരിക്കും, അതിനുവേണ്ടിയാണ്‌ അവർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നത്‌.​—⁠റോമർ 8:23; 2 കൊരിന്ത്യർ 5:⁠2.

10. സ്‌മാരകം ആചരിക്കേണ്ടത്‌ എത്ര കൂടെക്കൂടെയാണ്‌?

10 യേശുവിന്റെ മരണത്തിന്റെ സ്‌മാരകം എത്ര കൂടെക്കൂടെയാണ്‌ ആചരിക്കേണ്ടത്‌? മാസംതോറും? ആഴ്‌ചതോറും? ദിവസംതോറും? അല്ല. യേശു സ്‌മാരകം ഏർപ്പെടുത്തിയതും അവൻ വധിക്കപ്പെട്ടതും ഒരു പെസഹാദിവസമായിരുന്നു. പൊ.യു.മു. 1513-ൽ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേല്യർ വിടുവിക്കപ്പെട്ടതിന്റെ “ഓർമ്മ”യ്‌ക്കായാണ്‌ പെസഹാ ആഘോഷിച്ചിരുന്നത്‌. (പുറപ്പാടു 12:14) വർഷത്തിലൊരിക്കൽ മാത്രം, അതായത്‌ യഹൂദ മാസമായ നീസാൻ 14-ന്‌, ആയിരുന്നു അത്‌. (പുറപ്പാടു 12:1-6; ലേവ്യപുസ്‌തകം 23:5) പെസഹാ ആഘോഷിച്ചിരുന്നതുപോലെ യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കേണ്ടത്‌ വാർഷികമായി മാത്രമാണെന്നും മാസംതോറുമോ വാരംതോറുമോ ദിവസേനയോ അല്ലെന്നും ഇതു സൂചിപ്പിക്കുന്നു.

11, 12. ആദ്യകാല സ്‌മാരകാചരണങ്ങളെ കുറിച്ച്‌ ചരിത്രം എന്തു വെളിപ്പെടുത്തുന്നു?

11 അതുകൊണ്ട്‌ ഉചിതമായും, ഓരോ വർഷവും നീസാൻ 14-നാണ്‌ സ്‌മാരകം ആചരിക്കേണ്ടത്‌. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “നീസാൻ 14-ാം തീയതിതന്നെ പാസ്‌കാ [കർത്താവിന്റെ സന്ധ്യാഭക്ഷണം] ആചരിക്കുന്ന പതിവ്‌ ഏഷ്യാമൈനറിലെ ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരുന്നതിനാൽ അവർ ക്വാർട്ടോഡെസിമൻകാർ [പതിന്നാലുകാർ] എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. . . . ആ തീയതി വെള്ളിയാഴ്‌ചയോ വാരത്തിലെ മറ്റേതെങ്കിലും ദിവസമോ ആയിരുന്നിരിക്കാം.”​—⁠ദ ന്യൂ ഷാഫ്‌ഹെർട്ട്‌സോക്‌ എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയസ്‌ നോളജ്‌, വാല്യം 4, പേജ്‌ 44.

12 ‘ക്രിസ്‌തുവിന്റെ മാതൃകയ്‌ക്ക്‌ ഒരു നിയമത്തിന്റെ ശക്തി ഉണ്ടെന്ന്‌ ക്വാർട്ടോഡെസിമൻകാർ കരുതു’ന്നതിനാൽ നീസാൻ 14-ാം തീയതിയാണ്‌ അവർ സ്‌മാരകം ആചരിച്ചിരുന്നത്‌ എന്ന്‌ പൊ.യു. രണ്ടാം നൂറ്റാണ്ടിൽ സ്‌മാരകം ആചരിക്കപ്പെട്ടിരുന്ന രീതിയെ കുറിച്ച്‌ അഭിപ്രായപ്പെട്ടുകൊണ്ട്‌ ചരിത്രകാരനായ ജെ. എൽ. ഫോൺ മോസ്‌ഹൈം പറഞ്ഞു. മറ്റൊരു ചരിത്രകാരൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യെരൂശലേം സഭ അനുവർത്തിച്ചതുതന്നെ ഏഷ്യയിലെ ക്വാർട്ടോഡെസിമൻ സഭകൾ പിന്തുടർന്നുപോന്നു. രണ്ടാം നൂറ്റാണ്ടിൽ ഈ സഭകൾ, നീസാൻ 14-ാം തീയതിയിലെ തങ്ങളുടെ പെസഹാസമയത്തു ക്രിസ്‌തുവിന്റെ മരണത്താൽ പ്രാബല്യത്തിൽ വന്ന വീണ്ടെടുപ്പിനെ അനുസ്‌മരിച്ചു.”​—⁠സ്റ്റുഡ്യ പാട്രീസ്റ്റീക്ക, വാല്യം 5, 1962, പേജ്‌ 8.

അപ്പത്തിന്റെ പ്രാധാന്യം

13. കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തവേ, ഏതുതരം അപ്പമാണ്‌ യേശു ഉപയോഗിച്ചത്‌?

13 സ്‌മാരകം ഏർപ്പെടുത്തവേ, “അവൻ അപ്പം എടുത്തു വാഴ്‌ത്തി നുറുക്കി അവർക്കു [അപ്പൊസ്‌തലന്മാർക്കു] കൊടുത്തു.” (മർക്കൊസ്‌ 14:22) പെസഹായ്‌ക്ക്‌ ഉപയോഗിച്ചിരുന്ന അതേ അപ്പമാണ്‌ ആ സന്ദർഭത്തിൽ അവിടെയുണ്ടായിരുന്നത്‌. (പുറപ്പാടു 13:6-10) പുളിക്കാത്ത മാവുകൊണ്ട്‌ അപ്പം ചുട്ടിരുന്നതിനാൽ, അത്‌ കനം കുറഞ്ഞതും ഒടിക്കാവുന്നതുമായിരുന്നു. മാത്രമല്ല, വിതരണം ചെയ്യുന്നതിനായി അത്‌ നുറുക്കുകയും ചെയ്യണമായിരുന്നു. ആയിരങ്ങളെ പോഷിപ്പിക്കാനായി യേശു അത്ഭുതകരമായി പ്രദാനം ചെയ്‌ത അപ്പവും ഇതുപോലുള്ളത്‌ ആയിരുന്നു. എന്തെന്നാൽ, ആളുകൾക്ക്‌ വിതരണം ചെയ്യാനായി അവൻ അത്‌ നുറുക്കുകയുണ്ടായി. (മത്തായി 14:19; 15:36) അതിനാൽ വ്യക്തമായും, സ്‌മാരക അപ്പം നുറുക്കുന്നത്‌ മതപരമായ ഒരു ചടങ്ങല്ല.

14. (എ) സ്‌മാരകാചരണത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉപയോഗം ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനായി ഏതുതരം അപ്പം വാങ്ങാവുന്നതാണ്‌ അല്ലെങ്കിൽ ഉണ്ടാക്കാവുന്നതാണ്‌?

14 സ്‌മാരകം ഏർപ്പെടുത്തവേ ഉപയോഗിച്ച അപ്പത്തെ കുറിച്ച്‌ യേശു പറഞ്ഞു: “ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം.” (1 കൊരിന്ത്യർ 11:24; മർക്കൊസ്‌ 14:22) പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നത്‌ ഉചിതമായിരുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ പുളിപ്പിന്‌ തിന്മ, ദുഷ്ടത, അല്ലെങ്കിൽ പാപം എന്നിവയെ അർഥമാക്കാൻ കഴിയും. (1 കൊരിന്ത്യർ 5:6-8) മറുവിലയാഗമായി അർപ്പിക്കപ്പെട്ട യേശുവിന്റെ പൂർണതയുള്ള, പാപരഹിതമായ മനുഷ്യ ശരീരത്തെയാണ്‌ അപ്പം പ്രതിനിധാനം ചെയ്‌തത്‌. (എബ്രായർ 7:26; 10:5-10) യഹോവയുടെ സാക്ഷികൾ ഈ സംഗതി മനസ്സിൽപ്പിടിക്കുകയും സ്‌മാരകാചരണത്തിനായി പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചുകൊണ്ട്‌ യേശു വെച്ച മാതൃക പിൻപറ്റുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവർ പെസഹായ്‌ക്കായി യഹൂദന്മാർ ഉപയോഗിക്കുന്ന, സ്വാദുവർധകങ്ങളോ ഉള്ളിയോ മുട്ടയോ പോലുള്ള മറ്റു ചേരുവകകളോ ഇല്ലാത്ത മാറ്റ്‌സൊ എന്ന പുളിപ്പില്ലാത്ത അപ്പം വാങ്ങുന്നു. അല്ലെങ്കിൽ, കുറച്ച്‌ ധാന്യപ്പൊടി (സാധ്യമെങ്കിൽ ഗോതമ്പുപൊടി) അൽപ്പം വെള്ളം ചേർത്തു കുഴച്ച്‌, കനം കുറച്ചു പരത്തി അൽപ്പം എണ്ണ പുരട്ടിയ അപ്പക്കല്ലിൽ ചുട്ടെടുക്കുന്നു. ജലാംശം വറ്റി ഒടിക്കാവുന്ന പരുവത്തിലായശേഷമേ അപ്പം കല്ലിൽനിന്ന്‌ എടുക്കുകയുള്ളൂ.

വീഞ്ഞിന്റെ പ്രാധാന്യം

15. തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ യേശു ഉപയോഗിച്ച പാനപാത്രത്തിൽ എന്താണ്‌ ഉണ്ടായിരുന്നത്‌?

15 പുളിപ്പില്ലാത്ത അപ്പം വിതരണം ചെയ്‌തശേഷം യേശു ഒരു പാനപാത്രമെടുത്തു “സ്‌തോത്രംചൊല്ലി അവർക്കു [അപ്പൊസ്‌തലന്മാർക്ക്‌] കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു.” തുടർന്ന്‌ യേശു വിശദീകരിച്ചു: “ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.” (മർക്കൊസ്‌ 14:23, 24) ആ പാനപാത്രത്തിൽ എന്താണ്‌ ഉണ്ടായിരുന്നത്‌? വെറും മുന്തിരിച്ചാറല്ല മറിച്ച്‌, കിണ്വനപ്രക്രിയയിലൂടെ തയ്യാറാക്കിയ വീഞ്ഞായിരുന്നു. വീഞ്ഞിനെ കുറിച്ചു പറയുമ്പോൾ തിരുവെഴുത്തുകൾ വെറും മുന്തിരിച്ചാറിനെയല്ല അർഥമാക്കുന്നത്‌. ഉദാഹരണത്തിന്‌, യേശു പറഞ്ഞതുപോലെ, വീഞ്ഞ്‌ ‘പഴയ തോൽക്കുടങ്ങൾ’ പൊളിഞ്ഞുപോകാൻ ഇടയാക്കുമായിരുന്നു. യേശു ‘വീഞ്ഞുകുടിയനാ’ണെന്ന്‌ അവന്റെ ശത്രുക്കൾ ആരോപിച്ചു. യേശു കുടിച്ച വീഞ്ഞ്‌ വെറും മുന്തിരിച്ചാറായിരുന്നെങ്കിൽ അവർക്ക്‌ അത്തരമൊരു ആരോപണം ഉന്നയിക്കാൻ കഴിയുമായിരുന്നില്ല. (മത്തായി 9:​17, പി.ഒ.സി. ബൈ; 11:​19, പി.ഒ.സി. ബൈ) പെസഹാ ആചരണ വേളയിൽ വീഞ്ഞു കുടിക്കുക പതിവായിരുന്നു, തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ യേശു അത്‌ ഉപയോഗിക്കുകയും ചെയ്‌തു.

16, 17. ഏതുതരം വീഞ്ഞാണ്‌ സ്‌മാരകാചരണത്തിന്‌ അനുയോജ്യം, എന്തുകൊണ്ട്‌?

16 പാനപാത്രത്തിനുള്ളിലെ ദ്രാവകം യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തെ അർഥമാക്കുന്നതിനാൽ ചുവന്ന വീഞ്ഞിനു മാത്രമേ അതിനെ ഉചിതമായി പ്രതീകപ്പെടുത്താൻ കഴിയൂ. യേശുതന്നെ ഇങ്ങനെ പറഞ്ഞു: “ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.” കൂടാതെ അപ്പൊസ്‌തലനായ പത്രൊസ്‌ പിൻവരുംവിധം എഴുതി: “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്‌തുക്കളെക്കൊണ്ടല്ല, ക്രിസ്‌തു എന്ന നിർദ്ദോഷവും നിഷ്‌കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ [അഭിഷിക്ത ക്രിസ്‌ത്യാനികൾ] അറിയുന്നുവല്ലോ.” —1 പത്രൊസ്‌ 1:18, 19.

17 സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ യേശു ചുവന്ന വീഞ്ഞാണ്‌ ഉപയോഗിച്ചത്‌ എന്നതിനു സംശയമില്ല. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന ചില ചുവന്ന വീഞ്ഞുകളിൽ സ്‌പിരിറ്റോ ബ്രാൻഡിയോ അല്ലെങ്കിൽ ഔഷധിയോ സുഗന്ധവ്യഞ്‌ജനങ്ങളോ ചേർത്തിട്ടുള്ളതിനാൽ അവ ഉപയോഗിക്കാനാവില്ല. മറുവില പ്രദാനം ചെയ്യാൻ യേശുവിന്റെ രക്തം മാത്രം മതിയായിരുന്നു, അതിനോട്‌ മറ്റൊന്നും ചേർക്കേണ്ടതില്ലായിരുന്നു. അതുകൊണ്ട്‌, പോർട്ട്‌, ഷെറി, വെർമോത്ത്‌ തുടങ്ങിയ വീഞ്ഞുകൾ അനുയോജ്യമായിരിക്കില്ല. മധുരം ചേർക്കാത്ത, കലർപ്പില്ലാത്ത ചുവന്ന വീഞ്ഞായിരിക്കണം സ്‌മാരകത്തിന്‌ ഉപയോഗിക്കേണ്ടത്‌. വീട്ടിൽ ഉണ്ടാക്കുന്ന മധുരം ചേർക്കാത്ത ചുവന്ന വീഞ്ഞോ റെഡ്‌ ബർഗണ്ടി, ക്ലാരറ്റ്‌ തുടങ്ങിയ വീഞ്ഞുകളോ ഉപയോഗിക്കാം.

18. സ്‌മാരകത്തിന്‌ ഉപയോഗിച്ച അപ്പത്തിനോടും വീഞ്ഞിനോടുമുള്ള ബന്ധത്തിൽ യേശു അത്ഭുതം പ്രവർത്തിച്ചില്ലെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

18 സ്‌മാരകം ഏർപ്പെടുത്തിയ വേളയിൽ ചിഹ്നങ്ങളെ തന്റെ അക്ഷരീയ രക്തവും മാംസവുമാക്കി മാറ്റിക്കൊണ്ട്‌ യേശു അത്ഭുതം പ്രവർത്തിച്ചില്ല. മനുഷ്യന്റെ മാംസം ഭക്ഷിക്കുന്നതും രക്തം കുടിക്കുന്നതും നരഭോജനവും ദൈവനിയമത്തിന്റെ ലംഘനവും ആയിരിക്കുമായിരുന്നു. (ഉല്‌പത്തി 9:3, 4; ലേവ്യപുസ്‌തകം 17:10) യേശു അപ്പോഴും തന്റെ ജഡിക ശരീരത്തിൽ ആയിരുന്നു, അവന്റെ രക്തം മുഴുവൻ അവന്റെ ശരീരത്തിൽത്തന്നെ ഉണ്ടായിരുന്നു. അവന്റെ ശരീരം ഒരു പൂർണബലിയായി അർപ്പിക്കപ്പെട്ടതും രക്തം ചൊരിയപ്പെട്ടതും അതേ യഹൂദ ദിവസമായ നീസാൻ 14-ലെ ഉച്ചകഴിഞ്ഞ സമയത്താണ്‌. അക്കാരണത്താൽ, സ്‌മാരകവേളയിൽ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും ക്രിസ്‌തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങൾ മാത്രമാണ്‌. *

സ്‌മാരകം ​—⁠ഒരു സഹഭോജനം

19. കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുമ്പോൾ ഒന്നിലധികം ഗ്ലാസ്സും പാത്രവും ഉപയോഗിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌?

19 സ്‌മാരകം ഏർപ്പെടുത്തിയ അവസരത്തിൽ, പൊതുവായ ഒരു പാനപാത്രത്തിൽനിന്നു കുടിക്കാൻ യേശു തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരെ ക്ഷണിച്ചു. മത്തായിയുടെ സുവിശേഷം ഇങ്ങനെ രേഖപ്പെടുത്തുന്നു: “പിന്നെ [യേശു] പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. . . എന്നു പറഞ്ഞു.” (മത്തായി 26:27) ഒന്നിലധികം പാനപാത്രങ്ങൾക്ക്‌ പകരം ഒരു “പാനപാത്രം” മാത്രം ഉപയോഗിക്കുന്നത്‌ ഒരു പ്രശ്‌നമായിരുന്നില്ല. കാരണം, ആ വേളയിൽ 11 പേർ മാത്രമേ അതിൽ പങ്കുപറ്റാൻ ഉണ്ടായിരുന്നുള്ളൂ, ഒരു മേശയിങ്കലായിരുന്നു അവർ ഇരുന്നതും. അതുകൊണ്ടുതന്നെ പാനപാത്രം എളുപ്പത്തിൽ കൈമാറാനും കഴിയുമായിരുന്നു. ഈ വർഷം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനായി യഹോവയുടെ സാക്ഷികളുടെ 94,000-ത്തിലധികം സഭകളിൽ ദശലക്ഷങ്ങൾ കൂടിവരും. ഈ ആചരണത്തിനായി ഒരേ രാത്രിയിൽ ഇത്രയധികം ആളുകൾ കൂടിവരുന്നതിനാൽ, എല്ലാവർക്കുമായി ഒരു പാനപാത്രം ഉപയോഗിക്കുക എന്നത്‌ പ്രായോഗികമല്ല. എങ്കിലും, ഉൾപ്പെട്ടിരിക്കുന്ന തത്ത്വം നിലനിറുത്തിക്കൊണ്ട്‌ ചില വലിയ സഭകൾ, ന്യായമായ സമയത്തിനുള്ളിൽ, സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും കൈകളിലൂടെ ചിഹ്നങ്ങൾ കടന്നുപോകുന്നതിനായി ഒന്നിലധികം പാനപാത്രങ്ങൾ അഥവാ ഗ്ലാസ്സുകൾ ഉപയോഗിക്കുന്നു. അതുപോലെ, അപ്പത്തിനായി ഒന്നിലധികം പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. പാനപാത്രം പ്രത്യേക രൂപത്തിലുള്ളതായിരിക്കണമെന്ന്‌ തിരുവെഴുത്തുകളിൽ സൂചനയൊന്നുമില്ല. എന്നിരുന്നാലും, ഗ്ലാസ്സും പാത്രവും ആ സന്ദർഭത്തിന്റെ മാന്യതയ്‌ക്ക്‌ ചേരുന്നതായിരിക്കണം. ഗ്ലാസ്സിൽ വീഞ്ഞ്‌ അധികമായാൽ കൈമാറുന്നതിനിടയിൽ തുളുമ്പിപ്പോകാൻ സാധ്യതയുണ്ട്‌.

20, 21. സ്‌മാരകം ഒരു സഹഭോജനം ആണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

20 അപ്പവും വീഞ്ഞും ഒന്നിലധികം പാത്രങ്ങളിൽ ഉപയോഗിക്കാമെങ്കിലും, സ്‌മാരകം ഒരു സഹഭോജനം ആണ്‌. പുരാതന ഇസ്രായേലിൽ, ഒരുവന്‌ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലേക്ക്‌ ഒരു മൃഗത്തെ കൊണ്ടുവന്ന്‌ അറുത്തുകൊണ്ട്‌ സഹഭോജനത്തിനുള്ള അവസരം ഒരുക്കാമായിരുന്നു. മൃഗത്തിന്റെ ഒരു ഭാഗം യാഗപീഠത്തിൽ ദഹിപ്പിച്ചിരുന്നു, മറ്റൊരു ഭാഗം സേവനം അനുഷ്‌ഠിക്കുന്ന പുരോഹിതനുള്ളതായിരുന്നു, വേറൊരു ഭാഗം അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കുള്ളതായിരുന്നു, കൂടാതെ ഈ ഭക്ഷണം പ്രദാനം ചെയ്‌ത വ്യക്തിയും കുടുംബവും അതിൽ പങ്കുപറ്റിയിരുന്നു. (ലേവ്യപുസ്‌തകം 3:1-16; 7:28-36) * ഒരുമിച്ചുള്ള പങ്കുപറ്റൽ ഉൾപ്പെടുന്നതിനാൽ സ്‌മാരകവും ഒരു സഹഭോജനം ആണ്‌.

21 സഹഭോജനം എന്ന ഈ ക്രമീകരണം ഏർപ്പെടുത്തിയവൻ എന്ന നിലയിൽ യഹോവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. യാഗവസ്‌തു യേശുവാണ്‌, കൂട്ടുപങ്കാളികൾ എന്ന നിലയിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നു. യഹോവയുടെ മേശയിങ്കൽ ഭക്ഷിക്കുന്നുവെന്നത്‌ പങ്കാളികൾ അവനുമായി സമാധാനത്തിലാണെന്ന്‌ അർഥമാക്കുന്നു. അതിൻപ്രകാരം പൗലൊസ്‌ എഴുതി: “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്‌തുവിന്റെ രക്തത്തിന്റെ കൂട്ടായ്‌മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്‌തുവിന്റെ ശരീരത്തിന്റെ കൂട്ടായ്‌മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.”​—⁠1 കൊരിന്ത്യർ 10:16, 17.

22. സ്‌മാരകത്തോടുള്ള ബന്ധത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കാനുണ്ട്‌?

22 കർത്താവിന്റെ സന്ധ്യാഭക്ഷണമാണ്‌ യഹോവയുടെ സാക്ഷികളുടെ ഏക വാർഷിക മതാചരണം. “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ” എന്നു യേശു കൽപ്പിച്ചിരിക്കുന്നതിനാൽ അത്‌ ഉചിതവുമാണ്‌. യേശുവിന്റെ മരണത്തെ, അതായത്‌ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ച ഒരു മരണത്തെ, ആണ്‌ സ്‌മാരകവേളയിൽ നാം ഓർമിക്കുന്നത്‌. നാം കണ്ടുകഴിഞ്ഞതുപോലെ, ഈ സഹഭോജനത്തിൽ അപ്പം യേശുവിന്റെ ബലിചെയ്യപ്പെട്ട മനുഷ്യശരീരത്തെയും വീഞ്ഞ്‌ അവന്റെ ചൊരിയപ്പെട്ട രക്തത്തെയുമാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. എങ്കിലും പ്രതീകമായി ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളിൽ വളരെ കുറച്ചു പേർമാത്രമേ പങ്കുപറ്റുന്നുള്ളൂ. എന്തുകൊണ്ടാണത്‌? അതിൽ പങ്കുപറ്റാത്തവരായ ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം സ്‌മാരകാചരണത്തിന്‌ പ്രാധാന്യമുണ്ടോ? യഥാർഥത്തിൽ, കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കണം?

[അടിക്കുറിപ്പ്‌]

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 2, പേജ്‌ 271 കാണുക.

^ ഖ. 20 മൂല എബ്രായ ഭാഷയിലെ “സഹയാഗം” എന്ന പദം സത്യവേദ പുസ്‌തകത്തിൽ “സമാധാനയാഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.

നിങ്ങളുടെ ഉത്തരമെന്ത്‌?

• യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയത്‌ എന്തുകൊണ്ട്‌?

• സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണം?

• പുളിപ്പില്ലാത്ത സ്‌മാരക അപ്പത്തിന്റെ പ്രാധാന്യമെന്ത്‌?

• സ്‌മാരക വീഞ്ഞ്‌ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

[അധ്യയന ചോദ്യങ്ങൾ]

[15 -ാം പേജിലെ ചിത്രം]

യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തി