വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു?

കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു?

കർത്താവിന്റെ സന്ധ്യാഭക്ഷണം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു?

“അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുററക്കാരൻ ആകും.”​—⁠1 കൊരിന്ത്യർ 11:27.

1. രണ്ടായിരത്തിമൂന്നിലെ അതിപ്രധാനമായ സംഭവം ഏതായിരിക്കും, അതിന്റെ ഉത്ഭവം എങ്ങനെയായിരുന്നു?

രണ്ടായിരത്തിമൂന്നിലെ അതിപ്രധാനമായ സംഭവം ഏപ്രിൽ 16 സൂര്യാസ്‌തമയശേഷം നടക്കാനിരിക്കുകയാണ്‌. യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനായി യഹോവയുടെ സാക്ഷികൾ അന്ന്‌ ഒരുമിച്ചുകൂടും. മുൻലേഖനം പ്രകടമാക്കിയതുപോലെ, യേശുവും അവന്റെ അപ്പൊസ്‌തലന്മാരും പൊ.യു. 33 നീസാൻ 14-ലെ പെസഹാ ആഘോഷിച്ച ശേഷമാണ്‌ കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നും വിളിക്കപ്പെടുന്ന ഈ ആചരണം യേശു ഏർപ്പെടുത്തിയത്‌. സ്‌മാരക ചിഹ്നങ്ങളായ പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും യേശുവിന്റെ പാപരഹിതമായ ശരീരത്തെയും അവന്റെ ചൊരിയപ്പെട്ട രക്തത്തെയും പ്രതീകപ്പെടുത്തുന്നു. പാരമ്പര്യസിദ്ധമായ പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ കഴിയുന്ന ഏക ബലി അതുമാത്രമാണ്‌.​—⁠റോമർ 5:12; 6:23.

2. 1 കൊരിന്ത്യർ 11:​27-ൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പ്‌ ഏത്‌?

2 സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവർ അത്‌ ഉചിതമായി ചെയ്യേണ്ടതാണ്‌. കർത്താവിന്റെ സന്ധ്യാഭക്ഷണം യോഗ്യമല്ലാത്ത വിധത്തിൽ ആചരിച്ചുകൊണ്ടിരുന്ന പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ ആ സംഗതി വ്യക്തമാക്കി. (1 കൊരിന്ത്യർ 11:20-22) അവൻ ഇങ്ങനെ എഴുതി: “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുററക്കാരൻ ആകും.” (1 കൊരിന്ത്യർ 11:27) ആ വാക്കുകളുടെ പ്രസക്തി എന്താണ്‌?

ചിലർ അത്‌ അനുചിതമായി ആചരിച്ചു

3. കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്ന വേളയിൽ കൊരിന്തിലെ ക്രിസ്‌ത്യാനികളിൽ പലരും പെരുമാറിയത്‌ എങ്ങനെ?

3 കൊരിന്തിലെ അനേകം ക്രിസ്‌ത്യാനികൾ സ്‌മാരകത്തിൽ അയോഗ്യമായി പങ്കെടുത്തു. അവർക്കിടയിൽ കക്ഷിപിരിവ്‌ ഉണ്ടായിരുന്നു, മാത്രമല്ല കുറച്ചുകാലത്തേക്കെങ്കിലും ചിലർ അത്താഴം കൊണ്ടുവന്ന്‌ യോഗത്തിനു മുമ്പോ യോഗസമയത്തോ ഭക്ഷിച്ചിരുന്നു. അമിതമായ തീറ്റിയും കുടിയും മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരുന്നു. മാനസികമായോ ആത്മീയമായോ അവർ ജാഗരൂകരല്ലായിരുന്നു. ഇതു നിമിത്തം അവർ ‘കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുററക്കാരായി.’ അത്താഴം കഴിക്കാതെ വന്നവർക്കാകട്ടെ വിശക്കുകയും അവരുടെ ശ്രദ്ധ പതറുകയും ചെയ്‌തു. അതേ, സംഭവത്തിന്റെ പ്രാധാന്യം പൂർണമായും മനസ്സിലാക്കാതെ അനാദരവോടെയാണ്‌ പലരും അതിൽ പങ്കെടുത്തത്‌. അവർ തങ്ങളുടെമേൽ ന്യായവിധി വരുത്തിവെച്ചതിൽ അതിശയിക്കാനില്ല.​—⁠1 കൊരിന്ത്യർ 11:27-34.

4, 5. സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവർ ആത്മപരിശോധന നടത്തേണ്ടത്‌ അത്യാവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 ഓരോ വർഷവും സ്‌മാരകം അടുത്തുവരുമ്പോൾ, ചിഹ്നങ്ങളിൽ പങ്കെടുക്കാറുള്ളവർ ആത്മപരിശോധന നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആത്മീയമായി ആരോഗ്യമുള്ള ഒരു അവസ്ഥയിൽ ആണെങ്കിൽ മാത്രമേ അവർക്ക്‌ ഈ സഹഭോജനത്തിൽ ഉചിതമായി പങ്കുപറ്റാനാകുകയുള്ളൂ. യേശുവിന്റെ ബലിയോട്‌ അനാദരവോ അവജ്ഞയോ കാണിക്കുന്ന ഏതൊരുവനും ദൈവജനത്തിന്റെ ഇടയിൽനിന്ന്‌ ‘ഛേദിക്കപ്പെടും,’ അശുദ്ധമായ അവസ്ഥയിൽ സഹഭോജനത്തിൽ പങ്കെടുക്കുന്ന ഒരു ഇസ്രായേല്യന്‌ സംഭവിച്ചിരുന്നത്‌ അതായിരുന്നു.​—⁠ലേവ്യപുസ്‌തകം 7:20; എബ്രായർ 10:28-31.

5 സ്‌മാരകത്തെ പുരാതന ഇസ്രായേലിലെ സഹഭോജനവുമായി പൗലൊസ്‌ താരതമ്യപ്പെടുത്തി. ക്രിസ്‌തുവിൽ ഒരുമിച്ച്‌ പങ്കാളികളാകുന്നവരെ കുറിച്ച്‌ സംസാരിച്ചശേഷം അവൻ പറഞ്ഞു: “നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.” (1 കൊരിന്ത്യർ 10:16-21) ചിഹ്നങ്ങളിൽ പതിവായി പങ്കുപറ്റുന്ന ഒരാൾ ഗുരുതരമായ പാപം ചെയ്‌താൽ, ആ വ്യക്തി അത്‌ യഹോവയോട്‌ ഏറ്റുപറയുകയും സഭയിലെ പ്രായമേറിയ പുരുഷന്മാരിൽനിന്ന്‌ ആത്മീയ സഹായം തേടുകയും വേണം. (സദൃശവാക്യങ്ങൾ 28:13; യാക്കോബ്‌ 5:13-16) അയാൾ യഥാർഥമായി അനുതപിക്കുകയും അതിനു ചേർച്ചയിലുള്ള ഫലം ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ അയോഗ്യമായിട്ടായിരിക്കില്ല ചിഹ്നങ്ങളിൽ പങ്കുപറ്റുന്നത്‌.

ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ സന്നിഹിതരാകൽ

6. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ പങ്കുപറ്റാനുള്ള പദവി ദൈവം ആർക്കായി നീക്കിവെച്ചിരിക്കുന്നു?

6 യേശുവിന്റെ സഹോദരന്മാരായ 1,44,000 പേരിൽ ശേഷിക്കുന്നവർക്ക്‌ ഇപ്പോൾ നന്മ ചെയ്യുന്നവർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ പങ്കുപറ്റണമോ? (മത്തായി 25:31-40; വെളിപ്പാടു 14:1) വേണ്ട. ‘ക്രിസ്‌തുവിനു കൂട്ടവകാശികൾ’ ആകാനായി ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്‌തിരിക്കുന്നവർക്കുവേണ്ടി അവൻ ആ പദവി നീക്കിവെച്ചിരിക്കുകയാണ്‌. (റോമർ 8:14-18; 1 യോഹന്നാൻ 2:20) ആ സ്ഥിതിക്ക്‌, രാജ്യഭരണത്തിൻ കീഴിലെ ആഗോള പറുദീസയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവരുടെ സ്ഥാനം എന്താണ്‌? (ലൂക്കൊസ്‌ 23:43; വെളിപ്പാടു 21:3-5) യേശുവിന്റെ, സ്വർഗീയ പ്രത്യാശയുള്ള കൂട്ടവകാശികൾ അല്ലാത്തതിനാൽ അവർ സ്‌മാരകവേളയിൽ ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ സന്നിഹിതരാകുന്നു.​—⁠റോമർ 6:3-5.

7. തങ്ങൾ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടതാണെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ മനസ്സിലാക്കിയത്‌ എങ്ങനെ?

7 ഒന്നാം നൂറ്റാണ്ടിലെ സത്യക്രിസ്‌ത്യാനികൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ ആയിരുന്നു. അവരിൽ അനേകർക്കും അന്യഭാഷ ഉൾപ്പെടെ, ആത്മാവിന്റെ ഒന്നിലധികം അത്ഭുതവരങ്ങൾ ഉണ്ടായിരുന്നു. അക്കാരണത്താൽ, അവർക്ക്‌ തങ്ങൾ ആത്മാഭിഷിക്തർ ആണെന്നും സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടവരാണെന്നും അറിയാൻ ബുദ്ധിമുട്ടില്ലായിരുന്നു. എന്നിരുന്നാലും ഇക്കാലത്ത്‌ ഒരു വ്യക്തി ആത്മാഭിഷിക്തൻ ആണോ എന്നത്‌ പിൻവരുന്നവ പോലുള്ള നിശ്വസ്‌ത വചനങ്ങളുടെ അടിസ്ഥാനത്തിൽ നിർണയിക്കാനാകും: “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.”​—⁠റോമർ 8:14, 15.

8. മത്തായി 13-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ‘കോതമ്പ്‌,’ “കള” എന്നിവ ആരെ പ്രതിനിധാനം ചെയ്യുന്നു?

8 ആദിമ ക്രിസ്‌തീയ സഭയുടെ കാലം മുതൽ, ‘കളകൾ’ അഥവാ വ്യാജക്രിസ്‌ത്യാനികൾ നിറഞ്ഞ ഒരു വയലിൽ യഥാർഥ അഭിഷിക്തർ ‘കോതമ്പു’പോലെ വളർന്നു. (മത്തായി 13:24-30, 36-43) 1870-കൾ മുതൽ ഈ ‘കോതമ്പ്‌’ കൂടുതൽ വ്യക്തമായിത്തീർന്നു. കുറേ വർഷങ്ങൾക്കു ശേഷം, അഭിഷിക്തരായ ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ ഈ നിർദേശം ലഭിച്ചു: “മൂപ്പന്മാർ . . . [സ്‌മാരകത്തിനായി] കൂടിവരുന്നവർക്ക്‌ മുമ്പാകെ ഈ വ്യവസ്ഥകൾ വെക്കണം,​—⁠(1) [ക്രിസ്‌തുവിന്റെ] രക്തത്തിലുള്ള വിശ്വാസം; (2) കർത്താവിനോടും അവന്റെ സേവനത്തോടും മരണപര്യന്തമുള്ള അർപ്പണം. അപ്രകാരം വിശ്വസിക്കുകയും സമർപ്പിക്കുകയും ചെയ്‌തിരിക്കുന്ന സകലരെയും അവർ കർത്താവിന്റെ മരണം ആചരിക്കുന്നതിൽ പങ്കുചേരാൻ ക്ഷണിക്കണം.”​—⁠വേദാധ്യയന പത്രിക, വാല്യം 6, പുതുസൃഷ്ടി (ഇംഗ്ലീഷ്‌), പേജ്‌ 473. *

‘വേറെ ആടുകൾ’ക്കുവേണ്ടി തിരയുന്നു

9. “മഹാപുരുഷാരം” ആരാണെന്ന്‌ 1935-ൽ വ്യക്തമാക്കപ്പെട്ടത്‌ എങ്ങനെ, സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിക്കൊണ്ടിരുന്ന ചിലരെ അത്‌ എങ്ങനെ ബാധിച്ചു?

9 കാലക്രമത്തിൽ, ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ അല്ലാത്തവരിലും യഹോവയുടെ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. ഇതുമായി ബന്ധപ്പെട്ട്‌, 1930-കളുടെ മധ്യത്തിൽ ശ്രദ്ധേയമായ ഒരു സംഭവവികാസം ഉണ്ടായി. അതിനുമുമ്പ്‌, ക്രിസ്‌തുവിന്റെ മണവാട്ടിയുടെ തോഴിമാരെപ്പോലെ അല്ലെങ്കിൽ സഹകാരികളെപ്പോലെ, പുനരുത്ഥാനം പ്രാപിച്ച 1,44,000 പേരോടൊത്ത്‌ സ്വർഗത്തിൽ സഹവസിക്കാൻ പോകുന്ന ഒരു ആത്മീയ ഉപവർഗമായാണ്‌ വെളിപ്പാടു 7:​9-ലെ “മഹാപുരുഷാര”ത്തെ ദൈവജനം വീക്ഷിച്ചിരുന്നത്‌. (സങ്കീർത്തനം 45:14, 15; വെളിപ്പാടു 7:4; 21:2, 9) എന്നാൽ, 1935 മേയ്‌ 31-ന്‌ യു.എ⁠സ്‌.എ.-യിലെ വാഷിങ്‌ടൺ ഡി.സി.-യിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിലെ ഒരു പ്രസംഗത്തിൽ, “മഹാപുരുഷാരം” അന്ത്യകാലത്ത്‌ ജീവിച്ചിരിക്കുന്ന ‘വേറെ ആടുകളെ’യാണ്‌ പരാമർശിക്കുന്നതെന്നു തിരുവെഴുത്തുപരമായി വിശദീകരിക്കപ്പെട്ടു. (യോഹന്നാൻ 10:16) കൺവെൻഷനു ശേഷം, മുമ്പ്‌ സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റിക്കൊണ്ടിരുന്ന ചിലർ അതു നിറുത്തി. കാരണം, തങ്ങൾക്കു സ്വർഗീയ പ്രത്യാശയല്ല മറിച്ച്‌, ഭൗമിക പ്രത്യാശയാണ്‌ ഉള്ളതെന്ന്‌ അവർ തിരിച്ചറിഞ്ഞു.

10. ഇക്കാലത്തെ ‘വേറെ ആടുകളുടെ’ പ്രത്യാശയെയും ഉത്തരവാദിത്വങ്ങളെയും നിങ്ങൾ എങ്ങനെ വിശദീകരിക്കും?

10 മറുവിലയിൽ വിശ്വാസമർപ്പിക്കുകയും തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും രാജ്യപ്രസംഗവേലയിൽ “ചെറിയ ആട്ടിൻകൂട്ട”ത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന ‘വേറെ ആടുകളുടെ’ ഭാഗമായിത്തീരുന്ന വ്യക്തികൾക്കുവേണ്ടിയുള്ള തിരച്ചിൽ പ്രത്യേകിച്ച്‌ 1935 മുതൽ ആരംഭിച്ചു. (ലൂക്കൊസ്‌ 12:32) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്ന ഈ വേറെ ആടുകൾ, ഭൗമിക പ്രത്യാശയുടെ കാര്യത്തിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും രാജ്യാവകാശികളുടെ ഇക്കാലത്തെ ശേഷിപ്പിനോടു സമാനരാണ്‌. യഹോവയെ ആരാധിക്കുകയും അവന്റെ നിയമങ്ങൾക്കു കീഴ്‌പെടുകയും ചെയ്‌തിരുന്ന പുരാതന ഇസ്രായേലിലെ പരദേശികളെപ്പോലെ, ഇന്നത്തെ വേറെ ആടുകൾ ആത്മീയ ഇസ്രായേലിന്റെ അംഗങ്ങളോടൊത്ത്‌ സുവാർത്ത പ്രസംഗിക്കുന്നതുപോലുള്ള ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നു. (ഗലാത്യർ 6:16) പരദേശികളിൽ ആർക്കും ഇസ്രായേലിൽ രാജാവോ ഒരു പുരോഹിതനോ ആകാൻ കഴിയുമായിരുന്നില്ല. സമാനമായി, ഈ വേറെ ആടുകൾക്കു സ്വർഗരാജ്യത്തിലെ ഭരണകർത്താക്കളാകാനോ പുരോഹിതരായി സേവിക്കാനോ സാധിക്കുകയില്ല.​—⁠ആവർത്തനപുസ്‌തകം 17:15.

11. തന്റെ പ്രത്യാശ ഏതെന്നു തീരുമാനിക്കുന്നതിൽ ഒരുവന്റെ സ്‌നാപന തീയതി പങ്കുവഹിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌?

11 അങ്ങനെ, 1930-കളോടെ സ്വർഗീയ വർഗത്തിന്റെ തിരഞ്ഞെടുപ്പ്‌ ഏതാണ്ട്‌ പൂർത്തിയായെന്നു വ്യക്തമായി. ഇപ്പോൾ ദശാബ്ദങ്ങളായി ഭൗമിക പ്രത്യാശയുള്ള വേറെ ആടുകൾക്കുവേണ്ടിയാണ്‌ തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്‌. അഭിഷിക്തനായ ഒരു വ്യക്തി അവിശ്വസ്‌തനായിത്തീർന്നാൽ, 1,44,000-ൽ ഉണ്ടായ ആ കുറവ്‌ നികത്താൻ ഒരുപക്ഷേ ദീർഘകാലമായി ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്ന വേറെ ആടുകളിൽപ്പെട്ട ഒരംഗത്തെ ആയിരിക്കാം വിളിക്കുന്നത്‌.

സ്വർഗീയ പ്രത്യാശയുണ്ടെന്ന തെറ്റിദ്ധാരണകൾക്കു കാരണം

12. ഏതു സാഹചര്യങ്ങളിൽ കീഴിൽ ഒരു വ്യക്തി സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിറുത്തണം, എന്തുകൊണ്ട്‌?

12 തങ്ങൾക്ക്‌ സ്വർഗീയ വിളിയുണ്ടെന്ന കാര്യത്തിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ യാതൊരു സംശയവുമില്ല. എന്നാൽ ഈ വിളിയില്ലാത്ത ചിലർ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നുണ്ടെങ്കിലോ? തങ്ങൾ സ്വർഗീയ പ്രത്യാശയുള്ളവരല്ലെന്ന്‌ ഇപ്പോൾ തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിറുത്താൻ തീർച്ചയായും മനസ്സാക്ഷി അവരെ പ്രേരിപ്പിക്കും. സ്വർഗീയ രാജാവും പുരോഹിതനും ആയിരിക്കാനുള്ള വിളി തനിക്ക്‌ വാസ്‌തവത്തിൽ ഇല്ലെന്ന്‌ അറിഞ്ഞിട്ടും അത്‌ ഉള്ളതായി അവകാശപ്പെടുന്ന ആർക്കും ദൈവപ്രീതി ഉണ്ടായിരിക്കുകയില്ല. (റോമർ 9:16; വെളിപ്പാടു 20:6) ധിക്കാരപൂർവം അഹരോന്യ പൗരോഹിത്യം കാംക്ഷിച്ചതു നിമിത്തം ലേവ്യനായ കോരഹിനെ യഹോവ വധിച്ചു. (പുറപ്പാടു 28:1; സംഖ്യാപുസ്‌തകം 16:4-11, 31-35) അജ്ഞത നിമിത്തമാണ്‌ താൻ സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്നതെന്ന്‌ ഒരു ക്രിസ്‌ത്യാനി തിരിച്ചറിയുന്നെങ്കിൽ അയാൾ അതു നിറുത്തുകയും താഴ്‌മയോടെ യഹോവയുടെ ക്ഷമയ്‌ക്കായി യാചിക്കുകയും വേണം.​—⁠സങ്കീർത്തനം 19:13.

13, 14. തങ്ങൾക്ക്‌ സ്വർഗീയ വിളിയുണ്ടെന്നു ചിലർ തെറ്റായി ഊഹിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌?

13 തങ്ങൾക്ക്‌ സ്വർഗീയ വിളിയുണ്ടെന്ന്‌ ചിലർ തെറ്റായി ഊഹിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌? ഇണയുടെ മരണമോ മറ്റേതെങ്കിലും ദുരന്തമോ നിമിത്തം അവർക്ക്‌ ഭൗമിക ജീവിതത്തിലുള്ള താത്‌പര്യം നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കിൽ അഭിഷിക്ത ക്രിസ്‌ത്യാനിയാണെന്ന്‌ അവകാശപ്പെടുന്ന ഒരു ഉറ്റ സുഹൃത്തിന്റെ അതേ പ്രത്യാശ ഉണ്ടായിരിക്കാൻ അയാൾ ആഗ്രഹിച്ചേക്കാം. എന്നാൽ, ഈ പദവി നിയമിച്ചുകൊടുക്കാൻ ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുപോലെ, ദൈവം ഒരു വ്യക്തിയെ രാജ്യാവകാശിയായി അഭിഷേകം ചെയ്യുന്നത്‌ ആ പദവിയെ സ്ഥിരീകരിക്കുന്ന എന്തെങ്കിലും സന്ദേശങ്ങൾ കേൾപ്പിച്ചുകൊണ്ടുമല്ല.

14 എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്ന വ്യാജമത ഉപദേശം, തങ്ങൾക്ക്‌ സ്വർഗീയ വിളിയുണ്ടെന്ന്‌ ചിലർ വിചാരിക്കാൻ ഇടയാക്കിയേക്കാം. അതുകൊണ്ട്‌, കഴിഞ്ഞ കാലത്തെ തെറ്റായ വീക്ഷണങ്ങളാലോ മറ്റു ഘടകങ്ങളാലോ സ്വാധീനിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. ഉദാഹരണമായി, ചിലർ തങ്ങളോടുതന്നെ ഇങ്ങനെ ചോദിച്ചേക്കാം: ‘വികാരങ്ങളെ ബാധിക്കുന്ന ഏതെങ്കിലും മരുന്നുകൾ ഞാൻ ഉപയോഗിക്കുന്നുണ്ടോ? വികാരത്തിന്റെ പുറത്ത്‌ തെറ്റായ നിഗമനത്തിലെത്തുന്ന പ്രവണത എനിക്കുണ്ടോ?’

15, 16. തങ്ങൾ അഭിഷിക്തരാണെന്ന്‌ ചിലർ തെറ്റായി നിഗമനം ചെയ്‌തേക്കാവുന്നത്‌ എന്തുകൊണ്ട്‌?

15 ചില വ്യക്തികൾ സ്വയം ഇങ്ങനെ ചോദിച്ചേക്കാം: ‘പ്രാമുഖ്യത ലഭിക്കാനുള്ള ആഗ്രഹം എനിക്കുണ്ടോ? ഇപ്പോഴോ ക്രിസ്‌തുവിന്റെ ഒരു ഭാവി കൂട്ടവകാശി എന്ന നിലയിലോ അധികാരത്തിനുവേണ്ടി ഞാൻ കാംക്ഷിക്കുന്നുണ്ടോ?’ ഒന്നാം നൂറ്റാണ്ടിൽ രാജ്യാവകാശികൾ വിളിക്കപ്പെട്ടപ്പോൾ, അവരിൽ എല്ലാവരും സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്നവർ അല്ലായിരുന്നു. സ്വർഗീയ വിളിയുള്ളവർ പ്രാമുഖ്യത തേടുകയോ അഭിഷിക്തരായതിനെ പ്രതി പൊങ്ങച്ചം പറയുകയോ ചെയ്യുന്നില്ല. ‘ക്രിസ്‌തുവിന്റെ മനസ്സുള്ളവരി’ൽനിന്നു പ്രതീക്ഷിക്കുന്ന താഴ്‌മ അവർ പ്രകടമാക്കുന്നു.​—⁠1 കൊരിന്ത്യർ 2:16.

16 നല്ല ബൈബിൾ പരിജ്ഞാനമുള്ളതിനാൽ ചിലർ തങ്ങൾക്ക്‌ സ്വർഗീയ വിളിയുണ്ടെന്ന നിഗമനത്തിൽ എത്തിയിട്ടുണ്ടാകാം. എന്നാൽ ആത്മാഭിഷേകം അസാധാരണമായ ഗ്രാഹ്യമൊന്നും നേടിത്തരുന്നില്ല, എന്തെന്നാൽ പൗലൊസിന്‌ ചില അഭിഷിക്തരെ പഠിപ്പിക്കുകയും ബുദ്ധിയുപദേശിക്കുകയും ചെയ്യേണ്ടിവന്നു. (1 കൊരിന്ത്യർ 3:1-3; എബ്രായർ 5:11-14) തന്റെ ജനത്തിൽപ്പെട്ട സകലർക്കും ആത്മീയ ഭക്ഷണം നൽകാൻ ദൈവത്തിന്‌ ഒരു ക്രമീകരണമുണ്ട്‌. (മത്തായി 24:45-47) അതുകൊണ്ട്‌, ഒരു അഭിഷിക്ത ക്രിസ്‌ത്യാനിയാണെങ്കിൽ ഭൗമിക പ്രത്യാശയുള്ളവരെക്കാൾ ശ്രേഷ്‌ഠമായ ജ്ഞാനം ലഭിക്കുമെന്ന്‌ ആരും ചിന്തിക്കരുത്‌. തിരുവെഴുത്തു ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിലോ സാക്ഷീകരിക്കുന്നതിലോ ബൈബിൾ പ്രസംഗങ്ങൾ നടത്തുന്നതിലോ ഉള്ള വൈദഗ്‌ധ്യം ആത്മാഭിഷേകത്തിന്റെ സൂചനയല്ല. ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികളിൽ ചിലർക്കും അത്തരം കാര്യങ്ങളിൽ നല്ല കഴിവുണ്ട്‌.

17. ആത്മാഭിഷേകം എന്തിനെ, ആരെ ആശ്രയിച്ചിരിക്കുന്നു?

17 സ്വർഗീയ വിളിയെ കുറിച്ച്‌ ഒരു സഹവിശ്വാസി ചോദിക്കുന്നെങ്കിൽ, ഒരു മൂപ്പനോ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിക്കോ അക്കാര്യം ആ വ്യക്തിയുമായി ചർച്ച ചെയ്യാവുന്നതാണ്‌. എന്നിരുന്നാലും, മറ്റൊരാൾക്കുവേണ്ടി ഈ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്കാവില്ല. യഥാർഥത്തിൽ ആ വിളിയുള്ള ഒരു വ്യക്തിക്ക്‌, തനിക്ക്‌ അത്തരമൊരു പ്രത്യാശയുണ്ടോ എന്നു മറ്റുള്ളവരോടു ചോദിക്കേണ്ട ആവശ്യമില്ല. അഭിഷിക്തർ “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്‌ക്കുന്നതുമായ ദൈവവചനത്താൽ . . . വീണ്ടും ജനിച്ചിരിക്കുന്നു.” (1 പത്രൊസ്‌ 1:23) ഒരു വ്യക്തിയെ സ്വർഗീയ പ്രത്യാശയുള്ള ഒരു “പുതിയ സൃഷ്ടി” ആക്കിത്തീർക്കുന്ന ‘ബീജം’ ദൈവം തന്റെ വചനത്താലും ആത്മാവിനാലും അയാളിൽ നടുന്നു. (2 കൊരിന്ത്യർ 5:17) തിരഞ്ഞെടുപ്പ്‌ നടത്തുന്നതു യഹോവയാണ്‌. അഭിഷേകം ചെയ്യൽ, ‘ഇച്ഛിക്കുന്നവനെയും ഓടുന്നവനെയുമല്ല’ ദൈവത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. (റോമർ 9:16) അതുകൊണ്ട്‌, തനിക്ക്‌ സ്വർഗീയ വിളിയുണ്ടെന്ന്‌ ഒരു വ്യക്തിക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?

അവർക്ക്‌ ഉറപ്പുള്ളതിന്റെ കാരണം

18. ദൈവാത്മാവ്‌ അഭിഷിക്തരുടെ ആത്മാവോട്‌ സാക്ഷ്യം പറയുന്നത്‌ എങ്ങനെ?

18 ദൈവാത്മാവിന്റെ സാക്ഷ്യമാണ്‌ തങ്ങൾക്കു സ്വർഗീയ പ്രത്യാശയുണ്ടെന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെ ബോധ്യപ്പെടുത്തുന്നത്‌. “നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്‌കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമർ 8:15-17) പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ, യഹോവയുടെ ആത്മീയ മക്കളെ കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ തങ്ങൾക്കുതന്നെ ബാധകമാക്കാൻ അഭിഷിക്തരുടെ ആത്മാവ്‌ അഥവാ ശക്തമായ ഉൾപ്രേരണ അവരെ പ്രചോദിപ്പിക്കുന്നു. (1 യോഹന്നാൻ 3:2) തങ്ങൾ പുത്രന്മാരാണെന്ന ഒരു ബോധ്യം ദൈവാത്മാവ്‌ അവർക്കു നൽകുകയും അവരിൽ ഒരു അതുല്യ പ്രത്യാശ ഉളവാക്കുകയും ചെയ്യുന്നു. (ഗലാത്യർ 4:6, 7) അതേ, പൂർണ മനുഷ്യർ എന്ന നിലയിൽ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടും ഒപ്പം നിത്യമായി ജീവിക്കുന്നത്‌ അതിവിശിഷ്ടമായ ഒരു കാര്യമാണ്‌, എന്നാൽ ദൈവം അവർക്കു നൽകിയിരിക്കുന്ന പ്രത്യാശ അതല്ല. അവർ തങ്ങളുടെ സകല ഭൗമിക ബന്ധങ്ങളും പ്രതീക്ഷകളും വെടിയാൻ സന്നദ്ധരാകത്തക്കവിധമുള്ള അതിശക്തമായ പ്രത്യാശയാണ്‌ തന്റെ ആത്മാവ്‌ മുഖാന്തരം ദൈവം അവരുടെ ഉള്ളിൽ ഉളവാക്കിയിരിക്കുന്നത്‌.​—⁠2 കൊരിന്ത്യർ 5:1-5, 8; 2 പത്രൊസ്‌ 1:13, 14.

19. ഒരു അഭിഷിക്ത ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ പുതിയ ഉടമ്പടി വഹിക്കുന്ന പങ്കെന്ത്‌?

19 സ്വർഗീയ പ്രത്യാശയെയും പുതിയ ഉടമ്പടിയിലേക്ക്‌ എടുക്കപ്പെട്ടതിനെയും സംബന്ധിച്ച്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ഉറപ്പുണ്ട്‌. സ്‌മാരകം ഏർപ്പെടുത്തവേ യേശു ഇതിനെ പരാമർശിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം [“പുതിയ ഉടമ്പടി,” NW] ആകുന്നു.” (ലൂക്കൊസ്‌ 22:20) ഈ പുതിയ ഉടമ്പടിയിലെ കക്ഷികൾ ദൈവവും അഭിഷിക്തരും ആണ്‌. (യിരെമ്യാവു 31:31-34, NW; എബ്രായർ 12:22-24) യേശുവാണ്‌ മധ്യസ്ഥൻ. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ പ്രാബല്യത്തിൽ വന്ന പുതിയ ഉടമ്പടി, യഹൂദരിൽനിന്നു മാത്രമല്ല ജാതികളിൽനിന്നും യഹോവയുടെ നാമത്തിനായി ഒരു ജനതയെ സ്വീകരിക്കുകയും അവരെ അബ്രഹാമിന്റെ “സന്തതി”യുടെ ഭാഗമാക്കുകയും ചെയ്‌തു. (ഗലാത്യർ 3:26-29; പ്രവൃത്തികൾ 15:14) ഈ “നിത്യഉടമ്പടി” ആത്മീയ ഇസ്രായേല്യരായ സകലർക്കും സ്വർഗീയ അമർത്യജീവനിലേക്കുള്ള പുനരുത്ഥാനം സാധ്യമാക്കുന്നു.​—⁠എബ്രായർ 13:​20, NW.

20. അഭിഷിക്തർ ക്രിസ്‌തുവിനോടൊപ്പം ഏത്‌ ഉടമ്പടിയിലേക്കാണ്‌ എടുക്കപ്പെടുന്നത്‌?

20 തങ്ങളുടെ പ്രത്യാശ സംബന്ധിച്ച്‌ അഭിഷിക്തർക്ക്‌ ഉറപ്പുണ്ട്‌. അവർ രാജ്യ ഉടമ്പടി എന്ന വേറൊരു ഉടമ്പടിയിലേക്കും എടുക്കപ്പെട്ടിരിക്കുന്നു. ക്രിസ്‌തുവിനോടൊത്തുള്ള അവരുടെ പങ്കിനെ കുറിച്ച്‌ യേശു പറഞ്ഞു: “എന്റെ പീഡാനുഭവങ്ങളിൽ എന്നോടു പറ്റിനിന്നിട്ടുള്ളവർ നിങ്ങളാണ്‌; എന്റെ പിതാവ്‌ എന്നോട്‌ രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടി ചെയ്‌തതുപോലെ, ഞാൻ നിങ്ങളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു.” (ലൂക്കൊസ്‌ 22:28-30, NW) ക്രിസ്‌തുവും അവന്റെ സഹരാജാക്കന്മാരും തമ്മിലുള്ള ഈ ഉടമ്പടി എക്കാലവും പ്രവർത്തനത്തിലിരിക്കും.​—⁠വെളിപ്പാടു 22:⁠5.

സ്‌മാരകകാലം​—⁠ഒരു അനുഗൃഹീത സമയം

21. സ്‌മാരകകാലത്ത്‌ നമുക്കു വലിയ പ്രയോജനങ്ങൾ നേടാനാകുന്നത്‌ എങ്ങനെ?

21 സ്‌മാരകകാലം അടുത്തുവരുമ്പോൾ ധാരാളം അനുഗ്രഹങ്ങൾ നമുക്ക്‌ ലഭിക്കുന്നു. ആ സമയത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായനയിൽനിന്നു പ്രയോജനം നേടാൻ നമുക്കു കഴിയും. പ്രാർഥിക്കാനും യേശുവിന്റെ ഭൗമിക ജീവിതത്തെയും മരണത്തെയും കുറിച്ചു ധ്യാനിക്കാനും രാജ്യപ്രസംഗ വേലയിൽ പങ്കെടുക്കാനുമുള്ള ഒരു പ്രത്യേക സമയവുമാണത്‌. (സങ്കീർത്തനം 77:12; ഫിലിപ്പിയർ 4:6, 7) യേശുവിന്റെ മറുവിലയാഗത്തോടുള്ള ബന്ധത്തിൽ ദൈവവും ക്രിസ്‌തുവും പ്രകടമാക്കിയ സ്‌നേഹത്തെ കുറിച്ച്‌ ഈ സ്‌മാരകാചരണം നമ്മെ ഓർമിപ്പിക്കുന്നു. (മത്തായി 20:28; യോഹന്നാൻ 3:16) മറുവിലയാഗമെന്ന ഈ കരുതൽ നമുക്കു പ്രത്യാശയും ആശ്വാസവും പകരുന്നു, കൂടാതെ ക്രിസ്‌തുസമാന ഗതി പിന്തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്‌ഠമാക്കുകയും ചെയ്യുന്നു. (പുറപ്പാടു 34:6; എബ്രായർ 12:3) ദൈവത്തിന്റെ ദാസന്മാർ എന്ന നിലയിലുള്ള നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും അവന്റെ പ്രിയ പുത്രന്റെ വിശ്വസ്‌ത അനുഗാമികൾ ആയിരിക്കാനും സ്‌മാരകം നമ്മെ ശക്തീകരിക്കുന്നു.

22. ദൈവം മനുഷ്യവർഗത്തിനു നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനം എന്താണ്‌, അതിനോടു വിലമതിപ്പു കാണിക്കാനുള്ള ഒരു വിധം ഏത്‌?

22 എത്ര നല്ല ദാനങ്ങളാണ്‌ യഹോവ നമുക്കു നൽകുന്നത്‌! (യാക്കോബ്‌ 1:17) നമുക്ക്‌ അവന്റെ വചനത്തിന്റെ മാർഗനിർദേശമുണ്ട്‌, ആത്മാവിന്റെ സഹായമുണ്ട്‌, നിത്യജീവന്റെ പ്രത്യാശയുണ്ട്‌. അഭിഷിക്തരുടെയും വിശ്വാസം പ്രകടമാക്കുന്ന മറ്റെല്ലാവരുടെയും പാപങ്ങൾക്കായുള്ള യേശുവിന്റെ യാഗമാണ്‌ ദൈവത്തിന്റെ ഏറ്റവും വലിയ ദാനം. (1 യോഹന്നാൻ 2:1, 2) അതുകൊണ്ട്‌ യേശുവിന്റെ മരണം നിങ്ങളെ സംബന്ധിച്ച്‌ എത്രത്തോളം അർഥവത്താണ്‌? 2003 ഏപ്രിൽ 16-ാം തീയതി സൂര്യാസ്‌തമയശേഷം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാനായി കൂടിവന്നുകൊണ്ട്‌ യേശുവിന്റെ മരണത്തോടു നന്ദി പ്രകടിപ്പിക്കുന്നവരിൽ നിങ്ങൾ ഉണ്ടായിരിക്കുമോ?

[അടിക്കുറിപ്പ്‌]

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ ലഭ്യമല്ല.

നിങ്ങളുടെ ഉത്തരമെന്ത്‌?

• സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടത്‌ ആർ?

• “വേറെ ആടുകൾ” ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ മാത്രം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്‌ സന്നിഹിതരാകുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരക വേളയിൽ തങ്ങൾ അപ്പത്തിലും വീഞ്ഞിലും പങ്കുപറ്റേണ്ടതാണെന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ അറിയുന്നത്‌ എങ്ങനെ?

• സ്‌മാരകകാലം എന്തിനുള്ള ഒരു നല്ല സമയമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[18 -ാം പേജിലെ ഗ്രാഫ്‌/ചിത്രങ്ങൾ]

ഈ വർഷത്തെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു നിങ്ങൾ സന്നിഹിതനായിരിക്കുമോ?

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സ്‌മാരക ഹാജർ

ദശലക്ഷത്തിൽ

15

14

13

12

11

10

9

8

7

6

5

4

3

2

1

1935 1955 1975 1995 2002

[18 -ാം പേജിലെ ചിത്രം]

ഈ വർഷത്തെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു നിങ്ങൾ സന്നിഹിതനായിരിക്കുമോ?

[21 -ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ വായന, രാജ്യപ്രസംഗവേല എന്നിവയിൽ കൂടുതലായ പങ്കുണ്ടായിരിക്കാൻ പറ്റിയ സമയമാണ്‌ സ്‌മാരകകാലം