വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക

നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക

നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക

നിപുണനായ ഒരു കുശവന്‌ നിസ്സാരമായ കളിമണ്ണിനെ ആകർഷകമായ ഒരു പാത്രമാക്കി രൂപപ്പെടുത്താൻ കഴിയും. ഇത്തരം നിസ്സാരവസ്‌തുക്കളിൽ നിന്നു കമനീയത തുളുമ്പുന്ന കരകൗശലവസ്‌തുക്കൾ ഉണ്ടാക്കാൻ കഴിവുള്ള ശിൽപ്പികൾ അധികമില്ല. കപ്പുകൾ, പ്ലേറ്റുകൾ, പാചകം ചെയ്യാൻ ഉപയോഗിക്കുന്ന കലങ്ങൾ, ഭരണികൾ, അലങ്കാരപാത്രങ്ങൾ എന്നിവയ്‌ക്കുവേണ്ടി സമൂഹം ആയിരക്കണക്കിനു വർഷങ്ങളായി കുശവനെ ആശ്രയിച്ചിരിക്കുന്നു.

കുട്ടികളുടെ സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുകവഴി മാതാപിതാക്കളും സമൂഹത്തിന്‌ ഒരു അമൂല്യ സംഭാവനയാണു നൽകുന്നത്‌. നമ്മെ ഓരോരുത്തരെയും ബൈബിൾ കളിമണ്ണിനോട്‌ ഉപമിക്കുന്നു. തങ്ങളുടെ മക്കളാകുന്ന “കളിമണ്ണിനെ” രൂപപ്പെടുത്തിയെടുക്കാനുള്ള നിയോഗം ദൈവം മാതാപിതാക്കൾക്കാണു നൽകിയിരിക്കുന്നത്‌. (ഇയ്യോബ്‌ 33:​6, NW; ഉല്‌പത്തി 18:19) മനോഹരമായ ഒരു മൺപാത്രം നിർമിക്കുന്നത്‌ എളുപ്പമല്ലാത്തതുപോലെ, ഒരു കുട്ടിയെ ആശ്രയയോഗ്യനും സമനിലയുള്ളവനുമായ മുതിർന്ന വ്യക്തിയാക്കി രൂപാന്തരപ്പെടുത്തുക എന്നതും എളുപ്പമല്ല. അത്തരമൊരു രൂപാന്തരണം ആകസ്‌മികമായി സംഭവിക്കുന്നതല്ല.

നമ്മുടെ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളുണ്ട്‌. ഖേദകരമെന്നു പറയട്ടെ, ഇവയിൽ ചിലതു നശീകരണാത്മകമാണ്‌. അതുകൊണ്ട്‌ തന്റെ കുട്ടിയുടെ വ്യക്തിത്വം എങ്ങനെയെങ്കിലുമൊക്കെ രൂപപ്പെട്ടുകൊള്ളുമെന്നു വിചാരിക്കുന്നതിനു പകരം വിവേകിയായ ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ അവൻ ‘നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുന്നു.’ അങ്ങനെ ചെയ്യുമ്പോൾ “അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്ന ഉറച്ച ബോധ്യം അവർക്കുണ്ട്‌.​—സദൃശവാക്യങ്ങൾ 22:⁠6.

ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരിക എന്നതു സുദീർഘവും സംഭവ ബഹുലവുമായ ഒരു പ്രക്രിയയാണ്‌. ഈ കാലയളവിൽ തങ്ങളുടെ കുട്ടിയുടെ വ്യക്തിത്വത്തിനു ഭീഷണി ഉയർത്തുന്ന നിഷേധാത്മക സ്വാധീനങ്ങളെ തിരിച്ചറിഞ്ഞ്‌ അവയെ തടുക്കാൻ ക്രിസ്‌തീയ മാതാപിതാക്കൾ സമയം വിനിയോഗിക്കേണ്ടതുണ്ട്‌. ക്ഷമാപൂർവം ‘പ്രബോധനവും തിരുത്തലും കൊടുത്തുകൊണ്ട്‌ അവരെ ക്രിസ്‌തീയ രീതിയിൽ വളർത്തിക്കൊണ്ടു വരുമ്പോൾ’ മാതാപിതാക്കൾക്കു കുട്ടികളോടുള്ള സ്‌നേഹത്തിന്റെ മാറ്റുരയ്‌ക്കപ്പെടുന്നു. (എഫെസ്യർ 6:4, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) കുട്ടിയെ നന്നേ ചെറുപ്പം മുതൽ പരിശീലിപ്പിക്കാൻ തുടങ്ങുന്നെങ്കിൽ മാതാപിതാക്കൾക്കു തങ്ങളുടെ കടമ നിർവഹിക്കുന്നതു കൂടുതൽ എളുപ്പമായിത്തീരും.

നന്നേ ചെറുപ്പത്തിൽത്തന്നെ തുടങ്ങുക

ഇഷ്ടമനുസരിച്ചു രൂപപ്പെടുത്തിയെടുക്കാൻ പാകത്തിനുള്ള കളിമണ്ണ്‌ ഉപയോഗിച്ചാണു കുശവൻ പണിചെയ്യുന്നത്‌. അതോടൊപ്പംതന്നെ, രൂപപ്പെടുത്തുന്നതിനിടയിൽ അടർന്നു പോകാതിരിക്കത്തക്കവിധം ആ കളിമൺപിണ്ഡം ഉറപ്പുള്ളതുമായിരിക്കും. സ്‌ഫുടം ചെയ്‌തെടുത്ത കളിമണ്ണ്‌ ആറുമാസത്തെ കാലാവധിക്കുള്ളിൽ ഉപയോഗിക്കാനാണ്‌ അയാൾ താത്‌പര്യപ്പെടുന്നത്‌. സമാനമായി, മാതാപിതാക്കൾക്കു കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ തുടക്കമിടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം, കുട്ടികളുടെ ഹൃദയം ഏറ്റവും സ്വീകാര്യക്ഷമവും രൂപപ്പെടുത്താൻ എളുപ്പവും ആയിരിക്കുമ്പോഴാണ്‌.

കുഞ്ഞിന്‌ എട്ടുമാസം പ്രായമാകുമ്പോൾ അവൻ മാതൃഭാഷയിലെ സ്വരങ്ങൾ തിരിച്ചറിയാൻ പഠിച്ചിരിക്കും എന്നു ശിശുവിദഗ്‌ധർ പറയുന്നു. മാത്രമല്ല, ഇതിനോടകം അവൻ മാതാപിതാക്കളുമായി ഒരു ഉറ്റബന്ധത്തിൽ വന്നിട്ടുണ്ടാകും, അവന്റെ ഗ്രഹണപ്രാപ്‌തിയും വികാസം പ്രാപിച്ചിരിക്കും. കൂടാതെ, അവൻ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അവന്റെ ഹൃദയത്തെ രൂപപ്പെടുത്താൻ തുടങ്ങാവുന്ന പറ്റിയ സമയം അവൻ തീരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെയാണ്‌. തിമൊഥെയൊസിനെപ്പോലെ ‘തിരുവെഴുത്തുകളെ ശൈശവംമുതൽ അറിയാൻ’ സാധിച്ചാൽ നിങ്ങളുടെ കുട്ടിക്ക്‌ എത്രയധികം പ്രയോജനങ്ങളായിരിക്കും ലഭിക്കുക!​—2 തിമൊഥെയൊസ്‌ 3:14 ബി, NW. *

കൊച്ചുകുട്ടികൾ സ്വാഭാവികമായി തങ്ങളുടെ മാതാപിതാക്കളെ അനുകരിക്കുന്നു. മാതാപിതാക്കളുടെ ശബ്ദങ്ങളോ ഭാവങ്ങളോ ആംഗ്യങ്ങളോ അനുകരിക്കുന്നതിലുപരി അവർ പ്രകടിപ്പിക്കുന്ന സ്‌നേഹം, ദയ, സഹാനുഭൂതി എന്നീ ഗുണങ്ങളും അനുകരിക്കാൻ കുട്ടികൾ പഠിക്കുന്നു. യഹോവയുടെ നിയമങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ ആദ്യംതന്നെ അവ നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം. ദൈവനിയമങ്ങളോടു മാതാപിതാക്കൾക്കു ഹൃദയംഗമമായ വിലമതിപ്പ്‌ ഉണ്ടെങ്കിൽ മക്കളോട്‌ യഹോവയെയും അവന്റെ വചനത്തെയും കുറിച്ചു പതിവായി സംസാരിക്കാൻ അവർ പ്രേരിതരായിത്തീരും. ‘നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കണം’ എന്നു ബൈബിൾ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്നു. (ആവർത്തനം 6:​6, 7) ഫ്രാൻതീസ്‌ക്കോയും റൊസായും തങ്ങളുടെ രണ്ടു കുട്ടികളുടെ കാര്യത്തിൽ ഇതു ചെയ്യുന്നതെങ്ങനെ എന്നു വിവരിക്കുന്നു. *

“പതിവുള്ള സംസാരം കൂടാതെ, ഓരോ കുട്ടിയോടും ദിവസവും ചുരുങ്ങിയത്‌ 15 മിനിട്ടു വീതം വ്യക്തിപരമായി സംസാരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അവർക്ക്‌ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി മനസ്സിലായാൽ ഞങ്ങൾ കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കും. അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്‌ എന്ന്‌ എടുത്തു പറയേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഈയിടെ ഒരു ദിവസം ഞങ്ങളുടെ അഞ്ചുവയസ്സുകാരനായ മകൻ സ്‌കൂളിൽനിന്നും വന്നപ്പോൾ പറയുകയാണ്‌, അവൻ യഹോവയിൽ വിശ്വസിക്കുന്നില്ലെന്ന്‌. അവന്റെ സഹപാഠികളിൽ ആരോ ദൈവമില്ലെന്നു പറഞ്ഞുകൊണ്ട്‌ അവനെ കളിയാക്കിയതായിരിക്കണം കാരണം.”

കുട്ടികൾ തങ്ങളുടെ സ്രഷ്ടാവിൽ വിശ്വാസം വളർത്തിയെടുക്കേണ്ടതുണ്ട്‌ എന്ന്‌ ഈ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ദൈവത്തിന്റെ ചില മനോഹര സൃഷ്ടികളോടു കുട്ടികൾക്കുള്ള നൈസർഗിക താത്‌പര്യത്തിന്മേൽ അത്തരം വിശ്വാസം കെട്ടിപ്പടുക്കാൻ കഴിയും. ഉദാഹരണത്തിന്‌, മൃഗങ്ങളെ തൊടുന്നതും പൂക്കൾ പറിക്കുന്നതും കടൽത്തീരത്തെ മണലിൽ കളിക്കുന്നതുമൊക്കെ കുട്ടികൾക്കു വളരെ ഇഷ്ടമുള്ള കാര്യങ്ങളാണ്‌. ഇത്തരം അവസരങ്ങളിൽ ഈ മനോഹരസൃഷ്ടികളെ കുറിച്ചും അവയുടെ സ്രഷ്ടാവിനെ കുറിച്ചും വിശദീകരിച്ചുകൊടുത്തുകൊണ്ട്‌ മാതാപിതാക്കൾക്ക്‌ അവരെ സഹായിക്കാനാകും. (സങ്കീർത്തനം 100:3; 104:​24, 25) യഹോവയുടെ സൃഷ്ടികളോട്‌ അവർ വളർത്തിയെടുക്കുന്ന ആഴമായ വിലമതിപ്പ്‌ അവരുടെ ജീവകാലത്തുടനീളം നിലനിൽക്കും. (സങ്കീർത്തനം 111:​2, 10) അതോടൊപ്പം, ഇത്തരം വിലമതിപ്പ്‌ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുന്നതിലേക്കു നയിക്കും. മാത്രമല്ല, ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം ‘ദോഷത്തെ വിട്ടകലാൻ’ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.​—സദൃശവാക്യങ്ങൾ 16:⁠6.

കൊച്ചുകുട്ടികളിൽ അനേകരും ജിജ്ഞാസുക്കളും കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുന്നവരും ആണെങ്കിലും അനുസരണത്തിന്റെ കാര്യത്തിൽ അൽപ്പം പിറകിലാണ്‌. (സങ്കീർത്തനം 51:5) ചിലപ്പോഴൊക്കെ കൂടുതൽ സ്വാതന്ത്ര്യം കിട്ടാൻ അവർ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ തങ്ങൾ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കണമെന്നു ശാഠ്യം പിടിക്കുന്നു. ഈ സന്ദർഭത്തിൽ മാതാപിതാക്കൾ ദൃഢതയും ക്ഷമയും കാണിച്ചുകൊണ്ട്‌ ഇത്തരം ചിന്താഗതികൾ പ്രബലപ്പെടുന്നതു തടയാൻ ശിക്ഷണം നൽകേണ്ടതാണ്‌. (എഫെസ്യർ 6:4) അഞ്ചു മക്കളെ നന്നായി വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഫില്ലിസിനും ഭർത്താവു പോളിനും ഇതേ അനുഭവമാണുള്ളത്‌.

ഫില്ലിസ്‌ ഓർമിക്കുന്നു: “കുട്ടികളിൽ ഓരോരുത്തർക്കും തനതായ വ്യക്തിത്വം ഉണ്ടായിരുന്നെങ്കിലും അവരെല്ലാം പൊതുവായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, തങ്ങൾക്കു ബോധിച്ച വഴിയിൽ പോകുക. അതു കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടായിരുന്നു, എങ്കിലും അവർ ക്രമേണ ‘പാടില്ല’ എന്ന വാക്കിന്റെ അർഥം പഠിച്ചു.” ഭർത്താവ്‌ പോൾ ഇപ്രകാരം പറയുന്നു: “കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായത്തിലെത്തിയപ്പോൾ, ചില തീരുമാനങ്ങൾ എടുക്കുന്നതിന്റെ കാരണം മിക്കപ്പോഴും ഞങ്ങൾ അവരോട്‌ വ്യക്തമാക്കുമായിരുന്നു. അവരോടു ദയാപൂർവം ഇടപെടാൻ ഞങ്ങൾ എല്ലായ്‌പോഴും ശ്രമിച്ചിരുന്നു. എങ്കിലും, ഞങ്ങൾക്കുള്ള ദൈവദത്ത അധികാരത്തെ ബഹുമാനിക്കാൻ ഞങ്ങൾ അവരെ പഠിപ്പിച്ചു.”

ബാല്യകാലത്തു കുട്ടിക്കു ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കാം എങ്കിലും കൗമാര പ്രായമാണ്‌ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സമയം എന്നു നിരവധി മാതാപിതാക്കൾ തിരിച്ചറിയുന്നു. ഈ വർഷങ്ങളിൽ അവന്റെ അപക്വമായ ഹൃദയം പുതിയ പല പരിശോധനകളെയും അഭിമുഖീകരിക്കുന്നു.

കൗമാരപ്രായക്കാരന്റെ ഹൃദയത്തിൽ എത്തിച്ചേരുക

കളിമണ്ണ്‌ ഉണങ്ങുന്നതിനു മുമ്പ്‌ കുശവനു തന്റെ പണി തുടങ്ങേണ്ടതുണ്ട്‌. ഇനി അഥവാ താമസമുണ്ടെങ്കിൽ മണ്ണിനെ നനവുള്ളതും അയവുള്ളതുമാക്കി നിറുത്താനായി അയാൾ അതിൽ വെള്ളം ചേർക്കുന്നു. സമാനമായി, തങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടിയുടെ ഹൃദയം ദുശ്ശാഠ്യത്തിനു വഴിപ്പെടുന്നതു തടയാൻ തക്കവണ്ണം മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്‌. ഈ സന്ദർഭത്തിൽ, മാതാപിതാക്കളെ സഹായിക്കുന്ന ഒരു മുഖ്യ ഉപകരണമാണു ബൈബിൾ. ഇതുപയോഗിച്ച്‌, ‘ശാസിക്കുന്നതിനും ഗുണീകരിക്കുന്നതിനും കുട്ടിയെ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആക്കുന്നതിനും’ മാതാപിതാക്കൾക്കു കഴിയും.​—2 തിമൊഥെയൊസ്‌ 3:​15-​17.

എന്നിരുന്നാലും, ഒരു കൗമാരപ്രായക്കാരൻ, താൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ ചെയ്‌തിരുന്നതുപോലെ അത്ര പെട്ടെന്നു മാതാപിതാക്കളുടെ ഉപദേശം സ്വീകരിച്ചെന്നു വരികയില്ല. അവൻ സമപ്രായക്കാരുടെ അഭിപ്രായത്തിനു കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയേക്കാം. അതുകൊണ്ട്‌ മാതാപിതാക്കളുമായുള്ള തുറന്ന ആശയവിനിമയത്തിനു മങ്ങലേറ്റേക്കാം. മാതാപിതാക്കളുടെയും കുട്ടികളുടെയും ഭാഗധേയം ഒരു പുതിയ ഘട്ടത്തിൽ എത്തിയിരിക്കുന്നതിനാൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇപ്പോൾ സാധാരണയിൽ കവിഞ്ഞ ക്ഷമയും വൈദഗ്‌ധ്യവും ആവശ്യമാണ്‌. കൗമാര പ്രായക്കാരന്‌ തന്റെ ശാരീരികവും മാനസികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്‌. അവനു ചില തീരുമാനങ്ങൾ എടുത്തു തുടങ്ങേണ്ടതുണ്ട്‌, ഭാവിജീവിതം മുന്നിൽ കണ്ടുകൊണ്ടു ചില ലക്ഷ്യങ്ങൾ വെക്കേണ്ടതുണ്ട്‌. (2 തിമൊഥെയൊസ്‌ 2:22) ഈ വെല്ലുവിളികൾ എല്ലാം ഉള്ളപ്പോൾത്തന്നെ അവന്റെ ഹൃദയത്തെ നശിപ്പിക്കാൻ പോന്ന, സമപ്രായക്കാരിൽ നിന്നുള്ള സമ്മർദമെന്ന ദുഷിച്ച സ്വാധീനത്തെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്‌.

ഇത്തരം സമ്മർദം ഒറ്റയടിക്കുണ്ടാകുന്ന ഒന്നല്ല. മറിച്ച്‌, മനോധൈര്യം കെടുത്തുന്ന, പലപ്പോഴായുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ഇതു വ്യക്തിയുടെ മേൽ പിടിമുറുക്കുന്നു. മിക്ക യുവജനങ്ങളിലും പ്രബലമായിരിക്കുന്ന ഒരു ബലഹീനതയിൽ അതായത്‌ മറ്റു യുവജനങ്ങൾ തങ്ങളെ ഒറ്റപ്പെടുത്തുമോ എന്ന ഭയത്തിന്മേലാണ്‌ ഇതു കുരുക്കെറിയുന്നത്‌. മറ്റുള്ളവർ തങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌ എന്നുള്ള ചിന്തയും, അംഗീകരിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹവും നിമിത്തം ഒരു യുവാവ്‌, മറ്റു യുവജനങ്ങൾ ഉന്നമിപ്പിക്കുന്ന, ‘ലോകത്തിലുള്ളവയെ’ അംഗീകരിച്ചു തുടങ്ങുന്നു.​—1 യോഹന്നാൻ 2:​15-​17; റോമർ 12:⁠2.

അപൂർണമായ ഹൃദയത്തിന്റെ സ്വാഭാവിക ചായ്‌വനുസരിച്ച്‌ തന്റെ സമപ്രായക്കാരുടെ അഭിപ്രായത്തിന്‌ അവൻ കൂടുതൽ ശ്രദ്ധ നൽകുമ്പോൾ, സംഗതികൾ കുറേക്കൂടെ വഷളാകുന്നു. ‘അടിച്ചുപൊളിക്കുക, എന്താണ്‌ ഇഷ്ടമെന്നുവെച്ചാൽ അതങ്ങ്‌ ചെയ്യുക,’ എന്നിങ്ങനെയുള്ള ആഹ്വാനങ്ങൾ വളരെ ആകർഷകമായി തോന്നിയേക്കാം. മാരീയാ അവളുടെ അനുഭവം വിവരിക്കുന്നു: “എന്തുവന്നാലും ശരി, യുവജനങ്ങൾക്കു തങ്ങളുടെ ജീവിതം പൂർണമായി ആസ്വദിക്കാനുള്ള അധികാരമുണ്ട്‌ എന്നു വിശ്വസിച്ച കൗമാരപ്രായക്കാരായ എന്റെ സുഹൃത്തുക്കളുടെ അഭിപ്രായത്തെ ഞാൻ അംഗീകരിച്ചു. സ്‌കൂളിലെ എന്റെ സുഹൃത്തുക്കൾ ചെയ്യുന്നതുപോലെ ഏറെക്കുറെ ഞാനും ചെയ്‌തപ്പോൾ ഗൗരവമേറിയ കുഴപ്പങ്ങളിൽ ഞാൻ അകപ്പെട്ടു.” നിങ്ങളുടെ കൗമാരപ്രായക്കാരനായ കുട്ടിയെ ഇത്തരം സമ്മർദങ്ങൾ തരണം ചെയ്യുന്നതിനു സഹായിക്കാൻ മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കും, എന്നാൽ നിങ്ങൾക്ക്‌ അത്‌ എങ്ങനെയാണു ചെയ്യാൻ കഴിയുക?

നിങ്ങൾ അവനുവേണ്ടി കരുതുന്നു എന്ന്‌ വാക്കുകളാലും പ്രവൃത്തികളാലും ആവർത്തിച്ചു തെളിയിക്കുക. അവൻ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക. അവന്റെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുക, നിങ്ങൾ സ്‌കൂളിൽ ആയിരുന്നപ്പോൾ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെക്കാൾ വളരെയധികം ദുഷ്‌കരമായവ ആയിരിക്കാം അവൻ ഇപ്പോൾ നേരിടുന്നത്‌. ഈ പ്രത്യേക സന്ദർഭത്തിൽ നിങ്ങളുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളായിരിക്കണം. (സദൃശവാക്യങ്ങൾ 20:5) അവന്റെ ശരീരഭാഷ, ഭാവപ്പകർച്ചകൾ എന്നിവ ശ്രദ്ധിക്കുന്നെങ്കിൽ അവനെ അസഹ്യപ്പെടുത്തുന്ന കാര്യങ്ങളും വ്യാകുലതകളും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. അവൻ ഒന്നും പുറത്തു പറഞ്ഞില്ലെങ്കിൽക്കൂടി ഉള്ളിലെ വിഷമങ്ങൾ മനസ്സിലാക്കി ‘അവന്റെ ഹൃദയത്തെ ആശ്വസിപ്പിക്കണം’​—കൊലൊസ്സ്യർ 2:⁠2.

ശരിയായ കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്താൻ ദൃഢത പ്രകടിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. ഇടയ്‌ക്കൊക്കെ തങ്ങളുടെയും കുട്ടികളുടെയും ഇഷ്ടാനിഷ്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്‌ എന്നു പല മാതാപിതാക്കളും കണ്ടെത്തിയിരിക്കുന്നു. പക്ഷേ, തങ്ങളുടെ തീരുമാനത്തിന്‌ ഉറച്ച അടിസ്ഥാനമുള്ളപ്പോൾ കുട്ടികളുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കാൻ മാതാപിതാക്കൾക്കു കഴിയില്ല. എന്നാൽ, ശിക്ഷണം നൽകേണ്ടതുണ്ടോ, ഉണ്ടെങ്കിൽ എപ്രകാരം നൽകണം എന്നൊക്കെ തീരുമാനിക്കുന്നതിനു മുമ്പ്‌ മാതാപിതാക്കൾ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കേണ്ടതുണ്ട്‌.​—സദൃശവാക്യങ്ങൾ 18:13.

പരിശോധനകൾ സഭയ്‌ക്കുള്ളിൽനിന്നു പോലും

ഒരു മൺപാത്രം കാഴ്‌ചയ്‌ക്കു പൂർത്തിയായതായി തോന്നുമെങ്കിലും, അതു ചൂളയിൽ വെച്ചു ചുട്ടെടുത്തില്ലെങ്കിൽ അതിനെ ആ രൂപത്തിലാക്കാൻ സഹായിച്ച അതേ ദ്രാവകങ്ങൾതന്നെ അതിന്റെ ക്ഷതത്തിനു കാരണമാകാനിടയുണ്ട്‌. പരിശോധനകളും പ്രതിബന്ധങ്ങളും നാം ഏതുതരം വ്യക്തികൾ ആണെന്നു വെളിപ്പെടുത്തും എന്നതിനാൽ ഇവയെ ഒരു ചുട്ടെടുക്കൽ പ്രക്രിയയോടാണ്‌ ബൈബിൾ താരതമ്യപ്പെടുത്തുന്നത്‌. വിശ്വാസത്തിന്റെ പരിശോധനയെ കുറിച്ചാണു ബൈബിൾ എടുത്തു പറയുന്നതെങ്കിലും മറ്റു പരിശോധനകളുടെ കാര്യത്തിലും അതുതന്നെ സത്യമാണ്‌. (യാക്കോബ്‌ 1:​2-4) അതിശയകരമെന്നു പറയട്ടെ, യുവജനങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ചില പരിശോധനകൾ സഭയ്‌ക്കുള്ളിൽ നിന്നുതന്നെയാകാം.

നിങ്ങളുടെ, കൗമാരപ്രായത്തിലുള്ള കുട്ടി നല്ല ആത്മീയ ആരോഗ്യമുള്ളവനായി പുറമേ കാണപ്പെട്ടേക്കാമെങ്കിലും ഉള്ളിൽ ഒരു വിഭജിത ഹൃദയവുമായി അവൻ മല്ലിടുകയായിരിക്കാം. (1 രാജാക്കന്മാർ 18:21) ഉദാഹരണത്തിന്‌, മാഗെൻ എന്ന പെൺകുട്ടിക്ക്‌ ലൗകിക ആശയങ്ങൾ പകർന്നുകിട്ടിയതു രാജ്യഹാളിൽ വരുന്ന യുവജനങ്ങളിൽ നിന്നായിരുന്നു. അവൾ ഇപ്രകാരം പറയുന്നു:

“ക്രിസ്‌ത്യാനിത്വത്തെ അറു മുഷിപ്പനും കളിതമാശകൾക്ക്‌ ഒരു പ്രതിബന്ധവുമായി വീക്ഷിച്ചിരുന്ന ഒരു കൂട്ടം യുവജനങ്ങളുടെ സ്വാധീനവലയത്തിലാണു ഞാൻ ചെന്നുപെട്ടത്‌. അവരിൽ ചിലർ ഇങ്ങനെയൊക്കെ പറയുമായിരുന്നു: ‘എനിക്കു 18 വയസ്സു തികയുന്ന ആ നിമിഷം ഞാൻ സത്യം ഉപേക്ഷിക്കും,’ ‘എങ്ങനെയെങ്കിലും ഇതിൽനിന്നൊന്ന്‌ പോയിക്കിട്ടിയാൽ മതിയെന്നാണ്‌ എനിക്ക്‌.’ അവർക്കെതിരായി എന്തെങ്കിലും പറയുന്ന കുട്ടികളെ അവർ വിശുദ്ധർ എന്നു വിളിച്ച്‌ പരിഹസിക്കുകയും അകറ്റിനിറുത്തുകയും ചെയ്യുമായിരുന്നു.”

ഇത്തരം ഹാനികരമായ വീക്ഷണങ്ങൾ മറ്റുള്ളവരിൽ കുത്തിവെക്കാൻ ഒന്നോ രണ്ടോ പേർ മതി. ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുമ്പോൾ ഭൂരിപക്ഷം ചെയ്യുന്നതുതന്നെ പിന്തുടരാനാണു വ്യക്തികളും താത്‌പര്യപ്പെടുന്നത്‌. ഭോഷത്തവും വീരവാദവും പലപ്പോഴും വിവേകത്തെയും സഭ്യതയെയും ചവിട്ടിമെതിക്കുന്നു. പല രാജ്യങ്ങളിലും ക്രിസ്‌തീയ യുവജനങ്ങൾ ബഹുജനത്തിന്റെ പിന്നാലെ പോയി കുഴപ്പത്തിൽ അകപ്പെടുന്നത്‌ ഖേദകരമായ ഒരു യാഥാർഥ്യമാണ്‌.

ആസ്വാദ്യമായ സഹവാസം കൗമാരപ്രായക്കാർക്ക്‌ ഒരു പരിധിവരെ ആവശ്യമാണ്‌. ഒരു മാതാവോ പിതാവോ എന്നനിലയിൽ നിങ്ങൾക്ക്‌ അതിനുള്ള അവസരം എങ്ങനെ പ്രദാനം ചെയ്യാം? അവർക്കായുള്ള വിനോദ പരിപാടികളെ കുറിച്ചു ഗൗരവപൂർവം പരിചിന്തിക്കുക. കുടുംബത്തോടൊപ്പമോ, യുവജനങ്ങളും മുതിർന്നവരും ചേർന്നുള്ള ഒരു കൂട്ടമായോ വിനോദ പരിപാടികൾ ആസൂത്രണം ചെയ്യാവുന്നതാണ്‌. നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കളെ അടുത്തറിയുക. അവരെ ഒരു ഊണിനു ക്ഷണിച്ചുകൊണ്ടോ അവരുമായി ഒരു സായാഹ്നം ചെലവഴിച്ചുകൊണ്ടോ നിങ്ങൾക്കതു ചെയ്യാൻ കഴിയും. (റോമർ 12:13) ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുകയോ മറ്റൊരു ഭാഷയിലോ കലയിലോ വൈദഗ്‌ധ്യം നേടുകയോ ചെയ്യുന്നതുപോലെയുള്ള ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ വീടിന്റെ സുരക്ഷിതമായ ചുറ്റുപാടിൽത്തന്നെ ചെയ്യാൻ കഴിയുന്ന സംഗതികളാണ്‌.

വിദ്യാഭ്യാസം ഒരു സംരക്ഷണം

സ്‌കൂൾ പഠനവും വിനോദത്തെ അതിന്റെ ഉചിതമായ സ്ഥാനത്തു നിറുത്താൻ കൗമാരപ്രായക്കാരെ സഹായിക്കും. 20 വർഷം ഒരു വലിയ സ്‌കൂളിന്റെ അധികാരി ആയിരുന്ന ലോല്ലി ഇപ്രകാരം പറയുന്നു: “ഞങ്ങളുടെ സ്‌കൂളിൽ, സ്‌കൂൾ പഠനം പൂർത്തിയാക്കുന്ന സാക്ഷികളായ ധാരാളം യുവജനങ്ങളുണ്ട്‌. മിക്കവരും ശ്ലാഘനീയമായ സ്വഭാവത്തിനുടമകളാണ്‌. എന്നാൽ ചിലരെ മറ്റു വിദ്യാർഥികളിൽനിന്നു വേർതിരിച്ചറിയാൻ കഴിയില്ല. തങ്ങളുടെ പഠനകാര്യങ്ങളിൽ സ്ഥിരമായ താത്‌പര്യമെടുക്കുന്നവരായിരുന്നു മാതൃകാ വിദ്യാർഥികൾ. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ സജീവ താത്‌പര്യമെടുക്കാൻ ഞാൻ മാതാപിതാക്കളോടു ശുപാർശ ചെയ്യാറുണ്ട്‌. കുട്ടികളുടെ അധ്യാപകരെ അടുത്തറിയുക, നല്ല മാർക്കുകൾ വാങ്ങുന്നതു പ്രധാനമാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക എന്നിവയെല്ലാം അതിലുൾപ്പെടും. ചില വിദ്യാർഥികൾ ബഹുമിടുക്കരാണ്‌. ശ്രമിച്ചാൽ എല്ലാവർക്കുംതന്നെ നല്ല നിലവാരത്തിലെത്താനും അധ്യാപകരുടെ ആദരവിനു പാത്രമാകാനും കഴിയും.”

ഇത്തരം വിദ്യാഭ്യാസം ആത്മീയമായി പുരോഗമിക്കാനും കൗമാരപ്രായക്കാരെ സഹായിക്കും. നല്ല പഠന ശീലങ്ങൾ, മാനസിക ശിക്ഷണം, ഉത്തരവാദിത്വബോധം എന്നിവ അവർ പഠിക്കുന്നത്‌ അതുവഴിയാണ്‌. നന്നായി വായിക്കാനും ഗ്രഹിക്കാനുമുള്ള പ്രാപ്‌തി അവരെ ദൈവവചനത്തിന്റെ മെച്ചപ്പെട്ട പഠിതാക്കളും അധ്യാപകരുമാക്കും എന്നതിനു സംശയമില്ല. (നെഹെമ്യാവു 8:8) സ്‌കൂൾ പഠനവും ആത്മീയ പഠനവും വിനോദത്തെ ഉചിതമായ സ്ഥാനത്തു നിറുത്താൻ കുട്ടികളെ സഹായിക്കും.

ബഹുമതി നിങ്ങൾക്കും യഹോവയ്‌ക്കും

പുരാതന ഗ്രീസിലെ മിക്ക അലങ്കാരപാത്രങ്ങളിലും കുശവന്റെയും അതു മോടിപിടിപ്പിച്ച വ്യക്തിയുടെയും കൈയൊപ്പ്‌ ഉണ്ടായിരുന്നു. സമാനമായി, കുടുംബത്തിൽ കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ രണ്ടുപേർക്കു പങ്കുണ്ട്‌. പിതാവും മാതാവും ഒരുപോലെ തങ്ങളുടെ കുട്ടിയുടെ ആന്തരിക വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുമ്പോൾ ആലങ്കാരികമായി അവൻ നിങ്ങളുടെ “കൈയൊപ്പ്‌” വഹിക്കുന്നു. ഒരു യുവവ്യക്തിയെ ഉത്തമനും അഭികാമ്യനുമാക്കി രൂപപ്പെടുത്തിയെടുക്കുമ്പോൾ, സമർഥനായ ഒരു കുശവനെയോ അലങ്കാരപ്പണിക്കാരനെയോ പോലെ, നിങ്ങൾ ചെയ്‌ത വേലയെ പ്രതി നിങ്ങൾക്ക്‌ അഭിമാനംകൊള്ളാനാകും.​—സദൃശവാക്യങ്ങൾ 23:​24, 25.

മഹത്തായ ഈ ഉദ്യമത്തിന്റെ വിജയം കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിൽ നിങ്ങൾ എത്രത്തോളം ചെയ്‌തു എന്നതിനെ ആശ്രയിച്ചിരിക്കും. കാലക്രമത്തിൽ നിങ്ങൾക്ക്‌ ഇപ്രകാരം പറയാൻ കഴിഞ്ഞേക്കും: “തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.” (സങ്കീർത്തനം 37:31) അതേ, ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണം അതിപ്രധാനമാണ്‌, അതു തനിയെ രൂപപ്പെട്ടുകൊള്ളുമെന്ന്‌ ഒരിക്കലും കരുതരുത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 8 ചില മാതാപിതാക്കൾ തങ്ങളുടെ നവജാത ശിശുവിനെ ബൈബിൾ വായിച്ചു കേൾപ്പിക്കുന്നു. നിങ്ങളുടെ ഇമ്പമായ ശബ്ദവും ആഹ്ലാദഭരിതമായ ഈ അനുഭവവും, തന്റെ ശേഷിച്ച ജീവിതകാലത്തെല്ലാം ദൈവവചനം വായിക്കുന്നതിൽ ആനന്ദം കണ്ടെത്താൻ അവനെ പ്രചോദിപ്പിച്ചേക്കാം.

^ ഖ. 9 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.