അവർ പീഡനത്തെ ജയിച്ചടക്കി
അവർ പീഡനത്തെ ജയിച്ചടക്കി
ഫ്രീഡാ യെസ് ജനിച്ചത് ഡെന്മാർക്കിലാണ്, 1911-ൽ. അവിടെനിന്ന് മാതാപിതാക്കളോടൊപ്പം ഉത്തര ജർമനിയിലെ ഹൂസുമിലേക്കു മാറിപ്പാർത്തു. വർഷങ്ങൾക്കു ശേഷം മാഗ്‌ദെബുർഗിൽ അവർക്ക് ഒരു ജോലി കിട്ടി, തുടർന്ന് 1930-ൽ അവർ സ്‌നാപനമേറ്റ് ഒരു ‘ബൈബിൾ വിദ്യാർഥി’—യഹോവയുടെ സാക്ഷികൾ അക്കാലത്ത് ആ പേരിലാണ് അറിയപ്പെട്ടിരുന്നത്—ആയിത്തീർന്നു. 1933-ൽ ഹിറ്റ്‌ലർ അധികാരത്തിലേറി. ഫ്രീഡായെ സംബന്ധിച്ചിടത്തോളം ഇത് 23 വർഷം നീണ്ടുനിന്ന പീഡനങ്ങളുടെ തുടക്കമായിരുന്നു. അതും ഒന്നല്ല, രണ്ട് സമഗ്രാധിപത്യ ഗവണ്മെൻറുകളിൽനിന്നുള്ള പീഡനത്തിന്റെ.
ജർമനിയിൽ 1933 മാർച്ച് മാസം ഗവണ്മെന്റ് പൊതു തെരഞ്ഞെടുപ്പ് ആഹ്വാനം ചെയ്‌തു. ഹാംബർഗിനടുത്തുള്ള നൊയിയെൻഗാമ തടങ്കൽപ്പാളയ സ്‌മാരകത്തിന്റെ തലവനായ ഡോ. ഡെറ്റ്‌ലെഫ് ഗാർബെ വിശദീകരിക്കുന്നു: “തങ്ങളുടെ ചാൻസലറും നേതാവുമായ അഡോൾഫ് ഹിറ്റ്‌ലറിന് ഒരു വൻ ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയെടുക്കാൻ നാഷണൽ സോഷ്യലിസ്റ്റുകൾ ആഗ്രഹിച്ചു.” എന്നാൽ, രാഷ്‌ട്രീയ നിഷ്‌പക്ഷത പാലിക്കാനും ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കാനും’ ഉള്ള യേശുവിന്റെ അനുശാസനം പിന്തുടർന്ന യഹോവയുടെ സാക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഫലമെന്തായിരുന്നു? സാക്ഷികളുടെ പ്രവർത്തനം അവിടെ നിരോധിക്കപ്പെട്ടു.—യോഹന്നാൻ 17:16, NW.
ഫ്രീഡാ രഹസ്യമായി തന്റെ ക്രിസ്‌തീയ പ്രവർത്തനങ്ങൾ തുടർന്നു, വീക്ഷാഗോപുരം മാസിക അച്ചടിക്കുന്നതിൽ സഹായിക്കുകപോലും ചെയ്‌തു. അവർ പറയുന്നു: “തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞിരുന്ന സഹവിശ്വാസികൾക്കായി ഏതാനും മാസികകൾ അങ്ങോട്ട് ഒളിച്ചുകടത്തി.” 1940-ൽ രഹസ്യ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്‌തു. അതിനുശേഷം മാസങ്ങളോളം അവർ ഏകാന്ത തടവിൽ കിടന്നു. എങ്ങനെയാണ് അവർ സഹിച്ചുനിന്നത്? അവർ പറയുന്നു: “പ്രാർഥനയായിരുന്നു എന്റെ ശരണം. ദിവസവും അതിരാവിലെ മുതൽ പലതവണ ഞാൻ പ്രാർഥിച്ചിരുന്നു. അത് എനിക്കു ശക്തി പകരുകയും അമിതമായി ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ എന്നെ സഹായിക്കുകയും ചെയ്‌തു.”—ഫിലിപ്പിയർ 4:6, 7.
ഫ്രീഡാ ജയിൽമോചിതയായെങ്കിലും, 1944-ൽ രഹസ്യ പോലീസ് വീണ്ടും അവരെ അറസ്റ്റു ചെയ്‌തു. ഇത്തവണ വാൾട്ട്‌ഹൈം ജയിലിൽ ഏഴു വർഷത്തെ തടവിനാണ് വിധിച്ചത്. ഫ്രീഡാ തുടരുന്നു: “കക്കൂസും മറ്റും ശുചിയാക്കുന്ന ചില സ്‌ത്രീകളോടൊപ്പമാണ് ജയിൽ കാവൽക്കാർ എന്നെ ജോലി ചെയ്യാൻ വിട്ടത്. ഞാൻ മിക്കപ്പോഴും ചെക്കോസ്ലോവാക്യയിൽ നിന്നുള്ള ഒരു അന്തേവാസിയുടെ കൂടെ ജോലി ചെയ്‌തിരുന്നതിനാൽ, യഹോവയെയും എന്റെ വിശ്വാസത്തെയും കുറിച്ച് ഞാൻ അവരോടു ധാരാളം കാര്യങ്ങൾ സംസാരിച്ചു. അത്തരം സംഭാഷണങ്ങൾ എന്നെ ശക്തയാക്കി നിറുത്തി.”
മോചിതയായി—കുറച്ചുകാലത്തേക്കു മാത്രം
സോവിയറ്റ് സേനകൾ 1945 മേയിൽ വാൾട്ട്‌ഹൈം ജയിലിലെ തടവുപുള്ളികളെയെല്ലാം മോചിപ്പിച്ചപ്പോൾ, ഫ്രീഡായ്‌ക്ക് മാഗ്‌ദെബുർഗിലേക്ക് മടങ്ങാനും പരസ്യശുശ്രൂഷ പുനരാരംഭിക്കാനും കഴിഞ്ഞു. എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ല. സാക്ഷികൾ വീണ്ടും വിവേചനത്തിന് ഇരകളായി. എന്നാൽ ഇത്തവണ അത് സോവിയറ്റ് അധിനിവേശ മേഖലയിലെ അധികാരികളിൽനിന്ന് ആയിരുന്നു. സമഗ്രാധിപത്യത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഹാന്നാ-ആറെന്റ്-ഇൻസ്റ്റിറ്റ്യൂട്ടിലെ ജേറാൾട്ട്
ഹാക്കെ എഴുതുന്നു: “ജർമൻ മണ്ണിൽ രണ്ടു സ്വേച്ഛാധിപത്യങ്ങളാലും മിക്കവാറും തുടർച്ചയായി പീഡിപ്പിക്കപ്പെട്ട ഏതാനും സാമൂഹിക കൂട്ടങ്ങളിൽ ഒന്നായിരുന്നു യഹോവയുടെ സാക്ഷികൾ.”എന്തുകൊണ്ടാണ് വീണ്ടും അവരോടു വിവേചനം കാണിച്ചത്? ഇവിടെയും ക്രിസ്‌തീയ നിഷ്‌പക്ഷത തന്നെയായിരുന്നു പ്രധാന കാരണം. 1948-ൽ പൂർവ ജർമനി ഒരു ജനഹിത പരിശോധന നടത്തി, ഹാക്കെ വിശദീകരിക്കുന്ന പ്രകാരം, “[യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെട്ടതിന്റെ] മുഖ്യ കാരണം അവർ അതിൽ പങ്കെടുത്തില്ല എന്നതായിരുന്നു.” 1950 ആഗസ്റ്റിൽ യഹോവയുടെ സാക്ഷികളെ പൂർവ ജർമനിയിൽ നിരോധിച്ചു. ഫ്രീഡാ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അറസ്റ്റു ചെയ്യപ്പെട്ടു.
വീണ്ടും കോടതിൽ ഹാജരാക്കപ്പെട്ട ഫ്രീഡായെ ആറു വർഷത്തെ തടവിനു വിധിച്ചു. “ഇത്തവണ ഞാൻ സഹവിശ്വാസികളോടൊപ്പമായിരുന്നു, അവരുമായുള്ള സഹവാസം വലിയൊരു സഹായമായിരുന്നു.” 1956-ൽ മോചിതയായപ്പോൾ അവർ പശ്ചിമ ജർമനിയിലേക്കു പോയി. 90 വയസ്സുള്ള അവർ ഇപ്പോൾ ഹൂസുമിലാണ് താമസിക്കുന്നത്, അവിടെ അവർ സത്യദൈവമായ യഹോവയെ സേവിക്കുന്നതിൽ തുടരുന്നു.
രണ്ടു സ്വേച്ഛാധിപത്യ ഭരണങ്ങൾക്ക് കീഴിൽ ഫ്രീഡാ 23 വർഷം പീഡനം സഹിച്ചു. “എന്നെ ശാരീരികമായി നശിപ്പിച്ചുകളയാൻ നാസികളും എന്റെ മനോവീര്യം കെടുത്താൻ കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. എനിക്ക് എവിടെനിന്നാണ് ശക്തി ലഭിച്ചത്? സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ നിലനിറുത്തിയ നല്ല ബൈബിൾ പഠനശീലങ്ങൾ, ഏകാന്തതയിൽ ആയിരുന്നപ്പോഴുള്ള നിരന്തര പ്രാർഥന, സഹവിശ്വാസികളോടൊത്ത് സാധ്യമായപ്പോഴൊക്കെയുള്ള സഹവാസം, ഏതൊരവസരത്തിലും എന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കൽ എന്നിവയിലൂടെയാണ് എനിക്ക് അതു ലഭിച്ചത്.”
ഹംഗറിയിലെ ഫാസിസം
യഹോവയുടെ സാക്ഷികൾ ദശാബ്ദങ്ങളോളം വിവേചനം അനുഭവിച്ച വേറൊരു രാജ്യമാണ് ഹംഗറി. ചിലർക്കു രണ്ടല്ല മൂന്നു സമഗ്രാധിപത്യ ഭരണകൂടങ്ങളിൽനിന്നാണു പീഡനം സഹിക്കേണ്ടിവന്നത്. അവരിൽ ഒരാൾ ആദാം സിങ്ങർ ആണ്. ഹംഗറിയിലെ പാക്ഷ് എന്ന പട്ടണത്തിൽ 1922-ൽ ജനിച്ച അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റുകാരനായാണു വളർത്തപ്പെട്ടത്. എന്നാൽ 1937-ൽ ബൈബിൾ വിദ്യാർഥികൾ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചു. ഉടൻതന്നെ അദ്ദേഹം അവരുടെ സന്ദേശത്തിൽ താത്‌പര്യം കാണിച്ചു. തന്റെ സഭയുടെ ഉപദേശങ്ങൾ ബൈബിളധിഷ്‌ഠിതമല്ലെന്ന് ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു ബോധ്യമായി. അതുകൊണ്ട് അദ്ദേഹം പ്രൊട്ടസ്റ്റന്റ് സഭ ഉപേക്ഷിച്ചു. തുടർന്ന് അദ്ദേഹം ബൈബിൾ വിദ്യാർഥികളോടൊപ്പം അവരുടെ പരസ്യ ശുശ്രൂഷയിൽ പങ്കെടുത്തു.
ഹംഗറിയിൽ ഫാസിസം അതിന്റെ പിടി മുറുക്കുകയായിരുന്നു. ആദാം വീടുതോറും പ്രസംഗിക്കുന്നതായി പലതവണ കണ്ട പോലീസുകാർ അദ്ദേഹത്തെ പിടികൂടി ചോദ്യം ചെയ്‌തു. സാക്ഷികളുടെമേലുള്ള സമ്മർദം വർധിച്ചു, അങ്ങനെ 1939-ൽ അവരുടെ പ്രവർത്തനം നിരോധിക്കപ്പെട്ടു. 1942-ൽ ആദാമിനെ അറസ്റ്റു ചെയ്‌തു ജയിലിലേക്കു കൊണ്ടുപോകുകയും കഠിനമായി പ്രഹരിക്കുകയും ചെയ്‌തു. ഉപദ്രവവും മാസങ്ങളോളം നീണ്ടുനിന്ന ജയിൽവാസവും സഹിച്ചു നിൽക്കാൻ 19-കാരനായ അദ്ദേഹത്തെ സഹായിച്ചത് എന്തായിരുന്നു? “വീട്ടിൽ ആയിരുന്നപ്പോൾ ഞാൻ ബൈബിൾ ശ്രദ്ധാപൂർവം പഠിക്കുകയും യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് ആഴമായ ഗ്രാഹ്യം നേടുകയും ചെയ്‌തിരുന്നു.” ജയിലിൽനിന്നു മോചിതനായ ശേഷം മാത്രമാണ് അദ്ദേഹം സ്‌നാപനമേറ്റ് യഹോവയുടെ ഒരു സാക്ഷി ആയിത്തീർന്നത്. 1942 ആഗസ്റ്റ് മാസത്തിലെ ഒരു രാത്രിയിൽ വീടിനടുത്തുള്ള ഒരു നദിയിലായിരുന്നു സ്‌നാപനം.
ഹംഗറിയിലെ ജയിൽ, സെർബിയയിലെ തൊഴിൽപ്പാളയം
രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ, സോവിയറ്റ് യൂണിയന് എതിരായ പോരാട്ടത്തിൽ ജർമനിയോടൊപ്പം ഹംഗറിയും ചേർന്നു. 1942-ലെ ശരത്‌കാലത്ത് ആദാമിനെ നിർബന്ധിത സൈനിക സേവനത്തിനായി തിരഞ്ഞെടുത്തു. അദ്ദേഹം പറയുന്നു: “ബൈബിളിൽനിന്നു പഠിച്ചിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, എനിക്കു സൈന്യത്തിൽ സേവിക്കാനാവില്ലെന്നു ഞാൻ പറഞ്ഞു. ഞാൻ എന്റെ നിഷ്‌പക്ഷ നിലപാടു വ്യക്തമാക്കി.” അദ്ദേഹത്തെ 11 വർഷത്തെ തടവിനു വിധിച്ചു. എന്നാൽ, ആദാമിന് അധികനാൾ ഹംഗറിയിൽ കഴിയേണ്ടിവന്നില്ല.
യഹോവയുടെ സാക്ഷികളായ 160-ഓളം പേരെ പലയിടങ്ങളിൽനിന്നായി പിടിച്ച് പത്തേമാരികളിലാക്കി ഡാന്യൂബ് നദിയിലൂടെ സെർബിയയിലേക്കു നാടുകടത്തി. 1943-ൽ ആയിരുന്നു അത്. ആദാമും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സെർബിയയിലെത്തിയ ഈ തടവുകാർ ഹിറ്റ്‌ലറിന്റെ മൂന്നാം റൈക്കിന്റെ നിയന്ത്രണത്തിൻ കീഴിലായിരുന്നു. ബോർ എന്ന സ്ഥലത്തെ തൊഴിൽപ്പാളയത്തിൽ പാർപ്പിച്ച അവരെ ചെമ്പു ഖനിയിൽ നിർബന്ധമായി പണിയെടുപ്പിച്ചു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് അവരെ തിരിച്ച് ഹംഗറിയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് 1945-ലെ വസന്തകാലത്ത് സോവിയറ്റ് സേന ആദാമിനെ മോചിപ്പിച്ചു.
ഹംഗറി കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിൻ കീഴിൽ
എന്നാൽ സ്വാതന്ത്ര്യം അധികനാൾ നീണ്ടുനിന്നില്ല. 1940-കളുടെ അവസാനത്തോടെ, ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് അധികാരികൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളുടെമേൽ നിയന്ത്രണം ഏർപ്പെടുത്തി, യുദ്ധത്തിനു മുമ്പ് ഫാസിസ്റ്റുകൾ ചെയ്‌തിരുന്നതുപോലെതന്നെ. 1952-ൽ, വീണ്ടും സൈനിക സേവനം നിരസിച്ച ആദാമിനെ അറസ്റ്റുചെയ്‌ത് കുറ്റംചുമത്തി. 29 വയസ്സുണ്ടായിരുന്ന അദ്ദേഹം അപ്പോൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. ആദാം കോടതി മുമ്പാകെ ഇങ്ങനെ ബോധിപ്പിച്ചു: “ഞാൻ സൈനിക സേവനം നിരസിക്കുന്നത്
ഇത് ആദ്യമായല്ല. ഇതേ കാരണത്താൽത്തന്നെയാണ് യുദ്ധകാലത്ത് എന്നെ തടവിലാക്കുകയും സെർബിയയിലേക്കു നാടുകടത്തുകയും ചെയ്‌തത്. മനസ്സാക്ഷിപരമായ കാരണത്താൽ ഞാൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. രാഷ്‌ട്രീയമായി ഞാൻ നിഷ്‌പക്ഷനായി നിലകൊള്ളുന്നു.” ആദാമിന് എട്ടു വർഷത്തെ തടവാണു വിധിച്ചതെങ്കിലും പിന്നീട് അതു നാലു വർഷമായി കുറച്ചു.ആദാം 1970-കളുടെ മധ്യം വരെ, അതായത്, ബൈബിൾ വിദ്യാർഥികൾ ആദാമിന്റെ ഭവനത്തിൽ ആദ്യ സന്ദർശനം നടത്തിയശേഷം 35-ലേറെ വർഷക്കാലം, വിവേചനത്തിന് ഇരയായി. അത്രയും കാലത്തിനിടയ്‌ക്ക്, ആറു കോടതികളിൽനിന്നായി അദ്ദേഹത്തിന് 23 വർഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു, കുറഞ്ഞപക്ഷം പത്ത് ജയിലുകളിലും പാളയങ്ങളിലും അദ്ദേഹം കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് ഹംഗറിയിലെ ഫാസിസ്റ്റുകൾ, സെർബിയയിലെ ജർമൻ നാഷണൽ സോഷ്യലിസ്റ്റുകൾ, ശീതയുദ്ധകാലത്തെ ഹംഗറിയിലെ കമ്മ്യൂണിസ്റ്റുകൾ എന്നീ മൂന്നു ഭരണകൂടങ്ങൾക്കു കീഴിലെ പീഡന പരമ്പരയ്‌ക്ക് അദ്ദേഹം ഇരയായി.
സ്വന്തം പട്ടണമായ പാക്ഷിലാണ് ആദാം ഇപ്പോഴും താമസിക്കുന്നത്. അദ്ദേഹം ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നു. അസാധാരണമായ എന്തെങ്കിലും കഴിവുകൾ ഉള്ളതുകൊണ്ടാണോ അദ്ദേഹത്തിന് ബുദ്ധിമുട്ടുകളെ ഇത്ര വിജയകരമായി തരണം ചെയ്യാൻ കഴിഞ്ഞത്? അല്ല. അദ്ദേഹം വിശദീകരിക്കുന്നു:
“ബൈബിൾ പഠനം, പ്രാർഥന, സഹവിശ്വാസികളുമായുള്ള സഹവാസം എന്നിവ മർമപ്രധാനമായ കാര്യങ്ങളായിരുന്നു. എന്നാൽ, മറ്റ് രണ്ടു സംഗതികൾ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, ശക്തിയുടെ ഉറവ് യഹോവയാണ്. അവനുമായുള്ള അടുത്ത ബന്ധമാണ് അതിജീവിക്കാൻ എന്നെ സഹായിച്ചത്. രണ്ടാമതായി, ‘നിങ്ങൾ തന്നേ പ്രതികാരം ചെയ്യരുത്’ എന്നു പ്രസ്‌താവിക്കുന്ന റോമർ 12-ാം അധ്യായം ഞാൻ എല്ലായ്‌പോഴും മനസ്സിൽ അടുപ്പിച്ചു നിറുത്തിയിരുന്നു. അതുകൊണ്ട് ഞാൻ ഒരിക്കലും വിദ്വേഷം വെച്ചുപുലർത്തിയില്ല. എന്നെ പീഡിപ്പിച്ചവരോടു പ്രതികാരം ചെയ്യാനുള്ള നിരവധി സന്ദർഭങ്ങൾ എനിക്കു ലഭിച്ചു, എന്നാൽ ഞാൻ ഒരിക്കലും അതു ചെയ്‌തില്ല. യഹോവ നൽകുന്ന ശക്തിയെ തിന്മയ്‌ക്ക് പകരം തിന്മ ചെയ്യാനായി നാം ഉപയോഗിക്കരുത്.”
പീഡനങ്ങൾക്കെല്ലാം അന്ത്യം
ഫ്രീഡായ്‌ക്കും ആദാമിനും ഇപ്പോൾ ഒരു പ്രതിബന്ധവുമില്ലാതെ യഹോവയെ ആരാധിക്കാൻ കഴിയുന്നു. എങ്കിലും, അവരുടേതുപോലുള്ള അനുഭവങ്ങൾ മതപീഡനം സംബന്ധിച്ച് എന്താണു വെളിപ്പെടുത്തുന്നത്? അത്തരം പീഡനങ്ങൾ പരാജയമാണെന്ന്—കുറഞ്ഞപക്ഷം അവ യഥാർഥ ക്രിസ്‌ത്യാനികളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ. ധാരാളം ചെലവു ചെയ്‌ത് യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചെങ്കിലും അത് അവർക്കു കൊടിയ യാതനകൾ വരുത്തിവെച്ചന്നല്ലാതെ അതിന്റെ ഉദ്ദേശ്യം നിറവേറിയില്ല. ഒരുകാലത്ത് രണ്ടു വൻ സ്വേച്ഛാധിപത്യ ഗവണ്മെന്റുകൾ ഭരണം നടത്തിയിരുന്ന യൂറോപ്പിൽ ഇപ്പോൾ യഹോവയുടെ സാക്ഷികൾ തഴച്ചുവളരുകയാണ്.
പീഡനത്തോട് സാക്ഷികൾ എങ്ങനെയാണു പ്രതികരിച്ചത്? ഫ്രീഡായുടെയും ആദാമിന്റെയും അനുഭവങ്ങൾ കാണിക്കുന്നതുപോലെ, അവർ പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കി: “തിന്മയോടു തോല്‌ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.” (റോമർ 12:21) നന്മയ്‌ക്ക് യഥാർഥത്തിൽ തിന്മയുടെ മേൽ ജയം നേടാൻ സാധിക്കുമോ? തീർച്ചയായും. അത് ദൈവത്തിലുള്ള ശക്തമായ വിശ്വാസത്തിൽനിന്ന് ഉടലെടുക്കുന്നതാണെങ്കിൽ സാധിക്കും. യൂറോപ്പിലെ പീഡനത്തിന്മേലുള്ള യഹോവയുടെ സാക്ഷികളുടെ വിജയം ദൈവാത്മാവിന്റെ വിജയമായിരുന്നു. താഴ്‌മയുള്ള ക്രിസ്‌ത്യാനികളിൽ പരിശുദ്ധാത്മാവ് ഉളവാക്കുന്ന വിശ്വാസം നന്മ ചെയ്യാനുള്ള ഒരു പ്രേരകശക്തിയായി അവരിൽ വർത്തിച്ചതിന്റെ തെളിവായിരുന്നു അത്. (ഗലാത്യർ 5:22, 23, NW) അക്രമാസക്തമായ ഈ ലോകത്തിൽ എല്ലാവർക്കും പഠിക്കാനാകുന്ന ഒരു പാഠമാണ് അത്.
[5 -ാം പേജിലെ ചിത്രങ്ങൾ]
ഫ്രീഡാ യെസ് (ഇപ്പോൾ തിയെലെ), അറസ്റ്റിലായ സമയത്തും ഇപ്പോഴും
[7 -ാം പേജിലെ ചിത്രങ്ങൾ]
ആദാം സിങ്ങർ, തടവിലായിരുന്നപ്പോഴും ഇപ്പോഴും