വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാമത്‌ രാജ്യം അന്വേഷിക്കൽ​—⁠സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ജീവിതഗതി

ഒന്നാമത്‌ രാജ്യം അന്വേഷിക്കൽ​—⁠സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ജീവിതഗതി

ജീവിത കഥ

ഒന്നാമത്‌ രാജ്യം അന്വേഷിക്കൽ​—⁠സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ജീവിതഗതി

ജെത്ത സുനൽ പറഞ്ഞപ്രകാരം

ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ റേഡിയോയിൽ ഒരു അറിയിപ്പു മുഴങ്ങി: “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമവിരുദ്ധമാണ്‌, അതു നിരോധിച്ചിരിക്കുന്നു.”

അത്‌ 1950-ൽ ആയിരുന്നു. 20-കളിലായിരുന്ന ഞങ്ങൾ നാല്‌ യുവതികൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികളുടെ മിഷനറിമാർ ആയി സേവിക്കുന്ന കാലം. തലേ വർഷമായിരുന്നു ഞങ്ങൾ അവിടെ എത്തിയത്‌.

മിഷനറി സേവനം തുടക്കം മുതലേ എന്റെ ജീവിത ലക്ഷ്യമായിരുന്നെന്ന്‌ പറയാൻ സാധിക്കില്ല. കുട്ടിയായിരുന്നപ്പോൾ ഞാൻ പള്ളിയിൽ പോയിരുന്നു എന്നതു ശരിയാണ്‌. എന്നാൽ ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ ഡാഡി പള്ളിയിൽ പോകുന്നതു നിറുത്തി. 1933-ൽ എന്നെ എപ്പിസ്‌കോപ്പൽ സഭാംഗമാക്കുന്നതിനുള്ള സ്ഥിരീകരണ ചടങ്ങിൽ ബിഷപ്പ്‌ ബൈബിളിൽനിന്ന്‌ വായിച്ചത്‌ ഒരേയൊരു വാക്യമായിരുന്നു. തുടർന്ന്‌ അദ്ദേഹം രാഷ്‌ട്രീയം പ്രസംഗിക്കാൻ തുടങ്ങി. അതിൽ മമ്മിക്കു വല്ലാതെ ദേഷ്യം തോന്നി. അതിനുശേഷം മമ്മി പള്ളിയുടെ പടി ചവിട്ടിയിട്ടില്ല.

ഞങ്ങളുടെ ജീവിതഗതിക്കു മാറ്റം വരുന്നു

വില്ല്യം കാൾ ആഡംസ്‌ എന്നായിരുന്നു എന്റെ ഡാഡിയുടെ പേര്‌, മമ്മിയുടെ പേര്‌ മേരി. അവരുടെ അഞ്ച്‌ കുട്ടികളിൽ മൂത്തതായിരുന്നു ഞാൻ. ആൺകുട്ടികളുടെ പേരുകൾ ഡോൺ, ജോയൽ, കാൾ. എന്റെ സഹോദരി ജോയി ആയിരുന്നു ഏറ്റവും ഇളയത്‌. ഒരു ദിവസം ഞാൻ സ്‌കൂളിൽനിന്നു വരുമ്പോൾ​—⁠അന്ന്‌ എനിക്ക്‌ 13 വയസ്സു കാണും​—⁠മമ്മി യഹോവയുടെ സാക്ഷികളുടെ ഒരു ചെറുപുസ്‌തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജ്യം, ലോകത്തിന്റെ പ്രത്യാശ (ഇംഗ്ലീഷ്‌) എന്നായിരുന്നു അതിന്റെ പേര്‌. “ഇതാണു സത്യം,” മമ്മി എന്നോടു പറഞ്ഞു.

ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ മമ്മി ഞങ്ങളോടു പറയുമായിരുന്നു. വാക്കിനാലും പ്രവൃത്തിയാലും ‘ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിക്കാനുള്ള’ യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ പ്രാധാന്യം മമ്മി ഞങ്ങൾക്കു വ്യക്തമാക്കി തന്നു.​—⁠മത്തായി 6:33, NW.

എന്നാൽ മമ്മി പറഞ്ഞ കാര്യങ്ങളോടു ഞാൻ എല്ലായ്‌പോഴും വിലമതിപ്പു കാട്ടിയിരുന്നില്ല. ഒരിക്കൽ ഞാൻ പറഞ്ഞു: “മമ്മി, ഈ പ്രസംഗം ഒന്നു നിറുത്താമോ? അല്ലെങ്കിൽ ഇനി ഞാൻ പാത്രങ്ങൾ തുടച്ചുതരില്ല.” എന്നാൽ മമ്മി തുടർന്നും ഞങ്ങളോടു നയപൂർവം സംസാരിച്ചിരുന്നു. ക്ലാര റൈയൻ എന്ന സ്‌ത്രീയുടെ വീട്ടിൽവെച്ച്‌ നടന്നിരുന്ന ബൈബിൾ യോഗങ്ങൾക്ക്‌ മമ്മി ഞങ്ങൾ കുട്ടികളെ എല്ലാവരെയും ക്രമമായി കൊണ്ടുപോയിരുന്നു. യു.എ⁠സ്‌.എ.-യിലെ ഇല്ലിനോയ്‌സിലുള്ള എൽമ്‌ഹർസ്റ്റിലെ ഞങ്ങളുടെ വീട്ടിൽനിന്ന്‌ അങ്ങോട്ട്‌ നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.

ക്ലാര പിയാനോ പഠിപ്പിച്ചിരുന്നു. എല്ലാ വർഷവും തന്റെ വിദ്യാർഥികൾ നടത്തിയിരുന്ന പൊതു സംഗീത പരിപാടികൾ ദൈവരാജ്യത്തെയും പുനരുത്ഥാന പ്രത്യാശയെയും കുറിച്ചു സംസാരിക്കാനുള്ള അവസരങ്ങളായി അവർ ഉപയോഗിച്ചിരുന്നു. ഏഴു വയസ്സ്‌ ഉള്ളപ്പോൾ മുതൽ വയലിൻ പഠിച്ചിരുന്ന എനിക്ക്‌ സംഗീതത്തിൽ വലിയ താത്‌പര്യമായിരുന്നു. അതുകൊണ്ട്‌ ക്ലാര പറഞ്ഞ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു.

താമസിയാതെ, ഞങ്ങൾ കുട്ടികൾ മമ്മിയോടൊപ്പം ഷിക്കാഗോയുടെ പടിഞ്ഞാറെ ഭാഗത്ത്‌ നടത്തപ്പെട്ടിരുന്ന സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ബസ്സിലും ട്രാമിലുമായി ദീർഘദൂരം യാത്ര ചെയ്യേണ്ടിയിരുന്നു. എന്നാൽ ഒന്നാമത്‌ രാജ്യം അന്വേഷിക്കാൻ ഞങ്ങൾക്കു ചെറുപ്പത്തിൽ ലഭിച്ച പരിശീലനത്തിന്റെ ഭാഗമായിരുന്നു അത്‌. മമ്മി സ്‌നാപനമേറ്റ്‌ മൂന്നു വർഷത്തിനുശേഷം 1938-ൽ ഷിക്കാഗോയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനു ഞാൻ മമ്മിയോടൊപ്പം പോയി. റേഡിയോ-ടെലിഫോൺ വഴി ബന്ധിപ്പിച്ചിരുന്ന 50 നഗരങ്ങളിൽ ഒന്നായിരുന്നു അത്‌. അവിടെവെച്ച്‌ ഞാൻ കേട്ട കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശിച്ചു.

എന്നാൽ സംഗീതത്തോടുള്ള എന്റെ സ്‌നേഹവും വളരെ ശക്തമായിരുന്നു. 1938-ൽ ഞാൻ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി. ഡാഡി എന്നെ ഷിക്കാഗോയിലെ അമേരിക്കൻ സംഗീത വിദ്യാലയത്തിൽ ചേർത്തു. അതുകൊണ്ട്‌ അടുത്ത രണ്ടു വർഷം ഞാൻ സംഗീതം പഠിക്കുകയും രണ്ട്‌ ഓർക്കസ്‌ട്രാകളിൽ പങ്കെടുക്കുകയും ചെയ്‌തു. സംഗീത രംഗത്ത്‌ തുടർന്നാലോ എന്നു ഞാൻ ചിന്തിച്ചു.

എന്റെ വയലിൻ അധ്യാപകനായ ഹെർബർട്ട്‌ ബട്‌ലർ യൂറോപ്പിൽനിന്ന്‌ ഐക്യനാടുകളിലേക്ക്‌ കുടിയേറിയ ആളായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം വായിച്ചേക്കുമെന്നു കരുതി ഞാൻ അഭയാർഥികൾ * (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം അതു വായിച്ചു. പിറ്റേ ആഴ്‌ചത്തെ ക്ലാസ്സിനു ശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “ജെത്ത, നീ നന്നായി വയലിൻ വായിക്കുന്നുണ്ട്‌. പഠനം തുടരുകയാണെങ്കിൽ നിനക്ക്‌ ഒരു റേഡിയോ ഓർക്കസ്‌ട്രയിലോ സംഗീത അധ്യാപിക ആയിട്ടോ ജോലി ലഭിക്കും.” എന്നിട്ട്‌, ഞാൻ കൊടുത്ത ചെറുപുസ്‌തകത്തിലൂടെ മെല്ലെ വിരലോടിച്ചുകൊണ്ട്‌ അദ്ദേഹം തുടർന്നു, “എന്നാൽ നിന്റെ ഹൃദയം യഥാർഥത്തിൽ ഇതിലാണെന്ന്‌ എനിക്കു തോന്നുന്നു. എങ്കിൽ എന്തുകൊണ്ട്‌ നിന്റെ ജീവിതം ഇതിനുവേണ്ടി ഉഴിഞ്ഞുവെച്ചുകൂടാ?”

അദ്ദേഹം പറഞ്ഞതിനെ കുറിച്ചു ഞാൻ ഗൗരവപൂർവം ചിന്തിച്ചു. സംഗീത വിദ്യാലയത്തിലെ പഠനം തുടരുന്നതിനു പകരം മമ്മിയുടെ ക്ഷണം സ്വീകരിച്ച്‌ 1940 ജൂലൈയിൽ ഞാൻ മിഷിഗണിലെ ഡിട്രൊയിറ്റിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനു പോയി. ട്രെയിലർ സിറ്റിയിൽ സ്ഥാപിച്ചിരുന്ന കൂടാരങ്ങളിലാണു ഞങ്ങൾ താമസിച്ചത്‌. ഞാൻ എന്റെ വയലിൻ കൂടെ കൊണ്ടുപോയിരുന്നു. കൺവെൻഷൻ ഓർക്കസ്‌ട്രയിൽ ചേർന്ന്‌ ഞാൻ വയലിൻ വായിച്ചു. ട്രെയിലർ സിറ്റിയിൽ ഞാൻ അനേകം പയനിയർമാരെ (മുഴുസമയ സുവിശേഷ പ്രസംഗകർ) കണ്ടുമുട്ടി. അവരെല്ലാം വളരെ സന്തുഷ്ടരായിരുന്നു. അതോടെ സ്‌നാപനമേൽക്കാനും പയനിയർ സേവനത്തിന്‌ അപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു. ജീവിതകാലം മുഴുവനും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ എന്നെ സഹായിക്കേണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു.

എന്റെ പട്ടണത്തിൽത്തന്നെയാണ്‌ ഞാൻ പയനിയറിങ്‌ തുടങ്ങിയത്‌. പിന്നീട്‌ ഷിക്കാഗോയിൽ സേവിച്ചു. 1943-ൽ ഞാൻ കെന്റക്കിയിലേക്കു പോയി. ആ വേനൽക്കാലത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ തൊട്ടുമുമ്പ്‌ ഗിലെയാദ്‌ സ്‌കൂളിന്റെ രണ്ടാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. അവിടെ മിഷനറി പ്രവർത്തനത്തിനുള്ള പരിശീലനം എനിക്കു ലഭിക്കുമായിരുന്നു. 1943 സെപ്‌റ്റംബറിലാണ്‌ ക്ലാസ്‌ തുടങ്ങാനിരുന്നത്‌.

കൺവെൻഷനു പോയപ്പോൾ ഞാൻ താമസിച്ച വീട്ടിലെ സഹോദരി അവരുടെ മകളുടെ വസ്‌ത്രങ്ങളിൽനിന്ന്‌ എനിക്ക്‌ ഇഷ്ടമുള്ളത്‌ എല്ലാം എടുത്തുകൊള്ളാൻ എന്നോടു പറഞ്ഞു. സഹോദരിയുടെ മകൾ പട്ടാളത്തിൽ ചേർന്നിരുന്നതിനാൽ തന്റെ സാധനങ്ങളെല്ലാം ആർക്കെങ്കിലും കൊടുത്തേക്കാൻ അവൾ അമ്മയോടു പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്‌ “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, [മറ്റു] വസ്‌തുക്കളെല്ലാം നിങ്ങളോടു ചേർക്കപ്പെടും” എന്ന യേശുവിന്റെ വാഗ്‌ദാനത്തിന്റെ നിവൃത്തിയായിരുന്നു. (മത്തായി 6:​33, NW) ഗിലെയാദിലെ അഞ്ചു മാസം പെട്ടെന്നു കടന്നുപോയി. 1944 ജനുവരി 31-ന്‌ ബിരുദം നേടിയ ശേഷം ഞാൻ മിഷനറി സേവനത്തിൽ പ്രവേശിക്കാനായി ആകാംക്ഷാപൂർവം കാത്തിരുന്നു.

അവരും മുഴുസമയ സേവനം തിരഞ്ഞെടുത്തു

മമ്മി 1942-ൽ പയനിയറിങ്‌ തുടങ്ങിയിരുന്നു. എന്റെ മൂന്ന്‌ ആങ്ങളമാരും അനുജത്തിയും അപ്പോഴും സ്‌കൂളിൽ പഠിക്കുകയായിരുന്നു. പലപ്പോഴും സ്‌കൂൾ വിട്ടശേഷം മമ്മി അവരെയും കൂട്ടി വയൽസേവനത്തിനു പോകുമായിരുന്നു. വീട്ടുജോലികളിൽ സഹായിക്കാനും മമ്മി അവരെ പഠിപ്പിച്ചു. മമ്മിതന്നെ നല്ല മാതൃക വെച്ചു. മമ്മി മിക്കപ്പോഴും വളരെ വൈകിയാണ്‌ ഉറങ്ങിയിരുന്നത്‌. പകൽ സമയം വയൽസേവനത്തിനു പോകാൻ കഴിയേണ്ടതിന്‌ തുണി തേക്കുന്നത്‌ ഉൾപ്പെടെയുള്ള അത്യാവശ്യ ജോലികളെല്ലാം രാത്രിയിൽത്തന്നെ ചെയ്‌തു തീർത്തിരുന്നു.

അങ്ങനെയിരിക്കെ 1943 ജനുവരിയിൽ, ഞാൻ കെന്റക്കിയിൽ പയനിയറിങ്‌ ചെയ്‌തുകൊണ്ടിരുന്ന സമയത്ത്‌ എന്റെ സഹോദരൻ ഡോണും പയനിയറിങ്‌ തുടങ്ങി. ഇതു ഡാഡിയെ നിരാശപ്പെടുത്തി. കാരണം ഡാഡിയെയും മമ്മിയെയും പോലെ ഞങ്ങൾ കുട്ടികൾ എല്ലാവരും കോളെജ്‌ വിദ്യാഭ്യാസം നേടണം എന്നതായിരുന്നു ഡാഡിയുടെ ആഗ്രഹം. രണ്ടു വർഷത്തോളം പയനിയറിങ്‌ ചെയ്‌തശേഷം ഡോണിന്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ മുഴുസമയ സേവനം തുടരാനുള്ള ക്ഷണം ലഭിച്ചു.

ജോയൽ 1943 ജൂണിൽ പയനിയറിങ്‌ തുടങ്ങി. വീട്ടിൽത്തന്നെ താമസിച്ചാണ്‌ അവൻ പയനിയറിങ്‌ ചെയ്‌തത്‌. ആ സമയത്ത്‌ ഡാഡിയെ ഒരു കൺവെൻഷനു കൊണ്ടുപോകാൻ ജോയൽ ആകുന്നത്ര ശ്രമിച്ചിട്ടും വിജയിച്ചില്ല. എന്നാൽ ജോയലിന്‌ തന്റെ പ്രദേശത്തെങ്ങും ഒരു ബൈബിളധ്യയനം കിട്ടാതെ വന്നപ്പോൾ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽനിന്ന്‌ തന്നെ പഠിപ്പിക്കാൻ ഡാഡി ജോയലിനെ അനുവദിച്ചു. ചോദ്യങ്ങൾക്കൊക്കെ ഡാഡി പെട്ടെന്ന്‌ ഉത്തരം പറയുമായിരുന്നെങ്കിലും പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക്‌ തിരുവെഴുത്തുകളിൽനിന്നുള്ള തെളിവ്‌ കാണണമെന്ന കാര്യത്തിൽ അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതു ബൈബിൾ സത്യങ്ങൾ സ്വന്തമാക്കാൻ ജോയലിനെ സഹായിച്ചു.

ഡോണിന്‌ നൽകിയതു പോലെ സെലക്‌റ്റീവ്‌ സർവീസ്‌ ബോർഡ്‌ തനിക്കും ശുശ്രൂഷകനെന്ന നിലയിൽ പട്ടാള സേവനത്തിൽനിന്ന്‌ ഒഴിവു നൽകുമെന്നാണ്‌ ജോയൽ കരുതിയത്‌. എന്നാൽ ജോയൽ വളരെ ചെറുപ്പമാണെന്നു കണ്ടപ്പോൾ അവനെ ശുശ്രൂഷകരുടെ പട്ടികയിൽ പെടുത്താൻ ബോർഡ്‌ വിസമ്മതിക്കുകയും പട്ടാള സേവനത്തിന്‌ റിപ്പോർട്ടു ചെയ്യാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയയ്‌ക്കുകയും ചെയ്‌തു. അവൻ അതിനു വിസമ്മതിച്ചപ്പോൾ അവർ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. എഫ്‌ബിഐ കണ്ടുപിടിച്ചതിനെ തുടർന്ന്‌ അറസ്റ്റിലായ അവൻ മൂന്നു ദിവസം കുക്ക്‌ കൗൺടി ജയിലിൽ കഴിച്ചുകൂട്ടി.

ഞങ്ങളുടെ വീട്‌ ജാമ്യംവെച്ച്‌ ഡാഡി ജോയലിനെ പുറത്തിറക്കി. പിന്നീട്‌ സമാനമായ സാഹചര്യത്തിലായിരുന്ന മറ്റു യുവ സാക്ഷികൾക്കു വേണ്ടിയും ഡാഡി അതുതന്നെ ചെയ്‌തു. അധികാരികളുടെ അന്യായമായ പ്രവർത്തനം ഡാഡിയെ രോഷാകുലനാക്കി. അപ്പീലിനെ കുറിച്ച്‌ അന്വേഷിക്കാനായി ഡാഡി ജോയലിനെയും കൂട്ടി വാഷിങ്‌ടൺ ഡി.സി.-യിൽ പോയി. ഒടുവിൽ ജോയലിനെ ശുശ്രൂഷകനായി അംഗീകരിച്ചുകൊണ്ട്‌ കേസ്‌ തള്ളി. മിഷനറി നിയമന സ്ഥലത്തായിരുന്ന എനിക്ക്‌ ഡാഡി എഴുതി, “ഈ വിജയത്തിന്റെ ബഹുമതി യഹോവയ്‌ക്കാണു പോകേണ്ടതെന്ന്‌ എനിക്കു തോന്നുന്നു!” 1946 ആഗസ്റ്റ്‌ അവസാനമായപ്പോഴേക്കും ജോയലിനും ബ്രുക്ലിനിലെ ലോകാസ്ഥാനത്ത്‌ സേവിക്കാനുള്ള ക്ഷണം കിട്ടി.

സ്‌കൂൾ അവധിക്കാലത്ത്‌ പലപ്പോഴും കാൾ പയനിയറിങ്‌ ചെയ്‌തിരുന്നു. 1947-ന്റെ തുടക്കത്തിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ അവൻ സാധാരണ പയനിയർ സേവനം ആരംഭിച്ചു. ഡാഡിയുടെ ആരോഗ്യം ക്ഷയിച്ചു വരികയായിരുന്നതിനാൽ മറ്റൊരു സ്ഥലത്ത്‌ പയനിയർ നിയമനം സ്വീകരിക്കുന്നതിനു മുമ്പ്‌ കുറച്ചു കാലം വീട്ടിൽത്തന്നെ നിന്ന്‌ കാൾ ഡാഡിയെ ബിസിനസ്സിൽ സഹായിച്ചു. 1947 അവസാനം കാൾ ഡോണിനോടും ജോയലിനോടും ഒപ്പം ബ്രുക്ലിൻ ലോകാസ്ഥാനത്ത്‌ ബെഥേൽ കുടുംബാംഗം എന്ന നിലയിൽ സേവിക്കാൻ തുടങ്ങി.

ഹൈസ്‌കൂൾ പൂർത്തിയാക്കിയ ശേഷം ജോയിയും പയനിയറിങ്‌ തുടങ്ങി. 1951-ൽ അവൾ ബെഥേൽ സേവനത്തിൽ തന്റെ ആങ്ങളമാരോടൊപ്പം ചേർന്നു. ഹൗസ്‌കീപ്പിങ്ങിലും വരിസംഖ്യാ ഡിപ്പാർട്ടുമെന്റിലുമാണ്‌ അവൾ സേവിച്ചിരുന്നത്‌. 1955-ൽ ബെഥേൽ കുടുംബത്തിലെ മറ്റൊരു അംഗമായിരുന്ന റോജർ മോർഗനെ അവൾ വിവാഹം കഴിച്ചു. ഏകദേശം ഏഴു വർഷംകഴിഞ്ഞ്‌ സ്വന്തമായി ഒരു കുടുംബം ഉണ്ടായിരിക്കാൻ തീരുമാനിച്ചുകൊണ്ട്‌ അവർ ബെഥേലിൽനിന്നു പോയി. കാലക്രമത്തിൽ അവർ യഹോവയെ സേവിക്കുന്ന രണ്ടു മക്കളെ വളർത്തി വലുതാക്കി.

മക്കൾ എല്ലാവരും മുഴുസമയ സേവനത്തിൽ ആയിരുന്നപ്പോൾ മമ്മി നൽകിയ പ്രോത്സാഹനത്തിന്റെ ഫലമായി ഡാഡിയും തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. 1952-ൽ അദ്ദേഹം സ്‌നാപനമേറ്റു. മരിക്കുന്നതു വരെ 15 വർഷത്തോളം, രാജ്യസത്യം മറ്റുള്ളവരുമായി പങ്കിടുന്നതിൽ ഡാഡി വളരെ ശുഷ്‌കാന്തി പ്രകടമാക്കി. രോഗം നിമിത്തം അദ്ദേഹത്തിനു പരിമിതികൾ ഉണ്ടായിരുന്നെങ്കിലും സുവാർത്ത പങ്കുവെക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിൽ ഡാഡി അതിവിദഗ്‌ധനായിരുന്നു.

ഡാഡിയുടെ അസുഖം കാരണം അൽപ്പകാലത്തേക്കു പയനിയറിങ്‌ നിറുത്തേണ്ടി വന്നെങ്കിലും മമ്മി പിന്നീട്‌ അതു പുനരാരംഭിക്കുകയും തന്റെ മരണം വരെ അതു തുടരുകയും ചെയ്‌തു. മമ്മിക്ക്‌ കാറോ സൈക്കിളോ ഒന്നും ഉണ്ടായിരുന്നില്ല. പൊക്കംകുറഞ്ഞ ആളായിരുന്നു മമ്മി. ബൈബിളധ്യയനങ്ങൾ നടത്താനായി ഉൾപ്രദേശങ്ങളിലേക്കു പോലും മമ്മി സ്ഥിരം നടന്നാണ്‌ പോയിരുന്നത്‌.

മിഷനറി വയലിലേക്ക്‌

ഗിലെയാദ്‌ സ്‌കൂളിൽനിന്നു ബിരുദം നേടിയ ശേഷം ആവശ്യമായ യാത്രാ രേഖകൾ ശരിയാകുന്നതു വരെ ഞങ്ങൾ കുറേപ്പേർ ന്യൂയോർക്ക്‌ നഗരത്തിനു വടക്കുള്ള ഒരു പ്രദേശത്ത്‌ ഒരു വർഷം പയനിയറിങ്‌ ചെയ്‌തു. ഒടുവിൽ 1945-ൽ ഞങ്ങൾ നിയമനസ്ഥലമായ ക്യൂബയിലേക്കു തിരിച്ചു. ക്രമേണ പുതിയ ജീവിതരീതിയുമായി ഞങ്ങൾ പൊരുത്തപ്പെട്ടു. പ്രസംഗ പ്രവർത്തനത്തോടുള്ള ആളുകളുടെ പ്രതികരണം നല്ലതായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾക്ക്‌ എല്ലാവർക്കും അനേകം ബൈബിളധ്യയനങ്ങൾ ലഭിച്ചു. ഏതാനും വർഷം അവിടെ സേവിച്ച ശേഷം ഞങ്ങളെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു നിയമിച്ചു. ഒരു ദിവസം ഞാൻ കണ്ടുമുട്ടിയ ഒരു സ്‌ത്രീ ബൈബിൾ അറിയാൻ ആഗ്രഹമുള്ള സൂസാൻ എൻഫ്രോയ്‌ എന്ന അവരുടെ പരിചയക്കാരിയായ ഒരു ഫ്രഞ്ചു വനിതയെ കണ്ടു സംസാരിക്കണമെന്ന്‌ എന്നോടു പറഞ്ഞു.

സൂസാൻ യഹൂദ മതവിശ്വാസിയായിരുന്നു. ഹിറ്റ്‌ലർ ഫ്രാൻസ്‌ ആക്രമിച്ചപ്പോൾ അവരുടെ ഭർത്താവ്‌ സൂസാനെയും അവരുടെ രണ്ടു മക്കളെയും മറ്റൊരു രാജ്യത്തേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. സൂസാൻ പെട്ടെന്നുതന്നെ താൻ മനസ്സിലാക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. സൂസാനോടു സംസാരിക്കണമെന്ന്‌ എന്നോടു പറഞ്ഞ സ്‌ത്രീയുമായി സൂസാൻ ആദ്യം സത്യം പങ്കുവെച്ചു. പിന്നീട്‌ ഫ്രാൻസിൽനിന്നുള്ള ഒരു സുഹൃത്തായ ബ്ലാൻഷുമായും. ഇരുവരും സ്‌നാപനത്തിന്റെ പടിയിലേക്കു പുരോഗമിച്ചു.

“എന്റെ മക്കളെ എനിക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?” സൂസാൻ എന്നോടു ചോദിച്ചു. മകൻ മെഡിസിനു പഠിക്കുകയായിരുന്നു. മകളാണെങ്കിൽ ന്യൂയോർക്കിലെ റേഡിയോ സിറ്റി മ്യൂസിക്‌ ഹാളിൽ നൃത്തം അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിൽ ബാലേ നൃത്തം പഠിക്കുകയായിരുന്നു. സൂസാൻ രണ്ടു പേർക്കും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ അയച്ചുകൊടുത്തു. അതിന്റെ ഫലമായി സൂസാന്റെ മകനും ഭാര്യയും ഭാര്യയുടെ ഇരട്ട സഹോദരിയും സാക്ഷികളായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഗവണ്മെന്റ്‌ അതിനോടകം യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരുന്നതിനാൽ തന്റെ ഭാര്യ അവരിൽ താത്‌പര്യം കാണിക്കുന്നതിൽ സൂസാന്റെ ഭർത്താവ്‌ ല്വി ഉത്‌കണ്‌ഠാകുലനായിരുന്നു. എന്നാൽ മുഴു കുടുംബവും ഐക്യനാടുകളിലേക്ക്‌ താമസം മാറിയ ശേഷം കാലക്രമത്തിൽ അദ്ദേഹവും സാക്ഷിയായി.

നിരോധനത്തിലും സേവനം തുടരുന്നു

ഞങ്ങൾ 1949-ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തി അധികം കഴിയുന്നതിനു മുമ്പ്‌ അവിടെ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടു. എങ്കിലും മനുഷ്യരെക്കാൾ ദൈവത്തെ ഭരണാധികാരിയായി അനുസരിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തു. (പ്രവൃത്തികൾ 5:29) യേശു തന്റെ അനുഗാമികളോടു നിർദേശിച്ചതനുസരിച്ച്‌ ദൈവരാജ്യ സുവാർത്ത മറ്റുള്ളവരെ അറിയിച്ചുകൊണ്ട്‌ ഒന്നാമത്‌ രാജ്യം അന്വേഷിക്കുന്നതിൽ ഞങ്ങൾ തുടർന്നു. (മത്തായി 24:14) എന്നാൽ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടവേ ‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിക്കാൻ’ ഞങ്ങൾ പഠിച്ചു. (മത്തായി 10:16) ഉദാഹരണത്തിന്‌, എന്റെ വയലിൻ വലിയ സഹായമായിരുന്നു. ബൈബിളധ്യയനങ്ങൾക്കു പോകുമ്പോൾ ഞാൻ അതു കൂടെ കൊണ്ടുപോകുമായിരുന്നു. എന്റെ വിദ്യാർഥികൾ വയലിൻ വായിക്കാൻ പഠിച്ചില്ല. പക്ഷേ അവരിൽ പലരും കുടുംബമൊന്നിച്ച്‌ യഹോവയുടെ ദാസരായിത്തീർന്നു!

നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന്‌ ഞങ്ങൾ നാല്‌ പെൺകുട്ടികളെയും​—⁠മേരി അന്യോൾ, സോഫിയ സോവിയക്‌, എഡിത്ത്‌ മോർഗൻ, ഞാൻ​—⁠സാൻ ഫ്രാൻസിസ്‌കോ ഡെ മാകോറിസ്‌ എന്ന സ്ഥലത്തെ മിഷനറി ഭവനത്തിൽനിന്ന്‌ തലസ്ഥാനമായ സാന്റൊ ഡൊമിങ്‌ഗോയിലെ ബ്രാഞ്ചിലുള്ള മിഷനറി ഭവനത്തിലേക്കു മാറ്റി. എന്നാൽ മാസത്തിലൊരിക്കൽ ഞാൻ സംഗീതം പഠിപ്പിക്കാനായി ഞങ്ങൾ മുമ്പു പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രദേശത്തു പോയിരുന്നു. അങ്ങനെ ക്രിസ്‌തീയ സഹോദരങ്ങൾക്കുള്ള ആത്മീയ ആഹാരം എന്റെ വയലിൻ പെട്ടിയിൽവെച്ച്‌ കൊണ്ടുപോകാനും തിരികെപോരുമ്പോൾ അവരുടെ സാക്ഷീകരണ പ്രവർത്തനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ശേഖരിച്ചുകൊണ്ടു വരാനും എനിക്കു കഴിഞ്ഞു.

ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ സാൻ ഫ്രാൻസിസ്‌കോ ഡെ മാകോറിസിലെ സഹോദരങ്ങൾ സാന്റിയാഗോയിൽ തടവിലാക്കപ്പെട്ടപ്പോൾ അവർക്കു പണവും സാധിക്കുമെങ്കിൽ ബൈബിളുകളും കൊണ്ടുപോയി കൊടുക്കാനും അവരെ കുറിച്ചുള്ള വിവരം അവരുടെ കുടുംബാംഗങ്ങൾക്ക്‌ എത്തിച്ചു കൊടുക്കാനും എന്നോട്‌ ആവശ്യപ്പെട്ടു. സാന്റിയാഗോയിലെ ജയിലിലെത്തിയപ്പോൾ എന്റെ കൈയിലെ വയലിൻ പെട്ടി കണ്ട്‌ കാവൽക്കാർ ചോദിച്ചു, “ഇത്‌ എന്തിനാണ്‌?” “അവരെ വായിച്ചു കേൾപ്പിക്കാനാണ്‌,” ഞാൻ മറുപടി പറഞ്ഞു.

ഞാൻ വായിച്ച ഗീതങ്ങളിൽ ഒന്ന്‌ നാസി തടങ്കൽപ്പാളയത്തിലായിരിക്കെ ഒരു സാക്ഷി രചിച്ചതായിരുന്നു. അത്‌ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ പാട്ടുപുസ്‌തകത്തിലെ 29-ാമത്തെ ഗീതമാണ്‌. തടവിലുള്ള സഹോദരങ്ങൾക്ക്‌ അതു പഠിക്കാൻ കഴിയേണ്ടതിനാണ്‌ ഞാൻ അതു വായിച്ചത്‌.

എന്നാൽ പല സാക്ഷികളെയും ഗവണ്മെന്റ്‌ മേലധികാരിയായ ട്രൂഹിയോയുടെ ഒരു ഫാമിലേക്ക്‌ മാറ്റിയതായി ഞാൻ അറിഞ്ഞു. ബസ്‌ റൂട്ടിന്‌ അടുത്താണ്‌ അതിന്റെ സ്ഥാനം എന്നാണ്‌ എന്നോടു പറഞ്ഞത്‌. അതുകൊണ്ട്‌ ഉച്ചയോടെ ഞാൻ ബസ്‌ ഇറങ്ങി ഫാമിലേക്കുള്ള വഴി ചോദിച്ചു. ഒരു ചെറിയ കടയുടെ ഉടമസ്ഥൻ ഒരു മലനിരയ്‌ക്ക്‌ അപ്പുറത്തേക്കു ചൂണ്ടിയിട്ട്‌ എന്റെ വയലിൻ ഒരു ഉറപ്പിനുവേണ്ടി അവിടെ വെച്ചിട്ടുപോകാമെങ്കിൽ തന്റെ കുതിരയെയും വഴി കാണിക്കാൻ ഒരു പയ്യനെയും വിട്ടുതരാമെന്നു പറഞ്ഞു.

ആ കുന്നുകൾക്ക്‌ അപ്പുറമുള്ള ഒരു നദി കടന്നു വേണമായിരുന്നു ഞങ്ങൾക്കു പോകാൻ. ഞങ്ങളെ രണ്ടു പേരെയുംകൊണ്ട്‌ കുതിര നദി നീന്തി കടന്നു. അവിടെ ഒരു പറ്റം തത്തകളെ ഞങ്ങൾ കണ്ടു. അവയുടെ പച്ചയും നീലയും നിറങ്ങളുള്ള തൂവലുകളിൽ സൂര്യകിരണങ്ങൾ പതിച്ചപ്പോൾ മഴവിൽ വർണങ്ങൾ തെളിഞ്ഞു. അതിമനോഹരമായ ആ കാഴ്‌ച കണ്ട്‌ ഞാൻ പ്രാർഥിച്ചു: “യഹോവേ ഇവയെ ഇത്ര മനോഹരമായി സൃഷ്ടിച്ചിരിക്കുന്നതിനു നന്ദി.” അവസാനം വൈകുന്നേരം നാലു മണിയോടെ ഞങ്ങൾ ഫാമിൽ എത്തി. അവിടത്തെ ചുമതല വഹിച്ചിരുന്ന ദയാലുവായ ഒരു പട്ടാളക്കാരൻ, സഹോദരങ്ങളോടു സംസാരിക്കാനും ഒരു ചെറിയ ബൈബിൾ ഉൾപ്പെടെ ഞാൻ അവർക്കുവേണ്ടി കൊണ്ടുപോയ സാധനങ്ങൾ എല്ലാം കൊടുക്കാനും എന്നെ അനുവദിച്ചു.

മടക്കയാത്രയിൽ മുഴു സമയവും ഞാൻ പ്രാർഥിക്കുകയായിരുന്നു. കാരണം നേരം ഇരുട്ടിയിരുന്നു. മഴയിൽ കുതിർന്ന്‌ ഞങ്ങൾ കടയിൽ തിരിച്ചെത്തി. അപ്പോഴേക്കും അവസാന ബസ്സും പോയിരുന്നു. അതുകൊണ്ട്‌ അതിലെ പോയ ഒരു ട്രക്ക്‌ കൈ കാണിച്ചു നിറുത്താൻ ഞാൻ കടക്കാരനോടു പറഞ്ഞു. ട്രക്കിൽ രണ്ടു പുരുഷന്മാരോടൊപ്പം പോകുന്നത്‌ സുരക്ഷിതമായിരിക്കുമായിരുന്നോ? അവരിലൊരാൾ എന്നോടു ചോദിച്ചു: “നിങ്ങൾക്ക്‌ സോഫിയെ അറിയാമോ? അവൾ എന്റെ പെങ്ങളോടൊപ്പം പഠിച്ചിട്ടുണ്ട്‌.” എന്റെ പ്രാർഥനയ്‌ക്ക്‌ യഹോവ തന്ന ഉത്തരമാണ്‌ അതെന്ന്‌ ഞാൻ അനുമാനിച്ചു! അവർ എന്നെ സുരക്ഷിതമായി സാന്റൊ ഡൊമിങ്‌ഗോയിൽ എത്തിച്ചു.

ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ 1953-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷന്‌ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നു പോയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഡാഡി ഉൾപ്പെടെ ഞങ്ങളുടെ മുഴു കുടുംബവും അവിടെ എത്തിച്ചേർന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രസംഗവേലയുടെ പുരോഗമനത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടിനു ശേഷം നിരോധനത്തിൻ കീഴിൽ ഞങ്ങൾ എങ്ങനെയാണ്‌ പ്രസംഗ പ്രവർത്തനം നിർവഹിക്കുന്നതെന്ന്‌ ഞാനും എന്റെ സഹമിഷനറി മേരി അന്യോളും ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിച്ചു.

സഞ്ചാര വേലയിലെ പ്രത്യേക സന്തോഷങ്ങൾ

ആ വേനൽക്കാലത്ത്‌ ഞാൻ റൂഡോൾഫ്‌ സുനലിനെ കണ്ടുമുട്ടി. പിറ്റേ വർഷം ഞങ്ങൾ വിവാഹിതരായി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച്‌ ഏറെ കഴിയുന്നതിനുമുമ്പ്‌ പെൻസിൽവേനിയയിലെ അലഗണിയിൽ വെച്ച്‌ അദ്ദേഹത്തിന്റെ കുടുംബം സാക്ഷികളായിത്തീർന്നിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ക്രിസ്‌തീയ നിഷ്‌പക്ഷത പാലിച്ചതിന്‌ ജയിൽശിക്ഷ അനുഭവിച്ച ശേഷം അദ്ദേഹം ന്യൂയോർക്കിലെ ബ്രുക്ലിനിൽ ബെഥേൽ സേവനം അനുഷ്‌ഠിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ്‌ താമസിയാതെ അദ്ദേഹത്തിന്‌ സഞ്ചാര മേൽവിചാരകനെന്ന നിലയിൽ സഭകൾ സന്ദർശിക്കാനുള്ള നിയമനം ലഭിച്ചു. അടുത്ത 18 വർഷം ഞാൻ സർക്കിട്ട്‌ വേലയിൽ അദ്ദേഹത്തെ അനുഗമിച്ചു.

സർക്കിട്ട്‌ വേലയ്‌ക്കായി പെൻസിൽവേനിയ, വെസ്റ്റ്‌ വിർജീനിയ, ന്യൂ ഹാംപ്‌ഷിർ, മസാച്ചുസെറ്റ്‌സ്‌ എന്നിങ്ങനെ അനവധി സ്ഥലങ്ങളിൽ ഞങ്ങൾ പോയി. സാധാരണഗതിയിൽ ക്രിസ്‌തീയ സഹോദരങ്ങളുടെ ഭവനങ്ങളിലാണു ഞങ്ങൾ താമസിച്ചിരുന്നത്‌. അവരെയൊക്കെ അടുത്തറിയുന്നതും അവരോടൊപ്പം യഹോവയെ സേവിക്കുന്നതും ഒരു പ്രത്യേക സന്തോഷം കൈവരുത്തിയിരുന്നു. ഞങ്ങൾക്ക്‌ എല്ലായ്‌പോഴും ഊഷ്‌മളവും ആത്മാർഥവുമായ സ്‌നേഹവും അതിഥിസത്‌കാരവും ലഭിച്ചു. ജോയൽ എന്റെ മുൻ മിഷനറി പങ്കാളിയായ മേരി അന്യോളിനെ വിവാഹം കഴിച്ചു. തുടർന്ന്‌ പെൻസിൽവേനിയയിലെയും മിഷിഗണിലെയും സഭകൾ സന്ദർശിച്ചുകൊണ്ട്‌ മൂന്നു വർഷം അവർ സഞ്ചാരവേലയിൽ ചെലവഴിച്ചു. പിന്നെ 1958-ൽ വീണ്ടും ബെഥേൽ കുടുംബത്തിന്റെ ഭാഗമാകാൻ ജോയലിന്‌​—⁠ഇത്തവണ മേരിയോടൊപ്പം​—⁠ക്ഷണം ലഭിച്ചു.

ഏകദേശം ഏഴു വർഷത്തെ ബെഥേൽ സേവനത്തിനു ശേഷം കൂടുതൽ അനുഭവ പരിചയം നേടുന്നതിന്‌ കാളിനെ ഏതാനും മാസത്തേക്ക്‌ സർക്കിട്ട്‌ വേലയ്‌ക്കായി നിയമിച്ചു. പിന്നീട്‌ ഗിലെയാദ്‌ സ്‌കൂൾ അധ്യാപകനായിത്തീർന്ന കാൾ 1963-ൽ ബോബിയെ വിവാഹം കഴിച്ചു. 2002 ഒക്ടോബറിൽ മരിക്കുന്നതു വരെ ബോബി വിശ്വസ്‌തയായി ബെഥേലിൽ സേവനം അനുഷ്‌ഠിച്ചു.

വളരെക്കാലത്തെ ബെഥേൽ ജീവിതത്തിനിടയിൽ ഡോൺ പലപ്പോഴും ബ്രാഞ്ച്‌ ഓഫീസുകളിലും മിഷനറി വയലിലും സേവിക്കുന്നവരെ സഹായിക്കാനായി മറ്റു രാജ്യങ്ങളിൽ പോയിട്ടുണ്ട്‌. നിയമനങ്ങളുടെ ഭാഗമായി പൗരസ്‌ത്യനാടുകൾ, ആഫ്രിക്ക, യൂറോപ്പ്‌, അമേരിക്കകളുടെ വ്യത്യസ്‌ത ഭാഗങ്ങൾ എന്നിവിടങ്ങളെല്ലാം ഡോൺ സന്ദർശിച്ചിട്ടുണ്ട്‌, പലപ്പോഴും ഭാര്യ ഡൊളോറെസിനോടൊപ്പം.

ഞങ്ങളുടെ സാഹചര്യങ്ങൾക്കു മാറ്റം വരുന്നു

വളരെക്കാലം രോഗത്തോടു മല്ലിട്ടശേഷം ഡാഡി മരിച്ചു. എന്നാൽ അതിനു മുമ്പ്‌, ഞങ്ങൾ യഹോവയാം ദൈവത്തെ സേവിക്കാൻ തീരുമാനിച്ചതിൽ താൻ വളരെ സന്തുഷ്ടനാണെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. താൻ ഉദ്ദേശിച്ചിരുന്നതു പോലെ കോളെജ്‌ വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ ലഭിക്കുമായിരുന്നതിനെക്കാൾ വളരെയേറെ അനുഗ്രഹങ്ങളാണു ഞങ്ങൾക്കു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. എന്റെ സഹോദരി ജോയി താമസിക്കുന്നതിന്‌ അടുത്തുള്ള ഒരു സ്ഥലത്തേക്ക്‌ താമസം മാറാൻ ഞാൻ മമ്മിയെ സഹായിച്ചശേഷം, ഞാനും ഭർത്താവും ന്യൂ ഇംഗ്ലണ്ടിൽ പയനിയറിങ്‌ തുടങ്ങി. കാരണം അദ്ദേഹത്തിന്റെ അമ്മയ്‌ക്ക്‌ അപ്പോൾ ഞങ്ങളുടെ സഹായം ആവശ്യമായിരുന്നു. ന്യൂ ഇംഗ്ലണ്ടിൽ പലയിടങ്ങളിലായി ഞങ്ങൾ പയനിയറിങ്‌ ചെയ്‌തു. അദ്ദേഹത്തിന്റെ അമ്മ മരിച്ചശേഷം മമ്മി 13 വർഷം ഞങ്ങളോടൊപ്പം താമസിച്ചു. 1987 ജനുവരി 18-ന്‌ 93-ാമത്തെ വയസ്സിൽ മമ്മി തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കി.

എല്ലാ മക്കളെയും യഹോവയെ സ്‌നേഹിക്കുന്നവരും സേവിക്കുന്നവരുമായി വളർത്തിക്കൊണ്ടുവന്നതിൽ മമ്മിക്ക്‌ കൂടെക്കൂടെ സുഹൃത്തുക്കളിൽനിന്ന്‌ അഭിനന്ദനം ലഭിച്ചിരുന്നു. അപ്പോൾ മമ്മി എളിമയോടെ ഇങ്ങനെ പറഞ്ഞിരുന്നു: “എനിക്കു വേല ചെയ്യാൻ നല്ല ‘മണ്ണാണ്‌’ ലഭിച്ചത്‌.” (മത്തായി 13:​23, NW) തീക്ഷ്‌ണതയുടെയും താഴ്‌മയുടെയും കാര്യത്തിൽ ഉത്തമ മാതൃകകളായിരുന്ന ദൈവഭയമുള്ള മാതാപിതാക്കളെ കിട്ടിയത്‌ എത്ര വലിയ അനുഗ്രഹമായിരുന്നു!

രാജ്യം ഇപ്പോഴും ഒന്നാമതുതന്നെ

ദൈവരാജ്യം ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിൽ ഞങ്ങൾ തുടർന്നിരിക്കുന്നു. കൊടുക്കൽ സംബന്ധിച്ച യേശുവിന്റെ ബുദ്ധിയുപദേശം പിൻപറ്റാനും ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. (ലൂക്കൊസ്‌ 6:38; 14:​12-14) അതിന്റെ ഫലമായി യഹോവ ഞങ്ങൾക്ക്‌ ആവശ്യമായതെല്ലാം സമൃദ്ധമായി തന്നിരിക്കുന്നു. ഞങ്ങളുടെ ജീവിതം സുരക്ഷിതവും സന്തുഷ്ടവുമാണ്‌.

റൂഡിക്കും എനിക്കും സംഗീതത്തോടുള്ള പ്രിയം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അതേ താത്‌പര്യമുള്ള മറ്റുള്ളവർ ചില വൈകുന്നേരങ്ങളിൽ വീട്ടിൽ വരുമ്പോൾ അവരോടൊപ്പം സംഗീതോപകരണങ്ങൾ വായിക്കുന്നത്‌ ഞങ്ങൾ ആസ്വദിക്കുന്നു. എന്നാൽ സംഗീതമല്ല എന്റെ ജീവിതത്തിലെ മുഖ്യ സംഗതി. അത്‌ ജീവിതത്തെ കൂടുതൽ ആസ്വാദ്യമാക്കുന്നുവെന്നു മാത്രം. ഞങ്ങളുടെ പയനിയർ ശുശ്രൂഷയുടെ ഫലങ്ങൾ​—⁠വർഷങ്ങളിൽ ഉടനീളം ഞങ്ങൾ സഹായിച്ചിട്ടുള്ളവരെ​—⁠കാണുന്നത്‌ എനിക്കും ഭർത്താവിനും വളരെ സന്തോഷം നൽകുന്നു.

ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ച ഈ 60-ലധികം വർഷങ്ങളിൽ ജീവിതം വളരെ സന്തുഷ്ടവും സുരക്ഷിതവും ആയിരുന്നിട്ടുണ്ടെന്ന്‌ എനിക്കു പറയാൻ കഴിയും. ദിവസവും രാവിലെ ഉണരുമ്പോൾ അനേകം വർഷം മുമ്പ്‌ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചപ്പോൾ ഞാൻ നടത്തിയ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകിയിരിക്കുന്നതിൽ ഞാൻ യഹോവയ്‌ക്കു നന്ദി പറയുന്നു. കൂടാതെ, ‘ഇന്ന്‌ എനിക്ക്‌ എങ്ങനെ രാജ്യം ഒന്നാമത്‌ അന്വേഷിക്കാൻ കഴിയും?’ എന്നു ഞാൻ ചിന്തിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. ഇപ്പോൾ അച്ചടിക്കുന്നില്ല.

[24 -ാം പേജിലെ ചിത്രം]

ഞങ്ങളുടെ കുടുംബം 1948-ൽ (ഇടത്തുനിന്ന്‌): ജോയി, ഡോൺ, മമ്മി, ജോയൽ, കാൾ, ഞാൻ, ഡാഡി

[25 -ാം പേജിലെ ചിത്രം]

മമ്മി ശുശ്രൂഷയിൽ തീക്ഷ്‌ണ മാതൃക വെച്ചു

[26 -ാം പേജിലെ ചിത്രം]

കാൾ, ഡോൺ, ജോയൽ, ജോയി, ഞാൻ, 50-ലേറെ വർഷത്തിനു ശേഷം ഇന്ന്‌

[27 -ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌: ഞാൻ, മേരി അന്യോൾ, സോഫിയ സോവിയക്‌, എഡിത്ത്‌ മോർഗൻ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ മിഷനറിമാരായി പ്രവർത്തിക്കവേ

[28 -ാം പേജിലെ ചിത്രം]

യാങ്കീ സ്റ്റേഡിയത്തിൽ മേരിയോടൊപ്പം (ഇടത്ത്‌), 1953

[29 -ാം പേജിലെ ചിത്രം]

സർക്കിട്ട്‌ വേലയിൽ ഭർത്താവിനോടൊപ്പം