വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക

“നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും.”​—⁠സങ്കീർത്തനം 9:10.

1, 2. ആളുകൾ സുരക്ഷിതത്വത്തിനു വേണ്ടി എവിടെയെല്ലാം വ്യർഥമായി ആശ്രയം വെക്കുന്നു?

ഇന്ന്‌ നമ്മുടെ ക്ഷേമത്തിന്‌ അനേകം ഭീഷണികൾ നിലനിൽക്കുമ്പോൾ സുരക്ഷിതത്വത്തിനായി ഏതെങ്കിലും വ്യക്തികളിലേക്കോ മറ്റേതെങ്കിലും ഉറവിലേക്കോ നോക്കാൻ ആളുകൾ സ്വാഭാവികമായും പ്രേരിതരാകുന്നു. ചിലർ വിചാരിക്കുന്നത്‌ കൂടുതൽ പണം ഉണ്ടെങ്കിൽ ഭാവി സുരക്ഷിതമായിരിക്കും എന്നാണ്‌. എന്നാൽ വാസ്‌തവത്തിൽ പണം തീർത്തും അനിശ്ചിതമായ ഒരു അഭയകേന്ദ്രമാണ്‌. ബൈബിൾ പറയുന്നു: “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും.” (സദൃശവാക്യങ്ങൾ 11:28) മറ്റു ചിലർ മാനുഷ നേതാക്കന്മാരിലേക്കു നോക്കുന്നു. എന്നാൽ ഏറ്റവും നല്ല നേതാക്കന്മാർക്കു പോലും പിഴവുകൾ സംഭവിക്കുന്നു. മാത്രമല്ല, അവരെല്ലാം ഒടുവിൽ മരണത്തിന്‌ അടിയറവു പറയുന്നു. ജ്ഞാനപൂർവം ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” (സങ്കീർത്തനം 146:⁠3) ആ നിശ്വസ്‌ത വാക്കുകൾ നമ്മിൽത്തന്നെ ആശ്രയിക്കുന്നതിന്‌ എതിരെയും നമുക്കു മുന്നറിയിപ്പു നൽകുന്നു. കാരണം നമ്മളും വെറും ‘മനുഷ്യപുത്രന്മാർ’ ആണ്‌.

2 യെശയ്യാ പ്രവാചകൻ തന്റെ നാളിൽ ‘വ്യാജത്തെ ശരണമാക്കിയ’ ഇസ്രായേലിന്റെ ദേശീയ നേതാക്കന്മാരെ കുറ്റപ്പെടുത്തി. (യെശയ്യാവു 28:​15-17) സുരക്ഷിതത്വത്തിനായുള്ള അന്വേഷണത്തിൽ അവർ അയൽ ജനതകളുമായി രാഷ്‌ട്രീയ സഖ്യം ചേർന്നു. അത്തരം സഖ്യങ്ങൾ ആശ്രയയോഗ്യമായിരുന്നില്ല, വ്യാജമായിരുന്നു. സമാനമായി ഇന്ന്‌ അനേകം മതനേതാക്കന്മാർ രാഷ്‌ട്രീയ നേതാക്കന്മാരുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നു. ആ സഖ്യങ്ങളും ‘വ്യാജം’ ആണെന്നു തെളിയും. (വെളിപ്പാടു 17:​16, 17) അവ നിലനിൽക്കുന്ന സുരക്ഷിതത്വം കൈവരുത്തുകയില്ല.

യോശുവയുടെയും കാലേബിന്റെയും നല്ല ദൃഷ്ടാന്തം

3, 4. യോശുവയും കാലേബും നൽകിയ റിപ്പോർട്ട്‌ ബാക്കി പത്ത്‌ ഒറ്റുകാരുടെ റിപ്പോർട്ടിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

3 അപ്പോൾപ്പിന്നെ സുരക്ഷിതത്വത്തിനായി നാം എങ്ങോട്ടാണു നോക്കേണ്ടത്‌? മോശെയുടെ കാലത്ത്‌ യോശുവയും കാലേബും നോക്കിയ അതേ ഉറവിലേക്ക്‌. ഈജിപ്‌തിൽനിന്ന്‌ ഇസ്രായേൽ ജനത മോചിപ്പിക്കപ്പെട്ടിട്ട്‌ അധികകാലം ആയിരുന്നില്ല. അവർ വാഗ്‌ദത്ത ദേശമായ കനാനിലേക്കു പ്രവേശിക്കുന്നതിന്‌ ഒരുങ്ങിയിരിക്കുകയായിരുന്നു. പന്ത്രണ്ടു പേർ ദേശം ഒറ്റുനോക്കാൻ അയയ്‌ക്കപ്പെട്ടു. 40 ദിവസത്തിനു ശേഷം അവർ മടങ്ങിവന്ന്‌ തങ്ങളുടെ റിപ്പോർട്ടു നൽകി. രണ്ടു പേർ അതായത്‌ യോശുവയും കാലേബും മാത്രമാണ്‌, കനാന്യരെ തോൽപ്പിക്കാൻ ഇസ്രായേല്യർക്കു സാധിക്കും എന്നു പറഞ്ഞത്‌. ബാക്കിയുള്ളവർ ദേശം വളരെ നല്ലതാണെന്നു സമ്മതിച്ചെങ്കിലും ഇങ്ങനെ പറഞ്ഞു: “ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏററവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. . . . ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു.”​—⁠സംഖ്യാപുസ്‌തകം 13:​27, 28, 31.

4 പത്ത്‌ ഒറ്റുകാരുടെ വാക്കുകൾ ശ്രദ്ധിച്ച ഇസ്രായേല്യർ ഭയപ്പെടുകയും മോശെയ്‌ക്ക്‌ എതിരെ പിറുപിറുക്കുകയും ചെയ്‌തു. അവസാനം വികാരാവേശത്തോടെ യോശുവയും കാലേബും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ചു ഒററുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു.” (സംഖ്യാപുസ്‌തകം 14:​6-9) എന്നിരുന്നാലും അവർ പറഞ്ഞതൊന്നും ഇസ്രായേല്യർ ചെവിക്കൊണ്ടില്ല. തത്‌ഫലമായി വാഗ്‌ദത്ത നാട്ടിൽ പ്രവേശിക്കാനുള്ള പദവി അവർക്കു നഷ്ടമായി.

5. യോശുവയും കാലേബും ഒരു നല്ല റിപ്പോർട്ട്‌ കൊടുക്കാനുള്ള കാരണം എന്തായിരുന്നു?

5 മറ്റു പത്തു പേരും മോശമായ ഒരു റിപ്പോർട്ടു നൽകിയപ്പോൾ യോശുവയും കാലേബും നല്ല റിപ്പോർട്ടു നൽകിയത്‌ എന്തുകൊണ്ടാണ്‌? പന്ത്രണ്ടു പേരും കണ്ടത്‌ ബലവും ഉറപ്പുമുള്ള ഒരേ പട്ടണങ്ങളെയും ജനതകളെയുമാണ്‌. പ്രസ്‌തുത ദേശത്തെ കീഴടക്കാനുള്ള ശക്തി ഇസ്രായേലിനില്ല എന്ന്‌ ആ പത്തു പേർ പറഞ്ഞത്‌ ശരിയായിരുന്നു. ആ വസ്‌തുത യോശുവയ്‌ക്കും കാലേബിനും അറിയാമായിരുന്നു. എന്നാൽ പത്ത്‌ ഒറ്റുകാർ ജഡികമായ ഒരു വിധത്തിലാണ്‌ കാര്യങ്ങളെ വീക്ഷിച്ചത്‌. നേരെ മറിച്ച്‌, യോശുവയും കാലേബും യഹോവയിൽ ആശ്രയിച്ചു. ഈജിപ്‌തിലും ചെങ്കടലിലും സീനായ്‌ പർവതത്തിന്റെ അടിവാരത്തിലും വെച്ച്‌ അവൻ ചെയ്‌ത വീര്യപ്രവൃത്തികളുടെ ദൃക്‌സാക്ഷികൾ ആയിരുന്നു അവർ. ആ പ്രവൃത്തികളെ കുറിച്ചുള്ള കേട്ടുകേൾവി പോലും ദശാബ്ദങ്ങൾക്കു ശേഷം യഹോവയുടെ ജനത്തിനുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നതിനു യെരീഹോയിലെ രാഹാബ്‌ എന്ന സ്‌ത്രീയെ പ്രേരിപ്പിക്കാൻ തക്ക ശക്തമായിരുന്നു! (യോശുവ 2:​1-24; 6:​22-25) യഹോവയുടെ പ്രവൃത്തികൾ നേരിൽ കണ്ടിരുന്ന യോശുവയ്‌ക്കും കാലേബിനും ദൈവം തുടർന്നും തന്റെ ജനത്തിനുവേണ്ടി പോരാടും എന്ന കാര്യത്തിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു. നാൽപ്പതു വർഷം കഴിഞ്ഞ്‌ ഇസ്രായേല്യരുടെ ഒരു പുതിയ തലമുറ യോശുവയുടെ നേതൃത്വത്തിൽ കനാൻ ദേശത്തു പ്രവേശിച്ച്‌ അതിനെ കീഴടക്കിയപ്പോൾ അവരുടെ ആ വിശ്വാസം അടിസ്ഥാനരഹിതമല്ലായിരുന്നു എന്നു തെളിഞ്ഞു.

യഹോവയിൽ നാം പൂർണമായി ആശ്രയിക്കേണ്ടതിന്റെ കാരണം

6. ഇന്ന്‌ ക്രിസ്‌ത്യാനികൾ സമ്മർദത്തിൻ കീഴിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, അവർ ആരിൽ ആശ്രയിക്കണം?

6 ‘ഇടപെടാൻ പ്രയാസമായ ഈ ദുർഘടസമയങ്ങളിൽ’ ഇസ്രായേല്യരെ പോലെ നാമും നമ്മെക്കാൾ ശക്തരായ ശത്രുക്കളെ അഭിമുഖീകരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:​1, NW) ധാർമികവും ആത്മീയവും ചിലപ്പോഴൊക്കെ ശാരീരികവുമായ പരിശോധനകളെ നാം നേരിടുന്നു. അത്തരം സമ്മർദങ്ങളെ സ്വന്തം ശക്തിയാൽ ചെറുത്തുനിൽക്കാൻ നമുക്കു സാധിക്കുകയില്ല, കാരണം അവ വരുന്നത്‌ അമാനുഷികമായ ഒരു ഉറവിൽനിന്നാണ്‌, അതായത്‌ പിശാചായ സാത്താനിൽനിന്ന്‌. (എഫെസ്യർ 6:12; 1 യോഹന്നാൻ 5:19) അപ്പോൾ സഹായത്തിനായി നമുക്ക്‌ എങ്ങോട്ടാണു തിരിയാൻ കഴിയുക? യഹോവയോടുള്ള പ്രാർഥനയിൽ പുരാതനകാലത്തെ ഒരു വിശ്വസ്‌ത മനുഷ്യൻ പറഞ്ഞു: “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും.” (സങ്കീർത്തനം 9:10) നാം യഹോവയെ യഥാർഥത്തിൽ അറിയുകയും അവന്റെ നാമം എന്തർഥമാക്കുന്നു എന്ന്‌ മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ യോശുവയെയും കാലേബിനെയും പോലെ നമ്മളും അവനിൽ പൂർണമായും ആശ്രയിക്കും.​—⁠യോഹന്നാൻ 17:⁠3.

7, 8. (എ) സൃഷ്ടി യഹോവയിൽ ആശ്രയിക്കാൻ നമുക്കു കാരണങ്ങൾ നൽകുന്നത്‌ എങ്ങനെ? (ബി) ബൈബിൾ യഹോവയിൽ ആശ്രയിക്കാനുള്ള എന്തു കാരണങ്ങൾ നൽകുന്നു?

7 നാം യഹോവയിൽ ആശ്രയിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? യോശുവയും കാലേബും അങ്ങനെ ചെയ്‌തതിന്റെ ഒരു കാരണം അവർ അവന്റെ ശക്തിയുടെ പ്രകടനങ്ങൾ കണ്ടിരുന്നു എന്നതാണ്‌. നമ്മെ സംബന്ധിച്ചും അതു സത്യമാണ്‌. ഉദാഹരണത്തിന്‌ ശതകോടിക്കണക്കിന്‌ ഗാലക്‌സികളോടു കൂടിയ പ്രപഞ്ചം ഉൾപ്പെടെയുള്ള യഹോവയുടെ സൃഷ്ടിക്രിയകളെ കുറിച്ചു ചിന്തിക്കുക. യഹോവ നിയന്ത്രിച്ചു നിറുത്തുന്ന അപാരമായ ഭൗതിക ശക്തികൾ അവൻ സർവശക്തനാണെന്നു തീർച്ചയായും തെളിയിക്കുന്നു. സൃഷ്ടിയിലെ അത്ഭുതങ്ങളെപ്പറ്റി ധ്യാനിക്കുമ്പോൾ യഹോവയെ കുറിച്ചു പിൻവരുന്ന പ്രകാരം പറഞ്ഞ ഇയ്യോബിനോടു യോജിക്കാതിരിക്കാൻ നമുക്ക്‌ കഴിയില്ല: “ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?” (ഇയ്യോബ്‌ 9:12) സത്യമായും യഹോവ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ഈ അഖിലാണ്ഡത്തിൽ ആരെയും നമുക്കു ഭയക്കേണ്ട കാര്യമില്ല.​—⁠റോമർ 8:31.

8 ഇനി, യഹോവയുടെ വചനമായ ബൈബിളിന്റെ കാര്യം എടുക്കുക. ദിവ്യജ്ഞാനത്തിന്റെ ഈ അക്ഷയ ഉറവിന്‌ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിച്ച്‌ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിതം കൊണ്ടുവരാൻ നമ്മെ സഹായിക്കാനുള്ള ശക്തിയുണ്ട്‌. (എബ്രായർ 4:12) ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്നും അതിന്റെ അർഥം എന്താണെന്നും നാം മനസ്സിലാക്കുന്നത്‌ ബൈബിളിലൂടെയാണ്‌. (പുറപ്പാടു 3:​14, NW) തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിന്‌, സ്‌നേഹവാനായ ഒരു പിതാവോ നീതിനിഷ്‌ഠനായ ന്യായാധിപനോ ജയശാലിയായ യോദ്ധാവോ പോലെ താൻ ആഗ്രഹിക്കുന്നത്‌ എന്തും ആയിത്തീരാൻ യഹോവയ്‌ക്കു കഴിയുമെന്നു നാം തിരിച്ചറിയുന്നു. അവന്റെ വചനം എല്ലായ്‌പോഴും സത്യമായിത്തീരുന്നത്‌ എങ്ങനെയെന്നും നാം കാണുന്നു. ദൈവത്തിന്റെ വചനം പഠിക്കുമ്പോൾ സങ്കീർത്തനക്കാരനെ പോലെ ‘ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നു’ എന്നു പറയാൻ നമ്മളും പ്രേരിതരാകുന്നു.​—⁠സങ്കീർത്തനം 119:42; യെശയ്യാവു 40:⁠8.

9. മറുവിലയും യേശുവിന്റെ പുനരുത്ഥാനവും യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ ബലിഷ്‌ഠമാക്കുന്നത്‌ എങ്ങനെ?

9 യഹോവയിൽ ആശ്രയിക്കാനുള്ള മറ്റൊരു കാരണം മറുവിലയാണ്‌. (മത്തായി 20:28) നമുക്കുവേണ്ടി ഒരു മറുവിലയായി മരിക്കാൻ ദൈവം സ്വന്തം പുത്രനെ അയച്ചു എന്നത്‌ എത്ര അത്ഭുതകരമായ സംഗതിയാണ്‌! മറുവില യഥാർഥത്തിൽ ശക്തമാണ്‌. അനുതപിച്ച്‌ ആത്മാർഥ ഹൃദയത്തോടെ യഹോവയിലേക്കു തിരിയുന്ന സകല മനുഷ്യരുടെയും പാപങ്ങളെ മൂടിക്കളയാൻ അതിനു കഴിയും. (യോഹന്നാൻ 3:16; എബ്രായർ 6:10; 1 യോഹന്നാൻ 4:​16, 19) മറുവില കൊടുക്കുന്നതിന്റെ ഭാഗമായി യേശു പുനരുത്ഥാനം പ്രാപിക്കേണ്ടത്‌ ആവശ്യമായിരുന്നു. നൂറുകണക്കിനു ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ച ആ അത്ഭുതം യഹോവയിൽ ആശ്രയിക്കാൻ കൂടുതലായ കാരണം നൽകുന്നു. നമ്മുടെ പ്രത്യാശകൾ നിവൃത്തിയേറും എന്നതിനുള്ള ഉറപ്പാണ്‌ അത്‌.​—⁠പ്രവൃത്തികൾ 17:31; റോമർ 5:5; 1 കൊരിന്ത്യർ 15:​3-8.

10. യഹോവയിൽ ആശ്രയിക്കുന്നതിന്‌ നമുക്ക്‌ വ്യക്തിപരമായ എന്തെല്ലാം കാരണങ്ങൾ ഉണ്ട്‌?

10 യഹോവയിൽ നമുക്ക്‌ പൂർണമായി ആശ്രയിക്കാൻ കഴിയുന്നതിന്റെയും അങ്ങനെ ചെയ്യേണ്ടതിന്റെയും ഏതാനും കാരണങ്ങൾ മാത്രമാണ്‌ നാം പരിചിന്തിച്ചത്‌. ഇനിയുമുണ്ട്‌ അനേകം കാരണങ്ങൾ, അവയിൽ ചിലതു വ്യക്തിപരമാണ്‌. ഉദാഹരണത്തിന്‌ ഇടയ്‌ക്കിടെ നാമെല്ലാം ജീവിതത്തിൽ പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. അതു കൈകാര്യം ചെയ്യുന്നതിനായി നാം യഹോവയുടെ മാർഗനിർദേശങ്ങൾ തേടുമ്പോൾ അവ എത്ര പ്രായോഗികമാണെന്നു നാം കാണുന്നു. (യാക്കോബ്‌ 1:​5-8) ദൈനംദിന ജീവിതത്തിൽ നാം എത്രയധികം യഹോവയിൽ ആശ്രയിക്കുകയും അതിന്റെ നല്ല ഫലങ്ങൾ കാണുകയും ചെയ്യുന്നുവോ അവനിലുള്ള നമ്മുടെ ആശ്രയം അത്രയധികം ബലിഷ്‌ഠമായിത്തീരുന്നു.

ദാവീദ്‌ യഹോവയിൽ ആശ്രയിച്ചു

11. ഏതെല്ലാം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ പോലും ദാവീദ്‌ യഹോവയിൽ ആശ്രയിച്ചു?

11 യഹോവയിൽ ആശ്രയിച്ച ഒരു വ്യക്തിയായിരുന്നു പുരാതന ഇസ്രായേലിലെ ദാവീദ്‌. തന്നെ കൊല്ലാൻ തക്കംപാർത്തു നടന്നിരുന്ന ശൗൽ രാജാവിൽനിന്നും ഇസ്രായേലിനെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ശക്തമായ ഫെലിസ്‌ത്യ സൈന്യത്തിൽനിന്നും ദാവീദിനു ഭീഷണി നേരിട്ടു. എന്നാൽ ദാവീദ്‌ അവയെ അതിജീവിച്ചു. അവൻ വിജയശാലി ആയിത്തീരുകയും ചെയ്‌തു. എന്തുകൊണ്ട്‌? ദാവീദുതന്നെ അതിന്റെ കാരണം വിശദീകരിക്കുന്നു: “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?” (സങ്കീർത്തനം 27:⁠1) സമാനമായി യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നാമും ജയശാലികളായിത്തീരും.

12, 13. എതിരാളികൾ തങ്ങളുടെ നാവിനെ നമുക്കെതിരെ ആയുധമാക്കുമ്പോഴും നാം യഹോവയിൽ ആശ്രയിക്കേണ്ടതാണെന്ന്‌ ദാവീദ്‌ എങ്ങനെ കാണിച്ചു?

12 ഒരു സന്ദർഭത്തിൽ ദാവീദ്‌ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ. ദുഷ്‌കർമ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറെച്ചുകൊള്ളേണമേ. അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്‌കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു അവർ കൈപ്പുള്ള വാക്കായ അസ്‌ത്രം തൊടുക്കുന്നു.’ (സങ്കീർത്തനം 64:​1-4) ഈ വാക്കുകൾ എഴുതാൻ ദാവീദിനെ പ്രേരിപ്പിച്ചത്‌ എന്താണെന്നു നമുക്ക്‌ ഉറപ്പില്ല. എന്നാൽ ഇന്ന്‌ എതിരാളികൾ സമാനമായി ‘തങ്ങളുടെ നാവിനെ മൂർച്ചയാക്കുന്നു’ എന്നു നമുക്ക്‌ അറിയാം. അവർ സംസാരത്തെ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നു. കാര്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന ലിഖിതമോ അല്ലാത്തതോ ആയ വാക്കുകളാകുന്ന ‘അസ്‌ത്രങ്ങൾ’ അവർ നിഷ്‌കളങ്കരായ ക്രിസ്‌ത്യാനികളുടെ നേർക്ക്‌ ‘എയ്യുന്നു.’ നാം യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ ഫലം എന്തായിരിക്കും?

13 ദാവീദ്‌ തുടർന്നു പറയുന്നു: “ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്‌ക്കും. അങ്ങനെ സ്വന്തനാവു അവർക്കു വിരോധമായിരിക്കയാൽ അവർ ഇടറിവീഴുവാൻ ഇടയാകും . . . നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും.” (സങ്കീർത്തനം 64:​7-10) അതേ, ശത്രുക്കൾ നമുക്കെതിരെ തങ്ങളുടെ നാവിനെ മൂർച്ചയാക്കുന്നെങ്കിലും ഒടുവിൽ ‘സ്വന്തനാവു അവർക്കു വിരോധമാകും.’ യഹോവയിൽ ആശ്രയിക്കുന്നവർക്ക്‌ അവനിൽ ആനന്ദിക്കാൻ കഴിയും വിധം കാര്യങ്ങൾ ശുഭമായി പര്യവസാനിക്കാൻ അവൻ ഇടയാക്കും.

യഹോവയിലുള്ള ഹിസ്‌കീയാവിന്റെ ആശ്രയം വ്യർഥമായില്ല

14. (എ) ഏത്‌ അപകടകരമായ സാഹചര്യത്തിൽ ഹിസ്‌കീയാവ്‌ യഹോവയിൽ ആശ്രയിച്ചു? (ബി) അസീറിയക്കാരുടെ ഭോഷ്‌കുകൾ താൻ വിശ്വസിച്ചില്ലെന്ന്‌ ഹിസ്‌കീയാവ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

14 യഹോവയിൽ ആശ്രയിച്ചതിനു പ്രതിഫലം ലഭിച്ച മറ്റൊരു വ്യക്തിയായിരുന്നു ഹിസ്‌കീയാ രാജാവ്‌. അവന്റെ ഭരണകാലത്ത്‌ യെരൂശലേമിന്‌ ശക്തമായ അസീറിയൻ സൈന്യത്തിൽനിന്നു ഭീഷണി നേരിട്ടു. ആ സൈന്യം മറ്റനേകം രാജ്യങ്ങളെ പരാജയപ്പെടുത്തിയിരുന്നു. യെരൂശലേം ഒഴികെയുള്ള യഹൂദാ നഗരങ്ങളും അതു കയ്യടക്കിയിരുന്നു. യെരൂശലേമിനെയും കീഴ്‌പെടുത്തുമെന്ന്‌ സൻഹേരീബ്‌ വീമ്പടിച്ചു. സഹായത്തിനായി ഈജിപ്‌തിൽ ആശ്രയിക്കുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന്‌ സൻഹേരീബ്‌ റബ്‌ശാക്കേ മുഖാന്തരം അറിയിച്ചു, അതു സത്യവുമായിരുന്നു. എന്നാൽ അതിനുശേഷം അവൻ ഇങ്ങനെയും പറഞ്ഞു: ‘നീ ആശ്രയിക്കുന്ന നിന്റെ ദൈവം യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്‌പിച്ചു കളകയില്ല എന്നു [പറഞ്ഞുകൊണ്ട്‌] നിന്നെ ചതിക്കരുതു.’ (യെശയ്യാവു 37:10) എന്നാൽ യഹോവ തന്നെ ചതിക്കുകയില്ല എന്ന്‌ ഹിസ്‌കീയാവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ ഇപ്രകാരം പ്രാർഥിച്ചു: ‘ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ [അസീറിയയുടെ] കയ്യിൽനിന്നു രക്ഷിക്കേണമേ.’ (യെശയ്യാവു 37:20) യഹോവ ഹിസ്‌കീയാവിന്റെ പ്രാർഥന കേട്ടു. ഒറ്റ രാത്രിയിൽ ഒരു ദൂതൻ 1,85,000 അസീറിയൻ പടയാളികളെ കൊന്നു. യെരൂശലേം രക്ഷപെട്ടു, സൻഹേരീബ്‌ യഹൂദയിൽനിന്നു പിൻവാങ്ങി. ഈ സംഭവത്തെ കുറിച്ച്‌ കേട്ട എല്ലാവരും യഹോവയുടെ മാഹാത്മ്യം മനസ്സിലാക്കി.

15. ഈ അസ്ഥിര ലോകത്തിൽ ഏതു ദുഷ്‌കര സാഹചര്യത്തെയും നേരിടുന്നതിനായി ഒരുങ്ങാൻ എന്തു മാത്രമേ നമ്മെ സഹായിക്കുകയുള്ളൂ?

15 ഇന്ന്‌ ഹിസ്‌കീയാവിന്റേതിനോടു സമാനമായ സാഹചര്യമാണ്‌ നമ്മുടേത്‌. എന്നാൽ നമ്മുടെ യുദ്ധം ആത്മീയമായ ഒന്നാണ്‌. ആത്മീയ യോദ്ധാക്കളെന്ന നിലയിൽ നാം അതിജീവനത്തിനുള്ള അടവുകൾ പഠിച്ചിരിക്കണം. നാം ആക്രമണം പ്രതീക്ഷിക്കുകയും അവയെ തടുക്കാൻ തക്കവണ്ണം നമ്മെത്തന്നെ സജ്ജരാക്കുകയും വേണം. (എഫെസ്യർ 6:​11, 12, 17) അസ്ഥിരമായ ഈ ലോകത്തിൽ അവസ്ഥകൾ പെട്ടെന്നു മാറിമറിഞ്ഞേക്കാം. അപ്രതീക്ഷിതമായി ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടേക്കാം. മതസഹിഷ്‌ണുത പുലർത്തിയിരുന്ന രാഷ്‌ട്രങ്ങൾ അസഹിഷ്‌ണുത പ്രകടമാക്കാൻ തുടങ്ങിയേക്കാം. ഹിസ്‌കീയാവിനെ പോലെ യഹോവയിൽ അചഞ്ചലമായ ആശ്രയം നട്ടുവളർത്തിയാൽ മാത്രമേ സംഭവിച്ചേക്കാവുന്ന എന്തിനെയും നേരിടാൻ നാം സജ്ജരായിരിക്കുകയുള്ളൂ.

യഹോവയിൽ ആശ്രയിക്കുക എന്നതിന്റെ അർഥമെന്ത്‌?

16, 17. നാം യഹോവയിൽ ആശ്രയിക്കുന്നു എന്ന്‌ എങ്ങനെ പ്രകടമാക്കുന്നു?

16 യഹോവയിൽ ആശ്രയിക്കുക എന്നു പറയുന്നതിൽ വെറും വാക്കുകളല്ല, മറിച്ച്‌ നമ്മുടെ ഹൃദയം ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രവൃത്തികളിൽ അതു പ്രകടമാകുന്നു. യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നാം അവന്റെ വചനമായ ബൈബിളിൽ പൂർണമായും ആശ്രയിക്കും. നാം അതു ദിവസേന വായിക്കുകയും അതിനെ കുറിച്ചു ധ്യാനിക്കുകയും നമ്മുടെ ജീവിതത്തെ വഴിനയിക്കാൻ അതിനെ അനുവദിക്കുകയും ചെയ്യും. (സങ്കീർത്തനം 119:105) യഹോവയിൽ ആശ്രയിക്കുന്നതിൽ അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ആശ്രയിക്കുന്നതും ഉൾപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, യഹോവയ്‌ക്കു പ്രസാദകരമായ ഗുണങ്ങൾ നട്ടുവളർത്താനും ആഴത്തിൽ വേരുറച്ചുപോയ ദുശ്ശീലങ്ങൾ പിഴുതുമാറ്റാനും നമുക്കു കഴിയും. (1 കൊരിന്ത്യർ 6:11; ഗലാത്യർ 5:22-24) ആ വിധത്തിൽ അനേകർക്ക്‌ പുകവലിയും മയക്കുമരുന്നിന്റെ ദുരുപയോഗവും നിറുത്താൻ സാധിച്ചിരിക്കുന്നു. മറ്റു ചിലർ അധാർമിക ജീവിതരീതികൾ ഉപേക്ഷിച്ചിരിക്കുന്നു. അതേ, യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നമ്മുടെ ശക്തിയാലല്ല, അവന്റെ ശക്തിയാലായിരിക്കും നാം പ്രവർത്തിക്കുന്നത്‌.​—⁠എഫെസ്യർ 3:​14-18.

17 കൂടാതെ, യഹോവയെ ആശ്രയിക്കുന്നതിൽ അവൻ വിശ്വസിക്കുന്നവരിൽ വിശ്വാസം അർപ്പിക്കുന്നതും ഉൾപ്പെടുന്നു. ഉദാഹരണത്തിന്‌ യഹോവ ഭൗമിക രാജ്യതാത്‌പര്യങ്ങളുടെ പരിപാലനം “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ ഭരമേൽപ്പിച്ചിരിക്കുകയാണ്‌. (മത്തായി 24:​45-47, NW) യഹോവയുടെ ക്രമീകരണത്തിൽ വിശ്വാസം അർപ്പിക്കുന്നെങ്കിൽ ആ അടിമയെ അവഗണിച്ചുകൊണ്ട്‌ സ്വതന്ത്രമായി പ്രവർത്തിക്കാൻ നാം ശ്രമിക്കുകയില്ല. ഇനി, പ്രാദേശിക ക്രിസ്‌തീയ സഭകളിൽ മൂപ്പന്മാരുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നപ്രകാരം അവർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടിരിക്കുന്നവരാണ്‌. (പ്രവൃത്തികൾ 20:28) സഭയിലെ മൂപ്പന്മാരുടെ ക്രമീകരണത്തോടു സഹകരിക്കുന്നതിലൂടെയും യഹോവയിൽ ആശ്രയിക്കുന്നു എന്ന്‌ നാം പ്രകടമാക്കുന്നു.​—⁠എബ്രായർ 13:17.

പൗലൊസിന്റെ മാതൃക അനുകരിക്കുക

18. ഇന്ന്‌ ക്രിസ്‌ത്യാനികൾ പൗലൊസിന്റെ മാതൃക അനുകരിക്കുന്നത്‌ എങ്ങനെ, എന്നാൽ അവർ എന്തിൽ ആശ്രയം വെക്കുന്നില്ല?

18 നമ്മെപ്പോലെ പൗലൊസ്‌ അപ്പൊസ്‌തലനും ശുശ്രൂഷയിൽ അനേകം സമ്മർദങ്ങളെ അഭിമുഖീകരിച്ചു. അവന്റെ നാളിൽ ക്രിസ്‌ത്യാനികളെ കുറിച്ചുള്ള വ്യാജ ആരോപണങ്ങൾ അധികാരികളുടെ മുമ്പാകെ ഉന്നയിക്കപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ ആ തെറ്റിദ്ധാരണങ്ങൾ തിരുത്താനും പ്രസംഗ വേലയെ നിയമപരമായി സ്ഥാപിച്ചെടുക്കാനും പൗലൊസ്‌ ശ്രമിച്ചു. (പ്രവൃത്തികൾ 28:19-22; ഫിലിപ്പിയർ 1:​7, NW) ഇന്ന്‌ ക്രിസ്‌ത്യാനികൾ അവന്റെ മാതൃക അനുകരിക്കുന്നു. സാധ്യമായിരിക്കുമ്പോഴെല്ലാം, ലഭ്യമായ ഏതു മാർഗം ഉപയോഗിച്ചും നമ്മുടെ വേലയെ കുറിച്ചു മറ്റുള്ളവർക്കു ശരിയായ വിവരങ്ങൾ നൽകാൻ നാം ശ്രമിക്കുന്നു. അതുപോലെ സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്താനും അതിനെ നിയമപരമായി സ്ഥാപിച്ചെടുക്കാനും നാം ശ്രമിക്കുന്നു. എന്നിരുന്നാലും, ഇത്തരം ശ്രമങ്ങളിൽ നാം നമ്മുടെ മുഴു ആശ്രയവും വെക്കുന്നില്ല. കാരണം വിജയവും പരാജയവും അനുകൂലമായ കോടതി വിധികളെയോ പ്രചാരണത്തെയോ ആശ്രയിച്ചിരിക്കുന്നു എന്നു നാം വിശ്വസിക്കുന്നില്ല. മറിച്ച്‌ നാം യഹോവയിൽ ആശ്രയിക്കുന്നു. അവൻ പുരാതന ഇസ്രായേലിനു നൽകിയ പ്രോത്സാഹനം നാം ഓർക്കുന്നു: “നിങ്ങളുടെ ബലം വെറുതെ സ്വസ്ഥമായിരിക്കുന്നതിലും ആശ്രയം പ്രകടമാക്കുന്നതിലും ആണെന്നു തെളിയും.”​—⁠യെശയ്യാവു 30:​15, NW.

19. പീഡനം അനുഭവിക്കേണ്ടി വന്നപ്പോൾ യഹോവയിലുള്ള തങ്ങളുടെ ആശ്രയം നമ്മുടെ സഹോദരങ്ങൾക്കു പ്രയോജനപ്പെട്ടത്‌ എങ്ങനെ?

19 നമ്മുടെ ആധുനികകാല ചരിത്രം പരിശോധിക്കുകയാണെങ്കിൽ പൂർവ-പശ്ചിമ യൂറോപ്പ്‌, ഏഷ്യയുടെയും ആഫിക്കയുടെയും ചില ഭാഗങ്ങൾ, തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ നമ്മുടെ വേല നിരോധിക്കപ്പെടുകയോ അതിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുകയോ ചെയ്‌തിട്ടുള്ളതായി കാണാൻ കഴിയും. യഹോവയിലുള്ള നമ്മുടെ ആശ്രയം വ്യർഥമായിത്തീർന്നു എന്നാണോ ഇതിന്റെ അർഥം? അല്ല. ചില സമയങ്ങളിൽ തന്റേതായ തക്ക കാരണങ്ങളാൽ യഹോവ കഠിനമായ പീഡനം അനുവദിച്ചിട്ടുണ്ടെങ്കിലും പീഡനത്തിന്‌ ഇരയായിട്ടുള്ളവരെ അവൻ സ്‌നേഹപൂർവം ശക്തീകരിച്ചിട്ടുണ്ട്‌. പീഡനത്തിൻ കീഴിൽ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും മുറുകെപ്പിടിച്ചതിന്റെ നല്ല രേഖയുള്ളവരാണ്‌ പല ക്രിസ്‌ത്യാനികളും.

20. നിയമപരമായ സ്വാതന്ത്ര്യത്തിൽനിന്നു പ്രയോജനം അനുഭവിച്ചേക്കാമെങ്കിലും ഏതു കാര്യങ്ങളിൽ നാം ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ല?

20 എന്നിരുന്നാലും, മിക്ക രാജ്യങ്ങളിലും നമുക്കു നിയമാംഗീകാരം ഉണ്ട്‌. ചില സമയങ്ങളിൽ മാധ്യമങ്ങളിൽ നമ്മെ കുറിച്ചു നല്ല റിപ്പോർട്ടുകൾ വരുന്നു. ഇതിനെ നാം വിലമതിക്കുന്നു. ഇതും യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ സഹായിക്കുന്നു എന്നു നാം തിരിച്ചറിയുന്നു. വർധിച്ച സ്വാതന്ത്ര്യം നമ്മുടെ ജീവിത സുഖങ്ങൾ മെച്ചപ്പെടുത്താനല്ല, മറിച്ച്‌ യഹോവയുടെ അംഗീകാരം ലഭിക്കും വിധം പരസ്യമായും തികവോടെയും അവനെ സേവിക്കാൻ നാം ഉപയോഗിക്കുന്നു. എന്നാൽ അധികാരികളുടെ ആദരവു പിടിച്ചുപറ്റാനായി നാം ഒരിക്കലും നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച വരുത്തുകയോ പ്രസംഗപ്രവർത്തനം കുറയ്‌ക്കുകയോ മറ്റേതെങ്കിലും വിധത്തിൽ യഹോവയ്‌ക്കുള്ള നമ്മുടെ സേവനം ദുർബലമാകാൻ അനുവദിക്കുകയോ ചെയ്യില്ല. നാം മിശിഹൈക രാജ്യത്തിന്റെ പ്രജകളാണ്‌. നാം പൂർണമായും യഹോവയുടെ പരമാധികാരത്തിന്റെ പക്ഷത്താണ്‌. ഈ വ്യവസ്ഥിതിയിലല്ല, മറിച്ച്‌ പുതിയ ലോകത്തിലാണു നാം പ്രത്യാശ വെച്ചിരിക്കുന്നത്‌. അപ്പോൾ സ്വർഗീയ മിശിഹൈക രാജ്യം മാത്രമായിരിക്കും ഈ ഭൂമിമേൽ ഭരണം നടത്തുന്നത്‌. ബോംബുകൾക്കോ മിസൈലുകൾക്കോ ന്യൂക്ലിയർ ആക്രമണങ്ങൾക്കോ പോലും ആ ഗവണ്മെന്റിനെ തകർക്കാനോ സ്വർഗത്തിൽനിന്നു വീഴ്‌ത്താനോ ആവില്ല. അത്‌ അജയ്യമാണ്‌. അത്‌ യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കും.​—⁠ദാനീയേൽ 2:44; എബ്രായർ 12:28; വെളിപ്പാടു 6:⁠2.

21. ഏതു ഗതി പിന്തുടരാൻ നാം ദൃഢചിത്തരാണ്‌?

21 പൗലൊസ്‌ പറയുന്നു: “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.” (എബ്രായർ 10:39) അതുകൊണ്ട്‌ നമുക്കെല്ലാം അന്ത്യം വരെ യഹോവയെ വിശ്വസ്‌തമായി സേവിക്കാം. ഇന്നും എന്നേക്കും യഹോവയിൽ പൂർണമായി ആശ്രയിക്കുന്നതിന്‌ തീർച്ചയായും നമുക്ക്‌ നല്ല കാരണം ഉണ്ട്‌.​—⁠സങ്കീർത്തനം 37:3; 125:⁠1.

നിങ്ങൾ എന്തു പഠിച്ചു?

• യോശുവയും കാലേബും ഒരു നല്ല റിപ്പോർട്ടു നൽകിയതിന്റെ കാരണം എന്ത്‌?

• യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതിന്റെ ചില കാരണങ്ങൾ ഏവ?

• യഹോവയിൽ ആശ്രയിക്കുക എന്നതിന്റെ അർഥമെന്ത്‌?

• യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ ഏതു നിലപാട്‌ സ്വീകരിക്കാൻ നാം ദൃഢചിത്തരാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[15 -ാം പേജിലെ ചിത്രം]

യോശുവയും കാലേബും ഒരു നല്ല റിപ്പോർട്ട്‌ നൽകിയത്‌ എന്തുകൊണ്ട്‌?

[16 -ാം പേജിലെ ചിത്രങ്ങൾ]

സൃഷ്ടി നമുക്കു യഹോവയിൽ ആശ്രയിക്കാനുള്ള ശക്തമായ കാരണം നൽകുന്നു

[കടപ്പാട്‌]

മൂന്നു ചിത്രങ്ങളും: Courtesy of Anglo-Australian Observatory, photograph by David Malin

[18 -ാം പേജിലെ ചിത്രം]

യഹോവയെ ആശ്രയിക്കുന്നതിൽ അവൻ വിശ്വസിക്കുന്നവരിൽ വിശ്വാസം അർപ്പിക്കുന്നത്‌ ഉൾപ്പെടുന്നു