‘ബലവും ധൈര്യവും ഉള്ളവരായിരിപ്പിൻ!’
‘ബലവും ധൈര്യവും ഉള്ളവരായിരിപ്പിൻ!’
“ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”—യോഹന്നാൻ 16:33.
1. കനാൻ ദേശത്ത് ശക്തരായ ശത്രുക്കളെ നേരിടേണ്ടി വരുമായിരുന്നതിനാൽ ഇസ്രായേല്യർക്ക് എന്തു പ്രോത്സാഹനം നൽകപ്പെട്ടു?
ഇസ്രായേല്യർ യോർദാൻ നദി കടന്ന് വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് മോശെ അവരോടു പറഞ്ഞു: “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു.” അതിനുശേഷം മോശെ, ഇസ്രായേല്യരെ കനാൻ ദേശത്തേക്കു നയിക്കേണ്ടിയിരുന്ന യോശുവയെ വിളിച്ച് ധൈര്യത്തോടെ ഇരിക്കാനുള്ള ബുദ്ധിയുപദേശം അവനോട് ആവർത്തിച്ചു. (ആവർത്തനപുസ്‌തകം 31:6, 7) പിന്നീട് യഹോവതന്നെ ഇപ്രകാരം പറഞ്ഞുകൊണ്ട് യോശുവയെ പ്രോത്സാഹിപ്പിച്ചു: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക . . . നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക.” (യോശുവ 1:6, 7, 9) ആ വാക്കുകൾ തികച്ചും സമയോചിതമായിരുന്നു. കാരണം യോർദാന്റെ മറുകരയിൽ പാർത്തിരുന്ന ശക്തരായ ശത്രുക്കളെ നേരിടാൻ ഇസ്രായേല്യർക്ക് ധൈര്യം ആവശ്യമായിരുന്നു.
2. ഇന്ന് നമ്മുടെ സാഹചര്യം എന്താണ്, നമുക്ക് എന്ത് ആവശ്യമാണ്?
2 ഇന്ന് സത്യ ക്രിസ്‌ത്യാനികൾ വാഗ്‌ദാനം ചെയ്യപ്പെട്ട പുതിയ ലോകത്തിന്റെ കവാടത്തിങ്കലാണ്. യോശുവയെ പോലെ നമുക്കും ധൈര്യം ആവശ്യമാണ്. (2 പത്രൊസ് 3:13; വെളിപ്പാടു 7:14) എന്നിരുന്നാലും യോശുവയുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു സാഹചര്യമാണ് നമ്മുടേത്. യോശുവ വാളും കുന്തവും ഉപയോഗിച്ചു പോരാടി. പക്ഷേ നമ്മുടെ പോരാട്ടം ആത്മീയമായ ഒന്നാണ്. നാം ഒരിക്കലും അക്ഷരീയ യുദ്ധായുധങ്ങൾ ഉപയോഗിക്കുന്നില്ല. (യെശയ്യാവു 2:2-4; എഫെസ്യർ 6:11-17) കൂടാതെ, യോശുവയ്‌ക്ക് വാഗ്‌ദത്ത ദേശത്തു പ്രവേശിച്ച ശേഷവും അനേകം ഉഗ്ര പോരാട്ടങ്ങൾ നടത്തേണ്ടി വന്നു. എന്നാൽ നമ്മുടെ കാര്യത്തിൽ ഏറ്റവും ഉഗ്രമായ പോരാട്ടങ്ങൾ നടക്കുന്നത് പുതിയ ഭൂമിയിലേക്കു പ്രവേശിക്കുന്നതിനു മുമ്പാണ്, അതായത് ഇപ്പോൾ. നമ്മുടെ പക്ഷത്ത് ധൈര്യം ആവശ്യമാക്കിത്തീർക്കുന്ന ചില സാഹചര്യങ്ങൾ നമുക്കിപ്പോൾ ചർച്ച ചെയ്യാം.
നാം പോരാടേണ്ടത് എന്തുകൊണ്ട്?
3. നമ്മുടെ മുഖ്യ എതിരാളിയെ കുറിച്ച് ബൈബിൾ എന്തു വെളിപ്പെടുത്തുന്നു?
3 യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) വിശ്വാസം കാത്തുസൂക്ഷിക്കാനായി ക്രിസ്‌ത്യാനികൾ പോരാടേണ്ടതിന്റെ ഒരു അടിസ്ഥാന കാരണം ആ വാക്കുകൾ വ്യക്തമാക്കുന്നു. ഒരു ക്രിസ്‌ത്യാനി ദൃഢവിശ്വസ്‌തത പാലിക്കുമ്പോൾ അത് ഒരു പരിധിവരെ പിശാചായ സാത്താന് ഒരു പരാജയമാണ്. അതിനാൽ വിശ്വസ്‌ത ക്രിസ്‌ത്യാനികളെ ഭയപ്പെടുത്താനും വിഴുങ്ങാനും ശ്രമിച്ചുകൊണ്ട് സാത്താൻ “അലറുന്ന സിംഹം എന്നപോലെ” നടക്കുന്നു. (1 പത്രൊസ് 5:8) അവൻ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും അവരുടെ സഹകാരികൾക്കും എതിരെ യുദ്ധം ചെയ്യുകയാണ്. (വെളിപ്പാടു 12:17) അറിഞ്ഞോ അറിയാതെയോ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന മനുഷ്യരെ അവൻ ഈ യുദ്ധത്തിൽ ഉപയോഗിക്കുന്നു. സാത്താനും അവന്റെ സകല ഏജന്റുമാർക്കുമെതിരെ ഉറച്ചുനിൽക്കാൻ ധൈര്യം ആവശ്യമാണ്.
4. യേശു എന്തു മുന്നറിയിപ്പു നൽകി, എന്നാൽ സത്യ ക്രിസ്‌ത്യാനികൾ ഏതു ഗുണം പ്രകടമാക്കിയിരിക്കുന്നു?
4 സാത്താനും അവന്റെ ഏജന്റുമാരും സുവാർത്തയെ ശക്തമായി എതിർക്കുമെന്ന് അറിയാമായിരുന്നതിനാൽ യേശു തന്റെ അനുഗാമികൾക്ക് ഈ മുന്നറിയിപ്പു നൽകി: “അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്‌പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9) ആ വാക്കുകൾ ഒന്നാം നൂറ്റാണ്ടിൽ നിറവേറി, ഇന്നും അവ നിറവേറുന്നു. വാസ്‌തവത്തിൽ, യഹോവയുടെ ചില ആധുനികകാല സാക്ഷികൾക്ക് ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തിലും ഉണ്ടായിട്ടുള്ളതുപോലെയുള്ള കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നു. എന്നാൽ ഇത്തരം സമ്മർദങ്ങൾക്കു മധ്യേ സത്യ ക്രിസ്‌ത്യാനികൾ ധൈര്യപൂർവം നിലകൊള്ളുന്നു. ‘മാനുഷഭയം ഒരു കെണി ആകുന്നു’ എന്ന് അവർക്ക് അറിയാം. ഒരു കെണിയിൽ അകപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല.—സദൃശവാക്യങ്ങൾ 29:25.
5, 6. (എ) ഏതു സാഹചര്യങ്ങൾ നമ്മുടെ ഭാഗത്ത് ധൈര്യം ആവശ്യമാക്കിത്തീർക്കുന്നു? (ബി) ധൈര്യത്തിന്റെ പരിശോധനകളെ നേരിടുമ്പോൾ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ എങ്ങനെ പ്രതികരിക്കുന്നു?
5 പീഡനത്തിനു പുറമേ നമ്മുടെ ഭാഗത്ത് ധൈര്യം ആവശ്യമാക്കിത്തീർക്കുന്ന മറ്റു വെല്ലുവിളികളും ഉണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം സുവാർത്തയെക്കുറിച്ച് അപരിചിതരോടു സംസാരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ദേശത്തോടോ പതാകയോടോ കൂറ് പ്രകടിപ്പിക്കാനായി പ്രതിജ്ഞ ചൊല്ലാൻ ആവശ്യപ്പെടുമ്പോൾ ചില വിദ്യാർഥികളുടെ ധൈര്യം പരിശോധിക്കപ്പെടുന്നു. ഇത്തരമൊരു പ്രതിജ്ഞ ഫലത്തിൽ ഭക്തി ഉൾപ്പെട്ട ഒന്നായതിനാൽ ക്രിസ്‌തീയ കുട്ടികൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു വിധത്തിൽ പ്രവർത്തിക്കാൻ ധൈര്യപൂർവം തീരുമാനിച്ചിരിക്കുന്നു. അവരുടെ ഉത്തമ ദൃഷ്ടാന്തം ഹൃദയോഷ്‌മളമാണ്.
6 എതിരാളികൾ മാധ്യമങ്ങളെ സ്വാധീനിച്ച് ദൈവദാസരെ കുറിച്ച് മോശമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുകയോ ‘നിയമംവഴി ദുരിതമുണ്ടാക്കി’ക്കൊണ്ട് സത്യാരാധനയ്‌ക്കു തടയിടാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴും നമുക്ക് ധൈര്യം ആവശ്യമാണ്. (സങ്കീർത്തനം 94:20, പി.ഒ.സി. ബൈബിൾ) ഉദാഹരണത്തിന്, പത്രങ്ങളിലോ റേഡിയോയിലോ ടെലിവിഷനിലോ ഒക്കെ യഹോവയുടെ സാക്ഷികളെ കുറിച്ച് വളച്ചൊടിച്ച റിപ്പോർട്ടുകളോ കെട്ടിച്ചമച്ച നുണകളോ പ്രത്യക്ഷപ്പെടുന്നെങ്കിൽ നമ്മുടെ പ്രതികരണം എന്തായിരിക്കണം? അതു നമ്മെ അമ്പരിപ്പിക്കേണ്ടതുണ്ടോ? ഇല്ല. കാരണം ഇതൊക്കെ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്. (സങ്കീർത്തനം 109:2) മാധ്യമങ്ങളിൽ വരുന്ന നുണകളും വളച്ചൊടിച്ച വിവരങ്ങളും ചിലർ വിശ്വസിക്കുന്നതും നമ്മെ അതിശയിപ്പിക്കുന്നില്ല, കാരണം “അല്‌പബുദ്ധി [“അനുഭവജ്ഞാനമില്ലാത്തവൻ,” NW] ഏതു വാക്കും വിശ്വസിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) എങ്കിലും വിശ്വസ്‌ത ക്രിസ്‌ത്യാനികൾ തങ്ങളുടെ സഹോദരങ്ങളെ കുറിച്ചു കേൾക്കുന്നതെന്തും വിശ്വസിക്കുകയില്ല. ദുഷ്‌പ്രചാരണം നിമിത്തം അവർ ഒരിക്കലും ക്രിസ്‌തീയ യോഗങ്ങളും വയൽസേവനവും മുടക്കുകയോ വിശ്വാസത്തിൽ ദുർബലരായിത്തീരുകയോ ഇല്ല. നേരെ മറിച്ച്, അവർ തങ്ങൾ ‘ദൈവത്തിന്റെ ദാസരാണ് [“ശുശ്രൂഷകർ,” NW] എന്ന് കാണിക്കുന്നു. ബഹുമാനത്തിലും അപമാനത്തിലും, സത്‌പേരിലും ദുഷ്‌പേരിലും അവർ അങ്ങനെ കാണിക്കുന്നു. [എതിരാളികളാൽ] അവർ വഞ്ചകരായി ഗണിക്കപ്പെടുന്നു, എങ്കിലും [യഥാർഥത്തിൽ] സത്യസന്ധരാണ്.’—2 കൊരിന്ത്യർ 6:4, 8, ഓശാന ബൈബിൾ.
7. ആത്മപരിശോധന നടത്താൻ സഹായിക്കുന്ന ഏതു ചോദ്യങ്ങൾ നമുക്കു നമ്മോടുതന്നെ ചോദിക്കാൻ കഴിയും?
7 പൗലൊസ് തിമൊഥെയൊസിന് ഇങ്ങനെ എഴുതി: ‘ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെ ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെ കുറിച്ചു ലജ്ജിക്കരുത്.’ (2 തിമൊഥെയൊസ് 1:7, 8; മർക്കൊസ് 8:38) അതിനാൽ നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘എന്റെ വിശ്വാസത്തെ കുറിച്ച് എനിക്കു ലജ്ജ തോന്നുന്നുവോ, അതോ എനിക്ക് ധൈര്യമുണ്ടോ? ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന കാര്യം സഹജോലിക്കാരോടു (അല്ലെങ്കിൽ സഹപാഠികളോട്) പറഞ്ഞിട്ടുണ്ടോ, അതോ ആ സംഗതി ഒളിച്ചുവെക്കാനാണോ ഞാൻ ശ്രമിക്കുന്നത്? മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനായി കാണപ്പെടുന്നത് നാണക്കേടായി ഞാൻ കണക്കാക്കുന്നുവോ, അതോ യഹോവയുമായുള്ള ബന്ധത്തിന്റെ പേരിൽ വ്യത്യസ്‌തനായിരിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നുവോ?’ സുവാർത്ത പ്രസംഗിക്കുന്നതിനെ കുറിച്ചോ ജനപ്രീതിയില്ലാത്ത ഒരു നിലപാട് എടുക്കുന്നതിനെ കുറിച്ചോ ആർക്കെങ്കിലും ഭയം തോന്നുന്നെങ്കിൽ യഹോവ യോശുവയ്‌ക്കു നൽകിയ ബുദ്ധിയുപദേശം ഓർക്കുക: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക.” സഹജോലിക്കാരോ സഹപാഠികളോ നമ്മെ കുറിച്ച് എന്തു വിചാരിക്കും എന്നതല്ല, മറിച്ച് യഹോവയും യേശുക്രിസ്‌തുവും നമ്മെ എങ്ങനെ വീക്ഷിക്കും എന്നതാണ് യഥാർഥത്തിൽ പ്രധാനം എന്ന കാര്യം ഒരിക്കലും മറക്കരുത്.—ഗലാത്യർ 1:10.
ധൈര്യം നട്ടുവളർത്താനാകുന്ന വിധം
8, 9. (എ) ആദിമ ക്രിസ്‌ത്യാനികളുടെ ധൈര്യം ഒരു സന്ദർഭത്തിൽ പരിശോധിക്കപ്പെട്ടത് എങ്ങനെ? (ബി) ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ പത്രൊസും യോഹന്നാനും എങ്ങനെ പ്രതികരിച്ചു, അവർക്കും അവരുടെ സഹോദരങ്ങൾക്കും എന്ത് അനുഭവിക്കാൻ സാധിച്ചു?
8 ഈ പ്രയാസ കാലങ്ങളിൽ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നതരം ധൈര്യം നമുക്ക് എങ്ങനെ നട്ടുവളർത്താം? ആദിമ ക്രിസ്‌ത്യാനികൾ ധൈര്യം നട്ടുവളർത്തിയത് എങ്ങനെയാണ്? യേശുവിന്റെ നാമത്തിൽ പ്രസംഗിക്കുന്നതു നിറുത്താൻ യെരൂശലേമിലെ മഹാപുരോഹിതന്മാരും മൂപ്പന്മാരും പത്രൊസിനോടും യോഹന്നാനോടും കൽപ്പിച്ച സാഹചര്യത്തെ കുറിച്ചു ചിന്തിക്കുക. പ്രസംഗം നിറുത്താൻ വിസമ്മതിച്ച ആ ശിഷ്യന്മാരെ അവർ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അപ്പോൾ ശിഷ്യന്മാർ തങ്ങളുടെ സഹോദരങ്ങളുടെ അടുക്കലേക്കു പോകുകയും അവർ എല്ലാവരും ഒരുമിച്ചു കൂടി ഇപ്രകാരം പ്രാർഥിക്കുകയും ചെയ്‌തു: “കർത്താവേ [“യഹോവേ,” NW], അവരുടെ ഭീഷണികളെ നോക്കേണമേ. . . . നിന്റെ വചനം പൂർണ്ണധൈര്യത്തോടുംകൂടെ പ്രസ്‌താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്‌കേണമേ.” (പ്രവൃത്തികൾ 4:13-30) തന്റെ പരിശുദ്ധാത്മാവിനാൽ അവരെ ശക്തീകരിച്ചുകൊണ്ട് യഹോവ ഉത്തരം നൽകി. അതിന്റെ ഫലമായി യഹൂദ നേതാക്കന്മാർതന്നെ പിന്നീടു പറഞ്ഞപ്രകാരം തങ്ങളുടെ പഠിപ്പിക്കലിനാൽ ‘യെരൂശലേമിനെ നിറയ്‌ക്കാൻ’ അവർക്കു സാധിച്ചു.—പ്രവൃത്തികൾ 5:28.
9 ആ സന്ദർഭത്തിൽ സംഭവിച്ച കാര്യങ്ങൾ നമുക്കൊന്നു വിശകലനം ചെയ്യാം. യഹൂദ മതനേതാക്കന്മാർ ഭീഷണിപ്പെടുത്തിയപ്പോൾ ശിഷ്യന്മാർ ഒരിക്കലും അവരുടെ സമ്മർദത്തിനു വഴങ്ങുന്നതിനെ കുറിച്ചു ചിന്തിച്ചില്ല. മറിച്ച്, പ്രസംഗവേല തുടർന്നുകൊണ്ടു പോകാനുള്ള ധൈര്യത്തിനായി അവർ പ്രാർഥിച്ചു. തുടർന്ന് ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. യഹോവ തന്റെ ആത്മാവിനാൽ അവരെ ശക്തീകരിക്കുകയും ചെയ്‌തു. ഏതാനും വർഷങ്ങൾക്കു ശേഷം വ്യത്യസ്‌തമായ ഒരു സന്ദർഭത്തിൽ പൗലൊസ് എഴുതിയ പിൻവരുന്ന വാക്കുകൾ, പീഡിപ്പിക്കപ്പെടുമ്പോൾ ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്നുവെന്ന് അവരുടെ അനുഭവം കാണിക്കുന്നു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:13.
10. സ്വതവേ പേടിയുള്ള വ്യക്തികളെ യിരെമ്യാവിന്റെ അനുഭവം സഹായിക്കുന്നത് എങ്ങനെ?
10 എന്നാൽ ഒരു വ്യക്തി സ്വതവേ പേടിയുള്ളവൻ ആണെങ്കിലോ? അത്തരമൊരു വ്യക്തിക്ക്, എതിർപ്പുകൾ ഉണ്ടാകുമ്പോൾ യഹോവയെ ധൈര്യത്തോടെ സേവിക്കാൻ കഴിയുമോ? തീർച്ചയായും! യിരെമ്യാവിനെ യഹോവ പ്രവാചകനായി നിയമിച്ചപ്പോഴത്തെ അവന്റെ പ്രതികരണം ഓർക്കുക. യുവാവായ യിരെമ്യാവു പറഞ്ഞു: ‘ഞാൻ [വെറുമൊരു] ബാലനല്ലോ.’ തന്റെ നിയമനം നിർവഹിക്കാനുള്ള പ്രാപ്‌തി തനിക്കില്ലെന്ന് യിരെമ്യാവിനു തോന്നി എന്നു വ്യക്തമാണ്. എങ്കിലും യഹോവ പിൻവരുന്ന വാക്കുകളാൽ അവനെ പ്രോത്സാഹിപ്പിച്ചു: ‘ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്‌പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ട്.’ (യിരെമ്യാവു 1:6-10) യിരെമ്യാവിന് യഹോവയിൽ ദൃഢവിശ്വാസം ഉണ്ടായിരുന്നു. തത്‌ഫലമായി യഹോവയുടെ ശക്തിയാൽ അവൻ പ്രസംഗിക്കാനുള്ള വിമുഖതയെ തരണം ചെയ്യുകയും ഇസ്രായേലിൽ അസാധാരണ ധൈര്യം പ്രകടമാക്കിയ ഒരു സാക്ഷിയായിത്തീരുകയും ചെയ്‌തു.
11. യിരെമ്യാവിനെ പോലെ ധൈര്യമുള്ളവർ ആയിരിക്കാൻ ഇന്നു ക്രിസ്‌ത്യാനികളെ എന്തു സഹായിക്കുന്നു?
വെളിപ്പാടു 7:9; യോഹന്നാൻ 10:16) ‘ഭയപ്പെടരുതു,’ യിരെമ്യാവിനോടുള്ള യഹോവയുടെ ആ പ്രോത്സാഹന വാക്ക് അവർക്കു ധൈര്യം പകരുന്നു. തങ്ങളുടെ നിയോഗം ദൈവത്തിൽ നിന്നുള്ളതാണെന്നും അവന്റെ സന്ദേശമാണ് തങ്ങൾ പ്രസംഗിക്കുന്നതെന്നുമുള്ള കാര്യം അവർ ഒരിക്കലും മറക്കുന്നില്ല.—2 കൊരിന്ത്യർ 2:17.
11 അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് ഇന്ന് യിരെമ്യാവിന്റേതിനോടു സമാനമായ ഒരു ദൗത്യമാണുള്ളത്. നിസ്സംഗതയ്‌ക്കും പരിഹാസത്തിനും പീഡനത്തിനും മധ്യേ അവർ യഹോവയുടെ ഉദ്ദേശ്യങ്ങൾ ഘോഷിക്കുന്നതിൽ തുടരുന്നു. ഇതിൽ ‘വേറെ ആടുകളുടെ’ “മഹാപുരുഷാരം” അവരെ പിന്തുണയ്‌ക്കുന്നു. (ധൈര്യത്തിന്റെ അനുകരണീയ മാതൃകകൾ
12. യേശു ധൈര്യത്തിന്റെ എന്ത് വിശിഷ്ട മാതൃക വെച്ചു, അവൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ?
12 യിരെമ്യാവിനെ പോലെ ധൈര്യത്തോടെ പ്രവർത്തിച്ചിട്ടുള്ളവരുടെ മാതൃകകളെ കുറിച്ചു ധ്യാനിക്കുന്നത് ധൈര്യം നട്ടുവളർത്താൻ നമ്മെ സഹായിക്കും. (സങ്കീർത്തനം 77:12) ഉദാഹരണത്തിന് യേശുവിന്റെ ശുശ്രൂഷ നാം പരിശോധിക്കുമ്പോൾ സാത്താനാൽ പരീക്ഷിക്കപ്പെട്ടപ്പോഴും യഹൂദ നേതാക്കന്മാരുടെ നിരന്തര എതിർപ്പ് നേരിട്ടപ്പോഴും അവൻ പ്രകടമാക്കിയ ധൈര്യം നമ്മിൽ മതിപ്പുളവാക്കുന്നു. (ലൂക്കൊസ് 4:1-13; 20:19-47) യഹോവയിൽനിന്നുള്ള ശക്തിയാൽ യേശു അചഞ്ചലനായി നിലകൊണ്ടു. തന്റെ മരണത്തിനു കുറച്ചു മുമ്പായി അവൻ ശിഷ്യന്മാരോടു പറഞ്ഞു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33; 17:16) യേശുവിന്റെ മാതൃക പിൻപറ്റുന്നതിലൂടെ അവന്റെ ശിഷ്യന്മാർക്കും വിജയംവരിക്കാൻ കഴിയുമായിരുന്നു. (1 യോഹന്നാൻ 2:6; വെളിപ്പാടു 2:7, 11, 17, 26) എന്നാൽ അവർ ‘ധൈര്യമുള്ളവർ’ ആയിരിക്കണമായിരുന്നു.
13. പൗലൊസ് ഫിലിപ്പിയർക്ക് എന്തു പ്രോത്സാഹനം നൽകി?
13 യേശു മരിച്ച് ഏതാനും വർഷം കഴിഞ്ഞ് പൗലൊസും ശീലാസും ഫിലിപ്പിയിൽ കാരാഗൃഹത്തിൽ അടയ്‌ക്കപ്പെട്ടു. പിന്നീട് പൗലൊസ് ഫിലിപ്യ സഭയെ ‘ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നതിൽ’ തുടരാൻ പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തിൽ അവരെ ബലപ്പെടുത്താൻ പൗലൊസ് പറഞ്ഞു: ‘ഇത് [ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു എന്നത്] അവരുടെ [പീഡകരുടെ] നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്‌തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്‌കിയിരിക്കുന്നു.’—ഫിലിപ്പിയർ 1:27-29.
14. പൗലൊസിന്റെ ധൈര്യം റോമിലെ സഹോദരങ്ങളുടെമേൽ എന്തു ഫലം ഉളവാക്കി?
14 ഫിലിപ്യ സഭയ്‌ക്ക് എഴുതുമ്പോൾ പൗലൊസ് വീണ്ടും തടവിൽ—ഇത്തവണ റോമിൽ—ആയിരുന്നു. എന്നിരുന്നാലും അവൻ ധൈര്യപൂർവം മറ്റുള്ളവരോടു പ്രസംഗിക്കുന്നതിൽ തുടർന്നു. അതിന്റെ ഫലം എന്തായിരുന്നു? അവൻ എഴുതി: “എന്റെ ബന്ധനങ്ങൾ ക്രിസ്‌തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്‌താവിപ്പാൻ അധികം തുനിയുകയും ചെയ്‌തിരിക്കുന്നു.”—ഫിലിപ്പിയർ 1:13, 14.
15. ധൈര്യപൂർവം നിലകൊള്ളാനുള്ള നമ്മുടെ ദൃഢ തീരുമാനത്തെ ബലപ്പെടുത്തുന്ന വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
15 പൗലൊസിന്റെ മാതൃക നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ തന്നെയാണ് സ്വേച്ഛാധിപത്യ അല്ലെങ്കിൽ പൗരോഹിത്യ ഭരണത്തിൻകീഴിൽ പീഡനം സഹിച്ചുനിന്നിട്ടുള്ള ആധുനികകാലത്തെ വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെ ഉത്തമ മാതൃകകളും. ഇത്തരത്തിലുള്ള അനേകരുടെ അനുഭവങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകളിലും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകങ്ങളിലും വന്നിട്ടുണ്ട്. അങ്ങനെയുള്ള വിവരണങ്ങൾ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: ആ സഹോദരങ്ങൾ നമ്മെപ്പോലെതന്നെ സാധാരണക്കാരായിരുന്നു; എന്നാൽ അവർ വളരെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിട്ടപ്പോൾ യഹോവ അവർക്കു സാധാരണയിൽ കവിഞ്ഞ ശക്തി നൽകി. അങ്ങനെ അവർക്കു സഹിച്ചുനിൽക്കാൻ കഴിഞ്ഞു. സമാനമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നാൽ നമുക്കുവേണ്ടിയും യഹോവ അതുതന്നെ ചെയ്യുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.
നമ്മുടെ ധീരമായ നിലപാട് യഹോവയ്‌ക്കു സന്തോഷവും ബഹുമതിയും കൈവരുത്തുന്നു
16, 17. ഇന്ന് നമുക്ക് എങ്ങനെ ധൈര്യം വളർത്തിയെടുക്കാൻ കഴിയും?
16 ഒരു വ്യക്തി സത്യത്തിനും നീതിക്കും വേണ്ടി ഉറച്ചു നിൽക്കുന്നെങ്കിൽ അയാൾ ധൈര്യശാലി ആണ്. ഉള്ളിൽ ഭയം തോന്നുമ്പോൾ പോലും ഒരാൾ അങ്ങനെ ചെയ്യുന്നെങ്കിൽ അയാൾ കൂടുതൽ ധൈര്യശാലിയാണെന്നു പറയാൻ കഴിയും. വാസ്‌തവത്തിൽ, ഏതൊരു ക്രിസ്‌ത്യാനിക്കും ധൈര്യത്തോടെ നിലകൊള്ളാനാകും. എന്നാൽ അതിന് യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ആത്മാർഥ ആഗ്രഹവും വിശ്വസ്‌തത മുറുകെപ്പിടിക്കാനുള്ള നിശ്ചയദാർഢ്യവും ദൈവത്തിലുള്ള നിരന്തര ആശ്രയവും വേണം. മാത്രമല്ല യഹോവ മുൻകാലങ്ങളിൽ നമ്മെപ്പോലെയുള്ള എത്രയോ പേരെ ശക്തീകരിച്ചിരിക്കുന്നു എന്ന കാര്യം എല്ലായ്‌പോഴും ഓർക്കേണ്ടതും ആവശ്യമാണ്. കൂടാതെ, നമ്മുടെ ധീരമായ നിലപാട് യഹോവയ്‌ക്കു സന്തോഷവും ബഹുമതിയും കൈവരുത്തുമെന്നു തിരിച്ചറിയുന്നത് ദുർബലരാകാതിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ കൂടുതലായി ശക്തിപ്പെടുത്തുന്നു. പരിഹാസമോ അതിലും മോശമായ പെരുമാറ്റമോ പോലും സഹിക്കാൻ നാം തയ്യാറാണ്. കാരണം നാം യഹോവയെ ആഴമായി സ്‌നേഹിക്കുന്നു.—1 യോഹന്നാൻ 2:5; 4:18.
17 വിശ്വാസത്തിനായി കഷ്ടം സഹിക്കേണ്ടി വരുമ്പോൾ, നാം എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെന്ന് അത് അർഥമാക്കുന്നില്ല എന്ന കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കുക. (1 പത്രൊസ് 3:17) യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുകയും നന്മ ചെയ്യുകയും ലോകത്തിന്റെ ഭാഗം അല്ലാതിരിക്കുകയും ചെയ്യുന്നതിനാലാണ് നമുക്കു കഷ്ടം സഹിക്കേണ്ടി വരുന്നത്. ഇതിനോടുള്ള ബന്ധത്തിൽ അപ്പൊസ്‌തലനായ പത്രൊസ് പറഞ്ഞു: “നന്മചെയ്‌തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.” അവൻ ഇങ്ങനെയും പറഞ്ഞു: “ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്‌തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്‌തനായ സ്രഷ്ടാവിങ്കൽ ഭരമേല്‌പിക്കട്ടെ.” (1 പത്രൊസ് 2:20; 4:19) അതേ, നമ്മുടെ വിശ്വാസം നമ്മുടെ സ്‌നേഹവാനായ യഹോവയാം ദൈവത്തെ സന്തോഷിപ്പിക്കുന്നു, അത് അവനു ബഹുമതിയും കൈവരുത്തുന്നു. ധൈര്യത്തോടെ നിലകൊള്ളാനുള്ള എത്ര ശക്തമായ കാരണം!
അധികാരികളോട് സംസാരിക്കേണ്ടിവരുമ്പോൾ
18, 19. ഒരു ന്യായാധിപന്റെ മുമ്പാകെ ധീരമായ നിലപാട് സ്വീകരിക്കുമ്പോൾ ഫലത്തിൽ എന്തു സന്ദേശമാണ് നാം നൽകുന്നത്?
18 പീഡനത്തെ കുറിച്ച് തന്റെ അനുഗാമികൾക്ക് മുന്നറിയിപ്പു നൽകവേ യേശു പറഞ്ഞു: “[മനുഷ്യർ] നിങ്ങളെ ന്യായാധിപസഭകളിൽ ഏല്‌പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.” (മത്തായി 10:17, 18) വ്യാജ കുറ്റാരോപണങ്ങളുടെ പേരിൽ ഒരു ന്യായാധിപന്റെയോ ഭരണാധികാരിയുടെയോ മുമ്പിൽ ഹാജരാകേണ്ടി വരുമ്പോൾ നമുക്കു ധൈര്യം ആവശ്യമാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ആ വ്യക്തികളോട് ധൈര്യപൂർവം സാക്ഷീകരിക്കുമ്പോൾ ആ ദുഷ്‌കര സാഹചര്യത്തെ സുപ്രധാനമായ ഒരു കാര്യത്തിനായി പ്രയോജനപ്പെടുത്തുകയാണു നാം ചെയ്യുന്നത്. ഫലത്തിൽ, നമ്മെ ന്യായം വിധിക്കുന്നവരോട് 2-ാം സങ്കീർത്തനത്തിൽ കാണുന്ന യഹോവയുടെ പിൻവരുന്ന വാക്കുകൾ നാം പറയുകയായിരിക്കും: “ആകയാൽ രാജാക്കന്മാരേ, ബുദ്ധിപഠിപ്പിൻ [“ഉൾക്കാഴ്‌ച പ്രകടമാക്കുവിൻ,” NW]; ഭൂമിയിലെ ന്യായാധിപന്മാരേ; ഉപദേശം കൈക്കൊൾവിൻ [“തിരുത്തൽ സ്വീകരിക്കുവിൻ,” NW]. ഭയത്തോടെ യഹോവയെ സേവിപ്പിൻ.” (സങ്കീർത്തനം 2:10, 11) കോടതിയിൽ യഹോവയുടെ സാക്ഷികളെ കുറിച്ച് വ്യാജാരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ള പല സന്ദർഭങ്ങളിലും ന്യായാധിപന്മാർ ആരാധനാസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. നാം അതിനെ വിലമതിക്കുന്നു. എന്നാൽ ചില ന്യായാധിപന്മാർ എതിരാളികളുടെ സ്വാധീനത്തിനു വഴങ്ങിയിരിക്കുന്നു. അത്തരം വ്യക്തികളോട് തിരുവെഴുത്തു പറയുന്നു: “തിരുത്തൽ സ്വീകരിക്കുവിൻ.”
റോമർ 14:10) ഇനി നമ്മെ സംബന്ധിച്ചാണെങ്കിൽ, ഒരു മനുഷ്യ ന്യായാധിപനിൽനിന്ന് നീതി കിട്ടിയാലും ഇല്ലെങ്കിലും ധൈര്യത്തോടെ നിലകൊള്ളാനുള്ള എല്ലാ കാരണവും നമുക്കുണ്ട്. എന്തുകൊണ്ടെന്നാൽ യഹോവ നമ്മെ പിന്തുണയ്‌ക്കുന്നു. ബൈബിൾ പറയുന്നു: “അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].—സങ്കീർത്തനം 2:12.
19 ഏറ്റവും ഉന്നതമായ നിയമം യഹോവയാം ദൈവത്തിന്റേതാണെന്ന കാര്യം ന്യായാധിപന്മാർ തിരിച്ചറിയേണ്ടതുണ്ട്. തങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരും യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടും കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് അവർ ഓർക്കണം. (20. പീഡനവും ദുഷ്‌പ്രചാരണവും സഹിക്കേണ്ടി വരുമ്പോൾ നമുക്ക് സന്തോഷമുള്ളവർ ആയിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
20 ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.” (മത്തായി 5:11, 12) തീർച്ചയായും പീഡനം അതിൽത്തന്നെ സന്തോഷകരമല്ല. എന്നാൽ മാധ്യമങ്ങളിലെ ദുഷ്‌പ്രചാരണം ഉൾപ്പെടെയുള്ള പീഡനങ്ങൾക്കു മധ്യേയും ഉറച്ചു നിൽക്കുന്നത് നമുക്കു സന്തോഷത്തിനുള്ള വക നൽകുന്നു. അതിന്റെ അർഥം നാം യഹോവയെ പ്രസാദിപ്പിക്കുന്നുവെന്നും നമുക്ക് അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും ആണ്. നമ്മുടെ ധീരമായ നിലപാട് നമുക്ക് യഥാർഥ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ്. കൂടാതെ, നമുക്കു ദൈവത്തിന്റെ അംഗീകാരം ഉണ്ടെന്നുള്ളതിന് അത് ഉറപ്പുനൽകുന്നു. വാസ്‌തവത്തിൽ നമുക്കു യഹോവയിൽ സമ്പൂർണ ആശ്രയം ഉണ്ടെന്നാണ് അതു കാണിക്കുന്നത്. അത്തരം ആശ്രയം ഒരു ക്രിസ്‌ത്യാനിക്ക് അത്യന്താപേക്ഷിതമാണ്. അടുത്ത ലേഖനത്തിൽ നാം അതിനെ കുറിച്ചു പരിചിന്തിക്കും.
നിങ്ങൾ എന്തു പഠിച്ചു?
• ഇന്നത്തെ ഏതു സാഹചര്യങ്ങൾ നമ്മുടെ പക്ഷത്ത് ധൈര്യം ആവശ്യമാക്കിത്തീർക്കുന്നു?
• നമുക്ക് എങ്ങനെ ധൈര്യം നട്ടുവളർത്താം?
• ധൈര്യത്തിന്റെ ചില ഉത്തമ മാതൃകകൾ ആരെല്ലാം?
• ധൈര്യപൂർവം പ്രവർത്തിക്കാൻ നാം ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[9 -ാം പേജിലെ ചിത്രങ്ങൾ]
ജർമനിയിലെ സിമോൺ ആർനോൾഡ് (ഇപ്പോൾ ലിബ്‌സ്റ്റർ), മലാവിയിലെ വിഡസ് മഡോണ, യൂക്രെയിനിലെ ഓലെക്‌സിയി കുർദാസ്, ലിഡിയ കുർദാസ് എന്നിവർ ധൈര്യം പ്രകടമാക്കിക്കൊണ്ട് ദുഷ്ടനായവനെ ചെറുത്തുനിന്നു
[10 -ാം പേജിലെ ചിത്രങ്ങൾ]
സുവാർത്തയെ കുറിച്ചു നാം ലജ്ജിക്കുന്നില്ല
[11 -ാം പേജിലെ ചിത്രം]
തടവിലായിരിക്കെ പൗലൊസ് പ്രകടമാക്കിയ ധൈര്യം സുവാർത്ത ഉന്നമിപ്പിക്കാൻ സഹായിച്ചു
[12 -ാം പേജിലെ ചിത്രം]
നമ്മുടെ തിരുവെഴുത്തു നിലപാട് ധൈര്യപൂർവം ഒരു ന്യായാധിപന് വിശദീകരിച്ചു കൊടുക്കുന്നെങ്കിൽ നാം പ്രധാനപ്പെട്ട ഒരു സന്ദേശം നൽകുകയായിരിക്കും ചെയ്യുന്നത്