വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറുന്ന സാഹചര്യങ്ങളെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക

മാറുന്ന സാഹചര്യങ്ങളെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക

മാറുന്ന സാഹചര്യങ്ങളെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക

നെതർലൻഡ്‌സിൽ ഉള്ള ക്രിസ്‌തീയ മൂപ്പന്മാരാണ്‌ പം, യാൻ, ഡ്രിസ്‌, ഒട്ടോ എന്നിവർ. ഇവർ നാലു പേരും പല കാര്യങ്ങളിൽ സമാനരാണ്‌. നാലു പേരും വിവാഹിതരാണ്‌, മക്കൾ ഉണ്ട്‌. ഏതാനും വർഷം മുമ്പ്‌ ഇവർ എല്ലാവരും മുഴു സമയ ലൗകിക ജോലി ചെയ്‌തിരുന്നു, സൗകര്യപ്രദമായ വീടുകളിൽ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ ലൗകിക ജോലി ഉപേക്ഷിച്ച്‌ തങ്ങളുടെ സമയവും ഊർജവും പൂർണമായി രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയാണ്‌. ഇങ്ങനെയൊരു മാറ്റം വരുത്താൻ അവരെ പ്രാപ്‌തരാക്കിയത്‌ എന്താണ്‌? നാലു പേരും മാറിവന്ന സാഹചര്യങ്ങൾ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തി.

നമ്മിൽ മിക്കവർക്കും മാറുന്ന സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു. വിവാഹം, കുട്ടികളുടെ ജനനം, പ്രായമേറിയ മാതാപിതാക്കളുടെ പരിപാലനം എന്നിങ്ങനെയുള്ള പല മാറ്റങ്ങളും കൂടുതലായ ഉത്തരവാദിത്വങ്ങൾ കൈവരുത്തുന്നവയാണ്‌. എന്നാൽ മറ്റു ചില മാറ്റങ്ങൾ നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയെ വിപുലപ്പെടുത്താൻ കഴിയുംവിധം നമുക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. (മത്തായി 9:​37, 38) ഉദാഹരണത്തിന്‌, പ്രായപൂർത്തിയായ മക്കൾ വീട്ടിൽനിന്നു പോയേക്കാം, അല്ലെങ്കിൽ നാം ജോലിയിൽനിന്നു വിരമിച്ചേക്കാം.

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമ്മുടെ സാഹചര്യങ്ങൾക്കു മാറ്റം വന്നേക്കാം എന്നതു ശരിയാണ്‌. എന്നാൽ ശുശ്രൂഷയിലെ തങ്ങളുടെ പങ്കു വർധിപ്പിക്കാനായി തങ്ങളുടെ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിൽ ചില ക്രിസ്‌ത്യാനികൾ വിജയിച്ചിരിക്കുന്നു. പം, യാൻ, ഡ്രിസ്‌, ഒട്ടോ എന്നിവർ ചെയ്‌തതും ഇതുതന്നെ ആയിരുന്നു. എങ്ങനെ?

മക്കൾ വീടു വിടുമ്പോൾ

ഒരു മരുന്നു കമ്പനിയിൽ കണക്കെഴുത്തുകാരൻ ആയിരുന്നു പം. അദ്ദേഹവും ഭാര്യ ആനിയും പലപ്പോഴും അവരുടെ രണ്ട്‌ പെൺമക്കളോടൊപ്പം സഹായ പയനിയറിങ്‌ ചെയ്‌തിരുന്നു. മറ്റു പയനിയർമാരുമൊത്ത്‌ വിനോദവും സഹവാസവും ആസ്വദിക്കുന്നതിനുള്ള ക്രമീകരണങ്ങളും പമും ആനിയും ചെയ്‌തിരുന്നു. “മറ്റു സഹവാസം വരുത്തിവെച്ചേക്കാമായിരുന്ന പ്രശ്‌നങ്ങളിൽനിന്ന്‌ ഇതു സംരക്ഷണം നൽകി,” അവർ പറയുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നല്ല മാതൃകയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്‌ രണ്ടു പെൺകുട്ടികളും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ സാധാരണ പയനിയർ സേവനം ആരംഭിച്ചു.

കുട്ടികൾ വീടു വിട്ടപ്പോൾ ആ മാറിയ സാഹചര്യത്തിൽ തങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യവും പണവും ഉള്ളതായി പമും ആനിയും മനസ്സിലാക്കി. ഇഷ്ടപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിനോ മറ്റു വിനോദ പ്രവർത്തനങ്ങൾ ആസ്വദിക്കുന്നതിനോ വേണ്ടി അവർക്ക്‌ അത്‌ ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ തങ്ങളുടെ മാറിയ സാഹചര്യത്തെ ക്രിസ്‌തീയ ശുശ്രൂഷ വിപുലപ്പെടുത്താനായി ഉപയോഗിക്കാൻ ആ ദമ്പതികൾ തീരുമാനിച്ചു. അതുകൊണ്ട്‌ ആഴ്‌ചയിലെ ജോലി ദിവസങ്ങളിൽ ഒരു ദിവസം ജോലിയിൽനിന്നു വിട്ടുനിൽക്കാൻ തന്നെ അനുവദിക്കണമെന്ന്‌ പം തന്റെ തൊഴിലുടമയോടു പറഞ്ഞു. പിന്നീട്‌ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ്‌ 2 മണിവരെ ജോലി ചെയ്യാനുള്ള ക്രമീകരണങ്ങൾ പം ചെയ്‌തു. ജോലിസമയം കുറച്ചതു നിമിത്തം സ്വാഭാവികമായും അവരുടെ വരുമാനം കുറഞ്ഞു. എന്നിരുന്നാലും അവർക്ക്‌ അതൊരു പ്രശ്‌നമായില്ല. സാധാരണ പയനിയർ സേവനം ചെയ്‌തുകൊണ്ടിരുന്ന തന്റെ ഭാര്യയോടൊപ്പം 1991-ൽ പമും സാധാരണ പയനിയറിങ്‌ ചെയ്യാൻ തുടങ്ങി.

തുടർന്ന്‌, യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനഹാളിന്റെ പരിപാലനത്തിൽ സഹായിക്കാനുള്ള ക്ഷണം പമിനു ലഭിച്ചു. അതിനുവേണ്ടി 30 വർഷമായി തങ്ങൾ താമസിച്ചിരുന്ന വീടു വിട്ട്‌ സമ്മേളനഹാളിന്റെ പരിസരത്തുതന്നെയുള്ള ഒരു ഫ്‌ളാറ്റിലേക്ക്‌ അവർ താമസം മാറ്റേണ്ടിയിരുന്നു. അവർ അതു ചെയ്‌തു. അതു ബുദ്ധിമുട്ടായിരുന്നോ? തന്റെ പഴയ വീടിനെ കുറിച്ചുള്ള ഓർമകൾ മനസ്സിലേക്കു വരുമ്പോഴെല്ലാം ‘ഞാൻ ലോത്തിന്റെ ഭാര്യയെ പോലെയാണോ?’ എന്ന്‌ സ്വയം ചോദിച്ചിരുന്നതായി ആനി പറയുന്നു. ‘തിരിഞ്ഞുനോക്കാൻ’ അവർ വിസമ്മതിച്ചു.​—⁠ഉല്‌പത്തി 19:26; ലൂക്കൊസ്‌ 17:32.

തങ്ങളുടെ തീരുമാനം വളരെ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നതായി പമും ആനിയും കരുതുന്നു. സമ്മേളനഹാളിലെ സേവനം, ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ, ഹാളിൽ പ്രസംഗങ്ങൾ നടത്താൻ വരുന്ന സർക്കിട്ട്‌ മേൽവിചാരകന്മാരുമായുള്ള (സഞ്ചാര ശുശ്രൂഷകർ) സഹവാസം എന്നിവയെല്ലാം അവർ ആസ്വദിക്കുന്ന കാര്യങ്ങളിൽ ചിലതാണ്‌. അതുപോലെ പം പകര സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുമ്പോൾ ഇടയ്‌ക്കൊക്കെ അവർക്ക്‌ വ്യത്യസ്‌ത സഭകൾ സന്ദർശിക്കാനും കഴിയുന്നു.

തങ്ങളുടെ സേവനം വിപുലപ്പെടുത്താൻ ഈ ദമ്പതികളെ സഹായിച്ചത്‌ എന്താണ്‌? പം പറയുന്നു: “നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പുതിയ സാഹചര്യങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്യണം.”

ജീവിതം ലളിതമാക്കൽ

യാനിനും ഭാര്യ വൊട്ടിനും മൂന്ന്‌ മക്കളുണ്ട്‌. പമിനെയും കുടുംബത്തെയുംപോലെ യാനും സാഹചര്യങ്ങളിൽ വന്ന മാറ്റത്തെ ബുദ്ധിപൂർവം ഉപയോഗിച്ചു. അനേകം വർഷം യാനിന്‌ ബാങ്കിൽ നല്ല ഒരു ജോലിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്‌ സുഖപ്രദമായ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ തന്റെ ശുശ്രൂഷ വിപുലമാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ആ ആഗ്രഹം നാൾക്കുനാൾ വർധിച്ചുവന്നു. അദ്ദേഹം വിശദീകരിക്കുന്നു: “നാളുകൾ കടന്നുപോയപ്പോൾ സത്യത്തോടുള്ള എന്റെ വിലമതിപ്പും യഹോവയോടുള്ള സ്‌നേഹവും വർധിച്ചു.” അതുകൊണ്ട്‌ 1986-ൽ യാൻ തന്റെ സാഹചര്യങ്ങൾക്കു മാറ്റം വരുത്തി. അദ്ദേഹം പറയുന്നു: “ഓഫീസിൽ നടന്ന ഒരു പുനഃസംഘാടനം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ഞാൻ എന്റെ ജോലിസമയം കുറച്ചു. ഇത്‌ എന്റെ സഹപ്രവർത്തകരെ അതിശയിപ്പിച്ചു. ഡിൻസ്‌ഡാഹ്‌ [ചൊവ്വ], വൂൻസ്‌ഡാഹ്‌ [ബുധൻ], ഡൊൻഡെർഡാഹ്‌ [വ്യാഴം] എന്നീ ദിവസങ്ങളിൽ മാത്രം ജോലി ചെയ്‌തിരുന്നതിനാൽ അവർ എന്നെ ഡിവൂഡൊ എന്നു വിളിക്കാൻ തുടങ്ങി. എന്റെ ശമ്പളം 40 ശതമാനം കുറഞ്ഞു. രാജ്യ പ്രസാധകരുടെ ആവശ്യം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോയി പ്രവർത്തിക്കാനുള്ള സൗകര്യാർഥം ഞാൻ ഞങ്ങളുടെ വീടു വിറ്റ്‌ ഒരു ഹൗസ്‌ബോട്ട്‌ വാങ്ങി. പിന്നീട്‌, ജോലിയിൽനിന്നു നേരത്തേ വിരമിക്കാനുള്ള സൗകര്യം ഞാൻ പ്രയോജനപ്പെടുത്തി. എന്റെ വരുമാനം പിന്നെയും 20 ശതമാനം കുറഞ്ഞു. എന്നാൽ 1993-ൽ എനിക്ക്‌ സാധാരണ പയനിയർ സേവനം തുടങ്ങാൻ കഴിഞ്ഞു.”

ഇപ്പോൾ യാൻ ആശുപത്രി ഏകോപന സമിതിയിലെ (HLC) അംഗമാണ്‌. അദ്ദേഹം തുടർച്ചയായി കൺവെൻഷൻ മേൽവിചാരകനായി സേവിച്ചിരിക്കുന്നു. ആരോഗ്യനില മോശമാണെങ്കിലും വൊട്ട്‌ ഇടയ്‌ക്കിടെ സഹായ പയനിയറിങ്‌ ചെയ്യാറുണ്ട്‌. അവരുടെ മൂന്നു മക്കളും ഇപ്പോൾ വിവാഹിതരാണ്‌. അവർ തങ്ങളുടെ ഇണകളോടൊപ്പം തീക്ഷ്‌ണ രാജ്യ ശുശ്രൂഷകരായി പ്രവർത്തിക്കുന്നു.

കുറഞ്ഞ ജീവിത സൗകര്യങ്ങളുമായി യാനും വൊട്ടും പൊരുത്തപ്പെട്ടിരിക്കുന്നത്‌ എങ്ങനെയാണ്‌? “സമൃദ്ധിയുടെ നാളുകളിൽ ഭൗതിക കാര്യങ്ങളോട്‌ അമിത ബന്ധം വളർത്തിയെടുക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു,” യാൻ പറയുന്നു. “ഇപ്പോൾ ചില സംഗതികളൊക്കെ വേണമെന്നു വിചാരിച്ചാലുടൻ ലഭിക്കാതെ വരുമ്പോൾ അൽപ്പം ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ട്‌. എന്നാൽ ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളോടും പദവികളോടുമുള്ള താരതമ്യത്തിൽ അത്‌ ഒന്നുമല്ല.”

യാനിനെയും വൊട്ടിനെയും പോലെ ഡ്രിസും ഭാര്യ യെന്നിയും രാജ്യതാത്‌പര്യങ്ങൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതിന്‌ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു. കുട്ടികളുണ്ടാകുന്നതു വരെ ഡ്രിസും യെന്നിയും പയനിയർമാരായി സേവിച്ചു. പിന്നീട്‌ കുടുംബത്തിനു വേണ്ടി കരുതാനായി ഡ്രിസ്‌ ഒരു വലിയ കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്‌തു. അദ്ദേഹത്തിന്റെ ജോലിയിൽ വളരെ മതിപ്പു തോന്നിയ മേലധികാരികൾ അദ്ദേഹത്തിന്‌ സ്ഥാനക്കയറ്റം വാഗ്‌ദാനം ചെയ്‌തു. എന്നാൽ അതു സ്വീകരിച്ചാൽ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കുള്ള സമയം കുറയും എന്നു തിരിച്ചറിഞ്ഞ ഡ്രിസ്‌ അതു വേണ്ടെന്നുവെച്ചു.

കുട്ടികളെ വളർത്തുന്നതിനും യെന്നിയുടെ സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുമായി ഇവർക്കു തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും വലിയൊരു ഭാഗംതന്നെ ചെലവഴിക്കേണ്ടി വന്നു. എന്നിട്ടും അവർ പയനിയർ ആത്മാവ്‌ നട്ടുവളർത്തുന്നതിൽ തുടർന്നു. ഇതിന്‌ അവരെ സഹായിച്ചത്‌ എന്താണ്‌? യെന്നി വിശദീകരിക്കുന്നു: “പയനിയർമാരെ ഞങ്ങൾ ഭക്ഷണത്തിനും ഞങ്ങളോടൊപ്പം വന്നു താമസിക്കുന്നതിനും ക്ഷണിച്ചിരുന്നു. അതുപോലെ സർക്കിട്ട്‌ മേൽവിചാരകന്മാരെയും ഞങ്ങൾ താമസിപ്പിച്ചിരുന്നു.” ഡ്രിസ്‌ കൂട്ടിച്ചേർക്കുന്നു: “ഞങ്ങൾ ജീവിതത്തെ ലളിതമാക്കി നിറുത്തി. കടം വരുത്തിവെക്കാതിരിക്കാനും വലിയ ബിസിനസ്സ്‌ ഇടപാടുകളിലൊന്നും ഉൾപ്പെടാതിരിക്കാനും ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുപോലെ വീടു വാങ്ങേണ്ട എന്നും ഞങ്ങൾ തീരുമാനിച്ചു. ഇതൊന്നും ഭാവിയിൽ ഞങ്ങൾക്കൊരു തടസ്സം ആയിത്തീരരുതെന്ന്‌ ഞങ്ങൾ ആഗ്രഹിച്ചു.”

രാജ്യ താത്‌പര്യങ്ങൾക്കായി കൂടുതൽ സമയം ലഭിക്കും വിധം സാഹചര്യങ്ങൾ ക്രമീകരിക്കാനുള്ള ഡ്രിസിന്റെയും യെന്നിയുടെയും തീരുമാനത്തിനു പ്രതിഫലം ലഭിച്ചു. ഇപ്പോൾ അവരുടെ പുത്രന്മാർ രണ്ടുപേരും മൂപ്പന്മാരാണ്‌, ഒരാൾ ഭാര്യയോടൊപ്പം പയനിയറിങ്‌ ചെയ്യുന്നു. ഡ്രിസും യെന്നിയും പ്രത്യേക പയനിയർമാരായി സേവിച്ചു. പിന്നീട്‌ അവർ സർക്കിട്ട്‌ വേലയിൽ പങ്കെടുത്തു. ഇപ്പോൾ അവർ ബെഥേലിലാണ്‌. ഡ്രിസ്‌ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു.

ജോലിയിൽനിന്നു നേരത്തേ വിരമിക്കൽ

ഡ്രിസിനെയും യെന്നിയെയും പോലെ ഒട്ടോയും ഭാര്യ ജൂഡിയും തങ്ങൾക്കു രണ്ടു പെൺമക്കൾ ജനിക്കുന്നതിനു മുമ്പ്‌ പയനിയറിങ്‌ ചെയ്‌തിരുന്നു. ജൂഡി ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഒട്ടോ ഒരു സ്‌കൂൾ അധ്യാപകനെന്ന നിലയിൽ ജോലി ചെയ്യാൻ തുടങ്ങി.

കുട്ടികൾ വളരുന്ന പ്രായത്തിൽ ഒട്ടോയും ജൂഡിയും പലപ്പോഴും തങ്ങളുടെ വീട്ടിലേക്ക്‌ പയനിയർമാരെ ക്ഷണിച്ചിരുന്നു. മുഴുസമയ ക്രിസ്‌തീയ പ്രവർത്തകരുടെ സന്തോഷം മക്കൾ നേരിൽ കണ്ട്‌ മനസ്സിലാക്കണമെന്ന്‌ അവർ ആഗ്രഹിച്ചു. കാലക്രമത്തിൽ അവരുടെ മൂത്ത മകൾ പയനിയറിങ്‌ തുടങ്ങി. അവൾ പിന്നീട്‌ ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിച്ചു. ഇപ്പോൾ അവളും ഭർത്താവും ഒരു ആഫ്രിക്കൻ രാജ്യത്ത്‌ മിഷനറിമാരായി പ്രവർത്തിക്കുകയാണ്‌. ഇളയ മകൾ 1987-ൽ പയനിയറിങ്‌ തുടങ്ങി. ജൂഡിയും അവളോടൊപ്പം ചേർന്നു.

സാഹചര്യങ്ങൾക്കു മാറ്റം വന്നതോടെ ഒട്ടോയ്‌ക്ക്‌ മുമ്പത്തേതിലും കുറവു സമയം ജോലി ചെയ്‌താൽ മതിയെന്നായി. അപ്പോൾ കൂടുതലായി കിട്ടിയ ഒഴിവു സമയം ഉപയോഗിച്ച്‌ അദ്ദേഹവും പയനിയറിങ്‌ ചെയ്യാൻ തുടങ്ങി. അവസാനം അദ്ദേഹം തന്റെ ജോലി പൂർണമായി ഉപേക്ഷിച്ചു. ഇന്ന്‌ സഞ്ചാര വേലയിൽ ആയിരിക്കുന്ന ഒട്ടോ ഒരു അധ്യാപകനെന്ന നിലയിലുള്ള തന്റെ പ്രാപ്‌തി സഭകളെ ആത്മീയമായി കെട്ടുപണി ചെയ്യാൻ ഉപയോഗിക്കുന്നു.

ലൗകിക ജോലിയിൽനിന്ന്‌ നേരത്തേ വിരമിക്കാൻ തീരുമാനിക്കുന്നവർക്ക്‌ ഒട്ടോ എന്ത്‌ ഉപദേശമാണു നൽകുന്നത്‌? “വിരമിച്ച ശേഷം ഒരു വർഷത്തേക്കോ മറ്റോ ഒന്ന്‌ വിശ്രമിക്കാമെന്നു വിചാരിക്കരുത്‌. ‘വിശ്രമജീവിത’വുമായി പരിചിതമാകാൻ വളരെ എളുപ്പമാണ്‌. പക്ഷേ അതോടെ നിങ്ങൾ പയനിയറിങ്ങിനെ കുറിച്ച്‌ മറക്കും. അതുകൊണ്ട്‌, വിരമിച്ച ഉടൻതന്നെ ശുശ്രൂഷയിൽ കൂടുതലായി പ്രവർത്തിക്കാൻ തുടങ്ങുക.”

അനുഭവജ്ഞാനം പ്രയോജനപ്പെടുത്തൽ

പം, യാൻ, ഡ്രിസ്‌, ഒട്ടോ എന്നിവരെ പോലുള്ള സഹോദരന്മാർക്ക്‌ ചെറുപ്പമായിരുന്നപ്പോൾ ഉണ്ടായിരുന്ന ശക്തിയും ഓജസ്സും ഇപ്പോഴില്ല എന്നതു ശരിയാണ്‌. എന്നാൽ അവരുടെ പക്വതയും അനുഭവപരിചയവും ജ്ഞാനവും വർധിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 20:29) ഒരു പിതാവായിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ അവർക്കറിയാം. തങ്ങളുടെ ഭാര്യമാരോടുകൂടെ പ്രവർത്തിച്ചിരിക്കുന്നതിനാൽ മാതാവായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌ എന്നതു സംബന്ധിച്ചും അവർക്കു ധാരണയുണ്ട്‌. ഭാര്യമാരോടൊപ്പം അവർ കുടുംബ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയും മക്കൾക്കു വേണ്ടി ദിവ്യാധിപത്യ ലാക്കുകൾ വെക്കുകയും ചെയ്‌തിരിക്കുന്നു. ഒട്ടോ പറയുന്നു: “ഞാൻതന്നെ ഒരു കുടുംബത്തെ പുലർത്തിയിട്ടുള്ളതിനാൽ ഒരു സർക്കിട്ട്‌ മേൽവിചാരകൻ എന്ന നിലയിൽ മറ്റുള്ളവർക്ക്‌ കുടുംബകാര്യങ്ങൾ സംബന്ധിച്ച്‌ കൂടുതൽ പ്രായോഗികമായ ബുദ്ധിയുപദേശം നൽകാൻ എനിക്കു സാധിക്കുന്നു.” അതുപോലെ ഒരു പിതാവെന്ന നിലയിൽ ഡ്രിസിനുള്ള അനുഭവപരിചയം അനേകം യുവ പ്രവർത്തകരുള്ള ബെഥേൽ കുടുംബത്തിന്‌ വലിയൊരു മുതൽക്കൂട്ടാണ്‌.

അതേ, വ്യക്തിപരമായ അനുഭവത്തിലൂടെ നേടിയിരിക്കുന്ന അറിവ്‌ സഭകളിലെ നാനാതരത്തിലുള്ള ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ സഹോദരന്മാരെ സഹായിക്കുന്നു. ഒരർഥത്തിൽ പറഞ്ഞാൽ അനുഭവജ്ഞാനം അവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മൂർച്ച കൂട്ടിയിരിക്കുന്നു. അങ്ങനെ തങ്ങളുടെ ഊർജം ഏറ്റവും നല്ല വിധത്തിൽ പ്രയോജനപ്പെടുത്താൻ അവർക്കു കഴിയുന്നു. (സഭാപ്രസംഗി 10:10) വാസ്‌തവത്തിൽ കൂടുതൽ ശാരീരിക ബലവും കുറഞ്ഞ അനുഭവപരിചയവും ഉള്ളവരോടുള്ള താരതമ്യത്തിൽ ഏറെ ജോലി ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ചെയ്‌തുതീർക്കാൻ പലപ്പോഴും അവർക്കു കഴിയുന്നു.

ഇവരെപ്പോലുള്ള സഹോദരന്മാരും അവരുടെ ഭാര്യമാരും യഹോവയുടെ ജനത്തിനിടയിലെ ചെറുപ്പക്കാർക്ക്‌ ഉത്തമ മാതൃകകളാണ്‌. നമ്മുടെ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന പലവിധ വെല്ലുവിളികളും അനുഗ്രഹങ്ങളും ഇങ്ങനെയുള്ള ദമ്പതികൾ വ്യക്തിപരമായി അനുഭവിച്ചിട്ടുള്ളതായി അവർ മനസ്സിലാക്കുന്നു. വാർധക്യത്തിലായിരുന്നിട്ടും വെല്ലുവിളികരമായ ഒരു നിയമനം ആവശ്യപ്പെട്ട കാലേബിന്റേതിനോടു സമാനമായ മനോഭാവം പ്രകടമാക്കുന്ന സ്‌ത്രീപുരുഷന്മാരെ കാണുന്നതു പ്രോത്സാഹജനകമാണ്‌.​—⁠യോശുവ 14:​10-12.

അവരുടെ വിശ്വാസം അനുകരിക്കുക

ഈ ലേഖനത്തിൽ പരാമർശിച്ച ദമ്പതികളുടെ വിശ്വാസവും പ്രവൃത്തികളും നിങ്ങൾക്ക്‌ ഒരുപക്ഷേ അനുകരിക്കാൻ സാധിക്കുമോ? അവർ സത്യത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതഗതി തിരഞ്ഞെടുത്തു എന്ന്‌ ഓർക്കുക. തങ്ങളുടെ മക്കളിൽ പയനിയറിങ്‌ ചെയ്യാനുള്ള ആഗ്രഹം അവർ വളർത്തി. യാൻ പറയുന്നതു പോലെ, “യഹോവയോടും അവന്റെ സംഘടനയോടുമുള്ള സ്‌നേഹത്തിൽ മാതൃക വെച്ചുകൊണ്ടും നല്ല സഹവാസത്തിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുകൊണ്ടും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കുട്ടികളെ പഠിപ്പിച്ചുകൊണ്ടും” അവർ അതു ചെയ്‌തു. അവർ ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കുകയും വിനോദത്തിൽ ഏർപ്പെടുകയും ചെയ്‌തു. പം അനുസ്‌മരിക്കുന്നു: “അവധിക്കാലത്ത്‌ സാധാരണഗതിയിൽ മുഴു കുടുംബവും രാവിലെ പ്രസംഗവേലയ്‌ക്കു പോകുകയും ഉച്ചകഴിഞ്ഞ്‌ ഒരുമിച്ച്‌ വിശ്രമവേള ആസ്വദിക്കുകയും ചെയ്‌തിരുന്നു.”

കൂടാതെ, ഈ ക്രിസ്‌ത്യാനികൾ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്‌തു. അതുകൊണ്ട്‌ സാഹചര്യങ്ങൾ മാറിയപ്പോൾ അതു പ്രയോജനപ്പെടുത്താൻ അവർ സജ്ജരായിരുന്നു. അവർ ലക്ഷ്യങ്ങൾ വെക്കുകയും ആ ലക്ഷ്യങ്ങളിൽ പെട്ടെന്ന്‌ എത്തിച്ചേരാൻ സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തു. അവർ ലൗകിക ജോലിസമയം വെട്ടിക്കുറയ്‌ക്കാനുള്ള വഴികൾ തേടി. കുറഞ്ഞ വരുമാനംകൊണ്ടു കഴിഞ്ഞുകൂടാനുള്ള മനസ്സൊരുക്കം കാണിച്ചു. (ഫിലിപ്പിയർ 1:10, NW) ഭാര്യമാർ ഭർത്താക്കന്മാർക്ക്‌ പൂർണ പിന്തുണ നൽകി. ഇരുവർക്കും ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ വാതിലിലൂടെ’ പ്രവേശിക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ ഫലമായി യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ അവർ ആസ്വദിക്കുന്നു.​—⁠1 കൊരിന്ത്യർ 16:9, NW; സദൃശവാക്യങ്ങൾ 10:22.

നിങ്ങളും ശുശ്രൂഷ വിപുലമാക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ മാറുന്ന സാഹചര്യങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുന്നതായിരിക്കാം അതിനുള്ള താക്കോൽ.

[20 -ാം പേജിലെ ചിത്രം]

പമും ആനിയും സമ്മേളനഹാൾ പരിപാലിക്കുന്നു

[20 -ാം പേജിലെ ചിത്രം]

യാനും വൊട്ടും പ്രസംഗ പ്രവർത്ത നത്തിനിടയിൽ

[21 -ാം പേജിലെ ചിത്രം]

ഡ്രിസും യെന്നിയും ബെഥേലിൽ സേവിക്കുന്നു

[21 -ാം പേജിലെ ചിത്രം]

ഒട്ടോയും ജൂഡിയും അടുത്ത സഭ സന്ദർശി ക്കാനുള്ള തയ്യാറെടുപ്പിൽ