എന്റെ കുട്ടിയെ സ്‌കൂളിൽ വിടണമോ?
എന്റെ കുട്ടിയെ സ്‌കൂളിൽ വിടണമോ?
ഈ പേജിലുള്ള വിവരങ്ങൾ വായിക്കാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും? ഭൂപടത്തിൽ നോക്കി മാതൃരാജ്യം ഏതെന്നു കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിലോ? അസംഖ്യം കുട്ടികളും ഇങ്ങനെയായിരിക്കും വളർന്നുവരാൻ പോകുന്നത് എന്നതിനു സംശയമില്ല. നിങ്ങളുടെ കുട്ടിയെ സംബന്ധിച്ചെന്ത്?
നിങ്ങളുടെ കുട്ടി സ്‌കൂളിൽ പോകണമോ? മിക്ക രാജ്യങ്ങളിലും സ്‌കൂൾ വിദ്യാഭ്യാസം നിർബന്ധിതവും മിക്കപ്പോഴും സൗജന്യവുമാണ്. ‘ബാലജന അവകാശ ഉടമ്പടി’ അനുസരിച്ച് ഔദ്യോഗിക വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്. സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനവും അതുതന്നെയാണ് പറയുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം സൗജന്യമായിരിക്കില്ല, അതു മാതാപിതാക്കൾക്ക് ഒരു സാമ്പത്തിക ഭാരമായിത്തീർന്നേക്കാം. ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ തങ്ങളുടെ കുട്ടികൾക്ക് അക്ഷരാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ക്രിസ്‌തീയ മാതാപിതാക്കളുടെ സ്ഥാനത്തുനിന്നുകൊണ്ട് നമുക്ക് ഈ വിഷയം പരിചിന്തിക്കാം.
സാക്ഷരത സംബന്ധിച്ച ബൈബിൾ ദൃഷ്ടാന്തങ്ങൾ
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന മിക്ക ദൈവദാസന്മാർക്കും എഴുത്തും വായനയും അറിയാമായിരുന്നു. യേശുവിന്റെ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും യഹൂദ മുക്കുവന്മാർ ആയിരുന്നെങ്കിലും, അവരുടെ ഗലീലിയൻ ഭാഷാഭേദത്തിലല്ല ഗ്രീക്കിലാണ് അവർ ബൈബിൾ പുസ്‌തകങ്ങൾ എഴുതിയത്. * തങ്ങളുടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചെന്ന് അവരുടെ മാതാപിതാക്കൾ ഉറപ്പുവരുത്തി എന്നതിനു സംശയമില്ല. ആട്ടിടയനായ ദാവീദ്, കർഷകനായ ആമോസ്, യേശുവിന്റെ അർധസഹോദരനും സാധ്യതയനുസരിച്ച് ഒരു തച്ചനുമായിരുന്ന യൂദാ എന്നീ മറ്റു ബൈബിൾ എഴുത്തുകാരുടെ സാഹചര്യങ്ങളും സമാനമായിരുന്നു.
ഇയ്യോബിന് എഴുത്തും വായനയും അറിയാമായിരുന്നു. മാത്രമല്ല ആ പേരിലുള്ള ബൈബിൾ പുസ്‌തകം സൂചിപ്പിക്കുന്നതനുസരിച്ച്, ശാസ്‌ത്രത്തെ കുറിച്ചും അവന് കുറെ അറിവുണ്ടായിരുന്നു. ആ പുസ്‌തകത്തിൽ ഉദ്ധരിച്ചിരിക്കുന്ന അവന്റെ പ്രസ്‌താവനകൾ കാവ്യരൂപത്തിൽ ആയതിനാൽ അവന് സാഹിത്യവാസനയും ഉണ്ടായിരുന്നിരിക്കണം. ആദിമ ക്രിസ്‌ത്യാനികളും സാക്ഷരരായിരുന്നു. കാരണം, അവരുടേതായിരുന്നേക്കാവുന്ന തിരുവെഴുത്തു കുറിപ്പുകളുള്ള ചില മൺപാത്രക്കഷണങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം ക്രിസ്‌ത്യാനികൾക്ക് അനിവാര്യം
ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ക്രിസ്‌ത്യാനികളും ബൈബിൾ പരിജ്ഞാനത്തിൽ വളരേണ്ടതുണ്ട്. (ഫിലിപ്പിയർ 1:9-11; 1 തെസ്സലൊനീക്യർ 4:1) ബൈബിളും ബൈബിളധിഷ്‌ഠിത പഠന സഹായികളും ഉത്സാഹപൂർവം പഠിക്കുന്നത് ആത്മീയമായി പുരോഗമിക്കാൻ വളരെയേറെ സഹായിക്കും. ദൈവം തന്റെ വചനം ലിഖിതരൂപത്തിലാണ് നമുക്കു നൽകിയിരിക്കുന്നത്. അതുകൊണ്ട്, തന്റെ ആരാധകർ കഴിയുന്നത്ര സാക്ഷരരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. ബൈബിളിൽനിന്നു വായിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നത് അതിലെ ബുദ്ധിയുപദേശങ്ങൾ പിൻപറ്റുക എളുപ്പമാക്കിത്തീർക്കുന്നു. ആശയങ്ങൾ പൂർണമായി ഗ്രഹിച്ച് അതേക്കുറിച്ചു ധ്യാനിക്കാൻ സാധിക്കണമെങ്കിൽ അതിന്റെ ചില ഭാഗങ്ങൾ നാം ഒന്നിലധികം പ്രാവശ്യം വായിക്കേണ്ടതുണ്ടായിരിക്കാം.—സങ്കീർത്തനം 119:104; 143:5; സദൃശവാക്യങ്ങൾ 4:7.
“വിശ്വസ്‌തനും വിവേകിയു”മായ അടിമയുടെ മാർഗനിർദേശത്തിൻകീഴിൽ തയ്യാറാക്കപ്പെടുന്ന സഹായകമായ വിവരങ്ങൾ അടങ്ങിയ ധാരാളം പ്രസിദ്ധീകരണങ്ങൾ യഹോവയുടെ ജനത്തിന് ഓരോ വർഷവും ലഭിക്കുന്നുണ്ട്. (മത്തായി 24:45-47, NW) കുടുംബജീവിതം, ആചാരങ്ങൾ, മതം, ശാസ്‌ത്രം എന്നിവയും മറ്റനേക വിഷയങ്ങളുമാണ് അത്തരം സാഹിത്യങ്ങളിലുള്ളത്. ഏറ്റവും പ്രധാനമായി, ആത്മീയ കാര്യങ്ങൾ സംബന്ധിച്ച തിരുവെഴുത്തു ബുദ്ധിയുപദേശം അവയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾക്കു വായിക്കാൻ അറിയില്ലെങ്കിൽ ജീവത്‌പ്രധാനമായ ധാരാളം വിവരങ്ങൾ അവർക്കു നഷ്ടമാകും.
മനുഷ്യവർഗത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള പഠനം പ്രധാനമാണ്. കാരണം, ദൈവരാജ്യത്തിന്റെ ആവശ്യം ഉള്ളത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും. ഭൂമിശാസ്‌ത്രം സംബന്ധിച്ച അടിസ്ഥാന അറിവുണ്ടായിരിക്കുന്നതും വളരെ നല്ലതാണ്. ഇസ്രായേൽ, ഈജിപ്‌ത്, ഗ്രീസ് തുടങ്ങിയ അനേകം സ്ഥലങ്ങളെ കുറിച്ചു ബൈബിൾ പറയുന്നുണ്ട്. ഭൂപടത്തിൽ നോക്കി ആ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ നിങ്ങളുടെ കുട്ടിക്കു സാധിക്കുന്നുണ്ടോ? മാതൃരാജ്യം ഏതെന്നു കണ്ടുപിടിക്കാൻ അവനു കഴിയുമോ? ഒരു ഭൂപടം നോക്കി സ്ഥലപ്പേരുകൾ വായിക്കാൻ അറിയില്ലെങ്കിൽ അത്, നിയമിത പ്രദേശത്ത് ശുശ്രൂഷ നിറവേറ്റാനുള്ള ഒരുവന്റെ പ്രാപ്‌തിയെ പരിമിതപ്പെടുത്തിയേക്കാം.—2 തിമൊഥെയൊസ് 4:5.
സഭയിലെ പദവികൾ
മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വായന ഉൾപ്പെടുന്ന അനേകം ഉത്തരവാദിത്വങ്ങളുണ്ട്. ഉദാഹരണമായി, സഭായോഗങ്ങളിലെ പരിപാടികൾക്കായി അവർ തയ്യാറാകേണ്ടതുണ്ട്. സാഹിത്യവും സംഭാവനയും സംബന്ധിച്ച രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിക്ക് ഈ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും.
ലോകവ്യാപകമായുള്ള ബെഥേൽ ഭവനങ്ങളിൽ സ്വമേധയാ സേവകർ വേല ചെയ്യുന്നു. നന്നായി ആശയവിനിമയം നടത്താനും സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തൽ, യന്ത്രങ്ങൾ കേടുപോക്കൽ തുടങ്ങിയ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും കഴിയണമെങ്കിൽ അവർക്ക് എഴുതാനും വായിക്കാനും അറിയാമായിരിക്കണം. നിങ്ങളുടെ കുട്ടികൾക്കും ഇത്തരം പദവികൾ ആസ്വദിക്കാൻ സാധിക്കണമെങ്കിൽ അവർ അടിസ്ഥാന വിദ്യാഭ്യാസം നേടിയേതീരൂ. നിങ്ങളുടെ കുട്ടിയെ സ്‌കൂളിൽ അയയ്‌ക്കേണ്ടതിന്റെ മറ്റു പ്രായോഗിക കാരണങ്ങൾ ഏവയാണ്?
ദാരിദ്ര്യവും അന്ധവിശ്വാസവും
ദാരിദ്ര്യത്തിൽ കഴിയുന്നവർ ചില സാഹചര്യങ്ങളിൽ ഏറെക്കുറെ നിസ്സഹായരായേക്കാം. എന്നിരുന്നാലും, മറ്റു ചില സന്ദർഭങ്ങളിൽ ന്യായമായ വിദ്യാഭ്യാസമുണ്ടെങ്കിൽ നമുക്കും കുട്ടികൾക്കും അനാവശ്യമായ ദുരിതങ്ങൾ ഒഴിവാക്കാനായേക്കാം. നിരക്ഷരരിൽ, അൽപ്പമെങ്കിലും മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്നവരുടെ എണ്ണം നന്നേ ചുരുക്കമാണ്. വരുമാനം തുച്ഛമായതിനാൽ വൈദ്യസഹായം തേടാനാവാതെ ചിലപ്പോൾ കുട്ടികളും മാതാപിതാക്കൾപോലും മരണമടയുന്നു. തീരെ കുറച്ചു വിദ്യാഭ്യാസം മാത്രമുള്ളവരോ ഒട്ടും വിദ്യാഭ്യാസമില്ലത്തവരോ ആണ് മിക്കപ്പോഴും വികലപോഷണം അനുഭവിക്കുകയും മോശമായ ചുറ്റുപാടുകളിൽ താമസിക്കുകയും ചെയ്യേണ്ടിവരുന്നത്. വിദ്യാഭ്യാസമോ കുറഞ്ഞപക്ഷം എഴുതാനും വായിക്കാനും ഉള്ള പ്രാപ്‌തിയോ ഉണ്ടായിരിക്കുന്നത് ഇക്കാര്യത്തിൽ കുറെയൊക്കെ സഹായകമായേക്കാം.
ഒരു അന്ധവിശ്വാസി ആയിരിക്കാനുള്ള സാധ്യതയെ കുറയ്‌ക്കാനും സാക്ഷരതയ്‌ക്കു കഴിയും. അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ അഭ്യസ്‌തരെന്നോ അനഭ്യസ്‌തരെന്നോ വേർതിരിവില്ലെന്നതു ശരിതന്നെ. എങ്കിലും, വിദ്യാഭ്യാസമില്ലാത്തവരായിരിക്കാം മറ്റുള്ളവരെക്കാൾ എളുപ്പത്തിൽ തട്ടിപ്പിനും ചൂഷണത്തിനും ഇരകളാകുന്നത്. കാരണം വഞ്ചകമായ കാര്യങ്ങളെ തുറന്നുകാണിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ല. അക്കാരണത്താൽ, അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്താനും ഒരു ആത്മമധ്യവർത്തിക്ക് അത്ഭുതരോഗശാന്തി നൽകാൻ കഴിയുമെന്നു വിശ്വസിക്കാനും അവർ കൂടുതൽ ചായ്‌വു കാണിക്കുന്നു.—ആവർത്തനപുസ്‌തകം 18:10-12; വെളിപ്പാടു 21:8.
വിദ്യാഭ്യാസം തൊഴിലിനുവേണ്ടി മാത്രമല്ല
വിദ്യാഭ്യാസത്തിന്റെ മുഖ്യ ഉദ്ദേശ്യം പണമുണ്ടാക്കുക എന്നതാണെന്ന് അനേകർ കരുതുന്നു. എന്നാൽ, അഭ്യസ്‌തവിദ്യരായ ചിലർ തൊഴിൽരഹിതരാണ് അല്ലെങ്കിൽ അവശ്യകാര്യങ്ങൾ നിറവേറ്റാൻ വേണ്ട പണം ലഭിക്കാത്തവരാണ്. അതുകൊണ്ട്, കുട്ടിയെ സ്‌കൂളിൽ അയയ്‌ക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നു ചില മാതാപിതാക്കൾ വിചാരിച്ചേക്കാം. എങ്കിലും വിദ്യാഭ്യാസം പണം സമ്പാദിക്കാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്; പൊതുവിലുള്ള സഭാപ്രസംഗി 7:12) താൻ താമസിക്കുന്ന രാജ്യത്തെ ഔദ്യോഗിക ഭാഷ എഴുതാനും വായിക്കാനും അറിയാവുന്ന ഒരാൾക്ക് ചികിത്സകരോടും സിവിൽ അധികാരികളോടും ബാങ്ക് ഉദ്യോഗസ്ഥരോടുമൊക്കെ ഭയംകൂടാതെ, ആത്മവിശ്വാസത്തോടെ ഇടപെടാൻ സാധിക്കും.
ജീവിതത്തിനായി അതു കുട്ടികളെ സജ്ജരാക്കുകയും ചെയ്യുന്നു. (ചിലയിടങ്ങളിൽ, പഠിപ്പില്ലാത്ത കുട്ടികളെ ഇഷ്ടികപ്പണി, മത്സ്യബന്ധനം, തുന്നൽ തുടങ്ങിയ തൊഴിലുകളിൽ ‘പരിശീലനം’ നേടാനായി ആരെയെങ്കിലും ഏൽപ്പിച്ചേക്കാം. ഒരു തൊഴിൽ പഠിക്കുന്നതു നല്ല കാര്യമാണ്, എന്നാൽ, കുട്ടികളെ സ്‌കൂളിൽ വിട്ടില്ലെങ്കിൽ അവർ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ഒരു തൊഴിൽ പഠിച്ചാൽ അവർ ചൂഷണവിധേയരാകാനുള്ള സാധ്യത കുറവാണ്, മാത്രമല്ല അവർക്കു കൂടുതൽ സംതൃപ്‌തിദായകമായ ഒരു ജീവിതം നയിക്കാനും കഴിയും.
നസറെത്തിലെ യേശു ഒരു തച്ചനായിരുന്നു, വളർത്തുപിതാവായ യോസെഫിൽനിന്ന് അവന് ആ തൊഴിലിൽ പരിശീലനം ലഭിച്ചിരുന്നു എന്നതു വ്യക്തമാണ്. (മത്തായി 13:55; മർക്കൊസ് 6:3) യേശുവിന് അക്ഷരാഭ്യാസവും ഉണ്ടായിരുന്നു. അതുകൊണ്ടാണ്, 12-ാം വയസ്സിൽത്തന്നെ ആലയത്തിലെ വിദ്യാസമ്പന്നരായ പുരുഷന്മാരുമായി അർഥപൂർണമായ ചർച്ചകളിൽ ഏർപ്പെടാൻ അവനു കഴിഞ്ഞത്. (ലൂക്കൊസ് 2:46, 47) യേശുവിന്റെ കാര്യത്തിൽ, ഒരു തൊഴിൽ പഠിക്കുന്നത് മറ്റു വിധത്തിലുള്ള വിദ്യാഭ്യാസം നേടുന്നതിൽനിന്ന് അവനെ തടഞ്ഞില്ല.
പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണമോ?
മാതാപിതാക്കൾ ചിലപ്പോൾ ആൺകുട്ടികളെ മാത്രമേ സ്‌കൂളിൽ വിടാറുള്ളൂ, പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാറില്ല. പെൺകുട്ടികളെ പഠിപ്പിക്കുന്നത് ചെലവേറിയതാണെന്നും അവർ വീട്ടിൽത്തന്നെയിരുന്ന് അമ്മമാരെ സഹായിക്കുന്നതാണ് ഏറെ നല്ലതെന്നും ചില മാതാപിതാക്കൾ വിചാരിച്ചേക്കാം. എന്നാൽ,
നിരക്ഷരത ഒരു പെൺകുട്ടിയെ കാര്യക്ഷമത ഇല്ലാത്തവളാക്കും. ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധിയുടെ (UNICEF) ഒരു പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദാരിദ്ര്യത്തിൽനിന്നു കരകയറാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് ആവർത്തിച്ചുള്ള പഠനങ്ങൾ കാണിച്ചിരിക്കുന്നു.” (ദാരിദ്ര്യവും കുട്ടികളും: അൽപ്പവികസിത രാജ്യങ്ങൾക്കുള്ള 90-കളിലെ പാഠങ്ങൾ [ഇംഗ്ലീഷ്]) വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ജീവിതപ്രശ്‌നങ്ങളെ തരണം ചെയ്യാൻ കൂടുതൽ സജ്ജരാണ്, അവർ ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നു. അങ്ങനെ അവർ മുഴു കുടുംബത്തിനും പ്രയോജനമുള്ളവർ ആയിത്തീരുന്നു.പശ്ചിമ ആഫ്രിക്കയിലെ ബെനിനിൽ, ശിശുമരണ നിരക്കുമായി ബന്ധപ്പെട്ട ഒരു പഠനം സൂചിപ്പിച്ചത്, നിരക്ഷരരായ അമ്മമാരുടെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഓരോ വർഷവും 1,000-ത്തിന് 167 ആണെന്നാണ്. എന്നാൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസമുള്ള സ്‌ത്രീകളുടെ കാര്യത്തിൽ ഈ നിരക്ക് 1,000-ത്തിന് 38 മാത്രമാണ്. ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധി ഇങ്ങനെ നിഗമനം ചെയ്യുന്നു: “ബെനിനിലെ ശിശുമരണ നിരക്കിന്റെ കാര്യത്തിൽ വിദ്യാഭ്യാസ നില ഒരു പ്രമുഖ പങ്കുവഹിക്കുന്നു, ലോകമെമ്പാടുമുള്ള അവസ്ഥയും ഇതുതന്നെയാണ്.” അതുകൊണ്ട്, നിങ്ങളുടെ പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചാൽ പ്രയോജനങ്ങൾ നിരവധിയാണ്.
സാക്ഷരതാ ക്ലാസ്സുകൾ മാത്രം മതിയോ?
യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഭയിൽ വായന അറിയില്ലാത്തവർക്കുവേണ്ടി ആവശ്യമായ ഇടങ്ങളിൽ സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * മിക്കപ്പോഴും പ്രാദേശിക ഭാഷ വായിക്കാൻ പഠിക്കുന്നതിനുള്ള വളരെ നല്ല അവസരമാണ് അവ. ഇത് ഔദ്യോഗിക വിദ്യാഭ്യാസത്തിനു പകരമുള്ള ഒരു ക്രമീകരണമാണോ? സ്‌കൂളിൽപോകാൻ സാഹചര്യമുള്ളപ്പോൾപ്പോലും നിങ്ങളുടെ കുട്ടികൾക്ക് സഭയിൽനിന്നുള്ള വിദ്യാഭ്യാസം ലഭിക്കാൻ പ്രതീക്ഷിക്കണമോ?
സാക്ഷരതാ ക്ലാസ്സുകൾ യഹോവയുടെ സാക്ഷികളുടെ സഭകൾ ഏർപ്പെടുത്തുന്ന ദയാപുരസ്സരമായ ഒരു ക്രമീകരണം ആണെങ്കിലും, അവ കുട്ടിക്കാലത്ത് സ്‌കൂളിൽ പോകാനുള്ള അവസരം ലഭിക്കാഞ്ഞ മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണ്. ഒരുപക്ഷേ അവരുടെ മാതാപിതാക്കൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അറിയില്ലായിരുന്നിരിക്കാം, അല്ലെങ്കിൽ അക്കാലത്ത് സ്‌കൂളുകൾ ഇല്ലായിരുന്നിരിക്കാം. സഭകളിൽ നടത്തുന്ന സാക്ഷരതാ ക്ലാസ്സുകൾ അത്തരം വ്യക്തികൾക്കു സഹായകമാണ്. എന്നാൽ ഇവ ഔദ്യോഗിക സ്‌കൂൾ വിദ്യാഭ്യാസത്തിനു പകരമാകുന്നില്ല, അത് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഉദ്ദേശിച്ചുള്ളതുമല്ല. ശാസ്‌ത്രം, കണക്ക്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഇത്തരം സാക്ഷരതാ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നില്ല. എന്നാൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇവയെല്ലാം ഉണ്ടായിരുന്നേക്കാം.
ആഫ്രിക്കയിൽ സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നത് സാധാരണഗതിയിൽ ഗോത്രഭാഷകളിലാണ്, അപൂർവമായി രാജ്യത്തെ ഔദ്യോഗിക ഭാഷയിലും നടത്താറുണ്ട്. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നത് ഔദ്യോഗിക ഭാഷയിലാണ്. പുസ്‌തകങ്ങളും മറ്റു സാഹിത്യങ്ങളും പ്രധാനമായും ഔദ്യോഗിക ഭാഷയിൽ ലഭ്യമാകുന്നതിനാൽ അതു കുട്ടികൾക്കു കൂടുതൽ പ്രയോജനകരമാണ്. സഭ നടത്തുന്ന സാക്ഷരതാ ക്ലാസ്സുകൾ കുട്ടിയുടെ ഔദ്യോഗിക വിദ്യാഭ്യാസത്തിനു സഹായകമായേക്കാമെങ്കിലും അതിനു പകരമാകുന്നില്ല. അതുകൊണ്ട് സാധ്യമെങ്കിൽ, കുട്ടികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസം നൽകേണ്ടതല്ലേ?
മാതാപിതാക്കൾക്കുള്ള ഒരു ഉത്തരവാദിത്വം
സഭയുടെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിൽ നേതൃത്വമെടുക്കുന്ന പുരുഷന്മാർ മാതൃകായോഗ്യരായ ക്രിസ്‌ത്യാനികൾ ആയിരിക്കേണ്ടതുണ്ട്. അവർ മക്കളെയും സ്വന്തകുടുംബങ്ങളെയും “നന്നായി” പരിപാലിക്കുന്നവർ ആയിരിക്കണം. (1 തിമൊഥെയൊസ് 3:4, 12) നന്നായി പരിപാലിക്കുന്നതിൽ കുട്ടികൾക്കു പിൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാവശ്യമായ സകലതും ചെയ്യുന്നത് ഉൾപ്പെടുന്നു.
ഒരു വലിയ ഉത്തരവാദിത്വമാണ് ദൈവം ക്രിസ്‌തീയ മാതാപിതാക്കൾക്കു നൽകിയിരിക്കുന്നത്. അവർ മക്കളെ ദൈവവചനത്തിനു ചേർച്ചയിൽ വളർത്തുകയും ‘പരിജ്ഞാനത്തെ ഇഷ്ടപ്പെടുന്നവർ’ ആയിത്തീരാൻ സഹായിക്കുകയും വേണം. (സദൃശവാക്യങ്ങൾ 12:1; 22:6; എഫെസ്യർ 6:4) അപ്പൊസ്‌തലനായ പൗലൊസ് ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) അതുകൊണ്ട്, നമ്മുടെ കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസം നൽകേണ്ടതാണ്.
ചിലപ്പോഴൊക്കെ വിദ്യാഭ്യാസ സംവിധാനം വളരെ നിലവാരം കുറഞ്ഞതാണ്. കുട്ടികളുടെ ആധിക്യം, പണത്തിന്റെ കുറവ് എന്നിവയോ അസന്തുഷ്ടരും കുറഞ്ഞ ശമ്പളമുള്ള അധ്യാപകരോ ആയിരിക്കാം അതിനു കാരണം. അതുകൊണ്ട് കുട്ടികൾ സ്‌കൂളിൽ പഠിക്കുന്ന കാര്യങ്ങളിൽ മാതാപിതാക്കൾ സജീവ താത്‌പര്യം കാണിക്കേണ്ടതു പ്രധാനമാണ്. പ്രത്യേകിച്ചും ഓരോ വർഷവും ക്ലാസ്സ് തുടങ്ങുമ്പോൾത്തന്നെ അധ്യാപകരെ പരിചയപ്പെടുന്നതും കുട്ടികൾക്ക് എങ്ങനെ മെച്ചപ്പെട്ട വിദ്യാർഥികളായിത്തീരാം എന്നതു സംബന്ധിച്ച് അവരോടു നിർദേശങ്ങൾ ചോദിക്കുന്നതും ബുദ്ധിപൂർവകമാണ്. അങ്ങനെ, അധ്യാപകർക്ക് തങ്ങൾ വിലപ്പെട്ടവരാണെന്ന തോന്നൽ ഉളവാകുകയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൂടുതൽ ശ്രമം ചെലുത്താൻ അവർ പ്രേരിതരാകുകയും ചെയ്യും.
കുട്ടിയുടെ വ്യക്തിത്വ വികാസത്തിന്റെ മർമപ്രധാന ഭാഗമാണ് വിദ്യാഭ്യാസം. “ജ്‌ഞാനികൾ അറിവു സംഭരിച്ചുവയ്‌ക്കുന്നു” എന്നു സദൃശവാക്യങ്ങൾ 10:14 (പി.ഒ.സി. ബൈബിൾ) പറയുന്നു. ബൈബിൾ പരിജ്ഞാനത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. മറ്റുള്ളവർക്ക് ആത്മീയ സഹായം നൽകാനും ‘സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്തവനായി നിൽക്കുന്നതിനുമായി’ പ്രായഭേദമന്യേ യഹോവയുടെ ജനം കഴിയുന്നത്ര അറിവുള്ളവർ ആയിരിക്കണം. (2 തിമൊഥെയൊസ് 2:15; 1 തിമൊഥെയൊസ് 4:15) അതുകൊണ്ട് കുട്ടികളെ സ്‌കൂളിൽ വിടണമോ? നിങ്ങളുടെ തീരുമാനം മുഖ്യമായും നിങ്ങളുടെ രാജ്യത്തെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും, അവരെ സ്‌കൂളിൽ വിടാൻതന്നെ നിങ്ങൾ തീരുമാനിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ‘എന്റെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകണമോ?’ എന്ന സുപ്രധാന ചോദ്യത്തിന് ക്രിസ്‌തീയ മാതാപിതാക്കൾ ഉത്തരം നൽകേണ്ടതുണ്ട്. നിങ്ങൾ താമസിക്കുന്നത് എവിടെ ആയിരുന്നാലും ഉത്തരം ഉവ്വ് എന്നായിരിക്കണം എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
[അടിക്കുറിപ്പുകൾ]
^ ഖ. 5 അരമായ ഭാഷയുടെ ഒരു ഗലീലിയൻ ഭാഷാഭേദമോ എബ്രായയുടെ ഒരു ഭാഷാഭേദമോ ആയിരുന്നു അവരുടെ മാതൃഭാഷ. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 144-6 കാണുക.
[12, 13 പേജുകളിലെ ചതുരം/ചിത്രം]
സ്‌കൂളിൽ പോകുക അസാധ്യമാണെങ്കിൽ
ചില സാഹചര്യങ്ങളിൽ സ്‌കൂളിൽ പോകുക അസാധ്യമാണ്. ഉദാഹരണത്തിന്, അഭയാർഥി ക്യാമ്പുകളിൽ ആയിരിക്കുന്ന കുട്ടികളിൽ 5-ൽ ഒരാൾക്കു മാത്രമാണ് അവിടത്തെ സ്‌കൂളിൽ പോകാൻ സാധിക്കുന്നതെന്ന് അഭയാർഥികൾ (ഇംഗ്ലീഷ് ) എന്ന മാസിക റിപ്പോർട്ടു ചെയ്‌തു. ചില സന്ദർഭങ്ങളിൽ അധ്യാപക സമരം നിമിത്തം പ്രാദേശിക സ്‌കൂളുകൾ ദീർഘകാലത്തേക്ക് അടച്ചിടുന്നു. ചിലപ്പോൾ സ്‌കൂളുകൾ വളരെ അകലെ ആയിരിക്കാം അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ സ്‌കൂളുകളേ ഇല്ലായിരിക്കാം. ക്രിസ്‌ത്യാനികളുടെ മേലുള്ള പീഡനത്തിന്റെ ഫലമായി കുട്ടികൾ സ്‌കൂളിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തേക്കാം.
അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഇനി, നിങ്ങൾക്ക് കുറെ കുട്ടികൾ ഉണ്ടായിരിക്കുകയും താമസിക്കുന്ന പ്രദേശത്തു വിദ്യാഭ്യാസ ചെലവ് വളരെ കൂടുതലായിരിക്കുകയും ചെയ്യുന്നെങ്കിലോ? കുട്ടികളിൽ ഒന്നോ രണ്ടോ പേരെ അവരുടെ ആത്മീയതയ്‌ക്കു കോട്ടംതട്ടാൻ ഇടയാകാത്തവിധം സ്‌കൂളിൽ അയയ്‌ക്കാനാകുമോ? അങ്ങനെ ചെയ്‌താൽ, തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ വീട്ടിൽ മറ്റ് കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ അവർക്കു കഴിഞ്ഞേക്കാം.
ചില രാജ്യങ്ങളിൽ ഭവന അധ്യാപനം എന്ന ഒരു സംവിധാനമുണ്ട്. * ഈ ക്രമീകരണത്തിൽ മാതാപിതാക്കളിൽ ഒരാൾ കുട്ടിയെ പഠിപ്പിക്കാനായി ദിവസവും ഏതാനും മണിക്കൂർ ചെലവഴിക്കുന്നു. ഗോത്രപിതാക്കന്മാരുടെ നാളുകളിൽ, കുട്ടികളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ നല്ല വിജയം കൈവരിച്ചിരുന്നു. വ്യക്തമായും, മാതാപിതാക്കളിൽനിന്നു ലഭിച്ച നല്ല പരിശീലനം നിമിത്തമാണ് യാക്കോബിന്റെ മകനായ യോസേഫിന് ചെറുപ്രായത്തിൽത്തന്നെ മേൽവിചാരണ പ്രാപ്‌തി ലഭിച്ചത്.
അഭയാർഥി ക്യാമ്പുകൾ പോലുള്ള സ്ഥലങ്ങളിൽ ഔദ്യോഗിക പാഠ്യപദ്ധതി പിൻപറ്റാനുള്ള സൗകര്യമില്ലായിരിക്കാം. എങ്കിലും, പഠിപ്പിക്കാനുള്ള ഒരു അടിസ്ഥാനമെന്ന നിലയിൽ മാതാപിതാക്കൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യം ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, കൊച്ചുകുട്ടികളെ പഠിപ്പിക്കാൻ എന്റെ ബൈബിൾ കഥാ പുസ്‌തകം സഹായകമായേക്കാം. ഉണരുക! മാസികയിൽ പലവിധ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം ശാസ്‌ത്ര വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം വിവിധ ദേശങ്ങളിലെ ജനജീവിതത്തെയും അവിടത്തെ പ്രസംഗ പ്രവർത്തനത്തെയും കുറിച്ചു നമ്മോടു പറയുന്നു.
പഠിപ്പിക്കുന്ന വിവരങ്ങൾ നന്നായി തയ്യാറാകുകയും അവ കുട്ടികൾക്കു ഗ്രഹിക്കാവുന്ന രീതിയിലാക്കുകയും ചെയ്‌താൽ വളരെയേറെ നേട്ടമുണ്ട്. ക്രമമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നെങ്കിൽ, പിന്നീടൊരിക്കൽ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചാൽ അതുമായി വളരെ എളുപ്പത്തിൽ പൊരുത്തപ്പെടാൻ അത് അവരെ സഹായിക്കും. മുൻകൈയെടുക്കുകയും ശ്രമിക്കുകയും ചെയ്‌തുകൊണ്ട് നിങ്ങൾക്ക് കുട്ടികളെ അഭ്യസ്‌തവിദ്യരായിത്തീരാൻ സഹായിക്കാവുന്നതാണ്. അത് എത്ര പ്രതിഫലദായകമായിരിക്കും!
[അടിക്കുറിപ്പ്]
^ ഖ. 40 1993 ജൂലൈ 8 ലക്കം ഉണരുക!യുടെ 9-12 പേജുകളിലെ ‘ഭവന അധ്യാപനം അതു നിങ്ങൾക്കുള്ളതോ?’ എന്ന ലേഖനം കാണുക.
[ചിത്രം]
കുട്ടികൾക്കു സ്‌കൂളിൽ പോകാൻ കഴിയാത്ത ഒരു പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ എന്തു ചെയ്യാനാകും?