ദാരിദ്ര്യം എന്നെങ്കിലും അവസാനിക്കുമോ?
ദാരിദ്ര്യം എന്നെങ്കിലും അവസാനിക്കുമോ?
“പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്‌ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല” എന്നു പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ് പറയുകയുണ്ടായി. (സഭാപ്രസംഗി 4:1) അവൻ ഉദ്ദേശിച്ച പീഡിതന്മാരിൽ അനേകരും ദരിദ്രരുംകൂടെ ആയിരുന്നു എന്നതിൽ സംശയമില്ല.
പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ദാരിദ്ര്യത്തെ അളക്കാനാവില്ല. 2002 ജൂണിൽ ലോകബാങ്ക് നൽകിയ വിവരങ്ങളനുസരിച്ച്, “1998-ൽ ലോകവ്യാപകമായി പ്രതിദിനം, 120 കോടി പേർ ഒരു ഡോളറിലും . . . 280 കോടി പേർ 2 ഡോളറിലും കുറഞ്ഞ ചെലവിലാണു ജീവിച്ചത് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.” ഈ രണ്ടു വിഭാഗത്തിലും പെട്ട ആളുകളുടെ എണ്ണം മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും, “മനുഷ്യൻ അനുഭവിക്കുന്ന ദുരിതത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അവ വളരെ ഉയർന്നുതന്നെ നിൽക്കുന്ന”തായി ശ്രദ്ധിക്കപ്പെട്ടു.
ദാരിദ്ര്യം എന്നെങ്കിലും അവസാനിക്കുമോ? യേശുക്രിസ്‌തു തന്റെ ശിഷ്യരോടു പറഞ്ഞു: “ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്‌പോഴും അടുക്കെ ഉണ്ടല്ലോ.” (യോഹന്നാൻ 12:8) എന്നാൽ, ദാരിദ്ര്യവും അതിന്റെ തിക്തഫലങ്ങളും സദാകാലവും ഉണ്ടായിരിക്കുമെന്നാണോ അതിന്റെ അർഥം? അല്ല. അതേസമയം, തന്റെ അനുഗാമികളെല്ലാം ഭൗതികമായി സമ്പന്നരായിത്തീരുമെന്നും യേശു അവരോടു വാഗ്‌ദാനം ചെയ്‌തില്ല. എന്നാൽ, ദരിദ്രർക്കു യാതൊരു പ്രത്യാശയുമില്ലെന്ന് അതിൽനിന്നു നാം നിഗമനം ചെയ്യരുത്.
ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള മാനുഷിക ശ്രമങ്ങളും അതു സംബന്ധിച്ച വാഗ്‌ദാനങ്ങളും മിക്കപ്പോഴും പരാജയപ്പെട്ടിരിക്കുന്നെങ്കിലും, ദാരിദ്ര്യം പെട്ടെന്നുതന്നെ നിർമാർജനം ചെയ്യപ്പെടുമെന്ന് ദൈവവചനമായ ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. വാസ്‌തവത്തിൽ യേശു ‘ദരിദ്രന്മാരോടു സുവിശേഷം അറിയിച്ചു.’ (ലൂക്കൊസ് 4:18) ദാരിദ്ര്യം തുടച്ചുനീക്കപ്പെടുമെന്ന വാഗ്‌ദാനം ഈ സുവിശേഷത്തിൽ അടങ്ങിയിരിക്കുന്നു. ദൈവരാജ്യം നീതിപൂർവകമായ അവസ്ഥകൾ ഭൂമിയിൽ ആനയിക്കുമ്പോഴായിരിക്കും ഇത് നിറവേറുക.
അപ്പോൾ ലോകത്തിലെ അവസ്ഥകൾ എത്രയോ വ്യത്യസ്‌തമായിരിക്കും! സ്വർഗീയ രാജാവായ യേശുക്രിസ്‌തു ‘എളിയവനെയും ദരിദ്രനെയും ആദരിക്കുകയും ദരിദ്രന്മാരുടെ ജീവനെ രക്ഷിക്കുകയും ചെയ്യും.’ വാസ്‌തവത്തിൽ, “അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:13, 14.
ആ സമയത്തെ കുറിച്ച് മീഖാ 4:4 പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്‌തിരിക്കുന്നു.” ദൈവരാജ്യം, മനുഷ്യവർഗത്തെ ഞെരുക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. അത് രോഗത്തെയും മരണത്തെയുംപോലും തുടച്ചുനീക്കും. ദൈവം ‘മരണത്തെ സദാകാലത്തേക്കും നീക്കിക്കളകയും യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും ചെയ്യും.’—യെശയ്യാവു 25:8.
ഈ വാഗ്‌ദാനങ്ങൾ ദൈവനിശ്വസ്‌തമായതിനാൽ നിങ്ങൾക്ക് അവയിൽ ആശ്രയിക്കാവുന്നതാണ്. ബൈബിൾ പ്രവചനങ്ങൾ ആശ്രയയോഗ്യമാണ് എന്നതിനുള്ള തെളിവുകൾ നിങ്ങൾക്ക് ഒന്നു പരിശോധിച്ചുകൂടേ?
[32 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
FAO photo/M. Marzot