വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’

‘ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’

‘ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’

യേശു മരിച്ച ദിവസം​—⁠യഹൂദ കലണ്ടറിലെ നീസാൻ 14​—⁠പൊ.യു. 33 മാർച്ച്‌ 31 വ്യാഴാഴ്‌ച സൂര്യാസ്‌തമയത്തിങ്കലാണ്‌ തുടങ്ങിയത്‌. ആ സായാഹ്നത്തിൽ യേശുവും അപ്പൊസ്‌തലന്മാരും പെസഹാ ആഘോഷിക്കാൻ യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നു. ‘ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകാനായി’ തയ്യാറെടുക്കുന്ന വേളയിൽ, താൻ അപ്പൊസ്‌തലന്മാരെ അവസാനത്തോളം സ്‌നേഹിച്ചുവെന്ന്‌ യേശു പ്രകടമാക്കി. (യോഹന്നാൻ 13:1) എങ്ങനെ? വളരെ ശ്രേഷ്‌ഠമായ പാഠങ്ങൾ അവരെ പഠിപ്പിക്കുകയും അങ്ങനെ അവർ അഭിമുഖീകരിക്കാനിരുന്ന കാര്യങ്ങൾക്കുവേണ്ടി അവരെ സജ്ജരാക്കുകയും ചെയ്‌തുകൊണ്ട്‌.

കുറച്ചുകൂടി രാത്രിയായപ്പോൾ യേശു അവരോടു പറഞ്ഞു: “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33) അവന്റെ ആ ധീരമായ പ്രസ്‌താവനയുടെ അർഥം എന്തായിരുന്നു? ഭാഗികമായി ഇതായിരുന്നു: ‘ഈ ലോകത്തിലെ തിന്മ എന്നെ ഒരു വിദ്വേഷിയാക്കിയില്ല, പ്രതികാരം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചതുമില്ല. ലോകത്തിന്റെ മൂശയിലേക്ക്‌ എന്നെ തള്ളിക്കയറ്റാൻ ഞാൻ ലോകത്തെ അനുവദിച്ചില്ല. നിങ്ങളുടെ കാര്യത്തിലും ഇത്‌ സത്യമായിരിക്കാൻ കഴിയും.’ തന്റെ ഭൗമിക ജീവിതത്തിന്റെ ആ അന്തിമ നാഴികകളിൽ യേശു തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരെ പഠിപ്പിച്ച കാര്യങ്ങൾ ലോകത്തെ ജയിച്ചടക്കാൻ സമാനമായ വിധത്തിൽ അവരെ സഹായിക്കുമായിരുന്നു.

ഈ ലോകത്തിൽ ദുഷ്ടത പെരുകിയിരിക്കുന്നു എന്നതിനെ ആർക്കും നിഷേധിക്കാനാവില്ല. അനീതിയോടും നിരർഥകമായ അക്രമപ്രവർത്തനങ്ങളോടും നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? അവ നമ്മിൽ പകയും വിദ്വേഷവും ജനിപ്പിക്കുന്നുണ്ടോ? നമുക്കു ചുറ്റുമുള്ള ധാർമിക അധഃപതനം നമ്മെ എങ്ങനെയാണു സ്വാധീനിക്കുന്നത്‌? ഇവയ്‌ക്കെല്ലാം പുറമേ, നമ്മുടെ അപൂർണതകളും പാപപൂർണമായ ചായ്‌വുകളുമുണ്ട്‌. അതുകൊണ്ട്‌, നമുക്ക്‌ പോരാടുന്നതിന്‌ രണ്ട്‌ മേഖലകളുണ്ട്‌: പുറത്തുള്ള ദുഷ്ടലോകവും നമ്മുടെ ഉള്ളിൽത്തന്നെയുള്ള മോശമായ പ്രവണതകളും. ദൈവത്തിന്റെ സഹായമില്ലാതെ നമുക്കു വിജയശ്രീലാളിതരാകാമെന്ന്‌ യഥാർഥത്തിൽ പ്രതീക്ഷിക്കാനാകുമോ? നമുക്ക്‌ എങ്ങനെ അവന്റെ സഹായം ലഭ്യമാകും? ജഡിക ചായ്‌വുകളെ ചെറുക്കാനായി നാം ഏതു ഗുണങ്ങളാണു നട്ടുവളർത്തേണ്ടത്‌? ഉത്തരങ്ങൾക്കായി, ഭൗമിക ജീവിതത്തിന്റെ അവസാന ദിവസം യേശു തന്റെ പ്രിയ ശിഷ്യരെ പഠിപ്പിച്ച കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം.

താഴ്‌മകൊണ്ട്‌ അഹങ്കാരത്തെ ജയിച്ചടക്കുക

ഉദാഹരണമായി, അഹങ്കാരത്തെ അഥവാ അഹന്തയെ കുറിച്ചു ചിന്തിക്കുക. അതിനെ സംബന്ധിച്ച്‌ ബൈബിൾ ഇപ്രകാരം പറയുന്നു: “അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്‌; അഹന്ത അധഃപതനത്തിന്റെയും.” (സദൃശവാക്യങ്ങൾ 16:​18, പി.ഒ.സി. ബൈബിൾ) തിരുവെഴുത്തുകൾ നമ്മെ ഇങ്ങനെയും ബുദ്ധിയുപദേശിക്കുന്നു: “താൻ അല്‌പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.” (ഗലാത്യർ 6:3) അതേ, അഹങ്കാരം നാശകരവും വഞ്ചനാത്മകവുമാണ്‌. “ഡംഭം, അഹങ്കാരം” എന്നിവയെ വെറുക്കുന്നതാണ്‌ ജ്ഞാനമാർഗം.​—⁠സദൃശവാക്യങ്ങൾ 8:13.

യേശുവിന്റെ ശിഷ്യന്മാർക്ക്‌ അഹംഭാവമോ അഹങ്കാരമോ ഉണ്ടായിരുന്നോ? തങ്ങളിൽ ആരാണ്‌ വലിയവൻ എന്നതു സംബന്ധിച്ച്‌ ചുരുങ്ങിയപക്ഷം ഒരു പ്രാവശ്യമെങ്കിലും അവർക്കിടയിൽ തർക്കമുണ്ടായി. (മർക്കൊസ്‌ 9:33-37) മറ്റൊരു സന്ദർഭത്തിൽ, രാജ്യത്തിൽ പ്രമുഖ സ്ഥാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി യാക്കോബും യോഹന്നാനും അഭ്യർഥന നടത്തി. (മർക്കൊസ്‌ 10:35-45) ശിഷ്യന്മാരിലെ ഈ പ്രവണതയെ നീക്കം ചെയ്യുന്നതിന്‌ അവരെ സഹായിക്കാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌, എല്ലാവരും പെസഹാ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യേശു എഴുന്നേറ്റ്‌ ഒരു തുവർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി. അവർ പഠിക്കണമെന്ന്‌ യേശു ആഗ്രഹിച്ച പാഠം സംബന്ധിച്ച്‌ അവൻ യാതൊരു സംശയവും അവശേഷിപ്പിച്ചില്ല. “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹന്നാൻ 13:14) അഹങ്കാരം നീക്കി തത്‌സ്ഥാനത്ത്‌ അതിന്റെ വിപരീതഗുണമായ താഴ്‌മ നട്ടുവളർത്തണം.

എങ്കിലും അഹങ്കാരത്തെ കീഴടക്കുക അത്ര എളുപ്പമല്ല. യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന ഈസ്‌കര്യോത്താ യൂദായെ പറഞ്ഞയച്ചശേഷം ആ രാത്രിയിൽ കുറെക്കഴിഞ്ഞ്‌ 11 അപ്പൊസ്‌തലന്മാർക്കിടയിൽ ചൂടുപിടിച്ച ഒരു തർക്കം ഉണ്ടായി. എന്തിനെ കുറിച്ചായിരുന്നു അത്‌? അവരിൽ ആരാണ്‌ വലിയവൻ എന്നതിനെ കുറിച്ച്‌. അവരെ ശകാരിക്കുന്നതിനു പകരം, മറ്റുള്ളവരെ സേവിക്കേണ്ടതിന്റെ പ്രാധാന്യം യേശു ക്ഷമാപൂർവം ഒരിക്കൽക്കൂടി ഊന്നിപ്പറഞ്ഞു. അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.” താൻ വെച്ച മാതൃകയെ കുറിച്ച്‌ അവരെ ഓർമിപ്പിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.​—⁠ലൂക്കൊസ്‌ 22:24-27.

അപ്പൊസ്‌തലന്മാർക്ക്‌ ആശയം പിടികിട്ടിയോ? കിട്ടിയെന്നുവേണം കരുതാൻ. വർഷങ്ങൾക്കു ശേഷം അപ്പൊസ്‌തലനായ പത്രൊസ്‌ ഇപ്രകാരം എഴുതി: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.” (1 പത്രൊസ്‌ 3:8) നാമും അഹങ്കാരത്തെ താഴ്‌മകൊണ്ടു കീഴടക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! പണം, പ്രശസ്‌തി, സ്ഥാനമാനങ്ങൾ എന്നിവയ്‌ക്കു പിന്നാലെ പരക്കം പായാതിരിക്കുന്നതാണ്‌ നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിപൂർവകമായ ഗതി. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ നല്‌കുകയും ചെയ്യുന്നു.” (യാക്കോബ്‌ 4:6) സമാനമായി, “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്ന്‌ ഒരു പുരാതന പഴമൊഴി പറയുന്നു.​—⁠സദൃശവാക്യങ്ങൾ 22:⁠4.

വിദ്വേഷത്തെ ജയിച്ചടക്കുക​—⁠എങ്ങനെ?

ലോകത്തിൽ പൊതുവേയുള്ള മറ്റൊരു സ്വഭാവവിശേഷതയെ കുറിച്ചു ചിന്തിക്കുക​—⁠വിദ്വേഷം. ഭയം, അജ്ഞത, മുൻവിധി, അടിച്ചമർത്തൽ, ദേശീയത, വർഗീയവാദം എന്നിങ്ങനെ ഏതു കാരണത്താൽ ഉണ്ടാകുന്നതായാലും, അത്‌ നമുക്കു ചുറ്റുമുണ്ടെന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. (2 തിമൊഥെയൊസ്‌ 3:1-4) യേശുവിന്റെ നാളിലും വിദ്വേഷം സർവസാധാരണമായിരുന്നു. യഹൂദ സമൂഹം നികുതിപിരിവുകാരെ ഭ്രഷ്ട്‌ കൽപ്പിക്കപ്പെട്ടവരെപോലെ കണക്കാക്കി വെറുത്തിരുന്നു. യഹൂദർക്ക്‌ ശമര്യക്കാരുമായും സമ്പർക്കമില്ലായിരുന്നു. (യോഹന്നാൻ 4:9) അവർ വിജാതീയരെ വീക്ഷിച്ചിരുന്നത്‌ അവജ്ഞയോടെയാണ്‌. എന്നിരുന്നാലും, കാലാന്തരത്തിൽ സകല ജനതകളിൽനിന്നുമുള്ളവരെ സ്വാഗതം ചെയ്യുന്ന ഒരു ആരാധനാക്രമം യേശു ഏർപ്പെടുത്തി. (പ്രവൃത്തികൾ 10:34, 35; ഗലാത്യർ 3:28) അതുകൊണ്ട്‌ തന്റെ ശിഷ്യർക്ക്‌ അവൻ സ്‌നേഹപുരസ്സരം ഒരു പുതിയ കൽപ്പന നൽകി.

യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ.” ഈ സ്‌നേഹം പ്രകടമാക്കാൻ അവർ പഠിക്കേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ അവൻ തുടർന്നു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) ഈ കൽപ്പന പുതിയ ഒന്നായിരുന്നു. കാരണം, ‘കൂട്ടുകാരനെ തന്നെപ്പോലെ തന്നേ സ്‌നേഹി’ക്കുന്നതിലധികം ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്‌തകം 19:18) ഏതു വിധത്തിൽ? പിൻവരുന്ന വിധം പറഞ്ഞുകൊണ്ട്‌ യേശു അക്കാര്യം വ്യക്തമാക്കി: “ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന. സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:​12-14എ) തമ്മിൽ തമ്മിലും മറ്റുള്ളവർക്കുവേണ്ടിയും സ്വജീവൻപോലും ത്യജിക്കാൻ അവർ സന്നദ്ധരാകേണ്ടിയിരുന്നു.

അപൂർണ മനുഷ്യർക്ക്‌ എങ്ങനെയാണ്‌ ജീവിതത്തിൽനിന്നു പകയും വിദ്വേഷവും പിഴുതെറിയാൻ സാധിക്കുക? വിദ്വേഷത്തിന്റെ സ്ഥാനത്ത്‌ ആത്മത്യാഗപരമായ സ്‌നേഹം നട്ടുവളർത്തിക്കൊണ്ട്‌. സകല വംശങ്ങളിലും സംസ്‌കാരങ്ങളിലും മതങ്ങളിലും രാഷ്‌ട്രീയ പശ്ചാത്തലങ്ങളിലും നിന്നുള്ള ആത്മാർഥഹൃദയരായ ദശലക്ഷക്കണക്കിന്‌ ആളുകൾ അതുതന്നെയാണു ചെയ്യുന്നത്‌. അവർ വിദ്വേഷരഹിതമായ ഒരു ഏകീകൃത സമൂഹത്തിന്റെ, യഹോവയുടെ സാക്ഷികളുടെ ഒരു ആഗോള സഹോദരവർഗത്തിന്റെ, ഭാഗമായിക്കൊണ്ടിരിക്കുകയാണ്‌. യോഹന്നാൻ അപ്പൊസ്‌തലന്റെ ഈ നിശ്വസ്‌ത വാക്കുകൾക്ക്‌ അവർ ചെവി കൊടുക്കുന്നു: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.” (1 യോഹന്നാൻ 3:15) സത്യക്രിസ്‌ത്യാനികൾ യാതൊരുവിധ സായുധപോരാട്ടങ്ങളിലും ഏർപ്പെടുകയില്ലെന്നു മാത്രമല്ല അന്യോന്യം സ്‌നേഹിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.

എന്നാൽ, നമ്മോടു വിദ്വേഷം വെച്ചുപുലർത്തിയേക്കാവുന്ന, നമ്മുടെ സഹവിശ്വാസികൾ അല്ലാത്തവരോട്‌ നാം ഏതു മനോഭാവം പ്രകടമാക്കണം? സ്‌തംഭത്തിൽ കിടക്കവേ, തന്റെ ഘാതകർക്കുവേണ്ടി പിൻവരുന്ന വിധം യേശു പ്രാർഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്‌കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കൊസ്‌ 23:34) പകപൂണ്ട പുരുഷന്മാർ കൊല്ലാനായി കല്ലെറിഞ്ഞുകൊണ്ടിരിക്കെ ശിഷ്യനായ സ്‌തെഫാനൊസിന്റെ അവസാന വാക്കുകൾ ഇതായിരുന്നു: “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ!” (പ്രവൃത്തികൾ 7:​60, ഓശാന ബൈബിൾ) തങ്ങളെ ദ്വേഷിച്ചവർക്കുപോലും ഏറ്റവും നല്ലതു വരണമെന്നാണ്‌ യേശുവും സ്‌തെഫാനൊസും ആഗ്രഹിച്ചത്‌. അവരുടെ ഹൃദയത്തിൽ പക ഇല്ലായിരുന്നു. ‘സകല മനുഷ്യർക്കും നന്മ ചെയ്യാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.​—⁠ഗലാത്യർ 6:​10, പി.ഒ.സി. ബൈബിൾ.

‘എന്നേക്കുമുള്ള ഒരു സഹായി’

വിശ്വസ്‌തരായ തന്റെ 11 അപ്പൊസ്‌തലന്മാരുമൊത്തുള്ള യോഗം കുറെ പിന്നിട്ടപ്പോൾ, അൽപ്പം കഴിഞ്ഞാൽ താൻ ജഡത്തിൽ അവരോടൊപ്പം ഉണ്ടായിരിക്കില്ലെന്ന്‌ യേശു അവരെ അറിയിച്ചു. (യോഹന്നാൻ 14:28; 16:28) എന്നാൽ അവൻ അവർക്ക്‌ ഈ ഉറപ്പു നൽകി: “ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറെറാരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹന്നാൻ 14:16) ആ വാഗ്‌ദത്ത സഹായി ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ആണ്‌. അത്‌ തിരുവെഴുത്തുകളിലെ ആഴമേറിയ കാര്യങ്ങൾ അവരെ പഠിപ്പിക്കുകയും തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു പഠിപ്പിച്ച കാര്യങ്ങൾ അവരെ ഓർമപ്പെടുത്തുകയും ചെയ്യുമായിരുന്നു.​—⁠യോഹന്നാൻ 14:26.

പരിശുദ്ധാത്മാവിന്‌ എങ്ങനെ നമ്മെ ഇക്കാലത്ത്‌ സഹായിക്കാനാകും? ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌. പ്രവചിക്കാനും ബൈബിൾ എഴുതാനുമായി ഉപയോഗിക്കപ്പെട്ട പുരുഷന്മാർ ‘പരിശുദ്ധാത്മനിയോഗം പ്രാപിച്ചവർ’ ആയിരുന്നു. (2 പത്രൊസ്‌ 1:20, 21; 2 തിമൊഥെയൊസ്‌ 3:16) തിരുവെഴുത്തുകൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുമ്പോൾ നമുക്ക്‌ അറിവ്‌, ജ്ഞാനം, ഗ്രാഹ്യം, ഉൾക്കാഴ്‌ച, വിവേചനാശേഷി, ചിന്താപ്രാപ്‌തി എന്നിവ ലഭിക്കുന്നു. അതുവഴി, ഈ ദുഷ്ട ലോകത്തിലെ സമ്മർദങ്ങളെ നേരിടാൻ നാം കൂടുതൽ സജ്ജരായിരിക്കില്ലേ?

മറ്റൊരു വിധത്തിലും പരിശുദ്ധാത്മാവ്‌ ഒരു സഹായിയാണ്‌. നന്മ ചെയ്യാനുള്ള ഒരു വലിയ പ്രേരകശക്തിയാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. അതിന്റെ സ്വാധീനത്തിൻ കീഴിൽ വരുന്നവരെ അത്‌ ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കാൻ പ്രാപ്‌തമാക്കുന്നു. ആത്മാവിന്റെ ഗുണങ്ങൾ “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവയാണെന്നു ബൈബിൾ പറയുന്നു. അധാർമികത, കലഹം, അസൂയ, കോപാവേശം തുടങ്ങിയ കാര്യങ്ങളിലേക്കുള്ള ജഡിക ചായ്‌വുകളെ കീഴടക്കാൻ നമുക്ക്‌ അവശ്യം വേണ്ട ഗുണങ്ങളല്ലേ ഇവ?​—⁠ഗലാത്യർ 5:19-23.

ദൈവാത്മാവിൽ ആശ്രയിക്കുന്നതു മുഖാന്തരം, നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയോ ദുരിതങ്ങളെയോ നേരിടാനുള്ള ‘സാധാരണയിൽ കവിഞ്ഞ ശക്തിയും’ നമുക്കു ലഭിക്കുന്നു. (2 കൊരിന്ത്യർ 4:​7, NW) പരിശുദ്ധാത്മാവ്‌ പരീക്ഷകളെയോ പ്രലോഭനങ്ങളെയോ നീക്കംചെയ്യുകയില്ലായിരിക്കാം. എങ്കിലും, സഹിച്ചുനിൽക്കാൻ അതു നമ്മെ പ്രാപ്‌തരാക്കുകതന്നെ ചെയ്യും. (1 കൊരിന്ത്യർ 10:13) “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (ഫിലിപ്പിയർ 4:13) അത്തരം ശക്തി തന്റെ പരിശുദ്ധാത്മാവിലൂടെയാണ്‌ ദൈവം പകർന്നുതരുന്നത്‌. പരിശുദ്ധാത്മാവിനായി നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം! ‘യേശുവിനെ സ്‌നേഹിക്കുകയും അവന്റെ കല്‌പനകളെ കാത്തുകൊള്ളുകയും’ ചെയ്യുന്നവർക്ക്‌ അത്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു.​—⁠യോഹന്നാൻ 14:15.

“എന്റെ സ്‌നേഹത്തിൽ വസിപ്പിൻ”

യേശു ഒരു മനുഷ്യനായി ഇവിടെ കഴിഞ്ഞ അവസാന രാത്രിയിൽ തന്റെ അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ കല്‌പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്‌നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവു സ്‌നേഹിക്കുന്നു.” (യോഹന്നാൻ 14:21) “എന്റെ സ്‌നേഹത്തിൽ വസിപ്പിൻ” എന്ന്‌ അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. (യോഹന്നാൻ 15:9) പിതാവിന്റെയും പുത്രന്റെയും സ്‌നേഹത്തിൽ വസിക്കുന്നത്‌, നമ്മുടെ ഉള്ളിലെ പാപപൂർണമായ ചായ്‌വുകളോടും പുറത്തുള്ള ദുഷ്ടലോകത്തോടുമുള്ള നമ്മുടെ പോരാട്ടത്തിൽ നമ്മെ എങ്ങനെയാണു സഹായിക്കുന്നത്‌?

മോശമായ ചായ്‌വുകളെ നിയന്ത്രിക്കാനുള്ള ശക്തമായ പ്രേരണ ഇല്ലാത്തപക്ഷം നമുക്ക്‌ യഥാർഥത്തിൽ അതിനു സാധിക്കുമോ? യഹോവയാം ദൈവവുമായും അവന്റെ പുത്രനുമായും ഒരു നല്ല ബന്ധമുണ്ടായിരിക്കാനുള്ള ആഗ്രഹത്തെക്കാൾ മെച്ചമായ ഏതു പ്രേരകഘടകമാണ്‌ ഉണ്ടായിരിക്കാനാകുക? കൗമാരത്തിന്റെ തുടക്കം മുതൽ താൻ നയിച്ചുവന്നിരുന്ന അധാർമിക ജീവിതരീതിയോടു ശക്തമായി പൊരുതിയ എർനേസ്റ്റോ * എന്ന ചെറുപ്പക്കാരൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഞാൻ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിച്ചു, എന്നാൽ എന്റെ ജീവിതഗതി ദൈവം അംഗീകരിക്കുന്നില്ലെന്നു ബൈബിളിൽനിന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട്‌, വ്യത്യസ്‌തനായിത്തീരാൻ, ദൈവിക മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരുന്ന നിഷേധാത്മകവും അശുദ്ധവുമായ ചിന്തകളുമായി എനിക്ക്‌ ഓരോ ദിവസവും പോരാടേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ പോരാട്ടത്തിൽ വിജയിക്കണമെന്നു തീരുമാനിച്ചുറച്ച ഞാൻ സഹായത്തിനായി ദൈവത്തോട്‌ അപേക്ഷിച്ചുകൊണ്ടേയിരുന്നു. രണ്ടു വർഷത്തിനുശേഷം എന്റെ മോശമായ ജീവിതശൈലി പാടേ മാറ്റാൻ എനിക്കു സാധിച്ചിരിക്കുന്നു. എങ്കിലും പഴയ ശീലങ്ങളിലേക്കു വഴുതിവീഴാതിരിക്കാൻ എനിക്കു പലപ്പോഴും കഠിനശ്രമംതന്നെ ചെയ്യേണ്ടിവരുന്നു.”

പുറംലോകവുമായുള്ള പോരാട്ടത്തോടു ബന്ധപ്പെട്ട്‌, യെരൂശലേമിലെ മാളികമുറിയിൽനിന്നു പോകുന്നതിനു മുമ്പായി യേശു നടത്തിയ സമാപന പ്രാർഥനയെ കുറിച്ചു ചിന്തിക്കുക. ശിഷ്യന്മാർക്കുവേണ്ടി അവൻ തന്റെ പിതാവിനോട്‌ ഇപ്രകാരം പ്രാർഥിച്ചു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” (യോഹന്നാൻ 17:15, 16) എത്ര സാന്ത്വനദായകമായ ഉറപ്പാണ്‌ അത്‌! താൻ സ്‌നേഹിക്കുന്നവരെ യഹോവ പരിപാലിക്കുകയും ലോകത്തിൽനിന്ന്‌ അവർ വേർപെട്ടുനിൽക്കവേ അവരെ ശക്തീകരിക്കുകയും ചെയ്യുന്നു.

‘വിശ്വസിക്കുക’

യേശുവിന്റെ കൽപ്പനകൾ പാലിക്കുന്നത്‌, ദുഷ്ടലോകത്തിനും നമ്മുടെ പാപപൂർണമായ ചായ്‌വുകൾക്കും എതിരെയുള്ള പോരാട്ടത്തിൽ വിജയംവരിക്കാൻ നിശ്ചയമായും നമ്മെ സഹായിക്കും. അത്തരം വിജയങ്ങൾ ലോകത്തെയോ പാരമ്പര്യസിദ്ധമായ നമ്മുടെ പാപത്തെയോ ഇല്ലായ്‌മ ചെയ്യുന്നില്ല. എങ്കിലും നാം നിരാശരാകേണ്ടതില്ല.

“ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു ബൈബിൾ പ്രഖ്യാപിക്കുന്നു. (1 യോഹന്നാൻ 2:17) ‘തന്നിൽ വിശ്വസിക്കുന്ന ഏവനെയും’ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനായി യേശു തന്റെ ജീവനെ നൽകി. (യോഹന്നാൻ 3:16) ദൈവേഷ്ടത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനത്തിൽ വളർന്നുവരവേ, നമുക്ക്‌ യേശുവിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു ചെവി കൊടുക്കാം: “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.”​—⁠യോഹന്നാൻ 14:⁠1.

[അടിക്കുറിപ്പ്‌]

^ ഖ. 22 യഥാർഥ പേരല്ല.

[6, 7 പേജുകളിലെ ചിത്രം]

“എന്റെ സ്‌നേഹത്തിൽ വസിപ്പിൻ” എന്ന്‌ യേശു തന്റെ അപ്പൊസ്‌തലന്മാരെ ഉദ്‌ബോധിപ്പിച്ചു

[7 -ാം പേജിലെ ചിത്രം]

പാപത്തിൽനിന്നും അതിന്റെ ഫലങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യം പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമായിത്തീരും