വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക

“മനുഷ്യൻ കാണുന്നതുപോലെയല്ലല്ലോ കർത്താവു കാണുന്നത്‌.” ​—⁠1 ശമൂവേൽ 16:​7, ഓശാന ബൈബിൾ.

1, 2. എലീയാബിനെ കുറിച്ചുള്ള യഹോവയുടെ വീക്ഷണം ശമൂവേലിന്റേതിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ, ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ യഹോവ ശമൂവേൽ പ്രവാചകനെ ഒരു രഹസ്യ ദൗത്യവുമായി അയച്ചു. യിശ്ശായി എന്നു പേരുള്ള ഒരു പുരുഷന്റെ വീട്ടിൽച്ചെന്ന്‌ അവന്റെ പുത്രന്മാരിൽ ഒരാളെ ഇസ്രായേലിന്റെ ഭാവി രാജാവായി അഭിഷേകം ചെയ്യാൻ പ്രവാചകനോട്‌ യഹോവ കൽപ്പിച്ചു. യിശ്ശായിയുടെ മൂത്ത പുത്രനായ എലീയാബിനെ കണ്ട മാത്രയിൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്നവൻ അവൻതന്നെ ആണെന്ന്‌ ശമൂവേൽ ഉറപ്പിച്ചു. എന്നാൽ യഹോവ പറഞ്ഞു: “‘അയാളുടെ ബാഹ്യരൂപമോ ഉയരമോ പരിഗണിക്കേണ്ട. ഞാൻ അയാളെ തിരസ്‌കരിച്ചിരിക്കുന്നു. മനുഷ്യൻ കാണുന്നതുപോലെയല്ലല്ലോ കർത്താവു കാണുന്നത്‌. മനുഷ്യൻ ബാഹ്യരൂപം കാണുന്നു. കർത്താവാകട്ടെ, ഹൃദയം കാണുന്നു.’” (1 ശമൂവേൽ 16:​6, 7, ഓശാന ബൈ.) എലീയാബിനെ യഹോവ കണ്ടതുപോലെ കാണുന്നതിൽ ശമൂവേൽ പരാജയപ്പെട്ടിരുന്നു. *

2 മറ്റുള്ളവരെ വിലയിരുത്തുന്ന കാര്യത്തിൽ പിശകുകൾ വരുത്താൻ മനുഷ്യർക്ക്‌ എത്ര എളുപ്പമാണ്‌! ഒരു വ്യക്തി തത്ത്വദീക്ഷയില്ലാത്ത ആളാണെങ്കിൽ പോലും അയാൾക്കു പുറമേ ആകർഷകമായ ഒരു വ്യക്തിത്വമാണ്‌ ഉള്ളതെങ്കിൽ അയാൾ നല്ലവനാണെന്നു നാം നിഗമനം ചെയ്‌തേക്കാം. അതേസമയം, നമുക്ക്‌ ഇഷ്ടമില്ലാത്ത ചില വ്യക്തിത്വ സവിശേഷതകൾ ഉള്ള ആത്മാർഥഹൃദയരായ വ്യക്തികളെ കുറിച്ച്‌ അവർ തീരെ മോശക്കാരാണെന്ന അഭിപ്രായത്തിൽ നാം ഉറച്ചുനിന്നേക്കാം.

3, 4. (എ) രണ്ടു ക്രിസ്‌ത്യാനികൾക്കിടയിൽ ഒരു പ്രശ്‌നം ഉണ്ടാകുന്നെങ്കിൽ അവർ ഇരുവരും എന്തു ചെയ്യാൻ ദൃഢചിത്തരായിരിക്കണം? (ബി) ഒരു സഹവിശ്വാസിയുമായി വലിയൊരു വഴക്ക്‌ ഉണ്ടാകുന്നെങ്കിൽ നാം സ്വയം ഏതു ചോദ്യങ്ങൾ ചോദിക്കണം?

3 മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കാണിക്കുന്നത്‌ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം, ഒരുപക്ഷേ അവരെ നമുക്ക്‌ വർഷങ്ങളായി അറിയാമെങ്കിൽ പോലും. മുമ്പ്‌ നിങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന ഒരു ക്രിസ്‌ത്യാനിയും നിങ്ങളും തമ്മിൽ വലിയൊരു വഴക്കുണ്ടായെന്നിരിക്കട്ടെ. ആ വ്യക്തിയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഇതു ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും?

4 കുറെയേറെ സമയമെടുത്ത്‌ നിങ്ങളുടെ ക്രിസ്‌തീയ സഹോദരനെയോ സഹോദരിയെയോ ക്രിയാത്മകമായ വിധത്തിൽ നന്നായി ഒന്നു വീക്ഷിക്കരുതോ? യേശുവിന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ടു വേണം അതു ചെയ്യാൻ: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) എന്നിട്ട്‌ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ വ്യക്തിയെ യഹോവ തന്റെ പുത്രനിലേക്ക്‌ ആകർഷിച്ചത്‌ എന്തുകൊണ്ടായിരിക്കും? എന്തു നല്ല ഗുണങ്ങളാണ്‌ ഇയാൾക്കുള്ളത്‌? ഈ ഗുണങ്ങളെ ഞാൻ അവഗണിക്കുകയോ താഴ്‌ത്തിമതിക്കുകയോ ചെയ്‌തിരിക്കുന്നുവോ? ഞാനും ആ വ്യക്തിയും ആദ്യം സുഹൃത്തുക്കളായിത്തീരാൻ എന്തായിരുന്നു കാരണം? അയാളിലേക്ക്‌ എന്നെ ആകർഷിച്ചത്‌ എന്തായിരുന്നു?’ ആദ്യമൊക്കെ അയാളുടെ നല്ല ഗുണങ്ങളെ കുറിച്ചു ചിന്തിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം, പ്രത്യേകിച്ചും കുറേക്കാലമായി നിങ്ങൾ ഉള്ളിൽ വ്രണിത വികാരങ്ങൾ കൊണ്ടുനടക്കുന്നതാണെങ്കിൽ. എന്നിരുന്നാലും നിങ്ങൾ തമ്മിലുണ്ടായിരുന്ന നല്ല ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന പടിയാണ്‌ ഇത്‌. ഇത്‌ എങ്ങനെ ചെയ്യാമെന്നു കാണാൻ രണ്ടു വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. യോനാ പ്രവാചകനും അപ്പൊസ്‌തലനായ പത്രൊസുമാണ്‌ അവർ. ചിലപ്പോഴൊക്കെ മോശമായി ചിത്രീകരിക്കപ്പെടുന്ന അവരുടെ ചില നല്ല ഗുണങ്ങൾ കണ്ടെത്താൻ നമുക്കിപ്പോൾ ശ്രമിക്കാം.

മുൻവിധി അകറ്റിനിറുത്തി യോനായെ വീക്ഷിക്കുമ്പോൾ

5. യോനായ്‌ക്കു ലഭിച്ച നിയമനം എന്തായിരുന്നു, അവൻ അതിനോട്‌ എങ്ങനെ പ്രതികരിച്ചു?

5 യോവാശിന്റെ മകനായ യൊരോബെയാം രണ്ടാമൻ രാജാവിന്റെ കാലത്ത്‌ യോനാ വടക്കേ ഇസ്രായേൽ രാജ്യത്ത്‌ പ്രവാചകനായി സേവിച്ചു. (2 രാജാക്കന്മാർ 14:​23-25) ഒരു ദിവസം, ഇസ്രായേലിൽനിന്ന്‌ ശക്തമായ അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നീനെവേയിലേക്കു പോകാൻ യഹോവ യോനായോടു കൽപ്പിച്ചു. എന്തായിരുന്നു അവന്റെ നിയമനം? ആ മഹാനഗരം നശിപ്പിക്കപ്പെടാൻ പോകുകയാണെന്ന്‌ അതിലെ നിവാസികൾക്കു മുന്നറിയിപ്പു നൽകുക എന്നത്‌. (യോനാ 1:​1, 2) എന്നാൽ ദൈവത്തിന്റെ നിർദേശം അനുസരിക്കുന്നതിനു പകരം യോനാ മറ്റൊരു ദിക്കിലേക്കു കപ്പൽ കയറി! നീനെവേയിൽനിന്നു വളരെ ദൂരെയുള്ള തർശീശിലേക്കാണ്‌ അവൻ പോയത്‌.​—⁠യോനാ 1:⁠3.

6. നീനെവേയിലേക്കു പോകാൻ യഹോവ യോനായെ തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടായിരുന്നു?

6 യോനായെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌ എന്താണ്‌? അനുസരണംകെട്ട ഒരു പ്രവാചകനായാണോ നിങ്ങൾ അവനെ കാണുന്നത്‌? ഒറ്റനോട്ടത്തിൽ ഒരു വ്യക്തി അത്തരമൊരു നിഗമനത്തിൽ എത്തിയേക്കാം. എന്നാൽ യോനാ അനുസരണംകെട്ടവൻ ആയിരുന്നതുകൊണ്ടാണോ ദൈവം അവനെ പ്രവാചകനായി തിരഞ്ഞെടുത്തത്‌? തീർച്ചയായുമല്ല! യോനായ്‌ക്ക്‌ ചില നല്ല ഗുണങ്ങൾ ഉണ്ടായിരുന്നിരിക്കണം. ഒരു പ്രവാചകനെന്ന നിലയിലുള്ള അവന്റെ രേഖ പരിചിന്തിക്കുക.

7. ഇസ്രായേലിൽ യോനാ യഹോവയെ സേവിച്ചുകൊണ്ടിരുന്നത്‌ ഏതു സാഹചര്യങ്ങളിൻ മധ്യേ ആയിരുന്നു, ഈ അറിവ്‌ അവനെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ ബാധിക്കുന്നു?

7 ഒട്ടുംതന്നെ പ്രതികരണം ലഭിക്കാഞ്ഞ പ്രദേശമായ ഇസ്രായേലിൽ വിശ്വസ്‌തതയോടെ കഠിനാധ്വാനം ചെയ്‌തവനായിരുന്നു യോനാ. അവന്റെ ഏതാണ്ട്‌ അതേകാലത്ത്‌ ജീവിച്ചിരുന്ന ആമോസ്‌ പ്രവാചകൻ അക്കാലത്തെ ഇസ്രായേല്യർ ഭൗതികത്വ ചിന്താഗതിക്കാരും ഉല്ലാസപ്രിയരും ആയിരുന്നെന്നു പറയുകയുണ്ടായി. * ദേശത്ത്‌ ദുഷ്ടത നടമാടിയിരുന്നെങ്കിലും ഇസ്രായേല്യർ അതു സംബന്ധിച്ച്‌ തികഞ്ഞ നിസ്സംഗത പാലിച്ചു. (ആമോസ്‌ 3:13-15; 4:4; 6:​4-6) എന്നാൽ യോനാ അവരോടു പ്രസംഗിക്കാനുള്ള നിയമനത്തിൽ വിശ്വസ്‌തതയോടെ തുടർന്നു. നിങ്ങൾ സുവാർത്തയുടെ ഒരു ഘോഷകനാണെങ്കിൽ ആത്മസംതൃപ്‌തിയും നിസ്സംഗതയും പ്രകടമാക്കുന്ന വ്യക്തികളോടു സംസാരിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന്‌ നിങ്ങൾക്ക്‌ അറിയാം. അതുകൊണ്ട്‌ യോനായ്‌ക്ക്‌ ബലഹീനതകൾ ഉണ്ടായിരുന്നു എന്ന സംഗതി തിരിച്ചറിയുമ്പോൾത്തന്നെ വിശ്വാസരഹിതരായ ഇസ്രായേല്യരോടു പ്രസംഗിച്ചുകൊണ്ട്‌ അവൻ പ്രകടമാക്കിയ വിശ്വസ്‌തതയും സഹിഷ്‌ണുതയും നമുക്ക്‌ അവഗണിക്കാതിരിക്കാം.

8. നീനെവേയിലേക്കു പോകുന്ന ഒരു ഇസ്രായേല്യ പ്രവാചകന്‌ എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വരുമായിരുന്നു?

8 നീനെവേയിലേക്കു പോകുക എന്ന നിയമനം അതിലും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. അവിടെ എത്താൻ യോനാ 800-ഓളം കിലോമീറ്റർ നടക്കേണ്ടതുണ്ടായിരുന്നു. ഏകദേശം ഒരു മാസം എടുക്കുന്ന ദുഷ്‌കരമായ ഒരു യാത്രയായിരുന്നു അത്‌. അവിടെ എത്തിക്കഴിഞ്ഞാലോ? യോനാ പ്രസംഗിക്കേണ്ടിയിരുന്നത്‌ ക്രൂരതയ്‌ക്കു പേരുകേട്ട അസീറിയക്കാരോടും. യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിക്കുന്നത്‌ അവരുടെ പതിവായിരുന്നു. തങ്ങളുടെ ക്രൂരകൃത്യങ്ങളെ കുറിച്ച്‌ അവർ വീമ്പടിക്കുക പോലും ചെയ്‌തിരുന്നു. നീനെവേ ‘രക്തപാതകങ്ങളുടെ പട്ടണം’ എന്നു വിളിക്കപ്പെട്ടതിൽ അതിശയമില്ല!​—⁠നഹൂം 3:​1, 7.

9. ഒരു കൊടുങ്കാറ്റ്‌ സമുദ്രയാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്തിയപ്പോൾ യോനാ ഏതു ഗുണങ്ങൾ പ്രകടിപ്പിച്ചു?

9 യഹോവയുടെ കൽപ്പന അനുസരിക്കാൻ വൈമുഖ്യം കാട്ടിയ യോനാ ഒരു കപ്പലിൽ കയറി മറ്റൊരു ദിക്കിലേക്കു യാത്രയായി. ആ കപ്പൽ അവനെ തന്റെ നിയമനസ്ഥലത്തുനിന്നു വളരെ ദൂരേക്കു കൊണ്ടുപോയി. എന്നിരുന്നാലും യഹോവ തന്റെ പ്രവാചകനെ തള്ളിക്കളയുകയോ അവന്റെ സ്ഥാനത്ത്‌ മറ്റൊരാളെ നിയമിക്കുകയോ ചെയ്‌തില്ല. മറിച്ച്‌, യോനായ്‌ക്ക്‌ തന്റെ നിയമനത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാൻ യഹോവ നടപടി കൈക്കൊണ്ടു. കടലിൽ ഉഗ്രമായ ഒരു കൊടുങ്കാറ്റു വീശാൻ ദൈവം ഇടയാക്കി. ഇളകിമറിയുന്ന തിരമാലകളിൽപ്പെട്ട്‌ യോനാ യാത്ര ചെയ്‌തിരുന്ന കപ്പൽ ആടിയുലഞ്ഞു. നിഷ്‌കളങ്കരായ മനുഷ്യർ മരിക്കാൻ പോകുകയായിരുന്നു, എല്ലാറ്റിനും കാരണക്കാരനാകട്ടെ യോനായും! (യോനാ 1:⁠4) അവൻ എങ്ങനെയാണ്‌ അതിനോടു പ്രതികരിച്ചത്‌? താൻ കാരണം കപ്പലിലെ മറ്റുള്ളവരുടെ ജീവൻ നഷ്ടപ്പെടാൻ യോനാ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ അവൻ അവരോടു പറഞ്ഞു: “എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും.” (യോനാ 1:12) ഒടുവിൽ അവർ യോനായെ എടുത്ത്‌ കടലിലേക്ക്‌ എറിഞ്ഞപ്പോൾ യഹോവ അവിടെനിന്നു തന്നെ രക്ഷിക്കുമെന്നു കരുതാൻ യോനായ്‌ക്ക്‌ കാരണമൊന്നും ഇല്ലായിരുന്നു. (യോനാ 1:15) എന്നിരുന്നാലും മറ്റുള്ള സമുദ്രയാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിന്‌ മരിക്കാൻ പോലും യോനാ തയ്യാറായിരുന്നു. യോനായുടെ ഈ പ്രവൃത്തിയിൽ ധൈര്യം, താഴ്‌മ, സ്‌നേഹം എന്നീ ഗുണങ്ങൾ പ്രകടമല്ലേ?

10. നീനവെക്കാരോടു പ്രസംഗിക്കാനുള്ള നിയമനം യഹോവ യോനായ്‌ക്ക്‌ വീണ്ടും നൽകിയ ശേഷം എന്തു സംഭവിച്ചു?

10 ഒടുവിൽ യഹോവ യോനായെ രക്ഷിച്ചു. തൊട്ടുമുമ്പ്‌ യോനാ ചെയ്‌ത പ്രവൃത്തികൾ ദൈവത്തിന്റെ ഒരു പ്രതിനിധി എന്ന നിലയിൽ വീണ്ടും സേവിക്കുന്നതിന്‌ അവനെ അയോഗ്യനാക്കിയോ? ഇല്ല, നീനെവേക്കാരോടു പ്രസംഗിക്കാനുള്ള നിയമനം യഹോവ കരുണയോടും സ്‌നേഹത്തോടും കൂടെ പ്രവാചകന്‌ വീണ്ടും നൽകി. നീനെവേയിൽ എത്തിയ യോനാ അതിലെ നിവാസികളോട്‌ അവരുടെ കടുത്ത ദുഷ്ടത ദൈവത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നുവെന്നും 40 ദിവസം കഴിഞ്ഞാൽ അവരുടെ നഗരം ഉന്മൂലമാക്കപ്പെടുമെന്നും നിർഭയം പ്രസംഗിച്ചു. (യോനാ 1:​2; 3:⁠4) യോനായുടെ വളച്ചുകെട്ടില്ലാത്ത സന്ദേശം ശ്രദ്ധിച്ച നീനെവേക്കാർ അനുതപിച്ചു. അവരുടെ നഗരം നാശത്തിൽനിന്നു രക്ഷപ്പെട്ടു.

11. യോനാ വിലപ്പെട്ട ഒരു പാഠം പഠിച്ചെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

11 എന്നിട്ടും യോനായ്‌ക്ക്‌ ശരിയായ വീക്ഷണഗതി അല്ല ഉണ്ടായിരുന്നത്‌. എന്നാൽ യഹോവ ക്ഷമാപൂർവം ഒരു ദൃഷ്ടാന്തത്തിലൂടെ താൻ പുറമേയുള്ളതിനും അപ്പുറം കാണുന്നുവെന്ന്‌ യോനായെ പഠിപ്പിച്ചു. അവൻ ഹൃദയങ്ങളെ പരിശോധിക്കുന്നു. (യോനാ 4:​5-11) യോനാതന്നെ രേഖപ്പെടുത്തിയ സത്യസന്ധമായ വിവരണം അവൻ വിലപ്പെട്ട ഒരു പാഠം പഠിച്ചെന്നു തെളിയിക്കുന്നു. തന്റെ തെറ്റുകൾ വളരെ വിശദമായി രേഖപ്പെടുത്തുന്നത്‌ നാണക്കേട്‌ ഉളവാക്കുന്ന കാര്യമായിരുന്നിട്ടും അങ്ങനെ ചെയ്യാൻ അവൻ മനസ്സൊരുക്കം കാണിച്ചത്‌ അവന്റെ താഴ്‌മയുടെ കൂടുതലായ തെളിവാണ്‌. തെറ്റു സമ്മതിക്കാൻ ഒരുവന്‌ ധൈര്യം ആവശ്യമാണ്‌!

12. (എ) മനുഷ്യരെ കുറിച്ച്‌ യഹോവയുടെ അതേ വീക്ഷണഗതിയാണ്‌ യേശുവിന്‌ ഉള്ളതെന്ന്‌ നാം എങ്ങനെ മനസ്സിലാക്കുന്നു? (ബി) നാം സുവാർത്തയുമായി സമീപിക്കുന്ന ആളുകളെ കുറിച്ച്‌ ഏതു വീക്ഷണഗതി പുലർത്താനാണ്‌ പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌? (18-ാം പേജിലെ ചതുരം കാണുക.)

12 നൂറ്റാണ്ടുകൾക്കു ശേഷം യേശുക്രിസ്‌തു യോനായുടെ ജീവിതത്തിലെ ഒരു സംഭവത്തെ കുറിച്ചു നല്ല രീതിയിൽ പരാമർശിച്ചു. അവൻ പറഞ്ഞു: “യോനാ കടലാനയുടെ വയററിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്തായി 12:40) യേശു കല്ലറയിൽ താൻ ചെലവഴിക്കാനിരുന്ന നാളുകളെ യോനായുടെ ജീവിതത്തിലെ ആ നിഷ്‌ക്രിയ ഘട്ടത്തോട്‌ ഉപമിച്ചെന്ന്‌ പുനരുത്ഥാനത്തിൽ വരുമ്പോൾ യോനാ അറിയും. തന്റെ ദാസർ തെറ്റുകൾ വരുത്തുമ്പോൾ അവരെ തള്ളിക്കളയാത്ത ഒരു ദൈവത്തെ സേവിക്കുന്നതിൽ നാം സന്തോഷമുള്ളവരല്ലേ? സങ്കീർത്തനക്കാരൻ എഴുതി: “അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:​13, 14) വാസ്‌തവത്തിൽ ഈ ‘പൊടിക്ക്‌’​—⁠ഇന്നത്തെ അപൂർണ മനുഷ്യരും ഇതിൽ ഉൾപ്പെടുന്നു​—⁠ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ വളരെയധികം കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കും!

പത്രൊസിനെ കുറിച്ചുള്ള സമനിലയോടു കൂടിയ ഒരു വീക്ഷണം

13. പത്രൊസിനെ കുറിച്ചു പറയുമ്പോൾ ഏതു സ്വഭാവവിശേഷതകൾ മനസ്സിലേക്കു വന്നേക്കാം, എന്നാൽ യേശു അവനെ ഒരു അപ്പൊസ്‌തലനായി തിരഞ്ഞെടുക്കാൻ എന്തായിരുന്നു കാരണം?

13 ഇനിയിപ്പോൾ നമുക്ക്‌ അപ്പൊസ്‌തലനായ പത്രൊസിനെക്കുറിച്ചു ചുരുക്കമായി പരിചിന്തിക്കാം. പത്രൊസിനെ വർണിക്കാൻ നിങ്ങളോട്‌ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഏതൊക്ക സ്വഭാവവിശേഷതകളാണ്‌ ഉടനെ നിങ്ങളുടെ മനസ്സിലേക്കു വരിക? എടുത്തുചാട്ടം, വീണ്ടുവിചാരമില്ലായ്‌മ ഇവയൊക്കെയാണോ? പത്രൊസിനെ ധിക്കാരിയായി പോലും നിങ്ങൾ വീക്ഷിച്ചേക്കാം. പത്രൊസ്‌ ചിലപ്പോഴൊക്കെ ഇത്തരം സ്വഭാവവിശേഷതകൾ പ്രകടിപ്പിച്ചു എന്നതു ശരിയാണ്‌. എന്നാൽ പത്രൊസ്‌ യഥാർഥത്തിൽ എടുത്തുചാട്ടക്കാരനോ വീണ്ടുവിചാരമില്ലാത്തവനോ ധിക്കാരിയോ ആയിരുന്നെങ്കിൽ യേശു അവനെ തന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരുവനായി തിരഞ്ഞെടുക്കുമായിരുന്നോ? (ലൂക്കൊസ്‌ 6:​12-14) ഒരിക്കലുമല്ല! വ്യക്തമായും യേശു ഈ ബലഹീനതകൾക്ക്‌ അപ്പുറം നോക്കുകയും പത്രൊസിന്റെ നല്ല ഗുണങ്ങളെ കാണുകയും ചെയ്‌തു.

14. (എ) പത്രൊസ്‌ പലപ്പോഴും മുമ്പെ കയറി സംസാരിക്കാൻ പ്രവണത കാണിച്ചതിന്‌ കാരണം എന്തായിരുന്നിരിക്കാം? (ബി) പത്രൊസ്‌ കൂടെക്കൂടെ ചോദ്യങ്ങൾ ചോദിച്ചതിന്‌ നാം എന്തുകൊണ്ടു നന്ദിയുള്ളവർ ആയിരിക്കണം?

14 പത്രൊസ്‌ ചില സമയങ്ങളിൽ മറ്റ്‌ അപ്പൊസ്‌തലന്മാർക്കു വേണ്ടി സംസാരിച്ചു. അത്‌ എളിമയുടെ അഭാവത്തെയാണ്‌ കാണിക്കുന്നതെന്ന്‌ ചിലർ കരുതിയേക്കാം. എന്നാൽ അവശ്യം അതങ്ങനെ ആണോ? പത്രൊസ്‌ മറ്റ്‌ അപ്പൊസ്‌തലന്മാരെക്കാളെല്ലാം​—⁠ഒരുപക്ഷേ യേശുവിനെക്കാൾ പോലും​—⁠പ്രായമുള്ളവൻ ആയിരുന്നിരിക്കാമെന്നു പറയപ്പെടുന്നു. അതു ശരിയാണെങ്കിൽ മിക്ക സന്ദർഭങ്ങളിലും പത്രൊസ്‌ മുമ്പെ കയറി സംസാരിച്ചത്‌ എന്തുകൊണ്ടായിരുന്നെന്ന്‌ നമുക്കു മനസ്സിലാക്കാനായേക്കും. (മത്തായി 16:22) എന്നിരുന്നാലും പരിചിന്തിക്കേണ്ടതായ മറ്റൊരു ഘടകവും ഉണ്ട്‌. പത്രൊസ്‌ ആത്മീയതയുള്ള ഒരു വ്യക്തിയായിരുന്നു. അറിവിനായുള്ള വാഞ്‌ഛയാണ്‌ ചോദ്യങ്ങൾ ചോദിക്കാൻ അവനെ പ്രേരിപ്പിച്ചത്‌. അവൻ ചോദിച്ച ചോദ്യങ്ങളിൽനിന്ന്‌ ഇന്നു നാമും പ്രയോജനം അനുഭവിക്കുന്നു. പത്രൊസിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി യേശു അനേകം അമൂല്യ പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്‌. ഇവ ബൈബിളിൽ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ പത്രൊസിന്റെ ഒരു ചോദ്യത്തിന്‌ ഉത്തരം നൽകുമ്പോഴാണ്‌ യേശു ‘വിശ്വസ്‌ത ഗൃഹവിചാരകനെ’ കുറിച്ചു പറഞ്ഞത്‌. (ലൂക്കൊസ്‌ 12:​41-44) ഇനി, പത്രൊസിന്റെ മറ്റൊരു ചോദ്യവും കൂടെ പരിചിന്തിക്കുക: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും?” ഇത്‌ യേശു പിൻവരുന്ന പ്രോത്സാഹജനകമായ വാഗ്‌ദാനം നൽകുന്നതിലേക്കു നയിച്ചു: “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.”​—⁠മത്തായി 15:15; 18:​21, 22; 19:​27-29.

15. പത്രൊസ്‌ യഥാർഥത്തിൽ വിശ്വസ്‌തനായിരുന്നെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

15 പത്രൊസിന്‌ മറ്റൊരു ഉത്തമ ഗുണം ഉണ്ടായിരുന്നു​—⁠അവൻ വിശ്വസ്‌തനായിരുന്നു. യേശുവിന്റെ ഒരു പഠിപ്പിക്കൽ മനസ്സിലാകാഞ്ഞതിനെ തുടർന്ന്‌ ശിഷ്യന്മാരിൽ പലരും അവനെ വിട്ടുപോയപ്പോൾ 12 അപ്പൊസ്‌തലന്മാരുടെയും പ്രതിനിധിയായി വർത്തിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞത്‌ പത്രൊസ്‌ ആയിരുന്നു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.” (യോഹന്നാൻ 6:​66-68) ആ വാക്കുകൾ യേശുവിന്റെ ഹൃദയത്തിന്‌ എത്ര കുളിർമ പകർന്നിരിക്കണം! പിന്നീട്‌ തങ്ങളുടെ യജമാനനെ അറസ്റ്റു ചെയ്യാൻ ജനക്കൂട്ടം എത്തിയപ്പോൾ മിക്ക അപ്പൊസ്‌തലന്മാരും ഓടിപ്പോയി. എന്നാൽ പത്രൊസ്‌ ജനക്കൂട്ടത്തെ പിന്തുടരുകയും മഹാപുരോഹിതന്റെ നടുമുറ്റംവരെ ചെല്ലുകയും ചെയ്‌തു. ഭീരുത്വമല്ല, മറിച്ച്‌ ധൈര്യമായിരുന്നു അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്‌. യേശുവിനെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ, തീ കാഞ്ഞുകൊണ്ടിരുന്ന ഒരു കൂട്ടം യഹൂദന്മാരുടെ ഇടയിലേക്കു പത്രൊസ്‌ ചെന്നു. അപ്പോൾ മഹാപുരോഹിതന്റെ ദാസരിൽ ഒരാൾ അവനെ തിരിച്ചറിയുകയും അവൻ യേശുവിനോടൊപ്പം ഉണ്ടായിരുന്നവനാണെന്നു കുറ്റപ്പെടുത്തുകയും ചെയ്‌തു. ആ സന്ദർഭത്തിൽ പത്രൊസ്‌ തന്റെ യജമാനനെ തള്ളിപ്പറഞ്ഞു എന്നതു ശരിയാണ്‌. എന്നാൽ ഒരു കാര്യം നമുക്കു മറക്കാതിരിക്കാം. യേശുവിനോടുള്ള വിശ്വസ്‌തതയും അവനെ കുറിച്ചുള്ള കരുതലുമാണ്‌ ഭൂരിപക്ഷം അപ്പൊസ്‌തലന്മാരും നേരിടാൻ ധൈര്യപ്പെടാഞ്ഞ അപകടകരമായ ആ സാഹചര്യത്തിൽ പത്രൊസിനെ കൊണ്ടെത്തിച്ചത്‌.​—⁠യോഹന്നാൻ 18:​15-27.

16. ഏതു പ്രായോഗിക കാരണം നിമിത്തമാണ്‌ നാം യോനായുടെയും പത്രൊസിന്റെയും നല്ല ഗുണങ്ങൾ പരിചിന്തിച്ചത്‌?

16 പത്രൊസിന്റെ നല്ല ഗുണങ്ങൾ തീർച്ചയായും അവന്റെ ബലഹീനതകളെക്കാൾ വളരെയേറെ മുന്തിനിൽക്കുന്നു. യോനായുടെ കാര്യത്തിലും അതു സത്യമാണ്‌. പത്രൊസിനെയും യോനായെയും സാധാരണ കണ്ടേക്കാവുന്നതിൽനിന്നു വ്യത്യസ്‌തമായി ക്രിയാത്മകമായ ഒരു വിധത്തിൽ നാം കണ്ടതുപോലെതന്നെ ഇന്നത്തെ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരെയും കൂടുതൽ ക്രിയാത്മകമായ ഒരു മനോഭാവത്തോടെ വിലയിരുത്താൻ നാം നമ്മെത്തന്നെ പരിശീലിപ്പിക്കണം. അങ്ങനെ ചെയ്യുന്നത്‌ അവരുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങൾക്ക്‌ ഇടയാക്കും. സഹോദരങ്ങളെ കുറിച്ച്‌ കൂടുതൽ ക്രിയാത്മകമായ ഒരു മനോഭാവം ഉണ്ടായിരിക്കേണ്ടത്‌ വളരെ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

പഠിച്ചത്‌ ഇന്ന്‌ ബാധകമാക്കൽ

17, 18. (എ) ക്രിസ്‌ത്യാനികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാവുന്നതിന്റെ കാരണം എന്ത്‌? (ബി) സഹവിശ്വാസികളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതു ബൈബിൾ ബുദ്ധിയുപദേശം നമ്മെ സഹായിക്കും?

17 വ്യത്യസ്‌ത സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും വർഗീയ പശ്ചാത്തലങ്ങളുമുള്ള പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ഇന്ന്‌ യഹോവയെ ഐക്യത്തോടെ സേവിക്കുന്നു. (വെളിപ്പാടു 7:​9, 10) ക്രിസ്‌തീയ സഭയിൽ എത്രയോ തരം വ്യക്തിത്വങ്ങളാണ്‌ നാം കാണുന്നത്‌! നാം വളരെ അടുത്തു സഹവസിച്ചുകൊണ്ട്‌ ദൈവത്തെ സേവിക്കുന്നതിനാൽ ഇടയ്‌ക്കൊക്കെ പ്രശ്‌നങ്ങൾ തലപൊക്കും എന്നതിൽ സംശയമില്ല.​—⁠റോമർ 12:10; ഫിലിപ്പിയർ 2:⁠3.

18 സഹോദരങ്ങളുടെ ബലഹീനതകൾ കാണുന്നുണ്ടെങ്കിലും നാം അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. നാം യഹോവയെ അനുകരിക്കാൻ കഠിന ശ്രമം ചെയ്യുന്നു. അവനെ കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” (സങ്കീർത്തനം 130:⁠3) നമ്മുടെ ഇടയിൽ ഭിന്നതയ്‌ക്ക്‌ ഇടയാക്കിയേക്കാവുന്ന വ്യക്തിത്വ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം “സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും” ഉതകുന്ന കാര്യങ്ങൾക്കായി നാം അന്വേഷിക്കുന്നു. (റോമർ 14:​19) വ്യക്തികളെ യഹോവ കാണുന്നതുപോലെ കാണാൻ നാം ശ്രമിക്കുന്നു. അതായത്‌ നാം അവരുടെ ബലഹീനതകൾക്ക്‌ അപ്പുറം നോക്കുകയും അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത്‌ ‘അന്യോന്യം ക്ഷമിച്ചും സഹിച്ചും’ മുന്നോട്ടു പോകാൻ നമ്മെ സഹായിക്കും.​—⁠കൊലൊസ്സ്യർ 3:​13, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

19. ഗുരുതരമായ അഭിപ്രായസംഘട്ടനങ്ങൾ പരിഹരിക്കുന്നതിന്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ എടുക്കാവുന്ന പ്രായോഗിക പടികൾ ഏവ?

19 എന്നാൽ എത്ര ശ്രമിച്ചിട്ടും ഒരു പ്രശ്‌നം നമ്മുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കുന്നെങ്കിലോ? (സങ്കീർത്തനം 4:⁠4) നിങ്ങൾക്കും ഒരു സഹവിശ്വാസിക്കും ഇടയിൽ അത്തരമൊരു പ്രശ്‌നം നിലനിൽക്കുന്നുണ്ടോ? എങ്കിൽ അതു പരിഹരിക്കാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ? (ഉല്‌പത്തി 32:​13-15) ആദ്യം മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കുക. പിന്നെ, ആ വ്യക്തിയുടെ നല്ല ഗുണങ്ങൾ മനസ്സിൽവെച്ചുകൊണ്ട്‌ “ജ്ഞാനലക്ഷണമായ സൌമ്യതയോടെ” അയാളെ സമീപിക്കുക. (യാക്കോബ്‌ 3:13) നിങ്ങൾ തമ്മിൽ സമാധാന ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ അയാളോടു പറയുക. ‘മനുഷ്യൻ കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ’ എന്ന നിശ്വസ്‌ത ബുദ്ധിയുപദേശം ഓർക്കുക. (യാക്കോബ്‌ 1:19) ‘കോപത്തിനു താമസമുള്ളവൻ ആയിരിക്കണം’ എന്ന ഉപദേശം, നിങ്ങൾക്കു കോപം തോന്നാൻ ഇടയാക്കിയേക്കാവുന്ന എന്തെങ്കിലും മറ്റേ വ്യക്തി പറയുകയോ ചെയ്യുകയോ ചെയ്‌തേക്കാം എന്നു സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിക്കുന്നെങ്കിൽ ആത്മനിയന്ത്രണം പാലിക്കാനുള്ള സഹായത്തിനായി യഹോവയോട്‌ അപേക്ഷിക്കുക. (ഗലാത്യർ 5:​22, 23, NW) സഹോദരനു പറയാനുള്ളതെല്ലാം പറയട്ടെ, അതു ശ്രദ്ധാപൂർവം കേൾക്കുക. അയാൾ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നില്ലെങ്കിലും ഇടയ്‌ക്കുകയറി അയാളെ തടസ്സപ്പെടുത്തരുത്‌. അയാളുടെ വീക്ഷണഗതി തെറ്റായിരിക്കാം. എന്നുവരികിലും അതാണ്‌ അയാളുടെ വീക്ഷണഗതി. ആ വ്യക്തിയുടെ വീക്ഷണകോണിൽനിന്നു പ്രശ്‌നത്തെ കാണാൻ ശ്രമിക്കുക. അതിൽ നിങ്ങളെത്തന്നെ സഹോദരന്റെ കണ്ണുകളിലൂടെ നോക്കുന്നതും ഉൾപ്പെടും.​—⁠സദൃശവാക്യങ്ങൾ 18:17.

20. അഭിപ്രായസംഘട്ടനങ്ങൾ പരിഹരിക്കുന്നതിനായി ഒരുവന്‌ കൂടുതലായ എന്തു പടികൾ സ്വീകരിക്കാവുന്നതാണ്‌?

20 സംസാരിക്കാനുള്ള നിങ്ങളുടെ ഊഴമാകുമ്പോൾ അത്‌ കൃപാപൂർവം ചെയ്യുക. (കൊലൊസ്സ്യർ 4:⁠6) സഹോദരനെ സംബന്ധിച്ച്‌ നിങ്ങൾ വിലമതിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു പറയുക. പ്രശ്‌നത്തിലെ നിങ്ങളുടെ പങ്കിനു ക്ഷമ ചോദിക്കുക. താഴ്‌മയോടു കൂടിയ നിങ്ങളുടെ ശ്രമങ്ങൾ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഇടയാക്കുന്നെങ്കിൽ യഹോവയ്‌ക്കു നന്ദി നൽകുക. ഇല്ലെങ്കിൽ മാർഗനിർദേശത്തിനായി യഹോവയോടു യാചിച്ചുകൊണ്ടിരിക്കുകയും സമാധാനം സ്ഥാപിക്കാനുള്ള കൂടുതലായ അവസരങ്ങൾ തേടുകയും ചെയ്യുക.​—⁠റോമർ 12:18.

21. ഈ ചർച്ച യഹോവ കാണുന്നതുപോലെ മറ്റുള്ളവരെ കാണാൻ നിങ്ങളെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

21 യഹോവ തന്റെ എല്ലാ ദാസന്മാരെയും സ്‌നേഹിക്കുന്നു. നാം അപൂർണരാണെങ്കിൽക്കൂടെ നമ്മെയെല്ലാവരെയും തന്റെ സേവനത്തിൽ ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. അവൻ മറ്റുള്ളവരെ കാണുന്നത്‌ എങ്ങനെയാണെന്ന്‌ കൂടുതലായി മനസ്സിലാക്കുമ്പോൾ സഹോദരങ്ങളോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും. ഒരു സഹക്രിസ്‌ത്യാനിയോടുള്ള നമ്മുടെ സ്‌നേഹം തണുത്തുപോയിട്ടുണ്ടെങ്കിൽ അതിനെ വീണ്ടും ഊതിക്കത്തിക്കാൻ കഴിയും. മറ്റുള്ളവരെ കുറിച്ച്‌ ഒരു ക്രിയാത്മക വീക്ഷണം പുലർത്താൻ, യഹോവ കാണുന്നതുപോലെ അവരെ കാണാൻ, ദൃഢനിശ്ചയം ചെയ്‌തുകൊണ്ട്‌ അതിനായി പ്രയത്‌നിക്കുന്നെങ്കിൽ അത്‌ നമുക്കു വളരെ വലിയ അനുഗ്രഹങ്ങൾ കൈവരുത്തും!

[അടിക്കുറിപ്പുകൾ]

^ ഖ. 1 ഒരു ഇസ്രായേല്യ രാജാവിനു വേണ്ട ഗുണങ്ങൾ സുമുഖനായ എലീയാബിന്‌ ഇല്ലായിരുന്നെന്ന്‌ പിന്നീടു തെളിഞ്ഞു. ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്ത്‌ ഇസ്രായേല്യരെ പോരിനു വിളിച്ചപ്പോൾ മറ്റ്‌ ഇസ്രായേല്യ പുരുഷന്മാരെ പോലെ എലീയാബും പേടിച്ച്‌ ഒതുങ്ങിക്കൂടി.​—⁠1 ശമൂവേൽ 17:​11, 28-30.

^ ഖ. 7 ചില പ്രധാന സൈനിക വിജയങ്ങളും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിച്ചതും സാധ്യതയനുസരിച്ച്‌ അതിന്റെ ഫലമായി കിട്ടിയ കപ്പവുമെല്ലാം യൊരോബെയാം രണ്ടാമന്റെ കാലത്ത്‌ വടക്കേ രാജ്യത്തിന്റെ സമ്പത്ത്‌ വളരെയധികം വർധിക്കാൻ ഇടയാക്കി.​—⁠2 ശമൂവേൽ 8:​6; 2 രാജാക്കന്മാർ 14:​23-28; 2 ദിനവൃത്താന്തങ്ങൾ 8:​3, 4; ആമോസ്‌ 6:⁠2.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യഹോവ തന്റെ വിശ്വസ്‌ത ദാസരുടെ ബലഹീനതകളെ എങ്ങനെ വീക്ഷിക്കുന്നു?

• യോനായുടെയും പത്രൊസിന്റെയും ചില നല്ല ഗുണങ്ങൾ ഏവ?

• ക്രിസ്‌തീയ സഹോദരങ്ങളെ കുറിച്ച്‌ ഏതു വീക്ഷണഗതി പുലർത്താൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[18 -ാം പേജിലെ ചതുരം]

ദൈവം മറ്റുള്ളവരെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചു ചിന്തിക്കുക

യോനായെ കുറിച്ചുള്ള ബൈബിൾ വിവരണത്തെ പറ്റി ധ്യാനിക്കുമ്പോൾ നിങ്ങൾ സുവാർത്തയുമായി ക്രമമായി സമീപിക്കുന്ന ആളുകളെ വ്യത്യസ്‌തമായ ഒരു വിധത്തിൽ വീക്ഷിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾ കാണുന്നുവോ? ഇസ്രായേല്യരെ പോലെ അവർ ആത്മസംതൃപ്‌തരോ നിസ്സംഗത പ്രകടമാക്കുന്നവരോ ആയിരിക്കുന്നതായി കാണപ്പെട്ടേക്കാം. അല്ലെങ്കിൽ അവർ ദൈവത്തിന്റെ സന്ദേശത്തെ എതിർത്തേക്കാം. എന്നിരുന്നാലും യഹോവയാം ദൈവം അവരെ എങ്ങനെയാണു കാണുന്നത്‌? യോനായുടെ പ്രസംഗത്തിന്റെ ഫലമായി നീനെവേയിലെ രാജാവ്‌ അനുതപിച്ചതുപോലെ ഈ വ്യവസ്ഥിതിയിലെ ചില പ്രമുഖ വ്യക്തികൾ പോലും ഒരിക്കൽ യഹോവയിലേക്കു തിരിഞ്ഞേക്കാം.​—⁠യോനാ 3:​6, 7.

[15 -ാം പേജിലെ ചിത്രം]

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ ആണോ നിങ്ങൾ കാണുന്നത്‌?

[16, 17 പേജുകളിലെ ചിത്രം]

യേശു യോനായുടെ അനുഭവത്തിൽനിന്നു നല്ല ഒരു സംഗതി കണ്ടെത്തി അതിനെക്കുറിച്ചു പരാമർശിച്ചു