വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുമ്പും പിമ്പും ജീവിതത്തിനു സമൂല പരിവർത്തനം

മുമ്പും പിമ്പും ജീവിതത്തിനു സമൂല പരിവർത്തനം

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”

മുമ്പും പിമ്പും ജീവിതത്തിനു സമൂല പരിവർത്തനം

മാറ്റ്‌സെപാങ്ങിന്റെ ജീവിതം എത്രയോ വിരസവും നിരർഥകവുമായി മാറിയിരുന്നു! ദക്ഷിണാഫ്രിക്കയുടെ ഹൃദയഭാഗത്തുള്ള ലെസോത്തോ എന്ന രാജ്യത്തു താമസിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ. ഒരു കത്തോലിക്ക ആയാണ്‌ അവൾ വളർത്തപ്പെട്ടത്‌. എങ്കിലും, ദൈവത്തോട്‌ അടുക്കാൻ അവൾക്കു യാതൊരുവിധ സഹായവും ലഭിക്കുകയുണ്ടായില്ല. പകരം, ചില കന്യാസ്‌ത്രീകൾ പണം നൽകി അവളെ വശീകരിച്ച്‌ അനാശാസ്യ പ്രവർത്തനങ്ങളിലേക്കു വലിച്ചിഴച്ചു. വർഷങ്ങളോളം അവർ അവളെ ഇത്തരത്തിൽ ദ്രോഹിച്ചു.

തത്‌ഫലമായി, അവൾക്കു മതത്തിലുള്ള താത്‌പര്യം നഷ്ടപ്പെട്ടു. തന്റെ സൃഷ്ടികളായ മനുഷ്യർക്കുവേണ്ടി യഥാർഥമായി കരുതുന്ന സ്‌നേഹവാനായ ഒരു ദൈവം ഉണ്ടെന്ന്‌ അവൾക്കു വിശ്വസിക്കാനായില്ല. മാറ്റ്‌സെപാങ്‌ അനുഭവിച്ച അവഗണനയും ദ്രോഹവും അവളിൽ ആഴമായ വൈകാരിക മുറിപ്പാടുകൾ അവശേഷിപ്പിച്ചു. താൻ തികച്ചും വിലകെട്ടവളാണെന്ന ചിന്തയും അവളിൽ ഉടലെടുത്തിരുന്നു. വളർന്നുവന്നപ്പോൾ അവർ വളരെ അക്രമാസക്തയും നിഷ്‌ഠുരയുമായി മാറി. ഇത്‌ അവരിൽ കുറ്റകൃത്യ വാസന വികാസംപ്രാപിക്കുന്നതിന്‌ ഇടയാക്കി.

മാറ്റ്‌സെപാങ്‌ പിന്നീട്‌ ട്രെയിൻകൊള്ളക്കാരുടെ ഒരു സംഘത്തിൽ ചേർന്നു. അതേത്തുടർന്ന്‌ ദക്ഷിണാഫ്രിക്കയിൽവെച്ച്‌ അറസ്റ്റു ചെയ്യപ്പെട്ട അവരെ തടവുശിക്ഷയ്‌ക്കു വിധിച്ചു. പിന്നീട്‌, മാതൃരാജ്യമായ ലെസോത്തോയിലേക്ക്‌ അവരെ അയച്ചു. അവിടെ അവർ കുറ്റകൃത്യവും മദ്യപാനവും അക്രമവും അധാർമികതയും നിറഞ്ഞ തന്റെ ജീവിതം തുടർന്നു.

അങ്ങനെ ആകെ തകർന്നിരിക്കെ, സഹായത്തിനായി മാറ്റ്‌സെപാങ്‌ ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചു. “ദൈവമേ, ഞാൻ ജീവനോടെ ശേഷിച്ചാൽ അങ്ങയെ സേവിക്കാൻ എന്നാലാവതു ചെയ്യും” എന്ന്‌ അവർ ദൈവത്തോടു പ്രതിജ്ഞ ചെയ്‌തു.

താമസിയാതെ, യഹോവയുടെ സാക്ഷികളായ രണ്ടു മിഷനറിമാർ അവരെ സന്ദർശിച്ചു. അവർ മാറ്റ്‌സെപാങ്ങിന്‌ ഒരു ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തു. ബൈബിൾ പഠിച്ചപ്പോൾ, ദൈവം നിർവികാരനോ മനുഷ്യർക്കുവേണ്ടി കരുതാത്തവനോ അല്ലെന്ന്‌ അവർ തിരിച്ചറിഞ്ഞു. തങ്ങൾ വിലകെട്ടവരാണെന്നും യഹോവയ്‌ക്ക്‌ തങ്ങളെ ഒരിക്കലും സ്‌നേഹിക്കാനാവില്ലെന്നും ഉള്ള തോന്നൽ ചിലരിൽ ഊട്ടിവളർത്താനായി ‘ഭോഷ്‌കിന്റെ അപ്പനായ’ സാത്താൻ കുടിലവും വഞ്ചനാത്മകവുമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി അവർ മനസ്സിലാക്കി.​—⁠യോഹന്നാൻ 8:44; എഫെസ്യർ 6:11.

നേരെമറിച്ച്‌, കഴിഞ്ഞകാല പാപങ്ങൾ സംബന്ധിച്ച്‌ അനുതപിച്ച്‌ ദൈവത്തിന്റെ ക്ഷമ തേടാനും അവനെ പ്രസാദിപ്പിക്കാനും ശ്രമിക്കുന്നെങ്കിൽ ആരോഗ്യാവഹമായ ആത്മാഭിമാനം ഉണ്ടായിരിക്കാൻ കഴിയുമെന്നു മനസ്സിലാക്കിയത്‌ മാറ്റ്‌സെപാങ്ങിന്‌ എത്ര ആശ്വാസമായിരുന്നു! “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവ”നാണെന്നും നാം നമ്മെത്തന്നെ കാണുന്നതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിട്ടായിരിക്കാം അവൻ നമ്മെ വീക്ഷിക്കുന്നതെന്നും മനസ്സിലാക്കാൻ അവർ സഹായിക്കപ്പെട്ടു.​—⁠1 യോഹന്നാൻ 3:19, 20.

സങ്കീർത്തനക്കാരനായ ദാവീദിന്റെ പിൻവരുന്ന വാക്കുകൾ വായിച്ചപ്പോൾ അവർക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) “ഹൃദയം നുറുങ്ങിയ” അവസ്ഥയിലായിരുന്ന അവർ, യഹോവയുടെ ദാസന്മാരിൽ ചിലർ വിഷാദമഗ്നരായിത്തീരുകയോ തങ്ങൾ നിസ്സാരരാണെന്നു വിചാരിക്കുകയോ ചെയ്‌താൽപ്പോലും അവൻ അവരെ തള്ളിക്കളയുന്നില്ലെന്നു മനസ്സിലാക്കി. ദൈവം തന്റെ സകല ആടുകൾക്കുവേണ്ടിയും കരുതുന്നുവെന്നും പ്രതികൂല സാഹചര്യങ്ങളിൽ അവരെ പുലർത്തുന്നുവെന്നും ഉള്ള അറിവ്‌ അവൾക്കു ഹൃദയോഷ്‌മളമായിരുന്നു. (സങ്കീർത്തനം 55:22; 1 പത്രൊസ്‌ 5:6, 7) പിൻവരുന്ന വാക്കുകൾ അവളുടെ ഹൃദയത്തെ പ്രത്യേകാൽ സ്‌പർശിച്ചു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”​—⁠യാക്കോബ്‌ 4:⁠8.

ദൈവവചനമായ ബൈബിളിന്റെ ശക്തി മാറ്റ്‌സെപാങ്ങിന്റെ ജീവിതത്തിൽ വേഗത്തിൽത്തന്നെ പ്രകടമായിത്തീർന്നു. അവർ ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി, തിരുവെഴുത്തുവിരുദ്ധമായ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു. ഫലമോ? യഹോവയുടെ സ്‌നേഹത്തിനും പ്രീതിക്കും താൻ യോഗ്യയല്ലെന്ന തോന്നൽ അവർക്ക്‌ ഇപ്പോഴില്ല. സ്‌നാപനമേറ്റ്‌ യഹോവയുടെ ഒരു സാക്ഷി ആയിത്തീർന്നതു മുതൽ രാജ്യസുവാർത്തയുടെ ഒരു ഘോഷക എന്ന നിലയിൽ അവർ ആയിരക്കണക്കിനു മണിക്കൂർ ക്രിസ്‌തീയ ശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്നു. കഴിഞ്ഞകാലത്തെ വൈകാരിക മുറിപ്പാടുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും സന്തുഷ്ടവും അർഥപൂർണവുമായ ഒരു ജീവിതം അവർ നയിക്കുന്നു. ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ബൈബിളിന്റെ ശക്തിയുടെ എത്ര നല്ല തെളിവ്‌!​—⁠എബ്രായർ 4:12.

[9 -ാം പേജിലെ ആകർഷക വാക്യം]

“ദൈവമേ, ഞാൻ ജീവനോടെ ശേഷിച്ചാൽ അങ്ങയെ സേവിക്കാൻ എന്നാലാവതു ചെയ്യും”

[9 -ാം പേജിലെ ചതുരം]

ഫലകരമെന്നു തെളിഞ്ഞ ബൈബിൾ തത്ത്വങ്ങൾ

ദ്രോഹവിധേയർ ആയിട്ടുള്ളവർക്കു പിൻവരുന്നവപോലുള്ള ബൈബിൾ തത്ത്വങ്ങൾ ആശ്വാസം പകർന്നിരിക്കുന്നു:

“എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർദ്‌ധിക്കുമ്പോൾ അങ്ങ്‌ നൽകുന്ന ആശ്വാസം എന്നെ ഉന്‌മേഷവാനാക്കുന്നു.” (സങ്കീർത്തനം 94:​19, പി.ഒ.സി. ബൈബിൾ) യഹോവയുടെ വചനത്തിൽ അടങ്ങിയിരിക്കുന്ന അവന്റെ “ആശ്വാസം” വലിയ സാന്ത്വനത്തിന്റെ ഉറവാണ്‌. അതേക്കുറിച്ചുള്ള ധ്യാനവും പ്രാർഥനയും ഹൃദയത്തിലെ ആകുലതകൾ ശമിപ്പിക്കാനും നമ്മെ മനസ്സിലാക്കുന്ന ഒരു സുഹൃത്ത്‌ എന്ന നിലയിൽ ദൈവത്തിലുള്ള ആശ്രയം ശക്തിപ്പെടുത്താനും സഹായിക്കുന്നു.

“മനംതകർന്നവരെ അവൻ [യഹോവ] സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.” (സങ്കീർത്തനം 147:3) യഹോവയുടെ കരുണയെയും നമ്മുടെ പാപപരിഹാരത്തിനായി യേശുവിന്റെ മറുവിലയാഗം മുഖാന്തരം അവൻ ചെയ്‌തിരിക്കുന്ന കരുതലിനെയും വിലമതിക്കുന്നെങ്കിൽ, ഹൃദയത്തിൽ കുറ്റബോധം തോന്നാതെ ഉറച്ചബോധ്യത്തോടെ നമുക്ക്‌ അവനെ സമീപിക്കാൻ കഴിയും. അങ്ങനെ ലഭിക്കുന്ന ആശ്വാസവും മനസ്സമാധാനവും അതുല്യമാണ്‌.

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ [യേശുക്രിസ്‌തുവിന്റെ] അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്‌പിക്കും.” (യോഹന്നാൻ 6:44) തന്റെ പരിശുദ്ധാത്മാവിലൂടെയും രാജ്യപ്രസംഗ വേലയിലൂടെയും യഹോവ നമ്മെ അവന്റെ പുത്രനിലേക്ക്‌ ആകർഷിക്കുകയും നിത്യജീവന്റെ പ്രത്യാശ നൽകുകയും ചെയ്യുന്നു.