വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അരാരാത്ത്‌ ദേശത്ത്‌’ പരമോന്നത നീതിപീഠം സത്യാരാധനയ്‌ക്കു പിന്തുണയേകുന്നു

‘അരാരാത്ത്‌ ദേശത്ത്‌’ പരമോന്നത നീതിപീഠം സത്യാരാധനയ്‌ക്കു പിന്തുണയേകുന്നു

‘അരാരാത്ത്‌ ദേശത്ത്‌’ പരമോന്നത നീതിപീഠം സത്യാരാധനയ്‌ക്കു പിന്തുണയേകുന്നു

മൂന്നു മക്കളുടെ പിതാവായ, നരച്ചമുടിയുള്ള ഒരു അർമേനിയക്കാരൻ തന്റെ രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ നിൽക്കുന്നു. അദ്ദേഹത്തിന്റെയും സഹവിശ്വാസികളുടെയും സ്വാതന്ത്ര്യം തുലാസിൽ തൂങ്ങുകയാണ്‌ .അദ്ദേഹം ബൈബിൾവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ തന്റെ വിശ്വാസങ്ങൾ വിവരിക്കുമ്പോൾ കോടതി ശ്രദ്ധിച്ചു കേൾക്കുന്നു. ഈ വിചാരണ ആ നാട്ടിലെ സത്യാരാധനയുടെ മഹത്തായ വിജയത്തിൽ കലാശിച്ചത്‌ എങ്ങനെയെന്നറിയാൻ, അതിലേക്കു നയിച്ച സംഭവ വികാസങ്ങളെപ്പറ്റി നമുക്ക്‌ ഒന്നു പരിശോധിക്കാം.

തുർക്കിക്കു കിഴക്ക്‌, ഗംഭീരമായ കോക്കസസ്‌ പർവത നിരയുടെ തെക്കുഭാഗത്തായിട്ടാണ്‌ അർമേനിയ സ്ഥിതിചെയ്യുന്നത്‌. 30 ലക്ഷത്തിലധികം ജനങ്ങൾ ഇവിടെ പാർക്കുന്നു. അർമേനിയയുടെ തലസ്ഥാനമായ യെരിവാനിൽ നിന്ന്‌ അരാരാത്ത്‌ പർവതത്തിന്റെ രണ്ട്‌ ഉത്തുംഗ ശൃംഗങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യം കാണാം. ഇവിടെയാണ്‌, ആഗോള ജലപ്രളയ ശേഷം നോഹയുടെ പെട്ടകം ഉറച്ചതെന്ന്‌ ആളുകൾ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നു.​—ഉല്‌പത്തി 8:⁠4. *

യഹോവയുടെ സാക്ഷികൾ 1975-ൽ ആണ്‌ അർമേനിയയിൽ തങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനങ്ങൾ തുടങ്ങിയത്‌. 1991-ൽ അർമേനിയ മുൻ സോവിയറ്റു യൂണിയനിൽ നിന്നും സ്വതന്ത്രമായി. അതിനുശേഷം, അവിടെ മതസംഘടനകളെ രജിസ്റ്റർ ചെയ്യാനായി മതകാര്യങ്ങൾക്കു വേണ്ടിയുള്ള ഒരു സ്റ്റേറ്റ്‌ കൗൺസിൽ രൂപീകരിക്കപ്പെട്ടു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ സംഘടനയെ രജിസ്റ്റർ ചെയ്യുന്നതിന്‌ ഈ കൗൺസിൽ ആവർത്തിച്ചു വിസമ്മതിച്ചിരിക്കുന്നു. സാക്ഷികളുടെ ക്രിസ്‌തീയ നിഷ്‌പക്ഷതയാണു മുഖ്യകാരണം. തത്‌ഫലമായി, 1991 മുതൽ 100-ലധികം അർമേനിയൻ യുവസാക്ഷികളെ സൈനിക സേവനം സംബന്ധിച്ച അവരുടെ ബൈബിളധിഷ്‌ഠിത നിലപാടു നിമിത്തം കുറ്റം ചുമത്തുകയും അവരിൽ മിക്കവരെയും തടവിലാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ല്യോവാ മാർകാരിയാൻ പ്രാദേശിക ആണവനിലയത്തിന്റെ കഠിനാധ്വാനിയായ ഒരു അഭിഭാഷകനായിരുന്നു. ഒരു ക്രിസ്‌തീയ മൂപ്പൻ ആയിരുന്ന അദ്ദേഹത്തിന്റെ മത പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കാൻ കൗൺസിൽ, ഗവണ്മെന്റ്‌ പ്രോസിക്യൂട്ടറുടെ ഓഫീസിനോട്‌ ആവശ്യപ്പെടുകയുണ്ടായി. ഫലമോ? യഹോവയുടെ സാക്ഷികളുടെയും മറ്റു മതവിഭാഗങ്ങളുടെയും പ്രവർത്തനങ്ങളെ തടയുന്നതിനും ആത്യന്തികമായി അവരെ ഉന്മൂലനം ചെയ്യുന്നതിനുമായി ക്രുഷ്‌ചെവ്‌ കാലഘട്ടത്തിൽ പാസാക്കിയ സോവിയറ്റ്‌ നിയമത്തിന്റെ ഇപ്പോഴും ശേഷിക്കുന്ന 244-ാം വകുപ്പു പ്രകാരം മാർകാരിയാൻ സഹോദരനിൽ കുറ്റം ചുമത്തപ്പെട്ടു.

ആ നിയമപ്രകാരം, മതവിശ്വാസങ്ങൾ പ്രസംഗിക്കുകയാണെന്ന വ്യാജേന “ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത ഒരു മതത്തിന്റെ യോഗങ്ങളിൽ സംബന്ധിക്കാൻ യുവജനങ്ങളെ തന്ത്രപൂർവം ആകർഷിക്കു”കയും “പൗരധർമങ്ങൾ അനുഷ്‌ഠിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ അതിലെ അംഗങ്ങളെ പ്രേരിപ്പിക്കു”കയും ചെയ്യുന്ന ഒരു മതവിഭാഗത്തെ സംഘടിപ്പിക്കുന്നതോ നയിക്കുന്നതോ കുറ്റകരമാണ്‌. മെറ്റ്‌സാമോർ നഗരത്തിൽവെച്ച്‌ മാർകാരിയാൻ സഹോദരൻ നടത്തുന്ന യോഗങ്ങൾക്ക്‌, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഹാജരാകുന്നു എന്നതാണ്‌ തന്റെ അവകാശവാദത്തെ പിന്താങ്ങാൻ വാദിഭാഗം വക്കീൽ കണ്ടെത്തിയ കാരണം. മാർകാരിയാൻ സഹോദരൻ സഭയിലെ യുവ അംഗങ്ങളെ സൈനികസേവനത്തിനു വിസമ്മതിക്കാൻ നിർബന്ധിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വിചാരണ ആരംഭിക്കുന്നു

ജസ്റ്റിസ്‌ മാൻവെൽ സിമോൺയാന്റെ അധ്യക്ഷതയിൽ ആമാവിർ ജില്ലാകോടതിയിൽ വെച്ച്‌ 2001 ജൂലൈ 20, വെള്ളിയാഴ്‌ച വിചാരണ ആരംഭിച്ചു. ആഗസ്റ്റ്‌ മാസത്തിലും അതു തുടർന്നു. എന്നാൽ ദേശീയ സുരക്ഷാ മന്ത്രാലയത്തിന്റെ (മുമ്പത്തെ കെജിബി) ഏജന്റുമാർ, മാർകാരിയാൻ സഹോദരന്‌ എതിരെയുള്ള ചില പ്രസ്‌താവനകൾ പറഞ്ഞുതന്ന്‌ എഴുതിക്കുകയും അതിൽ ഒപ്പുവെക്കാൻ തങ്ങളെ നിർബന്ധിക്കുകയും ആയിരുന്നു എന്ന്‌ വാദിഭാഗം സാക്ഷികൾ സാക്ഷിവിസ്‌താര സമയത്തു സമ്മതിക്കുകയുണ്ടായി. “യഹോവയുടെ സാക്ഷികൾ നമ്മുടെ ഗവണ്മെന്റിനും നമ്മുടെ മതത്തിനും എതിരാണെന്ന്‌” ആരോപിക്കാൻ സുരക്ഷാ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ തന്നോടു നിർദേശിച്ചതായി ഒരു സ്‌ത്രീ സമ്മതിച്ചു പറഞ്ഞു. യഹോവയുടെ സാക്ഷികൾക്കെതിരെ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട കുറ്റാരോപണങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ തനിക്ക്‌ അവരിൽ ഒരാളെപ്പോലും വ്യക്തിപരമായി അറിയില്ലെന്ന്‌ ഈ വനിത സമ്മതിക്കുകയുണ്ടായി.

മാർകാരിയാൻ സഹോദരനു സംസാരിക്കാനുള്ള സമയം വന്നു. അപ്പോൾ, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പ്രായപൂർത്തിയാകാത്ത കുട്ടികൾ സംബന്ധിക്കുന്നുണ്ടെങ്കിൽ അവർ മാതാപിതാക്കളുടെ അനുമതിയാലാണ്‌ അങ്ങനെ ചെയ്യുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. സൈനിക സേവനം ചെയ്യണോ വേണ്ടയോ എന്നതു വ്യക്തിപരമായ തീരുമാനമാണെന്നും സഹോദരൻ വിശദീകരിച്ചു. വാദിഭാഗം വക്കീലിന്റെ ക്രോസ്സ്‌ വിസ്‌താരം പല ദിവസങ്ങൾ നീണ്ടു. മാർകാരിയാൻ സഹോദരൻ വളരെ ശാന്തനായി തന്റെ വിശ്വാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന്‌ ഉത്തരങ്ങൾ നൽകിക്കൊണ്ടിരുന്നു. സഹോദരൻ ഉപയോഗിച്ച വാക്യങ്ങൾ വാദിഭാഗം അഭിഭാഷകൻ തന്റെ സ്വന്തം ബൈബിളിൽ എടുത്തു നോക്കുന്നുണ്ടായിരുന്നു.

അങ്ങനെ, 2001 സെപ്‌റ്റംബർ 18-ന്‌, മാർകാരിയാൻ സഹോദരൻ “കുറ്റക്കാരനല്ല” എന്നു ജഡ്‌ജി വിധിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ “കുറ്റകൃത്യത്തിന്റേതായ യാതൊരു കണികയും ഉണ്ടായിരുന്നില്ല” എന്നായിരുന്നു ജഡ്‌ജിയുടെ പ്രസ്‌താവന. അസോസിയേറ്റഡ്‌ പ്രസ്സ്‌ ഈ കേസിനെ കുറിച്ച്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “അർമേനിയയിലെ യഹോവയുടെ സാക്ഷികളുടെ ഒരു നേതാവ്‌ ഇന്നു കുറ്റവിമുക്തനാക്കപ്പെട്ടു. മതപരിവർത്തനം നടത്തുകയും യുവജനങ്ങളെ സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ആരോപിച്ചിരുന്ന കുറ്റം. രണ്ടു മാസത്തെ വിചാരണയ്‌ക്കു ശേഷം നേതാവായ ല്യോവ്യാ മാർകാരിയാന്‌ എതിരെ മതിയായ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നു കോടതി പറഞ്ഞു. ശിക്ഷ വിധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്‌ അഞ്ചു വർഷംവരെ തടവിൽ കിടക്കേണ്ടി വരുമായിരുന്നു. . . . അർമേനിയൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും, പുതിയ മതവിഭാഗങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാൻ ബുദ്ധിമുട്ടാണ്‌. നിയമങ്ങൾ പ്രബല മതവിഭാഗമായ അർമേനിയൻ അപ്പൊസ്‌തൊലിക്‌ സഭയ്‌ക്ക്‌ അനുകൂലമാണ്‌.” യൂറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടന (ഒഎസ്‌സിഇ) 2001 സെപ്‌റ്റംബർ 18-ന്‌ വാർത്താമാധ്യമങ്ങൾക്കു നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: “വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നെങ്കിലും കുറ്റവിചാരണ നടത്തേണ്ട ആവശ്യംതന്നെ ഇല്ലായിരുന്നു എന്നതാണ്‌ വാസ്‌തവം. ഒഎസ്‌സിഇ ഓഫീസ്‌ ഇതിൽ ഖേദിക്കുന്നു.”

കോടതികയറ്റം തുടരുന്നു

എന്നിരുന്നാലും, ഈ വിധിക്കെതിരെ വാദിഭാഗം അഭിഭാഷകർ അപ്പീൽ നൽകി. അപ്പീൽ വിചാരണയ്‌ക്ക്‌ മറ്റൊരു നാലു മാസം കൂടി എടുത്തു. വിചാരണയുടെ തുടക്കത്തിൽ, മാർകാരിയാൻ സഹോദരനു സാക്ഷിപറയാനുള്ള അവസരം വന്നു. പാനലിലെ ഒരു ജഡ്‌ജി അദ്ദേഹത്തോട്‌ ആദ്യത്തെ ചോദ്യം ചോദിച്ചു. മാർകാരിയാൻ സഹോദരൻ ഉത്തരം പറഞ്ഞു തുടങ്ങിയപ്പോൾ അധ്യക്ഷ ഇടയ്‌ക്കുകയറി സഹോദരനെ എതിർത്തു. ഒരു ചോദ്യത്തിനുള്ള ഉത്തരംപോലും പൂർത്തിയാക്കാൻ അവർ സഹോദരനെ അനുവദിച്ചില്ല. സഹോദരനോടു പ്രതിഭാഗം ചോദിച്ച മിക്ക ചോദ്യങ്ങളും അവർ ഒരു കാരണവും പറയാതെ രേഖയിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. വിചാരണയുടെ സമയത്ത്‌, സാക്ഷികളോടു വിരോധമുള്ള മതഭ്രാന്തന്മാർ കോടതിമുറിയിൽ തിങ്ങിനിറഞ്ഞിരുന്നു. അവർ മാർകാരിയാൻ സഹോദരനു നേരെ അധിക്ഷേപവർഷം ചൊരിഞ്ഞുകൊണ്ടിരുന്നു. ആ സെഷൻ കഴിഞ്ഞപ്പോൾ, വിചാരണയെ കുറിച്ചുള്ള വ്യാജവും വളച്ചൊടിച്ചതുമായ നിരവധി റിപ്പോർട്ടുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. മാർകാരിയാൻ സഹോദരൻ തന്റെ കുറ്റം സമ്മതിച്ചതായിപോലും വാർത്ത വരികയുണ്ടായി.

വിചാരണ ഏതാണ്ടു പകുതിയായപ്പോൾ മൂന്നു ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചിന്റെ അധ്യക്ഷ, മത കാര്യങ്ങൾക്കു വേണ്ടിയുള്ള സ്റ്റേറ്റ്‌ കൗൺസിലിന്റെ ഒരു കത്ത്‌ അവതരിപ്പിച്ചു. മാർകാരിയാൻ സഹോദരന്‌ എതിരെ നടപടിയെടുക്കാൻ പ്രോസിക്യൂട്ടറുടെ ഓഫീസിനോട്‌ ആവശ്യപ്പെടുന്നതായിരുന്നു ആ കത്ത്‌. വിചാരണ വീക്ഷിച്ചുകൊണ്ടിരുന്ന അന്താരാഷ്‌ട്ര നിരീക്ഷകരെ ഈ നീക്കം ഞെട്ടിച്ചുകളഞ്ഞു. കാരണം, യൂറോപ്യൻ കൗൺസിലിൽ അംഗമാകാൻ സമർപ്പിച്ച അപേക്ഷയിൽ അർമേനിയ, “എല്ലാ സഭകളും മത സമുദായങ്ങളും പ്രത്യേകിച്ച്‌, ‘പരമ്പരാഗതമല്ലാത്തവ’ എന്നു പരാമർശിക്കപ്പെടുന്ന മതങ്ങൾ, വിവേചന കൂടാതെ തങ്ങളുടെ മതം ആചരിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള” അതിന്റെ ചുമതലയെ കുറിച്ചു സമ്മതിച്ചിട്ടുള്ളതാണ്‌.

വിചാരണ പിന്നീടുള്ള ആഴ്‌ചകളിലും തുടർന്നപ്പോൾ, അന്തരീക്ഷം കൂടുതൽ പിരിമുറുക്കമുള്ളതായി. കോടതിക്ക്‌ അകത്തും പുറത്തുംവെച്ച്‌ എതിരാളികൾ സാക്ഷികളെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ചിലർ സാക്ഷികളായ സ്‌ത്രീകളുടെ കാലിൽ തൊഴിച്ചു. ഒരു സാക്ഷിയെ ആക്രമിച്ചു, അദ്ദേഹം തിരിച്ച്‌ ആക്രമിക്കാതിരുന്നപ്പോൾ പുറകിൽനിന്നു നട്ടെല്ലിന്‌ അടികിട്ടി. അദ്ദേഹത്തെ ആശുപത്രിയിലാക്കേണ്ടിവന്നു.

ഇതിനിടയിൽ, ഈ കേസിൽ അധ്യക്ഷത വഹിക്കാൻ ഒരു പുതിയ ജഡ്‌ജി നിയമിക്കപ്പെട്ടു. പ്രതിഭാഗം വക്കീലിനെ ഭീഷണിപ്പെടുത്താൻ സദസ്സിലുള്ള ചിലർ ശ്രമിച്ചെങ്കിലും പുതിയ അധ്യക്ഷൻ സംയമനം പാലിച്ചു. പ്രതിഭാഗം വക്കീലിന്‌ എതിരെ ഉച്ചത്തിൽ ഭീഷണിമുഴക്കിയ ഒരു സ്‌ത്രീയെ കോടതിമുറിയിൽനിന്നു പുറത്തു കൊണ്ടുപോകാൻ അദ്ദേഹം പോലീസിനോട്‌ ഉത്തരവിടുകപോലും ചെയ്‌തു.

കേസ്‌ അർമേനിയയുടെ പരമോന്നത നീതിപീഠത്തിലേക്ക്‌

ഒടുവിൽ, 2002 മാർച്ച്‌ 7-ന്‌ അപ്പീൽ കോടതി വിചാരണക്കോടതിയുടെ വിധിയെ ശരിവെച്ചു. രസാവഹമായി, ഈ വിധി പ്രഖ്യാപിക്കുന്നതിന്റെ തലേന്ന്‌ മത കാര്യങ്ങൾക്കു വേണ്ടിയുള്ള സ്റ്റേറ്റ്‌ കൗൺസിൽ പിരിച്ചു വിടപ്പെട്ടു. വാദിഭാഗം അഭിഭാഷകർ പിന്നെയും അപ്പീൽ കൊടുത്തു. ഇത്തവണ അർമേനിയയുടെ പരമോന്നത നീതിപീഠത്തിന്‌​—⁠കാസേഷൻ കോടതിയിൽ​—⁠ആണ്‌ അവർ അപ്പീൽ സമർപ്പിച്ചത്‌. സഹോദരനെതിരെ “കുറ്റവിധി തയ്യാറാക്കി കിട്ടാനായി” കേസ്‌ പുനർവിചാരണയ്‌ക്കു തിരിച്ചുതരാൻ വാദിഭാഗം അഭിഭാഷകർ കോടതിയോട്‌ ആവശ്യപ്പെടുകയുണ്ടായി.

ജസ്റ്റിസ്‌ മഹെർ ചാചാട്രിയാൻ അധ്യക്ഷനായുള്ള ആറംഗ ബെഞ്ച്‌ 2002 ഏപ്രിൽ 19-ാം തീയതി രാവിലെ 11 മണിക്ക്‌ കൂടിവന്നു. മാർകാരിയാൻ സഹോദരന്‌ എതിരെ കുറ്റം കണ്ടുപിടിക്കാൻ മുമ്പത്തെ ഇരു കോടതികളും പരാജയപ്പെട്ടതിലുള്ള ധാർമികരോഷമാണ്‌ വാദിഭാഗം അഭിഭാഷകരിൽ ഒരാൾ ആദ്യം തന്നെ പ്രകടിപ്പിച്ചത്‌. എന്നിരുന്നാലും, ഇത്തവണ സംസാരത്തിനിടയിൽ നാലു ജഡ്‌ജിമാരുടെ ചോദ്യശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്‌ വാദിഭാഗം വക്കീലിനായിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയും അവരുടെ മതം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്ന വസ്‌തുതയും 244-ാം വകുപ്പുപ്രകാരം കുറ്റകരമല്ലാത്ത സ്ഥിതിക്ക്‌, ഈ സംഗതികൾ വലിച്ചിഴച്ചു കൊണ്ടുവന്നു കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന്‌ അദ്ദേഹത്തെ ഒരു ജഡ്‌ജി ശാസിക്കുകയും ചെയ്‌തു. “ക്രിമിനൽ കുറ്റം ആരോപിച്ച്‌ പീഡിപ്പിക്കുകയാണ്‌,” അദ്ദേഹം ചെയ്‌തതെന്ന്‌ ആ ജഡ്‌ജി പറയുകയുണ്ടായി. മറ്റൊരു ജഡ്‌ജി, യഹോവയുടെ സാക്ഷികളെ നിരവധി യൂറോപ്യൻ കോടതിക്കേസുകളിൽ യൂറോപ്യൻ മനുഷ്യാവകാശ കരാറിന്റെ സംരക്ഷണത്തിന്‌ യോഗ്യതയുള്ള “അറിയപ്പെടുന്ന മതം” ആയി അംഗീകരിച്ചിട്ടുണ്ടെന്നു പറയുകയും ആ കേസുകൾ പേരെടുത്തു പരാമർശിക്കുകയും ചെയ്‌തു. ഈ സമയത്ത്‌, യഹോവയുടെ സാക്ഷികൾ രാജ്യത്തു വിഭാഗീയത ഉണ്ടാക്കുകയാണെന്നു കോടതിമുറിയിൽ ഉണ്ടായിരുന്ന ഒരു വൈദികൻ വിളിച്ചുകൂവി. അയാളോടു മിണ്ടാതിരിക്കാൻ കോടതി ആജ്ഞാപിച്ചു.

സദസ്സിലിരിക്കുകയായിരുന്ന ല്യോവാ മാർകാരിയാൻ സഹോദരനെ ജഡ്‌ജിമാർ വിളിച്ചു. ഈ പരമോന്നത നീതിപീഠം ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്‌ അതാദ്യമായിട്ടായിരുന്നു. വ്യത്യസ്‌ത വിഷയങ്ങളിൽ ഉള്ള യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ നിലപാടിനെ കുറിച്ച്‌ മാർകാരിയാൻ സഹോദരൻ ഒരു നല്ല സാക്ഷ്യം നൽകി. (മർക്കൊസ്‌ 13:9) അൽപ്പനേരത്തെ ഗൗരവമായ പര്യാലോചനയ്‌ക്കു ശേഷം, മുമ്പ്‌ സഹോദരനെ “കുറ്റവിമുക്തനാക്കിക്കൊണ്ട്‌” പുറപ്പെടുവിച്ച വിധിയെ കോടതി ഐകകണ്‌ഠ്യേന പിന്താങ്ങി. മാർകാരിയാൻ സഹോദരന്‌ അപ്പോൾ ഉണ്ടായ ആശ്വാസം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു. ആ വിധിന്യായത്തിൽ കോടതി ഇപ്രകാരം പറഞ്ഞു: “[ല്യോവാ മാർകാരിയാന്റെ] ഈ പ്രവൃത്തി നിലവിലുള്ള നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റകരമല്ല. ഇത്തരം കുറ്റാരോപണങ്ങൾ അർമേനിയൻ ഭരണഘടനയുടെ 23-ാം വകുപ്പിനും യൂറോപ്യൻ കരാറിന്റെ 9-ാം വകുപ്പിനും വിരുദ്ധമാണ്‌.”

കോടതിവിധിയുടെ ഫലങ്ങൾ

വാദിഭാഗം വിജയിച്ചിരുന്നെങ്കിൽ അർമേനിയയിൽ ആകമാനമുള്ള സാക്ഷികളുടെ സഭകളിലെ മറ്റു മൂപ്പന്മാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമായിരുന്നു. എന്നാൽ, കോടതിയുടെ വ്യക്തമായ വിധി അത്തരം ക്ലേശങ്ങൾ ഉണ്ടാകുന്നതു തടയുമെന്നു പ്രതീക്ഷിക്കുന്നു. കോടതിവിധി പ്രതികൂലമായിരുന്നെങ്കിൽ, യഹോവയുടെ സാക്ഷികളെ തുടർന്നും രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള ഒരു ഒഴികഴിവായും മറ്റുള്ളവർ അതിനെ ഉപയോഗിക്കുമായിരുന്നു. ഇത്തരം മുടന്തൻ ന്യായങ്ങൾ ഒഴിവാക്കിത്തന്നതിന്‌ കോടതിയോടു നാം നന്ദിയുള്ളവരാണ്‌.

ഈ രാജ്യത്തെ 7,000-ത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾക്കു രജിസ്‌ട്രേഷൻ ലഭിക്കുമോ എന്നു കാലം തെളിയിക്കും. എന്നാൽ ഇതിനിടയിലും, സത്യാരാധന ‘അരാരാത്ത്‌ ദേശത്ത്‌’ സജീവ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 3 അർമേനിയക്കാർ തങ്ങളുടെ രാജ്യത്തെ, അരാരാത്ത്‌ പർവതവുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്‌. പുരാതന കാലത്ത്‌ അരാരാത്ത്‌ പർവതനിരകൾ ഉൾപ്പെട്ട വിശാലമായ ഒരു രാജ്യമായിരുന്നു അർമേനിയ. അതുകൊണ്ട്‌, ബൈബിളിന്റെ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം യെശയ്യാവു 37:​38-ൽ, ‘അരാരാത്ത്‌ദേശം’ എന്ന പദം “അർമേനിയ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അരാരാത്ത്‌ പർവതം ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്‌, തുർക്കിയുടെ കിഴക്കേ അതിർത്തിക്ക്‌ അടുത്താണ്‌ അതു സ്ഥിതിചെയ്യുന്നത്‌.

[12 -ാം പേജിലെ ചിത്രം]

ല്യോവാ മാർകാരിയാൻ തന്റെ വിചാരണവേളയിൽ

[13 -ാം പേജിലെ ചിത്രം]

മാർകാരിയാൻ സഹോദരനും കുടുംബവും