ഒടുവിലത്തെ അത്താഴം—അത് എന്താണ്?
ഒടുവിലത്തെ അത്താഴം—അത് എന്താണ്?
“ഒടുവിലത്തെ അത്താഴം” അഥവാ “ലാസ്റ്റ് സപ്പർ” എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത് എന്താണ്? പലരുടെയും കാര്യത്തിൽ, ഇറ്റലിയിലെ മിലാനിലുള്ള, ലിയൊണാർഡോ ഡാവിഞ്ചിയുടെ (1452-1519) വിശ്വപ്രസിദ്ധമായ ചുവർചിത്രം മനസ്സിലേക്ക് ഓടിയെത്തിയേക്കാം. നൂറ്റാണ്ടുകളിൽ ഉടനീളം ഒടുവിലത്തെ അത്താഴം, കലാകാരന്മാരുടെയും എഴുത്തുകാരുടെയും സംഗീതജ്ഞരുടെയും ഇഷ്ടപ്പെട്ട വിഷയമായിരുന്നിട്ടുണ്ട് എന്നതാണു വാസ്തവം.
എന്നാൽ, എന്താണ് ഒടുവിലത്തെ അത്താഴം? 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ആളുകൾക്ക് അത് എന്തർഥമാക്കുന്നു? വിജ്ഞാനകോശങ്ങളും നിഘണ്ടുക്കളും പറയുന്നപ്രകാരം, യേശുക്രിസ്തു തന്റെ ബലിമരണത്തിനു മുമ്പുള്ള വൈകുന്നേരം അപ്പൊസ്തലന്മാരോടൊപ്പം കഴിച്ച ഭക്ഷണമാണ് ഒടുവിലത്തെ അത്താഴം അഥവാ കർത്താവിന്റെ അത്താഴം. വിശ്വസ്തരായ തന്റെ അനുഗാമികളോടൊത്ത് യേശു അവസാനമായി കഴിച്ച സന്ധ്യാഭക്ഷണം ആയതിനാലാണ് ഇതിനെ പരമ്പരാഗതമായി ഒടുവിലത്തെ അത്താഴം എന്നു വിളിക്കുന്നത്. ഇത് ഏർപ്പെടുത്തിയത് കർത്താവായ യേശുക്രിസ്തു ആയതിനാൽ കർത്താവിന്റെ അത്താഴം എന്നും ഇത് ഉചിതമായി അറിയപ്പെടുന്നു.
നൂറ്റാണ്ടുകളിൽ ഉടനീളം നിരവധി ആളുകൾ ശ്രേഷ്ഠമെന്നു തങ്ങൾക്കു തോന്നുന്ന ലക്ഷ്യങ്ങൾക്കോ തത്ത്വങ്ങൾക്കോ വേണ്ടി ജീവൻ വെടിഞ്ഞിട്ടുണ്ട്. ഇത്തരം ചില ജീവത്യാഗങ്ങൾ ചില ആളുകൾക്ക് കുറെ കാലത്തേക്കു പ്രയോജനം കൈവരുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും, ആളുകൾ പ്രകീർത്തിക്കുന്ന, സ്വത്യാഗപരമായ ഈ മരണങ്ങളിൽ ഒന്നുപോലും ഒരു പ്രകാരത്തിലും യേശുക്രിസ്തുവിന്റെ മരണത്തിന്റെ അത്രയും പ്രാധാന്യം അർഹിക്കുന്നില്ല. മാത്രമല്ല, പ്രക്ഷുബ്ധമായ മനുഷ്യ ചരിത്രത്തിൽ ഉടനീളം യേശുക്രിസ്തുവിന്റെ മരണംപോലെ ദൂരവ്യാപക ഫലം ഉളവാക്കിയ മരണം വേറെ ഉണ്ടായിരുന്നിട്ടുമില്ല. എന്തുകൊണ്ട്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിനും കർത്താവിന്റെ അത്താഴം നിങ്ങൾക്കെന്ത് അർഥമാക്കുന്നു എന്നു കാണുന്നതിനും അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.