വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു

നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു

നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു

ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ കർത്താവായ യേശുക്രിസ്‌തു ഏർപ്പെടുത്തിയ ഒടുവിലത്തെ അത്താഴത്തിന്‌ വെറുമൊരു ചരിത്രസംഭവം എന്നതിൽ കവിഞ്ഞ പ്രാധാന്യമുണ്ട്‌. അത്‌ ഏർപ്പെടുത്തിയനാൾ മുതൽ ഇന്നോളം ആളുകളിൽ ശക്തമായ പ്രഭാവം ചെലുത്താൻ അതിനു കഴിഞ്ഞിരിക്കുന്നു. ആ രാത്രിയിലെ സംഭവങ്ങളെ വർണിക്കുന്ന സുവിശേഷ വിവരണങ്ങളിൽനിന്നു വായിച്ചറിഞ്ഞ കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തെ സ്‌പർശിച്ചതു നിമിത്തം അനേകരും കർത്താവിന്റെ അത്താഴത്തിന്റെ ഓർമ വിവിധ രീതികളിൽ ആചരിക്കാൻ ശ്രമം നടത്തിയിരിക്കുന്നു.

കർത്താവിന്റെ അത്താഴത്തിൽ ആളുകൾ ഇത്രയധികം താത്‌പര്യമെടുക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ അനുഗാമികൾ ഇത്‌ ആചരിക്കണമെന്നും ക്രമമായി അതു ചെയ്യണമെന്നും യേശുക്രിസ്‌തു തന്നെ കൽപ്പിക്കുകയുണ്ടായി. അവൻ അവരോടു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിപ്പിൻ.”​—⁠ലൂക്കൊസ്‌ 22:​19, NW; 1 കൊരിന്ത്യർ 11:23-25, NW.

ഈ ആചരണം തികച്ചും പ്രതിഫലദായകമായ ഒരു അനുഭവം ആകണമെങ്കിൽ, അതിന്റെ അർഥം സംബന്ധിച്ച്‌ ദൈവവചനമായ ബൈബിൾ നൽകുന്ന സൂക്ഷ്‌മഗ്രാഹ്യം ഒരുവന്‌ ഉണ്ടായിരിക്കേണ്ടതുണ്ട്‌. മാത്രമല്ല, ഇത്‌ എപ്പോൾ, എങ്ങനെ ആചരിക്കണം എന്നതിനെ കുറിച്ചു ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ അറിയുന്നതും പ്രധാനമാണ്‌.

യേശുവിന്റെ കൽപ്പനയ്‌ക്കു ചേർച്ചയിൽ, ലോകമൊട്ടാകെയുള്ള യഹോവയുടെ സാക്ഷികൾ 2003 ഏപ്രിൽ 16, ബുധനാഴ്‌ച സന്ധ്യാസമയത്ത്‌ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ കൂടിവരുന്നതായിരിക്കും. അവർക്കിത്‌ തിരുവെഴുത്തുകൾ പരിശോധിക്കുന്നതിനും “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്നു പറഞ്ഞ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും അവനോടുള്ള സ്‌നേഹവും പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും. (യോഹന്നാൻ 3:16) ആ സന്ധ്യാസമയത്ത്‌ അവരോടൊപ്പം കൂടിവരാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. അങ്ങനെ യേശുക്രിസ്‌തുവിലും സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിലുമുള്ള വിശ്വാസവും അവരോടുള്ള സ്‌നേഹവും ബലിഷ്‌ഠമാക്കാൻ നിങ്ങൾക്കും കഴിയും.