വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വിവിധ ബൈബിൾ പരിഭാഷകളിൽ സങ്കീർത്തനപുസ്‌തകത്തിലെ സങ്കീർത്തനങ്ങളുടെയും വാക്യങ്ങളുടെയും നമ്പരുകൾക്ക്‌ വ്യത്യാസമുള്ളത്‌ എന്തുകൊണ്ട്‌?

അധ്യായവും വാക്യവും സഹിതമുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ 1553-ൽ റോബർ ഏറ്റ്യെൻ പ്രസിദ്ധീകരിച്ച ഒരു ഫ്രഞ്ച്‌ പരിഭാഷയാണ്‌. എന്നാൽ അതിനു വളരെക്കാലം മുമ്പുതന്നെ സങ്കീർത്തനപുസ്‌തകത്തെ വിഭജിച്ചിരുന്നു എന്നത്‌ വ്യക്തമാണ്‌. കാരണം, ഇത്‌ പലർ രചിച്ച വെവ്വേറെ സങ്കീർത്തനങ്ങളുടെ അല്ലെങ്കിൽ ഗീതങ്ങളുടെ ഒരു സമാഹാരമായിരുന്നു.

തെളിവനുസരിച്ച്‌, പരസ്യമായ ആരാധനയിലെ ഉപയോഗത്തിനുവേണ്ടി സങ്കീർത്തനങ്ങൾ സമാഹരിക്കാൻ യഹോവ ആദ്യമായി ദാവീദിനെയാണ്‌ ഉപയോഗിച്ചത്‌. (1 ദിനവൃത്താന്തം 15:16-24) ഒരു പുരോഹിതനും ‘വിദഗ്‌ധ ശാസ്‌ത്രി’യുമായിരുന്ന എസ്രായാണ്‌ പിൽക്കാലത്ത്‌ മുഴുസങ്കീർത്തന പുസ്‌തകത്തെയും അതിന്റെ അന്തിമരൂപത്തിൽ സമാഹരിച്ചതെന്നു കരുതപ്പെടുന്നു. (എസ്രാ 7:6) അതുകൊണ്ട്‌ സങ്കീർത്തനപുസ്‌തകം സമാഹരിക്കപ്പെട്ട സമയത്ത്‌ അത്‌ വെവ്വേറെ സങ്കീർത്തനങ്ങൾ ആയിരുന്നു.

തന്റെ ഒന്നാം മിഷനറി യാത്രയിൽ പിസിദ്യയിലെ അന്ത്യോക്യയിലുള്ള സിനഗോഗിൽവെച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ നടത്തിയ ഒരു പ്രസംഗത്തിൽ അവൻ സങ്കീർത്തനപുസ്‌തകത്തിൽനിന്ന്‌ ഉദ്ധരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃത്തികൾ 13:33) ഇന്നത്തെ ബൈബിളുകളിലും ആ വാക്കുകൾ കാണപ്പെടുന്നത്‌ രണ്ടാം സങ്കീർത്തനത്തിലാണ, അതിന്റെ ഏഴാം വാക്യത്തിൽ. എന്നിരുന്നാലും, പല സങ്കീർത്തനങ്ങളുടെയും നമ്പരുകൾ വിവിധ ബൈബിൾ പരിഭാഷകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനു കാരണം, ചില പരിഭാഷകളുടെ ആധാരം എബ്രായ മാസൊരിറ്റിക്‌ പാഠം ആയിരിക്കുമ്പോൾ മറ്റു ചിലവയുടേത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌​—⁠എബ്രായപാഠത്തിന്റെ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ പൂർത്തിയായ പരിഭാഷ​—⁠ആണ്‌ എന്നതാണ്‌. ഉദാഹരണത്തിന്‌, പല കത്തോലിക്ക ബൈബിളുകളുടെയും അടിസ്ഥാനമായ ലാറ്റിൻ വൾഗേറ്റ്‌, സെപ്‌റ്റുവജിന്റിലെ സങ്കീർത്തനങ്ങളുടെ സംഖ്യാവ്യവസ്ഥയാണ്‌ ഉപയോഗിക്കുന്നത്‌. അതേസമയം, പുതിയലോക ഭാഷാന്തരവും മറ്റുചില പരിഭാഷകളും എബ്രായപാഠത്തിലെ മാതൃകയാണ്‌ പിൻപറ്റുന്നത്‌.

എന്തൊക്കെയാണ്‌ വ്യത്യാസങ്ങൾ? എബ്രായ പാഠത്തിൽ മൊത്തം 150 സങ്കീർത്തനങ്ങളുണ്ട്‌. എന്നാൽ സെപ്‌റ്റുവജിന്റി9-ഉം 10-ഉം സങ്കീർത്തനങ്ങളെ കൂട്ടിച്ചേർത്ത്‌ ഒരു സങ്കീർത്തനമാക്കിയിരിക്കുന്നു. അതുപോലെതന്നെയാണ്‌ 114-ഉം 115-ഉം സങ്കീർത്തനങ്ങളുടെ കാര്യവും. മാത്രമല്ല, ഇത്‌ 116-ഉം 147-ഉം സങ്കീർത്തനങ്ങളെ ഈരണ്ട്‌ സങ്കീർത്തനങ്ങളായി വിഭജിക്കുകയും ചെയ്യുന്നു. മൊത്തം സങ്കീർത്തനങ്ങളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിലും, 10 മുതൽ 146 വരെയുള്ള സങ്കീർത്തനങ്ങളുടെ എണ്ണം എബ്രായപാഠത്തിലേതിനെക്കാൾ ഒന്നു കുറവാണ്‌ സെപ്‌റ്റുവജിന്റിൽ. അതുകൊണ്ട്‌, 23-ാം സങ്കീർത്തനം 22-ാം സങ്കീർത്തനമായാണ്‌ ഡൂവേ ഭാഷാന്തരത്തിൽ കാണുന്നത്‌. അത്‌ സെപ്‌റ്റുവജിന്റിന്റെ മാതൃക പിൻപറ്റുന്ന ലാറ്റിൻ വൾഗേറ്റിന്റെ സംഖ്യാവ്യവസ്ഥ പിന്തുടരുന്നതാണ്‌ കാരണം.

അവസാനമായി, വിവിധ പരിഭാഷകളിലെ സങ്കീർത്തനങ്ങളിൽ വാക്യങ്ങളുടെ നമ്പരിനും വ്യത്യാസം കണ്ടേക്കാം. എന്തുകൊണ്ട്‌? ചില പരിഭാഷകൾ “മേലെഴുത്തിനെ പ്രാരംഭവാക്യമായി കണക്കാക്കുന്ന യഹൂദന്മാരുടെ രീതി” പിൻപറ്റുന്നതുകൊണ്ടാണ്‌ ഇതെന്ന്‌ മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു. എന്നാൽ മറ്റു പരിഭാഷകൾ അങ്ങനെ ചെയ്യുന്നില്ല. വാസ്‌തവത്തിൽ, ശീർഷകം അഥവാ മേലെഴുത്ത്‌ നീളമുള്ളതാണെങ്കിൽ മിക്കപ്പോഴും അതിനെ രണ്ടു വാക്യങ്ങളായി കണക്കാക്കിയിരിക്കുന്നു. അതനുസരിച്ച്‌ സങ്കീർത്തനത്തിലെ വാക്യങ്ങളുടെ എണ്ണവും കൂടുന്നു.