അസംഭവ്യമെന്നു തോന്നിച്ച ഒരു വിവാഹം—ബോവസും രൂത്തും തമ്മിൽ
അസംഭവ്യമെന്നു തോന്നിച്ച ഒരു വിവാഹം—ബോവസും രൂത്തും തമ്മിൽ
വസന്തകാലം. ബേത്ത്‌ലേഹെമിന് അടുത്തുള്ള മെതിസ്ഥലം വളരെ സജീവമാണ്. നല്ല പണിത്തിരക്കുള്ള ഒരു ദിവസമായിരുന്നു അത്. ആഹാരത്തിനുള്ള സമയമായെന്ന് പണിക്കാരെ ഓർമിപ്പിച്ചുകൊണ്ട്, ധാന്യം വറക്കുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധം വായുവിലൂടെ ഒഴുകിയെത്തുന്നു. ഓരോരുത്തരും അവരവരുടെ അധ്വാനഫലം ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ്.
ധനികനായ ഒരു ഭൂവുടമയാണ് ബോവസ്. വയറുനിറയെ ഭക്ഷിച്ച് പാനംചെയ്‌ത ശേഷം വിശ്രമിക്കാനായി ബോവസ് ഒരു ധാന്യക്കൂമ്പാരത്തിനരികിൽ ചെന്നു കിടക്കുന്നു. ഒരു കൊയ്‌ത്തുദിവസംകൂടി അവസാനിക്കുകയായി. എല്ലാവരും സുഖകരമായി കിടന്നുറങ്ങാൻ പറ്റിയ സ്ഥാനങ്ങൾ അന്വേഷിക്കുന്നു. ബോവസ് പുതപ്പെടുത്തു പുതച്ച ശേഷം ഉറങ്ങാൻ തുടങ്ങുന്നു.
ഒരു രഹസ്യ കൂടിക്കാഴ്‌ച
അർധരാത്രി ബോവസ് തണുത്തുവിറച്ച് ഉറക്കമുണരുന്നു. ആരോ അവന്റെ പാദങ്ങളിൽനിന്ന് പുതപ്പെടുത്തു മാറ്റിയിരിക്കുന്നു, ഒരാൾ അവന്റെ കാൽക്കൽ കിടക്കുന്നുമുണ്ട്! ഇരുട്ടായതിനാൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. ‘നീ ആരാണ്,’ അവൻ ചോദിക്കുന്നു. ഒരു സ്‌ത്രീശബ്ദമാണ് മറുപടി പറയുന്നത്: “ഞാൻ നിന്റെ ദാസിയായ രൂത്ത്, നിന്റെ പുതപ്പു [“വസ്‌ത്രം,” പി.ഒ.സി. ബൈബിൾ] അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ.”—രൂത്ത് 3:1-9.
ഇരുട്ടത്ത് അവർ സംസാരിക്കുന്നു. അവിടെ അവർ മാത്രമേയുള്ളൂ. മെതിസ്ഥലത്ത് സ്‌ത്രീകളെ ഇങ്ങനെ കാണാറുള്ളതല്ല. (രൂത്ത് 3:14) എന്നിരുന്നാലും ബോവസ് പറയുന്നതനുസരിച്ച് രൂത്ത് അവന്റെ കാൽക്കൽത്തന്നെ കിടക്കുന്നു. അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്ക് ഇടംകൊടുക്കാതെ അവൾ നേരംവെളുക്കുന്നതിനു മുമ്പേ എഴുന്നേറ്റ് പോകുന്നു.
കമിതാക്കൾ തമ്മിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഒരു കൂടിക്കാഴ്‌ച ആയിരുന്നോ അത്? പുറജാതിക്കാരിയും ദരിദ്രയുമായ രൂത്ത് എന്ന യുവതിയായ വിധവ ഈ ധനിക വൃദ്ധനെ തന്ത്രപൂർവം വശീകരിക്കുകയായിരുന്നോ? അതോ രൂത്തിന്റെ സാഹചര്യത്തെയും ഏകാന്തതയെയും ആ രാത്രിയിൽ ബോവസ് ചൂഷണം ചെയ്യുകയായിരുന്നോ? അല്ല. അന്ന് അവിടെ അരങ്ങേറിയ സംഭവങ്ങൾ യഥാർഥത്തിൽ ദൈവത്തോടുള്ള വിശ്വസ്‌തതയുടെയും സ്‌നേഹത്തിന്റെയും ഒരു പ്രകടനമാണ്. അതുമായി ബന്ധപ്പെട്ട വസ്‌തുതകൾ വളരെ ഹൃദയസ്‌പർശിയാണ്.
എന്നാൽ ആരാണ് ഈ രൂത്ത്? അവളുടെ ആന്തരം എന്താണ്? ധനികനായ ബോവസ് ആരാണ്?
‘ഒരു ഉത്തമ സ്‌ത്രീ’
ഈ സംഭവം നടക്കുന്നതിനു വർഷങ്ങൾക്കു മുമ്പ് യഹൂദയിൽ ഒരു ക്ഷാമം ഉണ്ടായി. എലീമേലെക്ക്, ഭാര്യ നൊവൊമി, പുത്രന്മാരായ മഹ്ലോൻ, കില്യോൻ എന്നിങ്ങനെ നാലു പേർ അടങ്ങിയ ഒരു ഇസ്രായേല്യ കുടുംബം ഫലഭൂയിഷ്‌ഠമായ മോവാബ് ദേശത്തേക്കു കുടിയേറി. പുത്രന്മാർ രൂത്ത്, ഒർപ്പാ എന്നീ മോവാബ്യ സ്‌ത്രീകളെ വിവാഹം കഴിച്ചു. എന്നാൽ മോവാബിൽവെച്ച് ആ കുടുംബത്തിലെ മൂന്ന് പുരുഷന്മാരും മരണമടഞ്ഞു. പിന്നീട്, ഇസ്രായേലിൽ അവസ്ഥകൾ മെച്ചപ്പെട്ടെന്ന വാർത്ത ആ മൂന്നു സ്‌ത്രീകളുടെ കാതിലെത്തി. അതുകൊണ്ട് മക്കളോ കൊച്ചുമക്കളോ ഇല്ലാത്ത ദുഃഖിതയായ വിധവ, നൊവൊമി, സ്വദേശത്തേക്കു മടങ്ങാൻ തീരുമാനിച്ചു.—രൂത്ത് 1:1-14.
ഇസ്രായേലിലേക്കു മടങ്ങുംവഴി നൊവൊമി ഒർപ്പായെ പറഞ്ഞുസമ്മതിപ്പിച്ച് അവളുടെ ജനത്തിന്റെ അടുത്തേക്ക് തിരിച്ചയച്ചു. തുടർന്ന് അവൾ രൂത്തിനോടു “നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്‌ക്കൊൾക” എന്നു പറഞ്ഞു. എന്നാൽ രൂത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ‘നിന്നെ വിട്ടുപിരിവാൻ എന്നോടു പറയരുതേ; രൂത്ത് 1:15-17) അങ്ങനെ നിരാലംബരായ ആ രണ്ടു വിധവകൾ ബേത്ത്‌ലേഹെമിലേക്കു മടങ്ങി. രൂത്ത് അവളുടെ അമ്മായിയമ്മയോടു പ്രകടമാക്കിയ സ്‌നേഹവും കരുതലും അവിടത്തെ അയൽക്കാരിൽ മതിപ്പുളവാക്കി. നൊവൊമിക്ക് അവൾ ‘ഏഴു പുത്രന്മാരെക്കാൾ ഉത്തമയാണെന്നു’ വരെ അവർ പറയാനിടയായി. മറ്റു ചിലർ അവളെ “ഉത്തമ സ്‌ത്രീ” എന്നു വിളിച്ചു.—രൂത്ത് 3:11; 4:15.
നീ പോകുന്നേടത്തു ഞാനും പോരും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും.’ (ബേത്ത്‌ലേഹെമിൽ യവക്കൊയ്‌ത്ത് ആരംഭിച്ചപ്പോൾ “ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ [“കാലാപെറുക്കട്ടെ,” പി.ഒ.സി. ബൈ.]” എന്ന് രൂത്ത് നൊവൊമിയോടു ചോദിച്ചു.—രൂത്ത് 2:2.
തന്റെ അമ്മായിയപ്പനായ എലീമേലെക്കിന്റെ ബന്ധുവായ ബോവസിന്റെ വയലിലാണ് അവൾ എത്തിപ്പെടുന്നത്. കൊയ്‌ത്തുകാരുടെ മേൽനോട്ടം വഹിക്കുന്ന വ്യക്തിയോട് അവൾ കാലാപെറുക്കാൻ അനുവാദം ചോദിക്കുന്നു. കാലാപെറുക്കുന്നതിൽ അവൾ ശ്രദ്ധേയമായ ശുഷ്‌കാന്തി പ്രകടമാക്കുകയും ആ മേൽവിചാരകൻ ബോവസിനോട് അവളുടെ വേലയെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്യുന്നു.—രൂത്ത് 1:22-2:7.
ഒരു സംരക്ഷകനും ഉപകാരിയും
ബോവസ് യഹോവയുടെ തീക്ഷ്‌ണതയുള്ള ആരാധകനാണ്. ദിവസവും രാവിലെ “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്ന വാക്കുകളോടെയാണ് അവൻ തന്റെ കൊയ്‌ത്തുകാരെ അഭിവാദനം ചെയ്‌തിരുന്നത്. “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അപ്പോൾ അവർ മറുപടി പറഞ്ഞിരുന്നു. (രൂത്ത് 2:4) രൂത്തിന്റെ കഠിനാധ്വാനം നിരീക്ഷിക്കുകയും നൊവൊമിയോടുള്ള അവളുടെ വിശ്വസ്‌തതയെ കുറിച്ചു കേൾക്കുകയും ചെയ്‌ത ബോവസ്, കാലാ പെറുക്കുന്നതിനോടുള്ള ബന്ധത്തിൽ അവൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുക്കുന്നു. അതായത് അവൻ അവളോട് പറയുന്നു: ‘നീ പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടംവിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്‌പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക.’—രൂത്ത് 2:8, 9.
സാഷ്ടാംഗം വീണുകൊണ്ട് രൂത്ത് ഇപ്രകാരം ചോദിക്കുന്നു: ‘ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?’ ബോവസ് മറുപടി നൽകുന്നു: ‘നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്‌തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്‌കട്ടെ; നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.’—രൂത്ത് 2:10-12.
ബോവസ് അവളുടെ സ്‌നേഹം നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നില്ല. അവന്റെ അഭിനന്ദനം ആത്മാർഥമായിരുന്നു. രൂത്ത് യഥാർഥ താഴ്‌മയോടെ അവന്റെ ആശ്വാസവാക്കുകൾക്ക് നന്ദി നൽകുന്നു. ഈ ദയയ്‌ക്ക് താൻ അർഹയല്ല എന്നാണ് അവൾക്കു തോന്നുന്നത്. മാത്രമല്ല അവൾ തുടർന്നും കഠിനാധ്വാനം ചെയ്യുന്നു. പിന്നീട് ഭക്ഷണസമയത്ത് ബോവസ് രൂത്തിനോട് “ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക” എന്നു പറയുന്നു. തൃപ്‌തിയാകുവോളം ഭക്ഷിച്ചശേഷം നൊവൊമിക്ക് കൊടുക്കാനായി അവൾ കുറച്ച് എടുത്തുവെക്കുന്നു.—രൂത്ത് 2:14.
ആ ദിവസം അവസാനിച്ചപ്പോൾ രൂത്ത് ഏകദേശം 22 ലിറ്റർ യവം ശേഖരിച്ചിരുന്നു. അതും മിച്ചംവെച്ച ഭക്ഷണവും അവൾ വീട്ടിൽ കൊണ്ടുപോയി നൊവൊമിക്കു കൊടുക്കുന്നു. (രൂത്ത് 2:15-18) ഇതെല്ലാം കണ്ട് സന്തോഷിച്ച നൊവൊമി “നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? . . . നിന്നോടു ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറയുന്നു. അവൾ കാലാപെറുക്കിയത് ബോവസിന്റെ വയലിലായിരുന്നു എന്നു കേട്ടപ്പോൾ നൊവൊമി ഇങ്ങനെ പറയുന്നു: ‘ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു.’—രൂത്ത് 2:19, 20.
“ഒരു വിശ്രാമസ്ഥലം” കണ്ടെത്തുന്നു
തന്റെ മരുമകൾക്ക് “ഒരു വിശ്രാമസ്ഥലം” അഥവാ ഭവനം കണ്ടെത്താനുള്ള ആഗ്രഹത്താൽ നൊവൊമി ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് ദൈവനിയമത്തിനു ചേർച്ചയിൽ വീണ്ടെടുപ്പിനായി അഭ്യർഥിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. (ലേവ്യപുസ്‌തകം 25:25; ആവർത്തനപുസ്‌തകം 25:5, 6) നൊവൊമി രൂത്തിന് ചില നിർദേശങ്ങൾ നൽകുന്നു. ബോവസിന്റെ ശ്രദ്ധ ആകർഷിക്കാനായി ഏറ്റവും ഫലപ്രദവും ഏതാണ്ട് നാടകീയവുമായ ഒരു പ്രവർത്തനപദ്ധതി അവൾ വിവരിക്കുന്നു. നന്നായി സജ്ജയായി രൂത്ത് ഇരുട്ടിന്റെ മറവിൽ ബോവസിന്റെ മെതിസ്ഥലത്തെത്തുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ബോവസിന്റെ പാദങ്ങളിൽനിന്ന് പുതപ്പ് എടുത്തുമാറ്റി അവൻ ഉണരാനായി അവൾ കാത്തുകിടക്കുന്നു.—രൂത്ത് 3:1-7.
രൂത്തിന്റെ ഈ പ്രതീകാത്മക നടപടി ‘നിന്റെ വസ്‌ത്രം അടിയന്റെ മേൽ ഇടേണമേ’ എന്ന അവളുടെ അഭ്യർഥനയുടെ അർഥം ഗ്രഹിക്കാൻ ഉറക്കം ഉണരുന്ന ബോവസിനെ സഹായിക്കുന്നു എന്നതിനു സംശയമില്ല. പ്രായമുള്ള ഈ യഹൂദൻ രൂത്തിന്റെ മരിച്ചുപോയ ഭർത്താവ് മഹ്ലോന്റെ ബന്ധു ആയിരുന്നതിനാൽ രൂത്തിന്റെ ഈ നടപടി വീണ്ടെടുപ്പുകാരൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അയാളെ ബോധവാനാക്കുന്നു.—രൂത്ത് 3:9.
രൂത്ത് രാത്രിയിൽ വരുമെന്ന് ബോവസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും വീണ്ടെടുക്കാനുള്ള അവളുടെ അഭ്യർഥന ബോവസിനെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നില്ല എന്ന് അവന്റെ പ്രതികരണം സൂചിപ്പിക്കുന്നു. രൂത്തിന്റെ അഭ്യർഥനപ്രകാരം പ്രവർത്തിക്കാൻ ബോവസ് ഒരുക്കമായിരുന്നു.
രൂത്തിന്റെ ശബ്ദത്തിൽ അൽപ്പം ഉത്‌കണ്‌ഠ നിഴലിച്ചിരുന്നിരിക്കാം, എന്തുകൊണ്ടെന്നാൽ ബോവസ് അവളെ ഇപ്രകാരം ആശ്വസിപ്പിക്കുന്നു: “മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്‌തുതരാം; നീ ഉത്തമ സ്‌ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.”—രൂത്ത് 3:11.
രൂത്തിന്റെ നടപടിയെ തികച്ചും സന്മാർഗികമായ ഒന്നായാണ് ബോവസ് കണ്ടതെന്ന് അവന്റെ പിൻവരുന്ന വാക്കുകൾ പ്രകടമാക്കുന്നു: ‘മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; നീ ആദ്യത്തേതിൽ അധികം ദയ [“സ്‌നേഹദയ,” NW] ഒടുവിൽ കാണിച്ചിരിക്കുന്നു.’ (രൂത്ത് 3:10) ആദ്യത്തേതിൽ രൂത്ത് നൊവൊമിയോട് സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം കാണിച്ചു. കൂടാതെ, തന്നെക്കാൾ വളരെ പ്രായമുള്ളവനായിരുന്നെങ്കിലും തന്റെ വീണ്ടെടുപ്പുകാരനായിരുന്ന ബോവസിന്റെ മുമ്പാകെ തന്നെത്തന്നെ നിസ്സ്വാർഥം തിരിച്ചറിയിച്ചുകൊണ്ട് ഒടുവിലത്തേതിലും അവൾ ദയ പ്രകടമാക്കി. അങ്ങനെ തന്റെ മരിച്ചുപോയ ഭർത്താവ് മഹ്ലോന്റെ പേരിലും നൊവൊമിക്കുവേണ്ടിയും സന്തതിയെ വളർത്താൻ അവൾ സന്നദ്ധത കാണിച്ചു.
ഒരു വീണ്ടെടുപ്പുകാരൻ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു
പിറ്റേന്ന് രാവിലെ, നൊവൊമിയുടെ കൂടുതൽ അടുത്ത ഒരു ബന്ധുവിനെ (അയാളുടെ പേര് പരാമർശിച്ചിട്ടില്ല) വിളിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെയും മറ്റു നിവാസികളുടെയും മുമ്പിൽവെച്ച് ബോവസ് പറയുന്നു: ‘നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്‌ക്കുന്നു. ആകയാൽ നിന്നോടു അതു [അതു വീണ്ടെടുക്കാനുള്ള നിന്റെ അവകാശത്തെ കുറിച്ച്] അറിയിപ്പാൻ ഞാൻ വിചാരിച്ചു.’ ബോവസ് ഇങ്ങനെ തുടരുന്നു: ‘നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല.’ അപ്പോൾ താൻ വീണ്ടെടുത്തുകൊള്ളാമെന്ന് അയാൾ സമ്മതിക്കുന്നു.—രൂത്ത് 4:1-5എ.
എന്നാൽ ആ വീണ്ടെടുപ്പുകാരൻ പ്രതീക്ഷിക്കാത്ത മറ്റൊന്നുകൂടെ ബോവസ് ഇപ്പോൾ എല്ലാ സാക്ഷികളുടെയും മുമ്പാകെ പറയുന്നു: “നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ രൂത്ത് 4:5ബി, 6.
തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്‌ത്രീയായ രൂത്തിനെയും വാങ്ങേണം.” തന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും എന്നു ഭയന്ന അയാൾ ‘എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല’ എന്നു പറഞ്ഞുകൊണ്ട് വീണ്ടെടുക്കാനുള്ള തന്റെ അവകാശം വേണ്ടെന്നു വെക്കുന്നു.—ആചാരപ്രകാരം, വീണ്ടെടുക്കാൻ വിസമ്മതിക്കുന്ന വ്യക്തി തന്റെ ചെരിപ്പ് അഴിച്ച് അടുത്ത വീണ്ടെടുപ്പുകാരനു നൽകണമായിരുന്നു. അതുകൊണ്ട് ആ വീണ്ടെടുപ്പുകാരൻ ബോവസിനോടു: “നീ അതു വാങ്ങിക്കൊൾക” എന്നു പറഞ്ഞുകൊണ്ട് തന്റെ ചെരിപ്പ് ഊരിക്കൊടുക്കുന്നു. അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടുമായി പറയുന്നു: “എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു. അത്രയുമല്ല . . . മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്‌ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.”—രൂത്ത് 4:7-10.
അപ്പോൾ, പട്ടണവാതില്‌ക്കൽ ഇരുന്ന സകല ജനവും ബോവസിനോട് “നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്‌ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു; എഫ്രാത്തയിൽ നീ പ്രബലനും ബേത്ത്‌ളേഹെമിൽ വിശ്രുതനുമായിരിക്ക” എന്നു പറയുന്നു.—രൂത്ത് 4:11, 12.
ജനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിക്കുന്നു. അവളിൽ അവന് ഓബേദ് എന്ന പുത്രൻ ജനിക്കുന്നു. അങ്ങനെ, രൂത്തും ബോവസും ദാവീദു രാജാവിന്റെയും തുടർന്ന് യേശുക്രിസ്‌തുവിന്റെയും പൂർവികരായിത്തീരുന്നു.—രൂത്ത് 4:13-17; മത്തായി 1:5, 6, 16.
‘പൂർണ പ്രതിഫലം’
മുഴു വിവരണവും, പണിക്കാരെ ദയാപൂർവം അഭിസംബോധന ചെയ്യുന്നതു മുതൽ എലീമേലെക്കിന്റെ കുടുംബപ്പേര് നിലനിറുത്താനുള്ള ഉത്തരവാദിത്വം സ്വീകരിക്കുന്നതുവരെയുള്ള ബോവസിന്റെ പ്രവൃത്തികൾ, അവൻ ഒരു ഉത്തമ പുരുഷനായിരുന്നെന്ന്, വേണ്ട സമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നവനും അധികാരം ഉള്ളവനും ആയിരുന്നെന്നു തെളിയിക്കുന്നു. മാത്രമല്ല ആത്മനിയന്ത്രണവും വിശ്വാസവും നിർമലതയും പ്രകടമാക്കിയ ഒരു വ്യക്തിയും ആയിരുന്നു അവൻ. കൂടാതെ, ബോവസ് ഉദാരതയും ദയയും ധാർമിക ശുദ്ധിയും യഹോവയുടെ കൽപ്പനകളോടുള്ള പൂർണ അനുസരണവും പ്രകടമാക്കി.
രൂത്തിന് യഹോവയോടുള്ള സ്‌നേഹം, നൊവൊമിയോട് അവൾ കാണിച്ച വിശ്വസ്‌ത സ്‌നേഹം, അധ്വാനശീലം, താഴ്‌മ എന്നിവ ശ്രദ്ധേയമാണ്. ആളുകൾ അവളെ ഒരു “ഉത്തമ സ്‌ത്രീ” ആയി കണ്ടതിൽ അതിശയമില്ല. അവൾ ‘വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കാതെ’ കഠിനമായി അധ്വാനിച്ച് ദരിദ്രയായ അമ്മായിയമ്മയെയും പുലർത്തി. (സദൃശവാക്യങ്ങൾ 31:27, 31) നൊവൊമിക്കു വേണ്ടി കരുതുകവഴി, കൊടുക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷം രൂത്ത് ആസ്വദിച്ചിരിക്കണം.—പ്രവൃത്തികൾ 20:35; 1 തിമൊഥെയൊസ് 5:4, 8.
രൂത്തിന്റെ പുസ്‌തകത്തിൽ എത്ര നല്ല ദൃഷ്ടാന്തങ്ങളാണ് നമുക്കുള്ളത്! നൊവൊമിയെ യഹോവ ഓർത്തു. യേശുക്രിസ്‌തുവിന്റെ ഒരു പൂർവികയായിത്തീരുകവഴി രൂത്തിന് ‘ഒരു പൂർണ പ്രതിഫലം’ ലഭിച്ചു. ബോവസിന് ഒരു ‘ഉത്തമ സ്‌ത്രീയെ’ ഭാര്യയായി കിട്ടി. നമുക്ക് ഇത്തരം വ്യക്തികളിൽ വിശ്വാസത്തിന്റെ മാതൃകകൾ ലഭ്യമായിരിക്കുന്നു.
[26 -ാം പേജിലെ ചതുരം]
ഒരു പ്രത്യാശാ കിരണം
എന്നെങ്കിലും ദുഃഖകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നെങ്കിൽ നിങ്ങൾക്കു പ്രത്യാശ പകരാൻ രൂത്തിന്റെ കഥയ്‌ക്ക് കഴിയും. ന്യായാധിപന്മാരുടെ പുസ്‌തകത്തിന്റെ പ്രധാനപ്പെട്ട ഒരു ഉപസംഹാരമെന്ന നിലയിൽ അത് മുന്തിനിൽക്കുന്നു. തന്റെ ജനത്തിന് ഒരു രാജാവിനെ ഉളവാക്കുന്നതിന് അന്യദേശമായ മോവാബിൽനിന്നുള്ള ഒരു എളിയ വിധവയെ യഹോവ ഉപയോഗിച്ചത് എങ്ങനെയെന്ന് രൂത്തിന്റെ പുസ്‌തകം പറയുന്നു. ന്യായാധിപന്മാരുടെ പുസ്‌തകത്തിന്റെ പശ്ചാത്തലത്തിൽ രൂത്തിന്റെ വിശ്വാസം ആ കാലഘട്ടത്തിലെ ഒരു വിളക്കു പോലെ ശോഭിക്കുന്നു. ദൈവം എല്ലായ്‌പോഴും, മോശമായ സമയങ്ങളിൽപ്പോലും, തന്റെ ജനത്തിനായി കരുതുമെന്നും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുമെന്നും ഉള്ള ഉറപ്പ് രൂത്തിന്റെ കഥയിൽനിന്ന് നമുക്കു ലഭിക്കുന്നു.