വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവജനങ്ങൾ

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവജനങ്ങൾ

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന യുവജനങ്ങൾ

ഈ അധ്യയന ലേഖനങ്ങൾ യഹോവയുടെ സാക്ഷികളുടെ ഇടയിലെ യുവജനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയവയാണ്‌. അതുകൊണ്ട്‌ ഇവ ശ്രദ്ധാപൂർവം പഠിക്കാനും സഭാ വീക്ഷാഗോപുര അധ്യയനത്തിൽ ഇവ പരിചിന്തിക്കുമ്പോൾ സജീവമായി പങ്കുപറ്റാനും ഞങ്ങൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

“മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”​—⁠സദൃശവാക്യങ്ങൾ 27:11.

1, 2. (എ) ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളോട്‌ ആകർഷണം തോന്നുന്നു എന്നത്‌ ഒരു ക്രിസ്‌ത്യാനി ആയിരിക്കാനുള്ള യോഗ്യത നിങ്ങൾക്കില്ല എന്ന്‌ അർഥമാക്കുന്നുവോ, വിശദീകരിക്കുക. (റോമർ 7:21) (ബി) ആസാഫിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിക്കുന്നു? (13-ാം പേജിലെ ചതുരം കാണുക.)

വസ്‌ത്രം വാങ്ങാൻ നിങ്ങൾ ഒരു കടയിൽ എത്തിയിരിക്കുകയാണെന്നു സങ്കൽപ്പിക്കുക. തിരച്ചിലിനിടയിൽ പെട്ടെന്ന്‌ നിങ്ങളുടെ കണ്ണുകൾ ഒരു വസ്‌ത്രത്തിൽ ഉടക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ നിങ്ങൾക്ക്‌ അത്‌ ഇഷ്ടപ്പെടുന്നു. നിങ്ങൾക്ക്‌ വളരെ ഇഷ്ടപ്പെട്ട നിറവും സ്റ്റൈലും ഒക്കെയാണ്‌ അതിന്‌, വിലയും കുറവ്‌. എന്നാൽ ഒന്നുകൂടെ അടുത്തു പരിശോധിക്കുമ്പോഴാണ്‌ നിങ്ങൾ അത്‌ കാണുന്നത്‌. അരികിലൊക്കെ തുണി പിഞ്ചിപ്പോയിരിക്കുന്നു, തയ്യലും നല്ലതല്ല. വസ്‌ത്രം കാണാൻ ഭംഗിയുണ്ടെങ്കിലും അത്‌ തീരെ ഗുണനിലവാരം ഇല്ലാത്തതാണ്‌. അത്തരമൊരു ഉത്‌പന്നത്തിനായി നിങ്ങൾ പണം മുടക്കുമോ?

2 ക്രിസ്‌തീയ യുവജനങ്ങളിൽ ഒരാളെന്ന നിലയിൽ നിങ്ങൾ നേരിട്ടേക്കാവുന്ന ഒരു സാഹചര്യവുമായി ഇതിനെ താരതമ്യപ്പെടുത്തുക. ഈ ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾ​—⁠ആ വസ്‌ത്രത്തിന്റെ കാര്യത്തിലെന്ന പോലെ​—⁠ഒറ്റനോട്ടത്തിൽ വളരെ ആകർഷകമായി തോന്നിയേക്കാം. ഉദാഹരണത്തിന്‌ നിങ്ങളുടെ സഹപാഠികൾ രസികൻ പാർട്ടികൾക്കു പോകുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയും വെറുമൊരു തമാശയ്‌ക്കായി പ്രേമിക്കുകയും വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്‌തേക്കാം. ചിലപ്പോഴൊക്കെ, അത്തരമൊരു ജീവിതരീതിയിലേക്കു നിങ്ങൾ ആകർഷിക്കപ്പെടാറുണ്ടോ? ‘സ്വാതന്ത്ര്യം’ എന്ന്‌ അവർ വിശേഷിപ്പിക്കുന്നത്‌ അൽപ്പമൊന്ന്‌ ആസ്വദിക്കാൻ നിങ്ങൾ ആശിക്കുന്നുവോ? അങ്ങനെ തോന്നുന്നതുകൊണ്ടു മാത്രം നിങ്ങൾക്കൊരു ദുഷിച്ച ഹൃദയമാണ്‌ ഉള്ളതെന്നും ഒരു ക്രിസ്‌ത്യാനി ആയിരിക്കാനുള്ള യോഗ്യതയില്ലെന്നും പെട്ടെന്നു നിഗമനം ചെയ്യരുത്‌. ആളുകളെ, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ പോലും, ശക്തമായി വശീകരിക്കാൻ ലോകത്തിനാകും എന്ന്‌ ബൈബിൾതന്നെ അംഗീകരിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 4:10.

3. (എ) ഈ ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾക്കു പുറകേ പോകുന്നത്‌ നിരർഥകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ലൗകിക അനുധാവനങ്ങളുടെ പൊള്ളത്തരത്തെ കുറിച്ച്‌ ഒരു ക്രിസ്‌ത്യാനി എന്തു പറഞ്ഞു?

3 നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വസ്‌ത്രത്തിന്റെ കാര്യത്തിലെന്ന പോലെ ഈ ലോകം വാഗ്‌ദാനം ചെയ്യുന്ന കാര്യങ്ങളെ ഇപ്പോൾ ഒന്നുകൂടെ അടുത്തു പരിശോധിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക, ‘ഈ വ്യവസ്ഥിതിയുടെ ഗുണനിലവാരം എന്താണ്‌?’ ‘ലോകം ഒഴിഞ്ഞുപോകുന്നു’ എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) അതിൽനിന്നു ലഭിക്കുന്ന ഏതു സന്തോഷവും നൈമിഷികം മാത്രമാണ്‌. മാത്രമല്ല, ഭക്തികെട്ട നടത്തയ്‌ക്ക്‌ വലിയ വില ഒടുക്കേണ്ടതായും വരും. അത്‌ തീർച്ചയായും ലാഭകരമായ ഒരു ഇടപാടല്ല. തന്റെ യൗവനം മോശമായി വിനിയോഗിച്ചതിന്റെ ഭവിഷ്യത്തുകൾ​—⁠“വഴിപിഴച്ച യൗവനത്തിൽനിന്നുളവായ വേദനകൾ” എന്നാണ്‌ അവൾ അതിനെ വിശേഷിപ്പിക്കുന്നത്‌​—⁠അനുഭവിക്കേണ്ടി വന്ന ഒരു ക്രിസ്‌ത്യാനി ഇങ്ങനെ പറയുന്നു: “ലോകം വളരെ വശ്യവും ആകർഷകവുമായി തോന്നിയേക്കാം. വേദനയില്ലാതെ അതിന്റെ രസം നുകരാനാകും എന്ന്‌ നിങ്ങൾ വിശ്വസിക്കാൻ അത്‌ ആഗ്രഹിക്കുന്നു. പക്ഷേ അതു തീർച്ചയായും സാധ്യമല്ല. ലോകം നിങ്ങളെ മുതലെടുക്കും; മതിയാകുമ്പോൾ വലിച്ചെറിയും.” * തരംതാണ ഇത്തരമൊരു ജീവിതഗതി പിൻപറ്റിക്കൊണ്ട്‌ എന്തിനു നിങ്ങളുടെ യൗവനം പാഴാക്കിക്കളയണം?

‘ദുഷ്ടനിൽനിന്നുള്ള’ സംരക്ഷണം

4, 5. (എ) തന്റെ മരണത്തിന്‌ കുറച്ചു മുമ്പ്‌ യേശു യഹോവയോട്‌ എന്തിനുവേണ്ടി പ്രാർഥിച്ചു? (ബി) അത്‌ ഉചിതമായിരുന്നത്‌ എന്തുകൊണ്ട്‌?

4 ഈ വ്യവസ്ഥിതിക്ക്‌ ഗുണമേന്മയുള്ള യാതൊന്നും നൽകാനില്ലെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ ഇടയിലെ യുവജനങ്ങൾ ഈ ലോകവുമായുള്ള സൗഹൃദം ഒഴിവാക്കാൻ യത്‌നിക്കുന്നു. (യാക്കോബ്‌ 4:⁠4) വിശ്വസ്‌തരായ അത്തരം യുവജനങ്ങളിൽ ഒരാളാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കുന്നതും മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തനായി നിലകൊള്ളുന്നതും എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരാളുണ്ട്‌.

5 തന്റെ ശിഷ്യന്മാരെ ‘ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളേണമേ’ എന്ന്‌ തന്റെ മരണത്തിന്‌ കുറച്ചു മുമ്പ്‌ യേശു യഹോവയോടു പ്രാർഥിച്ചു. (യോഹന്നാൻ 17:15) ഇങ്ങനെ പ്രാർഥിക്കാൻ യേശുവിന്‌ തക്കതായ കാരണം ഉണ്ടായിരുന്നു. ഏതു പ്രായത്തിൽ ഉള്ളവരായിരുന്നാലും നിർമലത പാലിക്കുക എന്നത്‌ തന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കുകയില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. എന്തുകൊണ്ട്‌? യേശുതന്നെ വ്യക്തമാക്കിയ പ്രകാരം ശിഷ്യന്മാർക്ക്‌ ശക്തനായ ഒരു അദൃശ്യ ശത്രുവിനെ, പിശാചായ സാത്താൻ എന്ന ‘ദുഷ്ടനെ,’ നേരിടേണ്ടിവരുമായിരുന്നു എന്നതാണ്‌ ഒരു കാരണം. ഈ ദുഷ്ട ആത്മജീവി “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കു”കയാണെന്ന്‌ ബൈബിൾ പറയുന്നു.​—⁠1 പത്രൊസ്‌ 5:⁠8.

6. സാത്താന്‌ യുവജനങ്ങളോട്‌ യാതൊരു കരുണയുമില്ല എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

6 ചരിത്രത്തിൽ ഉടനീളം മനുഷ്യന്റെമേൽ അതിഘോരമായ വിപത്തുകൾ വരുത്തുന്നതിൽ സാത്താൻ ക്രൂരമായ ഒരുതരം ആനന്ദം കണ്ടെത്തിയിട്ടുണ്ട്‌. സാത്താൻ ഇയ്യോബിന്റെയും കുടുംബത്തിന്റെയുംമേൽ കൊണ്ടുവന്ന ഭയങ്കര വിപത്തുകളെ കുറിച്ചു ചിന്തിക്കുക. (ഇയ്യോബ്‌ 1:​13-19; 2:⁠7) സാത്താന്റെ അക്രമമനോഭാവത്തിന്റെ മുദ്രപേറുന്ന സംഭവങ്ങൾ നിങ്ങളുടെ കാലത്തുതന്നെ അരങ്ങേറിയത്‌ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയുന്നുണ്ടാകും. സാത്താൻ ഇരപിടിക്കാനായി പാത്തും പതുങ്ങിയും ചുറ്റിനടക്കുകയാണ്‌, ആളുകളെ വിഴുങ്ങാനായി നടക്കുന്ന അവൻ യുവജനങ്ങളോട്‌ യാതൊരു കരുണയും കാണിക്കുന്നില്ല. ഉദാഹരണത്തിന്‌, പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രണ്ടു വയസ്സും അതിന്‌ താഴെയുമുള്ള ബേത്ത്‌ലേഹെമിലെ സകല ആൺകുട്ടികളെയും വധിക്കാൻ ഹെരോദാവ്‌ പദ്ധതിയിട്ടു. (മത്തായി 2:16) ഭാവിയിൽ ദൈവത്തിന്റെ വാഗ്‌ദത്ത മിശിഹാ ആയിത്തീർന്ന്‌ സാത്താന്റെമേൽ ദൈവത്തിന്റെ ന്യായവിധി നടപ്പാക്കാനിരുന്ന കുട്ടിയെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ സാധ്യതയനുസരിച്ച്‌ സാത്താൻ ആയിരുന്നു ഹെരോദാവിനെ ഇതിനു പ്രേരിപ്പിച്ചത്‌! (ഉല്‌പത്തി 3:15) വ്യക്തമായും, സാത്താന്‌ യുവജനങ്ങളോട്‌ യാതൊരു കരുണയും ഇല്ല. ആവുന്നത്ര മനുഷ്യരെ വിഴുങ്ങുക എന്നതു മാത്രമാണ്‌ അവന്റെ ചിന്ത. ഇപ്പോൾ ഇത്‌ വിശേഷിച്ചും സത്യമാണ്‌, കാരണം സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെട്ടിരിക്കുന്ന സാത്താൻ “തനിക്കു അല്‌പകാലമേയുള്ളൂ എന്നു അറിഞ്ഞു മഹാക്രോധത്തോടെ” ഭൂമിയിലേക്ക്‌ ഇറങ്ങിവന്നിരിക്കുകയാണ്‌.​—⁠വെളിപ്പാടു 12:​9, 12.

7. (എ) യഹോവ സാത്താനിൽനിന്ന്‌ തികച്ചും വ്യത്യസ്‌തനായിരിക്കുന്നത്‌ എങ്ങനെ? (ബി) നിങ്ങൾ ജീവിതം ആസ്വദിക്കുന്നതു സംബന്ധിച്ച യഹോവയുടെ മനോഭാവം എന്താണ്‌?

7 “മഹാക്രോധത്തോടെ” പ്രവർത്തിക്കുന്ന സാത്താനിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായി യഹോവ “ആർദ്രകരുണ” പ്രകടമാക്കുന്നു. (ലൂക്കൊസ്‌ 1:79) അവൻ സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമാണ്‌. നമ്മുടെ സ്രഷ്ടാവിന്റെ വ്യക്തിത്വത്തിൽ ഈ വിശിഷ്ട ഗുണം അങ്ങേയറ്റം പ്രകടമായതിനാൽ “ദൈവം സ്‌നേഹം തന്നേ” എന്ന്‌ ബൈബിൾ അവനെ കുറിച്ചു പറയുന്നു. (1 യോഹന്നാൻ 4:⁠8) ഈ വ്യവസ്ഥിതിയുടെ ദൈവവും നിങ്ങൾക്ക്‌ ആരാധിക്കാൻ പദവി ലഭിച്ചിരിക്കുന്ന ദൈവവും തമ്മിൽ എത്ര വലിയ അന്തരമാണ്‌ ഉള്ളത്‌! സാത്താൻ മനുഷ്യരെ വിഴുങ്ങാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുമ്പോൾ, ‘ആരും നശിച്ചുപോകാതിരിക്കാനാണ്‌’ യഹോവ ആഗ്രഹിക്കുന്നത്‌. (2 പത്രൊസ്‌ 3:⁠9) ഓരോ മനുഷ്യ ജീവനും അവന്‌ വിലപ്പെട്ടതാണ്‌, അതിൽ നിങ്ങളുടേതും പെടും. യഹോവ തന്റെ വചനത്തിലൂടെ ലോകത്തിന്റെ ഭാഗമാകാതിരിക്കാൻ നിങ്ങളെ ആഹ്വാനം ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതാസ്വാദനത്തിനോ സ്വാതന്ത്ര്യത്തിനോ തടയിടാനല്ല അവൻ ശ്രമിക്കുന്നത്‌. (യോഹന്നാൻ 15:​19, NW) മറിച്ച്‌, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം നിങ്ങളെ കാത്തുകൊള്ളുകയാണ്‌ അവൻ. ഈ ലോകത്തിന്റെ നൈമിഷിക സന്തോഷങ്ങളെക്കാൾ വളരെ മെച്ചമായ ഒന്ന്‌ നിങ്ങൾ ആസ്വദിക്കണമെന്ന്‌ നിങ്ങളുടെ സ്വർഗീയ പിതാവ്‌ ആഗ്രഹിക്കുന്നു. ‘സാക്ഷാലുള്ള ജീവൻ,’ അതായത്‌ നിങ്ങൾ പറുദീസാ ഭൂമിയിലെ നിത്യജീവൻ പ്രാപിക്കണം എന്നതാണ്‌ അവന്റെ ആഗ്രഹം. (1 തിമൊഥെയൊസ്‌ 6:​17-19) നിങ്ങൾ വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നു, ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ അവൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. (1 തിമൊഥെയൊസ്‌ 2:⁠4) കൂടാതെ, യഹോവ ഒരു പ്രത്യേക ക്ഷണം നിങ്ങൾക്കു വെച്ചുനീട്ടുന്നു. അത്‌ എന്താണ്‌?

“എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക”

8, 9. (എ) യഹോവയ്‌ക്ക്‌ എന്തു സമ്മാനം കൊടുക്കാൻ നിങ്ങൾക്കു കഴിയും? (ബി) ഇയ്യോബിന്റെ കാര്യത്തിൽ വ്യക്തമാകുന്നതു പോലെ സാത്താൻ ഏതു വിധത്തിൽ യഹോവയെ നിന്ദിക്കുന്നു?

8 നിങ്ങൾ എപ്പോഴെങ്കിലും ഒരു അടുത്ത സുഹൃത്തിനു വേണ്ടി ഒരു സമ്മാനം വാങ്ങിയിട്ടുണ്ടോ? അതു നൽകിയപ്പോൾ സുഹൃത്തിന്റെ മുഖം അതിശയവും വിലമതിപ്പും കൊണ്ട്‌ പ്രകാശമാനമായില്ലേ? സാധ്യതയനുസരിച്ച്‌ ആ വ്യക്തിക്ക്‌ കൊടുക്കാൻ പറ്റിയ സമ്മാനം എന്തായിരിക്കും എന്നതിനെ കുറിച്ച്‌ നിങ്ങൾ വളരെയധികം ചിന്തിച്ചിരുന്നിരിക്കണം. ഇപ്പോൾ ഈ ചോദ്യം പരിചിന്തിക്കുക: നിങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്‌ എന്തു സമ്മാനമാണ്‌ നിങ്ങൾക്കു നൽകാൻ കഴിയുക? അതൊരു ബുദ്ധിശൂന്യമായ ആശയമാണെന്ന്‌ ആദ്യം തോന്നിയേക്കാം. വെറുമൊരു മനുഷ്യനിൽനിന്ന്‌ എന്താണ്‌ സർവശക്തന്‌ ആവശ്യമുണ്ടായിരിക്കുക? ദൈവത്തിന്‌ ഇപ്പോൾ ഇല്ലാത്ത എന്താണ്‌ നിങ്ങൾക്ക്‌ അവനു കൊടുക്കാൻ കഴിയുക? ബൈബിൾ സദൃശവാക്യങ്ങൾ 27:​11-ൽ ഉത്തരം പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”

9 പിശാചായ സാത്താനാണ്‌ യഹോവയെ നിന്ദിക്കുന്നവൻ എന്ന്‌ നിങ്ങളുടെ ബൈബിൾ പഠനത്തിൽനിന്ന്‌ നിങ്ങൾ ഒരുപക്ഷേ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും. ദൈവത്തെ സേവിക്കുന്ന ഏവരും സ്‌നേഹം നിമിത്തമല്ല, മറിച്ച്‌ സ്വാർഥ കാരണങ്ങളാലാണ്‌ അങ്ങനെ ചെയ്യുന്നതെന്ന്‌ അവൻ അവകാശപ്പെടുന്നു. കഷ്ടപ്പാട്‌ വന്നാൽ ഉടൻ അവർ സത്യാരാധന ഉപേക്ഷിക്കും എന്നതാണ്‌ അവന്റെ അവകാശവാദം. ഉദാഹരണത്തിന്‌, നീതിമാനായ ഇയ്യോബിനെപ്പറ്റി സാത്താൻ യഹോവയോടു പറഞ്ഞതിനെ കുറിച്ച്‌ ചിന്തിക്കുക: “നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുററും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.”​—⁠ഇയ്യോബ്‌ 1:​10, 11.

10. (എ) ഇയ്യോബിന്റെ മാത്രം നിർമലതയെ അല്ല സാത്താൻ ചോദ്യം ചെയ്‌തത്‌ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

10 ബൈബിൾ വിവരണം വെളിപ്പെടുത്തുന്ന പ്രകാരം സാത്താൻ ഇയ്യോബിന്റെ മാത്രം വിശ്വസ്‌തതയെ അല്ല, നിങ്ങൾ ഉൾപ്പെടെ ദൈവത്തെ സേവിക്കുന്ന സകലരുടെയും വിശ്വസ്‌തതയെയാണു ചോദ്യം ചെയ്‌തത്‌. പൊതുവിൽ മനുഷ്യവർഗത്തെ കുറിച്ച്‌ സാത്താൻ യഹോവയോടു പറഞ്ഞു: “മനുഷ്യൻ [ഇയ്യോബു മാത്രമല്ല, ഏതൊരു വ്യക്തിയും] തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ഇയ്യോബ്‌ 2:⁠4) ഈ പ്രധാനപ്പെട്ട വിവാദവിഷയത്തിലെ നിങ്ങളുടെ പങ്ക്‌ മനസ്സിലായോ? സദൃശവാക്യങ്ങൾ 27:​11 സൂചിപ്പിക്കുന്നത്‌ അനുസരിച്ച്‌ നിങ്ങൾക്ക്‌ ഒരു സംഗതി യഹോവയ്‌ക്കു നൽകാൻ കഴിയുമെന്ന്‌ അവൻ പറയുന്നു​—⁠തന്നെ നിന്ദിക്കുന്നവനായ സാത്താന്‌ ഒരു മറുപടി നൽകുന്നതിനുള്ള അടിസ്ഥാനം. അതിനെ കുറിച്ചു ചിന്തിക്കുക, എക്കാലത്തെയും ഏറ്റവും വലിയ വിവാദപ്രശ്‌നത്തിന്‌ ഉത്തരം നൽകുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ അഖിലാണ്ഡ പരമാധികാരി നിങ്ങളെ ക്ഷണിക്കുകയാണ്‌. എത്ര മഹത്തായ ഒരു ഉത്തരവാദിത്വവും പദവിയുമാണ്‌ നിങ്ങൾക്ക്‌ ഉള്ളത്‌! യഹോവ നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌ ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? ഇയ്യോബ്‌ അതു ചെയ്‌തു! (ഇയ്യോബ്‌ 2:​9, 10) യേശുവും ചരിത്രത്തിലുടനീളം അസംഖ്യം മറ്റാളുകളും അതുതന്നെ ചെയ്‌തു, അനേകം യുവജനങ്ങൾ ഉൾപ്പെടെ. (ഫിലിപ്പിയർ 2:8; വെളിപ്പാടു 6:⁠9) നിങ്ങൾക്കും അതു ചെയ്യാൻ കഴിയും. എന്നാൽ ഒരു സംഗതി ഉറപ്പാണ്‌, ഈ കാര്യത്തിൽ നിഷ്‌പക്ഷ നിലപാട്‌ എന്നു പറയുന്ന ഒന്നില്ല. നിങ്ങളുടെ പ്രവർത്തനഗതിയിലൂടെ നിങ്ങൾ ഒന്നുകിൽ സാത്താന്റെ നിന്ദയെ അല്ലെങ്കിൽ യഹോവയുടെ മറുപടിയെ പിന്തുണയ്‌ക്കും. എന്തിനെ ആയിരിക്കും നിങ്ങൾ പിന്തുണയ്‌ക്കുക?

യഹോവ നിങ്ങൾക്കായി കരുതുന്നു!

11, 12. നിങ്ങൾ യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നുവോ ഇല്ലയോ എന്നത്‌ അവനെ സംബന്ധിച്ചിടത്തോളം പ്രധാനമാണോ? വിശദീകരിക്കുക.

11 നിങ്ങൾ ഏതു തിരഞ്ഞെടുപ്പു നടത്തുന്നു എന്നത്‌ യഥാർഥത്തിൽ യഹോവയെ സംബന്ധിച്ചിടത്തോളം പ്രധാനമാണോ? സാത്താന്‌ ചുട്ടമറുപടി കൊടുക്കാൻ ആവശ്യമായത്രയും പേർ ഇപ്പോൾത്തന്നെ അവനോടു വിശ്വസ്‌തരായിരുന്നിട്ടില്ലേ? ശരിയാണ്‌, സ്‌നേഹത്താൽ പ്രേരിതരായി യഹോവയെ സേവിക്കുന്ന ആരുമില്ല എന്നാണ്‌ പിശാച്‌ പറഞ്ഞത്‌, ആ ആരോപണം തെറ്റാണെന്ന്‌ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്നു. എങ്കിലും യഹോവ, ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കായി കരുതുന്നതു നിമിത്തം പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ നിങ്ങൾ തന്റെ പക്ഷത്തു നിലയുറപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നു. യേശു പറഞ്ഞു: “ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.”​—⁠മത്തായി 18:14.

12 വ്യക്തമായും നിങ്ങൾ ഏതു ഗതി തിരഞ്ഞെടുക്കുന്നു എന്നതിൽ യഹോവ തത്‌പരനാണ്‌. അതിലുപരി അത്‌ അവനെ ബാധിക്കുന്നു. യഹോവയ്‌ക്ക്‌ ആഴമേറിയ വികാരങ്ങൾ ഉണ്ടെന്നും ആ വികാരങ്ങളെ ഉണർത്താൻ മനുഷ്യരുടെ നല്ലതും മോശവുമായ പ്രവൃത്തികൾക്കു സാധിക്കുമെന്നും ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ ഇസ്രായേല്യർ ആവർത്തിച്ചു യഹോവയോടു മത്സരിച്ചപ്പോൾ അവന്‌ “വേദന” തോന്നി. (സങ്കീർത്തനം 78:​40, 41, NW) നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പുള്ള സമയത്ത്‌ ‘മനുഷ്യന്റെ ദുഷ്ടത വലുതായി’ത്തീർന്നപ്പോൾ യഹോവയ്‌ക്ക്‌ ‘ഹൃദയത്തിൽ ദുഃഖം തോന്നി.’ (ഉല്‌പത്തി 6:​5, 6) ഇതിന്റെ അർഥം എന്താണെന്നു ചിന്തിക്കുക. നിങ്ങൾ തെറ്റായ ഒരു ഗതി തിരഞ്ഞെടുക്കുന്നത്‌ നിങ്ങളുടെ സ്രഷ്ടാവിനെ വേദനിപ്പിക്കും. ദൈവം ബലഹീനനോ ഒരു വികാരജീവിയോ ആണെന്നല്ല ഇതിന്റെ അർഥം. പകരം, അവൻ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾക്ക്‌ നന്മ വരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ്‌. അതുകൊണ്ട്‌ ശരിയായതു ചെയ്യുകയാണെങ്കിൽ യഹോവയുടെ ഹൃദയത്തെ നിങ്ങൾക്കു സന്തോഷിപ്പിക്കാനാകും. സാത്താന്‌ മറുപടി കൊടുക്കുന്നതിന്‌ കൂടുതലായ അടിസ്ഥാനം ലഭിക്കുന്നതിൽ മാത്രമല്ല അവൻ സന്തോഷിക്കുന്നത്‌, മറിച്ച്‌ ഇപ്പോൾ നിങ്ങൾക്ക്‌ പ്രതിഫലം നൽകാൻ കഴിയുമെന്നതും അവനെ സന്തുഷ്ടനാക്കുന്നു. അവൻ ആഗ്രഹിക്കുന്ന ഒന്നാണ്‌ ഇത്‌. (എബ്രായർ 11:⁠6) എത്ര സ്‌നേഹവാനായ ഒരു പിതാവാണ്‌ നിങ്ങളുടെ ദൈവമായ യഹോവ!

സമൃദ്ധമായ അനുഗ്രഹങ്ങൾ​—⁠ഇപ്പോൾ

13. യഹോവയെ സേവിക്കുന്നത്‌ ഇപ്പോൾത്തന്നെ അനുഗ്രഹങ്ങൾ കൈവരുത്തുന്നത്‌ എങ്ങനെ?

13 യഹോവയെ സേവിക്കുന്നത്‌ ഭാവിയിൽ മാത്രമല്ല അനുഗ്രഹങ്ങൾ കൈവരുത്തുന്നത്‌. യഹോവയുടെ സാക്ഷികളുടെ ഇടയിലെ അനേകം യുവജനങ്ങൾ ഇപ്പോൾത്തന്നെ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കുന്നു. അതിനു നല്ല കാരണവുമുണ്ട്‌. “യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 19:⁠8) നമുക്ക്‌ ഏറ്റവും മെച്ചമായത്‌ എന്താണെന്ന്‌ മറ്റാരെക്കാളും നന്നായി യഹോവയ്‌ക്ക്‌ അറിയാം. പ്രവാചകനായ യെശയ്യാവു മുഖാന്തരം യഹോവ ഇങ്ങനെ പറഞ്ഞു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:​17, 18.

14. കടബാധ്യത വരുത്തിവെക്കുന്ന വേദന ഒഴിവാക്കാൻ ബൈബിൾ തത്ത്വങ്ങൾക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

14 ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നത്‌ വളരെയധികം ഹൃദയവേദനയും ദുഃഖവും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്‌, പണസ്‌നേഹം വളർത്തിയെടുത്തിരിക്കുന്നവർ “ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 6:​9, 10) ഈ തിരുവെഴുത്തിൽ പരാമർശിച്ചിരിക്കുന്ന പൊള്ളുന്ന യാഥാർഥ്യം അനുഭവത്തിലൂടെ മനസ്സിലാക്കേണ്ടി വന്നിട്ടുള്ള ചെറുപ്പക്കാരെ നിങ്ങൾക്കറിയാമോ? ഫാഷൻ ഡിസൈനർമാർ നിർമിച്ചതോ പ്രശസ്‌ത ബ്രാൻഡ്‌ നെയിമുകൾ ഉള്ളതോ ആയ ഏറ്റവും പുതിയ വസ്‌ത്രങ്ങളും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും വാങ്ങിക്കൂട്ടാനുള്ള വ്യഗ്രതയിൽ ചില യുവാക്കൾ കടുത്ത കടബാധ്യത വരുത്തിവെച്ചിട്ടുണ്ട്‌. യഥാർഥത്തിൽ നിങ്ങൾക്കു വാങ്ങാൻ കഴിവില്ലാത്ത സാധനങ്ങൾ സ്വന്തമാക്കുന്നതിനായി ഉയർന്ന പലിശ നിരക്കിൽ ദീർഘകാല വായ്‌പകൾ എടുത്ത്‌ അതു വളരെ ഭാരപ്പെട്ട്‌ അടച്ചുതീർക്കാൻ ശ്രമിക്കുന്നത്‌ ഒരുതരത്തിലുള്ള അടിമത്തമാണ്‌, ക്ലേശകരമായ അടിമത്തം!​—⁠സദൃശവാക്യങ്ങൾ 22:⁠7.

15. ലൈംഗിക അധാർമികതയുടെ ഫലമായി ഉണ്ടാകുന്ന വേദനയിൽനിന്ന്‌ ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ ഏതു വിധങ്ങളിൽ സംരക്ഷിക്കുന്നു?

15 ഇനി, ലൈംഗിക അധാർമികതയുടെ കാര്യം പരിചിന്തിക്കുക. ഓരോ വർഷവും ലോകത്തുടനീളം കൗമാരപ്രായക്കാരായ അസംഖ്യം പെൺകുട്ടികൾ വിവാഹിതരാകും മുമ്പെ ഗർഭിണികളാകുന്നു. ചിലർ തങ്ങൾക്കു പോറ്റാൻ കഴിവില്ലാത്ത അല്ലെങ്കിൽ പോറ്റാൻ ആഗ്രഹിക്കാത്ത കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു. മറ്റുള്ളവർ ഗർഭച്ഛിദ്രം നടത്തുകയും മനസ്സാക്ഷിക്കുത്തുമായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. ഇനി, ചില യുവതീയുവാക്കന്മാർക്ക്‌ എയ്‌ഡ്‌സ്‌ പോലുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾ പിടിപെടുന്നു. യഹോവയെ അറിയാവുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനുമായുള്ള ബന്ധം തകരുന്നതാണ്‌ തീർച്ചയായും ഏറ്റവും ഗുരുതരമായ ഭവിഷ്യത്ത്‌. * (ഗലാത്യർ 5:​19-21) അതുകൊണ്ട്‌ “ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടുവിൻ” എന്നു ബൈബിൾ പറയുന്നത്‌ തീർച്ചയായും നല്ല കാരണത്തോടെയാണ്‌.​—⁠1 കൊരിന്ത്യർ 6:18.

‘സന്തുഷ്ടനായ ദൈവത്തെ’ സേവിക്കൽ

16. (എ) നിങ്ങൾ യൗവനം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) യഹോവ നിങ്ങൾക്കു മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

16 ബൈബിൾ യഹോവയെ ‘സന്തുഷ്ടനായ ദൈവം’ എന്നു വിളിക്കുന്നു. (1 തിമൊഥെയൊസ്‌ 1:​11, NW) നിങ്ങളും സന്തുഷ്ടനായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവന്റെ സ്വന്ത വചനം ഇങ്ങനെ പറയുന്നു: “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ.” (സഭാപ്രസംഗി 11:⁠9) എന്നാൽ യഹോവയ്‌ക്ക്‌ വർത്തമാനകാലത്തിനും അപ്പുറത്തുള്ളതു കാണാനും നല്ല നടത്തയുടെയും മോശമായ നടത്തയുടെയും ദീർഘകാല ഫലങ്ങൾ ഗ്രഹിക്കാനും കഴിയും. അതുകൊണ്ടാണ്‌ അവൻ നിങ്ങൾക്ക്‌ ഈ ഉദ്‌ബോധനം നൽകുന്നത്‌: ‘നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും ചെയ്യുംമുമ്പെ തന്നേ.’​—⁠സഭാപ്രസംഗി 12:​1, 2.

17, 18. ഒരു യുവക്രിസ്‌ത്യാനി യഹോവയെ സേവിക്കുന്നതിലെ സന്തോഷം പ്രകടിപ്പിച്ചത്‌ എങ്ങനെ, സമാനമായ സന്തോഷം നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താം?

17 ഇന്ന്‌ യഹോവയെ സേവിക്കുന്നതിൽ അനേകം യുവജനങ്ങൾ വലിയ സന്തോഷം കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്‌ 15 വയസ്സുകാരി ലീന പറയുന്നു: “എനിക്ക്‌ ആത്മാഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച്‌ നടക്കാൻ കഴിയുന്നു. പുകവലിക്കുകയോ മയക്കുമരുന്ന്‌ ഉപയോഗിക്കുകയോ ചെയ്യാത്തതിനാൽ നല്ല ആരോഗ്യമുള്ള ഒരു ശരീരം എനിക്ക്‌ ഉണ്ട്‌. സാത്താൻ കൊണ്ടുവരുന്ന കടുത്ത സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ സഹായകമായ വിലയേറിയ മാർഗനിർദേശങ്ങൾ എനിക്ക്‌ സഭയിലൂടെ ലഭിക്കുന്നു. രാജ്യഹാളിലെ കെട്ടുപണിചെയ്യുന്ന സഹവാസം നിമിത്തം എന്റെ മുഖം സന്തോഷത്താൽ തിളങ്ങുന്നു. സർവോപരി, ഭൂമിയിൽ നിത്യമായി ജീവിക്കുക എന്ന അതുല്യമായ പ്രത്യാശയും എനിക്കുണ്ട്‌.”

18 ലീനയെ പോലെ അനേകം ക്രിസ്‌തീയ യുവജനങ്ങൾ വിശ്വാസത്തിനു വേണ്ടി കഠിനപോരാട്ടം നടത്തുകയാണ്‌. ഇത്‌ അവർക്ക്‌ സന്തോഷം കൈവരുത്തുന്നു. പ്രശ്‌നങ്ങളും സമ്മർദങ്ങളും ഉണ്ടെങ്കിലും തങ്ങളുടെ ജീവിതത്തിന്‌ ഒരു യഥാർഥ ഉദ്ദേശ്യമുണ്ടെന്നും തങ്ങൾക്ക്‌ ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കാനാകുമെന്നും അവർക്കറിയാം. അതുകൊണ്ട്‌, നിങ്ങൾക്ക്‌ ഏറ്റവും നല്ലതു വരണമെന്ന്‌ ആഗ്രഹിക്കുന്ന ദൈവത്തെ സേവിക്കുന്നതിൽ തുടരുക. അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക, ഇപ്പോഴും എന്നേക്കും സന്തോഷിക്കാനുള്ള കാരണം അവൻ നിങ്ങൾക്കും നൽകും!​—⁠സങ്കീർത്തനം 5:11.

[അടിക്കുറിപ്പുകൾ]

^ ഖ. 3 1996 ഒക്ടോബർ 22 ലക്കം ഉണരുക!യിൽ വന്ന “സത്യം എനിക്കു ജീവൻ തിരിച്ചുനൽകി” എന്ന ലേഖനം കാണുക.

^ ഖ. 15 ഒരു വ്യക്തി അനുതപിക്കുകയും തെറ്റു ചെയ്യുന്നതു നിറുത്തുകയും പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ യഹോവ ‘ധാരാളമായി ക്ഷമിക്കും’ എന്നറിയുന്നത്‌ ആശ്വാസകരമാണ്‌.​—⁠യെശയ്യാവു 55:⁠7.

നിങ്ങൾ ഓർമിക്കുന്നുവോ?

• സാത്താനെന്ന “ദുഷ്ട”നിൽനിന്ന്‌ നിങ്ങൾ എന്ത്‌ അപകടം നേരിടുന്നു?

• നിങ്ങൾക്ക്‌ എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും?

• യഹോവ നിങ്ങൾക്കായി കരുതുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

• യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[13 -ാം പേജിലെ ചതുരം/ചിത്രം]

ഇടറിവീഴാൻ തുടങ്ങിയ ഒരു നീതിമാൻ

പുരാതന ഇസ്രായേലിലെ യഹോവയുടെ ആലയത്തിൽ സേവിച്ചിരുന്ന ഒരു പ്രമുഖ ലേവ്യ സംഗീതജ്ഞനായിരുന്നു ആസാഫ്‌. അവൻ രചിച്ച ഗീതങ്ങൾ പരസ്യ ആരാധനയിൽപ്പോലും ഉപയോഗിച്ചിരുന്നു. അതുല്യമായ സേവന പദവികൾ ഉണ്ടായിരുന്നിട്ടും കുറച്ചു നാളത്തേക്ക്‌ ആസാഫ്‌ മറ്റുള്ളവരുടെ ഭക്തികെട്ട നടത്തയിലേക്ക്‌ ആകർഷിക്കപ്പെട്ടു. ദൈവ നിയമങ്ങൾ ലംഘിച്ചിട്ടും അവർക്കു യാതൊരു കുഴപ്പവും സംഭവിക്കുന്നില്ല എന്ന്‌ അവനു തോന്നി. “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി” എന്ന്‌ ആസാഫ്‌ പിന്നീട്‌ സമ്മതിച്ചുപറഞ്ഞു. “ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.”​—⁠സങ്കീർത്തനം 73:​2, 3.

പിന്നീട്‌ ആസാഫ്‌ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്ന്‌ ഈ സംഗതിയെ കുറിച്ചു പ്രാർഥിച്ചു. ഒരിക്കൽക്കൂടെ കാര്യങ്ങളെ ആത്മീയമായ ഒരു വിധത്തിൽ വിലയിരുത്താൻ അവനു കഴിഞ്ഞു. യഹോവ തിന്മയെ ദ്വേഷിക്കുന്നുവെന്നും തക്കസമയത്ത്‌ ദുഷ്ടന്മാരും നീതിമാന്മാരും തങ്ങളുടെ പ്രവൃത്തിയുടെ ഫലം കൊയ്യുമെന്നും അവൻ മനസ്സിലാക്കി. (സങ്കീർത്തനം 73:​17-20; ഗലാത്യർ 6:​7, 8) അതേ, ദുഷ്ടന്മാർ വഴുവഴുപ്പിലാണ്‌ നിൽക്കുന്നത്‌. യഹോവ ഈ ഭക്തികെട്ട വ്യവസ്ഥിതിയെ നശിപ്പിക്കുമ്പോഴെങ്കിലും അവർ വീഴും.​—⁠വെളിപ്പാടു 21:⁠8.

[15 -ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾക്ക്‌ ഏറ്റവും നല്ലതു വരാൻ യഹോവ ആഗ്രഹിക്കുന്നു, എന്നാൽ നിങ്ങളെ വിഴുങ്ങാനാണ്‌ സാത്താൻ ശ്രമിക്കുന്നത്‌

[16 -ാം പേജിലെ ചിത്രം]

സഹക്രിസ്‌ത്യാനികളോടൊപ്പം യഹോവയെ സേവിക്കുന്നതിലൂടെ അനേകം യുവജനങ്ങൾ ഏറ്റവും വലിയ സന്തോഷം ആസ്വദിക്കുന്നു