വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുവാർത്താ പ്രസംഗം അത്യന്തം അവിസ്‌മരണീയമാകുമ്പോൾ

സുവാർത്താ പ്രസംഗം അത്യന്തം അവിസ്‌മരണീയമാകുമ്പോൾ

സുവാർത്താ പ്രസംഗം അത്യന്തം അവിസ്‌മരണീയമാകുമ്പോൾ

ചുട്ടുപൊള്ളുന്ന വെയിൽ. പർവതപ്രദേശത്തുകൂടെയുള്ള പാത അന്തമില്ലാതെ നീണ്ടുകിടക്കുകയാണ്‌. ഏറ്റവും ദൂരെയുള്ള ഗ്രാമമാണ്‌ ഞങ്ങളുടെ ലക്ഷ്യം. അനവധി തടസ്സങ്ങൾ തരണംചെയ്‌ത്‌ ഒടുവിൽ ഞങ്ങൾ അവിടെ എത്തിച്ചേരുന്നു. ആദ്യത്തെ വീട്ടിൽ ഊഷ്‌മളമായ സ്വീകരണം ലഭിക്കുമ്പോൾ ക്ഷീണവും തളർച്ചയും സന്തോഷമായി മാറുന്നു. ആ ദിവസം അവസാനിക്കുമ്പോഴേക്കും കൊണ്ടുവന്ന സാഹിത്യം മുഴുവൻ ഞങ്ങൾ സമർപ്പിക്കുകയും അനേകം ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. ആളുകൾ പഠിക്കാൻ വളരെ താത്‌പര്യം പ്രകടിപ്പിക്കുന്നു. ഒടുവിൽ, മടങ്ങിച്ചെല്ലാമെന്ന ഉറപ്പ്‌ നൽകി ഞങ്ങൾ തിരികെ പോരുന്നു.”

മെക്‌സിക്കോയിലെ ചില പയനിയർ ശുശ്രൂഷകർക്ക്‌ അത്തരം അനുഭവങ്ങൾ സാധാരണമാണ്‌. യേശുക്രിസ്‌തു തന്റെ ശിഷ്യർക്ക്‌ നൽകിയ പിൻവരുന്ന നിയോഗം നിവർത്തിക്കുന്നതിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കാൻ ഇവർ ദൃഢചിത്തരാണ്‌: ‘നിങ്ങൾ ഭൂമിയുടെ അററത്തോളം എന്റെ സാക്ഷികൾ ആകും.’ (പ്രവൃത്തികൾ 1:8) മെക്‌സിക്കോയിൽ, സഭകൾക്ക്‌ നിയമിച്ചുകൊടുത്തിട്ടില്ലാത്തതും അതുകൊണ്ടുതന്നെ ദൈവരാജ്യസുവാർത്ത ക്രമമായി ലഭിക്കാത്തതുമായ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനായി പയനിയർ റൂട്ട്‌ എന്ന പേരിൽ പ്രത്യേക പ്രസംഗ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. സാധാരണ ഗതിയിൽ ദൂരെയുള്ളതോ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതോ ആയ പ്രദേശങ്ങളായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. വളരെ വലിയ പ്രദേശമുള്ള ഒറ്റപ്പെട്ട സഭകൾക്കും സഹായം നൽകപ്പെടുന്നുണ്ട്‌.

പയനിയർ റൂട്ടിലൂടെ ഏതൊക്കെ പ്രദേശങ്ങൾ പ്രവർത്തിക്കണമെന്ന്‌ തീരുമാനിക്കാനായി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രദേശത്തിന്റെ ആവശ്യങ്ങൾ പരിശോധിക്കുന്നു. * അതിനുശേഷം, പ്രത്യേക പയനിയർമാരുടെ കൂട്ടങ്ങളെ ആ പ്രദേശത്തേക്ക്‌ നിയമിക്കുന്നു. ടാറിടാത്ത, കുണ്ടുംകുഴിയുമുള്ള മലമ്പാതകൾക്ക്‌ അനുയോജ്യമായ വാഹനങ്ങളും അവർക്ക്‌ നൽകുന്നു. സാഹിത്യങ്ങൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ ഉറങ്ങാനുമായി ഈ വാഹനങ്ങൾ ഉപയോഗിക്കുന്നു.

സത്വര പ്രതികരണം

പ്രത്യേക പയനിയർമാരോടൊപ്പം ഈ പ്രവർത്തനത്തിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള ക്ഷണം 1996 ഒക്ടോബർ മുതൽ മറ്റ്‌ സുവാർത്താ ഘോഷകർക്കു നൽകപ്പെട്ടിരിക്കുന്നു. ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കാൻ സന്നദ്ധരായ രാജ്യപ്രസാധകരും അതുപോലെതന്നെ സാധാരണ പയനിയർമാരും വിവിധ ഘട്ടങ്ങളിൽ ഈ പ്രസംഗ പ്രസ്ഥാനത്തിൽ ചേരുന്നു. ചിലരെ മാർഗമധ്യേയുള്ള സഭകളിൽ നിയമിക്കുന്നു. ആ പ്രദേശത്ത്‌ സുവാർത്ത ഘോഷിക്കാനും കണ്ടെത്തുന്ന താത്‌പര്യത്തെ വളർത്തിയെടുക്കാനുമാണ്‌ അത്‌. ധാരാളം യുവപ്രസാധകരും പയനിയർമാരും ഈ ക്ഷണം സ്വീകരിക്കുകയും വളരെ പ്രോത്സാഹജനകമായ അനുഭവങ്ങൾ ആസ്വദിക്കുകയും ചെയ്‌തിരിക്കുന്നു.

ഉദാഹരണമായി, ഒരു മൊബൈൽഫോൺ കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്ന ആബിമായെൽ എന്ന യുവ ക്രിസ്‌ത്യാനി ഈ വിദൂര മേഖലകളിലെ സുവാർത്താ പ്രസംഗത്തിൽ പങ്കുപറ്റാൻ തീരുമാനിച്ചു. അവൻ ഈ തൊഴിൽ വിടാൻപോകുകയാണെന്ന്‌ തൊഴിലധികാരികൾ കണ്ടപ്പോൾ അവർ അവന്‌ ഉദ്യോഗക്കയറ്റവും ശമ്പളവർധനയും വാഗ്‌ദാനം ചെയ്‌തു. ഈ സുവർണാവസരം കളഞ്ഞുകുളിക്കരുതെന്നു പറഞ്ഞുകൊണ്ട്‌ സഹജോലിക്കാർ അവന്റെമേൽ സമ്മർദം ചെലുത്തി. എന്നിരുന്നാലും, ഈ പ്രത്യേക പ്രസംഗ പ്രസ്ഥാനത്തെ മൂന്നു മാസത്തേക്കു പിന്തുണയ്‌ക്കാൻ ആബിമായെൽ തീരുമാനിച്ചുറച്ചിരുന്നു. ഈ സേവനം ആസ്വദിച്ചശേഷം ആബിമായെൽ, രാജ്യപ്രസാധകരുടെ ആവശ്യം കൂടുതലുള്ള ഒരു ഒറ്റപ്പെട്ട സഭയിൽ അനിശ്ചിതകാലം തുടരാൻ തീരുമാനിച്ചു. ഇപ്പോൾ അവന്‌ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്‌, ജീവിതം ലളിതമാക്കാൻ അവൻ പഠിച്ചിരിക്കുന്നു.

മറ്റൊരു അനുഭവം ഹൂലീസ്സായുടേതാണ്‌. തന്റെ നിയമിത സ്ഥലത്ത്‌ എത്താൻ അവൾക്ക്‌ 22 മണിക്കൂർ ബസ്‌യാത്ര ചെയ്യേണ്ടത്‌ ഉണ്ടായിരുന്നു. ബസ്‌ മാറിക്കയറി വേണമായിരുന്നു യാത്ര ചെയ്യാൻ. എന്നാൽ അവസാനമായി മാറിക്കയറേണ്ടിയിരുന്ന ബസ്‌ അവൾക്ക്‌ കിട്ടിയില്ല. അതാണെങ്കിൽ ആ ദിവസത്തെ അവസാനത്തെ ബസ്സും ആയിരുന്നു. അതുകൊണ്ട്‌, തൊഴിലാളികളെ കയറ്റിക്കൊണ്ടുപോകുകയായിരുന്ന ലോറിക്കാരോട്‌ താനും ലോറിയിൽ കയറിക്കോട്ടെയെന്ന്‌ ഹൂലീസ്സാ ധൈര്യം സംഭരിച്ച്‌ ചോദിച്ചു. ആ വാഹനത്തിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ അവൾക്ക്‌ സ്വാഭാവികമായും ഭയം തോന്നി. എന്നാൽ അതിലൊരു ചെറുപ്പക്കാരനോട്‌ സാക്ഷീകരിച്ചു തുടങ്ങിയപ്പോഴാണ്‌ അവൾക്കു മനസ്സിലായത്‌ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌! അവൾ പറയുന്നു, “അതുമാത്രമല്ല, ഞാൻ നിയമിക്കപ്പെട്ട സഭയിലെ ഒരു മൂപ്പനായിരുന്നു ലോറി ഡ്രൈവർ!”

പ്രായാധിക്യമുള്ളവർ വേലയിൽ പങ്കെടുക്കുന്നു

എന്നിരുന്നാലും ഈ പ്രവർത്തനം ചെറുപ്പക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. ആഥേലാ എന്ന പ്രായമേറിയ ഒരു സഹോദരി പ്രസംഗവേലയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ എല്ലായ്‌പോഴും ആഗ്രഹിച്ചിരുന്നു. ഈ പ്രത്യേക പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ക്ഷണം അതിനുള്ള ഒരു അവസരമായിരുന്നു. അവർ പറയുന്നു: “എന്റെ ആ നിയമനം ഞാൻ വളരെയേറെ ആസ്വദിച്ചതുകൊണ്ട്‌ അനിശ്ചിത കാലം അവിടെ തുടരാൻ എന്നെ അനുവദിക്കണമെന്ന്‌ ഞാൻ സഭയിലെ മൂപ്പന്മാരോട്‌ അഭ്യർഥിച്ചു. എന്റെ വാർധക്യത്തിലും യഹോവ എന്നെ ഉപയോഗിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടയാണ്‌.”

സമാനമായി, യഹോവയോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്താൽ പ്രചോദിതയായി 60 വയസ്സുള്ള മാർത്ത ഈ പ്രസംഗ പ്രസ്ഥാനത്തിൽ ഏർപ്പെട്ടു. വളരെ ബുദ്ധിമുട്ടു പിടിച്ച പ്രദേശത്തുകൂടെ വളരെ ദൂരം നടക്കേണ്ടിയിരുന്നതിനാൽ എല്ലാവരുടെയും അടുക്കൽ സുവാർത്ത എത്തിക്കാൻ തന്റെ കൂട്ടത്തിന്‌ കഴിയുന്നില്ലെന്നു കണ്ട അവർ പയനിയർമാർക്കായി ഒരു കാർ വാങ്ങി. കൂടുതൽ പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനും കൂടുതൽ ആളുകളുമായി സുവാർത്ത പങ്കുവെക്കുന്നതിനും ഇപ്പോൾ അവർക്കു കഴിയുന്നു.

ഹൃദയോഷ്‌മളമായ പ്രതികരണം

ഈ പ്രത്യേക പ്രസംഗ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നവരുടെ ലക്ഷ്യം ‘ശിഷ്യരെ ഉളവാക്കുക’ എന്നതാണ്‌. ഇക്കാര്യത്തിൽ വളരെ നല്ല ഫലമാണ്‌ ലഭിച്ചിരിക്കുന്നത്‌. ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ ആളുകൾക്ക്‌ ബൈബിളിൽനിന്ന്‌ ജീവരക്ഷാകരമായ സത്യം ലഭിച്ചിരിക്കുന്നു. (മത്തായി 28:19, 20) അനേകം ബൈബിളധ്യയനങ്ങൾ തുടങ്ങിയിരിക്കുന്നു. ആ പ്രദേശത്തുള്ള പ്രസാധകരോ അവിടെ തങ്ങിയിരിക്കുന്ന സുവിശേഷ ഘോഷകരോ ആണ്‌ ഈ അധ്യയനങ്ങൾ നടത്തുന്നത്‌. ചില സന്ദർഭങ്ങളിൽ, പ്രസാധകരുടെ കൂട്ടങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്‌, മറ്റു ചിലതിൽ ചെറു സഭകൾ പോലും രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌.

മാഗ്‌ദാലേനോയും കൂട്ടരും അവർക്ക്‌ നിയമനം ലഭിച്ച ഒറ്റപ്പെട്ട പ്രദേശത്തേക്ക്‌ ഒരു പൊതുവാഹനത്തിലാണു പോയത്‌. യാത്രയ്‌ക്കിടെ അവർ ഡ്രൈവറോട്‌ സാക്ഷീകരിച്ചു. “തലേ ആഴ്‌ച താൻ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഏതാനും സാക്ഷികൾ തന്റെ വീട്ടിൽ വന്നിരുന്നു എന്നും തിരിച്ചെത്തിയപ്പോൾ സാക്ഷികളിൽനിന്നു കേട്ട കാര്യങ്ങൾ കുടുംബാംഗങ്ങൾ താനുമായി പങ്കുവെച്ചെന്നും അയാൾ പറഞ്ഞു. തങ്ങൾ ആ പ്രദേശത്തുള്ളവരല്ലെന്നും ഈ പ്രത്യേക പ്രസംഗ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കാനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ സ്വന്തം ചെലവിൽ വന്നതാണെന്നും ഞങ്ങൾ ഡ്രൈവറോട്‌ വ്യക്തമാക്കി. മതിപ്പുതോന്നിയ ആ ഡ്രൈവർ, ആ ആഴ്‌ചതന്നെ താൻ കുടുംബത്തോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങുമെന്ന്‌ പറഞ്ഞു. ഞങ്ങളിൽനിന്ന്‌ യാത്രാക്കൂലി ഈടാക്കാതിരുന്നുകൊണ്ട്‌ അദ്ദേഹം വേലയ്‌ക്ക്‌ സംഭാവന ചെയ്യുകപോലുമുണ്ടായി.”

ചിയാപസ്‌ മലനിരകളിലെ തദ്ദേശീയരുടെ പ്രതികരണവും വളരെ മതിപ്പുളവാക്കുന്നതായിരുന്നു എന്നു മാഗ്‌ദാലേനോ പറയുന്നു. “പ്രസ്‌ബിറ്റേറിയൻ സഭക്കാരായ 26 യുവജനങ്ങൾ അടങ്ങുന്ന ഒരു കൂട്ടത്തോട്‌ രാജ്യസന്ദേശം അറിയിക്കാനുള്ള അവസരം എനിക്കും ഭാര്യക്കും ലഭിച്ചു. എല്ലാവരും അര മണിക്കൂർനേരം വളരെ ശ്രദ്ധയോടെ കേട്ടു. അവർ തങ്ങളുടെ ബൈബിളുകൾ എടുത്തുകൊണ്ടുവന്നു, അങ്ങനെ യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച്‌ ഒരു സമഗ്ര സാക്ഷ്യം നൽകാൻ ഞങ്ങൾക്കു സാധിച്ചു. ഭൂരിപക്ഷം ആളുകൾക്കും സെൽറ്റൽ ഭാഷയിൽ സ്വന്തം ബൈബിളുണ്ട്‌.” ധാരാളം നല്ല അധ്യയനങ്ങൾ അവിടെ ആരംഭിച്ചു.

എതിർപ്പിന്‌ ആശ്വാസം

ചിയാപസിലെ ഒരു സമുദായക്കാരിൽ ചിലരുടെ എതിർപ്പു നിമിത്തം രണ്ടു വർഷത്തിലധികമായി ആ പ്രദേശത്തു ബൈബിൾ സന്ദേശം പ്രസംഗിക്കാൻ ആരും ചെന്നിരുന്നില്ല. ആ ഗ്രാമത്തിൽ പ്രസംഗിക്കാൻ ചില സാക്ഷികൾ ഭയക്കുന്നതായി തെരേസ എന്ന ഒരു മുഴുസമയ സുവിശേഷക മനസ്സിലാക്കി. “എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട്‌ അവിടത്തെ ആളുകൾ സുവാർത്ത കേൾക്കാൻ മനസ്സൊരുക്കം കാണിച്ചു. ഞങ്ങൾ അവിടെ പ്രവർത്തിച്ചുകഴിഞ്ഞപ്പോൾ ഭയങ്കര മഴ തുടങ്ങി. ഒന്നു കയറി നിൽക്കാനായി ഞങ്ങൾ ചെന്നത്‌ സെബാസ്റ്റ്യാൻ എന്ന ദയാലുവായ ഒരു വ്യക്തിയുടെ വീട്ടിലാണ്‌. അദ്ദേഹം ഞങ്ങളെ വീട്ടിനുള്ളിൽ കയറ്റിയിരുത്തി. യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരെങ്കിലും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു. അദ്ദേഹം ‘ഇല്ല’ എന്നു പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട്‌ സാക്ഷീകരിക്കുകയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകം ഉപയോഗിച്ച്‌ ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്‌തു. ഞങ്ങൾ പോകാനിറങ്ങിയപ്പോൾ, തന്നെ പഠിപ്പിക്കാനായി വീണ്ടും വരണമെന്ന്‌ കണ്ണീരോടെ സെബാസ്റ്റ്യാൻ അഭ്യർഥിച്ചു.”

ചിയാപസ്‌ സന്ദർശിച്ച മറ്റൊരു പയനിയർകൂട്ടം പറയുന്നു: “യഹോവയുടെ സഹായത്താൽ ഞങ്ങൾക്ക്‌ നല്ല ഫലങ്ങൾ ലഭിച്ചു. ആദ്യവാരത്തിൽ ഞങ്ങൾ 27 അധ്യയനങ്ങൾ തുടങ്ങി; രണ്ടാം വാരം ബൈബിൾ​—⁠നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം എന്ന വീഡിയോ കാണാൻ ഞങ്ങൾ ആളുകളെ ക്ഷണിച്ചു. 60 പേർ ഹാജരായി. എല്ലാവർക്കും അത്‌ വളരെ ഇഷ്ടമായി. അവസാനം ഒരു ബൈബിളധ്യയന കൂട്ടം ആരംഭിക്കാനുള്ള നിർദേശം ഞങ്ങൾ മുന്നോട്ടുവെച്ചു. അതിശയകരമെന്നു പറയട്ടെ, ഈ ഗ്രാമത്തിൽ രണ്ട്‌ അധ്യയന കൂട്ടങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു.

“നിയമിത പ്രദേശങ്ങൾ തീർത്തശേഷം ഞങ്ങൾ, താത്‌പര്യക്കാരെ ശക്തിപ്പെടുത്താനും സംഘടിപ്പിക്കപ്പെട്ട ബൈബിളധ്യയന കൂട്ടങ്ങളുടെ പുരോഗതി അറിയാനുമായി ആ ഗ്രാമത്തിലേക്ക്‌ തിരികെച്ചെന്നു. ഞങ്ങൾ ഗ്രാമീണരെ ഒരു പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി ക്ഷണിച്ചു. എന്നാൽ, യോഗങ്ങൾ നടത്താൻതക്ക വലിപ്പമുള്ള സ്ഥലമില്ലായിരുന്നു. ബൈബിളധ്യയന കൂട്ടത്തിനായി തന്റെ വീടു വിട്ടുകൊടുത്തിരുന്ന ഒരു വ്യക്തി വീടിന്റെ പിൻവശം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു: ‘വീടിന്റെ പിൻവശത്തുള്ള ഈ മുറ്റത്ത്‌ യോഗങ്ങൾ നടത്താം.’”

യോഗങ്ങൾക്കുവേണ്ടി മുറ്റം തയ്യാറാക്കിയെടുക്കുന്നതിനായി, സന്ദർശകരായ പയനിയർമാരും താത്‌പര്യക്കാരും ആ വാരാന്തത്തിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചു. ആദ്യയോഗത്തിന്‌ 103 പേർ ഹാജരായി. ഇപ്പോൾ ആ ഗ്രാമത്തിൽ 40 ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്‌.

“വളരെ നല്ല ഒരു അനുഭവം”

പ്രസംഗവേലയിൽ നല്ല ഫലങ്ങൾ കിട്ടിയതിനു പുറമേ, ഈ സുവിശേഷ വേലയിൽ പങ്കെടുത്തവർക്കുതന്നെ വളരെയേറെ പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു. ഈ പ്രസ്‌ഥാനങ്ങളിലൊന്നിൽ പങ്കെടുത്ത മരിയ എന്ന ഒരു യുവ പയനിയർ തന്റെ വികാരങ്ങൾ ഈ വിധം പ്രകടിപ്പിക്കുന്നു: “രണ്ടു കാരണങ്ങളാൽ ഇത്‌ വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രസംഗവേലയിലെ എന്റെ സന്തോഷം വർധിക്കുകയും യഹോവയുമായി ഞാൻ കൂടുതൽ അടുക്കുകയും ചെയ്‌തു. ഒരിക്കൽ ഒരു മല കയറിക്കൊണ്ടിരിക്കെ ഞങ്ങൾ വല്ലാതെ തളർന്നുപോയി. സഹായത്തിനായി ഞങ്ങൾ യഹോവയോട്‌ പ്രാർഥിച്ചു. ഫലമോ? യെശയ്യാവു 40:29-31-ന്റെ നിവൃത്തി ഞങ്ങൾ അനുഭവിച്ചറിഞ്ഞു: ‘യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും.’ അങ്ങനെ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരുന്നതിനും വളരെ ആതിഥ്യമര്യാദയോടെ ഞങ്ങളെ സ്വാഗതം ചെയ്‌ത വ്യക്തികളുമായി ബൈബിളധ്യയനങ്ങൾ നടത്തുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു.”

പതിനേഴു വയസ്സുകാരിയായ ക്ലൗദ്യാ എന്ന മറ്റൊരു പയനിയർ പറയുന്നു: “എനിക്ക്‌ ധാരാളം പ്രയോജനങ്ങൾ ലഭിച്ചു. ശുശ്രൂഷയിൽ കൂടുതൽ വിദഗ്‌ധ ആയിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു, അത്‌ എന്നെ വളരെ സന്തോഷിപ്പിച്ചിരിക്കുന്നു, ആത്മീയ ലക്ഷ്യങ്ങൾ വെക്കാൻ ഇത്‌ എന്നെ സഹായിച്ചു. ആത്മീയമായി പക്വത പ്രാപിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു. വീട്ടിൽ അമ്മയാണ്‌ എനിക്കുവേണ്ടതെല്ലാം ചെയ്‌തുതന്നിരുന്നത്‌. എന്നാൽ ഇപ്പോൾ കൂടുതലായി ലഭിച്ചിരിക്കുന്ന അനുഭവങ്ങൾ എന്നെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവൾ ആക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഭക്ഷണ കാര്യത്തിൽ ഒത്തിരി നിർബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു എനിക്ക്‌. എന്നാൽ വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവന്നതിനാൽ ഭക്ഷണത്തെ കുറിച്ച്‌ എനിക്കിപ്പോൾ പരാതിയേ ഇല്ല. വളരെ നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും ഈ സേവനം എന്നെ സഹായിച്ചിരിക്കുന്നു. കൈവശമുള്ള സകലതും ഞങ്ങൾ പങ്കുവെക്കുകയും പരസ്‌പരം സഹായിക്കുകയും ചെയ്യുന്നു.”

സന്തോഷകരമായ ഒരു കൊയ്‌ത്ത്‌

ഈ പ്രത്യേക പ്രവർത്തനത്തിന്റെ ഫലങ്ങൾ എന്തെല്ലാമാണ്‌? 2002-ന്റെ തുടക്കത്തോടെ ഈ പയനിയർ റൂട്ടിൽ 28,300 പയനിയർമാർ പങ്കെടുത്തിരുന്നു. പ്രസംഗവേലയ്‌ക്കായി അവർ 20 ലക്ഷത്തിലധികം മണിക്കൂർ ചെലവിടുകയും 1,40,000-ത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്‌തു. ബൈബിൾ സത്യം പഠിക്കുന്നതിന്‌ ആളുകളെ സഹായിക്കാനായി, ഏകദേശം 1,21,000 പുസ്‌തകങ്ങളും 7,30,000-ത്തോളം മാസികകളും അവർ സമർപ്പിച്ചിരുന്നു. ചില പയനിയർമാർ ഇരുപതോ അതിലധികമോ ബൈബിളധ്യയനങ്ങൾ നടത്തുന്നത്‌ അസാധാരണമല്ല.

ബൈബിൾ സന്ദേശം തങ്ങൾക്ക്‌ ലഭ്യമാക്കാനായി ചെയ്‌ത കൂടുതലായ ഈ ദയാപ്രവൃത്തിയിൽനിന്ന്‌ പ്രയോജനം നേടിയവർ വളരെയേറെ നന്ദിയുള്ളവരാണ്‌. ദരിദ്രരാണെങ്കിലും, അനേകരും നിർബന്ധിച്ചു തങ്ങളുടെ സംഭാവനകൾ പ്രസാധകരെ ഏൽപ്പിക്കുന്നു. 70 വയസ്സുള്ള ദരിദ്രയായ ഒരു സ്‌ത്രീ തന്നെ സന്ദർശിക്കുന്ന പയനിയർമാർക്ക്‌ എല്ലാ തവണയും എന്തെങ്കിലും നൽകുന്നു. അതു വാങ്ങാതിരുന്നാൽ, അവർ കരയും. ഒരു ദരിദ്ര കുടുംബം, തങ്ങളുടെ കോഴി അവർക്കു വേണ്ടിയാണ്‌ മുട്ടയിട്ടത്‌ എന്നു പയനിയർമാരോടു പറയുകയും അതുകൊണ്ട്‌ മുട്ട സ്വീകരിക്കണം എന്ന്‌ അവരോട്‌ അഭ്യർഥിക്കുകയും ചെയ്യുന്നു.

ഏറ്റവും പ്രധാനം, ആത്മാർഥരായ ഈ ആളുകൾ ആത്മീയ കാര്യങ്ങളോടു വിലമതിപ്പു കാണിക്കുന്നു എന്നതാണ്‌. ഉദാഹരണത്തിന്‌, ഒരു യുവതി മൂന്നര മണിക്കൂർ തനിയെ നടന്ന്‌ ക്രിസ്‌തീയ യോഗങ്ങൾക്കു പോകുന്നു, അവർ യോഗങ്ങളൊന്നും മുടക്കിയിട്ടില്ല. കാൽമുട്ടിന്‌ പ്രശ്‌നമുണ്ടായിരുന്നിട്ടും താത്‌പര്യക്കാരിയായ, വളരെ പ്രായമായ ഒരു സ്‌ത്രീ സഞ്ചാര മേൽവിചാരകന്റെ സന്ദർശന സമയത്ത്‌ ബൈബിളിൽനിന്നു പ്രബോധനം സ്വീകരിക്കാനായി രണ്ടു മണിക്കൂർ യാത്ര ചെയ്‌തു. ബൈബിൾ വിദ്യാഭ്യാസത്തിൽ നിന്നു കൂടുതൽ പ്രയോജനം നേടാനായി നിരക്ഷരരായ ചിലർ എഴുത്തും വായനയും പഠിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അവരുടെ ശ്രമങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

അപ്പൊസ്‌തലനായ പൗലൊസ്‌ കണ്ട ഒരു ദർശനത്തെ കുറിച്ച്‌ പ്രവൃത്തികളുടെ പുസ്‌തകത്തിൽ ലൂക്കൊസ്‌ വിവരിക്കുന്നുണ്ട്‌: ‘മക്കെദോന്യക്കാരനായോരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു പൗലൊസിനോട്‌ അപേക്ഷിച്ചു.’ പൗലൊസ്‌ ആ ക്ഷണമനുസരിച്ച്‌ പ്രവർത്തിച്ചു. ഭൂമിയുടെ ‘അറ്റത്തോളം’ സുവാർത്ത പ്രഖ്യാപിക്കാനായി തങ്ങളെത്തന്നെ ലഭ്യരാക്കിക്കൊണ്ട്‌, ഇന്ന്‌ മെക്‌സിക്കോയുടെ വിദൂര മേഖലകളിലുള്ള അനേകർ സമാനമായ മനോഭാവം പ്രകടമാക്കിയിരിക്കുന്നു.​—⁠പ്രവൃത്തികൾ 1:8; 16:9, 10.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഒരു സമീപ വർഷത്തെ കണക്കനുസരിച്ച്‌ മെക്‌സിക്കോയിലെ 8 ശതമാനത്തിലധികം പ്രദേശത്ത്‌ യഹോവയുടെ സാക്ഷികളുടെ സഭകൾ ക്രമമായി പ്രവർത്തിച്ചിരുന്നില്ല. അതിന്റെ അർഥം പ്രസംഗപ്രവർത്തനം പരിമിതപ്പെട്ടിരിക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 82,00,000-ത്തിലധികം നിവാസികൾ ഉണ്ടെന്നാണ്‌.

^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[9 -ാം പേജിലെ ചിത്രം]

മെക്‌സിക്കോയിലെ അനേകം സാക്ഷികൾ പ്രത്യേക പ്രസംഗ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിരിക്കുന്നു