സ്നേഹദയ എത്ര പ്രധാനമാണ്?
സ്നേഹദയ എത്ര പ്രധാനമാണ്?
“മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് അവന്റെ സ്നേഹദയയാണ്” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 19:22, NW) യഥാർഥത്തിൽ, സ്നേഹത്താൽ പ്രേരിതമായ ദയാപ്രവൃത്തികൾ അഭിലഷണീയംതന്നെയാണ്. എന്നിരുന്നാലും, ബൈബിളിൽ “സ്നേഹദയ” എന്ന പദം നിലവിലുള്ള ഒരു ബന്ധത്തെ അടിസ്ഥാനമാക്കി കാണിച്ചേക്കാവുന്ന ദയയെ ആണു പരാമർശിക്കുന്നത്. മറ്റേ വ്യക്തിയുടെ ഒരു മുൻ ദയാപ്രവൃത്തിയുടെ ഫലമായി ഉളവായതായിരിക്കാം ആ ബന്ധം. അതുകൊണ്ട്, വിശ്വസ്തത എന്ന ആശയം അതിൽ അടങ്ങിയിരിക്കുന്നു.
യഹൂദാ രാജാവായിരുന്ന യോവാശ് ഈ അഭിലഷണീയ ഗുണം വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടു. അവൻ തന്റെ പിതാവിന്റെ സഹോദരിയായ യെഹോശബത്തിനോടും അവരുടെ ഭർത്താവായ യെഹോയാദായോടും വളരെ കടപ്പെട്ടവനായിരുന്നു. യോവാശിന് ഒരു വയസ്സിൽ താഴെമാത്രം പ്രായമുള്ളപ്പോൾ അവന്റെ ദുഷ്ടയായ വല്യമ്മ സ്വയം രാജ്ഞിയാകുകയും സിംഹാസനത്തിന് അവകാശികളായ യോവാശിന്റെ സഹോദരന്മാരെയെല്ലാം വധിക്കുകയും ചെയ്തു. എന്നാൽ കൊച്ചു യോവാശിനെ യെഹോശബത്തും യെഹോയാദായും ഒളിപ്പിച്ചതിനാൽ അവനെ കൊല്ലാൻ രാജ്ഞിക്ക് കഴിഞ്ഞില്ല. അവർ അവനെ ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിച്ചു. യോവാശിന് ഏഴു വയസ്സായപ്പോൾ യെഹോയാദാ മഹാപുരോഹിതനെന്ന നിലയുള്ള തന്റെ അധികാരം ഉപയോഗിച്ച് ആ ദുഷ്ടരാജ്ഞിയെ വധിക്കുകയും അവനെ സിംഹാസനസ്ഥനാക്കുകയും ചെയ്തു.—2 ദിനവൃത്താന്തം 22:10-23:15.
യെഹോയാദാ മരിക്കുന്നതുവരെ യുവാവായ യോവാശ് രാജാവ് നല്ല ഭരണം കാഴ്ചവെച്ചു. എന്നാൽ അതിനുശേഷം അവൻ വിഗ്രഹാരാധനയിലേക്കു തിരിഞ്ഞു. യോവാശിന്റെ വിശ്വാസത്യാഗം സംബന്ധിച്ച് മുന്നറിയിപ്പു നൽകാൻ ദൈവം യെഹോയാദായുടെ മകനായ സെഖര്യാവിനെ അവന്റെ അടുക്കൽ അയച്ചു. എന്നാൽ യോവാശ് സെഖര്യാവിനെ കല്ലെറിഞ്ഞു കൊല്ലിച്ചു. താൻ വളരെയേറെ കടപ്പെട്ടിരുന്ന ഒരു കുടുംബത്തോടുള്ള അവിശ്വസ്തതയുടെ എത്ര ഞെട്ടിക്കുന്ന പ്രവൃത്തിയായിരുന്നു അത്!—2 ദിനവൃത്താന്തം 24:17-21.
ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: ‘അങ്ങനെ യോവാശ് രാജാവു [സെഖര്യാവിന്റെ] അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ [“സ്നേഹദയ,” NW] ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു.’ മരണസമയത്ത് സെഖര്യാവ് ഇങ്ങനെ പറഞ്ഞു: “യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ.” സെഖര്യാവിന്റെ വാക്കുകൾക്ക് അനുസൃതമായി, യോവാശിന് മഹാവ്യാധി പിടിപെടുകയും സ്വന്തം ഭൃത്യന്മാർ അവനെ വധിക്കുകയും ചെയ്തു.—2 ദിനവൃത്താന്തം 24:17-25.
യോവാശ് രാജാവിൽനിന്ന് വ്യത്യസ്തമായി പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്ന സകലർക്കും ഒരു അനുഗൃഹീത ഭാവി ഉണ്ടായിരിക്കും: ‘കരുണയും [“സ്നേഹദയ,” NW] വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതി നേടും.’—സദൃശവാക്യങ്ങൾ 3:3, 4, പി.ഒ.സി. ബൈബിൾ.