വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖാർത്തരെ ആശ്വസിപ്പിക്കുക

ദുഃഖാർത്തരെ ആശ്വസിപ്പിക്കുക

ദുഃഖാർത്തരെ ആശ്വസിപ്പിക്കുക

‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു.’​—⁠യെശയ്യാവു 61:​1, 2.

1, 2. നാം ആർക്ക്‌ ആശ്വാസമേകണം, എന്തുകൊണ്ട്‌?

മറ്റുള്ളവർ ദുരിതം അനുഭവിക്കുമ്പോൾ, അവരെ സംബന്ധിച്ച്‌ കരുതൽ ഉള്ളവരായിരിക്കാൻ സർവാശ്വാസത്തിന്റെയും ദൈവമായ യഹോവ നമ്മെ പഠിപ്പിക്കുന്നു. ‘ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്താനും’ ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കാനും അവൻ നമ്മെ പഠിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:​14) അത്തരം സഹായം ആവശ്യമുള്ളപ്പോൾ സഹാരാധകർക്കു നാം അതു നൽകുന്നു. സഭയ്‌ക്കു പുറത്തുള്ളവരോടും നാം സ്‌നേഹം കാണിക്കുന്നു, അവർ നമ്മോട്‌ ഒരുവിധത്തിലും സ്‌നേഹം പ്രകടമാക്കിയിട്ടില്ലാത്തവരാണെങ്കിൽ പോലും.​—⁠മത്തായി 5:43-48; ഗലാത്യർ 6:10.

2 പിൻവരുന്ന പ്രാവചനിക നിയോഗം യേശു വായിച്ച്‌ തനിക്കുതന്നെ ബാധകമാക്കി: ‘എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു.’ (യെശയ്യാവു 61:​1-3; ലൂക്കൊസ്‌ 4:16-19) ഈ നിയോഗം തങ്ങൾക്കും ബാധകമാണെന്ന്‌ ആധുനികകാല അഭിഷിക്ത ക്രിസ്‌ത്യാനികൾ വളരെ നാളുകളായി തിരിച്ചറിഞ്ഞിരിക്കുന്നു. ‘വേറെ ആടുകളും’ ഈ വേലയിൽ സന്തോഷപൂർവം അവരോടൊപ്പം ചേരുന്നു.​—⁠യോഹന്നാൻ 10:16.

3. “ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌” എന്നു ചോദിക്കുന്നവരെ സഹായിക്കാൻ നമുക്ക്‌ എങ്ങനെ കഴിഞ്ഞേക്കാം?

3 വിപത്തുകളുടെ ഫലമായി മനംതകർന്ന ആളുകൾ “ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌” എന്നു മിക്കപ്പോഴും ചോദിക്കാറുണ്ട്‌. ആ ചോദ്യത്തിനു ബൈബിൾ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്‌. എന്നാൽ ബൈബിൾ പഠിച്ചിട്ടില്ലാത്ത ഒരാൾക്ക്‌ ആ ഉത്തരം പൂർണമായി മനസ്സിലാക്കുന്നതിനു കുറച്ചു സമയമെടുത്തേക്കാം. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ സഹായം ലഭ്യമാണ്‌. * എങ്കിലും, തുടക്കമെന്ന നിലയിൽ, യെശയ്യാവു 61:1, 2 പോലുള്ള ഒരു ഭാഗം ബൈബിളിൽ നിന്നു വായിക്കുന്നതുതന്നെ ചിലർക്ക്‌ ആശ്വാസദായകമായിരുന്നിട്ടുണ്ട്‌. കാരണം, മനുഷ്യർക്ക്‌ ആശ്വാസം ലഭിക്കണം എന്നത്‌ ദൈവത്തിന്റെ ആഗ്രഹമാണെന്ന്‌ അതു വെളിപ്പെടുത്തുന്നു.

4. പോളണ്ടിലെ ഒരു സാക്ഷിക്ക്‌ എങ്ങനെയാണ്‌ നിരാശിതയായ ഒരു വിദ്യാർഥിനിയെ സഹായിക്കാൻ കഴിഞ്ഞത്‌, മറ്റുള്ളവർക്കു സഹായമേകാൻ ഈ അനുഭവത്തിന്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

4 യുവജനങ്ങൾക്കും മുതിർന്നവർക്കും ആശ്വാസം ആവശ്യമാണ്‌. പോളണ്ടിലെ നിരാശിതയായ ഒരു യുവതി ബുദ്ധിയുപദേശത്തിനായി തന്റെ ഒരു പരിചയക്കാരിയെ സമീപിച്ചു. യഹോവയുടെ സാക്ഷിയായിരുന്ന ആ സുഹൃത്ത്‌ ദയാപുരസ്സരമായ ഏതാനും ചോദ്യങ്ങളിലൂടെ അവൾ അനേകം ചോദ്യങ്ങളാലും സംശയങ്ങളാലും ഭാരപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കി. “ഇത്രയധികം ദുഷ്ടത ഉള്ളത്‌ എന്തുകൊണ്ട്‌? മനുഷ്യർ കഷ്ടപ്പാട്‌ അനുഭവിക്കുന്നതിന്‌ കാരണമെന്ത്‌? തളർച്ച ബാധിച്ച എന്റെ അനുജത്തി കഷ്ടപ്പെടുന്നത്‌ എന്തുകൊണ്ട്‌? എന്റെ ഹൃദയത്തിന്‌ തകരാറുള്ളത്‌ എന്തുകൊണ്ട്‌?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവളെ അലട്ടുന്നുണ്ടായിരുന്നു. “ഇതൊക്കെ ദൈവത്തിന്റെ ഇഷ്ടമാണെന്നാണ്‌ സഭ പറയുന്നത്‌. അതു സത്യമാണെങ്കിൽ ഞാൻ ദൈവവിശ്വാസം ഉപേക്ഷിക്കും!” എന്ന്‌ അവൾ പറഞ്ഞു. യഹോവയോടു മൗനമായി പ്രാർഥിച്ച ശേഷം സാക്ഷി പറഞ്ഞു: “ഇക്കാര്യത്തെ കുറിച്ച്‌ എന്നോടു ചോദിച്ചതിൽ സന്തോഷമുണ്ട്‌. കുട്ടിയെ സഹായിക്കാൻ ഞാൻ ശ്രമിക്കാം.” കുട്ടിയായിരിക്കെ തനിക്കും സംശയങ്ങൾ ഉണ്ടായിരുന്നെന്നും യഹോവയുടെ സാക്ഷികളാണ്‌ തന്നെ സഹായിച്ചതെന്നും അവൾ പറഞ്ഞു. തുടർന്ന്‌ അവൾ ഇങ്ങനെ വിശദീകരിച്ചു: “മനുഷ്യർ കഷ്ടപ്പെടാൻ ദൈവം ഇടയാക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കി. അവൻ അവരെ സ്‌നേഹിക്കുന്നു, അവർക്ക്‌ ഏറ്റവും നല്ലതു വരാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, അവൻ അവർക്കുവേണ്ടി പെട്ടെന്നുതന്നെ ഈ ഭൂമിയിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. രോഗം, വാർധക്യസഹജമായ പ്രശ്‌നങ്ങൾ, മരണം എന്നിവ പൊയ്‌പോകും. അനുസരണമുള്ളവർ ഈ ഭൂമിയിൽത്തന്നെ എക്കാലവും ജീവിക്കും.” വെളിപ്പാടു 21:​3-5; ഇയ്യോബ്‌ 33:25; യെശയ്യാവു 35:5-7; 65:​21-25 എന്നീ വാക്യങ്ങളും അവൾ കാണിച്ചുകൊടുത്തു. സുദീർഘമായ ഒരു ചർച്ചയുടെ ഒടുവിൽ ആശ്വാസത്തോടെ ആ പെൺകുട്ടി പറഞ്ഞു: “എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ ഇപ്പോൾ എനിക്കറിയാം. നിങ്ങളുടെ അടുക്കൽ ഞാൻ വീണ്ടും വരട്ടെ?” ആഴ്‌ചയിൽ രണ്ടു തവണ അവളുമായി ബൈബിളധ്യയനം നടത്താൻ തുടങ്ങി.

ദൈവം നൽകുന്ന ആശ്വാസത്താൽ മറ്റുള്ളവരെ ആശ്വസിപ്പിക്കുക

5. സഹാനുഭൂതി പ്രകടിപ്പിക്കവേ യഥാർഥ ആശ്വാസം പ്രദാനം ചെയ്യുന്നത്‌ എന്താണ്‌?

5 മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ സഹാനുഭൂതിയോടെ സംസാരിക്കുന്നത്‌ തീർച്ചയായും ഉചിതമാണ്‌. ദുഃഖം അനുഭവിക്കുന്ന വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച്‌ നാം വളരെയേറെ ചിന്തയുള്ളവരാണെന്നു വാക്കിനാലും പറയുന്ന വിധത്താലും അയാളെ അറിയിക്കാൻ നാം ശ്രമിക്കുന്നു. പൊള്ളയായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിലൂടെ ഇതു ചെയ്യാനാവില്ല. ‘നമ്മുടെ സഹിഷ്‌ണുതയിലൂടെയും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്തിലൂടെയും നമുക്കു പ്രത്യാശയുണ്ടാകും’ എന്നു ബൈബിൾ നമ്മോടു പറയുന്നു. (റോമർ 15:4, NW) ഇതിന്റെ വീക്ഷണത്തിൽ, ഉചിതമായ ഒരു സമയത്ത്‌, ദൈവരാജ്യം എന്താണെന്നു വിശദീകരിക്കാനും ഇപ്പോഴത്തെ പ്രശ്‌നങ്ങളെ അത്‌ എപ്രകാരം പരിഹരിക്കുമെന്നു ബൈബിളിൽനിന്നു കാണിക്കാനും നമുക്കു കഴിയും. തുടർന്ന്‌, ഇത്‌ വിശ്വാസയോഗ്യമായ ഒരു പ്രത്യാശ ആയിരിക്കുന്നതിന്റെ കാരണങ്ങൾ നമുക്കു നൽകാവുന്നതാണ്‌. ഈ വിധത്തിൽ നമുക്ക്‌ ആശ്വാസം പ്രദാനം ചെയ്യാനാകും.

6. തിരുവെഴുത്തുകളിലെ ആശ്വാസത്തിൽനിന്ന്‌ ആളുകൾ പൂർണ പ്രയോജനം നേടേണ്ടതിന്‌ എന്തു മനസ്സിലാക്കാൻ നാം അവരെ സഹായിക്കണം?

6 നാം നൽകുന്ന ആശ്വാസത്തിൽനിന്നു വ്യക്തി പൂർണ പ്രയോജനം നേടണമെങ്കിൽ സത്യദൈവം ആരാണ്‌, അവൻ ഏതുതരം വ്യക്തിയാണ്‌, അവന്റെ വാഗ്‌ദാനങ്ങൾ എത്ര ആശ്രയയോഗ്യമാണ്‌ എന്നീ കാര്യങ്ങൾ അയാൾ അറിയേണ്ടതുണ്ട്‌. യഹോവയുടെ ആരാധകനല്ലാത്ത ഒരാളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ പിൻവരുന്ന ആശയങ്ങൾ വിശദീകരിക്കുന്നതു നന്നായിരിക്കും. (1) ബൈബിളിൽ കാണപ്പെടുന്ന ആശ്വാസം സത്യദൈവമായ യഹോവയിൽനിന്നാണ്‌. (2) യഹോവയാണ്‌ സർവശക്തൻ, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും അവനാണ്‌. അവൻ സ്‌നേഹവാനായ ദൈവവും സത്യത്തിലും സ്‌നേഹദയയിലും സമൃദ്ധനുമാണ്‌. (3) ദൈവവചനത്തിൽനിന്നുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടിക്കൊണ്ട്‌ ദൈവത്തോട്‌ അടുത്തുവരുന്നെങ്കിൽ വിഷമകരമായ സാഹചര്യങ്ങൾ തരണം ചെയ്യാനുള്ള ശക്തി നമുക്കു ലഭിക്കും. (4) വ്യത്യസ്‌ത വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രത്യേക പരിശോധനകളുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു.

7. (എ) ദൈവം നൽകുന്ന ആശ്വാസം ‘ക്രിസ്‌തുവിനാൽ പെരുകുന്നു’ എന്നതിന്‌ ഊന്നൽ നൽകുന്നതിലൂടെ എന്ത്‌ സാധ്യമായേക്കാം? (ബി) തന്റെ മുൻകാല നടത്ത മോശമായിരുന്നുവെന്നു തിരിച്ചറിയുന്ന ഒരു വ്യക്തിയെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാനാകും?

7 ബൈബിളുമായി പരിചയമുള്ള, ദുഃഖം അനുഭവിക്കുന്നവരെ 2 കൊരിന്ത്യർ 1:3-7 വായിച്ചുകേൾപ്പിച്ചുകൊണ്ട്‌ ചിലർ ആത്മീയ ആശ്വാസം പ്രദാനം ചെയ്‌തിരിക്കുന്നു. അങ്ങനെ ചെയ്യവേ, “ക്രിസ്‌തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു” എന്ന പ്രയോഗത്തിന്‌ അവർ ഊന്നൽ നൽകിയിരിക്കുന്നു. താൻ കൂടുതൽ ശ്രദ്ധ നൽകേണ്ട ആശ്വാസത്തിന്റെ ഒരു ഉറവാണു ബൈബിൾ എന്നു തിരിച്ചറിയാൻ ഈ തിരുവെഴുത്ത്‌ ഒരു വ്യക്തിയെ സഹായിച്ചേക്കാം. ഒരുപക്ഷേ മറ്റ്‌ അവസരങ്ങളിൽ കൂടുതലായ ചർച്ചയ്‌ക്കുള്ള അടിസ്ഥാനവും ഇതു നിമിത്തം ലഭിക്കാനിടയുണ്ട്‌. താൻ മുമ്പു ചെയ്‌തിട്ടുള്ള മോശമായ കാര്യങ്ങളാണ്‌ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു കാരണം എന്ന്‌ ഒരു വ്യക്തിക്കു തോന്നുന്നെങ്കിൽ, ന്യായംവിധിക്കുന്നവരായിരിക്കാതെ, 1 യോഹന്നാൻ 2:1, 2-ലും സങ്കീർത്തനം 103:11-14-ലും രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ എത്ര ആശ്വാസദായകമാണെന്ന്‌ നമുക്ക്‌ അയാളോടു പറയാൻ കഴിഞ്ഞേക്കും. ഈ വിധത്തിൽ ദൈവം നൽകുന്ന ആശ്വാസത്താൽ നാം മറ്റുള്ളവരെ യഥാർഥമായി ആശ്വസിപ്പിക്കുന്നു.

അക്രമത്താലോ സാമ്പത്തിക പരാധീനതയാലോ കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കൽ

8, 9. അക്രമത്തിന്‌ ഇരയായവരെ എങ്ങനെ ഉചിതമായി ആശ്വസിപ്പിക്കാം?

8 അക്രമം അസംഖ്യം ആളുകളുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. അത്‌ സാമുദായിക തലത്തിൽ നടത്തപ്പെടുന്ന അക്രമപ്രവൃത്തികളോ യുദ്ധത്തിലെ അക്രമമോ ആയിരിക്കാം. നമുക്ക്‌ അവരെ എങ്ങനെ ആശ്വസിപ്പിക്കാനാകും?

9 ലൗകിക പോരാട്ടങ്ങളിൽ വാക്കിനാലോ പ്രവൃത്തിയാലോ ആരുടെയെങ്കിലും പക്ഷംപിടിക്കാതിരിക്കാൻ സത്യക്രിസ്‌ത്യാനികൾ ശ്രദ്ധാലുക്കളാണ്‌. (യോഹന്നാൻ 17:16) പകരം, അവർ ബൈബിളിൽനിന്ന്‌ ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥകൾ എക്കാലവും തുടരുകയില്ലെന്നു ചൂണ്ടിക്കാട്ടുന്നു. അക്രമത്തെ പ്രിയപ്പെടുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്നു കാണിക്കാൻ സദൃശവാക്യങ്ങൾ 6:​16, 17-ഓ പ്രതികാരം ചെയ്യാതെ ദൈവത്തിൽ ആശ്രയിക്കാനുള്ള പ്രോത്സാഹനം ചൂണ്ടിക്കാട്ടാൻ സങ്കീർത്തനം 37:1-4-ഓ അവർ വായിച്ചുകേൾപ്പിച്ചേക്കാം. ഇപ്പോൾ സ്വർഗീയ രാജാവായി ഭരണം നടത്തുന്ന വലിയ ശലോമോനായ യേശുക്രിസ്‌തുവിന്‌ അക്രമത്തിന്‌ ഇരയാകുന്ന നിഷ്‌കളങ്കരായ ആളുകളെ കുറിച്ച്‌ എന്തു തോന്നുന്നുവെന്ന്‌ സങ്കീർത്തനം 72:12-14-ലെ വാക്കുകൾ പ്രകടമാക്കുന്നു.

10. വർഷങ്ങളോളം നിങ്ങൾ യുദ്ധക്കെടുതികൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

10 വിവിധ കക്ഷികൾ അധികാരത്തിനായി പരസ്‌പരം മത്സരിക്കുന്ന ചില സ്ഥലങ്ങളിൽ ആളുകൾക്ക്‌ തുടർച്ചയായ പോരാട്ടങ്ങൾക്കു നടുവിൽ കഴിയേണ്ടി വന്നിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം യുദ്ധവും അതിന്റെ അനന്തരഫലങ്ങളും ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. അവർക്കുള്ള ഒരേയൊരു ശുഭപ്രതീക്ഷ, മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടാനായാൽ കാര്യങ്ങൾ മെച്ചപ്പെട്ടേക്കാം എന്നതാണ്‌. എന്നാൽ, അവരിൽ മിക്കവർക്കും അതിനു കഴിയുന്നില്ല, അതിനു ശ്രമിച്ച അനേകർക്കു ജീവൻ നഷ്ടമാകുകയും ചെയ്‌തിരിക്കുന്നു. മറ്റൊരു രാജ്യത്ത്‌ എത്തിച്ചേരുന്നവരാകട്ടെ, ഒരു കൂട്ടം പ്രശ്‌നങ്ങളിൽനിന്ന്‌ രക്ഷപ്പെട്ട്‌ തങ്ങൾ മറ്റൊരു കൂട്ടം പ്രശ്‌നങ്ങളിലേക്കാണ്‌ ഓടിയെത്തിയതെന്നു മിക്കപ്പോഴും കണ്ടെത്തുന്നു. കുടിയേറ്റത്തെക്കാൾ ആശ്രയയോഗ്യമായ ഒന്നിൽ ആശ്രയം അർപ്പിക്കാൻ അത്തരക്കാരെ സഹായിക്കാനായി സങ്കീർത്തനം 146:3-6 ഉപയോഗിക്കാവുന്നതാണ്‌. സാഹചര്യങ്ങളെ കൂടുതൽ പൂർണമായി മനസ്സിലാക്കാനും തങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥകളുടെ അർഥം, അതായത്‌ നാം ജീവിക്കുന്നത്‌ ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കലാണ്‌ എന്നത്‌, ഗ്രഹിക്കാനും മത്തായി 24:3, 7, 14-ലെയോ 2 തിമൊഥെയൊസ്‌ 3:1-5-ലെയോ പ്രവചനങ്ങൾ അവരെ സഹായിച്ചേക്കാം. സങ്കീർത്തനം 46:1-3, 8, 9-ഉം യെശയ്യാവു 2:2-4-ഉം പോലുള്ള തിരുവെഴുത്തുഭാഗങ്ങൾ സമാധാനപൂർണമായ ഒരു ഭാവിക്കുള്ള യഥാർഥ പ്രത്യാശയുണ്ടെന്ന്‌ തിരിച്ചറിയാൻ അവരെ സഹായിച്ചേക്കാം.

11. പശ്ചിമാഫ്രിക്കയിലെ ഒരു സ്‌ത്രീക്ക്‌ ആശ്വാസം പകർന്ന വാക്യങ്ങൾ ഏവ, എന്തുകൊണ്ട്‌?

11 പശ്ചിമാഫ്രിക്കയിൽ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ഒരു സമയത്ത്‌, കനത്ത വെടിവെപ്പു നിമിത്തം ഒരു സ്‌ത്രീ തന്റെ വീടുവിട്ട്‌ ഓടിപ്പോയി. അവളുടെ ജീവിതം ഭയവും ദുഃഖവും അങ്ങേയറ്റം നിരാശയും നിറഞ്ഞതായിത്തീർന്നു. പിന്നീട്‌, കുടുംബവുമൊന്നിച്ച്‌ മറ്റൊരു രാജ്യത്തു പാർക്കവേ, ആ സ്‌ത്രീയുടെ ഭർത്താവ്‌ അവരുടെ വിവാഹ സർട്ടിഫിക്കറ്റ്‌ കത്തിച്ചുകളയാനും പത്തു വയസ്സുകാരനായ തന്റെ മകനെയും അപ്പോൾ ഗർഭിണിയായിരുന്ന ഭാര്യയെയും പറഞ്ഞയച്ച ശേഷം ഒരു പുരോഹിതനാകാനും തീരുമാനിച്ചു. ഫിലിപ്പിയർ 4:6, 7, സങ്കീർത്തനം 55:22 എന്നീ വാക്യങ്ങളും ഒപ്പം വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ തിരുവെഴുത്തധിഷ്‌ഠിത ലേഖനങ്ങളും ആ സ്‌ത്രീയുമായി പങ്കുവെച്ചപ്പോൾ, ഒടുവിൽ അവൾ ആശ്വാസവും ജീവിതത്തിൽ ഉദ്ദേശ്യവും കണ്ടെത്തി.

12. (എ) സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക്‌ തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസമെന്ത്‌? (ബി) ഏഷ്യയിലെ ഒരു സാക്ഷി ഒരു ഉപഭോക്ത്രിയെ സഹായിച്ചത്‌ എങ്ങനെ?

12 സാമ്പത്തിക തകർച്ച നിമിത്തം ദശലക്ഷക്കണക്കിന്‌ ആളുകളുടെ ജീവിതം താറുമാറായിരിക്കുന്നു. ചിലപ്പോഴൊക്കെ യുദ്ധവും അതിന്റെ അനന്തരഫലങ്ങളും തന്നെയാണ്‌ ഇതിന്റെയും കാരണം. അല്ലെങ്കിൽ ഗവൺമെന്റിന്റെ ബുദ്ധിപൂർവമല്ലാത്ത നയങ്ങളും ഒപ്പം അധികാരത്തിലിരിക്കുന്നവരുടെ അത്യാഗ്രഹവും സത്യസന്ധതയില്ലായ്‌മയും നിമിത്തം തങ്ങളുടെ സമ്പാദ്യമെല്ലാം ചെലവിടാനും വസ്‌തുവകകളെല്ലാം ഉപേക്ഷിക്കാനും ആളുകൾ നിർബന്ധിതരായിരിക്കുന്നു. മറ്റു ചിലർക്ക്‌ ഈ ലോകത്തിലെ ഭൗതികവസ്‌തുവകകളിൽ പലതും അനുഭവിക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിട്ടില്ല. തന്നിൽ ആശ്രയിക്കുന്നവർക്ക്‌ ദൈവം വിടുതൽ ഉറപ്പുനൽകുന്നുവെന്നും എല്ലാവരും തങ്ങളുടെ കൈകളുടെ അധ്വാനഫലം ആസ്വദിക്കുന്ന നീതിയുള്ള ഒരു ലോകം അവൻ ഉറപ്പുനൽകുന്നുവെന്നും അറിയുന്നതിൽനിന്ന്‌ അത്തരക്കാർക്ക്‌ ആശ്വാസം ലഭിക്കും. (സങ്കീർത്തനം 146:6, 7; യെശയ്യാവു 65:17, 21-23; 2 പത്രൊസ്‌ 3:13) ഒരു ഏഷ്യൻ രാജ്യത്ത്‌, ഒരു ഉപഭോക്ത്രി അവിടത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു മാതൃകയാണ്‌ അതെന്ന്‌ ഒരു സഹോദരി വിശദീകരിച്ചു. മത്തായി 24:3-14, സങ്കീർത്തനം 37:9-11 എന്നീ വാക്യങ്ങളുടെ ചർച്ച ക്രമമായ ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു.

13. (എ) പൊള്ളയായ വാഗ്‌ദാനങ്ങൾ നിമിത്തം ആളുകൾ നിരാശിതരായിരിക്കുമ്പോൾ, അവരെ സഹായിക്കാനായി നമുക്ക്‌ ബൈബിൾ എങ്ങനെ ഉപയോഗിക്കാം? (ബി) ദുരവസ്ഥകൾ ദൈവം ഇല്ല എന്നതിന്റെ തെളിവാണെന്ന്‌ ആളുകൾക്കു തോന്നുന്നെങ്കിൽ അവരുമായി ന്യായവാദം ചെയ്യാൻ നിങ്ങൾ എങ്ങനെ ശ്രമിച്ചേക്കാം?

13 അനേക വർഷം കഷ്ടപ്പാട്‌ അനുഭവിച്ചവരോ പൊള്ളയായ അനേകം വാഗ്‌ദാനങ്ങൾ കേട്ടുകേട്ട്‌ മടുത്തവരോ ആണെങ്കിൽ ആളുകൾ ചിലപ്പോൾ “മനോവ്യസനം” നിമിത്തം ശ്രദ്ധിക്കാതിരുന്ന ഇസ്രായേല്യരെപ്പോലെ ആയിത്തീർന്നേക്കാം. (പുറപ്പാടു 6:9) അത്തരം സന്ദർഭങ്ങളിൽ, ഇപ്പോഴത്തെ പ്രശ്‌നങ്ങളെ വിജയപൂർവം തരണംചെയ്യാനും അനേകരെയുംപോലെ ജീവിതം വെറുതെ നശിപ്പിച്ചുകളയുന്നത്‌ ഒഴിവാക്കാനും ബൈബിളിന്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന്‌ എടുത്തുപറയുന്നതു പ്രയോജനം ചെയ്‌തേക്കാം. (1 തിമൊഥെയൊസ്‌ 4:8ബി) ചിലർ തങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥകളെ, ദൈവം ഇല്ലാത്തതിന്റെയോ അവൻ തങ്ങളെ സംബന്ധിച്ച്‌ കരുതൽ ഇല്ലാത്തവനാണ്‌ എന്നതിന്റെയോ തെളിവായി വീക്ഷിച്ചേക്കാം. ദൈവം സഹായം പ്രദാനം ചെയ്‌തിട്ടുണ്ടെന്നും എന്നാൽ അനേകരും അത്‌ സ്വീകരിച്ചിട്ടില്ലെന്നും തിരിച്ചറിയാൻ അവരെ സഹായിക്കുന്നതിനായി നിങ്ങൾക്ക്‌ ഉചിതമായ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ അവരുമായി ന്യായവാദം ചെയ്യാനായേക്കാം.​—⁠യെശയ്യാവു 48:17, 18.

കൊടുങ്കാറ്റിനും ഭൂകമ്പത്തിനും ഇരയായവരെ ആശ്വസിപ്പിക്കൽ

14, 15. ഒരു വിപത്ത്‌ ആളുകളെ നടുക്കിയപ്പോൾ യഹോവയുടെ സാക്ഷികൾ അവരോടുള്ള കരുതൽ പ്രകടിപ്പിച്ചത്‌ എങ്ങനെ?

14 കൊടുങ്കാറ്റിന്റെയോ ഭൂകമ്പത്തിന്റെയോ അഗ്നിബാധയുടെയോ സ്‌ഫോടനത്തിന്റെയോ രൂപത്തിൽ വിപത്ത്‌ ആഞ്ഞടിച്ചേക്കാം. എങ്ങും ദുഃഖം തളംകെട്ടിനിന്നേക്കാം. അതിജീവകരെ ആശ്വസിപ്പിക്കാനായി എന്തു ചെയ്യാനാകും?

15 തങ്ങളെ സംബന്ധിച്ചു കരുതലുള്ളവരുണ്ട്‌ എന്ന്‌ ആളുകൾ അറിയേണ്ടതുണ്ട്‌. ഒരു രാജ്യത്ത്‌ ഭീകരാക്രമണത്തിന്റെ ഫലമായി അനേകരും നടുങ്ങിപ്പോയി. അവരിൽ പലർക്കും കുടുംബാംഗങ്ങളെയും കുടുംബത്തിന്റെ അത്താണിയായിരുന്നവരെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു. മറ്റു ചിലർക്ക്‌ തൊഴിലോ തങ്ങൾ ആസ്വദിച്ചിരുന്ന സുരക്ഷിതത്വബോധമോ നഷ്ടമായി. ഉണ്ടായ വലിയ നഷ്ടത്തെപ്രതി അവരോടു സഹാനുഭൂതി പ്രകടിപ്പിക്കുകയും ബൈബിളിൽനിന്നുള്ള ആശ്വാസ വാക്കുകൾ പങ്കുവെക്കുകയും ചെയ്‌തുകൊണ്ട്‌ തങ്ങളുടെ പ്രദേശത്തുള്ള സകലർക്കും യഹോവയുടെ സാക്ഷികൾ സഹായമേകി. അനേകരും അതു വളരെ വിലമതിച്ചു.

16. എൽ സാൽവഡോറിലെ ഒരു പ്രദേശത്ത്‌ വിപത്ത്‌ ആഞ്ഞടിച്ചപ്പോൾ, പ്രാദേശിക സാക്ഷികളുടെ വയൽസേവനം വളരെ ഫലകരമായത്‌ എന്തുകൊണ്ട്‌?

16 എൽ സാൽവഡോറിൽ 2001-ൽ ശക്തമായ ഒരു ഭൂകമ്പവും അതേത്തുടർന്ന്‌ ഒരു വലിയ മണ്ണിടിച്ചിലും ഉണ്ടായി. അനേകർ മരണമടഞ്ഞു. ഒരു സഹോദരിയുടെ 25 വയസ്സുകാരനായ മകനും ആ മകന്റെ പ്രതിശ്രുതവധുവിന്റെ രണ്ട്‌ അനുജത്തിമാരും അതിൽ മരിച്ചു. ഈ ചെറുപ്പക്കാരന്റെ അമ്മയും ആ യുവതിയും പെട്ടെന്നുതന്നെ വയൽസേവനത്തിൽ തിരക്കോടെ ഏർപ്പെടാൻ തുടങ്ങി. മരണമടഞ്ഞവരെ ദൈവം വിളിച്ചതാണെന്ന്‌ അല്ലെങ്കിൽ അത്‌ ദൈവത്തിന്റെ ഇഷ്ടമായിരുന്നുവെന്ന്‌ പലരും അവരോടു പറഞ്ഞു. നാം വേദനിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നു കാണിക്കാൻ ആ സാക്ഷികൾ സദൃശവാക്യങ്ങൾ 10:22 ഉദ്ധരിച്ചു. * മരണം മനുഷ്യൻ ചെയ്‌ത പാപത്തിന്റെ ഫലമാണെന്നും അതു ദൈവേഷ്ടമല്ലെന്നും കാണിക്കാനായി അവർ റോമർ 5:12 ആളുകളെ വായിച്ചുകേൾപ്പിച്ചു. സങ്കീർത്തനം 34:​18, സങ്കീർത്തനം 37:​29, യെശയ്യാവു 25:​8, വെളിപ്പാടു 21:​3-5 എന്നിവിടങ്ങളിൽ കാണുന്ന ആശ്വാസ സന്ദേശത്തിലേക്കും അവർ ആളുകളുടെ ശ്രദ്ധക്ഷണിച്ചു. ആ വിപത്തിൽ ഈ രണ്ട്‌ സ്‌ത്രീകൾക്കും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നതിനാൽ ആളുകൾ പ്രത്യേകിച്ചും ശ്രദ്ധിച്ചു. അങ്ങനെ അനേക ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ അവർക്കു സാധിച്ചു.

17. വിപത്തുകൾ ഉണ്ടാകുമ്പോൾ ഏതു വിധങ്ങളിൽ നമുക്ക്‌ ആളുകളെ സഹായിക്കാവുന്നതാണ്‌?

17 വിപത്തുകൾ ഉണ്ടാകുമ്പോൾ ശാരീരികമോ ഭൗതികമോ ആയ സഹായം അടിയന്തിരമായി ആവശ്യമുള്ള ആരെയെങ്കിലും നിങ്ങൾ കണ്ടെത്തിയേക്കാം. ഇതിൽ ഡോക്ടറെ വിളിക്കുന്നതും ആശുപത്രിയിലെത്താൻ വ്യക്തിയെ സഹായിക്കുന്നതും ആഹാരവും കിടപ്പാടവും നൽകാനായി കഴിവിന്റെ പരമാവധി ശ്രമിക്കുന്നതും ഉൾപ്പെട്ടേക്കാം. 1998-ൽ ഇറ്റലിയിൽ ഒരു ദുരന്തം ഉണ്ടായ സമയത്ത്‌ യഹോവയുടെ സാക്ഷികൾ “കഷ്ടപ്പെടുന്നവർക്ക്‌ മതഭേദമെന്യേ സഹായം എത്തിക്കുന്നതിൽ പ്രായോഗികമായ ഒരു വിധത്തിൽ പ്രവർത്തിക്കു”ന്നതായി ഒരു പത്രപ്രവർത്തകൻ നിരീക്ഷിക്കുകയുണ്ടായി. ചില പ്രദേശങ്ങളിൽ, അന്ത്യകാലത്തോടുള്ള ബന്ധത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന സംഭവങ്ങൾ വലിയ കഷ്ടപ്പാടുകൾക്ക്‌ ഇടയാക്കുന്നു. അത്തരം സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രവചനങ്ങളിലേക്ക്‌ ആളുകളുടെ ശ്രദ്ധതിരിക്കുകയും ദൈവരാജ്യം മനുഷ്യവർഗത്തിന്‌ യഥാർഥ സുരക്ഷിതത്വം കൈവരുത്തുമെന്ന ബൈബിളിന്റെ ഉറച്ച വാഗ്‌ദാനംകൊണ്ട്‌ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 1:33; മീഖാ 4:⁠4.

കുടുംബാംഗത്തെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കൽ

18-20. ഒരു മരണം നടന്ന വീട്ടിലെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നിങ്ങൾക്ക്‌ എന്തു പറയാൻ അല്ലെങ്കിൽ ചെയ്യാൻ കഴിയും?

18 ഉറ്റവരുടെ മരണം ദിവസവും ലക്ഷക്കണക്കിന്‌ ആളുകളെ ദുഃഖത്തിലാഴ്‌ത്തുന്നു. ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴോ മറ്റു സന്ദർഭങ്ങളിലോ ദുഃഖിച്ചു വിലപിക്കുന്നവരെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. ആശ്വാസം പ്രദാനം ചെയ്യത്തക്ക വിധത്തിൽ എന്തു പറയാൻ അല്ലെങ്കിൽ ചെയ്യാൻ നിങ്ങൾക്കു കഴിയും?

19 വ്യക്തി കരഞ്ഞും വിലപിച്ചുംകൊണ്ടിരിക്കുകയാണോ? ദുഃഖാർത്തരായ ബന്ധുക്കളെക്കൊണ്ട്‌ വീടു നിറഞ്ഞിരിക്കുകയാണോ? അവരോടു ധാരാളം കാര്യങ്ങൾ പറയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം; എങ്കിലും വിവേചന പ്രകടമാക്കേണ്ടതു പ്രധാനമാണ്‌. (സഭാപ്രസംഗി 3:1, 7) അനുശോചനം അറിയിക്കുകയും ഉചിതമായ ഒരു ബൈബിൾ പ്രസിദ്ധീകരണം (ലഘുപത്രികയോ മാസികയോ ലഘുലേഖയോ) നൽകിയിട്ട്‌ കൂടുതലായി സഹായിക്കാനാകുമോ എന്നറിയാൻ ഏതാനും ദിവസത്തിനു ശേഷം അവരെ സന്ദർശിക്കുകയും ചെയ്യുന്നതാകാം ഒരുപക്ഷേ ഏറ്റവും ഉചിതമായ സംഗതി. അനുയോജ്യമായ ഒരു സമയത്ത്‌ ബൈബിളിൽനിന്നുള്ള പ്രോത്സാഹജനകമായ ചില ആശയങ്ങൾ പങ്കുവെക്കുക. അതിന്‌ സാന്ത്വനദായകമായിരിക്കാനാകും. (സദൃശവാക്യങ്ങൾ 16:24; 25:11) യേശു ചെയ്‌തതുപോലെ മരിച്ചവരെ ഉയിർപ്പിക്കാൻ നിങ്ങൾക്കാവില്ല. എന്നാൽ, മരിച്ചവരുടെ അവസ്ഥയെ കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അവരുമായി പങ്കുവെക്കാൻ നിങ്ങൾക്കു കഴിയും. ഒപ്പം, തെറ്റായ വീക്ഷണങ്ങളെ തിരുത്താനുള്ള സമയമല്ലായിരിക്കാം അത്‌ എന്നതും മനസ്സിൽപ്പിടിക്കുക. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10) പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ വാഗ്‌ദാനങ്ങൾ നിങ്ങൾക്ക്‌ ഒത്തൊരുമിച്ച്‌ വായിക്കാവുന്നതാണ്‌. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഇവ എന്ത്‌ അർഥമാക്കുന്നുവെന്ന്‌, ഒരുപക്ഷേ പുനരുത്ഥാനത്തെ കുറിച്ചുള്ള ഒരു ബൈബിൾ വിവരണം ഉപയോഗിച്ചുകൊണ്ട്‌ നിങ്ങൾക്കു ചർച്ച ചെയ്യാവുന്നതാണ്‌. (ലൂക്കൊസ്‌ 8:​49-56; യോഹന്നാൻ 11:​39-44) കൂടാതെ, അത്തരമൊരു പ്രത്യാശ നമുക്കു നൽകുന്ന സ്‌നേഹവാനായ ദൈവത്തിന്റെ ഗുണങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുക. (ഇയ്യോബ്‌ 14:14, 15; യോഹന്നാൻ 3:16) ഈ പഠിപ്പിക്കലുകൾ വ്യക്തിപരമായി നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നുവെന്നും നിങ്ങൾ അവയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്നും വിശദീകരിക്കുക.

20 ദുഃഖം അനുഭവിക്കുന്നവരെ രാജ്യഹാളിലേക്കു ക്ഷണിക്കുന്നത്‌ അയൽക്കാരെ യഥാർഥമായി സ്‌നേഹിക്കുന്ന, പരസ്‌പരം കെട്ടുപണി ചെയ്യാൻ അറിയാവുന്ന, ആളുകളെ പരിചയപ്പെടാൻ അവരെ സഹായിച്ചേക്കാം. താൻ ജീവിതത്തിൽ ഉടനീളം അന്വേഷിച്ചുകൊണ്ടിരുന്നത്‌ ഇതായിരുന്നെന്ന്‌ സ്വീഡനിലെ ഒരു സ്‌ത്രീ കണ്ടെത്തി.​—⁠യോഹന്നാൻ 13:35; 1 തെസ്സലൊനീക്യർ 5:11.

21, 22. (എ) ആശ്വാസം നൽകണമെങ്കിൽ നാം എന്തു ചെയ്യേണ്ടത്‌ ആവശ്യമാണ്‌? (ബി) തിരുവെഴുത്തുകൾ സംബന്ധിച്ച്‌ ഇപ്പോൾത്തന്നെ നല്ല അറിവുള്ള ഒരാളെ എങ്ങനെ ആശ്വസിപ്പിക്കാനാകും?

21 ക്രിസ്‌തീയ സഭയിലോ പുറത്തോ ഉള്ള ആരെങ്കിലും ദുഃഖം അനുഭവിക്കുന്നതായി അറിയുമ്പോൾ, എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വരുന്നതായി നിങ്ങൾക്ക്‌ അനുഭവപ്പെടാറുണ്ടോ? “ആശ്വാസം” എന്ന്‌ പലപ്പോഴും ബൈബിളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അക്ഷരീയ അർഥം “ഒരുവന്റെ പക്ഷത്തേക്കുള്ള ക്ഷണം” എന്നാണ്‌. ഒരു യഥാർഥ ആശ്വാസദായകൻ ആയിരിക്കുക എന്നാൽ ദുഃഖാർത്തരായവർക്കു നിങ്ങളെത്തന്നെ ലഭ്യമാക്കുക എന്നാണ്‌.​—⁠സദൃശവാക്യങ്ങൾ 17:17.

22 നിങ്ങൾ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക്‌ ഇപ്പോൾത്തന്നെ മരണത്തെയും മറുവിലയെയും പുനരുത്ഥാനത്തെയും കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ അറിയാമെങ്കിലോ? ഒരേ വിശ്വാസങ്ങളുള്ള ഒരു സുഹൃത്തിന്റെ സാമീപ്യംതന്നെ ആശ്വാസപ്രദമായിരുന്നേക്കാം. മറ്റേ വ്യക്തി സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നല്ല ഒരു ശ്രോതാവായിരിക്കുക. നിങ്ങൾ അവിടെ ഒരു പ്രസംഗം നടത്തേണ്ടതാണെന്നു വിചാരിക്കരുത്‌. തിരുവെഴുത്തുകൾ വായിക്കുന്നെങ്കിൽ, അവയെ നിങ്ങൾ ഇരുവരുടെയും ഹൃദയത്തിനു ശക്തി പകരുന്ന ദൈവത്തിന്റെ വാക്കുകളായി കാണുക. തിരുവെഴുത്തു വാഗ്‌ദാനത്തിൽ നിങ്ങൾക്ക്‌ ഇരുവർക്കും ഉള്ള ശക്തമായ ഉറപ്പ്‌ പ്രകടിപ്പിക്കുക. ദൈവിക അനുകമ്പ പ്രതിഫലിപ്പിക്കുകയും ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന വിലയേറിയ സത്യം പങ്കുവെക്കുകയും ചെയ്‌തുകൊണ്ട്‌, “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മായ യഹോവയിൽനിന്ന്‌ ആശ്വാസവും ശക്തിയും നേടാൻ നിങ്ങൾക്ക്‌ ദുഃഖം അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിയും.​—⁠2 കൊരിന്ത്യർ 1:⁠3.

[അടിക്കുറിപ്പുകൾ]

^ ഖ. 3 നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, അധ്യായം 8; തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ, പേജുകൾ 393-400, 427-31; നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌), അധ്യായം 10; എന്നീ പുസ്‌തകങ്ങളും ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയും കാണുക.

^ ഖ. 16 “അവൻ അതിനോടു വേദന കൂട്ടുന്നില്ല” എന്നാണ്‌ ഈ തിരുവെഴുത്തിന്റെ ശരിയായ പരിഭാഷ.

നിങ്ങളുടെ അഭിപ്രായമെന്ത്‌?

• വിപത്തുകൾക്ക്‌ അനേകരും ആരെയാണ്‌ കുറ്റപ്പെടുത്തുന്നത്‌, നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

• ബൈബിൾ നൽകുന്ന ആശ്വാസത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കാനായി നമുക്ക്‌ എന്തു ചെയ്യാവുന്നതാണ്‌?

• നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക്‌ ദുഃഖകാരണമായ സാഹചര്യങ്ങൾ ഏവ, നിങ്ങൾക്ക്‌ അവരെ എങ്ങനെ ആശ്വസിപ്പിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[23 -ാം പേജിലെ ചിത്രങ്ങൾ]

ദുരന്തസമയങ്ങളിൽ യഥാർഥ ആശ്വാസ ത്തിന്റെ സന്ദേശം പങ്കുവെക്കുന്നു

[കടപ്പാട്‌]

അഭയാർഥി ക്യാമ്പ്‌: UN PHOTO 186811/J. Isaac

[24 -ാം പേജിലെ ചിത്രം]

ഒരു സുഹൃത്തിന്റെ സാമീപ്യംതന്നെ ആശ്വാസദായകമാണ്‌