ദൈവത്തോടു ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചോദ്യം എന്ത്?
ദൈവത്തോടു ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചോദ്യം എന്ത്?
ലോകമെമ്പാടുമുള്ള ആളുകൾക്ക് ജീവിതത്തെ കുറിച്ചു ഗൗരവമേറിയ ചോദ്യങ്ങളുണ്ട്. നിങ്ങൾക്കോ? അനേകർ തങ്ങളുടെ മതോപദേഷ്ടാക്കളോട് അവ ചോദിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. മറ്റു ചിലർ സ്വയം ചിന്തിച്ച് അവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരിക്കുന്നു. ചിലർ മാർഗനിർദേശ ത്തിനായി പ്രാർഥിച്ചിരിക്കുന്നു. നിങ്ങളെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്കു ദൈവത്തിൽനിന്നു ലഭിക്കുക സാധ്യമാണോ? ദൈവത്തോടു ചോദിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി അനേകർ പറഞ്ഞിട്ടുള്ള ചില ചോദ്യങ്ങളാണ് പിൻവരുന്നവ.
ദൈവമേ, അങ്ങ് യഥാർഥത്തിൽ ആരാണ്?
മനുഷ്യർ ദൈവത്തെ വീക്ഷിക്കുന്ന വിധത്തെ അവരുടെ സംസ്കാരം, മാതാപിതാക്കളുടെ മതം അല്ലെങ്കിൽ സ്വന്തമായി തിരഞ്ഞെടുക്കുന്ന മതം എന്നിവ സ്വാധീനിക്കുന്നു. ചിലർ ദൈവത്തിന് ഒരു പേര് ഉപയോഗിക്കുന്നു; മറ്റു ചിലർ അവനെ കേവലം ദൈവം എന്നു വിളിക്കുന്നു. അത് പ്രാധാന്യമുള്ള കാര്യമാണോ? തന്നെക്കുറിച്ചും തന്റെ പേരിനെ കുറിച്ചും നമുക്കു വെളിപ്പെടുത്തിത്തരുന്ന ഒരേയൊരു സത്യദൈവമേ ഉള്ളോ?
ഇത്രയധികം കഷ്ടപ്പാട് ഉള്ളതെന്തുകൊണ്ട്?
വീണ്ടുവിചാരമില്ലാത്തതോ അധാർമികമോ ആയ ജീവിതം നയിച്ച് ആരോഗ്യം നശിക്കുകയോ ദരിദ്രനായിത്തീരുകയോ ചെയ്താൽ ഒരുവൻ അതു സംബന്ധിച്ച് പരാതി പറഞ്ഞേക്കാം. എങ്കിലും, താൻ കഷ്ടപ്പെടുന്നതിന്റെ കാരണം അയാൾക്കു നന്നായി അറിയാമായിരിക്കും.
എന്നിരുന്നാലും, മറ്റനേകർ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ദുരിതം അനുഭവിക്കുന്നുണ്ട്. ചിലർ നിത്യരോഗികളാണ്. എത്ര ശ്രമിച്ചിട്ടും ഒരു കിടപ്പാടമോ കുടുംബത്തിന് ആവശ്യമുള്ള ഭക്ഷണമോ നേടാൻ കഴിയാത്ത എത്രയോ പേരുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ കുറ്റകൃത്യം, യുദ്ധം, വിവേചനാരഹിതമായ അക്രമം, പ്രകൃതിവിപത്തുകൾ, അധികാരസ്ഥാനത്തുള്ളവരുടെ അനീതി എന്നിവയ്ക്കെല്ലാം ഇരകളാകുന്നു.
അതുകൊണ്ട് അനേകർ പിൻവരുന്നവിധം ചോദിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ: ‘ഇത്തരം അവസ്ഥകൾ ഇത്ര വ്യാപകമായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്? ദൈവം ഈ കഷ്ടപ്പാടുകളെല്ലാം അനുവദിക്കുന്നത് എന്തുകൊണ്ട്?’
ഞാൻ സ്ഥിതിചെയ്യുന്നത് എന്തുകൊണ്ട്? ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?
പലരുടെയും കാര്യത്തിൽ സത്യമായിരിക്കുന്നതു പോലെ, ദൈനംദിന പ്രവൃത്തിയിൽനിന്ന് യഥാർഥ സംതൃപ്തി ലഭിക്കുന്നില്ലാത്ത ഒരു
വ്യക്തിക്കു തോന്നുന്ന ശൂന്യതാബോധമാണ് മിക്കപ്പോഴും ഈ ചോദ്യങ്ങൾക്കു നിദാനം. മറ്റു ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്നത്, ഓരോ വ്യക്തിയുടെയും ജീവിതഗതി ഏതോ വിധത്തിൽ ദൈവം മുൻനിശ്ചയിച്ചിരിക്കുകയാണ് എന്നാണ്. അതു ശരിയാണോ? ദൈവത്തിനു നിങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടെങ്കിൽ, അതെന്താണെന്ന് അറിയാൻ തീർച്ചയായും നിങ്ങൾ ആഗ്രഹിക്കും.ലോകത്തിൽ വളരെയധികം പുസ്തകങ്ങൾ ലഭ്യമാണെങ്കിലും അവയിൽ ദൈവനിശ്വസ്തമെന്നു വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഒരേയൊരു പുസ്തകമേയുള്ളൂ. യഥാർഥത്തിൽ മുഴു മനുഷ്യവർഗത്തിനുമായി ദൈവം നൽകുന്ന ഒരു സന്ദേശത്തിന്റെ കാര്യത്തിൽ പ്രതീക്ഷിക്കാവുന്നതു പോലെ, എഴുതപ്പെട്ടിട്ടുള്ള മറ്റേതൊരു പുസ്തകത്തെക്കാളുമധികം ഭാഷകളിൽ അത് ലഭ്യവുമാണ്. അത് വിശുദ്ധ ബൈബിളാണ്. ഇതിൽ, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവംതന്നെ താൻ ആരാണെന്നും തന്റെ പേര് എന്താണെന്നും വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് ആ പേര് അറിയാമോ? ദൈവം ഏതുതരം വ്യക്തിയാണ് എന്നതു സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കറിയാമോ? ദൈവം നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നതു സംബന്ധിച്ച് അതു പറയുന്ന സംഗതികൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
[2 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
കവർ: Chad Ehlers/Index Stock Photography
[3 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പർവതം: Chad Ehlers/Index Stock Photography