വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’

‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’

‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’

“മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കുക.” പലപ്പോഴും പറഞ്ഞുകേൾക്കാറുള്ള ഒരു ഉപദേശമാണ്‌ അത്‌. എന്നാൽ നമ്മുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായി വർത്തിക്കണമെങ്കിൽ ശരിയും തെറ്റും തിരിച്ചറിയത്തക്കവിധം അത്‌ ഉചിതമായി പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്‌. മാത്രമല്ല, അതിന്റെ മാർഗദർശനത്തോടു നാം പ്രതികരിക്കുകയും വേണം.

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, സക്കായി എന്ന ധനികന്റെ അനുഭവം പരിചിന്തിക്കുക. യെരീഹോവിൽ താമസിച്ചിരുന്ന സക്കായി ഒരു ചുങ്കക്കാരൻ അഥവാ കരംപിരിവുകാരൻ ആയിരുന്നു. പിടിച്ചുപറിയിലൂടെ​—⁠മറ്റുള്ളവർക്കു നിശ്ചയമായും നഷ്ടം കൈവരുത്തുന്ന ഒരു നടപടിയിലൂടെ​—⁠ആണ്‌ താൻ സമ്പത്തു വാരിക്കൂട്ടിയതെന്ന്‌ അവൻതന്നെ സമ്മതിക്കുകയുണ്ടായി. അനീതിപരമായ ഈ നടപടികളെപ്രതി സക്കായിയുടെ മനസ്സാക്ഷി അവനെ അലട്ടിയിരുന്നോ? അലട്ടിയിരുന്നെങ്കിൽത്തന്നെ അവൻ അത്‌ അവഗണിച്ചിരുന്നതായി കാണുന്നു.​—⁠ലൂക്കൊസ്‌ 19:1-7.

എന്നാൽ, തന്റെ ഗതിയെ പുനർവിചിന്തനം ചെയ്യാൻ സക്കായിയെ പ്രേരിപ്പിച്ച ഒരു സംഭവം ഉണ്ടായി. യേശു യെരീഹോവിൽ എത്തിയ ഒരു സന്ദർഭം. ഉയരം കുറവായിരുന്ന സക്കായി യേശുവിനെ ഒന്നു കാണാൻ ആഗ്രഹിച്ചു. എന്നാൽ ജനക്കൂട്ടം നിമിത്തം അവന്‌ അതിനു കഴിഞ്ഞില്ല. അതുകൊണ്ട്‌ യേശുവിനെ നന്നായി കാണുന്നതിന്‌ അവൻ ഓടിപ്പോയി ഒരു മരത്തിൽ കയറിയിരുന്നു. സക്കായിയുടെ തീവ്രമായ ആഗ്രഹം യേശുവിന്റെ മനസ്സിനെ സ്‌പർശിച്ചു. താൻ അവന്റെ ഭവനം സന്ദർശിക്കുമെന്ന്‌ യേശു അവനോടു പറഞ്ഞു. സക്കായി സന്തോഷപൂർവം തന്റെ ആദരണീയനായ അതിഥിക്ക്‌ ആതിഥ്യമരുളുകയും ചെയ്‌തു.

യേശുവിനോടൊപ്പം ആയിരിക്കെ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങൾ സക്കായിയുടെ ഹൃദയത്തെ സ്‌പർശിച്ചു, തന്റെ വഴികൾക്കു മാറ്റം വരുത്താൻ അവൻ പ്രേരിതനായി. അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “കർത്താവേ, ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.”​—⁠ലൂക്കൊസ്‌ 19:​8, പി.ഒ.സി. ബൈബിൾ.

സക്കായിയുടെ മനസ്സാക്ഷി പ്രബുദ്ധമാക്കപ്പെട്ടിരുന്നു, അവൻ അതിനു ചെവികൊടുക്കുകയും അതിന്റെ മാർഗനിർദേശത്തോടു പ്രതികരിക്കുകയും ചെയ്‌തു. തന്മൂലം വലിയ അളവിലുള്ള അനുഗ്രഹങ്ങൾ അവനു ലഭിച്ചു. ‘ഇന്ന്‌ ഈ വീടിനു രക്ഷ വന്നിരിക്കുന്നു’ എന്ന്‌ യേശു സക്കായിയോടു പറഞ്ഞപ്പോൾ അവന്‌ ഉണ്ടായ വികാരം സങ്കൽപ്പിക്കുക.—ലൂക്കൊസ്‌ 19:⁠9.

എത്ര പ്രോത്സാഹജനകമായ മാതൃക! നാം പിൻപറ്റിപ്പോരുന്ന ഗതി എന്തുതന്നെ ആയിരുന്നാലും, നമുക്ക്‌ അതിനു മാറ്റം വരുത്താൻ കഴിയുമെന്ന്‌ അതു നമുക്കു കാണിച്ചുതരുന്നു. സക്കായിയെ പോലെ യേശുവിന്റെ വാക്കുകൾക്ക്‌​—⁠അവ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു​—⁠നമുക്കു ചെവികൊടുക്കാം. അപ്രകാരം, ശരിയും തെറ്റും സംബന്ധിച്ച അവബോധം നമുക്കു വളർത്തിയെടുക്കാം. അങ്ങനെയെങ്കിൽ പത്രൊസ്‌ അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിച്ചതുപോലെ ‘നല്ല മനസ്സാക്ഷിയുള്ളവരായിരിക്കാൻ’ നമുക്കു കഴിയും. നമ്മുടെ പരിശീലിത മനസ്സാക്ഷിക്കു ചെവികൊടുത്തുകൊണ്ട്‌ നമുക്കു ശരിയായതു ചെയ്യാം.​—⁠1 പത്രൊസ്‌ 3:⁠16.