യഥാർഥ ആശ്വാസം എവിടെ കണ്ടെത്താം?
യഥാർഥ ആശ്വാസം എവിടെ കണ്ടെത്താം?
‘നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും ഞങ്ങളെ ആശ്വസിപ്പിക്കുന്നു.’—2 കൊരിന്ത്യർ 1:3, 4.
1. ഏതു സാഹചര്യങ്ങളിൽ ആളുകൾക്ക് ആശ്വാസം വളരെ ആവശ്യമായി വന്നേക്കാം?
ഗുരുതരമായ ഒരു രോഗം ബാധിച്ച വ്യക്തി തന്റെ ജീവിതം നശിച്ചെന്നു വിചാരിച്ചേക്കാം. ഭൂകമ്പം, കൊടുങ്കാറ്റ്, ക്ഷാമം എന്നിവ ആളുകളെ കൊടുംദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നു. യുദ്ധത്തിന്റെ ഫലമായി കുടുംബാംഗങ്ങൾ വധിക്കപ്പെട്ടേക്കാം, വീടുകൾ തകർക്കപ്പെട്ടേക്കാം അല്ലെങ്കിൽ വീടും വസ്‌തുവകകളും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നേക്കാം. അനീതി നിമിത്തം, ആശ്വാസത്തിനായി തങ്ങൾക്കു തിരിയാൻ കഴിയുന്ന ഒരിടവുമില്ലെന്ന് ആളുകൾ ചിന്തിച്ചേക്കാം. ഇത്തരം കഷ്ടങ്ങൾ അനുഭവിക്കുന്നവർക്ക് അടിയന്തിര ആശ്വാസം ആവശ്യമാണ്. അത് എവിടെ കണ്ടെത്താം?
2. യഹോവ നൽകുന്ന ആശ്വാസം അതുല്യമായിരിക്കുന്നത് എന്തുകൊണ്ട്?
2 ചില വ്യക്തികളും സംഘടനകളും ആശ്വാസം പ്രദാനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ദയാപുരസ്സരമായ വാക്കുകൾ വളരെ വിലമതിക്കപ്പെടുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിമിത്തം ഭൗതിക ആവശ്യങ്ങൾ താത്‌കാലികമായി നിറവേറ്റപ്പെടുന്നു. എന്നിരുന്നാലും, നഷ്ടങ്ങൾ പൂർണമായി നികത്താനും ഇത്തരം വിപത്തുകൾ വീണ്ടുമൊരിക്കലും ആവർത്തിക്കപ്പെടാതിരിക്കാനുള്ള സഹായം നൽകാനും സത്യദൈവമായ യഹോവയ്‌ക്കു മാത്രമേ കഴിയൂ. അവനെ കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.” (2 കൊരിന്ത്യർ 1:3, 4) യഹോവ നമ്മെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്?
പ്രശ്‌നങ്ങളുടെ മൂലകാരണത്തെ കൈകാര്യം ചെയ്യൽ
3. ദൈവം നൽകുന്ന ആശ്വാസം മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെ?
3 ആദാം ചെയ്‌ത പാപത്തിന്റെ ഫലമായി മുഴു മനുഷ്യരാശിയും അപൂർണരായിത്തീർന്നു. അത് അസംഖ്യം പ്രശ്‌നങ്ങൾക്ക് ഇടയാക്കി, അവ ഒടുവിൽ മരണത്തിലേക്കു നയിക്കുന്നു. (റോമർ 5:12) പിശാചായ സാത്താനാണ് “ഈ ലോകത്തിന്റെ പ്രഭു [“ഭരണാധിപൻ,” NW]” എന്ന വസ്‌തുത സാഹചര്യത്തെ ഒന്നുകൂടെ വഷളാക്കിയിരിക്കുന്നു. (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) മനുഷ്യവർഗം അഭിമുഖീകരിക്കുന്ന സങ്കടകരമായ ഈ സാഹചര്യത്തിന്റെ പേരിൽ യഹോവ ദുഃഖം പ്രകടിപ്പിക്കുക മാത്രമല്ല ചെയ്‌തിരിക്കുന്നത്. വിടുതൽ പ്രദാനം ചെയ്യാനായി അവൻ തന്റെ ഏകജാത പുത്രനെ അയയ്‌ക്കുകയും തന്റെ പുത്രനിൽ വിശ്വാസമർപ്പിക്കുന്നപക്ഷം ആദാമ്യ പാപത്തിന്റെ ഫലങ്ങളിൽനിന്നു സ്വതന്ത്രരാകാൻ കഴിയുമെന്ന് നമ്മോടു പറയുകയും ചെയ്‌തിരിക്കുന്നു. (യോഹന്നാൻ 3:16; 1 യോഹന്നാൻ 4:10) സ്വർഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്‌തു സാത്താനെയും ഈ മുഴുദുഷ്ടവ്യവസ്ഥിതിയെയും നശിപ്പിക്കുമെന്നും ദൈവം മുൻകൂട്ടി പറഞ്ഞു.—മത്തായി 28:18; 1 യോഹന്നാൻ 3:8; വെളിപ്പാടു 6:2; 20:10.
4. (എ) ആശ്വാസം സംബന്ധിച്ച തന്റെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താൻ യഹോവ എന്തു പ്രദാനം ചെയ്‌തിരിക്കുന്നു? (ബി) ആശ്വാസം എപ്പോൾ ലഭിക്കുമെന്നു വിവേചിച്ചറിയാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
4 തന്റെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനായി ദൈവം, താൻ മുൻകൂട്ടി പറയുന്നതെല്ലാം നിവൃത്തിയേറും എന്നുള്ളതിന്റെ ധാരാളം തെളിവുകൾ രേഖപ്പെടുത്തിയിരിക്കുന്നു. (യോശുവ 23:14) വിടുതൽ അസാധ്യമാണെന്നു മനുഷ്യർക്കു തോന്നുന്ന സാഹചര്യങ്ങളിൽനിന്നു തന്റെ ദാസന്മാരെ വിടുവിക്കാനായി താൻ ചെയ്‌തിട്ടുള്ള കാര്യങ്ങൾ അവൻ ബൈബിൾ രേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. (പുറപ്പാടു 14:4-31; 2 രാജാക്കന്മാർ 18:13-19:37) കൂടാതെ, ‘സകലവിധ വ്യാധി’യുമുള്ളവരെ സൗഖ്യമാക്കുന്നതും മരിച്ചവരെ ഉയർപ്പിക്കുന്നതുപോലും തന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് യേശുക്രിസ്‌തുവിലൂടെ യഹോവ പ്രകടമാക്കി. (മത്തായി 9:35; മത്തായി 11:3-6) ഇതെല്ലാം എപ്പോൾ സംഭവിക്കും? അതിനുള്ള ഉത്തരമായി, ദൈവത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിതമാകുന്നതിനു മുമ്പുള്ള ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യനാളുകളെ സംബന്ധിച്ച ഒരു വിവരണം ബൈബിൾ നൽകുന്നു. യേശുവിന്റെ വിവരണം നമ്മുടെ കാലവുമായി ഒത്തുവരുന്നു.—മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5.
ദുരിതമനുഭവിക്കുന്ന ഒരു ജനത്തിന് ആശ്വാസം
5. പുരാതന ഇസ്രായേലിന് ആശ്വാസമേകിയപ്പോൾ യഹോവ എന്തിലേക്കാണ് അവരുടെ ശ്രദ്ധ തിരിച്ചത്?
5 പുരാതന ഇസ്രായേല്യരോട് യഹോവ ഇടപെട്ട വിധത്തിൽനിന്ന് ദുരിത സമയങ്ങളിൽ യഹോവ എങ്ങനെ അവർക്ക് ആശ്വാസം നൽകിയെന്നു നമുക്കു മനസ്സിലാക്കാനാകും. താൻ ഏതുതരം ദൈവമാണെന്ന് അവൻ അവരെ ഓർമിപ്പിച്ചു. ഇത് അവന്റെ വാഗ്‌ദാനങ്ങളിലുള്ള അവരുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കി. യഹോവ പ്രവാചകന്മാരെ ഉപയോഗിച്ച് ജീവനുള്ള സത്യദൈവമായ താനും തങ്ങളെത്തന്നെയോ തങ്ങളുടെ ആരാധകരെയോ സഹായിക്കാൻ കഴിയാത്ത വിഗ്രഹദൈവങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി. (യെശയ്യാവു 41:10; 46:1; യിരെമ്യാവു 10:2-15) “എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ” എന്നു യെശയ്യാവിനോടു പറഞ്ഞപ്പോൾ, ഏക സത്യദൈവമെന്ന നിലയിലുള്ള തന്റെ മാഹാത്മ്യത്തിന് ഊന്നൽ നൽകാനായി ദൃഷ്ടാന്തങ്ങളും തന്റെ സൃഷ്ടിക്രിയകളെ സംബന്ധിച്ച വിവരണങ്ങളും ഉപയോഗിക്കാൻ യഹോവ തന്റെ പ്രവാചകനെ പ്രേരിപ്പിച്ചു.—യെശയ്യാവു 40:1-31.
6. വിടുതൽ എപ്പോൾ ലഭിക്കുമെന്നതു സംബന്ധിച്ച് ഏതു സൂചനകൾ യഹോവ ചിലപ്പോഴൊക്കെ നൽകിയിട്ടുണ്ട്?
6 ചില സന്ദർഭങ്ങളിൽ, തന്റെ ജനത്തിനു മോചനം ലഭിക്കാനിരുന്ന, സമീപഭാവിയിലോ വിദൂരഭാവിയിലോ ഉള്ള, സമയം വെളിപ്പെടുത്തിക്കൊണ്ട് യഹോവ ആശ്വാസം നൽകുകയുണ്ടായി. ഈജിപ്‌തിൽനിന്നുള്ള വിടുതൽ അടുത്തപ്പോൾ മർദിതരായ ഇസ്രായേല്യരോട് അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും.” (പുറപ്പാടു 11:1) യെഹോശാഫാത്ത് രാജാവിന്റെ കാലത്ത് ഒരു ത്രിരാഷ്‌ട്ര സഖ്യസേന യെഹൂദയെ ആക്രമിച്ചപ്പോൾ “നാളെ” അവർക്കുവേണ്ടി താൻ ഇടപെടുമെന്ന് യഹോവ അവരോടു പറഞ്ഞു. (2 ദിനവൃത്താന്തം 20:1-4, 14-17) ഈ രണ്ട് വിടുതലുകളിൽനിന്നു വ്യത്യസ്‌തമായി, ബാബിലോണിൽനിന്നുള്ള അവരുടെ വിടുതൽ ഏതാണ്ട് 200 വർഷം മുമ്പ് യെശയ്യാവ് രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, വിടുതൽ ലഭിക്കുന്നതിന് ഏതാണ്ട് നൂറു വർഷംമുമ്പ് യിരെമ്യാവിലൂടെ കൂടുതലായ വിശദാംശങ്ങൾ നൽകപ്പെട്ടു. വിടുതലിനുള്ള സമയം അടുത്തുവന്നപ്പോൾ ദൈവദാസന്മാർക്ക് ആ പ്രവചനങ്ങൾ എത്ര പ്രോത്സാഹജനകമായിരുന്നു!—യെശയ്യാവു 44:26-45:3; യിരെമ്യാവു 25:11-14.
7. വിമോചന വാഗ്‌ദാനത്തിൽ മിക്കപ്പോഴും എന്ത് ഉൾക്കൊണ്ടിരുന്നു, ഇത് ഇസ്രായേലിലെ വിശ്വസ്‌തരെ ബാധിച്ചത് എങ്ങനെ?
7 ദൈവജനത്തിന് ആശ്വാസം കൈവരുത്തിയ വാഗ്‌ദാനങ്ങളിൽ മിക്കപ്പോഴും മിശിഹായെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. (യെശയ്യാവു 53:1-12) വിവിധ പരീക്ഷകളെ നേരിട്ട വിശ്വസ്‌തർക്ക് ഇവ തലമുറകളോളം പ്രത്യാശ പകർന്നു. ലൂക്കൊസ് 2:25-ൽ നാം വായിക്കുന്നു: “യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി [വാസ്‌തവത്തിൽ മിശിഹായുടെ വരവിനായി] കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു.” മിശിഹായെ സംബന്ധിച്ച തിരുവെഴുത്തു പ്രത്യാശയെ കുറിച്ചു ശിമെയോന് അറിയാമായിരുന്നു. അതിന്റെ നിവൃത്തി സംബന്ധിച്ച പ്രതീക്ഷ അവന്റെ ജീവിതത്തെ സ്വാധീനിച്ചു. അതെല്ലാം എങ്ങനെ നിറവേറുമെന്ന് അവന് അറിയില്ലായിരുന്നു. കൂടാതെ, മുൻകൂട്ടി പറയപ്പെട്ട രക്ഷ ഒരു യാഥാർഥ്യമായിത്തീരുന്നത് കാണാൻ അവൻ ജീവിച്ചിരുന്നുമില്ല. എങ്കിലും, “രക്ഷ” പ്രദാനം ചെയ്യാനായി ദൈവം ഉപയോഗിക്കുമായിരുന്നവനെ തിരിച്ചറിഞ്ഞപ്പോൾ അവൻ സന്തോഷിച്ചു.—ലൂക്കൊസ് 2:31, 32.
ക്രിസ്‌തുവിലൂടെയുള്ള ആശ്വാസം
8. യേശു നൽകിയ സഹായം അനേകരും ആഗ്രഹിച്ച സഹായത്തിൽനിന്നു വ്യത്യസ്‌തമായിരുന്നത് എങ്ങനെ?
8 യേശു തന്റെ ഭൗമിക ശുശ്രൂഷ നിർവഹിക്കവേ, ജനം ആഗ്രഹിച്ച സഹായം അവൻ എല്ലായ്‌പോഴും അവർക്കു നൽകിയില്ല. റോമൻ ആധിപത്യത്തിന്റെ അസഹ്യമായ നുകത്തിൽനിന്നു തങ്ങളെ വിടുവിക്കുന്ന ഒരു മിശിഹായെയാണ് ചിലർ ആഗ്രഹിച്ചത്. എന്നാൽ യേശു വിപ്ലവത്തെ പ്രോത്സാഹിപ്പിച്ചില്ല. മറിച്ച് അവൻ പറഞ്ഞു: ‘കൈസർക്കുള്ളതു കൈസർക്കു കൊടുപ്പിൻ.’ (മത്തായി 22:21) ഒരു രാഷ്‌ട്രീയ ഭരണകൂടത്തിന്റെ അധീനതയിൽനിന്നു ജനത്തെ വിടുവിക്കുന്നതിലധികം ദൈവോദ്ദേശ്യത്തിൽ ഉൾപ്പെട്ടിരുന്നു. ജനം യേശുവിനെ രാജാവാക്കാൻ ആഗ്രഹിച്ചു, എന്നാൽ താൻ ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കും’ എന്ന് അവൻ പറഞ്ഞു. (മത്തായി 20:28; യോഹന്നാൻ 6:15) അവൻ രാജത്വം ഏറ്റെടുക്കാനുള്ള സമയം വന്നെത്തിയിരുന്നില്ല. അതൃപ്‌തരായിരുന്ന ജനക്കൂട്ടമല്ല, മറിച്ച് യഹോവയാണ് അവനു ഭരണാധികാരം നൽകുമായിരുന്നത്.
9. (എ) യേശു പ്രഖ്യാപിച്ച ആശ്വാസത്തിന്റെ സന്ദേശം എന്തായിരുന്നു? (ബി) ജനം വ്യക്തിപരമായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന സാഹചര്യങ്ങളോടുള്ള ബന്ധത്തിൽ ആ സന്ദേശത്തിന്റെ പ്രസക്തി യേശു പ്രകടമാക്കിയത് എങ്ങനെ? (സി) യേശുവിന്റെ ശുശ്രൂഷ എന്തിന് അടിസ്ഥാനമിട്ടു?
9 യേശു നൽകിയ ആശ്വാസം അടങ്ങുന്നതായിരുന്നു ‘ദൈവരാജ്യ സുവിശേഷം.’ ആ സന്ദേശമാണ് താൻ പോയിടത്തെല്ലാം അവൻ ഘോഷിച്ചത്. (ലൂക്കൊസ് 4:43) മിശിഹൈക ഭരണാധികാരി എന്നനിലയിൽ താൻ മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുമെന്നു പ്രകടമാക്കിക്കൊണ്ട് ആളുകളുടെ അനുദിന പ്രശ്‌നങ്ങളോടുള്ള ബന്ധത്തിൽ ആ സന്ദേശത്തിന് ഉള്ള പ്രസക്തി അവൻ വ്യക്തമാക്കി. ദുരിതങ്ങളുടെ ഫലമായി ജീവിതത്തെത്തന്നെ വെറുത്തു തുടങ്ങിയിരുന്നവർക്ക് തുടർന്നു ജീവിക്കാനുള്ള കാരണം അവൻ നൽകി. അവൻ അന്ധരെയും ഊമരെയും സൗഖ്യമാക്കി, (മത്തായി 12:22; മർക്കൊസ് 10:51, 52) തളർന്ന കൈകാലുകൾ ഉള്ളവരെ സൗഖ്യമാക്കി, (മർക്കൊസ് 2:3-12) അറപ്പുളവാക്കുന്ന രോഗമുണ്ടായിരുന്ന ചില സഹ ഇസ്രായേല്യരെ സുഖപ്പെടുത്തി, (ലൂക്കൊസ് 5:12, 13) വേദനാജനകമായ മറ്റു രോഗങ്ങളിൽനിന്നും അവൻ അവരെ വിടുവിച്ചു. (മർക്കൊസ് 5:25-29) മരിച്ചുപോയ കുട്ടികളെ ജീവനിലേക്ക് വരുത്തിക്കൊണ്ട് അവൻ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് വലിയ ആശ്വാസം പകർന്നു. (ലൂക്കൊസ് 7:11-15; 8:49-56) വിനാശകമായ കൊടുങ്കാറ്റുകളെ നിയന്ത്രിക്കാനും വൻപുരുഷാരത്തിന്റെ ഭക്ഷണാവശ്യം തൃപ്‌തിപ്പെടുത്താനുമുള്ള തന്റെ കഴിവ് അവൻ പ്രകടമാക്കി. (മർക്കൊസ് 4:37-41; 8:2-9) മാത്രമല്ല, അനുദിന പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ആളുകളുടെ ഹൃദയത്തെ മിശിഹായുടെ കീഴിലെ നീതിയുള്ള ഭരണത്തെക്കുറിച്ചുള്ള പ്രത്യാശകൊണ്ട് നിറയ്‌ക്കുകയും ചെയ്യുമായിരുന്ന ജീവിതതത്ത്വങ്ങൾ അവൻ അവരെ പഠിപ്പിച്ചു. അങ്ങനെ തന്റെ ശുശ്രൂഷ നിർവഹിക്കവേ, യേശു വിശ്വാസത്തോടെ ശ്രദ്ധിച്ചവരെ ആശ്വസിപ്പിക്കുക മാത്രമല്ല വരും സഹസ്രാബ്ദങ്ങളിൽ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള അടിസ്ഥാനം ഇടുകയും ചെയ്‌തു.
10. യേശുവിന്റെ ബലിയിലൂടെ എന്തു സാധ്യമായിരിക്കുന്നു?
10 യേശു തന്റെ മനുഷ്യ ജീവനെ ഒരു യാഗമായി അർപ്പിക്കുകയും സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും ചെയ്‌ത് 60-ലധികം വർഷങ്ങൾ പിന്നിട്ടശേഷം അപ്പൊസ്‌തലനായ യോഹന്നാൻ പിൻവരുന്ന വിധം എഴുതാൻ നിശ്വസ്‌തനാക്കപ്പെട്ടു: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ [“സഹായി,” NW] നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) യേശുവിന്റെ പൂർണതയുള്ള മനുഷ്യബലിയുടെ പ്രയോജനങ്ങൾ നമുക്കു വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുമെന്നും നമുക്കൊരു ശുദ്ധ മനസ്സാക്ഷിയും ദൈവവുമായുള്ള അംഗീകൃത ബന്ധവും നിത്യജീവന്റെ പ്രതീക്ഷയും ഉണ്ടായിരിക്കാനാകുമെന്നും നമുക്ക് ഉറപ്പുണ്ട്.—യോഹന്നാൻ 14:6; റോമർ 6:23; എബ്രായർ 9:24-28; 1 പത്രൊസ് 3:21.
പരിശുദ്ധാത്മാവ് ആശ്വാസമേകുന്നു
11. ആശ്വാസത്തിനുള്ള കൂടുതലായ ഏതു കരുതൽ തന്റെ മരണത്തിന് മുമ്പായി യേശു വാഗ്‌ദാനം ചെയ്‌തു?
11 തന്റെ ബലിമരണത്തിനു മുമ്പ് അപ്പൊസ്‌തലന്മാരോടൊത്തുള്ള അവസാന സന്ധ്യാവേളയിൽ, അവർക്ക് ആശ്വാസം നൽകാനായി തന്റെ സ്വർഗീയ പിതാവ് ചെയ്‌തിരിക്കുന്ന മറ്റൊരു ക്രമീകരണത്തെ കുറിച്ച് യേശു സംസാരിച്ചു. അവൻ പറഞ്ഞു: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറെറാരു കാര്യസ്ഥനെ [“സഹായകനെ,” NW] [ആശ്വാസദായകനെ; ഗ്രീക്ക്, പാരാക്ലിറ്റൊസ്] എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” യേശു അവർക്ക് ഈ ഉറപ്പു നൽകി: “പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹന്നാൻ 14:16, 17, 26) യഥാർഥത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് അവരെ ആശ്വസിപ്പിച്ചത്?
12. യേശുവിന്റെ ശിഷ്യന്മാരുടെ ഓർമ പുതുക്കുന്നതിൽ പരിശുദ്ധാത്മാവ് നൽകിയ സഹായം അനേകർക്ക് ആശ്വാസം ലഭിക്കാൻ ഇടയാക്കിയിരിക്കുന്നത് എങ്ങനെ?
12 അപ്പൊസ്‌തലന്മാരെ യേശു അനവധി കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. അത് തീർച്ചയായും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. എന്നാൽ അവൻ പറഞ്ഞ കാര്യങ്ങൾ അവർ ഓർക്കുമായിരുന്നോ? തങ്ങളുടെ അപൂർണമായ ഓർമശക്തി നിമിത്തം പഠിച്ച സുപ്രധാന കാര്യങ്ങൾ അവർ മറന്നുപോകുമായിരുന്നോ? പരിശുദ്ധാത്മാവ്, ‘താൻ അവരോടു പറഞ്ഞിട്ടുള്ളതൊക്കെയും അവരെ ഓർമ്മപ്പെടുത്തുമെന്ന്’ യേശു അവർക്ക് ഉറപ്പേകി. അതുകൊണ്ടാണ്, യേശു മരിച്ച് ഏതാണ്ട് എട്ടു വർഷങ്ങൾക്കു ശേഷം മത്തായിക്ക് ആദ്യത്തെ സുവിശേഷം എഴുതാൻ കഴിഞ്ഞത്. അതിൽ അവൻ, യേശുവിന്റെ ഹൃദയോഷ്‌മളമായ ഗിരിപ്രഭാഷണം, രാജ്യത്തെ സംബന്ധിച്ച അവന്റെ അനവധി ദൃഷ്ടാന്തങ്ങൾ, തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെ കുറിച്ചുള്ള യേശുവിന്റെ വിശദമായ ചർച്ച എന്നിവ രേഖപ്പെടുത്തി. യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തെ ഏതാനും ദിവസത്തെ കുറിച്ചുള്ള വളരെയധികം വിശദാംശങ്ങൾ അടങ്ങുന്ന വിശ്വാസയോഗ്യമായ ഒരു വിവരണം 50-ലധികം വർഷങ്ങൾക്കു ശേഷം അപ്പൊസ്‌തലനായ യോഹന്നാന് എഴുതാൻ സാധിച്ചു. നമ്മുടെ ഇക്കാലം വരെയും ഈ നിശ്വസ്‌ത രേഖകൾ എത്ര പ്രോത്സാഹജനകമായിരിക്കുന്നു!
13. ആദിമക്രിസ്‌ത്യാനികൾക്ക് പരിശുദ്ധാത്മാവ് ഒരു അധ്യാപകനായി വർത്തിച്ചത് എങ്ങനെ?
13 പരിശുദ്ധാത്മാവ് കേവലം യേശുവിന്റെ വാക്കുകൾ ഓർമയിലേക്കു കൊണ്ടുവരിക മാത്രമല്ല ചെയ്‌തത്. പകരം, അത് ശിഷ്യന്മാരെ ഉപദേശിക്കുകയും ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചുള്ള കൂടുതൽ പൂർണമായ ഗ്രാഹ്യത്തിലേക്ക് അവരെ നയിക്കുകയും ചെയ്‌തു. ശിഷ്യന്മാരോടൊത്ത് ആയിരുന്നപ്പോൾ യേശു പറഞ്ഞ ചില കാര്യങ്ങൾ അവർക്ക് അപ്പോൾ വ്യക്തമായി മനസ്സിലായില്ല. എന്നിരുന്നാലും, പരിശുദ്ധാത്മാവിനാൽ പ്രേരിതരായി യോഹന്നാനും പത്രൊസും യാക്കോബും യൂദായും പൗലൊസും ദൈവോദ്ദേശ്യത്തിലെ കൂടുതലായ സംഭവവികാസങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങൾ പിന്നീട് രേഖപ്പെടുത്തുകയുണ്ടായി. അങ്ങനെ, ദിവ്യ നടത്തിപ്പു സംബന്ധിച്ച് ഉറപ്പുനൽകിക്കൊണ്ട് പരിശുദ്ധാത്മാവ് ഒരു അധ്യാപകനായി വർത്തിച്ചു.
14. ഏതു വിധങ്ങളിലാണ് പരിശുദ്ധാത്മാവ് യഹോവയുടെ ജനത്തെ സഹായിച്ചത്?
14 ദൈവം തന്റെ പ്രീതി ജഡിക ഇസ്രായേല്യരിൽനിന്ന് ക്രിസ്‌തീയ സഭയിലേക്കു മാറ്റിയെന്ന് വ്യക്തമാക്കാനും പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ വരങ്ങൾ സഹായകമായി. (എബ്രായർ 2:3) വ്യക്തികളുടെ ജീവിതത്തിൽ ആ ആത്മാവ് ഉളവാക്കിയ ഫലവും യേശുവിന്റെ യഥാർഥ ശിഷ്യർ ആരാണെന്നു തിരിച്ചറിയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. (യോഹന്നാൻ 13:35; ഗലാത്യർ 5:22-24) ധീരരും നിർഭയരുമായ സാക്ഷികളായിരിക്കാൻ ആ സഭയിലെ അംഗങ്ങളെ പരിശുദ്ധാത്മാവ് ശക്തീകരിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 4:31.
അങ്ങേയറ്റം സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോൾ സഹായം
15. (എ) കഴിഞ്ഞകാലത്തും ഇപ്പോഴും ക്രിസ്‌ത്യാനികൾ ഏതെല്ലാം സമ്മർദങ്ങളെ നേരിട്ടിരിക്കുന്നു? (ബി) പ്രോത്സാഹനം നൽകുന്നവർക്കുതന്നെ ചിലപ്പോൾ അത് ആവശ്യമായി വന്നേക്കാവുന്നത് എന്തുകൊണ്ട്?
15 യഹോവയ്‌ക്ക് അർപ്പിതരും അവനോടു വിശ്വസ്‌തരുമായ സകലർക്കും ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിക്കേണ്ടി വരുന്നു. (2 തിമൊഥെയൊസ് 3:12) എന്നിരുന്നാലും, അനേകം ക്രിസ്‌ത്യാനികൾക്ക് അങ്ങേയറ്റം കഠിനമായ സമ്മർദം സഹിക്കേണ്ടിവന്നിരിക്കുന്നു. ആധുനിക കാലത്ത്, ചിലർ ജനക്കൂട്ടത്തിന്റെ ആക്രമണത്തിനു വിധേയരാകുകയും മനുഷ്യത്വരഹിതമായ അവസ്ഥകളിലുള്ള തടങ്കൽ പാളയങ്ങളിലേക്കും ജയിലുകളിലേക്കും തൊഴിൽ പാളയങ്ങളിലേക്കും അയയ്‌ക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. അവരെ പീഡിപ്പിക്കുന്നതിൽ ഭരണകൂടങ്ങൾതന്നെ സജീവ പങ്കുവഹിക്കുകയോ അല്ലെങ്കിൽ നിയമവിരുദ്ധ ഘടകങ്ങളുടെ അക്രമപ്രവൃത്തികൾക്കു നേരെ കണ്ണടയ്‌ക്കുകയോ ചെയ്‌തിരിക്കുന്നു. കൂടാതെ, ക്രിസ്‌ത്യാനികൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെയോ കുടുംബ പ്രതിസന്ധികളെയോ അഭിമുഖീകരിച്ചിട്ടുണ്ട്. വിഷമകരമായ സാഹചര്യങ്ങളെ നേരിടാൻ ഒന്നിനുപുറകേ ഒന്നായി അനേകരെ സഹായിക്കുന്ന പക്വമതിയായ ഒരു ക്രിസ്‌ത്യാനിക്കും സമ്മർദം അനുഭവപ്പെട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ, പ്രോത്സാഹനം നൽകുന്ന വ്യക്തിക്കുതന്നെ അത് ആവശ്യമായി വന്നേക്കാം.
16. വലിയ സമ്മർദത്തിൻ കീഴിലായിരുന്നപ്പോൾ ദാവീദിനു സഹായം ലഭിച്ചത് എങ്ങനെ?
16 തന്നെ വധിക്കാനായി ശൗൽ രാജാവ് തേടിനടന്നപ്പോൾ ദാവീദ് സഹായത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു. “ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ,” അവൻ യാചിച്ചു. “ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു.” (സങ്കീർത്തനം 54:2, 4; 57:1) ദാവീദിന് സഹായം ലഭിച്ചോ? ലഭിച്ചു. ആ സമയത്ത്, ദാവീദിനു മാർഗനിർദേശം നൽകാൻ യഹോവ പ്രവാചകനായ ഗാദിനെയും പുരോഹിതനായ അബ്യാഥാരിനെയും ഉപയോഗിച്ചു. മാത്രമല്ല, ശൗലിന്റെ മകനായ യോനാഥാനിലൂടെ അവൻ യുവാവായ ദാവീദിനെ ശക്തീകരിക്കുകയും ചെയ്‌തു. (1 ശമൂവേൽ 22:1, 5; 23:9-13, 16-18) കൂടാതെ ദേശത്ത് ഒരു മിന്നലാക്രമണം നടത്താൻ യഹോവ ഫെലിസ്‌ത്യരെ അനുവദിച്ചു. ഇത് ദാവീദിനെ പിടികൂടുക എന്ന ലക്ഷ്യത്തിൽനിന്ന് ശൗലിന്റെ ശ്രദ്ധ തിരിക്കാൻ ഉതകി.—1 ശമൂവേൽ 23:27, 28.
17. കടുത്ത സമ്മർദം നേരിട്ടപ്പോൾ സഹായത്തിനായി യേശു എവിടേക്കാണു തിരിഞ്ഞത്?
17 തന്റെ ഭൗമിക ജീവിതം അവസാനിക്കാറായ സമയത്ത് യേശുക്രിസ്‌തുവും കടുത്ത സമ്മർദത്തിൻ കീഴിലായി. തന്റെ പ്രവർത്തനഗതിക്ക് സ്വർഗീയ പിതാവിന്റെ നാമത്തെയും മുഴു മനുഷ്യവർഗത്തിന്റെ ഭാവിയെയും എങ്ങനെ ബാധിക്കാനാകുമെന്ന് അവനു നന്നായി അറിയാമായിരുന്നു. അവൻ ഉള്ളുരുകി പ്രാർഥിച്ചു, “പ്രാണവേദനയി”ലാകുകപോലും ചെയ്‌തു. പ്രയാസകരമായ ആ സമയത്ത് യേശുവിന് ആവശ്യമായ സഹായം ലഭിച്ചെന്ന് യഹോവ ഉറപ്പുവരുത്തി.—ലൂക്കൊസ് 22:41-44.
18. കഠിനമായി പീഡിപ്പിക്കപ്പെട്ട ആദിമ ക്രിസ്‌ത്യാനികൾക്ക് ദൈവം എന്ത് ആശ്വാസമാണ് നൽകിയത്?
18 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയ സഭ സ്ഥാപിതമായ എബ്രായർ 10:34; എഫെസ്യർ 1:18-20) പ്രസംഗപ്രവർത്തനം തുടർന്നപ്പോൾ തങ്ങളുടെമേൽ ദൈവാത്മാവ് ഉണ്ടെന്നുള്ളതിന്റെ തെളിവ് അവർ കണ്ടു. അവർക്കുണ്ടായ അനുഭവങ്ങൾ ആനന്ദിക്കാനുള്ള കൂടുതലായ കാരണം നൽകുകയും ചെയ്‌തു.—മത്തായി 5:11, 12; പ്രവൃത്തികൾ 8:1-40.
ശേഷം ഉണ്ടായ പീഡനത്തിന്റെ കാഠിന്യം നിമിത്തം അപ്പൊസ്‌തലന്മാർ ഒഴികെ മറ്റെല്ലാവരും യെരൂശലേമിൽനിന്നു ചിതറിപ്പോയി. സ്‌ത്രീകളെയും പുരുഷന്മാരെയും അവരുടെ വീടുകളിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയി. അവർക്ക് ദൈവം നൽകിയ ആശ്വാസം എന്തായിരുന്നു? “നിലനില്‌ക്കുന്ന ഉത്തമസമ്പത്തു,” അതായത് സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ഒരു അക്ഷയ അവകാശം ഉണ്ടെന്ന തന്റെ വചനത്തിൽനിന്നുള്ള ഉറപ്പ് ആയിരുന്നു അത്. (19. കഠിനപീഡനം സഹിക്കേണ്ടി വന്നെങ്കിലും ദൈവം നൽകിയ ആശ്വാസത്തെ പൗലൊസ് എങ്ങനെയാണ് വീക്ഷിച്ചത്?
19 ക്രിസ്‌ത്യാനികളെ മൃഗീയമായി പീഡിപ്പിച്ചിരുന്ന ശൗൽതന്നെ (പൗലൊസ്) പിൽക്കാലത്ത് ഒരു ക്രിസ്‌ത്യാനി ആയിത്തീരുകയും പീഡനത്തിന് ഇരയാകുകയും ചെയ്‌തു. സൈപ്രസ് എന്ന ദ്വീപിൽ, കാപട്യവും വക്രതയും പ്രയോഗിച്ചുകൊണ്ട് പൗലൊസിന്റെ ശുശ്രൂഷയെ തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരു ക്ഷുദ്രക്കാരൻ ഉണ്ടായിരുന്നു. ഗലാത്യയിൽവെച്ച് പൗലൊസിനെ കല്ലെറിയുകയും മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചുപോകുകയും ചെയ്‌തു. (പ്രവൃത്തികൾ 13:8-10; 14:19) മക്കദോന്യയിൽവെച്ച് അവൻ കോൽകൊണ്ടുള്ള അടി കൊണ്ടു. (പ്രവൃത്തികൾ 16:22, 23) എഫെസൊസിൽ വെച്ച് പുരുഷാരത്തിന്റെ ആക്രമണത്തിനു വിധേയനായ അവൻ എഴുതി: “ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. . . . ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.” (2 കൊരിന്ത്യർ 1:8, 9) എങ്കിലും, അതേ ലേഖനത്തിൽത്തന്നെ, ഈ പഠനലേഖനത്തിന്റെ രണ്ടാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന ആശ്വാസവാക്കുകൾ പൗലൊസ് എഴുതുകയുണ്ടായി.—2 കൊരിന്ത്യർ 1:3, 4.
20. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
20 അത്തരം ആശ്വാസം നൽകുന്നതിൽ നിങ്ങൾക്ക് എങ്ങനെ ഒരു പങ്കുണ്ടായിരിക്കാനാകും? വളരെയധികം പേരെ ബാധിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ നിമിത്തം ദുഃഖം അനുഭവിക്കുന്ന അനേകർക്ക് ഇക്കാലത്ത് ആശ്വാസം ആവശ്യമാണ്. ഈ രണ്ടു സന്ദർഭങ്ങളിലും എങ്ങനെ ആശ്വാസം നൽകാമെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവം നൽകുന്ന ആശ്വാസമാണ് ഏറ്റവും മൂല്യവത്തെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• ക്രിസ്‌തുവിലൂടെ ഏത് ആശ്വാസമാണ് നൽകപ്പെടുന്നത്?
• പരിശുദ്ധാത്മാവ് ഒരു ആശ്വാസദായകൻ ആണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
• ദൈവത്തിന്റെ ദാസന്മാർ കടുത്ത സമ്മർദത്തിൻകീഴിൽ ആയിരുന്നപ്പോൾ അവൻ അവരെ ആശ്വസിപ്പിച്ചതിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക.
[അധ്യയന ചോദ്യങ്ങൾ]
[15 -ാം പേജിലെ ചിത്രങ്ങൾ]
തന്റെ ജനത്തെ വിടുവിച്ചുകൊണ്ട് യഹോവ ആശ്വാസം പ്രദാനം ചെയ് തെന്നു ബൈബിൾ പ്രകടമാക്കുന്നു
[16 -ാം പേജിലെ ചിത്രങ്ങൾ]
പഠിപ്പിക്കുകയും സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്‌തുകൊണ്ട് യേശു ആശ്വാസം പ്രദാനം ചെയ്‌തു
[18 -ാം പേജിലെ ചിത്രം]
യേശുവിന് ഉയരത്തിൽനിന്നുള്ള സഹായം ലഭിച്ചു