വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ?

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ?

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ?

“നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു . . . യഹോവ എവിടെ എന്നു അവർ ചോദിച്ചില്ല.”​—⁠യിരെമ്യാവു 2:5, 6.

1. “ദൈവം എവിടെയാണ്‌” എന്നു ചോദിക്കുന്നവരുടെ മനസ്സിൽ ഉള്ളത്‌ എന്തായിരിക്കാം?

“ദൈവം എവിടെയാണ്‌?” അനേകർ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണത്‌. ചിലരെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിനെ കുറിച്ചുള്ള ഒരു അടിസ്ഥാന വസ്‌തുത, അതായത്‌ അവൻ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്‌, എന്നു മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമാണ്‌ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്‌. വ്യാപകമായ ഒരു വിപത്ത്‌ നേരിട്ടശേഷമോ വ്യക്തിപരമായി വലിയ ബുദ്ധിമുട്ടിലായിരിക്കുകയും ദൈവം ഇടപെടാത്തത്‌ എന്തുകൊണ്ടെന്നു മനസ്സിലാകാതിരിക്കുകയും ചെയ്യുമ്പോഴോ ആണ്‌ മറ്റുചിലർ ഈ ചോദ്യം ചോദിച്ചിട്ടുള്ളത്‌. ഇനിയും ഒരുകൂട്ടർ, ദൈവം ഉണ്ടെന്ന ആശയംതന്നെ തിരസ്‌കരിക്കുന്നതിനാൽ അവനെക്കുറിച്ച്‌ അന്വേഷിക്കുന്നതേയില്ല.​—⁠സങ്കീർത്തനം 10:⁠4.

2. ദൈവത്തിനുവേണ്ടിയുള്ള തങ്ങളുടെ അന്വേഷണത്തിൽ വിജയിക്കുന്നത്‌ ആരാണ്‌?

2 എന്നിരുന്നാലും, ഒരു ദൈവം ഉണ്ട്‌ എന്നതിന്റെ നിരവധിയായ തെളിവുകൾ അംഗീകരിക്കുന്ന അനേകരുണ്ട്‌. (സങ്കീർത്തനം 19:1; 104:24) ഇവരിൽ ചിലർ ഏതെങ്കിലും ഒരു മതം ഉണ്ടായിരിക്കുന്നതിൽ തൃപ്‌തിയടയുന്നു. എന്നാൽ, സത്യത്തോടുള്ള തീവ്ര സ്‌നേഹം സത്യദൈവത്തെ അന്വേഷിക്കാൻ സകല ദേശങ്ങളിലുമുള്ള മറ്റു ദശലക്ഷങ്ങളെ പ്രചോദിപ്പിച്ചിരിക്കുന്നു. അവരുടെ പ്രയത്‌നം വൃഥാവായിട്ടില്ല, എന്തെന്നാൽ “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”​—⁠പ്രവൃത്തികൾ 17:26-28.

3. (എ) ദൈവത്തിന്റെ വാസസ്ഥലം എവിടെ? (ബി) “യഹോവ എവിടെ” എന്ന തിരുവെഴുത്തു ചോദ്യത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

3 ഒരു വ്യക്തി യഹോവയെ വാസ്‌തവത്തിൽ കണ്ടെത്തുമ്പോൾ “ദൈവം ആത്മാവു ആകുന്നു” അതായത്‌ മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യനാണ്‌ എന്നു തിരിച്ചറിയുന്നു. (യോഹന്നാൻ 4:24) യേശു സത്യദൈവത്തെ ‘സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്‌’ എന്നു പരാമർശിച്ചു. അതിന്റെ അർഥമെന്താണ്‌? ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ, നമ്മുടെ സ്വർഗീയ പിതാവിന്റെ വാസസ്ഥലം ആത്മീയ അർഥത്തിൽ ഉന്നതമായ ഒന്നാണ്‌ എന്ന്‌. (മത്തായി 12:50; യെശയ്യാവു 63:15) നമുക്കു ദൈവത്തെ അക്ഷരീയ നേത്രങ്ങൾകൊണ്ടു കാണാനാവില്ലെങ്കിലും, അവനെ അറിയാനും അവന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചു വളരെയേറെ കാര്യങ്ങൾ പഠിക്കാനുമുള്ള കരുതൽ അവൻ ചെയ്‌തിരിക്കുന്നു. (പുറപ്പാടു 33:20; 34:6, 7) ജീവിതത്തിന്റെ അർഥം തേടുന്ന ആത്മാർഥ ഹൃദയരുടെ ചോദ്യങ്ങൾക്ക്‌ അവൻ ഉത്തരം നൽകുന്നു. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളോടുള്ള ബന്ധത്തിൽ, അതു സംബന്ധിച്ച അവന്റെ നിലപാട്‌ എന്താണെന്ന്‌, അതായത്‌ അത്തരം കാര്യങ്ങളെ അവൻ എങ്ങനെ വീക്ഷിക്കുന്നുവെന്നും നമ്മുടെ ആഗ്രഹങ്ങൾ അവന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിലാണോ എന്നും അറിയാനുള്ള ഒരു ഉത്തമ അടിസ്ഥാനം അവൻ പ്രദാനം ചെയ്യുന്നുണ്ട്‌. അത്തരം കാര്യങ്ങൾ സംബന്ധിച്ച്‌ നാം അന്വേഷണം നടത്താനും ഉത്തരം കണ്ടെത്താൻ ആത്മാർഥമായി ശ്രമിക്കാനും അവൻ ആഗ്രഹിക്കുന്നു. ഇതു ചെയ്യാഞ്ഞതു നിമിത്തം പുരാതന ഇസ്രായേൽ ജനത്തെ യിരെമ്യാ പ്രവാചകൻ മുഖാന്തരം യഹോവ ശാസിക്കുകയുണ്ടായി. അവർക്കു ദൈവത്തിന്റെ പേര്‌ അറിയാമായിരുന്നു, എങ്കിലും “യഹോവ എവിടെ” എന്ന്‌ അവർ ചോദിച്ചില്ല. (യിരെമ്യാവു 2:6) യഹോവയുടെ ഉദ്ദേശ്യത്തിന്‌ അല്ല അവർ മുഖ്യ പ്രാധാന്യം നൽകിയത്‌. അവർ അവന്റെ മാർഗനിർദേശം തേടിയില്ല. ചെറുതും വലുതുമായ തീരുമാനങ്ങളെ അഭിമുഖീകരിക്കുമ്പോൾ “യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കാറുണ്ടോ?

ദൈവത്തിൽനിന്നു മാർഗനിർദേശം തേടിയവർ

4. യഹോവയുടെ മാർഗനിർദേശം ആരായുന്ന കാര്യത്തിൽ നമുക്ക്‌ ദാവീദിന്റെ മാതൃകയിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാനാകും?

4 യിശ്ശായിയുടെ മകനായ ദാവീദ്‌ ചെറുപ്പമായിരുന്നപ്പോൾത്തന്നെ യഹോവയിൽ ശക്തമായ വിശ്വാസം വളർത്തിയെടുത്തു. യഹോവയെ “ജീവനുള്ള ദൈവ”മെന്ന നിലയിൽ അവൻ അറിഞ്ഞിരുന്നു. യഹോവയുടെ സംരക്ഷണം ദാവീദ്‌ വ്യക്തിപരമായി അനുഭവിച്ചിരുന്നു. വിശ്വാസത്താലും “യഹോവയുടെ നാമ”ത്തോടുള്ള സ്‌നേഹത്താലും പ്രചോദിതനായി അവൻ ആയുധസജ്ജനായിരുന്ന ഗൊല്യാത്ത്‌ എന്ന ഫെലിസ്‌ത്യ മല്ലനെ വധിച്ചു. (1 ശമൂവേൽ 17:26, 34-51) എന്നിരുന്നാലും, ഈ വിജയം ദാവീദിന്‌ അമിത ആത്മവിശ്വാസം തോന്നാൻ ഇടയാക്കിയില്ല. ഇനിമേൽ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെമേലും യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കുമെന്ന്‌ അവൻ ന്യായവാദം ചെയ്‌തില്ല. തുടർന്നുള്ള വർഷങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടിവന്നപ്പോഴൊക്കെ ദാവീദ്‌ ആവർത്തിച്ച്‌ യഹോവയുടെ മാർഗനിർദേശം ആരാഞ്ഞു. (1 ശമൂവേൽ 23:2; 30:8; 2 ശമൂവേൽ 2:1; 5:19) അവൻ ഇങ്ങനെ പ്രാർഥിക്കുന്നതിൽ തുടർന്നു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.” (സങ്കീർത്തനം 25:4, 5) നമുക്ക്‌ അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മാതൃക!

5, 6. തന്റെ ജീവിതത്തിലെ വ്യത്യസ്‌ത സന്ദർഭങ്ങളിൽ യെഹോശാഫാത്ത്‌ യഹോവയെ അന്വേഷിച്ചത്‌ എങ്ങനെ?

5 ദാവീദിന്റെ രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ യെഹോശാഫാത്തിന്റെ കാലത്ത്‌ മൂന്നു രാജ്യങ്ങളുടെ ഒരു സംയുക്ത സേന യഹൂദയ്‌ക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഈ ദേശീയ അടിയന്തിരതയെ അഭിമുഖീകരിച്ചപ്പോൾ യെഹോശാഫാത്ത്‌ “യഹോവയെ അന്വേഷിപ്പാൻ താല്‌പര്യപ്പെട്ടു.” (2 ദിനവൃത്താന്തം 20:1-3) അവൻ യഹോവയെ അന്വേഷിച്ച ആദ്യ സന്ദർഭം ആയിരുന്നില്ല അത്‌. വിശ്വാസത്യാഗം ഭവിച്ച വടക്കേ ഇസ്രായേൽ രാജ്യത്ത്‌ വ്യാപകമായിരുന്ന ബാൽ ആരാധന തള്ളിക്കളഞ്ഞുകൊണ്ട്‌ യഹോവയുടെ വഴികളിൽ നടക്കാൻ രാജാവ്‌ അതിനോടകം തീരുമാനിച്ചിരുന്നു. (2 ദിനവൃത്താന്തം 17:3, 4) അതുകൊണ്ട്‌ ഇപ്പോൾ, ഒരു പ്രതിസന്ധിഘട്ടത്തിൽ, യെഹോശാഫാത്ത്‌ ‘യഹോവയെ അന്വേഷിച്ചത്‌’ എപ്രകാരമാണ്‌?

6 ഈ നിർണായക സമയത്ത്‌ യെരൂശലേമിൽവെച്ച്‌ നടത്തിയ ഒരു പരസ്യ പ്രാർഥനയിൽ യഹോവ സർവശക്തനാണെന്ന കാര്യം താൻ മനസ്സിൽപ്പിടിക്കുന്നതായി യെഹോശാഫാത്ത്‌ സൂചിപ്പിച്ചു. മറ്റു ജനതകളെ നീക്കി ഇസ്രായേല്യർക്ക്‌ ഒരു ദേശം അവകാശമായി നൽകിയതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രകാരമുള്ള യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ച്‌ അവൻ ഗാഢമായി ചിന്തിച്ചിരുന്നു. തനിക്ക്‌ യഹോവയുടെ സഹായം ആവശ്യമാണെന്നു രാജാവ്‌ അംഗീകരിച്ചു. (2 ദിനവൃത്താന്തം 20:6-12) ആ അവസരത്തിൽ യഹോവയെ കണ്ടെത്താൻ അവനു സാധിച്ചോ? തീർച്ചയായും. ഒരു ലേവ്യനായ യഹസീയേലിലൂടെ യഹോവ കൃത്യമായ നിർദേശം നൽകുകയും അടുത്ത ദിവസം തന്റെ ജനത്തിനു വിജയമേകുകയും ചെയ്‌തു. (2 ദിനവൃത്താന്തം 20:14-28) മാർഗനിർദേശത്തിനായി യഹോവയിലേക്കു തിരിയുമ്പോൾ നിങ്ങൾക്കും അവനെ കണ്ടെത്താനാകുമെന്ന കാര്യത്തിൽ എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?

7. ദൈവം ആരുടെ പ്രാർഥന കേൾക്കുന്നു?

7 യഹോവ മുഖപക്ഷമുള്ളവനല്ല. പ്രാർഥനയിൽ തന്നെ അന്വേഷിക്കാൻ അവൻ സകല ജനതകളിലുംപെട്ട ആളുകളെ ക്ഷണിക്കുന്നു. (സങ്കീർത്തനം 65:2; പ്രവൃത്തികൾ 10:34, 35) തന്നോട്‌ അപേക്ഷിക്കുന്നവരുടെ ഹൃദയത്തിൽ എന്താണ്‌ ഉള്ളത്‌ എന്നതു സംബന്ധിച്ച്‌ അവൻ ബോധവാനാണ്‌. നീതിമാന്മാരുടെ പ്രാർഥന താൻ കേൾക്കുമെന്ന്‌ അവൻ നമുക്ക്‌ ഉറപ്പുതരുന്നു. (സദൃശവാക്യങ്ങൾ 15:29) മുൻകാലത്ത്‌ തന്നിൽ ഒട്ടും താത്‌പര്യം കാണിക്കാതിരുന്നവരെങ്കിലും ഇപ്പോൾ താഴ്‌മയോടെ തന്റെ മാർഗനിർദേശം തേടുന്നവർ തന്നെ കണ്ടെത്താൻ അവൻ അനുവദിക്കുന്നു. (യെശയ്യാവു 65:1) തന്റെ നിയമം പാലിക്കാതിരുന്ന, എന്നാൽ ഇപ്പോൾ താഴ്‌മയോടെ അനുതപിക്കുന്ന വ്യക്തികളുടെ പ്രാർഥനപോലും യഹോവ കേൾക്കുന്നു. (സങ്കീർത്തനം 32:5, 6; പ്രവൃത്തികൾ 3:19) എന്നാൽ ഒരു വ്യക്തിയുടെ ഹൃദയം ദൈവത്തിനു കീഴ്‌പെടുന്നില്ലെങ്കിൽ അയാളുടെ പ്രാർഥന വ്യർഥമാണ്‌. (മർക്കൊസ്‌ 7:6, 7) ചില ദൃഷ്ടാന്തങ്ങൾ നോക്കുക.

അവർ ചോദിച്ചെങ്കിലും ലഭിച്ചില്ല

8. ശൗൽ രാജാവിന്റെ പ്രാർഥന യഹോവയ്‌ക്ക്‌ സ്വീകാര്യം അല്ലായിരുന്നത്‌ എന്തുകൊണ്ട്‌?

8 ശൗൽ രാജാവിനെ അവന്റെ അനുസരണക്കേടു നിമിത്തം യഹോവ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന്‌ പ്രവാചകനായ ശമൂവേൽ അവനെ അറിയിച്ചതിനെ തുടർന്നു ശൗൽ യഹോവയെ നമസ്‌കരിച്ചു. (1 ശമൂവേൽ 15:30, 31) പക്ഷേ, അതൊരു പ്രഹസനമായിരുന്നു. യഹോവയോട്‌ അനുസരണം പ്രകടമാക്കാനല്ല, ജനത്തിനു മുമ്പാകെ മാനം ലഭിക്കാനാണ്‌ ശൗൽ ആഗ്രഹിച്ചത്‌. പിന്നീട്‌, ഇസ്രായേലിനെതിരെ ഫെലിസ്‌ത്യർ യുദ്ധം ചെയ്‌തപ്പോൾ ശൗൽ ഒരു ചടങ്ങെന്നവണ്ണം യഹോവയുടെ മാർഗനിർദേശം ആരാഞ്ഞു. എന്നിരുന്നാലും ഉത്തരം ലഭിക്കാതെ വന്നപ്പോൾ അവൻ ഒരു ആത്മമധ്യവർത്തിയോട്‌ ആലോചന നടത്തി. അത്‌ യഹോവ കുറ്റംവിധിച്ചിരിക്കുന്നതാണെന്ന്‌ അവനു നന്നായി അറിയാമായിരുന്നു. (ആവർത്തനപുസ്‌തകം 18:10-12; 1 ശമൂവേൽ 28:6, 7) ശൗലിനെ കുറിച്ച്‌ 1 ദിനവൃത്താന്തം 10:14 ചുരുക്കത്തിൽ ഇങ്ങനെ പറയുന്നു: ‘അവൻ യഹോവയോട്‌ അരുളപ്പാടു ചോദിച്ചില്ല.’ എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞിരിക്കുന്നത്‌? എന്തുകൊണ്ടെന്നാൽ ശൗലിന്റെ പ്രാർഥനകൾ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടവ അല്ലായിരുന്നു. അതുകൊണ്ട്‌ പ്രാർഥിക്കാതിരിക്കുന്നതിനു തുല്യമായിരുന്നു അത്‌.

9. യഹോവയുടെ മാർഗനിർദേശത്തിനായുള്ള സിദെക്കീയാവിന്റെ അപേക്ഷയ്‌ക്ക്‌ എന്തായിരുന്നു കുഴപ്പം?

9 സമാനമായി, യഹൂദ രാജ്യത്തിന്റെ അന്ത്യം അടുത്തപ്പോഴും ജനം വളരെ പ്രാർഥിക്കുകയും യഹോവയുടെ പ്രവാചകന്മാരോട്‌ ആലോചന കഴിക്കുകയും ചെയ്‌തു. എന്നിരുന്നാലും, തങ്ങൾക്ക്‌ യഹോവയോട്‌ ഭക്ത്യാദരവുണ്ടെന്ന്‌ അവകാശപ്പെട്ടപ്പോൾത്തന്നെ ജനം വിഗ്രഹാരാധനയിലും ഏർപ്പെട്ടു. (സെഫന്യാവു 1:4-6) ഒരു ചടങ്ങെന്നപോലെ യഹോവയിൽനിന്ന്‌ അവർ മാർഗനിർദേശം ആരാഞ്ഞെങ്കിലും ദൈവത്തിന്റെ ഹിതത്തിനു കീഴ്‌പെടാൻ തക്കവണ്ണം അവർ തങ്ങളുടെ ഹൃദയത്തെ ഒരുക്കിയില്ല. തനിക്കുവേണ്ടി യഹോവയോട്‌ മാർഗനിർദേശം ആരായാൻ സിദെക്കീയാ രാജാവ്‌ യിരെമ്യാവിനോട്‌ അഭ്യർഥിച്ചു. എന്തു ചെയ്യണമെന്ന്‌ യഹോവ നേരത്തെതന്നെ രാജാവിനെ അറിയിച്ചിരുന്നതാണ്‌. എന്നാൽ വിശ്വാസക്കുറവും മാനുഷഭയവും നിമിത്തം രാജാവ്‌ യഹോവയുടെ വാക്ക്‌ അനുസരിച്ചില്ല. യഹോവയാകട്ടെ രാജാവിന്റെ ഇഷ്ടത്തിനൊത്ത മറ്റൊരു മറുപടി കൊടുക്കാൻ തയ്യാറായുമില്ല.​—⁠യിരെമ്യാവു 21:1-12; 38:14-19.

10. യോഹാനാൻ യഹോവയുടെ മാർഗനിർദേശം തേടിയ വിധത്തിലുള്ള തെറ്റ്‌ എന്തായിരുന്നു, അവന്റെ ആ തെറ്റിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

10 ബാബിലോണിയൻ സേന യെരൂശലേമിനെ നശിപ്പിച്ച്‌ യഹൂദ പ്രവാസികളെയും കൊണ്ട്‌ പുറപ്പെട്ട ശേഷം, യഹൂദയിൽ ശേഷിച്ചിരുന്ന യഹൂദന്മാരുടെ ചെറിയകൂട്ടത്തെ ഈജിപ്‌തിലേക്ക്‌ കൊണ്ടുപോകാൻ യോഹാനാൻ എന്ന വ്യക്തി ഒരുങ്ങി. അവർ അതിനുവേണ്ട പദ്ധതികൾ ആവിഷ്‌കരിച്ചു. എന്നാൽ പുറപ്പെടുന്നതിന്‌ മുമ്പ്‌ തങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ച്‌ അവന്റെ മാർഗനിർദേശം ആരായാൻ അവർ യിരെമ്യാവിനോട്‌ ആവശ്യപ്പെട്ടു. പക്ഷേ, തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഉത്തരം ലഭിക്കാതെ വന്നപ്പോൾ, അവർ തങ്ങളുടെ പദ്ധതിപ്രകാരംതന്നെ മുന്നോട്ടുപോയി. (യിരെമ്യാവു 41:16-43:7) നിങ്ങൾ യഹോവയുടെ മുഖം അന്വേഷിക്കുമ്പോൾ അവനെ കണ്ടെത്താൻ കഴിയേണ്ടതിന്‌ ഈ സംഭവങ്ങളിൽനിന്നു പ്രയോജനകരമായ പാഠങ്ങൾ ഉൾക്കൊള്ളുന്നുവോ?

“ഉറപ്പുവരുത്തുന്നതിൽ തുടരുക”

11. നാം എഫെസ്യർ 5:​10 പ്രാവർത്തികമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 സമർപ്പണത്തെ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തുകയും സഭായോഗങ്ങളിൽ സംബന്ധിക്കുകയും പരസ്യശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നതിലധികം സത്യാരാധനയിൽ ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ മുഴു ജീവിതരീതിയും അതിൽ ഉൾപ്പെടുന്നു. ദൈവിക ഭക്തിക്ക്‌ അനുസൃതമായ മാർഗത്തിൽനിന്നു നമ്മെ തെറ്റിച്ചുകളയാവുന്ന സമ്മർദങ്ങൾ ദിവസവും നമ്മുടെമേൽ വരുന്നുണ്ട്‌. അവയിൽ ചിലത്‌ കുടിലവും മറ്റുചിലത്‌ നേരിട്ടുള്ളതുമാണ്‌. നാം ഇവയോട്‌ എങ്ങനെ പ്രതികരിക്കും? എഫെസൊസിലെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “കർത്താവിന്നു സ്വീകാര്യമായത്‌ എന്തെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിൽ തുടരുക.” (എഫെസ്യർ 5:​10, NW) അങ്ങനെ ചെയ്യുന്നതിന്റെ ഗുണം തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനേക സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

12. ദാവീദ്‌ നിയമപെട്ടകം യെരൂശലേമിലേക്കു മാറ്റിയപ്പോൾ യഹോവയുടെ അപ്രീതിക്കു കാരണമായത്‌ എന്ത്‌?

12 ഇസ്രായേലിലേക്ക്‌ തിരികെ കൊണ്ടുവന്ന നിയമപെട്ടകം കിര്യത്ത്‌-യെയാരീമിൽ അനേക വർഷം ഇരുന്ന ശേഷം, ദാവീദ്‌ രാജാവ്‌ അതു യെരൂശലേമിലേക്കു മാറ്റാൻ ആഗ്രഹിച്ചു. അവൻ ജനപ്രമാണിമാരുടെ അഭിപ്രായം ആരാഞ്ഞിട്ട്‌, “നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ” പെട്ടകം നീക്കുമെന്ന്‌ പറഞ്ഞു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച യഹോവയുടെ ഹിതം എന്താണെന്ന്‌ അവൻ വേണ്ടവിധത്തിൽ അന്വേഷിച്ചില്ല. അവൻ അതു ചെയ്‌തിരുന്നെങ്കിൽ, പെട്ടകം ഒരിക്കലും വണ്ടിയിൽ കയറ്റുകയില്ലായിരുന്നു. ദൈവം വ്യക്തമായി പറഞ്ഞിരുന്നതുപോലെ, കെഹാത്യ ലേവ്യർ അത്‌ തോളിൽ ചുമന്നുകൊണ്ടു പോകുമായിരുന്നു. ദാവീദ്‌, മിക്കപ്പോഴും യഹോവയുടെ മാർഗനിർദേശം ആരാഞ്ഞ ഒരു വ്യക്തി ആയിരുന്നെങ്കിലും, ഈ സന്ദർഭത്തിൽ അവൻ വേണ്ടതുപോലെ ചെയ്‌തില്ല. ഫലം വിപത്‌കരമായിരുന്നു. ദാവീദ്‌ പിന്നീട്‌ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.”​—⁠1 ദിനവൃത്താന്തം 13:1-3; 15:11-13; സംഖ്യാപുസ്‌തകം 4:4-6, 15; 7:1-9.

13. പെട്ടകം യെരൂശലേമിലേക്കു വിജയകരമായി മാറ്റിയ സന്ദർഭത്തിൽ ആലപിച്ച ഗീതത്തിൽ ഏത്‌ ഓർമിപ്പിക്കൽ അടങ്ങിയിരുന്നു?

13 ഒടുവിൽ ഓബേദ്‌-എദോമിന്റെ വീട്ടിൽനിന്ന്‌ ലേവ്യർ പെട്ടകം യെരൂശലേമിലേക്കു വഹിച്ചുകൊണ്ടു പോയപ്പോൾ ദാവീദ്‌ രചിച്ച ഒരു ഗീതം ആലപിക്കപ്പട്ടു. അതിൽ ഹൃദയംഗമമായ ഈ ഓർമിപ്പിക്കൽ അടങ്ങിയിരുന്നു: “യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ. . . . അവൻ ചെയ്‌ത അത്ഭുതങ്ങളും അരുളിച്ചെയ്‌ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.”​—⁠1 ദിനവൃത്താന്തം 16:11, 13.

14. ശലോമോന്റെ നല്ല ദൃഷ്ടാന്തത്തിൽനിന്നും പിൽക്കാലത്തെ അവന്റെ തെറ്റിൽനിന്നും നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം?

14 തന്റെ മരണത്തിനു മുമ്പ്‌ ദാവീദ്‌ തന്റെ മകനായ ശലോമോന്‌ ഈ ബുദ്ധിയുപദേശം നൽകി: “നീ അവനെ [യഹോവയെ] അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃത്താന്തം 28:9) രാജപദവി ഏറ്റെടുത്ത ശേഷം ശലോമോൻ സമാഗമനകൂടാരം സ്ഥിതിചെയ്‌തിരുന്ന ഗിബെയോനിലേക്കു ചെന്ന്‌ യഹോവയ്‌ക്കു യാഗം അർപ്പിച്ചു. അവിടെവെച്ച്‌ യഹോവ ശലോമോന്‌ ഈ ക്ഷണം നൽകി: “ഞാൻ നിനക്കു എന്തുതരേണം; ചോദിച്ചുകൊൾക.” അവന്റെ അപേക്ഷയനുസരിച്ച്‌ യഹോവ അവന്‌ ഇസ്രായേൽ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിന്‌ ജ്ഞാനവും വിവേകവും സമൃദ്ധമായി നൽകി. അതോടൊപ്പം, സമ്പത്തും മാനവും അവനു നൽകപ്പെട്ടു. (2 ദിനവൃത്താന്തം 1:3-12) യഹോവ ദാവീദിന്‌ കൊടുത്തിരുന്ന രൂപരേഖകൾ ഉപയോഗിച്ച്‌ ശലോമോൻ മഹത്തരമായ ഒരു ആലയം പണിതു. എന്നാൽ തന്റെ വിവാഹ ബന്ധങ്ങളുടെ കാര്യത്തിൽ ശലോമോൻ യഹോവയെ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടു. യഹോവയുടെ ആരാധകരല്ലാത്ത സ്‌ത്രീകളെ ശലോമോൻ വിവാഹം ചെയ്‌തു. പിൽക്കാലത്ത്‌ അവർ അവന്റെ ഹൃദയത്തെ യഹോവയിൽനിന്നു തിരിച്ചുകളഞ്ഞു. (1 രാജാക്കന്മാർ 11:1-10) നാം എത്രതന്നെ പ്രമുഖരോ ബുദ്ധിമാന്മാരോ ജ്ഞാനികളോ ആണെന്നു തോന്നിയാലും, ‘കർത്താവിന്നു സ്വീകാര്യമായത്‌ എന്തെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിൽ തുടരുന്നത്‌’ പ്രധാനമാണ്‌!

15. കൂശ്യനായ സേരഹ്‌ യഹൂദയ്‌ക്കെതിരെ വന്നപ്പോൾ, യഹൂദയെ വിടുവിക്കണമേയെന്ന്‌ ഉറപ്പോടെ യഹോവയോടു പ്രാർഥിക്കാൻ ആസായ്‌ക്ക്‌ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

15 അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യത്തിന്‌ അടിവരയിടുന്നതാണ്‌ ശലോമോന്റെ പ്രപൗത്രനായ ആസായുടെ ഭരണകാലത്തെ കുറിച്ചുള്ള രേഖ. ആസാ രാജാവായി പതിനൊന്ന്‌ വർഷത്തിനുശേഷം, കൂശ്യനായ സേരഹിന്റെ നേതൃത്വത്തിൽ പത്തുലക്ഷം പേരടങ്ങുന്ന ഒരു സൈന്യം യഹൂദയ്‌ക്ക്‌ നേരെ വന്നു. യഹോവ യഹൂദയെ വിടുവിക്കുമായിരുന്നോ? തന്റെ വാക്കുകൾക്കു ചെവികൊടുത്ത്‌ തന്റെ കൽപ്പനകൾ കേട്ടനുസരിച്ചാൽ ജനത്തിന്‌ എന്തു പ്രതീക്ഷിക്കാനാകുമെന്നും മറിച്ചു പ്രവർത്തിച്ചാൽ എന്തായിരിക്കും അനന്തരഫലമെന്നും 500-ലധികം വർഷം മുമ്പ്‌ യഹോവ വ്യക്തമായി പ്രസ്‌താവിച്ചിരുന്നു. (ആവർത്തനപുസ്‌തകം 28:1, 7, 15, 25) ആസാ തന്റെ ഭരണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ, വ്യാജാരാധനയ്‌ക്കായി ഉപയോഗിച്ചിരുന്ന ബലിപീഠങ്ങളെയും സ്‌തംഭവിഗ്രഹങ്ങളെയും യഹൂദയിൽനിന്നു നീക്കം ചെയ്‌തിരുന്നു. “യഹോവയെ അന്വേഷിപ്പാനും” അവൻ ജനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. വിപത്ത്‌ നേരിടുന്നതിനു മുമ്പുതന്നെ ആസാ അതു ചെയ്‌തു. അതുകൊണ്ട്‌ യഹോവയിലുള്ള വിശ്വാസത്തോടെതന്നെ, തങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണമേ എന്ന്‌ അവനോടു പ്രാർഥിക്കാൻ ആസായ്‌ക്ക്‌ കഴിഞ്ഞു. ഫലമെന്തായിരുന്നു? യഹൂദയ്‌ക്കു ഗംഭീര വിജയം ലഭിച്ചു.​—⁠2 ദിനവൃത്താന്തം 14:2-12.

16, 17. (എ) ആസായ്‌ക്ക്‌ വിജയം ലഭിച്ചെങ്കിലും യഹോവ അവന്‌ ഏത്‌ ഓർമിപ്പിക്കൽ നൽകി? (ബി) ആസാ ബുദ്ധിശൂന്യമായി പ്രവർത്തിച്ചപ്പോൾ അവന്‌ ഏതു സഹായം നൽകപ്പെട്ടു, എന്നാൽ അവൻ എങ്ങനെ പ്രതികരിച്ചു? (സി) ആസായുടെ പ്രവർത്തനവിധം പരിചിന്തിക്കുന്നതിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം?

16 എന്നിരുന്നാലും, വിജയശ്രീലാളിതനായി മടങ്ങിയ ആസാ രാജാവിനെ കണ്ട്‌ പിൻവരുന്ന കാര്യം അറിയിക്കാൻ യഹോവ അസര്യാവിനെ അയച്ചു: “ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിനവൃത്താന്തം 15:2) പുതുക്കപ്പെട്ട തീക്ഷ്‌ണതയോടെ ആസാ സത്യാരാധനയെ ഉന്നമിപ്പിച്ചു. എങ്കിലും, 24 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു യുദ്ധഭീഷണി നേരിട്ടപ്പോൾ അവൻ യഹോവയെ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടു. അവൻ ദൈവത്തിന്റെ വചനത്തിലേക്കു തിരിയുകയോ കൂശ്യ സൈന്യം യഹൂദയെ ആക്രമിച്ചപ്പോൾ യഹോവ ചെയ്‌ത കാര്യത്തെ കുറിച്ച്‌ ഓർക്കുകയോ ചെയ്‌തില്ല. ബുദ്ധിശൂന്യമായി പ്രവർത്തിച്ചുകൊണ്ട്‌ അവൻ സിറിയയുമായി (അരാം) ഒരു സഖ്യത്തിലേർപ്പെട്ടു.​—⁠2 ദിനവൃത്താന്തം 16:1-6.

17 ഇതു നിമിത്തം ദർശകനായ ഹനാനിയിലൂടെ യഹോവ ആസായെ ശാസിച്ചു. യഹോവ കാര്യങ്ങളെ എങ്ങനെയാണു വീക്ഷിക്കുന്നതെന്ന്‌ വിശദീകരിക്കപ്പെട്ട ആ സന്ദർഭത്തിൽപ്പോലും, ആസായ്‌ക്കു തന്റെ പ്രവർത്തനഗതി തിരുത്താമായിരുന്നു. അതിനുപകരം അവൻ ക്രുദ്ധിച്ചു ഹനാനിയെ കാരാഗൃഹത്തിൽ അടയ്‌ക്കുകയാണു ചെയ്‌തത്‌. (2 ദിനവൃത്താന്തം 16:7-10) എത്ര സങ്കടകരം! നമ്മെ സംബന്ധിച്ചോ? നാം ദൈവത്തെ അന്വേഷിക്കുകയും പിന്നീട്‌ അവൻ നൽകുന്ന ബുദ്ധിയുപദേശം നിരാകരിക്കുകയും ചെയ്യുന്നുണ്ടോ? നാം ലോകത്തിന്റെ വഴിയിൽ ചരിച്ചുതുടങ്ങുന്നതായി കാണുന്നതു നിമിത്തം നമ്മിൽ താത്‌പര്യവും കരുതലുമുള്ള ഒരു മൂപ്പൻ ബൈബിൾ ഉപയോഗിച്ച്‌ നമുക്കു ബുദ്ധിയുപദേശം നൽകുമ്പോൾ “കർത്താവിന്നു സ്വീകാര്യമായത്‌ എന്തെന്നു” അറിയാനായി നമുക്ക്‌ സ്‌നേഹപുരസ്സരം നൽകുന്ന സഹായത്തോട്‌ നാം വിലമതിപ്പ്‌ കാണിക്കുന്നുവോ?

ചോദിക്കാൻ മറക്കരുത്‌

18. ഇയ്യോബിനോടുള്ള എലീഹൂവിന്റെ വാക്കുകളിൽനിന്ന്‌ നമുക്കു പ്രയോജനം നേടാനാവുന്നത്‌ എങ്ങനെ?

18 സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോൾ, യഹോവയുടെ സേവനത്തിൽ നല്ല രേഖയുള്ളവർപോലും അവനു സ്വീകാര്യമല്ലാത്ത വിധത്തിൽ പ്രവർത്തിച്ചേക്കാം. ഇയ്യോബിന്റെ ദൃഷ്ടാന്തം അതാണു നമ്മെ പഠിപ്പിക്കുന്നത്‌. അറപ്പുളവാക്കുന്ന ഒരു രോഗം ബാധിച്ച്‌, മക്കളും വസ്‌തുവകകളും നഷ്ടപ്പെട്ട്‌, സ്‌നേഹിതന്മാരുടെ വ്യാജാരോപണങ്ങൾക്കു വിധേയനായ സന്ദർഭത്തിൽ അവൻ തന്നെക്കുറിച്ചുമാത്രം ചിന്തിക്കാൻ തുടങ്ങി. എലീഹൂ അവനെ ഇങ്ങനെ ഓർമിപ്പിച്ചു: “എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.” (ഇയ്യോബ്‌ 35:11ബി) ഇയ്യോബ്‌ തന്റെ ശ്രദ്ധ യഹോവയിലേക്കു തിരിച്ചുവിട്ടുകൊണ്ട്‌ പ്രസ്‌തുത സാഹചര്യത്തെ അവൻ എങ്ങനെ വീക്ഷിക്കുന്നു എന്നു ചിന്തിക്കണമായിരുന്നു. ഇയ്യോബ്‌ താഴ്‌മയോടെ ആ ഓർമിപ്പിക്കൽ സ്വീകരിച്ചു. സമാനമായ വിധത്തിൽ പ്രവർത്തിക്കാൻ അവന്റെ ദൃഷ്ടാന്തം നമ്മെയും സഹായിക്കും.

19. ഇസ്രായേൽ ജനം മിക്കപ്പോഴും എന്തു ചെയ്യുന്നതിൽ പരാജയപ്പെട്ടു?

19 ചരിത്രത്തിലുടനീളം തങ്ങളുടെ രാഷ്‌ട്രത്തോട്‌ ദൈവം ഇടപെട്ട വിധത്തെ കുറിച്ച്‌ ഇസ്രായേൽ ജനത്തിന്‌ അറിയാമായിരുന്നു. എങ്കിലും, ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൈകാര്യം ചെയ്യവേ മിക്കപ്പോഴും അവർ അതൊന്നും ഓർത്തില്ല. (യിരെമ്യാവു 2:5, 6, 8) തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോൾ, “യഹോവ എവിടെ” എന്നു ചോദിക്കുന്നതിനു പകരം അവർ സ്വന്തം ഉല്ലാസങ്ങളിൽ മുഴുകി.​—⁠യെശയ്യാവു 5:11, 12.

“യഹോവ എവിടെ” എന്നു ചോദിച്ചുകൊണ്ടിരിക്കുക

20, 21. (എ) യഹോവയുടെ മാർഗനിർദേശം തേടുന്നതിൽ ഇന്ന്‌ ആരാണ്‌ എലീശായുടെ ആത്മാവ്‌ പ്രകടമാക്കിയിരിക്കുന്നത്‌? (ബി) നമുക്ക്‌ എങ്ങനെ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിച്ച്‌ അതിൽനിന്നു പ്രയോജനം നേടാം?

20 ഏലീയാവിന്റെ പരസ്യശുശ്രൂഷ അവസാനിച്ചപ്പോൾ, അവന്റെ സേവകനായിരുന്ന എലീശാ ഏലീയാവിന്റെമേൽ നിന്നു വീണ ഔദ്യോഗിക വസ്‌ത്രം എടുത്തു യോർദാനിലെ വെള്ളത്തിൽ അടിച്ച്‌ ഇങ്ങനെ ചോദിച്ചു: ‘ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?’ (2 രാജാക്കന്മാർ 2:14) അപ്പോൾ തന്റെ ആത്മാവ്‌ എലീശായുടെമേൽ വന്നതായി പ്രകടമാക്കിക്കൊണ്ട്‌ യഹോവ ഉത്തരമേകി. ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

21 ആധുനിക നാളിലും സമാനമായ ഒരു കാര്യം സംഭവിച്ചു. പ്രസംഗവേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ചില അഭിഷിക്ത ക്രിസ്‌ത്യാനികളുടെ മരണത്തെ തുടർന്ന്‌, മേൽവിചാരണ ഭരമേൽപ്പിക്കപ്പെട്ടവർ തിരുവെഴുത്തുകൾ പരിശോധിക്കുകയും മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കുകയും ചെയ്‌തു. അവർ എല്ലായ്‌പോഴും “യഹോവ എവിടെ” എന്നു ചോദിച്ചു. തത്‌ഫലമായി യഹോവ തന്റെ ജനത്തെ തുടർന്നും വഴി നടത്തുകയും അവരുടെ പ്രവർത്തനത്തെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്‌തിരിക്കുന്നു. അവരുടെ വിശ്വാസത്തെ നാം അനുകരിക്കുന്നുണ്ടോ? (എബ്രായർ 13:7) എങ്കിൽ, നാം യഹോവയുടെ സംഘടനയോട്‌ അടുത്തു പറ്റിനിന്ന്‌ അതിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുകയും യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ അതു നിർവഹിക്കുന്ന വേലയിൽ പൂർണമായി പങ്കെടുക്കുകയും ചെയ്യും.​—⁠സെഖര്യാവു 8:23.

നിങ്ങളുടെ ഉത്തരമെന്ത്‌?

• ഏത്‌ ഉദ്ദേശ്യത്തോടെ ആയിരിക്കണം നാം “യഹോവ എവിടെ” എന്നു ചോദിക്കേണ്ടത്‌?

• “യഹോവ എവിടെ” എന്ന ചോദ്യത്തിന്‌ നമുക്ക്‌ ഇന്ന്‌ എങ്ങനെ ഉത്തരം കണ്ടെത്താം?

• ദിവ്യ മാർഗനിർദേശത്തിനായുള്ള ചില പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

• ‘കർത്താവിന്നു സ്വീകാര്യമായത്‌ എന്തെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിൽ തുടരേണ്ടതിന്റെ’ ആവശ്യം വ്യക്തമാക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[9 -ാം പേജിലെ ചിത്രം]

യെഹോശാഫാത്ത്‌ രാജാവ്‌ യഹോവയെ അന്വേഷിച്ചത്‌ എങ്ങനെ?

[10 -ാം പേജിലെ ചിത്രം]

ശൗൽ ഒരു ആത്മമധ്യവർത്തിയോട്‌ ആലോചന കഴിച്ചത്‌ എന്തുകൊണ്ട്‌?

[12 -ാം പേജിലെ ചിത്രങ്ങൾ]

“യഹോവ എവിടെ” എന്ന്‌ അന്വേഷിച്ചറിയാൻ, പ്രാർഥിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുക