വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാർവദേശീയതലത്തിൽ അവർ ക്രിസ്‌തീയ സഹോദരവർഗത്തെ സേവിക്കുന്നു

സാർവദേശീയതലത്തിൽ അവർ ക്രിസ്‌തീയ സഹോദരവർഗത്തെ സേവിക്കുന്നു

സാർവദേശീയതലത്തിൽ അവർ ക്രിസ്‌തീയ സഹോദരവർഗത്തെ സേവിക്കുന്നു

നിങ്ങൾ “സാർവദേശീയ സേവകന്മാർ,” “സാർവദേശീയ സ്വമേധയാ സേവകർ” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ കേട്ടിട്ടുണ്ടോ? യഹോവയുടെ സാക്ഷികളിൽപ്പെട്ട അംഗങ്ങളാൽ രൂപീകൃതമായിരിക്കുന്നതാണ്‌ ഈ സന്നദ്ധസംഘങ്ങൾ. ബൈബിളിലെ രാജ്യ സന്ദേശം അച്ചടിച്ചു വിതരണം ചെയ്യാൻ ആവശ്യമായ കെട്ടിടസൗകര്യങ്ങൾ നിർമിക്കുന്നതിൽ സഹായിക്കാൻ ഇവർ തങ്ങളുടെ സമയവും തൊഴിൽ വൈദഗ്‌ധ്യവും സ്വമേധയാ ലഭ്യമാക്കുന്നു. കൂടാതെ, ബൈബിൾ പ്രബോധന കേന്ദ്രങ്ങളായ സമ്മേളനഹാളുകളുടെയും രാജ്യഹാളുകളുടെയും നിർമാണത്തിലും ഇവർ സഹായിക്കുന്നു. ഇപ്പോൾ, 34 രാജ്യങ്ങളിൽ, പ്രധാനമായും വിഭവങ്ങൾ പരിമിതമായ ദേശങ്ങളിൽ നടക്കുന്ന നിർമാണ പദ്ധതികളിൽ ഈ സ്വമേധയാ സേവകർ സഹായിച്ചുവരുന്നു. സാർവദേശീയ തലത്തിൽ ക്രിസ്‌തീയ സഹോദരവർഗത്തെ സേവിക്കവേ, ഇത്തരം ശുശ്രൂഷകർക്കു നേരിടേണ്ടിവരുന്ന അസാധാരണ വെല്ലുവിളികളും അവർ ആസ്വദിക്കുന്ന സന്തോഷങ്ങളും എന്തൊക്കെയാണ്‌? തങ്ങളുടെ “വിശുദ്ധ സേവനത്തെ” അവർ എങ്ങനെ വീക്ഷിക്കുന്നു? (വെളിപ്പാടു 7:9, 15, NW) ഉത്തരത്തിനായി, മെക്‌സിക്കോയിൽ സേവിച്ച ചില സ്വമേധയാ സേവകർക്കു പറയാനുള്ളത്‌ നമുക്കു ശ്രദ്ധിക്കാം.

വിദേശത്തുനിന്നുള്ള സ്വമേധയാ സേവകർ മെക്‌സിക്കോയിൽ ആദ്യം എത്തിച്ചേർന്നത്‌ 1992 മേയിലാണ്‌. അധികം താമസിയാതെ, മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ബ്രാഞ്ച്‌ വിപുലീകരിക്കുന്നതിൽ അവർ നേതൃത്വം എടുക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി 14 പുതിയ കെട്ടിടങ്ങൾ നിർമിച്ചു. ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്ന സ്വമേധയാ സേവകർക്കുള്ള താമസസൗകര്യങ്ങളും ഒരു അച്ചടിശാലയും ഒരു ഓഫീസ്‌ കെട്ടിടവും അതിൽ ഉൾപ്പെട്ടു.

ഈ നിർമാണ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിൽ കാനഡ, ബ്രിട്ടൻ, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നും മറ്റു പല രാജ്യങ്ങളിൽനിന്നുമുള്ള 730-ലധികം സ്വമേധയാ സേവകർ, മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിയ നൂറുകണക്കിനു സ്വമേധയാ സേവകർക്കൊപ്പം തോളോടു തോൾ ചേർന്നു പ്രവർത്തിച്ചു. കൂടാതെ, ബ്രാഞ്ച്‌ ഓഫീസിന്റെ പ്രദേശ പരിധിയിലുള്ള ഏതാണ്ട്‌ 1,600 സഭകളിൽനിന്നും വന്ന 28,000-ത്തിലധികം സാക്ഷികൾ വാരാന്തങ്ങളിൽ നിർമാണപ്രവർത്തനങ്ങളിൽ പങ്കുചേരുകയുണ്ടായി. അവരെല്ലാവരും മനസ്സൊരുക്കത്തിന്റെ ആത്മാവ്‌ പ്രകടമാക്കുകയും തങ്ങളുടെ വൈദഗ്‌ധ്യങ്ങൾ സൗജന്യമായി ലഭ്യമാക്കുകയും ചെയ്‌തു. ഈ വിധത്തിൽ യഹോവയെ സേവിക്കാൻ കഴിയുന്നത്‌ ഒരു പദവിയായി അവർ കണക്കാക്കി. നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഉടനീളം സങ്കീർത്തനം 127:​1-ൽ കാണുന്ന നിശ്വസ്‌ത മൊഴികൾ അവർ മനസ്സിൽ പിടിച്ചിരുന്നു: “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.”

അവർ നേരിടുന്ന വെല്ലുവിളികൾ

ഒരു വിദേശ നിയമനത്തിൽ സേവിക്കുമ്പോൾ സാർവദേശീയ സ്വമേധയാ സേവകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്‌? അവരിൽ ചിലർ പറയുന്നതു ശ്രദ്ധിക്കുക. ഐക്യനാടുകളിൽനിന്നുള്ള ദമ്പതികളായ കർട്ടിസും സാലിയും ഇന്ത്യ, ജർമനി, പരാഗ്വേ, മെക്‌സിക്കോ, സാംബിയ, സെനെഗൽ, റഷ്യ, റൊമേനിയ എന്നീ രാജ്യങ്ങളിലെ നിർമാണ പദ്ധതികളിൽ സഹായിച്ചിട്ടുണ്ട്‌. കർട്ടിസ്‌ ഇങ്ങനെ വിവരിക്കുന്നു: “ഒരു പയനിയർ [മുഴുസമയ പ്രവർത്തക] ആയി സേവിക്കുന്ന ഞങ്ങളുടെ മകളെയും മിനെസോത്തയിലെ ഞങ്ങളുടെ സഭയെയും വിട്ടുപോരുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഞാനും ഭാര്യയും കഴിഞ്ഞ 24 വർഷമായി ആ സഭയോടു സഹവസിച്ചു വരികയായിരുന്നു. അതുമായി ഞങ്ങൾ ഒരു ഉറ്റ ബന്ധം ആസ്വദിച്ചിരുന്നു.”

സാലി ഇങ്ങനെ പറയുന്നു: “അപരിചിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌, പുരുഷന്മാരെക്കാൾ സ്‌ത്രീകൾക്കാണ്‌ കൂടുതൽ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌ എന്നു തോന്നുന്നു. എന്നിരുന്നാലും പൊരുത്തപ്പെടുക സാധ്യമാണെന്നു ഞാൻ മനസ്സിലാക്കി. കീടങ്ങളുടെ ശല്യം സഹിക്കാനും ഞാൻ പഠിച്ചു, അതാകട്ടെ ഒന്നും രണ്ടുമൊന്നുമല്ലതാനും!” സാലി തുടരുന്നു: “ഒരു രാജ്യത്ത്‌, അടുക്കളയില്ലാത്തതും വെറും രണ്ടു കുളിമുറികൾ മാത്രമുള്ളതുമായ ഒരു ഫ്‌ളാറ്റിലെ പരിമിതമായ സൗകര്യത്തിൽ ഞങ്ങൾ പത്ത്‌ സന്നദ്ധ സേവകർ കഴിഞ്ഞുകൂടി. കൂടുതൽ ക്ഷമയുള്ളവളായിരിക്കാൻ അവിടെ വെച്ച്‌ ഞാൻ പഠിച്ചു.”

ഒരു പുതിയ ഭാഷ പഠിക്കുന്നതാണ്‌ മറ്റൊരു വെല്ലുവിളി, ഇതിനു വളരെ ശ്രമവും താഴ്‌മയും ആവശ്യമാണ്‌. ഭർത്താവിനോടൊപ്പം നിരവധി രാജ്യങ്ങളിൽ നിർമാണ പദ്ധതികളിൽ സേവിച്ചിട്ടുള്ള ഷാരൺ ഇങ്ങനെ പറയുന്നു: “നിങ്ങൾ സേവിക്കുന്ന രാജ്യത്തെ ഭാഷ അറിയാൻ പാടില്ലാത്തത്‌ ഒരു വെല്ലുവിളിയാണ്‌. നിങ്ങൾക്കു നിങ്ങളുടെ വികാരങ്ങൾ ബുദ്ധിമുട്ടില്ലാതെ പ്രകടിപ്പിക്കാൻ കഴിയാത്തതിനാൽ ആത്മീയ സഹോദരീസഹോദരന്മാരുമായി അടുക്കുക ആദ്യമൊക്കെ വളരെ പ്രയാസമാണ്‌. അത്‌ നമ്മെ ആകെ നിരാശരാക്കിക്കളയും. എന്നാൽ വിദേശ നിയമനങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടുന്ന സഹോദരങ്ങൾ എല്ലാവരും വളരെ ക്ഷമയുള്ളവരും ഞങ്ങളുടെ ക്ഷേമത്തിൽ ആഴമായ താത്‌പര്യം പ്രകടമാക്കുന്നവരുമാണ്‌. എന്നിരുന്നാലും, അധികം വൈകാതെ ഞങ്ങൾ എങ്ങനെയെങ്കിലുമൊക്കെ ആശയവിനിമയം നടത്താൻ തുടങ്ങിയിരിക്കും.”

ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്‌ ധൈര്യം അനിവാര്യം

നിർമാണ വേലയുടെ പുരോഗതിയിൽ ആത്മത്യാഗ മനോഭാവമുള്ള ഇത്തരം സ്വമേധയാ സേവകർ നല്ല പങ്കുവഹിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രഥമ വേല ദൈവരാജ്യ പ്രസംഗമാണെന്ന്‌ അവർ തിരിച്ചറിയുന്നു. തന്നിമിത്തം, തങ്ങൾ സഹവസിക്കുന്ന സഭകൾ ക്രമീകരിക്കുന്ന പ്രസംഗവേലയെ അവർ പൂർണമായി പിന്തുണയ്‌ക്കുന്നു. ഒരു വിദേശ രാജ്യത്ത്‌ വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ മറ്റൊരു ഭാഷ ഉപയോഗിക്കുന്നതിന്‌ ശരിക്കും ധൈര്യം ആവശ്യമാണ്‌ എന്ന്‌ ഗ്വാഡലൂപ്പ്‌, നൈജീരിയ, മലാവി, മെക്‌സിക്കോ എന്നിവിടങ്ങളിലെ നിർമാണ പദ്ധതികളിൽ സഹായിച്ച ദമ്പതികളായ ഒക്കേയും ഇങ്‌-മാരീയും സമ്മതിച്ചു പറയുന്നു.

ഇങ്‌-മാരീ പറയുന്നു: “ആദ്യമൊക്കെ ഞങ്ങൾ വയലിൽ അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. എല്ലായ്‌പോഴും പ്രാദേശിക സാക്ഷികളോടൊപ്പമാണ്‌ ഞങ്ങൾ പോയിരുന്നത്‌. സങ്കോചം നിമിത്തം മിക്കപ്പോഴും ഞങ്ങൾ അവരോടു സംസാരിച്ചുകൊള്ളാൻ പറയുമായിരുന്നു. എന്നിരുന്നാലും ഒരു ദിവസം രാവിലെ ഞങ്ങൾ ഒറ്റയ്‌ക്ക്‌ വയൽസേവനത്തിനു പോകാൻ തീരുമാനിച്ചു. ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരു യുവതിയെ കണ്ടുമുട്ടി. പറഞ്ഞുപഠിച്ച എന്റെ അവതരണം അവൾ ശ്രദ്ധിച്ചു കേട്ടു. ഞാൻ ഒരു വാക്യം വായിക്കുകയും ചില പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ചെയ്‌തു. അപ്പോൾ ആ സ്‌ത്രീ എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘എനിക്കൊരു കാര്യം നിങ്ങളോടു ചോദിക്കാനുണ്ടായിരുന്നു. എന്റെ ഒരു ബന്ധു യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കുന്നുണ്ട്‌. എനിക്കും പഠിച്ചാൽ കൊള്ളാമെന്നുണ്ട്‌. അതിനെങ്ങനെ കഴിയും?’ ഒരുനിമിഷം എന്തു പറയണമെന്നറിയാതെ ഞാൻ പകച്ചുനിന്നു. പെട്ടെന്ന്‌ സമനില വീണ്ടെടുത്ത്‌ ഞാൻ അവൾക്കൊരു ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തു.”

ഇങ്‌-മാരീ ഇങ്ങനെ തുടരുന്നു: “സത്യം പങ്കുവെക്കാനുള്ള ഞങ്ങളുടെ താത്‌പര്യത്തെയും അതിനായുള്ള ഞങ്ങളുടെ ശ്രമത്തെയും അനുഗ്രഹിച്ചതിൽ എനിക്ക്‌ യഹോവയോടു തോന്നിയ നന്ദിയും എന്റെ സന്തോഷവും ഒന്നു സങ്കൽപ്പിച്ചു നോക്കൂ.” ഈ സ്‌ത്രീ നന്നായി പുരോഗമിക്കുകയും മെക്‌സിക്കോ നഗരത്തിൽ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ വെച്ച്‌ യഹോവയുടെ സാക്ഷിയായി സ്‌നാപനമേൽക്കുകയും ചെയ്‌തു. ഒക്കേയും ഇങ്‌-മാരീയും തങ്ങൾ ചെയ്യുന്ന ശുശ്രൂഷയെ ചുരുക്കത്തിൽ വർണിക്കുന്നത്‌ ഇങ്ങനെയാണ്‌: “വ്യത്യസ്‌ത നിർമാണ പദ്ധതികളിൽ സഹായിക്കാനുള്ള ഞങ്ങളുടെ നിയമനത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു, എന്നിരുന്നാലും സത്യം സ്വീകരിക്കുന്നതിന്‌ ഒരാളെ സഹായിക്കാൻ കഴിയുമ്പോഴുള്ള സന്തോഷവും സംതൃപ്‌തിയും ഒന്നു വേറെതന്നെയാണ്‌.”

ഒരു ആത്മത്യാഗ മനോഭാവം

അതേ, തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോരുന്ന സ്വമേധയാ സേവകർ വിദേശരാജ്യങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങളെ സേവിക്കാൻ ത്യാഗങ്ങൾ ചെയ്യുന്നു. എന്നുവരികിലും അതോടൊപ്പം അതുല്യമായ സന്തോഷങ്ങളും അവർക്ക്‌ ആസ്വദിക്കാൻ കഴിയുന്നു. എന്തൊക്കെയാണ്‌ അവ?

അംഗോള, ഇക്വഡോർ, എൽ സാൽവഡോർ, കൊളംബിയ, ഗയാന, പോർട്ടറിക്കോ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ഭാര്യ പമെലയോടൊപ്പം സേവിച്ചിട്ടുള്ള ഹൗവാർഡ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “വ്യത്യസ്‌ത രാജ്യങ്ങളിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരെ കണ്ടുമുട്ടാനും നമ്മുടെ സാർവദേശീയ സഹോദരവർഗത്തിൽ നിലനിൽക്കുന്ന സ്‌നേഹ ബന്ധം നേരിട്ട്‌ അനുഭവിച്ചറിയാനും കഴിയുന്നത്‌ വിശിഷ്ടമായ ഒരു പദവിതന്നെയാണ്‌. നമ്മൾ കൂടെക്കൂടെ അതേക്കുറിച്ചു വായിക്കാറുണ്ട്‌, എന്നാൽ വിഭിന്ന സംസ്‌കാരങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ള സഹോദരങ്ങളോടൊപ്പം നിങ്ങൾ താമസിക്കുകയും സേവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ അമൂല്യമായ സഹോദരവർഗത്തെ നിങ്ങൾ കൂടുതൽ വിലമതിക്കാൻ ഇടയാകുന്നു.”

ഇക്വഡോർ, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ, സാംബിയ എന്നീ രാജ്യങ്ങളിലെ നിർമാണ പദ്ധതികളിൽ സഹായിച്ച ഗാരിയും ഈ പരിപാടിയിൽനിന്നു വളരെ പ്രയോജനം നേടിയതായി അഭിപ്രായപ്പെടുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “എനിക്കു നിയമനം ലഭിച്ച ബ്രാഞ്ചുകളിലെ പക്വതയുള്ള സഹോദരന്മാരുമായുള്ള സഹവാസത്തിൽനിന്ന്‌ വർഷങ്ങളിൽ ഉടനീളം എനിക്കു ലഭിച്ചിട്ടുള്ള പരിശീലനം എന്റെ നിയമനങ്ങളിൽ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ എന്നെ കൂടുതൽ പര്യാപ്‌തനാക്കിയിരിക്കുന്നു. ഇതു വിശ്വാസത്തെ കൂടുതൽ ബലിഷ്‌ഠമാക്കിയിരിക്കുന്നു, കാരണം യഹോവയുടെ ലോകവ്യാപക സംഘടനയുടെ മുഖമുദ്രയായ​—⁠ഭാഷയുടെയും വർഗത്തിന്റെയും സംസ്‌കാരത്തിന്റെയും അതിരുകളില്ലാത്ത​—⁠ഐക്യം അനുഭവിച്ചറിയാൻ ഇതെനിക്ക്‌ അവസരം പ്രദാനം ചെയ്യുന്നു.”

ഇതിനിടെ, മെക്‌സിക്കോയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വിപുലീകരിച്ച ബ്രാഞ്ച്‌ സൗകര്യങ്ങളുടെ സമർപ്പണം ഈ വർഷം നടത്തി. ദൈവത്തോടുള്ള തങ്ങളുടെ സ്‌നേഹത്താൽ പ്രേരിതരായ സാർവദേശീയ സേവകന്മാരും സാർവദേശീയ സ്വമേധയാ സേവകരും മെക്‌സിക്കോയിലും മറ്റിടങ്ങളിലും സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ വലിയ ഒരു പങ്കുതന്നെ വഹിച്ചിട്ടുണ്ട്‌. സാർവദേശീയ തലത്തിൽ ക്രിസ്‌തീയ സഹോദരങ്ങളെ സേവിക്കുന്നതിൽ അവർ പ്രകടമാക്കുന്ന മനസ്സൊരുക്കത്തിന്റെയും ആത്മത്യാഗത്തിന്റെയും ആത്മാവിനെ ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ വിലമതിക്കുന്നു.

[25 -ാം പേജിലെ ചിത്രം]

ഇക്വഡോർ

[25 -ാം പേജിലെ ചിത്രം]

കൊളംബിയ

[25 -ാം പേജിലെ ചിത്രം]

അംഗോള

[26 -ാം പേജിലെ ചിത്രം]

ബ്രാഞ്ചിലെ ഉദ്യാനം

[26 -ാം പേജിലെ ചിത്രം]

മെക്‌സിക്കോ ബ്രാഞ്ചിലെ പുതിയ സൗകര്യങ്ങളിൽ വേല ആരംഭിക്കുന്നു

[26 -ാം പേജിലെ ചിത്രം]

താഴെ: പുതിയ സൗകര്യങ്ങളുടെ ഒരു ഭാഗത്തിനു മുന്നിൽ നിർമാണ ഡിപ്പാർട്ടുമെന്റിലെ ചില അംഗങ്ങൾ

[27 -ാം പേജിലെ ചിത്രം]

നിർമാണത്തിനെത്തിയ സ്വമേധയാ സേവകർ പ്രാദേശിക സഭകളോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടുന്നത്‌ ആസ്വദിക്കുന്നു