വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അചഞ്ചലരായി നിലകൊള്ളുക, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ വിജയം വരിക്കുക

അചഞ്ചലരായി നിലകൊള്ളുക, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ വിജയം വരിക്കുക

അചഞ്ചലരായി നിലകൊള്ളുക, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ വിജയം വരിക്കുക

പ്രക്ഷുബ്ധമായ ഒരു കടലിലൂടെ നിങ്ങൾക്കു സഞ്ചരിക്കേണ്ടതുണ്ടെന്നു കരുതുക. എന്തിൽ യാത്ര ചെയ്യാനായിരിക്കും നിങ്ങൾ ഇഷ്ടപ്പെടുക, ദുർബലമായ ഒരു കൊച്ചു വള്ളത്തിലോ, അതോ നല്ല ഉറപ്പും ബലവുമുള്ള ഒരു കപ്പലിലോ? ഒരു കപ്പലിലേ നിങ്ങൾ യാത്ര ചെയ്യൂ എന്നതിനു സംശയമില്ല. കാരണം അലറിയടുക്കുന്ന തിരമാലകളെ കീറിമുറിച്ചു കടന്നുപോകാൻ വള്ളത്തെക്കാളും എന്തുകൊണ്ടും നല്ലത്‌ കപ്പൽ തന്നെയാണ്‌.

പ്രക്ഷുബ്ധവും അപകടങ്ങൾ പതിയിരിക്കുന്നതുമായ ഈ വ്യവസ്ഥിതിയിലൂടെ കടന്നുപോകവേ അസ്വസ്ഥജനകമായ പല വെല്ലുവിളികളെയും നാം നേരിടുന്നു. ഉദാഹരണത്തിന്‌, ലോകത്തിലെ ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ആശയങ്ങളുടെയും ഭ്രമങ്ങളുടെയും ഇടയിൽ കുരുങ്ങുന്ന യുവജനങ്ങൾ ചിലപ്പോൾ എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെ കുഴങ്ങിപ്പോകുന്നു, അരക്ഷിതത്വ ബോധവും അവരെ വേട്ടയാടിയേക്കാം. ക്രിസ്‌തീയ മാർഗത്തിൽ ജീവിതം തുടങ്ങിയിട്ട്‌ അധികനാൾ ആയിട്ടില്ലാത്തവരുടെ പ്രശ്‌നം, അവരുടെ മനസ്സ്‌ ഇപ്പോഴും ചഞ്ചലമാണ്‌ എന്നതാകാം. ഇനി, അചഞ്ചലരായി ദൈവത്തെ അനേക വർഷം വിശ്വസ്‌തമായി സേവിച്ചു പോന്നിട്ടുള്ള ചിലർക്കു പോലും, അവരുടെ പ്രതീക്ഷകൾ ഇതുവരെ പൂർണമായി നിറവേറിയിട്ടില്ലാത്തത്‌ ഒരു പരിശോധന ആയിരുന്നേക്കാം.

എന്നാൽ ഈ തോന്നലുകൾ ഇന്നത്തെ ആളുകളുടെ മാത്രം പ്രത്യേകതയല്ല. മോശെ, ഇയ്യോബ്‌, ദാവീദ്‌ തുടങ്ങിയ യഹോവയുടെ വിശ്വസ്‌ത ദാസന്മാരുടെ മനസ്സ്‌ ചിലപ്പോഴൊക്കെ വളരെ അസ്വസ്ഥമായിത്തീർന്നിരുന്നു. (സംഖ്യാപുസ്‌തകം 11:14, 15; ഇയ്യോബ്‌ 3:1-4; സങ്കീർത്തനം 55:4) എങ്കിലും അവർ ജീവിതത്തിൽ യഹോവയോട്‌ അചഞ്ചലമായ ഭക്തി പ്രകടമാക്കി. അവരുടെ നല്ല മാതൃക അചഞ്ചലരായി നിലകൊള്ളാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ നിത്യജീവനു വേണ്ടിയുള്ള ഓട്ടത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ പിശാചായ സാത്താൻ. (ലൂക്കൊസ്‌ 22:31) അങ്ങനെയെങ്കിൽ നമുക്ക്‌ അചഞ്ചലരായി, “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി” നിലകൊള്ളാൻ എങ്ങനെ കഴിയും? (1 പത്രൊസ്‌ 5:9) കൂടാതെ നമ്മുടെ സഹവിശ്വാസികളെ നമുക്ക്‌ എങ്ങനെ ശക്തീകരിക്കാൻ കഴിയും?

നാം അചഞ്ചലരായി നിലകൊള്ളാൻ യഹോവ ആഗ്രഹിക്കുന്നു

നാം യഹോവയോടു വിശ്വസ്‌തരാണെങ്കിൽ സ്ഥിരത ഉള്ളവരായി നിലകൊള്ളാൻ അവൻ എല്ലായ്‌പോഴും നമ്മെ സഹായിക്കും. വെല്ലുവിളി ഉയർത്തുന്ന നിരവധി സാഹചര്യങ്ങളെ അഭിമുഖീകരിച്ച ഒരു വ്യക്തിയായിരുന്നു സങ്കീർത്തനക്കാരനായ ദാവീദ്‌. എന്നാൽ അവൻ യഹോവയിൽ പ്രത്യാശ വെച്ചു. അതുകൊണ്ട്‌ അവന്‌ ഇങ്ങനെ പാടാൻ കഴിഞ്ഞു: ‘നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേററിൽനിന്നും [യഹോവ] എന്നെ കയററി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.’​—⁠സങ്കീർത്തനം 40:⁠2.

‘നിത്യജീവനെ പിടിച്ചുകൊള്ളാൻ’ കഴിയേണ്ടതിന്‌ ‘വിശ്വാസത്തിന്റെ നല്ല പോർ പൊരുതാൻ’ യഹോവ നമ്മെ ശക്തീകരിക്കുന്നു. (1 തിമൊഥെയൊസ്‌ 6:12) സ്ഥിരത ഉള്ളവരായി നിലകൊള്ളാനും നമ്മുടെ ആത്മീയ പോരാട്ടത്തിൽ വിജയം വരിക്കാനുമുള്ള ഉപാധിയും അവൻ നമുക്കു പ്രദാനം ചെയ്യുന്നു. “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തി”പ്പെടാനും “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു”കൊള്ളാനും അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (എഫെസ്യർ 6:10-17) എന്നാൽ ഇന്ന്‌ നമ്മുടെ സ്ഥിരതയെ തകർത്തേക്കാവുന്ന ഘടകങ്ങൾ എന്തൊക്കെയാണ്‌? അത്തരം അപകടകരമായ സ്വാധീനങ്ങളെ നമുക്ക്‌ എങ്ങനെ ചെറുക്കാനാവും?

സ്ഥിരതയെ തകർക്കുന്ന ഘടകങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

ഈ മർമപ്രധാന സത്യം ഓർത്തിരിക്കുന്നതു ബുദ്ധിയാണ്‌: നാം എടുക്കുന്ന തീരുമാനങ്ങൾ അന്തിമമായി നമ്മുടെ ക്രിസ്‌തീയ സ്ഥിരതയുടെ മേൽ അനുകൂലമോ പ്രതികൂലമോ ആയ ഫലം ഉളവാക്കും. ചെറുപ്പക്കാർക്ക്‌ ജീവിതവൃത്തി, ഉയർന്ന വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളോടുള്ള ബന്ധത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു. മറ്റൊരു സ്ഥലത്തേക്കു താമസം മാറുന്നതു സംബന്ധിച്ചോ കൂടുതലായ ഒരു ജോലി ഏറ്റെടുക്കുന്നതു സംബന്ധിച്ചോ ഉള്ള ഒരു തീരുമാനമായിരിക്കാം മുതിർന്നവർക്ക്‌ എടുക്കേണ്ടി വരുന്നത്‌. സമയത്തിന്റെ ഉപയോഗവും മറ്റനേകം സംഗതികളും സംബന്ധിച്ച്‌ നാം ഓരോ ദിവസവും തീരുമാനങ്ങൾ എടുക്കുന്നു. ദൈവദാസർ എന്ന നിലയിൽ നമ്മുടെ സ്ഥിരതയെ മെച്ചപ്പെടുത്തുന്ന ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ എന്തു സഹായിക്കും? ഒരു ദീർഘകാല സാക്ഷി ഇങ്ങനെ പറഞ്ഞു: “തീരുമാനങ്ങൾ എടുക്കുമ്പോൾ ഞാൻ യഹോവയുടെ സഹായത്തിനായി അപേക്ഷിക്കുന്നു. ബൈബിളിലൂടെയും ക്രിസ്‌തീയ യോഗങ്ങളിലൂടെയും മൂപ്പന്മാരിലൂടെയും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിക്കുന്ന ബുദ്ധിയുപദേശം സ്വീകരിക്കുന്നതും പിൻപറ്റുന്നതും പ്രധാനമാണെന്നു ഞാൻ കരുതുന്നു.”

തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത്‌ നന്നായിരിക്കും: ‘ഒരു അഞ്ചോ പത്തോ വർഷം കഴിഞ്ഞ്‌ പിന്തിരിഞ്ഞു നോക്കുമ്പോൾ ഇന്ന്‌ ഇങ്ങനെയൊരു തീരുമാനം എടുത്തതിൽ ഞാൻ സന്തോഷിക്കുമോ, അതോ ഖേദിക്കുമോ? എന്റെ തീരുമാനങ്ങൾ എന്നെ ആത്മീയമായി അസ്ഥിരനാക്കുന്നവയല്ലെന്നും പകരം എന്റെ ആത്മീയ പുരോഗതിക്ക്‌ ഉതകുന്നവയാണെന്നും ഉറപ്പു വരുത്താൻ ഞാൻ ശ്രമിക്കുന്നുണ്ടോ?’​—⁠ഫിലിപ്പിയർ 3:​16, NW.

സ്‌നാപനമേറ്റ ചില വ്യക്തികൾ പ്രലോഭനങ്ങൾക്കു വഴങ്ങുകയോ ദൈവനിയമങ്ങൾ ലംഘിക്കുന്ന ഘട്ടത്തോളം പോകാൻ തങ്ങളെത്തന്നെ അനുവദിക്കുകയോ ചെയ്‌തതു നിമിത്തം അസ്ഥിരമായ ഒരു ജീവിതം നയിക്കുന്നവരായിത്തീർന്നിരിക്കുന്നു. അനുതാപം പ്രകടമാക്കാതെ പാപപൂർണമായ ഒരു ഗതി പിന്തുടർന്നതു നിമിത്തം സഭയിൽനിന്നു പുറത്താക്കപ്പെട്ട ചിലർ വളരെയേറെ ശ്രമം ചെയ്‌ത്‌ പുനഃസ്ഥിതീകരിക്കപ്പെടുകയും എന്നാൽ സമാനമായ തെറ്റു ചെയ്‌തതിന്റെ ഫലമായി വീണ്ടും​—⁠ചിലപ്പോൾ ഉടനെതന്നെ​—⁠പുറത്താക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ‘തീയതിനെ വെറുത്തു നല്ലതിനോടു പററിക്കൊള്ളാ’നുള്ള ദിവ്യ സഹായത്തിനായി അവർ പ്രാർഥിക്കാഞ്ഞതുകൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിച്ചത്‌? (റോമർ 12:9; സങ്കീർത്തനം 97:10) നാമെല്ലാം നമ്മുടെ പാദങ്ങൾക്ക്‌ ‘നേർവഴി ഒരുക്കേണ്ടത്‌’ ആവശ്യമാണ്‌. (എബ്രായർ 12:​13, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്‌ ആത്മീയ സ്ഥിരത നിലനിറുത്താൻ നമ്മെ സഹായിക്കുന്ന ചില നിർദേശങ്ങൾ നമുക്കു പരിചിന്തിക്കാം.

ക്രിസ്‌തീയ പ്രവർത്തനത്തിലൂടെ സ്ഥിരത നിലനിറുത്തുക

ജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാനുള്ള ഒരു മാർഗം രാജ്യപ്രസംഗ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുക എന്നതാണ്‌. അതേ, നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിച്ചു നിറുത്തുന്നതിലും നിത്യജീവനാകുന്ന സമ്മാനത്തിൽ ഉറപ്പിച്ചു നിറുത്തുന്നതിലും നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ വിലപ്പെട്ട സഹായം പ്രദാനം ചെയ്യുന്നു. ഇതിനോടുള്ള ബന്ധത്തിൽ, പൗലൊസ്‌ കൊരിന്ത്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും [“അചഞ്ചലരായി,” ഓശാന ബൈബിൾ] കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.” (1 കൊരിന്ത്യർ 15:58) “ഉറപ്പുള്ള” അഥവാ ‘അചഞ്ചലമായ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല പദത്തിന്റെ അർഥം ‘സ്വസ്ഥാനത്ത്‌ ദൃഢമായി ഉറപ്പിക്കപ്പെട്ടത്‌’ എന്നാണ്‌. “കുലുങ്ങാത്ത” എന്ന പദത്തിന്‌ ‘സ്വസ്ഥാനത്തുനിന്ന്‌ ഇളകാൻ ഒരു വ്യക്തി തന്നെത്തന്നെ അനുവദിക്കാതിരിക്കുന്നതിനെ’ കുറിക്കാൻ കഴിയും. അതുകൊണ്ട്‌, ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നത്‌ നമ്മുടെ ക്രിസ്‌തീയ ഗതിയിൽ സ്ഥിരതയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നത്‌ നമ്മുടെ ജീവിതത്തിന്‌ അർഥവും നമുക്ക്‌ സന്തുഷ്ടിയും കൈവരുത്തുന്നു.​—⁠പ്രവൃത്തികൾ 20:​35, NW.

മിഷനറി വേലയിലും മുഴുസമയ പ്രസംഗ പ്രവർത്തനത്തിന്റെ മറ്റു മേഖലകളിലും മുപ്പതിലേറെ വർഷം ചെലവഴിച്ചിരിക്കുന്ന പൗളിൻ എന്ന ക്രിസ്‌ത്യാനി ഇപ്രകാരം പറയുന്നു: “ശുശ്രൂഷ ഒരു സംരക്ഷണമാണ്‌. കാരണം മറ്റുള്ളവരോട്‌ സാക്ഷീകരിക്കുന്നത്‌ എന്റെ പക്കൽ സത്യമുണ്ട്‌ എന്ന ഉറപ്പ്‌ എനിക്കു നൽകുന്നു.” യോഗങ്ങളിൽ സംബന്ധിക്കുക, വ്യക്തിപരമായ ബൈബിൾ പഠനം നിർവഹിക്കുക തുടങ്ങിയ മറ്റു ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ശുഷ്‌കാന്തിയോടെ, ക്രമമായി ഏർപ്പെടുന്നതും സമാനമായ ബോധ്യം നമുക്കു നൽകും.

സ്‌നേഹമുള്ള സഹോദരവർഗം​—⁠സ്ഥിരതയുള്ളവരായി നിലകൊള്ളാൻ സഹായിക്കുന്ന ഒരു ഘടകം

സത്യാരാധകരുടെ ലോകവ്യാപക സംഘടനയുടെ ഭാഗമായിരിക്കുന്നത്‌ സ്ഥിരതയുള്ളവരായി നിലനിൽക്കാൻ നമ്മെ സഹായിക്കുന്ന ശക്തമായ ഒരു ഘടകമാണ്‌. സ്‌നേഹമുള്ള അത്തരം ഒരു ആഗോള സഹോദരവർഗത്തോടൊപ്പം ആയിരിക്കുന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഒരു അനുഗ്രഹമാണ്‌! (1 പത്രൊസ്‌ 2:17) സ്ഥിരതയുള്ളവരായി നിലകൊള്ളാൻ സഹവിശ്വാസികളെ സഹായിക്കുന്ന ഒരു സ്വാധീനമായി വർത്തിക്കാൻ നമുക്കും കഴിയും.

നീതിമാനായ ഇയ്യോബ്‌ മറ്റുള്ളവരെ സഹായിച്ച വിധങ്ങളെ കുറിച്ചു പരിചിന്തിക്കുക. വ്യാജ ആശ്വാസകനായ എലീഫസ്‌ പോലും ഇങ്ങനെ സമ്മതിച്ചുപറയാൻ നിർബന്ധിതനായി: “വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.” (ഇയ്യോബ്‌ 4:4) നാം എത്രത്തോളം സഹായമനഃസ്ഥിതി ഉള്ളവരാണ്‌? കഷ്ടതകൾ ഗണ്യമാക്കാതെ ദൈവസേവനത്തിൽ തുടരാൻ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരെ സഹായിക്കാനുള്ള ഉത്തരവാദിത്വം നമുക്ക്‌ ഓരോരുത്തർക്കും ഉണ്ട്‌. അവരുമായി ഇടപെടുമ്പോൾ പിൻവരുന്ന വാക്കുകളുടെ അന്തഃസത്തയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്കു കഴിയും: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ.” (യെശയ്യാവു 35:3) അതുകൊണ്ട്‌ സഹ ക്രിസ്‌ത്യാനികളോടൊപ്പം കൂടി വരുമ്പോഴൊക്കെ അവരിൽ ഒന്നോ രണ്ടോ പേരെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്കു ലക്ഷ്യമിടരുതോ? (എബ്രായർ 10:24, 25) യഹോവയെ പ്രസാദിപ്പിക്കാനുള്ള അവരുടെ തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുകയും അതിനോടു വിലമതിപ്പു പ്രകടിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ പ്രോത്സാഹജനകമായ വിധത്തിൽ സംസാരിക്കുന്നത്‌ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കുക എന്ന ലക്ഷ്യത്തിൽ അചഞ്ചലരായി നിലകൊള്ളാൻ അവരെ തീർച്ചയായും സഹായിക്കും.

വിശ്വാസത്തിൽ താരതമ്യേന പുതിയവരായിരിക്കുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ വളരെയധികം സഹായം പ്രദാനം ചെയ്യാനാകും. സഹായകമായ നിർദേശങ്ങളും ഈടുറ്റ തിരുവെഴുത്തു ബുദ്ധിയുപദേശവും നൽകുന്നതിലൂടെയും വയൽശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുന്നതിലൂടെയും അവർക്ക്‌ ഇതിനു കഴിഞ്ഞേക്കാം. മറ്റുള്ളവരെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ എല്ലായ്‌പോഴും പ്രയോജനപ്പെടുത്തിയ ഒരു വ്യക്തിയാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌. റോമിലെ ക്രിസ്‌ത്യാനികളെ ആത്മീയമായി ബലപ്പെടുത്താൻ കഴിയേണ്ടതിന്‌ അവൻ അവരെ കാണാൻ വാഞ്‌ഛിച്ചു. (റോമർ 1:​11, 12) ഫിലിപ്പിയിലെ തന്റെ പ്രിയ സഹോദരീസഹോദരന്മാരെ അവൻ തന്റെ “സന്തോഷവും കിരീടവു”മായി കണക്കാക്കുകയും “ഇങ്ങനെ കർത്താവിൽ നിലനില്‌പിൻ [“ഉറച്ചുനില്‌ക്കുവിൻ,” പി.ഒ.സി. ബൈ.]” എന്ന്‌ അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. (ഫിലിപ്പിയർ 4:1) തെസ്സലൊനീക്യയിലെ തന്റെ സഹോദരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ കേട്ടപ്പോൾ പൗലൊസ്‌, “കഷ്ടങ്ങളിൽ ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു . . . സ്ഥിരപ്പെടുത്തുവാനും . . . പ്രബോധിപ്പിപ്പാനുമായിട്ടു” തിമൊഥെയൊസിനെ അവരുടെ അടുക്കലേക്ക്‌ അയച്ചു.​—⁠1 തെസ്സലൊനീക്യർ 3:1-3.

അപ്പൊസ്‌തലനായ പൗലൊസും പത്രൊസും തങ്ങളുടെ സഹാരാധകരുടെ വിശ്വസ്‌ത ശ്രമങ്ങളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്‌തു. (കൊലൊസ്സ്യർ 2:5; 1 തെസ്സലൊനീക്യർ 3:7, 8; 2 പത്രൊസ്‌ 1:12) സമാനമായി നമുക്കും നമ്മുടെ സഹോദരങ്ങളുടെ ബലഹീനതകളിലല്ല, പകരം അവരുടെ നല്ല ഗുണങ്ങളിലും അചഞ്ചലരായി നിലകൊള്ളാനും യഹോവയ്‌ക്കു ബഹുമതി കരേറ്റാനുമുള്ള അവരുടെ കഠിന ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം.

നാം നിഷേധാത്മകമോ വിമർശനാത്മകമോ ആയ മനോഭാവം പ്രകടമാക്കുന്നവരാണെങ്കിൽ മനഃപൂർവമല്ലെങ്കിലും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത്‌ നാം ചിലർക്ക്‌ ഏറെ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. നമ്മുടെ സഹോദരങ്ങൾ ഈ വ്യവസ്ഥിതിയിൽ “കുഴഞ്ഞവരും ചിന്നിയവരു”മാണെന്ന്‌ ഓർമിക്കുന്നത്‌ എത്ര ഉചിതമാണ്‌! (മത്തായി 9:36) ക്രിസ്‌തീയ സഭയിൽ ആശ്വാസവും നവോന്മേഷവും കണ്ടെത്താൻ അവർ ന്യായമായും പ്രതീക്ഷിക്കുന്നു. അതുകൊണ്ട്‌, സഹവിശ്വാസികളെ കെട്ടുപണി ചെയ്യാനും അചഞ്ചലരായി നിലകൊള്ളാൻ അവരെ സഹായിക്കാനും നമുക്ക്‌ എല്ലാവർക്കും നമ്മുടെ പരമാവധി ചെയ്യാം.

നമ്മുടെ അചഞ്ചലതയ്‌ക്കു കോട്ടം വരാനിടയുള്ള ഒരു വിധത്തിൽ മറ്റുള്ളവർ ചിലപ്പോൾ നമ്മോട്‌ ഇടപെട്ടെന്നു വരാം. യഹോവയുടെ സേവനത്തിൽ നമ്മെ മന്ദീഭവിപ്പിക്കാൻ, മുറിപ്പെടുത്തുന്ന ഒരു അഭിപ്രായപ്രകടനത്തെയോ ഒരു നിർദയ പ്രവൃത്തിയെയോ നാം അനുവദിക്കുമോ? അചഞ്ചലരായി നിലകൊള്ളുന്നതിൽനിന്ന്‌ നമ്മെ തടയാൻ നമുക്ക്‌ ഒരിക്കലും ആരെയും അനുവദിക്കാതിരിക്കാം!​—⁠2 പത്രൊസ്‌ 3:⁠17.

ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ​—⁠നമ്മെ സ്ഥിരതയുള്ളവരാക്കി നിറുത്തുന്ന മറ്റൊരു ഘടകം

രാജ്യഭരണത്തിൻ കീഴിലെ അത്ഭുതകരമായ ഭാവി സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനം അചഞ്ചലരായി നിലനിൽക്കാൻ സഹായിക്കുന്ന പ്രത്യാശ നമുക്കു നൽകുന്നു. (എബ്രായർ 6:19) ദൈവം എല്ലായ്‌പോഴും തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നു എന്ന ബോധ്യം ‘ഉണർന്നിരിക്കാനും വിശ്വാസത്തിൽ നിലനിൽക്കാനും’ നമ്മെ പ്രചോദിപ്പിക്കുന്നു. (1 കൊരിന്ത്യർ 16:13; എബ്രായർ 3:6) ദൈവത്തിന്റെ ചില വാഗ്‌ദാനങ്ങൾ നിവൃത്തിയേറാൻ താമസിക്കുന്നു എന്ന തോന്നൽ നമ്മുടെ വിശ്വാസത്തിന്റെ ഒരു പരിശോധനയായി ഭവിച്ചേക്കാം. അതുകൊണ്ട്‌ വ്യാജ പഠിപ്പിക്കലുകളാൽ വഴിതെറ്റിക്കപ്പെടുന്നതിനും നമ്മുടെ പ്രത്യാശയിൽനിന്ന്‌ ഇളകുന്നതിനും എതിരെ ജാഗ്രത പാലിക്കേണ്ടത്‌ അങ്ങേയറ്റം പ്രധാനമാണ്‌.​—⁠കൊലൊസ്സ്യർ 1:23; എബ്രായർ 13:⁠9.

യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാസം ഇല്ലാതിരുന്നതു നിമിത്തം നശിച്ചുപോയ ഇസ്രായേല്യരുടെ മോശമായ മാതൃക നമുക്ക്‌ ഒരു മുന്നറിയിപ്പ്‌ ആയിരിക്കണം. (സങ്കീർത്തനം 78:37) അവരെ പോലെ ആകാതെ, ഈ അന്ത്യനാളുകളിൽ അടിയന്തിരതാ ബോധത്തോടെ ദൈവത്തെ സേവിച്ചുകൊണ്ട്‌ നമുക്ക്‌ അചഞ്ചലരായി നിലകൊള്ളാം. “യഹോവയുടെ മഹാദിവസം നാളെ വരും എന്നതുപോലെയാണ്‌ ഓരോ ദിവസവും ഞാൻ ജീവിക്കുന്നത്‌” എന്ന്‌ അനുഭവസമ്പന്നനായ ഒരു മൂപ്പൻ പറയുകയുണ്ടായി.​—⁠യോവേൽ 1:⁠15.

അതേ, യഹോവയുടെ മഹാദിവസം തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. എന്നിരുന്നാലും, ദൈവത്തോട്‌ അടുത്തു നിലകൊള്ളുന്നിടത്തോളം നാം ഭയപ്പെടേണ്ടതില്ല. അവന്റെ നീതിയുള്ള നിലവാരങ്ങളോട്‌ പറ്റിനിൽക്കുകയും അചഞ്ചലരായി നിലകൊള്ളുകയും ചെയ്യുന്ന പക്ഷം നിത്യജീവനു വേണ്ടിയുള്ള ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമുക്കു കഴിയും!​—⁠സദൃശവാക്യങ്ങൾ 11:19; 1 തിമൊഥെയൊസ്‌ 6:12, 17-19.

[23 -ാം പേജിലെ ചിത്രം]

അചഞ്ചലരായി നിലകൊള്ളാൻ സഹ ക്രിസ്‌ത്യാനികളെ സഹായിക്കുന്നതിന്‌ നിങ്ങളാലാവുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ?

[21 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

The Complete Encyclopedia of Illustration/J. G. Heck