വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു സഭകളോടു സംസാരിക്കുന്നു

ക്രിസ്‌തു സഭകളോടു സംസാരിക്കുന്നു

ക്രിസ്‌തു സഭകളോടു സംസാരിക്കുന്നു

‘ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്‌.’​—⁠വെളിപ്പാടു 2:⁠1.

1, 2. ഏഷ്യാമൈനറിലെ ഏഴു സഭകളോടു ക്രിസ്‌തു പറഞ്ഞ കാര്യങ്ങളിൽ നാം തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

യഹോവയുടെ ഏകജാത പുത്രനായ യേശുക്രിസ്‌തുവാണ്‌ ക്രിസ്‌തീയ സഭയുടെ ശിരസ്സ്‌. തന്റെ അഭിഷിക്ത അനുഗാമികളുടെ സഭയെ നിർമലമായി സൂക്ഷിക്കേണ്ടതിന്‌ അവരെ അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്‌തുകൊണ്ട്‌ ക്രിസ്‌തു തന്റെ ശിരഃസ്ഥാനം ഉപയോഗിക്കുന്നു. (എഫെസ്യർ 5:21-27) അതിന്റെ ഉദാഹരണങ്ങൾ നമുക്ക്‌ വെളിപ്പാടു പുസ്‌തകം 2-ഉം 3-ഉം അധ്യായങ്ങളിൽ കാണാവുന്നതാണ്‌. ഈ അധ്യായങ്ങളിൽ ഏഷ്യാമൈനറിലെ ഏഴു സഭകൾക്കുള്ള ശക്തവും സ്‌നേഹപുരസ്സരവുമായ സന്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

2 അപ്പൊസ്‌തലനായ യോഹന്നാൻ ഏഴു സഭകൾക്കുള്ള യേശുവിന്റെ വാക്കുകൾ കേൾക്കുന്നതിനു മുമ്പ്‌ അവന്‌ “കർത്തൃദിവസ”ത്തിന്റെ ഒരു ദർശനം ലഭിച്ചു. (വെളിപ്പാടു 1:10) ആ ‘ദിവസം’ ആരംഭിച്ചത്‌ 1914-ൽ മിശിഹൈക രാജ്യം സ്വർഗത്തിൽ സ്ഥാപിതമായപ്പോഴാണ്‌. അതുകൊണ്ട്‌ സഭകളോടുള്ള ക്രിസ്‌തുവിന്റെ വാക്കുകൾക്ക്‌ ഈ അന്ത്യനാളുകളിൽ അടിയന്തിര പ്രാധാന്യമുണ്ട്‌. യേശു നൽകുന്ന പ്രോത്സാഹനവും ബുദ്ധിയുപദേശവും ഈ ദുർഘടസമയങ്ങളെ നേരിടാൻ നമ്മെ സഹായിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5.

3. അപ്പൊസ്‌തലനായ യോഹന്നാൻ കണ്ട ‘നക്ഷത്രങ്ങൾ,’ ‘ദൂതന്മാർ,’ ‘പൊൻനിലവിളക്കുകൾ’ എന്നിവയുടെ പ്രതീകാത്മക അർഥമെന്ത്‌?

3 ‘ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട്‌ ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്ന’ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്‌തുവിനെ യോഹന്നാൻ കണ്ടു. പൊൻനിലവിളക്കുകൾ സഭകളെ അർഥമാക്കുന്നു. “നക്ഷത്രം” ‘ഏഴു സഭകളുടെ ദൂതന്മാരാണ്‌.’ (വെളിപ്പാടു 1:20; 2:1) നക്ഷത്രങ്ങൾ ചിലപ്പോഴൊക്കെ ദൂത ആത്മജീവികളെ പ്രതീകപ്പെടുത്താറുണ്ട്‌. എന്നാൽ ആത്മ ജീവികൾക്കുവേണ്ടി സന്ദേശം രേഖപ്പെടുത്താൻ ക്രിസ്‌തു ഏതെങ്കിലും ഒരു മനുഷ്യനെ ഉപയോഗിക്കുമായിരുന്നില്ല. അക്കാരണത്താൽ, യുക്ത്യാനുസൃതമായും ഈ നക്ഷത്രങ്ങൾ ആത്മാഭിഷിക്ത മേൽവിചാരകന്മാരെ, അല്ലെങ്കിൽ മൂപ്പന്മാരുടെ സംഘങ്ങളെയാണു സൂചിപ്പിക്കുന്നത്‌. “ദൂതന്മാർ” എന്ന പദം സന്ദേശവാഹകർ എന്നനിലയിൽ അവർ വഹിക്കുന്ന പങ്കിനോടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സംഘടന വളർന്നു വലുതായിരിക്കുന്നതിനാൽ, ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ യേശുവിന്റെ ‘വേറെ ആടുകളിൽ’പ്പെട്ട യോഗ്യരായ പുരുഷന്മാരെയും മേൽവിചാരകന്മാരായി നിയമിച്ചിട്ടുണ്ട്‌.​—⁠ലൂക്കൊസ്‌ 12:42-44; യോഹന്നാൻ 10:16.

4. സഭകളോടുള്ള ക്രിസ്‌തുവിന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നതു മുഖാന്തരം മൂപ്പന്മാർ പ്രയോജനം അനുഭവിക്കുന്നത്‌ എങ്ങനെ?

4 ‘നക്ഷത്രങ്ങൾ’ യേശുവിന്റെ വലതുകൈയിലാണ്‌. അവ അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും പ്രീതിയിലും സംരക്ഷണയിലും ആണെന്നാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ അവർ യേശുവിനോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌. ഏഴു സഭകളിൽ ഓരോന്നിനോടുമുള്ള യേശുവിന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നതു മുഖാന്തരം, സമാനമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന്‌ ഇക്കാലത്തെ മൂപ്പന്മാർക്കു മനസ്സിലാക്കാൻ കഴിയുന്നു. തീർച്ചയായും, സകല ക്രിസ്‌ത്യാനികളും ദൈവപുത്രന്റെ വാക്കുകൾക്കു ചെവികൊടുക്കേണ്ടതാണ്‌. (മർക്കൊസ്‌ 9:7) ക്രിസ്‌തു സഭകളോടു സംസാരിക്കുമ്പോൾ അതിനു ശ്രദ്ധ കൊടുക്കുന്നതു മുഖാന്തരം നമുക്ക്‌ എന്തു പഠിക്കാനാകും?

എഫെസൊസിലെ ദൂതന്‌

5. എഫെസൊസ്‌ എങ്ങനെയുള്ള ഒരു നഗരമായിരുന്നു?

5 എഫെസൊസിലെ സഭയെ യേശു അഭിനന്ദിക്കുകയും ശാസിക്കുകയും ചെയ്‌തു. (വെളിപ്പാടു 2:1-7 വായിക്കുക.) ഏഷ്യാമൈനറിന്റെ പശ്ചിമ തീരത്തു സ്ഥിതിചെയ്‌തിരുന്ന സമ്പന്നമായ ഈ വാണിജ്യ-മത കേന്ദ്രത്തിൽ അർത്തെമിസ്‌ ദേവിയുടെ ഒരു കൂറ്റൻ ക്ഷേത്രം ഉണ്ടായിരുന്നു. എഫെസൊസ്‌, അധാർമികതയും വ്യാജാരാധനയും ഭൂതവിദ്യയുംകൊണ്ട്‌ നിറഞ്ഞിരുന്നെങ്കിലും, അപ്പൊസ്‌തലനായ പൗലൊസും മറ്റുള്ളവരും ആ നഗരത്തിൽ നിർവഹിച്ച ശുശ്രൂഷയെ ദൈവം അനുഗ്രഹിച്ചു.​—⁠പ്രവൃത്തികൾ 19-ാം അധ്യായം.

6. ഇന്നത്തെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ പുരാതന എഫെസൊസിലെ ക്രിസ്‌ത്യാനികളെ പോലെ ആയിരിക്കുന്നത്‌ എങ്ങനെ?

6 എഫെസൊസിലെ സഭയെ പിൻവരുന്നവിധം പറഞ്ഞുകൊണ്ട്‌ ക്രിസ്‌തു അഭിനന്ദിച്ചു: ‘ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്‌ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്‌തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്‌തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും അറിയുന്നു.’ (വെളിപ്പാടു 2:​2) യേശുവിന്റെ യഥാർഥ അനുഗാമികളുടെ സഭകൾക്ക്‌ ഇന്ന്‌ സത്‌പ്രവൃത്തികളുടെയും കഠിനാധ്വാനത്തിന്റെയും സഹിഷ്‌ണുതയുടെയും സമാനമായ ഒരു രേഖയുണ്ട്‌. അപ്പൊസ്‌തലന്മാരെ പോലെ വീക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന കള്ളസഹോദരന്മാരെ അവർ സഭയിൽ വെച്ചുകൊണ്ടിരിക്കുന്നില്ല. (2 കൊരിന്ത്യർ 11:13, 26) എഫെസൊസുകാരെ പോലെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ ‘കൊള്ളരുതാത്തവരെ സഹിക്കാനാവില്ല.’ അതുകൊണ്ട്‌, യഹോവയ്‌ക്ക്‌ അർപ്പിക്കപ്പെടുന്ന ആരാധനയുടെ വിശുദ്ധി നിലനിറുത്താനും സഭയെ സംരക്ഷിക്കാനുമായി, അവർ അനുതാപമില്ലാത്ത വിശ്വാസത്യാഗികളുമായുള്ള സഹവാസം ഒഴിവാക്കുന്നു.​—⁠ഗലാത്യർ 2:4, 5; 2 യോഹന്നാൻ 8-11.

7, 8. എഫെസൊസിലെ സഭയ്‌ക്ക്‌ ഗുരുതരമായ ഏതു പ്രശ്‌നമുണ്ടായിരുന്നു, സമാനമായ ഒരു സാഹചര്യത്തെ നമുക്ക്‌ എങ്ങനെ നേരിടാം?

7 എങ്കിലും, എഫെസൊസിലെ ക്രിസ്‌ത്യാനികൾക്ക്‌ ഗുരുതരമായ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. “നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുററം നിന്നെക്കുറിച്ചു പറവാനുണ്ടു” എന്ന്‌ യേശു അവരോടു പറഞ്ഞു. സഭയിലെ അംഗങ്ങൾ യഹോവയോടുള്ള തങ്ങളുടെ ആദ്യസ്‌നേഹം പുനർജ്വലിപ്പിക്കേണ്ടതുണ്ടായിരുന്നു. (മർക്കൊസ്‌ 12:28-30; എഫെസ്യർ 2:4; 5:1, 2) തീർച്ചയായും, ദൈവത്തോടുള്ള ആദ്യസ്‌നേഹം നഷ്ടമാകാതിരിക്കാൻ നാമെല്ലാം ജാഗരൂകരായിരിക്കണം. (3 യോഹന്നാൻ 3) എന്നാൽ, ഭൗതിക വസ്‌തുക്കൾ നേടിയെടുക്കാനുള്ള ആഗ്രഹമോ ഉല്ലാസമോ പോലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനത്തേക്കു വരുന്നെങ്കിലോ? (1 തിമൊഥെയൊസ്‌ 4:8; 6:9, 10) അങ്ങനെയുള്ള ചായ്‌വുകളുടെ സ്ഥാനത്തേക്ക്‌ യഹോവയോടുള്ള ആഴമായ സ്‌നേഹത്തെയും അവനും അവന്റെ പുത്രനും നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന സകല കാര്യങ്ങളോടുമുള്ള വിലമതിപ്പിനെയും കൊണ്ടുവരാനുള്ള ദിവ്യസഹായത്തിനായി നാം ഉത്‌കടമായി പ്രാർഥിക്കണം.​—⁠1 യോഹന്നാൻ 4:10, 16.

8 എഫെസൊസിലെ ക്രിസ്‌ത്യാനികളെ ക്രിസ്‌തു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്‌ക.” അവർ അതു ചെയ്‌തില്ലെങ്കിലോ? യേശു പറഞ്ഞു: “അല്ലാഞ്ഞാൽ ഞാൻ വരികയും . . . നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.” എല്ലാ ആടുകൾക്കും അവരുടെ ആദ്യസ്‌നേഹം നഷ്ടമായാൽ, ‘നിലവിളക്ക്‌’ അഥവാ സഭ മേലാൽ ഉണ്ടായിരിക്കുമായിരുന്നില്ല. അതുകൊണ്ട്‌, തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനികൾ എന്ന നിലയിൽ, സഭയെ ആത്മീയ ശോഭയുള്ളതാക്കി നിറുത്താൻ നമുക്ക്‌ കഠിനശ്രമം ചെയ്യാം.​—⁠മത്തായി 5:14-16.

9. വിഭാഗീയതയെ നാം എങ്ങനെ വീക്ഷിക്കണം?

9 എഫെസൊസുകാർ ‘നിക്കൊലാവ്യരുടെ നടപ്പു’ വെറുത്തു എന്നത്‌ അഭിനന്ദനാർഹമാണ്‌. വെളിപ്പാടിൽ പറഞ്ഞിരിക്കുന്നതല്ലാതെ, ഈ മതവിഭാഗത്തിന്റെ ഉത്ഭവത്തെയോ ഉപദേശങ്ങളെയോ ആചാരങ്ങളെയോ കുറിച്ച്‌ കൃത്യമായി നമുക്ക്‌ ഒന്നും അറിയില്ല. എന്നിരുന്നാലും മനുഷ്യരെ അനുഗമിക്കുന്നതിനെ യേശു കുറ്റംവിധിച്ചതുകൊണ്ട്‌, എഫെസ്യ ക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ നാം വിഭാഗീയതയെ ചെറുത്തുനിൽക്കുന്നതിൽ തുടരേണ്ടതുണ്ട്‌.​—⁠മത്തായി 23:10.

10. ആത്മാവ്‌ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക്‌ എന്തു പ്രതിഫലം ലഭിക്കും?

10 യേശു പറഞ്ഞു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.” ഭൂമിയിലായിരുന്നപ്പോൾ യേശു പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിലാണ്‌ സംസാരിച്ചത്‌. (യെശയ്യാവു 61:1; ലൂക്കൊസ്‌ 4:16-21) അതുകൊണ്ട്‌ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട്‌ യേശുവിലൂടെ ദൈവം പറയുന്ന കാര്യങ്ങൾക്ക്‌ നാം ശ്രദ്ധകൊടുക്കണം. ആത്മാവിന്റെ വഴിനടത്തിപ്പിൻ കീഴിൽ യേശു ഈ വാഗ്‌ദാനം നൽകി: “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” ആത്മാവ്‌ പറയുന്ന കാര്യങ്ങൾക്ക്‌ ചെവികൊടുക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അത്‌, “ദൈവത്തിന്റെ” സ്വർഗീയ “പരദീസ”യിലെ അഥവാ യഹോവയുടെ സന്നിധിയിലെ അമർത്യതയെ അർഥമാക്കുന്നു. ആത്മാവ്‌ പറയുന്നതു കേൾക്കുന്ന “മഹാപുരുഷാരം” ഭൗമിക പറുദീസ ആസ്വദിക്കും. അവിടെ അവർ ‘ജീവജലനദിയിൽനിന്ന്‌’ കുടിക്കുകയും ആ നദിക്ക്‌ അരികെയുള്ള ‘വൃക്ഷത്തിന്റെ ഇല’ ഭക്ഷിച്ച്‌ രോഗശാന്തി നേടുകയും ചെയ്യും.​—⁠വെളിപ്പാടു 7:9; 22:1, 2; ലൂക്കൊസ്‌ 23:43.

11. യഹോവയോടുള്ള സ്‌നേഹത്തെ ഉന്നമിപ്പിക്കാനായി നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

11 എഫെസ്യർക്ക്‌ ആദ്യസ്‌നേഹം നഷ്ടമായിരുന്നു. എന്നാൽ, ഇന്ന്‌ ഒരു സഭയിൽ അത്തരമൊരു സാഹചര്യം സംജാതമാകുന്നെങ്കിലോ? യഹോവയുടെ സ്‌നേഹനിർഭരമായ പ്രവർത്തന വിധങ്ങളെ കുറിച്ചു സംസാരിച്ചുകൊണ്ട്‌ അവനോടുള്ള നമ്മുടെ സ്‌നേഹത്തെ നമുക്ക്‌ ഓരോരുത്തർക്കും ഉന്നമിപ്പിക്കാം. തന്റെ പ്രിയ പുത്രനിലൂടെ മറുവില പ്രദാനം ചെയ്‌തതിൽ ദൈവം പ്രദർശിപ്പിച്ച സ്‌നേഹത്തോടു നമുക്ക്‌ കൃതജ്ഞത കാണിക്കാം. (യോഹന്നാൻ 3:16; റോമർ 5:8) ഉചിതമായിരിക്കുമ്പോൾ നമുക്ക്‌ യോഗങ്ങളിലെ അഭിപ്രായങ്ങളിലും യോഗപരിപാടികളിലും ദൈവസ്‌നേഹത്തെ കുറിച്ചു പരാമർശിക്കാവുന്നതാണ്‌. ക്രിസ്‌തീയ ശുശ്രൂഷയിൽ അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്‌ നമുക്ക്‌ യഹോവയോടുള്ള നമ്മുടെ വ്യക്തിപരമായ സ്‌നേഹം പ്രകടിപ്പിക്കാനാകും. (സങ്കീർത്തനം 145:10-13) അതേ, നമ്മുടെ വാക്കുകളും പ്രവൃത്തികളും സഭയുടെ ആദ്യസ്‌നേഹത്തെ പുനർജ്വലിപ്പിക്കുന്നതിൽ അല്ലെങ്കിൽ ശക്തിപ്പെടുത്തുന്നതിൽ വളരെയേറെ സഹായകമായേക്കാം.

സ്‌മുർന്നയിലെ ദൂതന്‌

12. സ്‌മുർന്നയെയും അവിടത്തെ മതാചാരങ്ങളെയും കുറിച്ച്‌ ചരിത്രം എന്തു വെളിപ്പെടുത്തുന്നു?

12 ‘മരിച്ചവനായിരുന്നു വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമായവൻ’​—⁠ക്രിസ്‌തു​—⁠സ്‌മുർന്നയിലെ സഭയെ അനുമോദിച്ചുകൊണ്ടു സംസാരിക്കുന്നു. (വെളിപ്പാടു 2:8-11 വായിക്കുക.) ഏഷ്യാമൈനറിന്റെ പടിഞ്ഞാറേ തീരത്തായിരുന്നു സ്‌മുർന്ന (ഇപ്പോൾ ടർക്കിയിലെ ഇസ്‌മിർ) നഗരം സ്ഥിതിചെയ്‌തിരുന്നത്‌. അവിടെ താമസിച്ചിരുന്നത്‌ ഗ്രീക്കുകാർ ആയിരുന്നു. എങ്കിലും, പൊ.യു.മു. 580-ഓടെ ലിഡിയക്കാർ അതു നശിപ്പിച്ചു. മഹാനായ അലക്‌സാണ്ടറുടെ പിൻഗാമികൾ ഒരു പുതിയ സ്ഥലത്ത്‌ സ്‌മുർന്നയെ പുനർനിർമിച്ചു. ഏഷ്യയിലെ റോമൻ പ്രവിശ്യയുടെ ഭാഗമായിത്തീർന്ന ഇത്‌ മേൽത്തരം പൊതു മന്ദിരങ്ങൾക്കു പേരുകേട്ട, തഴച്ചുവളരുന്ന ഒരു വാണിജ്യ കേന്ദ്രമായിരുന്നു. തീബെര്യോസ്‌ കൈസറിന്റെ പേരിലുള്ള അവിടത്തെ ഒരു ക്ഷേത്രം അതിനെ ചക്രവർത്തി ആരാധനയുടെ കേന്ദ്രമാക്കി. ഭക്തർ ഒരു നുള്ള്‌ ധൂപവർഗം കത്തിക്കുകയും “കൈസറാണ്‌ കർത്താവ്‌” എന്നു പറയുകയും ചെയ്യണമായിരുന്നു. എന്നാൽ, തങ്ങളുടെ ‘കർത്താവ്‌ യേശുവായതിനാൽ’ ക്രിസ്‌ത്യാനികൾക്ക്‌ അത്‌ അനുസരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ അവർക്ക്‌ ഉപദ്രവം സഹിക്കേണ്ടിവന്നു.​—⁠റോമർ 10:⁠9.

13. സ്‌മുർന്നയിലെ ക്രിസ്‌ത്യാനികൾ ഭൗതികമായി ദരിദ്രരായിരുന്നെങ്കിലും ഏതർഥത്തിലാണ്‌ അവർ സമ്പന്നരായിരുന്നത്‌?

13 ചക്രവർത്തിയാരാധനയിൽ ഏർപ്പെടാതിരുന്നതു നിമിത്തം സ്‌മുർന്നയിലെ ക്രിസ്‌ത്യാനികൾക്ക്‌ ഉപദ്രവം മാത്രമല്ല ദാരിദ്ര്യവും സാധ്യതയനുസരിച്ച്‌ സാമ്പത്തിക ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നിരുന്നു. സമാനമായ പരിശോധനകളിൽനിന്ന്‌ യഹോവയുടെ ഇക്കാലത്തെ ദാസന്മാരും ഒഴിവുള്ളവരല്ല. (വെളിപ്പാടു 13:16, 17) ഭൗതികമായി ദരിദ്രരാണെങ്കിലും സ്‌മുർന്നയിലെ ക്രിസ്‌ത്യാനികളെപ്പോലുള്ളവർ ആത്മീയമായി സമ്പന്നരാണ്‌. അതുതന്നെയാണ്‌ യഥാർഥത്തിൽ പ്രധാനവും!​—⁠സദൃശവാക്യങ്ങൾ 10:22; 3 യോഹന്നാൻ 2.

14, 15. വെളിപ്പാടു 2:​10-ൽനിന്ന്‌ അഭിഷിക്തർക്ക്‌ എന്ത്‌ ആശ്വാസം നേടാനാകും?

14 സ്‌മുർന്നയിലെ മിക്ക യഹൂദരും ‘സാത്താന്റെ പള്ളിക്കാർ’ ആയിരുന്നു. കാരണം, അവർ തിരുവെഴുത്തു വിരുദ്ധമായ പാരമ്പര്യങ്ങൾ വെച്ചുപുലർത്തുകയും ദൈവപുത്രനെ തള്ളിക്കളയുകയും യേശുവിന്റെ ആത്മജാത അനുഗാമികൾക്ക്‌ എതിരെ ദൂഷണം പറയുകയും ചെയ്‌തിരുന്നു. (റോമർ 2:28, 29) എന്നാൽ യേശുവിന്റെ അടുത്ത വാക്കുകൾ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ എത്ര ആശ്വാസപ്രദമാണ്‌! അവൻ പറയുന്നു: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.”​—⁠വെളിപ്പാടു 2:10.

15 യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ മരിക്കാൻ യേശുവിനു ഭയമുണ്ടായിരുന്നില്ല. (ഫിലിപ്പിയർ 2:5-8) സാത്താൻ ഇപ്പോൾ അഭിഷിക്ത ശേഷിപ്പുമായി യുദ്ധത്തിലാണെങ്കിലും, ഒരു കൂട്ടമെന്ന നിലയിൽ അനുഭവിക്കേണ്ടിവരുന്ന ഉപദ്രവം, തടവ്‌, ക്രൂരമരണം എന്നിവ പോലുള്ള കാര്യങ്ങളെ അവർ ഭയപ്പെടുന്നില്ല. (വെളിപ്പാടു 12:17) അവർ ലോകജേതാക്കൾ ആയിത്തീരും. പുറജാതീയ മത്സരക്കളികളിൽ വിജയികൾ അണിഞ്ഞിരുന്ന വാടിപ്പോകുന്ന പൂമാലയ്‌ക്കു പകരം, പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തർക്ക്‌ സ്വർഗത്തിലെ അമർത്യ ജീവികളെന്ന നിലയിലുള്ള “ജീവകിരീടം” ആണു ക്രിസ്‌തു വാഗ്‌ദാനം ചെയ്യുന്നത്‌. എത്ര അമൂല്യമായ സമ്മാനം!

16. പുരാതന സ്‌മുർന്നയിലേതുപോലുള്ള ഒരു സഭയോടൊത്താണു നാം സഹവസിക്കുന്നതെങ്കിൽ, നമ്മുടെ ശ്രദ്ധ ഏതു വിവാദവിഷയത്തിൽ കേന്ദ്രീകരിക്കണം?

16 നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിരുന്നാലും, പുരാതന സ്‌മുർന്നയിലേതുപോലുള്ള ഒരു സഭയോടൊത്താണു നാം സഹവസിക്കുന്നതെങ്കിലോ? ദൈവം പീഡനം അനുവദിച്ചിരിക്കുന്നതിന്റെ മുഖ്യ കാരണത്തിൽ​—⁠അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ​—⁠ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു സഹവിശ്വാസികളെ സഹായിക്കാം. ദൃഢവിശ്വസ്‌തത പാലിക്കുന്ന യഹോവയുടെ ഓരോ സാക്ഷിയും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുകയും പീഡനം അനുഭവിക്കുന്ന ഒരു മനുഷ്യനുപോലും, അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്‌ അചഞ്ചലമായ പിന്തുണ നൽകാനാകുമെന്നു പ്രകടമാക്കുകയുമാണു ചെയ്യുന്നത്‌. (സദൃശവാക്യങ്ങൾ 27:11) പീഡനത്തിൻ മധ്യേ സഹിച്ചുനിൽക്കാനും അങ്ങനെ ‘ആയുഷ്‌കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും [യഹോവയെ] ആരാധിക്കാനുള്ള പദവി’ ഉണ്ടായിരിക്കാനുമായി നമുക്ക്‌ മറ്റു ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാം.​—⁠ലൂക്കൊസ്‌ 1:68, 71, 74, 75.

പെർഗ്ഗമൊസിലെ ദൂതന്‌

17, 18. ഏതു തരത്തിലുള്ള ആരാധനയുടെ കേന്ദ്രമായിരുന്നു പെർഗ്ഗമൊസ്‌, അത്തരം വിഗ്രഹാരാധനയിൽ പങ്കെടുക്കാതിരുന്നാൽ എന്തു സംഭവിക്കുമായിരുന്നു?

17 പെർഗ്ഗമൊസിലെ സഭയ്‌ക്ക്‌ അഭിനന്ദനവും തിരുത്തലും ലഭിച്ചു. (വെളിപ്പാടു 2:12-17 വായിക്കുക.) സ്‌മുർന്നയ്‌ക്ക്‌ ഏതാണ്ട്‌ 80 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന പെർഗ്ഗമൊസ്‌ പുറജാതീയ മതം വേരുറപ്പിച്ചിരുന്ന ഒരു നഗരമായിരുന്നു. കൽദയ മേജൈ (ജ്യോത്സ്യന്മാർ) ബാബിലോണിൽനിന്ന്‌ അവിടേക്ക്‌ വന്നതാണെന്നു തോന്നുന്നു. പെർഗ്ഗമൊസിലുള്ള, രോഗശാന്തിയുടെയും ഔഷധത്തിന്റെയും വ്യാജദൈവമായ അസ്‌ക്ലിപിയസിന്റെ വിഖ്യാതമായ ക്ഷേത്രത്തിലേക്ക്‌ പലയിടത്തുനിന്നായി രോഗികൾ പ്രവഹിച്ചിരുന്നു. സീസർ അഗസ്റ്റസിന്‌ സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രം പെർഗ്ഗമൊസിൽ ഉണ്ടായിരുന്നതിനാൽ, അത്‌ “മുൻ സാമ്രാജ്യത്തിലെ ചക്രവർത്തിപൂജയുടെ പ്രധാന കേന്ദ്രം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു.​—⁠എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, 1959, വാല്യം 17, പേജ്‌ 507.

18 പെർഗ്ഗമൊസിൽ സീയൂസിന്‌ സമർപ്പിക്കപ്പെട്ട ഒരു ബലിപീഠമുണ്ടായിരുന്നു. പിശാചിന്റെ പ്രേരണയാലുള്ള നരപൂജയുടെയും കേന്ദ്രമായിരുന്നു ഈ നഗരം. അവിടത്തെ സഭ “സാത്താന്റെ സിംഹാസനം” ഉള്ളിടത്താണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ പറയപ്പെട്ടതിൽ അതിശയിക്കാനില്ല! ഒരു വ്യക്തി യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ ചക്രവർത്തിയെ ആരാധിക്കാതിരിക്കുന്നത്‌ അയാളുടെ മരണത്തിൽ കലാശിക്കുമായിരുന്നു. ലോകം ഇപ്പോഴും പിശാചിന്റെ അധികാരത്തിലാണു കിടക്കുന്നത്‌, മാത്രമല്ല ദേശീയ ചിഹ്നങ്ങൾ പൂജ്യവസ്‌തുക്കളാക്കപ്പെടുകയും ചെയ്യുന്നു. (1 യോഹന്നാൻ 5:19) “എന്റെ സാക്ഷിയും വിശ്വസ്‌തനുമായ” എന്നു ക്രിസ്‌തു വിശേഷിപ്പിച്ച ‘അന്തിപ്പാസിനെ’പോലെ ഒന്നാം നൂറ്റാണ്ടുമുതൽ ഇക്കാലംവരെയും വിശ്വസ്‌തരായ അനേകം ക്രിസ്‌ത്യാനികൾ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്‌. വിശ്വസ്‌തരായ അത്തരം ആളുകളെ യഹോവയും യേശുക്രിസ്‌തുവും തീർച്ചയായും ഓർക്കുന്നുണ്ട്‌.​—⁠1 യോഹന്നാൻ 5:21.

19. ബിലെയാം എന്താണ്‌ ചെയ്‌തത്‌, എല്ലാ ക്രിസ്‌ത്യാനികളും എന്തിനെതിരെ ജാഗ്രത പാലിക്കണം?

19 “ബിലെയാമിന്റെ ഉപദേശ”ത്തെ കുറിച്ചും ക്രിസ്‌തു സംസാരിച്ചു. ഭൗതിക നേട്ടത്തോടുള്ള അത്യാർത്തി നിമിത്തം വ്യാജ പ്രവാചകനായ ബിലെയാം ഇസ്രായേലിനെ ശപിക്കാൻ ശ്രമിച്ചു. ബിലെയാമിന്റെ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റിയപ്പോൾ, അവൻ മോവാബ്യ രാജാവായ ബാലാക്കിനോട്‌ കൂട്ടുചേർന്നുകൊണ്ട്‌ അനേകം ഇസ്രായേല്യരെ വിഗ്രഹാരാധനയിലേക്കും ലൈംഗിക അധാർമികതയിലേക്കും വശീകരിച്ചു. ബിലെയാമിന്റെ ചെയ്‌തികൾക്ക്‌ എതിരെ പ്രവർത്തിച്ച ഫീനെഹാസിനെ പോലെ ക്രിസ്‌തീയ മൂപ്പന്മാർ നീതിക്കുവേണ്ടി ദൃഢമായി നിലകൊള്ളേണ്ടതാണ്‌. (സംഖ്യാപുസ്‌തകം 22:1-25:15; 2 പത്രൊസ്‌ 2:15, 16; യൂദാ 11) വാസ്‌തവത്തിൽ, വിഗ്രഹാരാധനയ്‌ക്കും ലൈംഗിക അധാർമികത സഭയിലേക്ക്‌ കടന്നുവരുന്നതിനും എതിരെ എല്ലാ ക്രിസ്‌ത്യാനികളും ജാഗ്രത പാലിക്കേണ്ടതാണ്‌.​—⁠യൂദാ 3, 4.

20. ഒരു ക്രിസ്‌ത്യാനി വിശ്വാസത്യാഗപരമായ വീക്ഷണം വെച്ചുപുലർത്താൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അയാൾ എന്തു ചെയ്യണം?

20 പെർഗ്ഗമൊസ്‌ സഭ വലിയ അപകടത്തിലായിരുന്നു. കാരണം, ‘നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവരെ’ സഭ വെച്ചുപൊറുപ്പിച്ചിരുന്നു. ക്രിസ്‌തു ആ സഭയോടു പറഞ്ഞു: “മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.” ക്രിസ്‌ത്യാനികൾക്ക്‌ ആത്മീയ ഹാനി വരുത്താൻ വിഭാഗീയ ചിന്താഗതിക്കാർ ആഗ്രഹിക്കുന്നു, കക്ഷിപിരിവിനെയോ മതഭേദങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (റോമർ 16:17, 18; 1 കൊരിന്ത്യർ 1:10; ഗലാത്യർ 5:19-21) ഒരു ക്രിസ്‌ത്യാനി വിശ്വാസത്യാഗപരമായ വീക്ഷണം വെച്ചുപുലർത്തുകയും അതു വ്യാപിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ക്രിസ്‌തുവിൽനിന്നുള്ള മുന്നറിയിപ്പ്‌ സ്വീകരിക്കേണ്ടതാണ്‌! നാശത്തിൽനിന്ന്‌ സ്വയം രക്ഷിക്കേണ്ടതിന്‌ അയാൾ അനുതപിക്കുകയും സഭയിലെ മൂപ്പന്മാരിൽനിന്ന്‌ ആത്മീയ സഹായം തേടുകയും ചെയ്യേണ്ടതാണ്‌. (യാക്കോബ്‌ 5:13-18) ന്യായവിധിക്കായി യേശു വേഗം വരും എന്നതിനാൽ പെട്ടെന്നുതന്നെ നടപടി സ്വീകരിക്കേണ്ടത്‌ അടിയന്തിരമാണ്‌.

21, 22. ആരാണ്‌ “മറഞ്ഞിരിക്കുന്ന മന്ന”യിൽ പങ്കുപറ്റുന്നത്‌, അത്‌ എന്തിനെ പ്രതീകപ്പെടുത്തുന്നു?

21 വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ വിശ്വസ്‌ത സഹകാരികളും വരാൻപോകുന്ന ന്യായവിധിയെ ഭയക്കേണ്ടതില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻ കീഴിൽ നൽകപ്പെടുന്ന യേശുവിന്റെ ബുദ്ധിയുപദേശത്തിന്‌ ചെവികൊടുക്കുന്ന സകലർക്കും അനുഗ്രഹങ്ങൾ ലഭിക്കും. ഉദാഹരണമായി, ലോകജേതാക്കളായ അഭിഷിക്തർക്കു “മറഞ്ഞിരിക്കുന്ന മന്ന”യിൽനിന്നു ഭക്ഷിക്കാനുള്ള ക്ഷണവും ‘പുതിയ പേർ’ എഴുതിയിരിക്കുന്ന “വെള്ളക്കല്ലും” ലഭിക്കും.

22 മരുഭൂമിയിലൂടെയുള്ള ഇസ്രായേലിന്റെ 40 വർഷത്തെ പ്രയാണ കാലത്ത്‌ അവരെ പോഷിപ്പിക്കാനാണ്‌ ദൈവം മന്ന പ്രദാനംചെയ്‌തത്‌. ആ ‘ആഹാരത്തിൽ’ കുറെ നിയമപെട്ടകത്തിനുള്ളിലെ ഒരു പൊൻപാത്രത്തിൽ സൂക്ഷിച്ചിരുന്നു. അതുകൊണ്ട്‌ അത്‌ തിരുനിവാസത്തിന്റെ അതിവിശുദ്ധത്തിൽ മറഞ്ഞിരുന്നു എന്നു പറയാവുന്നതാണ്‌. അവിടെയാണ്‌ യഹോവയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന അത്ഭുത വെളിച്ചം ഉണ്ടായിരുന്നത്‌. (പുറപ്പാടു 16:14, 15, 23, 26, 33; 26:34; എബ്രായർ 9:3, 4) മറഞ്ഞിരിക്കുന്ന മന്ന ഭക്ഷിക്കാൻ ആർക്കും അനുവാദമില്ലായിരുന്നു. എങ്കിലും, യേശുവിന്റെ അഭിഷിക്ത അനുഗാമികൾ തങ്ങളുടെ പുനരുത്ഥാനത്തിങ്കൽ അമർത്യത ധരിക്കും. മറഞ്ഞിരിക്കുന്ന മന്ന ഭക്ഷിക്കുന്നത്‌ അതിനെയാണ്‌ അർഥമാക്കുന്നത്‌.​—⁠1 കൊരിന്ത്യർ 15:53-57.

23. ‘വെള്ളക്കല്ലി’ന്റെയും ‘പുതിയ പേരി’ന്റെയും പ്രാധാന്യമെന്ത്‌?

23 റോമൻ കോടതികളിൽ കറുത്ത കല്ല്‌ കുറ്റവാളിയെന്നു വിധിക്കുന്നതിനെയും വെള്ളക്കല്ല്‌ നിരപരാധിയെന്ന്‌ തീർപ്പുകൽപ്പിക്കുന്നതിനെയുമാണ്‌ അർഥമാക്കിയിരുന്നത്‌. ജേതാക്കളായ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ യേശു “വെള്ളക്കല്ല്‌” കൊടുക്കുന്നത്‌, അവൻ അവരെ നിഷ്‌കളങ്കരും നിർമലരും ശുദ്ധരുമായി കണക്കാക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു. പ്രധാനപ്പെട്ട പരിപാടികൾക്ക്‌ പ്രവേശനം സാധ്യമാക്കുന്ന ഒരു ടിക്കറ്റ്‌ പോലെയും റോമാക്കാർ അത്‌ ഉപയോഗിച്ചിരുന്നതിനാൽ “വെള്ളക്കല്ല്‌,” കുഞ്ഞാടിന്റെ വിവാഹത്തിന്‌ സ്വർഗത്തിലെ ഒരു സ്ഥാനത്തേക്ക്‌ അഭിഷിക്തർക്ക്‌ പ്രവേശനം ലഭിക്കുന്നതിനെ സൂചിപ്പിച്ചേക്കാം. (വെളിപ്പാടു 19:7-9) ‘പുതിയ പേര്‌’ വ്യക്തമായും സ്വർഗീയ രാജ്യത്തിൽ കൂട്ടവകാശികൾ എന്നനിലയിൽ ക്രിസ്‌തുവിനോടു ചേരുന്ന പദവിയെയാണ്‌ അർഥമാക്കുന്നത്‌. യഹോവയുടെ സേവനത്തിൽ തുടരാൻ അഭിഷിക്തരെയും ഭൗമിക പറുദീസയിൽ ജീവിക്കാൻ പ്രതീക്ഷിക്കുന്ന അവരുടെ സഹകാരികളെയും ഇതെല്ലാം എത്രയധികം പ്രോത്സാഹിപ്പിക്കുന്നു!

24. വിശ്വാസത്യാഗത്തോടുള്ള ബന്ധത്തിൽ നാം ഏതു നിലപാടു സ്വീകരിക്കണം?

24 പെർഗ്ഗമൊസ്‌ സഭയ്‌ക്ക്‌ വിശ്വാസത്യാഗികളാലുള്ള അപകടം നേരിട്ടുവെന്ന്‌ മനസ്സിൽപ്പിടിക്കുന്നത്‌ നന്നായിരിക്കും. നാം സഹവസിക്കുന്ന സഭയുടെ ആത്മീയ ക്ഷേമത്തിന്‌ സമാനമായ ഒരു സാഹചര്യം ഭീഷണി ഉയർത്തുന്നെങ്കിൽ നമുക്ക്‌ വിശ്വാസത്യാഗത്തെ പൂർണമായി തള്ളിക്കളഞ്ഞ്‌ സത്യത്തിൽ തുടർന്നും നടക്കാം. (യോഹന്നാൻ 8:32, 44; 3 യോഹന്നാൻ 4) വിശ്വാസത്യാഗത്തിലേക്ക്‌ ചായുന്ന വ്യാജോപദേഷ്ടാക്കൾക്കും വ്യക്തികൾക്കും സഭയിലെ മുഴുവൻ അംഗങ്ങളെയും ദുഷിപ്പിക്കാൻ കഴിയും എന്നതിനാൽ, സത്യം അനുസരിക്കുന്നതിൽനിന്നു നമ്മെ തടയാൻ ദുഷ്ടപ്രേരണകളെ ഒരിക്കലും അനുവദിക്കാതിരുന്നുകൊണ്ട്‌ വിശ്വാസത്യാഗത്തിനെതിരെ നാം ഒരു ഉറച്ച നിലപാടു സ്വീകരിക്കണം.​—⁠ഗലാത്യർ 5:7-12; 2 യോഹന്നാൻ 8-11.

25. അടുത്ത ലേഖനത്തിൽ ഏതു സഭകളോടുള്ള ക്രിസ്‌തുവിന്റെ സന്ദേശങ്ങൾ നാം ചർച്ച ചെയ്യും?

25 എത്ര ചിന്തോദ്ദീപകമായ അഭിനന്ദനവും ബുദ്ധിയുപദേശവുമാണ്‌ നാം ഇപ്പോൾ പരിചിന്തിച്ച ഏഷ്യാമൈനറിലെ ഏഴിൽ മൂന്നു സഭകൾക്ക്‌ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തു നൽകിയത്‌! എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ്‌ അനുസരിച്ച്‌, ശേഷിക്കുന്ന നാലു സഭകളോടും അവന്‌ നിരവധി കാര്യങ്ങൾ പറയാനുണ്ട്‌. തുയഥൈര, സർദ്ദിസ്‌, ഫിലദെൽഫ്യ, ലവൊദിക്യ എന്നീ സഭകളോടുള്ള സന്ദേശങ്ങൾ അടുത്ത ലേഖനത്തിൽ നാം ചർച്ച ചെയ്യും.

നിങ്ങൾ എങ്ങനെ പ്രതികരിക്കും?

• സഭകളോടുള്ള യേശുവിന്റെ വാക്കുകൾക്ക്‌ നാം ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

• സഭയുടെ ആദ്യസ്‌നേഹം പുനർജ്വലിപ്പിക്കാനായി നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

• പുരാതന സ്‌മുർന്നയിലെ ഭൗതികമായി ദരിദ്രരായിരുന്ന ക്രിസ്‌ത്യാനികൾ യഥാർഥത്തിൽ സമ്പന്നരായിരുന്നു എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

• പെർഗ്ഗമൊസ്‌ സഭയിൽ നിലനിന്നിരുന്ന അവസ്ഥയെ കുറിച്ച്‌ പരിചിന്തിക്കുമ്പോൾ, വിശ്വാസത്യാഗപരമായ ചിന്തയെ നാം എങ്ങനെ വീക്ഷിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[10 -ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഗ്രീസ്‌

ഏഷ്യാമൈനർ

എഫെസൊസ്‌

സ്‌മുർന്ന

പെർഗ്ഗമൊസ്‌

തുയഥൈര

സർദ്ദിസ്‌

ഫിലെദെൽഫിയ

ലവൊദിക്യ

[12 -ാം പേജിലെ ചിത്രം]

“മഹാപുരുഷാരം” ഭൗമിക പറുദീസയിലെ ജീവിതം ആസ്വദിക്കും

[13 -ാം പേജിലെ ചിത്രങ്ങൾ]

പീഡനത്തിൻ മധ്യേ സഹിച്ചുനിന്ന ക്രിസ്‌ത്യാനികൾ ലോകജേതാക്കളാണ്‌