വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തേഷൻ​—⁠വിശ്വാസപ്രതിവാദിയോ പാഷണ്ഡിയോ?

തേഷൻ​—⁠വിശ്വാസപ്രതിവാദിയോ പാഷണ്ഡിയോ?

തേഷൻ​—⁠വിശ്വാസപ്രതിവാദിയോ പാഷണ്ഡിയോ?

അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ മൂന്നാം മിഷനറി യാത്രയുടെ അവസാനത്തോടടുത്ത്‌ എഫെസൊസിലെ മൂപ്പന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”​—⁠പ്രവൃത്തികൾ 20:29, 30.

പൗലൊസ്‌ പറഞ്ഞതുപോലെതന്നെ പൊതുയുഗം രണ്ടാം നൂറ്റാണ്ട്‌ മാറ്റത്തിന്റെയും മുൻകൂട്ടി പറയപ്പെട്ട വിശ്വാസത്യാഗത്തിന്റെയും ഒരു കാലഘട്ടമായിരുന്നു. സിദ്ധജ്ഞാനവാദം (Gnosticism) വളർന്നുകൊണ്ടിരുന്ന സമയം. എങ്ങും വ്യാപകമായിരുന്ന ഈ മത-സൈദ്ധാന്തിക പ്രസ്ഥാനം ചില ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെ ദുഷിപ്പിക്കുകയുണ്ടായി. ആത്മീയ കാര്യങ്ങളെല്ലാം നന്മയും ഭൗതികമായതെല്ലാം തിന്മയും ആണെന്ന്‌ സിദ്ധജ്ഞാനവാദികൾ വിശ്വസിച്ചു. മുഴുജഡവും തിന്മയാണെന്നു വാദിച്ചുകൊണ്ട്‌ അവർ വിവാഹവും പുനരുത്‌പാദനവും ഉപേക്ഷിച്ചു; സാത്താനാണ്‌ ഇക്കാര്യങ്ങൾ ആവിഷ്‌കരിച്ചത്‌ എന്നായിരുന്നു അവരുടെ മതം. ആത്മീയ കാര്യങ്ങൾ മാത്രമേ നന്മയായിട്ടുള്ളു എന്നതിനാൽ ഒരുവൻ തന്റെ ഭൗതിക ശരീരംകൊണ്ട്‌ എന്തുചെയ്യുന്നു എന്നതിന്‌ പ്രസക്തിയില്ല എന്ന്‌ അവരിൽ ചിലർ വിശ്വസിച്ചിരുന്നു. അത്തരം കാഴ്‌ചപ്പാടുകൾ അങ്ങേയറ്റത്തെ ജീവിതരീതികൾ പിൻപറ്റുന്നതിലേക്ക്‌ അവരെ നയിച്ചു, ഒന്നുകിൽ സന്ന്യാസം അല്ലെങ്കിൽ കുത്തഴിഞ്ഞ ജീവിതം. പ്രകൃത്യതീത ദിവ്യജ്ഞാനം അഥവാ സിദ്ധദിവ്യജ്ഞാനംകൊണ്ടു മാത്രമേ രക്ഷ പ്രാപിക്കാൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അവർ ദൈവവചനത്തിലെ സത്യത്തെ പാടേ തള്ളിക്കളഞ്ഞു.

ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടവർ സിദ്ധജ്ഞാനവാദം ഉയർത്തിയ ഭീഷണിയെ എങ്ങനെയാണ്‌ നേരിട്ടത്‌? അഭ്യസ്‌തവിദ്യരായ ചിലർ സിദ്ധജ്ഞാനവാദികളുടെ വ്യാജോപദേശത്തിന്‌ എതിരെ ശബ്ദം ഉയർത്തിയെങ്കിലും മറ്റുള്ളവർ അതിന്റെ സ്വാധീനത്തിനു വശംവദരാകുകയാണുണ്ടായത്‌. ദൃഷ്ടാന്തത്തിന്‌, ഐറിനിയാസ്‌ പാഷണ്ഡോപദേശങ്ങൾക്ക്‌ എതിരെ ആജീവനാന്ത പോരാട്ടം തന്നെ നടത്തി. അപ്പൊസ്‌തലന്മാരുടെ സമകാലികനായിരുന്ന പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. യേശുക്രിസ്‌തുവിന്റെയും അപ്പൊസ്‌തലന്മാരുടെയും ഉപദേശങ്ങളോട്‌ അടുത്തു പറ്റിനിൽക്കാൻ പോളികാർപ്പ്‌ ഉദ്‌ബോധിപ്പിച്ചിരുന്നു. ഒരേ ഗുരുവിന്റെ ശിക്ഷണത്തിൽ ആയിരുന്നിട്ടും ഐറിനിയാസിന്റെ സുഹൃത്തായിരുന്ന ഫ്‌ളോറിനസ്‌ സിദ്ധജ്ഞാനവാദ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന വാലന്റൈനസിന്റെ ഉപദേശങ്ങളിലേക്കു വഴുതിവീണു. അതൊരു പ്രക്ഷുബ്ധ കാലഘട്ടം തന്നെയായിരുന്നു.

ആ കാലഘട്ടത്തിലെ മതാന്തരീക്ഷത്തിലേക്കു വെളിച്ചം വീശുന്നവയാണ്‌ രണ്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയ എഴുത്തുകാരനായ തേഷന്റെ രചനകൾ. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു? അദ്ദേഹം ഒരു ക്രിസ്‌തുമത വിശ്വാസി ആയിത്തീർന്നത്‌ എങ്ങനെയാണ്‌? സിദ്ധജ്ഞാനവാദ പാഷണ്ഡികൾ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലഘട്ടത്തിൽ അദ്ദേഹം എങ്ങനെ പിടിച്ചുനിന്നു? അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന പ്രതിവാദങ്ങളും ജീവിത മാതൃകയും ഇന്നത്തെ സത്യാന്വേഷികൾക്ക്‌ മൂല്യവത്തായ പാഠങ്ങൾ നൽകുന്നു.

“വൈദേശിക രചനകളുമായി” സമ്പർക്കത്തിൽ വരുന്നു

തേഷന്റ സ്വദേശം സിറിയ ആയിരുന്നു. വ്യാപകമായ സഞ്ചാരവും പരന്ന വായനയും അന്നത്തെ യവന-റോമൻ സംസ്‌കാരത്തിൽ അദ്ദേഹത്തിന്‌ ആഴമായ അവഗാഹം നേടിക്കൊടുത്തു. ഒരു സഞ്ചാരപ്രഭാഷകൻ എന്ന നിലയിലാണ്‌ തേഷൻ റോമിലെത്തിയത്‌. പക്ഷേ, അവിടെയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ക്രിസ്‌ത്യാനിത്വത്തിലേക്കു തിരിഞ്ഞു. അങ്ങനെ അദ്ദേഹം ജസ്റ്റിൻ മാർട്ടറുമായി സമ്പർക്കത്തിൽ വന്നു. ഒരുപക്ഷേ തുടർന്ന്‌ അദ്ദേഹം മാർട്ടറുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുമുണ്ടാകാം.

അക്കാലത്തെ നാമധേയ ക്രിസ്‌ത്യാനികളുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ ഒരു തുറന്ന രേഖയിൽ തേഷൻ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സത്യം എങ്ങനെ കണ്ടെത്താമെന്ന്‌ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു.” തിരുവെഴുത്തുകൾ വായിക്കാൻ ലഭിച്ച അവസരം സംബന്ധിച്ച്‌ തന്റെ വ്യക്തിപരമായ അനുഭവം വിവരിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ ചില വൈദേശിക രചനകളുമായി സമ്പർക്കത്തിൽ വരാൻ ഇടയായി. യവന തത്ത്വചിന്തയോടുള്ള താരതമ്യത്തിൽ അതിപുരാതനമായിരുന്നു അവ. അതേസമയം യവന ലിഖിതങ്ങളിലെ തെറ്റുകളോടു തുലനം ചെയ്‌താൽ ഈ രചനകൾ ഉത്‌കൃഷ്ടനിലവാരം പുലർത്തുന്നവയായിരുന്നു. അവയിലെ നിഷ്‌കപടമായ ഭാഷാ ശൈലി, ഗ്രന്ഥകാരന്മാരുടെ സത്യസന്ധത, ഭാവി സംഭവങ്ങൾ സംബന്ധിച്ച്‌ അവയിൽ വെളിപ്പെടുത്തിയിരിക്കുന്ന മുന്നറിവ്‌, ഉദാത്തമായ സന്മാർഗപ്രമാണങ്ങൾ, സാർവത്രിക ഭരണം ഏകദൈവത്തിൽ കേന്ദ്രീകരിച്ചുള്ളതാണെന്ന അതിന്റെ പ്രഖ്യാപനം ഇതൊക്കെയും അവയിൽ വിശ്വാസമർപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു.”

ക്രിസ്‌ത്യാനിത്വത്തെ അടുത്തു പരിശോധിക്കാനും അന്ധകാരബന്ധിതമായ പുറജാതീയ മതങ്ങളിൽനിന്നു വ്യത്യസ്‌തമായി അതിനുള്ള ലാളിത്യവും നൈർമല്യവും നിരീക്ഷിക്കാനും തന്റെ സമകാലികരെ ക്ഷണിക്കുന്നതിന്‌ തേഷൻ തെല്ലും സന്ദേഹിച്ചില്ല. അദ്ദേഹത്തിന്റെ രചനകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

അദ്ദേഹത്തിന്റെ രചനകൾ എന്തു വെളിപ്പെടുത്തുന്നു?

ഒരു വിശ്വാസപ്രതിവാദിയായി, തന്റെ വിശ്വാസങ്ങളുടെ പരിരക്ഷയ്‌ക്കായി ശബ്ദമുയർത്തുന്ന ഒരു എഴുത്തുകാരനായാണ്‌ തേഷന്റെ രചനകൾ അദ്ദേഹത്തെ വെളിപ്പെടുത്തുന്നത്‌. പുറജാതീയ തത്ത്വശാസ്‌ത്രത്തിനുനേരെ അദ്ദേഹം കടുത്ത വിയോജിപ്പു പ്രകടമാക്കി. യവനർക്കുള്ള നിവേദനം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ പുറജാതീയ മതത്തിന്റെ വ്യർഥതയും തനിക്കു പഠിക്കാൻ കഴിഞ്ഞ ക്രിസ്‌ത്യാനിത്വത്തിന്റെ ന്യായയുക്തതയും അദ്ദേഹം അടിവരയിട്ടു പ്രതിപാദിക്കുന്നുണ്ട്‌. യവന ചിന്താധാരയോടുള്ള തന്റെ വെറുപ്പു പ്രകടിപ്പിക്കുമ്പോൾ അദ്ദേഹം രൂക്ഷമായ വിമർശനശൈലിയാണ്‌ അവലംബിക്കുന്നത്‌. ദൃഷ്ടാന്തത്തിന്‌, തത്ത്വജ്ഞാനിയായിരുന്ന ഹെറാക്ലീറ്റസിനെ പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “അയാൾ മരിച്ച വിധം കണ്ടാൽ മതി ആ മനുഷ്യന്റെ മൂഢത വെളിപ്പെടാൻ; വൈദ്യശാസ്‌ത്രവും തത്ത്വശാസ്‌ത്രവും ഒക്കെ പഠിച്ചിരുന്ന അയാൾ ശരീരത്തു നീർവീക്കം വന്നപ്പോൾ ദേഹമാസകലം ചാണകം വാരിത്തേച്ചു. ഉണങ്ങിയപ്പോൾ ചാണക പാളി ചുരുങ്ങിയിട്ട്‌ അയാളുടെ ശരീരം മുഴുവൻ വരണ്ടുകീറി അയാൾ മരിക്കുകയും ചെയ്‌തു.”

സകലത്തിന്റെയും സ്രഷ്ടാവായ ഏകദൈവത്തിലുള്ള വിശ്വാസം തേഷൻ ഉയർത്തിപ്പിടിച്ചു. (എബ്രായർ 3:4) യവനർക്കുള്ള നിവേദനത്തിൽ അദ്ദേഹം ദൈവത്തെ “ഒരു ആത്മാവ്‌” എന്ന്‌ പരാമർശിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “അവൻ മാത്രമാണ്‌ ആരംഭം ഇല്ലാത്തവൻ, സകലത്തിന്റെയും ആരംഭം അവനാണ്‌.” (യോഹന്നാൻ 4:24; 1 തിമൊഥെയൊസ്‌ 1:17) ആരാധനയിൽ പ്രതിമകളുടെ ഉപയോഗം തള്ളിക്കളഞ്ഞുകൊണ്ട്‌ തേഷൻ ഇങ്ങനെ എഴുതുന്നു: “തടിയും കല്ലും ദൈവങ്ങളാണെന്ന്‌ എനിക്കെങ്ങനെ പറയാൻ കഴിയും?” (1 കൊരിന്ത്യർ 10:14) സ്വർഗീയ പിതാവിന്റെ സൃഷ്ടികർമത്തിന്റെ ആരംഭമായി വചനം അഥവാ ലോഗോസ്‌ ആസ്‌തിക്യത്തിൽ വന്നെന്നും അനന്തരം ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടിയിൽ അവനെ ഉപയോഗിച്ചെന്നും അദ്ദേഹം വിശ്വസിച്ചു. (യോഹന്നാൻ 1:1-3; കൊലൊസ്സ്യർ 1:13-17) നിയമിത സമയത്തെ പുനരുത്ഥാനം സംബന്ധിച്ച്‌ തേഷൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സകലത്തിന്റെയും അവസാനത്തിനു ശേഷം ശരീരങ്ങൾ ഉയിർപ്പിക്കപ്പെടുമെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.” നാം മരിക്കുന്നതിന്റെ കാരണം സംബന്ധിച്ച്‌ തേഷൻ ഇങ്ങനെ എഴുതുന്നു: “നാം മരിക്കാൻ സൃഷ്ടിക്കപ്പെട്ടവരല്ലായിരുന്നു, നമ്മുടെ സ്വന്തം കുറ്റംകൊണ്ടാണ്‌ നാം മരിക്കുന്നത്‌. നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം നമ്മെ നശിപ്പിച്ചിരിക്കുന്നു; സ്വതന്ത്രരായിരുന്ന നമ്മൾ അടിമകളായിത്തീർന്നിരിക്കുന്നു. പാപംമൂലം നാം വിൽക്കപ്പെട്ടിരിക്കുന്നു.”

ആത്മാവിനെ സംബന്ധിച്ചു തേഷൻ നൽകുന്ന വിശദീകരണം കുഴപ്പിക്കുന്നതാണ്‌. അദ്ദേഹം ഇങ്ങനെ പറയുന്നു: “അല്ലയോ യവനന്മാരേ, ആത്മാവ്‌ അതിൽത്തന്നെ അമർത്യമല്ല, അതു മർത്യമാണ്‌. എന്നിരുന്നാലും അതിനു മരിക്കാതെയിരിക്കുക സാധ്യമാണ്‌. അതു സത്യം അറിയാത്ത പക്ഷം തീർച്ചയായും മരിച്ച്‌ ശരീരത്തോടൊപ്പം വിലയം പ്രാപിക്കുന്നു. എന്നാൽ ലോകാവസാനത്തിങ്കൽ അത്‌ ശരീരത്തോടൊപ്പം വീണ്ടും ഉയിർക്കുകയും എന്നെന്നേക്കുമുള്ള ശിക്ഷയെന്ന നിലയിൽ മരണവിധി ഏറ്റുവാങ്ങുകയും ചെയ്യും.” ഈ പ്രസ്‌താവനകൾ കൊണ്ട്‌ തേഷൻ കൃത്യമായി എന്താണ്‌ അർഥമാക്കിയത്‌ എന്നു വ്യക്തമല്ല. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുമ്പോൾത്തന്നെ തേഷൻ തന്റെ സമകാലികരെയും കൂടെ പ്രസാദിപ്പിക്കാൻ ശ്രമിക്കുകയും അങ്ങനെ തിരുവെഴുത്തു സത്യങ്ങളെ പുറജാതി തത്ത്വശാസ്‌ത്രങ്ങളുമായി കൂട്ടിക്കുഴയ്‌ക്കുകയും ചെയ്‌തതാകുമോ?

തേഷന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്‌ ഡയറ്റെസ്സറോൻ, അഥവാ നാലു സുവിശേഷങ്ങളുടെ പൊരുത്തം. സിറിയയിലെ സഭകൾക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ ആദ്യമായി സുവിശേഷങ്ങൾ ലഭ്യമാക്കിയത്‌ തേഷനായിരുന്നു. നാലു സുവിശേഷങ്ങളെ ഒരൊറ്റ വിവരണത്തിൽ കോർത്തിണക്കുന്ന ഉത്‌കൃഷ്ടമായ ഒരു കൃതിയായിരുന്നു അത്‌. സിറിയൻ സഭ അത്‌ ഉപയോഗിച്ചുപോന്നു.

ക്രിസ്‌ത്യാനിയോ പാഷണ്ഡിയോ?

തേഷന്റെ രചനകൾ അടുത്തു പരിശോധിക്കുമ്പോൾ തിരുവെഴുത്തുകൾ അദ്ദേഹത്തിന്‌ സുപരിചിതമായിരുന്നെന്നും അദ്ദേഹം അവയെ ആഴമായി ആദരിച്ചിരുന്നെന്നും വ്യക്തമാകുന്നുണ്ട്‌. അവയ്‌ക്ക്‌ തന്റെമേൽ ഉണ്ടായിരുന്ന സ്വാധീനം സംബന്ധിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ധനവാനാകുന്നതിനുവേണ്ടി ഞാൻ ആകുലപ്പെടുന്നില്ല; പട്ടാളത്തിലെ അധികാരം ഞാൻ നിരസിക്കുന്നു; പരസംഗത്തെ ഞാൻ വെറുക്കുന്നു; ധനത്തിനായി അത്യാർത്തിപൂണ്ട്‌ കപ്പലിൽ ഞാൻ വാണിജ്യത്തിനു പോകുന്നില്ല; . . . യശസ്സുയർത്താൻ വേണ്ടി ഞാൻ പരാക്രമങ്ങൾക്കു മുതിരുന്നില്ല; . . . സുഖത്തിൽ ജീവിക്കുന്നവരായാലും ദുഃഖത്തിൽ ജീവിക്കുന്നവരായാലും എല്ലാവരും പ്രയോജനം അനുഭവിക്കുന്നത്‌ ഒരേ സൂര്യനിൽനിന്നുതന്നെ. ഒടുവിൽ എല്ലാവർക്കും സംഭവിക്കുന്നത്‌ ഒന്നുതന്നെ​—⁠മരണം.” തേഷൻ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “ലോകത്തിന്റെ വ്യർഥതയെ ചെറുത്തുനിന്നുകൊണ്ട്‌ അതു സംബന്ധിച്ച്‌ മരിക്കുക. ദൈവത്തിനായി ജീവിക്കുക, അവനെ അടുത്തറിഞ്ഞുകൊണ്ട്‌ നിങ്ങളുടെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക.”​—⁠മത്തായി 5:45; 1 കൊരിന്ത്യർ 6:18; 1 തിമൊഥെയൊസ്‌ 6:10.

എന്നാൽ, രക്ഷാനാഥന്റെ ഉപദേശപ്രകാരം പരിപൂർണതയിൽ (ഇംഗ്ലീഷ്‌) എന്ന തേഷന്റെ കൃതിയെ കുറിച്ച്‌ പരിചിന്തിക്കുക. വിവാഹജീവിത ക്രമീകരണം ആവിഷ്‌കരിച്ചത്‌ സാത്താനാണെന്നാണ്‌ അദ്ദേഹം അതിൽ സമർഥിക്കുന്നത്‌. വിവാഹം കഴിക്കുന്നവർ നശ്വരമായ ലോകത്തിന്‌ തങ്ങളെത്തന്നെ അടിമകളാക്കുന്നു എന്നു വാദിച്ചുകൊണ്ട്‌ തേഷൻ വിവാഹത്തെ നിശിതമായി കുറ്റംവിധിക്കുന്നു.

ജസ്റ്റിൻ മാർട്ടറുടെ മരണശേഷം പൊ.യു. 166-ൽ, തേഷൻ ലോകബന്ധ വിമുക്തമായി ജീവിക്കുന്നവരുടെ, എക്രാറ്റിറ്റെസ്‌ എന്നറിയപ്പെട്ട ഒരു മതഭേദം സ്ഥാപിക്കുകയോ അതിൽ അംഗമാകുകയോ ചെയ്‌തതായി തോന്നുന്നു. അതിന്റെ അനുയായികൾ കർശനമായ ആത്മനിയന്ത്രണത്തിനും ജിതേന്ദ്രിയത്വത്തിനും ഊന്നൽ നൽകി. വീഞ്ഞ്‌, വിവാഹം, സ്വത്തുക്കൾ എന്നിവ വർജിച്ചുകൊണ്ട്‌ അവർ ഒരുതരം സന്ന്യാസ ജീവിതം നയിച്ചു.

പഠിക്കാനുള്ള പാഠം

തേഷൻ തിരുവെഴുത്തുകളിൽനിന്ന്‌ ഇത്രമാത്രം അകന്നുപോകാൻ ഇടയായത്‌ എന്തുകൊണ്ടാണ്‌? അദ്ദേഹം ഒടുവിൽ ‘കേട്ടു മറക്കുന്നവൻ’ ആയിത്തീർന്നോ? (യാക്കോബ്‌ 1:23-25) കെട്ടുകഥകളെ നിരാകരിക്കാൻ പരാജയപ്പെട്ടതു നിമിത്തം തേഷൻ മാനുഷ തത്ത്വജ്ഞാനത്തിന്‌ ഇരയാകുകയായിരുന്നോ? (കൊലൊസ്സ്യർ 2:8; 1 തിമൊഥെയൊസ്‌ 4:7) അദ്ദേഹം വെച്ചുപുലർത്തിയത്‌ അങ്ങേയറ്റത്തെ അബദ്ധങ്ങൾ ആയിരുന്നതിനാൽ അദ്ദേഹത്തിന്‌ താത്‌കാലികമായ ഒരു ചിത്തഭ്രമം സംഭവിച്ചു എന്ന്‌ സംശയിക്കണമോ?

സംഗതി എന്തുതന്നെയായിരുന്നാലും, തേഷന്റെ രചനകളും ജീവിത മാതൃകയും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മതാന്തരീക്ഷത്തിന്റെ വ്യക്തമായ ഒരു ചിത്രം നമുക്കു നൽകുന്നു. ലോകത്തിന്റെ തത്ത്വജ്ഞാനം ചെലുത്തുന്ന സ്വാധീനം എത്ര അപകടകരമായിരിക്കാൻ കഴിയും എന്ന്‌ അവ പ്രകടമാക്കുന്നു. “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും” ഒഴിഞ്ഞുനിൽക്കാനുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ മുന്നറിയിപ്പിനു നമുക്കു ചെവികൊടുക്കാം.​—⁠1 തിമൊഥെയൊസ്‌ 6:⁠20.