വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നോഹയുടെ ലോഗ്‌ബുക്ക്‌ അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?

നോഹയുടെ ലോഗ്‌ബുക്ക്‌ അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?

നോഹയുടെ ലോഗ്‌ബുക്ക അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ?

തന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തെ കുറിച്ചു പ്രവചിക്കവേ യേശു ഇങ്ങനെ പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] ആകും.” (മത്തായി 24:3, 37) വ്യക്തമായും, യേശു മുൻകൂട്ടിപ്പറഞ്ഞത്‌ അനുസരിച്ച്‌ നമ്മുടെ കാലത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക്‌ നോഹയുടെ കാലത്ത്‌ സംഭവിച്ചവയുമായി സാമ്യമുണ്ട്‌. നോഹയുടെ നാളിലെ സംഭവങ്ങളെ കുറിച്ചുള്ള ആശ്രയയോഗ്യവും കൃത്യതയുള്ളതുമായ ഒരു വിവരണം തികച്ചും വിലതീരാത്ത ഒന്നുതന്നെ ആയിരിക്കും.

നോഹയുടെ വിവരണം അങ്ങനെയുള്ള ഒന്നാണോ? ഒരു യഥാർഥ ചരിത്ര രേഖയുടെ സവിശേഷതകൾ അതിനുണ്ടോ? പ്രളയം ഉണ്ടായത്‌ എന്നാണെന്ന്‌ നമുക്കു ശരിക്കും നിർണയിക്കാനാകുമോ?

പ്രളയം എന്നാണ്‌ ഉണ്ടായത്‌?

സമയം പുറകോട്ട്‌ കൃത്യമായി കണക്കുകൂട്ടി മനുഷ്യ ചരിത്രത്തിന്റെ ആരംഭത്തിങ്കൽ എത്താൻ സഹായിക്കുന്ന കാലാനുക്രമ വിവരങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു. ഉല്‌പത്തി 5:1-29-ൽ ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടിമുതൽ നോഹയുടെ ജനനം വരെയുള്ള വംശാവലി നമുക്കു കാണാൻ കഴിയും. പ്രളയം തുടങ്ങിയത്‌ “നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ” ആണ്‌.​—⁠ഉല്‌പത്തി 7:⁠11.

പ്രളയം നടന്ന സമയം നിർണയിക്കാൻ നാം ഒരു ആധാരത്തീയതിയിൽനിന്നു തുടങ്ങണം. ലൗകിക ചരിത്രം അംഗീകരിക്കുന്നതും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രത്യേക സംഭവത്തോട്‌ ഒത്തുവരുന്നതുമായ ഒരു തീയതി ആയിരിക്കണം അത്‌. അത്തരമൊരു നിശ്ചിത തീയതിയെ അടിസ്ഥാനമാക്കി നമുക്ക്‌ കണക്കുകൂട്ടലുകൾ നടത്താനും ഇന്ന്‌ സാധാരണമായി ഉപയോഗിച്ചുവരുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏതു തീയതിയിലാണു പ്രളയം നടന്നതെന്നു നിർണയിക്കാനും കഴിയും.

പൊ.യു.മു. 539 ആണ്‌ ഒരു ആധാരത്തീയതി. പേർഷ്യൻ രാജാവായ കോരെശ്‌ ബാബിലോണിനെ കീഴടക്കിയ വർഷമാണ്‌ അത്‌. അവന്റെ ഭരണകാലത്തെ കുറിച്ചു പറയുന്ന ലൗകിക ഉറവിടങ്ങളിൽ ബാബിലോണിയൻ ഫലകങ്ങളും ഡൈയൊഡോറസ്‌, ആഫ്രിക്കേനസ്‌, യൂസിബിയസ്‌, ടോളമി എന്നിവരുടെ രേഖകളും ഉൾപ്പെടുന്നു. കോരെശിന്റെ കൽപ്പനപ്രകാരം ഒരു യഹൂദ ശേഷിപ്പ്‌ ബാബിലോൺ വിട്ട്‌ പൊ.യു.മു. 537-ൽ അവരുടെ സ്വദേശത്ത്‌ എത്തിച്ചേർന്നു. അത്‌, ബൈബിൾ രേഖ അനുസരിച്ച്‌ പൊ.യു.മു. 607-ൽ ആരംഭിച്ച യഹൂദായുടെ 70 വർഷ ശൂന്യാവസ്ഥയുടെ അവസാനത്തെ കുറിച്ചു. ന്യായാധിപന്മാരുടെ കാലഘട്ടവും ഇസ്രായേല്യ രാജാക്കന്മാരുടെ ഭരണകാലങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്‌ കണക്കുകൂട്ടുകയാണെങ്കിൽ, ഈജിപ്‌തിൽനിന്നുള്ള ഇസ്രായേല്യരുടെ പുറപ്പാട്‌ പൊ.യു.മു. 1513-ലായിരുന്നു എന്ന്‌ നമുക്കു നിർണയിക്കാൻ കഴിയും. പൊ.യു.മു. 1513-ൽനിന്ന്‌ ബൈബിൾ കാലഗണന പ്രകാരം 430 വർഷം കൂടെ പുറകോട്ട്‌ എണ്ണുമ്പോൾ അത്‌ നമ്മെ ദൈവം അബ്രാഹാമുമായി ഉടമ്പടി ചെയ്‌ത വർഷമായ പൊ.യു.മു. 1943-ൽ കൊണ്ടെത്തിക്കുന്നു. അടുത്തതായി നമ്മൾ തേരഹ്‌, നാഹോർ, ശെരൂഗ്‌, രെയൂ, പേലെഗ്‌, ഏബെർ, ശാലഹ്‌ എന്നിവരുടെയും അതുപോലെതന്നെ “ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം” ജനിച്ച അർപ്പക്ഷാദിന്റെയും ജനനവും ജീവിതകാലവും കണക്കിലെടുക്കണം. (ഉല്‌പത്തി 11:10-32) അങ്ങനെ, ജലപ്രളയം ആരംഭിച്ചത്‌ പൊ.യു.മു. 2370-ലാണെന്ന്‌ നമുക്കു നിർണയിക്കാൻ കഴിയും. *

‘ആകാശത്തിന്റെ കിളിവാതിലുകൾ തുറക്കുന്നു’

നോഹയുടെ നാളിലെ സംഭവങ്ങൾ പുനരവലോകനം ചെയ്യുന്നതിനു മുമ്പ്‌ ദയവായി, ഉല്‌പത്തി 7-ാം അധ്യായം 11-ാം വാക്യം മുതൽ 8-ാം അധ്യായം 4-ാം വാക്യം വരെ വായിക്കുക. പേമാരിയെ കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ [പൊ.യു.മു. 2370-ൽ] രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.”​—⁠ഉല്‌പത്തി 7:⁠11.

നോഹ ആണ്ടിനെ വിഭജിച്ചത്‌ 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങളായാണ്‌. പുരാതന നാളുകളിൽ, ആണ്ടിലെ ആദ്യ മാസം തുടങ്ങിയിരുന്നത്‌ നമ്മുടെ കലണ്ടറിലെ സെപ്‌റ്റംബർ മാസത്തിന്റെ ഏതാണ്ട്‌ പകുതിയോടെയാണ്‌. “രണ്ടാം മാസം പതിനേഴാം തിയ്യതി” ആണ്‌ പേമാരി പെയ്‌തു തുടങ്ങിയത്‌. പൊ.യു.മു. 2370 നവംബർ, ഡിസംബർ മാസങ്ങളിലെ 40 രാവും 40 പകലും അതു തുടർന്നു.

പ്രളയത്തെ കുറിച്ച്‌ നാം ഇങ്ങനെയും വായിക്കുന്നു: “നൂറ്റമ്പതു ദിവസത്തേക്ക്‌ ഭൂമിയിൽ വെള്ളപ്പൊക്കം തുടർന്നു. . . . വെള്ളം ഭൂമിയിൽനിന്നു തുടർച്ചയായി ഇറങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി. ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അരരാത്ത്‌ പർവതത്തിൽ ചെന്നുറച്ചു.” (ഉല്‌പത്തി 7:24-8:​4, ഓശാന ബൈബിൾ) വെള്ളം ഭൂമിയെ മൂടിയതു മുതൽ അത്‌ ഇറങ്ങിയതു വരെയുള്ള സമയം 150 ദിവസം അഥവാ അഞ്ചു മാസമായിരുന്നു. അങ്ങനെ പെട്ടകം പൊ.യു.മു. 2369 ഏപ്രിലിൽ അരരാത്ത്‌ പർവതത്തിൽ ഉറെച്ചു.

ദയവായി ഇനി ഉല്‌പത്തി 8:5-17 വായിക്കുക. പർവതശിഖരങ്ങൾ കാണാറായത്‌ ഏകദേശം രണ്ടര മാസംകൂടി (73 ദിവസം) കഴിഞ്ഞ്‌, അതായത്‌ “പത്താം മാസം [ജൂൺ] ഒന്നാം തിയ്യതി” ആണ്‌. (ഉല്‌പത്തി 8:⁠5) * മൂന്നു മാസംകൂടി (90 ദിവസം) കഴിഞ്ഞപ്പോൾ​—⁠അതായത്‌ നോഹയുടെ “അറുനൂറെറാന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി” അഥവാ പൊ.യു.മു. 2369 സെപ്‌റ്റംബർ മധ്യത്തിൽ​—⁠നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി. അപ്പോൾ ‘ഭൂമിയിൽ വെള്ളം വറ്റിപ്പോയിരിക്കുന്നത്‌’ അവനു കാണാൻ കഴിഞ്ഞു. (ഉല്‌പത്തി 8:13) ഒരു മാസവും 27 ദിവസവും (57 ദിവസം) കൂടി കഴിഞ്ഞപ്പോൾ “രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി [പൊ.യു.മു. 2369 നവംബർ മധ്യം] ഭൂമി ഉണങ്ങിയിരുന്നു.” നോഹയും കുടുംബവും അപ്പോൾ പെട്ടകത്തിനു വെളിയിൽ ഉണങ്ങിയ നിലത്തേക്ക്‌ ഇറങ്ങി. അങ്ങനെ അവർ ഒരു ചാന്ദ്രവർഷവും പത്തു ദിവസവും (370 ദിവസം) പെട്ടകത്തിൽ ചെലവഴിച്ചു.​—⁠ഉല്‌പത്തി 8:⁠14.

സംഭവങ്ങൾ, വിശദാംശങ്ങൾ, സമയ കണക്കുകൾ ഇവയെല്ലാം ഉൾപ്പെട്ട ഈ കൃത്യമായ രേഖകൾ തെളിയിക്കുന്നത്‌ എന്താണ്‌? ഉല്‌പത്തി പുസ്‌തകം എഴുതിയ മോശെ എന്ന എബ്രായ പ്രവാചകൻ​—⁠വ്യക്തമായും തനിക്കു കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം അത്‌ എഴുതിയത്‌​—⁠അവതരിപ്പിച്ചത്‌ വസ്‌തുതകളായിരുന്നു, വെറുമൊരു കെട്ടുകഥയായിരുന്നില്ല എന്നുതന്നെ. അതുകൊണ്ട്‌ ആ പ്രളയത്തിന്‌ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്‌.

മറ്റു ബൈബിൾ എഴുത്തുകാർ പ്രളയത്തെ എങ്ങനെ വീക്ഷിച്ചു?

നോഹയെയോ പ്രളയത്തെയോ കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത്‌ ഉല്‌പത്തി വിവരണത്തിൽ മാത്രമല്ല. ബൈബിളിന്റെ മറ്റു ഭാഗങ്ങളിലും ഇതിനെ കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്‌. ഉദാഹരണത്തിന്‌:

(1) ഗവേഷകനായിരുന്ന എസ്രാ നോഹയെയും അവന്റെ പുത്രന്മാരെയും (ശേം, ഹാം, യാഫെത്ത്‌) ഇസ്രായേൽ ജനതയുടെ വംശാവലിയിൽ ഉൾപ്പെടുത്തി.​—⁠1 ദിനവൃത്താന്തം 1:4-17.

(2) വൈദ്യനും സുവിശേഷ എഴുത്തുകാരനുമായിരുന്ന ലൂക്കൊസ്‌ യേശുക്രിസ്‌തുവിന്റെ പൂർവപിതാക്കന്മാരുടെ പട്ടികയിൽ നോഹയെ ഉൾപ്പെടുത്തി.​—⁠ലൂക്കൊസ്‌ 3:⁠36.

(3) സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പത്രൊസ്‌ പ്രളയ വിവരണത്തെ കുറിച്ച്‌ ഒന്നിലധികം പ്രാവശ്യം പരാമർശിച്ചു.​—⁠2 പത്രൊസ്‌ 2:5; 3:5, 6.

(4) തന്റെ കുടുംബത്തിന്റെ അതിജീവനത്തിനായി പെട്ടകം പണിതുകൊണ്ടു നോഹ പ്രകടമാക്കിയ വലിയ വിശ്വാസത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി.​—⁠എബ്രായർ 11:⁠7.

ഈ നിശ്വസ്‌ത ബൈബിളെഴുത്തുകാർ പ്രളയത്തെ സംബന്ധിച്ച ഉല്‌പത്തി വിവരണം അംഗീകരിച്ചിരുന്നു എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടോ? അവർ അതിനെ ഒരു യഥാർഥ സംഭവമായി കണക്കാക്കിയിരുന്നു എന്നു തീർച്ചയാണ്‌.

യേശുവും പ്രളയവും

യേശുക്രിസ്‌തുവിന്‌ ഒരു മനുഷ്യ-പൂർവ അസ്‌തിത്വം ഉണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31) പ്രളയം നടന്ന സമയത്ത്‌ അവൻ സ്വർഗത്തിൽ ഒരു ആത്മസൃഷ്ടി ആയിരുന്നു. അതുകൊണ്ട്‌ ഒരു ദൃക്‌സാക്ഷി എന്ന നിലയിൽ യേശു ആണ്‌ നോഹയെയും പ്രളയത്തെയും സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ തിരുവെഴുത്തു തെളിവ്‌ നമുക്കു നൽകുന്നത്‌. യേശു പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] അങ്ങനെ തന്നേ ആകും.”​—⁠മത്തായി 24:37-39.

ഈ വ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യത്തെ കുറിച്ച്‌ നമുക്കു മുന്നറിയിപ്പു നൽകാൻ യേശു വെറുമൊരു കെട്ടുകഥ ഉപയോഗിക്കുമായിരുന്നോ? തീർച്ചയായും ഇല്ല! ദുഷ്ടന്മാരുടെ മേലുള്ള ദിവ്യ ന്യായവിധി നിർവഹണത്തിന്റെ ഒരു യഥാർഥ ദൃഷ്ടാന്തമാണ്‌ അവൻ ഉപയോഗിച്ചത്‌ എന്നു നമുക്ക്‌ ഉറപ്പുണ്ട്‌. അതേ, അനേകർക്ക്‌ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. എന്നാൽ നോഹയും അവന്റെ കുടുംബവും പ്രളയത്തെ അതിജീവിച്ചു എന്ന അറിവ്‌ നമുക്ക്‌ ആശ്വാസം പകരുന്നു.

“നോഹയുടെ കാലം” ഇന്ന്‌, യേശുക്രിസ്‌തുവിന്റെ അഥവാ “മനുഷ്യപുത്രന്റെ സാന്നിധ്യ”കാലത്ത്‌, ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രധാനമാണ്‌. നോഹ രേഖപ്പെടുത്തിവെച്ച ആഗോള പ്രളയത്തെ കുറിച്ചുള്ള വിശദ വിവരണം വായിക്കുമ്പോൾ, അത്‌ ഒരു യഥാർഥ ചരിത്ര രേഖ ആണെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. പ്രളയത്തെ സംബന്ധിച്ച ദിവ്യ നിശ്വസ്‌ത ഉല്‌പത്തി വിവരണത്തിന്‌ നമ്മെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്‌. നോഹയും അവന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും അതിജീവനത്തിനുള്ള ദൈവത്തിന്റെ മാർഗത്തിൽ വിശ്വാസം അർപ്പിച്ചതുപോലെ ഇന്ന്‌ നമുക്ക്‌ യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയുടെ സംരക്ഷണത്തിൻ കീഴിൽ വരാനാകും. (മത്തായി 20:28) കൂടാതെ, നോഹയുടെ ലോഗ്‌ബുക്ക്‌ കാണിക്കുന്നപ്രകാരം അവനും കുടുംബവും അന്നത്തെ ഭക്തികെട്ട ലോകത്തിന്‌ അവസാനം വരുത്തിയ ജലപ്രളയത്തെ അതിജീവിച്ചതുപോലെ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കാനുള്ള പ്രത്യാശ നമുക്കും ഉണ്ടായിരിക്കാൻ കഴിയും.

[അടിക്കുറിപ്പുകൾ]

^ ഖ. 7 പ്രളയത്തിന്റെ തീയതി നിർണയം സംബന്ധിച്ച വിശദാംശങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തിന്റെ 1-ാം വാല്യത്തിന്റെ 458-60 വരെയുള്ള പേജുകൾ കാണുക.

^ ഖ. 12 കൈൽ-ഡെലിറ്റ്‌ഷ്‌ പഴയ നിയമ ഭാഷ്യം (ഇംഗ്ലീഷ്‌) വാല്യം 1, 148-ാം പേജ്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പെട്ടകം ഉറച്ച്‌ സാധ്യതയനുസരിച്ച്‌ 73 ദിവസത്തിനു ശേഷം പർവത ശിഖരങ്ങൾ, അതായത്‌ അതിനു ചുറ്റുമുണ്ടായിരുന്ന അർമേനിയൻ പർവതപ്രദേശത്തിന്റെ മുകൾഭാഗങ്ങൾ ദൃശ്യമായി.”

[5-ാം പേജിലെ ചതുരം]

അവർ അത്രയും കാലം ജീവിച്ചിരുന്നുവോ?

“നോഹയുടെ ആയുഷ്‌കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 9:29) നോഹയുടെ വല്ല്യപ്പനായ മെഥൂശലഹ്‌ 969 വർഷം ജീവിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച്‌ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുള്ള വ്യക്തി അദ്ദേഹമാണ്‌. ആദാം മുതൽ നോഹ വരെയുള്ള പത്തു തലമുറകളുടെ ശരാശരി ആയുസ്സ്‌ 850 വർഷത്തിൽ ഏറെയായിരുന്നു. (ഉല്‌പത്തി 5:5-31) അന്നത്തെ ആളുകൾ അത്രയും കാലം ജീവിച്ചിരുന്നോ?

മനുഷ്യൻ എന്നേക്കും ജീവിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ആദിമോദ്ദേശ്യം. ദൈവത്തോട്‌ അനുസരണമുള്ളവൻ ആയിരിക്കുന്ന പക്ഷം മരിക്കാതെ എന്നേക്കും ജീവിക്കാനുള്ള അവസരം ആദ്യ മനുഷ്യനായ ആദാമിനുണ്ടായിരുന്നു, അതിനുള്ള പ്രാപ്‌തിയോടെയാണ്‌ ദൈവം അവനെ സൃഷ്ടിച്ചത്‌. (ഉല്‌പത്തി 2:15-17) എന്നാൽ ആദാം അനുസരണക്കേടു കാണിക്കുകയും ആ അവസരം നഷ്ടമാക്കുകയും ചെയ്‌തു. 930 വർഷം​—⁠അക്കാലമത്രയും അവൻ ക്രമേണ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു​—⁠ജീവിച്ചിരുന്ന ശേഷം ആദാം അവനെ എടുത്ത മണ്ണിലേക്കു തിരികെച്ചേർന്നു. (ഉല്‌പത്തി 3:19; 5:5) ആദ്യ മനുഷ്യൻ തന്റെ സന്തതികൾക്കെല്ലാം പാപവും മരണവും അവകാശമായി നൽകി.​—⁠റോമർ 5:⁠12.

എന്നിരുന്നാലും, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകൾ ആദാമിന്റെ ആദിമ പൂർണതയോട്‌ കൂടുതൽ അടുത്തായിരുന്നതിനാൽ പിൽക്കാലത്ത്‌ ജനിച്ചവരെ അപേക്ഷിച്ച്‌ അവർക്ക്‌ കൂടുതൽ ആയുസ്സ്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ പ്രളയ-പൂർവ കാലഘട്ടത്തിൽ മനുഷ്യായുസ്സ്‌ ആയിരം വർഷത്തിന്‌ അടുത്തുവരെ എത്തുകയും പ്രളയ ശേഷമുള്ള കാലഘട്ടത്തിൽ കുത്തനെ കുറയുകയും ചെയ്‌തു. ഉദാഹരണത്തിന്‌, അബ്രാഹാം 175 വർഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. (ഉല്‌പത്തി 25:7) ആ വിശ്വസ്‌ത ഗോത്രപിതാവിന്റെ മരണത്തിന്‌ ഏതാണ്ട്‌ 400 വർഷത്തിനു ശേഷം പ്രവാചകനായ മോശെ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ.” (സങ്കീർത്തനം 90:10) ഇന്നത്തെ സാഹചര്യം മോശെയുടെ കാലത്തേതിനോടു വളരെ സമാനമാണ്‌.

[6, 7 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

പ്രവാസത്തിൽനിന്നു മടങ്ങിപ്പോകാൻ യഹൂദന്മാരെ അനുവദിച്ചുകൊണ്ടുള്ള കോരെശിന്റെ കൽപ്പന മുതൽ നോഹയുടെ കാലത്തെ പ്രളയം വരെ പുറകോട്ട്‌ കണക്കുകൂട്ടുമ്പോൾ

537 കോരെശിന്റെ കൽപ്പന *

539 പാർസി രാജാവായ കോരെശിനാലുള്ള

ബാബിലോണിന്റെ നാശം

68 വർഷം

607 യഹൂദായുടെ 70 വർഷത്തെ ശൂന്യാവസ്ഥ ആരംഭിക്കുന്നു

നേതാക്കന്മാരുടെയും

ന്യായാധിപന്മാരുടെയും

ഇസ്രായേൽ രാജാക്കന്മാരുടെയും

906 വർഷത്തെ

മേൽവിചാരണ

1513 ഈജിപ്‌തിൽനിന്നുള്ള ഇസ്രായേലിന്റെ പുറപ്പാട്‌

430 വർഷം ഇസ്രായേൽ മക്കൾ ഈജിപ്‌തിലും കനാനിലും

പാർത്ത 430 വർഷം (പുറപ്പാടു 12:40, 41)

1943 അബ്രാഹാമ്യ ഉടമ്പടി പ്രാബല്യത്തിൽ വരുന്നു

205 വർഷം

2148 തേരഹിന്റെ ജനനം

222 വർഷം

2370 പ്രളയത്തിന്റെ ആരംഭം

[അടിക്കുറിപ്പ്‌]

^ ഖ. 35 പ്രവാസത്തിൽനിന്നു യഹൂദന്മാരെ വിടുവിച്ചുകൊണ്ടുള്ള കോരെശിന്റെ വിളംബരം പ്രഖ്യാപിക്കപ്പെട്ടത്‌ “പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ,” സാധ്യതയനുസരിച്ച്‌ പൊ.യു.മു 538-ലോ പൊ.യു.മു. 537 ആരംഭത്തിലോ ആയിരുന്നു.